മുതലാളിത്ത വ്യവസ്ഥിതിയുടെ ഉത്പാദനപ്രക്രിയ സൃഷ്ടിച്ച വേഗത ഇന്ന് നമ്മുടെ നിത്യജീവിതത്തെ ഗ്രസിക്കുന്ന വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. എല്ലാത്തിനും വേഗത കൂടുകയാണ് അനുദിനം. മനുഷ്യന്സ്വന്തം ജീവിതം ജീവിക്കാൻ മാത്രമാണ് വേഗതയ്ക്കനുസരിച്ചുള്ള ഓട്ടത്തിൽ സമയം കിട്ടാതെ പോകുന്നത്. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം, മത- ആത്മീയ ജീവിതം എന്നിവയെല്ലാം ജീവിക്കാൻ അവസരവും സമയവും നൽകാതെ, മുതലാളിത്തം സൃഷ്ടിച്ച വേഗതയുടെ ചക്രങ്ങളിൽ ചുറ്റുകയാണ് മനുഷ്യൻ. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഹൗസിങ് ലോൺ, കാർ ലോൺ, മക്കളെ പഠിപ്പിക്കൽ എന്നിങ്ങനെ നിരവധി ജീവിതച്ചെലവുകളിൽ നട്ടംതിരിഞ്ഞ് ഒരു ജോലിയും രണ്ട് ജോലിയും ചെയ്ത് മനുഷ്യൻ യാന്ത്രികമായ ഒരു ജീവിതം ഓടിത്തീർക്കുകയാണ്. ഈ ജീവിതയാത്രയിൽ ഒന്ന് വിശ്രമിക്കാൻ അനുവാദമില്ലാത്തവണ്ണം അവർക്കുചുറ്റും ചങ്ങലകൾ തീർത്തിരിക്കുകയാണ്.
എന്നാൽ, വേഗത എന്ന ഈ പ്രശ്‌നത്തെ സാധാരണക്കാർക്കാവശ്യമായ പൊതുഗതാഗത സൗകര്യങ്ങളുടെ വേഗതയുടെ പ്രശ്‌നമാക്കി മാറ്റുന്നതിലൂടെ യഥാർഥ പ്രശ്‌നം മറച്ചുപിടിച്ച് മുതലാളിത്തത്തെ സഹായിക്കലാണ് പലരും ചെയ്യുന്നത്. വേഗത എന്നുപറഞ്ഞാൽ വേഗത്തിൽ ഓടുന്ന ട്രെയിനും, വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പൊതുഗതാഗത സംവിധാനങ്ങളുമാണ് എന്നും അത് ഇല്ലാതായാൽ വേഗതയുടെ പ്രശ്‌നം അസ്തമിക്കും എന്നുമുള്ള മിഥ്യാബോധമാണ് അവർ സമൂഹത്തിൽ പടർത്തുന്നത്. കവി റഫീക്ക് അഹമ്മദിന്റെ പ്രശസ്തമായ ഒരു കവിത പോലും അവസാനിക്കുന്നത് ‘...എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ'
എന്നുപറഞ്ഞാണ്.
ഇതൊരു തെറ്റിദ്ധാരണയാണ്. ഇത് വേഗതയുടെ യഥാർഥ പ്രശ്‌നമല്ല, മറിച്ച് ഈ വേഗതയുടെ ലോകത്ത് നമുക്ക് ഓട്ടം ഓടിത്തീർക്കാൻ അവസരം തരുന്ന ഒന്നാണ് വേഗതയേറിയ പൊതുഗതാഗത സംവിധാനം എന്നത്.
വേഗത എന്ന അന്യവത്കരണം
അന്യവത്കരണത്തിലൂടെ (alienation) മുതലാളിത്തം സൃഷ്ടിച്ച വേഗത എന്ന സാമൂഹികപ്രശ്‌നം യഥാർഥത്തിൽ എന്താണ്?
