കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്നറിയപ്പെടുന്ന, അഥവാ സിവിൽ സർവീസിനു സമാനമായി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ഭരണസർവീസായ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് (കെ.എ.എസ്.) തിരഞ്ഞെടുക്കേണ്ടവരുടെ റാങ്ക് പട്ടിക, കേരള പബ്ലിക് സർവീസ് കമീഷൻ, 2021 ഒക്‌റ്റോബർ എട്ടിനാണ് പ്രസിദ്ധീകരിച്ചത്.
ഈ റാങ്ക് പട്ടികയിൽ, മൂന്നു സ്ട്രീമുകളിലായി 562 പേരാണുള്ളത്. മെയിൻ ലിസ്റ്റിൽ 68 പേരും സപ്ലിമെന്ററിയിൽ 122 പേരും ഉൾപ്പെടെ, 190 പേരാണ് സ്ട്രീം ഒന്നിന്റെ പട്ടികയിലുള്ളത്. 70 പേരുടെ മെയിൻ ലിസ്റ്റും 115 പേരുടെ സപ്ലിമെന്ററിയും ഉൾപ്പടെ, സ്ട്രീം രണ്ടിന്റെ പട്ടികയിൽ 185 പേരുണ്ട്. 187 പേരാണു സ്ട്രീം മൂന്നിന്റെ പട്ടികയിൽ. ഇതിൽ 69 പേർ മെയിൻ ലിസ്റ്റിലും 118 പേർ സപ്ലിമെന്ററി ലിസ്റ്റിലുമാണ്.
24 വകുപ്പുകളിലെ 105 ഒഴിവുകളാണ് നിലവിൽ കെ.എ.എസിലേക്കു മാറ്റിയിട്ടുള്ളത്. ഈ 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു നിയമന ശിപാർശ ആരംഭിക്കും എന്നാണു കണ്ടത്. ഓരോ സ്ട്രീമിലും 35 പേരെ വീതം നിയമനത്തിനായി ശിപാർശ ചെയ്യുമത്രേ. ആ 35 പേരെ, പി.എസ്.സി. എല്ലായ്‌പ്പോഴും ചെയ്യുന്നപോലെ, 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായത്തിലൂടെ തന്നെയായിരിക്കും ശിപാർശ ചെയ്യുക എന്നതിൽ സംശയമില്ല. അങ്ങനെ ശിപാർശ ചെയ്താൽ സംവരണ സമുദായക്കാർക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകുമോ? നഷ്ടമുണ്ടായാൽ ആർക്കായിരിക്കും നേട്ടമുണ്ടാവുക? ഇക്കാര്യം നമുക്കൊന്നു പരിശോധിക്കാം.
സംവരണ നിയമം
കേരള സർക്കാർ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം പാലിക്കേണ്ടത് എങ്ങനെയാണെന്നു നിർദേശിക്കുന്ന നിയമമാണ്, 23-12-1958-നു പ്രാബല്യത്തിൽ വന്ന, കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സർവീസസ് റൂൾസ് (കെ എസ്. & എസ്.എസ്.ആർ.) രണ്ടാം ഭാഗം (ജനറൽ റൂൾസ്) 14 മുതൽ 17 വരെയുള്ള ചട്ടങ്ങൾ. അതിലെ ചട്ടം 14 (എ), നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നും അതിൽ രണ്ടെണ്ണം പട്ടികജാതി-പട്ടികവർഗക്കാർക്കും എട്ടെണ്ണം മറ്റു പിന്നാക്ക വർഗങ്ങൾക്കും നൽകണമെന്നും, ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിൽ നികത്തണമെന്നും നിഷ്‌കർഷിക്കുന്നു. [Rule 14 (a): The unit of appointment for the purpose of this rule shall be 20, of which two shall be reserved for scheduled castes and scheduled tribes and 8 shall be reserved for the other Backward classes and remaining 10 shall be filled on the basis of merit: (ഊന്നൽ കൂട്ടിച്ചേർത്തത്) (ഈ നിയമത്തിന്റെ ഉദ്ദേശ്യത്തിനായി, നിയമന യൂണിറ്റ് 20 ആയിരിക്കും; അതിൽ രണ്ടെണ്ണം പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കുമായി നീക്കിവയ്ക്കും, 8 എണ്ണം മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി നീക്കിവയ്ക്കും, ശേഷിക്കുന്ന 10 എണ്ണം മെറിറ്റിന്റെ അടിസ്ഥാനത്തിൽ നികത്തും).
മെറിറ്റ് സീറ്റുകളെ പി.എസ്.സി. വിശേഷിപ്പിക്കുന്നത് ഓപ്പൺ കോംപറ്റീഷൻ (ഒ.സി.) എന്നാണ്. അതായത് തുറന്ന മത്സര ടേണുകൾ. ആ ടേണുകളിലേക്ക് സമുദായ വ്യത്യാസമെന്യേ എല്ലാവർക്കും മത്സരിച്ചു കയറാൻ അവകാശമുണ്ട്. മെറിറ്റ് സീറ്റിൽ പരിഗണിക്കപ്പെടാൻ ദലിത്-പിന്നാക്ക വിഭാഗക്കാർക്കും അവകാശമുണ്ടെന്നർഥം.
