ഇന്ത്യ എന്ന ദേശരാഷ്ട്രം രൂപപ്പെട്ടതിനുശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിനോട് ഇടപെട്ടത് എങ്ങനെയായിരുന്നു എന്നത് പരിശോധിച്ചു തുടങ്ങാം. ശേഷം, കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി വിമർശനങ്ങളെ വിലയിരുത്തുകയുമാണ് ഈ എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഒന്ന്
'പൗരത്വ ബില്ലിൽനിന്ന് മതരാഷ്ട്രത്തിലേക്ക് ' എന്ന സുനിൽ.പി. ഇളയിടത്തിന്റെ പ്രഭാഷണത്തെ വിലയിരുത്തി കെ.കെ. ബാബുരാജ് നടത്തിയ ചില നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
അദ്ദേഹം എഴുതുന്നു: ‘‘ഇന്ത്യ ഒരുദേശരാഷ്ട്രമായി മാറുന്ന ഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകളും ഉണ്ടായിരുന്നല്ലോ. ആദ്യ പാർലമെൻറിൽ വിവിധ കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്ക് നാൽപ്പതിലധികം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദു മഹാസഭക്കും ജനസംഘത്തിനും കൂടി ഏഴുപേർ. പൗരത്വ വിഷയവുമായി ബന്ധപ്പെട്ടു ദേശീയമായൊരു പ്രതിസന്ധി രൂപപ്പെട്ട സമകാലീന അവസ്ഥയിൽ സ്വാഭാവികമായും; ഗാന്ധിയും നെഹ്രുവും മതേതര ഇന്ത്യക്കും റിപ്പബ്ലിക്കൻ ഭരണഘടനക്കും വേണ്ടി എന്തെല്ലാം ചെയ്തു എന്ന വിവരണത്തിനുപരി ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും അതിന്റെ നേതാക്കളുടെയും റോൾ എന്തായിരുന്നു എന്നല്ലേ അദ്ദേഹം പറയേണ്ടത്? ഗാന്ധി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അവർ അദ്ദേഹത്തെ വിളിച്ചത് ദേശീയ ബൂർഷാസിയുടെ പിണിയാൾ എന്നാണ്. ഡോ. അംബേദ്ക്കറെ സാമ്രാജ്യത്വ ചാരനെന്നാണ് വിളിച്ചത്. റിപ്പബ്ലിക്കൻ ഭരണഘടനയെ ടാറ്റ -ബിർള കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് വിളിച്ചത്. ആധുനിക പൗരസമൂഹം എന്ന സങ്കൽപമേ ഇല്ലാതിരുന്നവർ സോവിയറ്റ് മോഡലിന് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് ഹൈന്ദവ പൊതുബോധത്തിന്റെ സുരക്ഷ തേടാനാണ് സുനിലിനെപ്പോലുള്ളവർ ഗാന്ധിയെയും പഴയ ദേശീയ വാദ നേതൃത്വത്തെയും സ്തുതിച്ചുകൊണ്ട് രംഗത്തു വരുന്നത് എന്നു തോന്നുന്നു’’. അങ്ങനെയെങ്കിൽ നിലവിൽ ചരിത്രപരമായി തങ്ങളുടെ അജണ്ടകളെ മറച്ചുപിടിക്കുകയും തങ്ങളുടെ രാഷ്ട്രീയത്തോട് തന്നെയുംഅനീതി ചെയ്യുന്നവർ ആരാണ് എന്നതാണ് ഞാനുന്നയിക്കുന്ന ആദ്യത്തെ ചോദ്യം.
ട്രൂകോപ്പി വെബ്സീനിൽ പി. ജയരാജൻ എഴുതിയ ലേഖനത്തിൽ ഇപ്രകാരം കാണാം: ‘‘ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ സി.പി.എമ്മും ഇടതുപക്ഷവും മാറ്റം വരുത്തുന്നു എന്നത് യഥാർത്ഥത്തിൽ വലതുപക്ഷ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ്. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനോടുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഈ പ്രചാരണം’’.