ആധുനികസമൂഹം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് വേഗതയുടേത്. വേഗത സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിഭാസം ഒറ്റപ്പെടലാണ് (അന്യവത്കരണം). മാർക്‌സ് അന്യവത്കരണത്തെ മുൻകൂട്ടി കണ്ട് അത് മുതലാളിത്ത വ്യവസ്ഥിതി സമൂഹത്തിലുണ്ടാക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. തൊഴിൽ ചെയ്യുന്നവർക്ക് അവരുണ്ടാക്കുന്ന ഉത്പന്നത്തിൽനിന്നുള്ള അന്യവത്കരണം, ഒരാളുടെ കഴിവിനെ കേവലം തൊഴിലാക്കി ചുരുക്കുന്നതിലൂടെ ഉണ്ടാക്കുന്ന അന്യവത്കരണം, മറ്റുള്ളവരിൽനിന്നുള്ള അന്യവത്കരണം, സ്വയത്തിൽ നിന്നുള്ള അന്യവത്കരണം എന്നിങ്ങനെ മുതലാളിത്തവും അതിന്റെ ഉത്പാദനക്രമവും ഉണ്ടാക്കുന്ന അന്യവത്കരണം ഒരു വലിയ സോഷ്യൽ തിയറിയായി മാർക്‌സ് വിശദീകരിച്ചിട്ടുണ്ട്. (The four dimensions of alienation identified by Marx are alienation from: (1) the product of labor, (2) the process of labor, (3) others, and (4) self. Class experiences usually fit easily into these categories.)
കലാകാരരെയും, കവിയെയും, ഡോക്ടറെയും പുരോഹിതരെയും അടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ള മനുഷ്യരെ മുതലാളിത്ത ഉത്പാദന വ്യവസ്ഥ കേവലം ഫാക്ടറി തൊഴിലാളിയാക്കി മാറ്റുന്ന അവസ്ഥയെയാണ് അന്യവത്കരണമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരാളെ അയാളുടെ കഴിവിൽനിന്ന് പൂർണമായും പുറത്താക്കി ഫാക്ടറി ഉത്പാദനത്തിന്റെ ഭാഗമാക്കി മാറ്റുന്ന അവസ്ഥ.
മുതലാളിത്ത (capital) ഉത്പാദനരീതി ശക്തിപ്രാപിച്ച ആധുനിക ലോകത്ത് മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ അന്യവത്കരണമാണ് വേഗതയുടേത്. മനുഷ്യരെ അവരുടെ ജീവിതസാഹചര്യങ്ങളിൽനിന്നും, സാമൂഹിക സാഹചര്യങ്ങളിൽനിന്നും അടർത്തിമാറ്റി കേവലം തൊഴിൽ ചെയ്യാനായി ജീവിക്കുന്ന വ്യക്തികളായി (ജീവിക്കാനായി തൊഴിൽ ചെയ്യുന്ന അവസ്ഥയ്ക്കുപകരം തൊഴിൽ ചെയ്യാനായി ജീവിക്കുന്ന അവസ്ഥ - മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് ക്രിസ്തു) മാറ്റുന്നു എന്നതാണ് ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്‌നം.
വേഗത സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിഭാസം ഒറ്റപ്പെടലാണ് (അന്യവത്കരണം). മാർക്‌സ് അന്യവത്കരണത്തെ മുൻകൂട്ടി കണ്ട് അത് മുതലാളിത്ത വ്യവസ്ഥിതി സമൂഹത്തിലുണ്ടാക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
ഒരു വ്യക്തിക്ക് എട്ടുമണിക്കൂർ തൊഴിൽ ചെയ്യാൻ നാലുമണിക്കൂർ അധ്വാനവും, ചുരുങ്ങിയത് ആറുമണിക്കൂർ വിശ്രമവും ആവശ്യമാണ്. തൊഴിൽ ചെയ്ത് തളർന്ന് വീട്ടിലെത്തുന്ന ഒരാൾക്ക് അടുത്ത ദിവസം തൊഴിൽശാലയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കും തൊഴിലിനാവശ്യമായ വിശ്രമത്തിനും മാത്രമാണ് സമയം ലഭിക്കുക. എന്നാൽ വലിയ ഒരു വിഭാഗം ആളുകളും ഇന്ന് ഇതിനുപോലും അവസരം ലഭിക്കാത്ത തൊഴിലാളികളാണ്. 12 മണിക്കൂർ ജോലി ചെയ്യുന്നവർ മുതൽ ഒരു ദിവസം ഒന്നിലധികം ജോലി ചെയ്താൽ മാത്രം കഷ്ടിച്ച് ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് മുതലാളിത്ത ലോകക്രമം സൃഷ്ടിച്ചിരിക്കുന്നത്.