എസ്.സി.- എസ്.റ്റി.- ഒ.ബി.സി.ക്കാരുടെ ആ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ചട്ടം 14 (ബി)യിൽ ആണ്. പട്ടികജാതി-പട്ടികവർഗ-മറ്റു പിന്നാക്കവർഗ(ഓ.ബി.സി.) ഉദ്യോഗാർഥികൾക്കും മെറിറ്റ് നിയമനത്തിന് അർഹതയുണ്ടെന്നും അങ്ങനെ അവർക്കു മെറിറ്റിൽ (തുറന്ന മത്സരത്തിൽ) നിയമനം കിട്ടിയെന്നു കരുതി, അവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്ന്, അഥവാ ആ സീറ്റിൽ കുറവുവരുത്തരുതെന്നു നിയമം അനുശാസിക്കുന്നു. [Rule 14 (b):The claims of members of Scheduled Castes and Scheduled Tribes and other Backward Classes shall also be considered for the appointments which shall be filled on the basis of merit and where a candidate belonging to a Scheduled Caste, Scheduled Tribe or Other Backward Class is selected on the basis of merit, the number of posts reserved for Scheduled Castes, Scheduled Tribes or for Other Backward Classes as the case may be, shall not in any way be affected.] (അടിവര കൂട്ടിച്ചേർത്തത്) (മെറിറ്റിന്റെ അടിസ്ഥാനത്തിൽ നികത്തപ്പെടുന്ന നിയമനങ്ങളിൽ, പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങളുടെ അവകാശങ്ങളും കൂടി പരിഗണിക്കണം.
അങ്ങനെ, പട്ടികജാതി, പട്ടികവർഗക്കാർ അല്ലെങ്കിൽ മറ്റു പിന്നാക്ക വിഭാഗക്കാർ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടാലും അവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളുടെ എണ്ണത്തെ അത് ഒരു തരത്തിലും ബാധിക്കാനും പാടില്ല)
സംവരണ സമുദായക്കാർക്കു നിയമനം കിട്ടാൻ രണ്ടു ക്‌ളെയിം- മെറിറ്റ് ക്ലെയിമും, സംവരണ ക്ലെയിമും- ഉണ്ടെന്നാണ് ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്. മെറിറ്റിൽ സെലക്ഷൻ ലഭിക്കാത്തവരെ മാത്രമേ സംവരണത്തിൽ സെലക്റ്റ് ചെയ്യേണ്ടതുള്ളൂ. അഥവാ മെറിറ്റിൽ സെലക്റ്റ് ചെയ്യപ്പെടാൻ അർഹതയുള്ളവരെ ഒരു കാരണവശാലും സംവരണത്തിലേക്കു മാറ്റരുത്. അങ്ങനെ മാറ്റിയാൽ ആ സംവരണ വിഭാഗങ്ങൾക്ക് അത്രയും സീറ്റുകളുടെ നഷ്ടമാണ് ആത്യന്തികമായി ഉണ്ടാവുക. എന്നാൽ, പി.എസ്.സി.യുടെ സെലക്ഷനിൽ എപ്പോഴും സംഭവിക്കുന്നത് ഇതാണ്. കെ.എ.എസ്സിന്റെ സെലക്ഷനിലും വ്യത്യാസമുണ്ടാകില്ലെന്നാണ് ഈ ലേഖകൻ കരുതുന്നത്.
20 യൂണിറ്റിന്റെ പ്രശ്‌നം
എത്ര ഒഴിവുണ്ടെങ്കിലും 20 ന്റെ യൂണിറ്റുകളായെടുത്തേ സെലക്ഷൻ നടത്താൻ പാടുള്ളൂ എന്നാണല്ലോ ചട്ടം. അങ്ങനെ വരുമ്പോൾ, ഓരോ സ്ട്രീമിലും വരുന്ന 35 ഒഴിവുകളെ 20, 15 എന്ന നിലക്കെടുത്തേ സെലക്ഷൻ നടത്താൻ സാധിക്കൂ. അതിൽ ഒന്ന്, 34 ടേണുകൾ ഡിസേബ്ൾഡ് വ്യക്തികൾക്കു സംവരണം ചെയ്തിട്ടുണ്ട്. അപ്പോൾ, റൊട്ടേഷൻ ചാർട്ടിലെ 33 ഒ.സി. ടേൺ വരെ മാത്രമേ സെലക്ഷൻ നടത്താൻ സാധിക്കൂ; അതായത് 17 ഒ.സി. ടേണുകളിലേക്കും 16 സംവരണ ടേണുകളിലേക്കും. 20, 15 യൂണിറ്റുകളായെടുത്ത് 35 പേരെ തിരഞ്ഞെടുക്കുമ്പോൾ, സ്ട്രീം ഒന്നിൽ താഴെ പറയുന്ന വിധത്തിലാവും വിവിധ സമുദായക്കാർക്കു സെലക്ഷൻ ലഭിക്കുക (പട്ടിക 1)
ഡി.എ. (Differently Abled) സംവരണക്കാരെ ഈ പട്ടികയിൽ പെടുത്തിയിട്ടില്ല. അവർ കൂടി വരുമ്പോൾ മൊത്തം നിയമനം 35 ആകും. EWS ഇതിൽ നടപ്പാക്കിയിട്ടില്ലാത്തതിനാൽ അവരെയും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിലെ രീതിയിൽ പി.എസ്.സി സെലക്ഷൻ നടത്തിയാൽ, 17 മെറിറ്റ് സീറ്റിൽ കേവലം അഞ്ചു പിന്നാക്കക്കാർക്കു മാത്രമേ സെലക്ഷൻ ലഭിക്കുകയുള്ളൂ; ഒരു ഈഴവ. രണ്ടു മുസ്ലിം, ഒരു ഹിന്ദു നാടാർ, ഒരു എസ്.ഐ.യു.സി. നാടാർ. 17-ാം റാങ്ക് വരെയുള്ള ഉദ്യോഗാർഥികളിൽ ആറ് പിന്നാക്ക വിഭാഗക്കാരുണ്ട്; മൂന്നു മുസ്ലിം, ഒരു ഈഴവ, ഒരു ഹിന്ദു നാടാർ, ഒരു എസ്.ഐ.യു.സി. നാടാർ. അതിൽ ഒരു മുസ്ലിം ഉദ്യോഗാർഥിക്ക് പി.എസ്.സി. സെലക്ഷനിൽ മെറിറ്റ് അവസരം നഷ്ടമാകും. അയാളെ സംവരണടേണിൽ തിരഞ്ഞെടുക്കും. തന്മൂലം, പിന്നിലുള്ള ഒരു മുസ്ലിം ഉദ്യോഗാർഥിക്ക് സെലക്ഷൻ ലഭിക്കാതെ വരും. തത്ഫലമായി, സെലക്ഷൻ ലഭിക്കാൻ അർഹതയില്ലാത്ത, മുന്നാക്ക സമുദായത്തിൽപ്പെട്ട ഒരു ഉദ്യോഗാർഥിക്ക് മെറിറ്റിൽ സീറ്റ് കിട്ടും.