അദ്ദേഹം തുടരുന്നു: ‘‘ഭൂരിപക്ഷ വർഗീയതയുടെ വളർച്ച ന്യൂനപക്ഷ വർഗീയ ശക്തികൾക്ക് കരുത്തുപകരുകയും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന കാര്യവും പാർട്ടിപരിപാടി വ്യക്തമാക്കുന്നുണ്ട്. അതേ സമയം ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിൽ മർമപ്രധാനമാണ് ന്യൂനപക്ഷ പരിരക്ഷ എന്നും പാർട്ടി എടുത്തുപറയുന്നു. അതുകൊണ്ട് ന്യൂനപക്ഷങ്ങളോട് പുതിയ സമീപനം സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാ വർഗീയതകളെയും എതിർക്കുക എന്നതാണ് സി.പി. എമ്മിന്റെ കാഴ്ചപ്പാട്. അത് എല്ലാ കാലത്തും സി.പി.എം മുന്നോട്ടുവെച്ച നിലപാടാണ്.
യു.ഡി.എഫിന്റെ ഭാഗമായ മുസ്‍ലിം ലീഗാവട്ടെ ഹിന്ദുത്വ വർഗീയ വാദത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്’’.
റിപ്പബ്ലിക്കൻ ഭരണഘടനയെ ടാറ്റ -ബിർള കോൺസ്റ്റിറ്റ്യൂഷൻ എന്നു വിളിച്ച, ആധുനിക പൗരസമൂഹം എന്ന സങ്കൽപമേ ഇല്ലാതിരുന്ന, സോവിയറ്റ് മോഡലിനുവേണ്ടി പ്രവർത്തിച്ചവർക്ക് എങ്ങനെയാണ് ദേശീയ ഐക്യം അപകടപ്പെടുന്നതിൽ വേവലാതിയും അത് പാർട്ടി പരിപാടിയും ആവുന്നത് എന്ന ചോദ്യം കൂടി ഉന്നയിച്ച് ഈ ഭാഗം അവസാനിപ്പിക്കട്ടെ.
രണ്ട്
സി.പി.എം ‘ന്യൂനപക്ഷ വർഗീയത’, ‘മതരാഷ്ട്രവാദം’ എന്നിങ്ങനെയുള്ള പദാവലികളെ മുൻനിർത്തി ജമാഅത്തെ ഇസ്‍ലാമിക്കെതിരെ ആരോപണങൾ ഉന്നയിക്കുന്ന സന്ദർഭങ്ങളെല്ലാം മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളെ മറച്ചുപിടിക്കാനായിരുന്നു അതെല്ലാമെന്നതാണ് വാസ്തവം. 2019- ലെ ഇലക്ഷന് ജമാഅത്തെ ഇസ്‌ലാമി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സന്ദർഭത്തിൽ, ‘ഹസൻ, അമീർ, കുഞ്ഞാലിക്കുട്ടി’ എന്ന മുസ്‌ലിം സമുദായത്തിലെ അംഗങ്ങളുടെ പേര് സവിശേഷമായി പിക്ക് ചെയ്യുകയും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയും ചെയ്തത് അതിന്റെ വലിയ ഉദാഹരണമാണ്. സംഘ്പരിവാർ ആൾക്കൂട്ടങ്ങൾ മുസ്‌ലിം സമുദായത്തെ ക്രൂരമായി കൊലപ്പെടുത്തുന്നൊരു ദേശത്തിരുന്ന് ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയാണെന്ന് പ്രസംഗിച്ചയാളാണ് എ. വിജയരാഘവൻ എന്നതും ഇതിനോട് ചേർത്തുവായിക്കണം.