അഞ്ചുദിവസം തൊഴിൽ, രണ്ടുദിവസം വിശ്രമം എന്നത് അപര്യാപ്തമാണെന്ന് ആധുനിക ലോകം തിരിച്ചറിയുന്നുണ്ട്. ഷിക്കാഗോ തെരുവിൽ തൊഴിലാളിവർഗം ചോര ചീന്തി നേടിയെടുത്ത എട്ടുമണിക്കൂർ തൊഴിൽ, എട്ടുമണിക്കൂർ വിശ്രമം എന്ന ആ മഹാ നേട്ടം ആധുനിക മുതലാളിത്തം സൃഷ്ടിച്ച വേഗതയുടെ യാന്ത്രികതയിൽ അലിഞ്ഞില്ലാതാകുന്നത് തൊഴിലാളിവർഗം തിരിച്ചറിയുന്നുണ്ട്. അഞ്ചുദിവസം തൊഴിലും രണ്ടു ദിവസം വിശ്രമവും എന്നതു മാറി നാലു ദിവസം തൊഴിൽ, മൂന്നു ദിവസം വിശ്രമം എന്ന ആവശ്യം ഒന്നാം ലോകരാജ്യങ്ങളിൽ ശക്തമായി ഉയരുകയാണ്. ഐസ്ലൻഡ് പോലെ പല രാജ്യങ്ങളും നാലുദിവസം തൊഴിൽ മൂന്നുദിവസം വിശ്രമം എന്ന പുതിയ തൊഴിൽക്രമം നടപ്പാക്കിയിട്ടുണ്ട്.
ആധുനിക മുതലാളിത്തം സൃഷ്ടിക്കുന്ന വേഗതയുടെ പരമപ്രധാനമായ പ്രശ്‌നം, ജീവിക്കാൻ മനുഷ്യൻ നടത്തുന്ന ഓട്ടത്തിന്റേതാണ്. വിശ്രമമില്ലാതെ ആയുസ്സു മുഴുവൻ ഓടുന്ന തൊഴിലാളിവർഗം. പകലന്തിയോളം അധ്വാനിച്ച് അന്നന്ന് കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട ബഹുഭൂരിപക്ഷം. മധ്യവർഗത്തിന്റെയും സ്ഥിതി അത്ര മെച്ചമല്ല. വലിയ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും തൊഴിൽ ചെയ്ത് ജീവിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും സമ്പാദ്യം ഒന്നും ഇല്ല എന്നതാണ് അവസ്ഥ. വലിയ ഒരുകൂട്ടം ആളുകളും ഒന്നിലധികം തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. അതായത് ദിവസം 16 മണിക്കൂറോളം അധ്വാനം.
ആയുസ്സുമുഴുവൻ ഓടുന്ന തൊഴിലാളിവർഗം
ആധുനിക ഇലക്ട്രോണിക് കമ്പ്യൂട്ടർ യുഗത്തിൽനിന്ന് മുന്നേറിയ മനുഷ്യൻ ഹൈ സ്പീഡ് ഇന്റർനെറ്റിന്റെയും റോബോട്ടിന്റെയും ലോകത്താണ് ജീവിക്കുന്നത്. ആധുനിക നാഗരിക മനുഷ്യൻ ശരാശരി ഒരു ചെറിയ റോബൊട്ടിന്റെയെങ്കിലും സഹായം നിത്യജീവിതത്തിൽ തേടുന്നുണ്ട്. അലക്‌സ പോലെ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന, ടി.വി.യും മറ്റും ഓൺ ചെയ്യാനും ചാനൽ മാറ്റുനുമൊക്കെ നിങ്ങളെ സഹായിക്കുന്ന ചെറിയ റോബോട്ടുകൾ മുതൽ വീട് തൂത്തുവാരുകയും തുടയ്ക്കുകയും ചെയ്യുന്ന റോബോട്ടിക് വാക്വം ക്ലീനറുകൾ വരെ ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലുണ്ട്. മിക്കപ്പോഴും ഇത്തരം റോബോട്ടുകളെ ആശ്രയിക്കേണ്ടിവരുന്നത് ജീവിക്കാനുള്ള ഓട്ടത്തിൽ നഷ്ടപ്പെടുന്ന സമയം ലാഭിക്കാനാണ്. വീട് തൂത്തുവാരാനും ക്ലീൻ ചെയ്യാനുമൊക്കെ സമയവും ഊർജ്ജവും പാഴാക്കാതെ, മിച്ചം പിടിക്കുന്ന ഊർജ്ജവും സമയവും നിത്യജീവിതം മെച്ചപ്പെടുത്താനാണ് പ്രയോജനപ്പെടേണ്ടത്. തൊഴിലിനപ്പുറത്ത് കമ്പോളത്തിൽ വില്പനക്കുവരുന്ന സാധനങ്ങളെയും റെസ്റ്റോറൻറിൽ കിട്ടുന്ന ഭക്ഷണത്തെയും പറ്റി മാത്രം ചിന്തിക്കാൻ കഴിയുന്ന യാന്ത്രിക ജീവിതമാണ് മുതലാളിത്തം വിഭാവന ചെയ്യുന്ന ആധുനിക ലോകം എന്നത്.