ആകെ 20 പേരെ മാത്രമാണു പി.എസ്.സി. തിരഞ്ഞെടുക്കുന്നതെങ്കിൽ 20-ന്റെ ഒറ്റ യൂണിറ്റായെടുത്താണു സെലക്ഷൻ നടത്തുക. അപ്പോൾ, ഒ.സി ടേണിൽ/മെറിറ്റ് ടേണിൽ തിരഞ്ഞെടുക്കപ്പെടുന്ന അവസാനത്തെ ഉദ്യോഗാർഥി 10-ാം റാങ്കുകാരനായിരിക്കും; അതായത്, 20ന്റെ നേർപകുതി അഥവാ 50%. 20 പേരിൽ ആദ്യത്തെ 10 പേർക്കാണല്ലോ ഏറ്റവും കൂടുതൽ മാർക്ക്/റാങ്ക്. അതുകൊണ്ട് അവർക്കു മെറിറ്റ് സീറ്റുകൾ കൊടുക്കേണ്ടതുണ്ട്. അതാണു ന്യായവും നീതിയും. എന്നുവച്ചാൽ, അതിനപ്പുറത്തുള്ള ഒരാൾക്കും, അഥവാ 11-ാം റാങ്ക് മുതലുള്ള ഒരാൾക്കും 20 പേരെ തിരഞ്ഞെടുക്കുമ്പോൾ മെറിറ്റ് നിയമനത്തിന് അർഹതയില്ലെന്നർഥം. അതുകൊണ്ടാണ് അവരെ ആരെയും ആദ്യ 20-ന്റെ യൂണിറ്റിലെ ഒ.സി. ടേണിലേക്കു പരിഗണിക്കാത്തത്. ഇതാണു വസ്തുതയെന്നിരിക്കെ, 33 പേരെ തിരഞ്ഞെടുക്കുമ്പോൾ, ഒ.സി ടേണിൽ തിരഞ്ഞെടുക്കേണ്ടത് ആരെയാണ്? റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 17 പേരെ. (ഒറ്റ സംഖ്യയാണ് ആകെ ഒഴിവുകളെങ്കിൽ ഒ.സി. ടേൺ ആയിരിക്കും കൂടുതൽ. അല്ലെങ്കിൽ സംവരണം 50 ശതമാനം എന്ന പരിധി കടക്കും).
തിരഞ്ഞെടുപ്പുരീതി എന്തായാലും, ഏതു യൂണിറ്റ് സമ്പ്രദായമായാലും, തിരഞ്ഞെടുക്കപ്പെടുന്ന മൊത്തം പേരുടെ പകുതി വരുന്ന നമ്പറായിരിക്കണം മെറിറ്റ് ടേണിൽ വരേണ്ടത്. അതായത്, 20 പേരെ തിരഞ്ഞെടുത്താൽ 10-ഉം 100 പേരെ തിരഞ്ഞെടുത്താൽ 50-ഉം 1000 പേരെ തിരഞ്ഞെടുത്താൽ 500-ഉം ആയിരിക്കണം, ഓ.സി ടേണിൽ അവസാനമായി വരേണ്ട റാങ്ക് നമ്പറുകൾ. അതിനപ്പുറത്തുള്ള ആരെങ്കിലും മെറിറ്റ് ടേണിൽ വരുന്നുണ്ടെങ്കിൽ ആ സെലക്ഷൻ സമ്പ്രദായം അപാകതയുള്ളതാണ്.
കെ.എ.എസ്. തസ്തികയുടെ 33 ഒഴിവുകളിലേക്കുള്ള സെലക്ഷൻ പരിശോധിക്കുമ്പോൾ (പട്ടിക 2), ഓ.സി ടേണിൽ ഏറ്റവും അവസാനമായി സെലക്ഷൻ ലഭിച്ച ഉദ്യോഗാർഥിയുടെ റാങ്ക് 19 ആണെന്നു കാണാം.
*റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി പാലിച്ച് സ്ഥാനമാറ്റം വരുത്തിയ ലിസ്റ്റാണിത്.