പോലീസിന്റെ ആർ.എസ്.എസ് വൽക്കരണത്തെ ഭരണപക്ഷ എം എൽ എ പി.വി. അൻവർ അടക്കമുള്ളവർ പ്രശ്നവൽക്കരിച്ചപ്പോൾ അൻവറിനുപിന്നിലും ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടുവെച്ച് പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിച്ചത്. ജമാഅത്ത് മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് സി.പി.എം പറയുന്നത്. പോലീസിന്റെ ആർ.എസ്.എസ് വൽക്കരണം പോലുള്ള ഗൗരവതരമായ വിഷയങ്ങളെ അഭിമുഖീകരിക്കാതിരിക്കുകയും 'മതേതരത്വം ' എന്ന സംവർഗം നൽകുന്ന പ്രിവിലേജിനെ ഉപയോഗപ്പെടുത്തുകയുമാണ് സി.പി.എം ചെയ്യുന്നത്. ഇത് സംഘ്പരിവാറിന്റെ വംശഹത്യ പദ്ധതിക്ക് കുഴലൂതലാണ്.
മൂന്ന്
എന്തിനാണ് നമ്മൾ സംവർഗങ്ങൾ (Categories) ഉപയോഗിക്കുന്നത് എന്ന് മഹ്മൂദ് മംദാനി അന്വേഷിക്കുന്നുണ്ട്. കാര്യങ്ങളെ എളുപ്പം മനസ്സിലാക്കാൻ എന്നതിനപ്പുറം അത് ആധിപത്യം സ്ഥാപിക്കാനും ഭരിക്കാനുമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. മംദാനിയുടെ വിഖ്യാതമായ ഒരു പുസ്തകത്തിന്റെ പേരുതന്നെ ‘Define and rule' അഥവാ 'നിർവചിച്ച് ഭരിക്കുക' എന്നതാണത്. സി.പി.എം, ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി മുസ്‌ലിം സമുദായത്തോട് ചെയ്യുന്നത് ഇതാണ്.
മതരാഷ്ട്രവാദികൾ, മതേതരവാദികൾ അല്ലെങ്കിൽ ഭരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെയുള്ള സംവർഗങ്ങളുടെ നിർലോഭമായ ഉപയോഗം ഇതിനെയാണ് കുറിക്കുന്നത്. ഇത്തരം വാക്കുകൾക്ക് മുൻകൂട്ടി നിശ്ചയിച്ച അർത്ഥങ്ങൾ ഉണ്ട് എന്നതും, ആ അർത്ഥം നിർമിക്കാനുള്ള അധികാരം ചരിത്രപരമായി കയ്യാളുന്നു എന്നതുമാണ് സി.പി.എമ്മിന്റെ കേരളത്തിലെ പ്രിവിലേജ്. എന്നാൽ അതിന്റെ സ്വാഭാവികമായ പരിണിതി മൃദുഹിന്ദുത്വമാണ് എന്നതും അത് മൃദുവായല്ലാതെ നിർവഹിക്കാൻ ഇവിടെ സംഘ് പരിവാരമുണ്ട് എന്നതും കാണാൻ കഴിയാതിരുന്നാൽ സി.പി.എം സ്വയം റദ്ദ് ചെയ്തുകൊണ്ടേയിരിക്കുകയാണ് എന്ന് പറയാതെ വയ്യ.