ഉത്പാദനോപാധികൾക്ക് സാമൂഹിക നിയന്ത്രണമുള്ള ഒരു കമ്യൂണിസ്റ്റ് സമൂഹത്തിൽ ഒരാൾക്കും പ്രത്യേകമായ കർത്തവ്യമണ്ഡലം എന്നൊന്ന് ഇല്ല. എന്നാൽ ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ അവകാശമുണ്ട്. അത് എനിക്ക് ഇന്ന് ഒരു കാര്യം ചെയ്യാനും നാളെ മറ്റൊന്ന് ചെയ്യാനുമുള്ള അവസരം തരുന്നു.
മുതലാളിത്തം തൊഴിൽ വിഭജനം നടത്തിയതോടെ, രക്ഷപ്പെടാനാവാത്ത വിധം തങ്ങൾക്കുമുകളിൽ അടിച്ചേല്പിക്കപ്പെട്ട പ്രവൃത്തികളുടെ അടിമയായി മാറിയിരിക്കയാണ് മനുഷ്യൻ. ഉപജീവനമാർഗം അടയാതിരിക്കണമെങ്കിൽ ഒരു വേട്ടക്കാരൻ വേട്ടക്കാരനായും, മുക്കുവൻ മുക്കുവനായും വിമർശകർ വിമർശകരായും ജീവിതകാലം മുഴുവൻ കഴിയേണ്ടിവരും. ഉത്പാദനോപാധികൾക്ക് സാമൂഹിക നിയന്ത്രണമുള്ള ഒരു കമ്യൂണിസ്റ്റ് സമൂഹത്തിൽ ഒരാൾക്കും പ്രത്യേകമായ കർത്തവ്യമണ്ഡലം എന്നൊന്ന് ഇല്ല. എന്നാൽ ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ അവകാശമുണ്ട്. അത് എനിക്ക് ഇന്ന് ഒരു കാര്യം ചെയ്യാനും നാളെ മറ്റൊന്ന് ചെയ്യാനുമുള്ള അവസരം തരുന്നു. രാവിലെ വേട്ടയാടാനും, ഉച്ചയ്ക്കുശേഷം മീൻപിടിക്കാനും, വൈകുന്നേരം കന്നുകാലികളെ വളർത്താനും അത്താഴത്തിനുശേഷം വിമർശകന്റെ വേഷമണിയാനും എനിക്കുകഴിയും, ഒരിക്കലും ഒരു വേട്ടക്കാരനും മുക്കുവനും, കാലിവളർത്തുകാരനും ആകാതെതന്നെ; എനിക്ക് ഇതെല്ലാം ചെയ്യാൻ മനസ്സുണ്ടെങ്കിൽ. *
മനുഷ്യൻ എന്നത് സാമൂഹികജീവിയാണ്. അവരുടെ രാഷ്ട്രീയമായ ഐക്യത്തെയും, സാമൂഹികമായ ഐക്യത്തെയും, പരസ്പരം ബന്ധപ്പെടുവാനുള്ള സാഹചര്യങ്ങളെയും എല്ലാം മുതലാളിത്തം വേഗത കൊണ്ട് നിർമിച്ച ഒരു വേലിക്കെട്ടുകൊണ്ട് അടച്ചുപൂട്ടുകയാണ്. ഇത് കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും തകർക്കും. മതവിശ്വാസികളെ സംബന്ധിച്ച് അവർ കൂടി ചേർന്ന് കെട്ടിപ്പൊക്കിയ ഒരു ലോകമാണ് ആധുനിക സുഖസൗകര്യങ്ങളുടെ ലോകം എന്നത്. അവിടെ ജീവിക്കുന്ന മനുഷ്യന് പക്ഷെ മതവിശ്വാസപരമായ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ അവസരം ലഭിക്കാത്തവിധം തീരാത്ത ഓട്ടത്തിലാണ് മനുഷ്യജീവിതം. ആധുനിക നഗരങ്ങളിൽ അതിനനുസരിച്ച് മനുഷ്യന്റെ വിശ്വാസങ്ങളെ പോലും ഉടച്ചുവാർക്കാൻ മുതലാളിത്തത്തിനു കഴിയുന്നുണ്ട്. സ്പിരിച്വൽ ഗുരുക്കന്മാരുടെയും ആൾദൈവങ്ങളുടെയും പറുദീസയാണ് മനുഷ്യനുമുന്നിൽ മുതലാളിത്തം നിലവിലുള്ള മതവിശ്വാസങ്ങൾക്ക് ബദലായി സൃഷ്ടിച്ചിരിക്കുന്നത്.