അദ്ദേഹത്തിന്റെ മാർക്ക് 180 ആണ്. 180 മാർക്ക് ലഭിച്ച ആ ഉദ്യോഗാർഥി മെറിറ്റ് ടേണിലും 184 മാർക്ക് ലഭിച്ച മുസ്ലിം ഉദ്യോഗാർഥി (റാങ്ക് നമ്പർ 12) സംവരണ ടേണിലും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും പട്ടികയിൽ നിന്നു മനസ്സിലാക്കാം. അതിന്നർഥം ഈ സെലക്ഷൻ രീതി ശാസ്ത്രീയമല്ലെന്നാണ്.
17-നപ്പുറത്തുള്ള ആർക്കും 33 പേരെ തിരഞ്ഞെടുക്കുമ്പോൾ മെറിറ്റിൽ സെലക്ഷൻ ലഭിക്കാൻ പാടുള്ളതല്ല.17-നുശേഷം വരുന്നവർ പിന്നാക്കക്കാരായാലും മുന്നാക്കക്കാരായാലും, 33 പേരെ തിരഞ്ഞെടുക്കുമ്പോൾ, ഒ.സി ടേണിൽ സെലക്ഷൻ കിട്ടേണ്ടവരല്ല. എസ്.സി.-എസ്.റ്റി.- ഒ.ബി.സി. വിഭാഗക്കാർക്കു സംവരണ ടേണിൽ സീറ്റ് കിട്ടിയേക്കാം. ഇവിടെ 18-ാം റാങ്കുകാരനു സംവരണ ടേണിൽ സെലക്ഷൻ ലഭിച്ചിട്ടുള്ളത് ഉദാഹരണം. അയാൾക്കും പക്ഷേ, മെറിറ്റ് ടേണിൽ അവസരം കൊടുക്കാൻ പാടില്ല.
20-നു മേൽ ഒഴിവുകൾ ഉണ്ടായാലും 20-ന്റെ യൂണിറ്റുകളായെടുത്തേ സെലക്ഷൻ നടത്താവൂ എന്ന ചട്ടമാണ് ഈ ദുരവസ്ഥയ്ക്കു കാരണം. മറിച്ച്, ഉള്ള ഒഴിവുകൾ (ഇവിടെ 33) ഒറ്റ യൂണിറ്റായെടുത്തു സെലക്ഷൻ നടത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. (പട്ടിക 3 കാണുക)
*റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി പാലിച്ച് സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്.
മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റായെടുത്തു സെലക്ഷൻ നടത്തിയാൽ, ഒ.സി ടേണിൽ ഏറ്റവും അവസാനമായി സെലക്ഷൻ ലഭിക്കുന്നത് കൃത്യമായി 17-ാം റാങ്കുള്ള ഉദ്യോഗാർഥിക്കായിരിക്കും. അതിനപ്പുറത്തുള്ള ആർക്കും മെറിറ്റ് സെലക്ഷൻ നൽകാൻ സാധിക്കില്ല. മാത്രമല്ല, 17-ാം റാങ്കിനകത്തുള്ള 6 സംവരണ സമുദായക്കാർക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുന്നതും കാണാം.
ഒന്നാം സ്ട്രീമിനേക്കാൾ നഷ്ടം സ്ട്രീം രണ്ടിലും മൂന്നിലും പിന്നാക്കക്കാർക്ക് ഉണ്ടാകും. പി.എസ്.സി.യുടെ നിലവിലെ റൊട്ടേഷൻ യൂണിറ്റിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്താൽ ഓരോ സ്ട്രീമിലും വിവിധ സമുദായക്കാർക്കുണ്ടാകുന്ന നഷ്ടമാണു താഴെ പട്ടികകളിൽ നൽകുന്നത്.
*ഇവർക്കെല്ലാം മെറിറ്റിൽ (ഓ. സി ടേണിൽ) സെലക്ഷൻ ലഭിക്കണം.
ചുരുക്കത്തിൽ മൂന്നു സ്ട്രീമിലും കൂടി അഞ്ച് തസ്തികകൾ സംവരണ സമുദായക്കാർക്കു നഷ്ടമാകും. സ്ട്രീം ഒന്നിൽ ഒരു സീറ്റിന്റെയും രണ്ട്, മൂന്നു സ്ട്രീമുകളിൽ രണ്ടു വീതം സീറ്റുകളുടെയും നഷ്ടമാവും ഉണ്ടാവുക. സമുദായം തിരിച്ചു പറഞ്ഞാൽ, മുസ്ലിങ്ങൾക്ക് രണ്ട്, ലത്തീൻ കത്തോലിക്കർക്ക് ഒന്ന്, ഒ.ബി.സി.ക്കാർക്ക് ഒന്ന്, വിശ്വകർമജർക്ക് ഒന്ന് എന്നിങ്ങനെ. വളരെ കുറവു തസ്തികകൾ മാത്രമുള്ള, എന്നാൽ, നിർണായക പ്രാധാന്യമുള്ള കെ.എ.എസ്സിൽ ഒന്ന് സീറ്റിന്റെ നഷ്ടം പോലും വലിയ നഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ. ആ നിലക്ക് മൊത്തം അഞ്ചു സീറ്റുകൾ നഷ്ടമാകുന്നത് പിന്നാക്കക്കാരെ സംബന്ധിച്ച് വളരെ ഗൗരവമുള്ള കാര്യം തന്നെയാണ്. കെ.എസ്. ആൻഡ് എസ്.എസ്.ആർ. 14(ബി)യുടെ ലംഘനമാണിത്; സാമൂഹികനീതിയുടെ അട്ടിമറിയും.