അതുകൊണ്ട് സി.പിഎമ്മിന്റെ ജമാഅത്ത് വിമർശനത്തിലെ പ്രധാനപ്പെട്ട ഒന്നായ ‘മത രാഷ്ട്രവാദം’ എന്നതിലെ 'മത'ത്തിന്റെയും 'രാഷ്ട്ര'ത്തിന്റെയും വംശാവലി (Genealogy)യെക്കുറിച്ച ചോദ്യം കൂടി ഇവിടെ മുന്നോട്ട് വെക്കുകയാണ്. അഥവാ, ഇവിടെ മതമെന്നും രാഷ്ട്രമെന്നുമുള്ള വിഭജനവും ഈ രണ്ട് പദങ്ങളും വിനിമയം ചെയ്യുന്ന അർത്ഥവും തിരിച്ചറിയുക എന്നത് പ്രധാനമാണ്. ആചാരപരവും അനുഷ്ഠാന കേന്ദ്രീകൃതവും വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതുമായ ഒന്ന് എന്ന നിലയിലുള്ള ഏകശിലാത്മകമായ അർത്ഥത്തിൽ ഹൈന്ദവം, ക്രൈസ്തവം, ഇസ്‌ലാമികം എന്നിങ്ങനെയുള്ളതിനെയെല്ലാം സമീകരിക്കുന്ന വിശകലനവൈകല്യം തന്നെ അതിലുണ്ട്. ജാതികളുടെ കൂട്ടമായ ഹൈന്ദവത എന്ന് വിളിക്കപ്പെടുന്ന വ്യവഹാരത്തെയും ഇസ്‌ലാം എന്ന ലോകവീക്ഷണത്തെയും സമീകരിക്കുക എന്നത് തന്നെ അസാധ്യമാണ്. മതേതര വിശകലനങ്ങളുടെ അടിസ്ഥാന പ്രതിസന്ധിയാണിത്. പോസ്റ്റ് സെക്യുലർ പഠനങ്ങൾ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. പൊതുവിൽ മതവും മതേതരത്വവും തമ്മിലുള്ള ബന്ധത്തെ യുക്തി – വികാരം, പൊതു – സ്വകാര്യം, അടിച്ചമർത്തൽ – വിമോചനം എന്നിങ്ങനെ മുൻകൂട്ടി നിശ്ചയിച്ച നിർണയവാദങ്ങളിൽ നിന്നാണ് വിലയിരുത്താറുള്ളത്. ഇത് മതം എന്നതിന് സാർവ്വലൗകികമായ നിർവചനം നൽകുകയും മതേതര വ്യവഹാരത്തിൽ നിൽക്കുന്നവർക്ക് മതത്തെ നിരന്തരമായി നിർവചിച്ച് നിയന്ത്രിക്കാനുള്ള അധികാരവും നൽകുന്നു. ഈ നിർവചനാധികാരത്തെയും അതിനകത്തെ അധികാര ബന്ധത്തെയും കാണാൻ കഴിയണമെങ്കിൽ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ മതം / മതേതരം തുടങ്ങിയ ഇത്തരം സംവർഗങ്ങളെ ചരിത്രവൽക്കരിച്ച് മനസ്സിലാക്കുക എന്നത് പ്രധാനമാണ്. രാഷ്ട്രം എന്ന കാറ്റഗറിയാവട്ടെ നിലവിൽ ഭരണ നിർവ്വഹണത്തിന്റെ ഒരു രൂപം മാത്രമാണ്. ചരിത്രത്തിനകത്ത് രാജ്യങ്ങൾ, ഗോത്രങ്ങൾ, തുടങ്ങിയ വ്യത്യസ്ത രൂപങ്ങൾ അതിനുണ്ടായിട്ടുമുണ്ട്. അതിനകത്ത് പരമാധികാരത്തെക്കുറിച്ച ചോദ്യമാണ് പ്രധാനമായിട്ടുള്ളത്.