ഏതു വേഗതയോട്, എങ്ങനെ പ്രതികരിക്കണം?
മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ജീവിതത്തിന്റെ വലിയ ഒരു ഭാഗം ക്യൂവിലും, ബസ് സ്റ്റോപ്പിലും ചെലവാക്കേണ്ടിവരിക എന്നത്. മുതലാളിത്തം സൃഷ്ടിച്ച വേഗതയുടെ മറ്റൊരു വശമാണ് സമയത്തിന്റെ ഈ പാഴ്ച്ചെലവ്. അതായത്, ഒരേസമയം വേഗത രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ ചലിക്കുന്നു. ഗുരുത്വാകർഷണബലത്തിന്റെ വേഗത മറികടന്നുമാത്രമേ അതിന്റെ എതിർ ദിശയിലേക്ക് സഞ്ചരിക്കുവാൻ സാധിക്കൂ എന്നതുപോലെ മുതലാളിത്തം സൃഷ്ടിച്ച വേഗത നിറഞ്ഞ ലോകക്രമത്തിൽ മനുഷ്യന് സാമൂഹിക ജീവിതത്തിനോ, വിശ്രമത്തിനോ, വിനോദത്തിനോ കൂടുതൽ സമയം കണ്ടെത്തണമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങളുടെ വേഗതയും ലഭ്യതയും അനിവാര്യമായി മാറുന്നു. ഇത് വേഗത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് എതിർദിശയിലാണ് ചലിക്കുന്നത്.
ഒരുവശത്ത് മനുഷ്യനെ ചൂഷണം ചെയ്യുന്ന വിധത്തിൽ, ഭ്രമിപ്പിക്കുന്ന വേഗതയിലേക്ക് മുതലാളിത്തം മനുഷ്യജീവിതത്തെ എത്തിക്കുന്നു. മറുവശത്ത്, ആവശ്യമായ യാത്രാസൗകര്യം ലഭിക്കാത്തതുമൂലമുള്ള സമയ നഷ്ടത്തെതുടർന്ന്ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി പ്രതിസന്ധിയിലാകുന്ന അവസ്ഥയും. രണ്ടിടത്തും മുതലാളിത്ത വ്യവസ്ഥിതി മൂലം ദുരിതമനുഭവിക്കുന്ന നിസ്സഹായ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങളോടാണ് നമുക്ക് പൊരുതേണ്ടിവരുന്നത്. ▮
* (‘‘For as soon as the distribution of labour comes into being, each man has a particular, exclusive sphere of activity, which is forced upon him and from which he cannot escape. He is a hunter, a fisherman, a herdsman, or a critical critic, and must remain so if he does not want to lose his means of livelihood; while in communist society, where nobody has one exclusive sphere of activity but each can become accomplished in any branch he wishes, society regulates the general production and thus makes it possible for me to do one thing today and another tomorrow, to hunt in the morning, fish in the afternoon, rear cattle in the evening, criticise after dinner, just as I have a mind, without ever becoming hunter, fisherman, herdsman or critic.'’ - Karl Marx, The German Ideology / Theses on Feuerbach / Introduction to the Critique of Political Economy.)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.