പിന്നാക്ക വിഭാഗങ്ങൾ മത്സരിച്ച് ഉയർന്ന റാങ്കുകൾ നേടുന്നതിന്റെ നേട്ടം യഥാർഥത്തിൽ ലഭിക്കുന്നതു മുന്നാക്ക സമുദായക്കാർക്കാണ്. ഉയർന്ന റാങ്കുള്ള പിന്നാക്ക വിഭാഗക്കാരെ, നിലവിലെ 20 യൂണിറ്റ് റൊട്ടേഷൻ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമേ സംവരണത്തിൽ ഒതുക്കിയാൽ അതിന്റെ നേട്ടം സ്വാഭാവികമായും മുന്നാക്ക സമുദായങ്ങൾക്കു ലഭിക്കും.
ചട്ടം 14 (ബി) പറയുന്നത് സംവരണ സമുദായക്കാരെ മെറിറ്റ് സീറ്റിലേക്കു പരിഗണിക്കണം എന്നാണ്. മാത്രമല്ല, ഏതെങ്കിലും ഉദ്യോഗാർഥിക്കു മെറിറ്റ് സീറ്റിന് അർഹതയുണ്ടെങ്കിൽ അയാളെ സംവരണത്തിലേക്കു മാറ്റാൻ പാടില്ലെന്ന് നിരവധി കോടതിവിധികളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചട്ടം 14 (എ) നടപ്പാക്കുമ്പോൾ ചട്ടം 14 (ബി) അട്ടിമറിക്കപ്പെടുകയാണിവിടെ. മെറിറ്റിൽ സീറ്റ് കിട്ടാൻ അർഹതയുള്ള സംവരണ സമുദായ ഉദ്യോഗാർഥികൾ സംവരണ സീറ്റിലേക്ക് ഒതുക്കപ്പെടുന്നു.
നേട്ടം മുന്നാക്കക്കാർക്ക്
പിന്നാക്ക വിഭാഗങ്ങൾ മത്സരിച്ച് ഉയർന്ന റാങ്കുകൾ നേടുന്നതിന്റെ നേട്ടം യഥാർഥത്തിൽ ലഭിക്കുന്നതു മുന്നാക്ക സമുദായക്കാർക്കാണ്. ഉയർന്ന റാങ്കുള്ള പിന്നാക്ക വിഭാഗക്കാരെ, നിലവിലെ 20 യൂണിറ്റ് റൊട്ടേഷൻ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമേ സംവരണത്തിൽ ഒതുക്കിയാൽ അതിന്റെ നേട്ടം സ്വാഭാവികമായും മുന്നാക്ക സമുദായങ്ങൾക്കു ലഭിക്കും. ഒന്നാം സ്ട്രീമിൽ നാമതു കണ്ടു. ഇതര സ്ട്രീമുകളിൽക്കൂടി നേട്ടം ലഭിച്ചതാർക്കെന്ന് താഴെ പട്ടിക നോക്കിയാൽ മനസ്സിലാക്കാം.
ഇവിടെ മൂന്ന് മുന്നാക്കക്കാർക്കും മൂന്ന് പിന്നാക്കക്കാർക്കും അനർഹമായി മെറിറ്റിൽ സെലക്ഷൻ ലഭിക്കുന്നുണ്ട്. മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ, അനർഹരായ ആർക്കും മെറിറ്റിൽ സെലക്ഷൻ നൽകാൻ പാടില്ലെന്നു നേരത്തെ സൂചിപ്പിച്ചു. ഇവിടെ, അർഹതയില്ലാത്ത ഓബിസിക്കാരനും മുസ്ലിമിനും സെലക്ഷൻ നൽകിയിരിക്കുന്നതും തെറ്റാണ്. ഈ ഒ.ബി.സി.ക്കാരനും മുസ്ലിമിനും പക്ഷേ, ഒറ്റ യൂണിറ്റായി സെലക്ഷൻ നടത്തിയാൽ സംവരണ ടേണിൽ സെലക്ഷൻ ലഭിക്കും. എന്നാൽ, മുന്നാക്കക്കാർക്ക് ഒരു വിധത്തിലും അർഹതയില്ലാത്ത സീറ്റുകളാണു ലഭിക്കുന്നത്.
ഒ.ബി.സി.ക്കാർക്ക് മെറിറ്റിൽ അനർഹമായി ഇതുപോലെ സീറ്റുകൾ ലഭിക്കുന്നത് വളരെ അപൂർവമാണ്. മിക്കപ്പോഴും മുന്നാക്കക്കാർക്കു മാത്രമായിരിക്കും അതു ലഭിക്കുക. അതുകൊണ്ടാണ് 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ മുന്നാക്ക സമുദായക്കാരാണെന്നു പറയുന്നത്. വാസ്തവത്തിൽ മുന്നാക്കക്കാർക്കുള്ള രഹസ്യ സംവരണ (clandestine reservation)മാണ് 20 യൂണിറ്റ് സമ്പ്രദായത്തിലൂടെ പി.എസ്.സി നടപ്പാക്കുന്നതെന്ന് ആരോപിക്കാവുന്നതാണ്.