ഇതിൽ വ്യത്യസ്ത രാഷ്ട്രീയ ഭാവനകളെ പങ്കുവെക്കുന്നവരുടെ സഹജീവനം എങ്ങനെ സാധ്യമാവും എന്നതും പ്രധാന ചോദ്യമാണ്. അപരരോടുള്ള സമീപനം എന്ന പ്രശ്നത്തിൽ നൈതികമായ ഇടപാടുകൾ സാധ്യമാക്കാൻ ശേഷിയുള്ള നാഗരിക ഭാവനക്കാണ് തീർച്ചയായും അവിടെ സാധുതയുള്ളത്. അത്തരത്തിലുള്ള ഒരു ലോകവീക്ഷണമായാണ് ഇസ്‌ലാമിനെ ജമാഅത്തെ ഇസ്‌ലാമി സ്ഥാനപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പരമാധികാരത്തെയും ഭൗതിക രാഷ്ട്രീയ വ്യവഹാരങ്ങളെയും കുറിച്ച് സംസാരിക്കാതിരിക്കുക എന്നത് അവർക്ക് അസാധ്യമാണ്. മറ്റേതൊരു ലോകവീക്ഷണത്തെയും പോലെ ഇസ്‌ലാമിനകത്തുള്ളവർ പരസ്പരവും പുറത്തുള്ളവരോടും ഉള്ള സമീപനത്തെക്കുറിച്ചും സ്വാഭാവികമായും അത് സംസാരിക്കുന്നുമുണ്ട്. ലോകനിർമിതിയെക്കുറിച്ച വ്യത്യസ്ത ഭാവനകളും ഉണ്ടാവുക എന്നത് നിഷേധിക്കാൻ കഴിയുന്ന കാര്യമല്ല. അത് യാഥാർത്ഥ്യത്തെക്കുറിച്ചും ചരിത്രപരമായ അനുഭവങ്ങളെ മുൻനിർത്തിയുമെല്ലാം വികസിക്കുന്ന ഫിലോസഫിക്കലും പൊളിറ്റിക്കലുമായ ചോദ്യമാണ്. അതിനെ അത്തരത്തിൽ അഭിമുഖീകരിക്കാതെയുള്ള ജൽപ്പനങ്ങളെല്ലാം സി.പി.എമ്മിന്റെ ഇസ്ലാമോഫോബിക് നിലപാടുകളെയാണ് കാണിക്കുന്നത്. മാത്രമല്ല, ഉമ്മുൽ ഫായിസ എഴുതിയതുപോലെ, ‘‘മെതഡോളജിക്കലോ രാഷ്ട്രീയപരമോ ആയ മണ്ഡലം എന്ന നിലയിൽ മുസ്‍ലിം പ്രശ്നങ്ങളെ കാണുന്ന തരത്തിൽ പൊതു വ്യവഹാരങ്ങളിൽ ഒന്നും ലഭ്യമല്ല... മുസ്‍ലിംസ്ത്രീ പ്രശ്നത്തിൽ ചർച്ച വന്നാൽ മുസ്‍ലിംകളുടെ ഹിംസ എന്ന വിഷയത്തിലായിരിക്കും അന്വേഷണം വരിക. മുസ്‍ലിം സിനിമയെപറ്റി പോസ്റ്റിട്ടാൽ ഇസ് ലാമിക രാഷ്ട്രീയം എന്നൊക്കെ അന്വേഷിച്ചുവരും...
കുറച്ചു ശ്രദ്ധിച്ചാൽ മുസ്‍ലിംകൾക്കെതിരായ വാർപ്പു മാതൃകകളെ മറികടക്കുന്ന അനേകം അക്കാദമിക പഠനങ്ങൾ വായനക്കാർക്കു കിട്ടും. പ്രസ്തുത മേഖലയിലും നവ ഓറിയന്റലിസ്റ്റ് സ്വാധീനം ഉണ്ടെങ്കിലും അത് കുറെ കൂടി സംവാദാത്മകമാണ്’’.
ഇത് തിരിച്ചറിഞ്ഞ് അഭിമുഖീകരിക്കാൻ വലിയ ബൗദ്ധിക സത്യസന്ധത ആവശ്യമുണ്ട്. അതാണ് പലപ്പോഴും സി.പി.എമ്മിന്റെ നോട്ടീസ് ബോർഡുകളായി വർത്തിക്കുന്ന മാധ്യമങ്ങൾക്ക് നഷ്ടപ്പെടുന്നതും.
CPI M AND MUSLIM POLITICS | ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 207 വായിക്കാം : https://truecopythink.media/magazine/packet-207