ഫ്രെഷ് നിയമനം നടക്കുന്ന തസ്തികകളുടെ കാര്യത്തിൽ 20-ന്റെ ആദ്യ യൂണിറ്റിൽ, അർഹരായ എല്ലാ പിന്നാക്ക-ദലിത് വിഭാഗക്കാർക്കും മെറിറ്റ് സീറ്റുകൾ ലഭിക്കും. ശ്രദ്ധിക്കണം; ഒന്നാമത്തെ യൂണിറ്റിൽ മാത്രം. എന്നാൽ പിന്നീടു വരുന്ന യൂണിറ്റുകളിൽ അതു് അപൂർവ സംഭവമായിരിക്കും. ഇവിടെയും വ്യത്യസ്തമല്ല. എല്ലാ സ്ട്രീമിലെയും ആദ്യ യൂണിറ്റിൽ പ്രശ്‌നമൊന്നുമില്ല. രണ്ടാമത്തെ യൂണിറ്റിലാണ് ഒ.ബി.സി.ക്കാർക്ക് മെറിറ്റ് സീറ്റുകൾ നഷ്ടപ്പെടുന്നത്. (പട്ടിക 8 കാണുക )
നഷ്ടം സംഭവിക്കുന്നത് രണ്ടാം യൂണിറ്റ് മുതലാണെന്നു വ്യക്തമാണ്.
ഒന്നാം സ്ട്രീമിൽ രണ്ടാമത്തെ യൂണിറ്റിൽ ആകെ ഒരാൾ മാത്രമേ മെറിറ്റിൽ സെലക്റ്റ് ചെയ്യപ്പെടൂ. രണ്ടാം സ്ട്രീമിൽ അത് ഒരാളും മൂന്നാം സ്ട്രീമിൽ മൂന്നാളും സെലക്റ്റ് ചെയ്യപ്പെടും. ആദ്യ യൂണിറ്റുകളിൽ അർഹരായ എല്ലാ പിന്നാക്കക്കാർക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുന്നതും കാണാം.
പി.എസ്.സി.യുടെ ഈ സെലക്ഷൻ സമ്പ്രദായത്തിൽ, മെയ്ൻ റാങ്ക് ലിസ്റ്റിൽ കൂടുതലായി വരുന്ന, ഈഴവ, മുസ്ലിം, വിശ്വകർമ, ലത്തീൻ കത്തോലിക്കർ, ഓബീസീ തുടങ്ങിയ പിന്നാക്ക സമുദായക്കാർക്കായിരിക്കും നഷ്ടം കൂടുതൽ ഉണ്ടാവുക. സാധാരണ മിക്ക ലിസ്റ്റിലും ഈഴവർക്കായിരിക്കും ഏറ്റവും കൂടുതൽ നഷ്ടം കണ്ടിട്ടുള്ളത്. എന്നാൽ ഈ ലിസ്റ്റിൽ അവർക്കു നഷ്ടം കുറവാണ്. അതിന്നു കാരണം, ഇത്തരം ഉന്നത തസ്തികകളിൽ ഈഴവ/തീയ്യ വിഭാഗം മെയ്ൻ ലിസ്റ്റിൽ വരുന്നത് ഇപ്പോഴും കുറവാണെന്നതാണ്. ക്ലാസ് 4, 3 തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിലാണ് ഈഴവരുൾപ്പെടെയുള്ള പിന്നാക്ക സമുദായക്കാർ കൂടുതലും കടന്നുകൂടുന്നത്. ക്ലാസ് ഒന്ന്, രണ്ട് തസ്തികകളുടെ ലിസ്റ്റുകളിൽ എസ്.സി.-എസ്.റ്റി.-ഒ.ബി,സി,ക്കാർ കയറുന്നതു തുലോം കുറവാണ്.
കെ.എ.എസ്സിന്റെ ലിസ്റ്റ് വച്ചാണു പി.എസ്.സി. സെലക്ഷൻ രീതിയുടെ അപാകത ഇവിടെ പരിശോധിച്ചതെങ്കിലും കേരള പി.എസ്.സിയുടെ എല്ലാ സെലക്ഷനിലും ഇതേ രീതി തന്നെയാണു പിന്തുടരുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.
സ്ട്രീം ഒന്നിൽ എസ്.സി. -എസ്.റ്റി. വിഭാഗത്തിൽപ്പെട്ട ആരും മെയ്ൻ ലിസ്റ്റിൽ വന്നിട്ടില്ലെങ്കിലും ദലിത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു ഉദ്യോഗാർഥിയുണ്ട്. എന്നാൽ, സ്ട്രീം രണ്ടിലും മൂന്നിലും എസ്.സി.- എസ്.റ്റി. വിഭാഗത്തിൽപ്പെട്ടവർ വന്നിട്ടുണ്ട്. (ഈ രണ്ടു സ്ട്രീമിലെയും അപേക്ഷകർ ഉദ്യോഗസ്ഥർ തന്നെയായത് ഒരു കാരണമാവാം) സ്ട്രീം രണ്ടിൽ ഓരോരുത്തരും സ്ട്രീം മൂന്നിൽ രണ്ട് എസ്.സി.യും ഒരു എസ്.റ്റി.യുമാണ് മെയ്ൻ ലിസ്റ്റിൽ കയറിയിട്ടുള്ളത്. മെയ്ൻ ലിസ്റ്റിൽ വരുന്ന ദലിത്-പിന്നാക്ക വിഭാഗക്കാർക്കാണ് 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായം ദോഷം ചെയ്യുന്നത്. ഇന്നതു കൂടുതൽ ബാധിക്കുന്നത് ഈഴവരെപ്പോലുള്ള ഒ.ബി.സി.ക്കാരെയാണെങ്കിൽ, മെയ്ൻ ലിസ്റ്റിൽ പ്രവേശം കിട്ടുന്ന മുറയ്ക്ക് എല്ലാ ഒ.ബി.സി.ക്കാരെയും പട്ടികജാതി- പട്ടികവർഗക്കാരെയും ബാധിക്കാൻ പോകുന്ന കാര്യമാണിത്. കെ.എ.എസ്. ലിസ്റ്റിൽ അത് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത് മുസ്ലിങ്ങളെയാണ്.
കെ.എ.എസ്സിന്റെ ലിസ്റ്റ് വച്ചാണു പി.എസ്.സി. സെലക്ഷൻ രീതിയുടെ അപാകത ഇവിടെ പരിശോധിച്ചതെങ്കിലും കേരള പി.എസ്.സിയുടെ എല്ലാ സെലക്ഷനിലും ഇതേ രീതി തന്നെയാണു പിന്തുടരുന്നതെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ. നിലവിലുള്ള ചട്ടത്തിൽ ഭേദഗതി വരുത്താത്തതുകൊണ്ടാണ് സുപ്രീം കോടതിയിൽ വരെ പോയെങ്കിലും ഈ അനീതി അഭംഗുരം തുടരുന്നത്.
20 യൂണിറ്റ് സമ്പ്രദായം എന്ന കടമ്പയിൽത്തട്ടിയാണു സുപ്രീം കോടതിയിൽ കേസ് പരാജയപ്പെട്ടതെന്നു പറയാം; സുപ്രസിദ്ധമായ 50-50 കേസിൽ."മൊത്തം ഒഴിവുകളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി നിയമന ശിപാർശ നടത്തണം' എന്ന കേരള ഹൈക്കോടതിയുടെ വിധി, നിലവിലുള്ള നിയമത്തിനു വിരുദ്ധമാണെന്നും യൂണിറ്റിന്റെ വലുപ്പം മാറ്റാനുള്ള അധികാരം കോടതികൾക്കില്ലെന്നുമാണു സുപ്രീം കോടതി (2009 മാർച്ച് 30) നിരീക്ഷിച്ചത്.
കെ.എ.എസ്സിൽ 105 പേരെ തിരഞ്ഞെടുക്കുമ്പോഴാണു അഞ്ചു പിന്നാക്കക്കാർക്ക് അവസര നഷ്ടം വന്നത്. ഓരോവർഷവും ആയിരക്കണക്കിനു നിയമനശിപാർശകളാണു പി.എസ്.സി. നടത്തുന്നത്. ഏതു നിയമന ശിപാർശയെടുത്തു പരിശോധിച്ചാലും, നിലവിലെ റൊട്ടേഷൻ സമ്പ്രദായം മൂലം നൂറുകണക്കിന് ഉദ്യോഗങ്ങൾ പിന്നാക്ക സമുദായങ്ങൾക്കു നഷ്ടമാകുന്നതു മനസ്സിലാക്കാനാകും. അപ്പോൾ, ഓരോ വർഷവും പിന്നാക്കസമുദായങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം എത്ര ഭീമമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. നാളിതുവരെയുണ്ടായിട്ടുള്ള നഷ്ടമോ? ഈ നഷ്ടത്തിനു മുന്നിൽ, നരേന്ദ്രൻ കമീഷനും മറ്റും ചൂണ്ടിക്കാണിച്ചിട്ടുള്ള നഷ്ടം എത്ര നിസ്സാരം! പക്ഷേ നരേന്ദ്രൻ കമീഷനുവേണ്ടിയുണ്ടായ ഉണർവും പ്രക്ഷോഭവും ഈ വിഷയത്തിൽ പിന്നാക്ക സമുദായങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതാണു ഖേദകരം.
ഇ.ഡബ്ല്യൂ.എസ്. എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുന്നാക്ക സംവരണം നടപ്പാക്കാൻ തുടങ്ങുന്നതിനു മുൻപുള്ള ലിസ്റ്റാണിത്. സ്ട്രീം ഒന്നിന്റെ ലിസ്റ്റിൽ നിന്ന് മെറിറ്റിൽ ആകെ അഞ്ച് ഒ.ബി.സി.ക്കാർക്കാണു നിയമനം ലഭിച്ചതെന്നു നാം കണ്ടു. എന്നാൽ, 10 ശതമാനം ഇ.ഡബ്ല്യൂ.എസ്. കൂടി വന്നാൽ അതു വീണ്ടും കുറയുമെന്നതിൽ സംശയം വേണ്ട. വിവിധ സമുദായങ്ങൾക്കു സർവീസിൽ മതിയായ പ്രാതിനിധ്യത്തിനു വേണ്ടിയാണല്ലോ സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ പട്ടികജാതി-പട്ടികവർഗക്കാർക്കു മാത്രമേ ജനസംഖ്യാനുപാതിക സംവരണമുള്ളൂ. ഒ.ബി.സി.ക്കാർക്കു ജനസംഖ്യാനുപാതിക സംവരണമില്ല. ദേശീയതലത്തിൽ 52 ശതമാനം വരുന്ന ഒ.ബി.സി. വിഭാഗത്തിനു കേവലം 27 ശതമാനം സംവരണമേയുള്ളൂ. മുസ്ലിം, ക്രിസ്ത്യൻ ഒ.ബി.സി.ക്കാരെക്കൂടി ചേർത്താൽ, സംസ്ഥാനത്ത് 60-70 ശതമാനമോ അതിൽക്കൂടുതലോ പിന്നാക്ക വിഭാഗമായിരിക്കും. എന്നാൽ അവർക്ക് 40 ശതമാനം സംവരണമേയുള്ളൂ.
സംവരണം 50 ശതമാനത്തിനപ്പുറം പോകാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധിയാണ് ഒ.ബി.സി.കൾക്കു ജനസംഖ്യാനുപാതിക സംവരണം ഏർപ്പെടുത്തുന്നതിനു തടസ്സം നിൽക്കുന്നത്. (മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം, ഈ 50 ശതമാനത്തിനു പുറത്തുനൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരു സുപ്രീംകോടതിവിധിയും തടസ്സമല്ല) അതുകൊണ്ട് മെറിറ്റ് സീറ്റുകളിൽക്കൂടി പ്രവേശം കിട്ടിയാലേ ഒ.ബി.സി.കളുടെ പ്രാതിനിധ്യക്കുറവ് കുറച്ചെങ്കിലും പരിഹരിക്കപ്പെടൂ. എന്നാൽ മുന്നാക്ക സംവരണം നടപ്പാക്കുമ്പോൾ, പിന്നാക്കക്കാരുടെ ആ അവസരവും അട്ടിമറിക്കപ്പെടുകയാണ്. ഈ ലിസ്റ്റിൽ ഇ.ഡബ്ല്യു.എസ്. കൂടി നടപ്പാക്കുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നത് വേറൊരു സന്ദർഭത്തിൽ പറയാമെന്നു വിചാരിക്കുന്നു.
ഇത്രയും വായിച്ചു കഴിയുമ്പോൾ, വായനക്കാർ സ്വാഭാവികമായും കരുതുക, നിലവിലുള്ള ഒഴിവുകൾ ഒരുമിച്ചെടുത്തു സെലക്ഷൻ നടത്തിയാൽ ഈ അനീതി പരിഹരിക്കപ്പെടും എന്നായിരിക്കും. ചിലർ ആവശ്യപ്പെടുന്നത് ഒഴിവുകളെ 100 ന്റെ യൂണിറ്റായെടുത്തു സെലക്ഷൻ നടത്തണമെന്നാണ്. 20 യൂണിറ്റ് നിലനിർത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാം. നിലവിലെ ചട്ടത്തിൽ ചെറിയൊരു ഭേദഗതി കൊണ്ടുവന്ന് അതു നടപ്പാക്കാവുന്നതേയുള്ളൂ. അക്കാര്യം വിശദമായി, ക്യൂവൈവ് ടെക്സ്റ്റ് (Quivive Text) ഉടൻ പുറത്തിറക്കുന്ന എന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ദലിത്- പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു സംവരണം നൽകാതെ കെ.എ.എസ്. നടപ്പാക്കാനായിരുന്നു സവർണ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. ആ ശ്രമങ്ങളെ പല കോണുകളിലൂടെയുള്ള വലിയ ചെറുത്തുനിൽപ്പിലൂടെയാണ് പിന്നാക്ക വിഭാഗക്കാർ തോൽപ്പിച്ചത്. എന്നാൽ, വർഷങ്ങളായി പിന്നാക്കവിഭാഗക്കാരുടെ മെറിറ്റ് സീറ്റ് അവകാശത്തെ അട്ടിമറിക്കുന്ന, പി.എസ്.സി.യുടെ സെലക്ഷൻ സമ്പ്രദായത്തെ, ചെറുത്തുതോൽപ്പിക്കാൻ അവർക്കു സാധിച്ചിട്ടില്ല. കെ.എ.എസ്. അതിന് നല്ലൊരു അവസരമാണ് അവർക്കു നൽകുന്നത്. ചെറിയ ലിസ്റ്റാണ്; ഓരോന്നിൽനിന്നും വെറും 35 പേരെ മാത്രമേ അഡൈ്വസ് ചെയ്യുന്നുള്ളൂ; ഫ്രഷ് നിയമനം ആരംഭിക്കുന്ന ലിസ്റ്റാണ്. അതുകൊണ്ടുതന്നെ ആർക്കും എളുപ്പത്തിൽ പരിശോധിച്ചു നിജസ്ഥിതി മനസ്സിലാക്കാം.
പബ്ലിക് സർവീസ് കമീഷനും സംവരണവുമെല്ലാം വരുന്നതിനു മുൻപുള്ള തിരുവിതാകൂർ രാജഭരണത്തിലെ സവർണ ബ്യൂറോക്രസിയുടെ അവസ്ഥയിലേക്കു കേരള സിവിൽ സർവീസിനെ പിന്നോട്ടു കൊണ്ടുപോകുന്ന, രണ്ടു പ്രധാനപ്പെട്ട നീക്കങ്ങളാണ് പി.എസ്.സിയുടെ ഈ നിയമനരീതിയും മുന്നാക്ക സംവരണവും. നിയമനരീതി ശാസ്ത്രീയമായി തിരുത്തുവാനും മുന്നാക്ക സംവരണം പിൻവലിച്ച് സാമൂഹിക നീതി ഉറപ്പുവരുത്തുവാനും കഴിഞ്ഞില്ലെങ്കിൽ ദലിത്-പിന്നാക്ക വിഭാഗക്കാർക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ നഷ്ടം ഒന്നുകൂടി ഭീമാകാരമാകും. ഉണർന്നു പ്രവർത്തിക്കാനുള്ള ഒന്നാന്തരം അവസരമാണ് കെ.എ.എസ്.
Note: കെ.എ.എസ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചിലർ സിവിൽ സർവീസ് ലിസ്റ്റിലുള്ളവരാണ്, ചിലർ രണ്ടു സ്ട്രീമിലെയും ലിസ്റ്റിലുണ്ട്. ഇവർ കെ.എ.എസ്. അഡൈ്വസ് സ്വീകരിക്കുമോ, ഏതു സ്ട്രീമാണു തിരഞ്ഞെടുക്കുക എന്നതനുസരിച്ച് യഥാർഥ നിയമന ശിപാർശയിൽ ചെറിയ വ്യത്യാസം വന്നേക്കാം.