പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ ദാരുണ മരണത്തെ തുടർന്ന് വിദ്യാർഥി രാഷ്ട്രീയം കേരളത്തിൽ വീണ്ടും ചർച്ചയാവുകയാണ്. വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷമല്ല അവിടെയുണ്ടായത് എന്ന് നമുക്കറിയാം. ഒരുകൂട്ടം ക്രിമിനലുകൾ സംഘം ചേർന്ന് ഒരു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിക്കുകയും മൃതപ്രായനാക്കുകയും ചെയ്യുകയായിരുന്നു. കാമ്പസുകളിലെ ഇത്തരം അരാജകത്വം ശക്തമായി എതിർക്കപ്പെടേണ്ടതാണ്. അതിൽ വിദ്യാർഥി സംഘടനകൾക്ക്, പ്രത്യേകിച്ച്, പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ അത്തരം ചർച്ചകൾക്കും വിമർശനങ്ങൾക്കും പകരം വിദ്യാർഥി രാഷ്ട്രീയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നു പ്രചരിപ്പിക്കാനുള്ള അവസരമായി ചിലർ ഈ സംഭവത്തെ കാണുകയാണ്. അതിനോട് ഒരർത്ഥത്തിലും ഒരു മുൻകാല വിദ്യാർത്ഥി സംഘടനാ പ്രവർത്തകയായ എനിക്ക് യോജിക്കാനാവില്ല.
തെറ്റു സംഭവിച്ചാൽ തിരുത്താനുള്ള ആർജവം പുരോഗമന വിദ്യാർഥി സംഘടനകൾ കാണിച്ചിരുന്നു. തെറ്റു ചെയ്തവരെ സംരക്ഷിച്ചിരുന്നില്ല.
എൺപതുകളിലാണ് ഞാൻ കലാലയത്തിൽ വിദ്യാർഥിയായിരുന്നതും സംഘടനാ പ്രവർത്തനം നടത്തിയതും. അടിയന്തരാവസ്ഥയുടെ നാളുകളിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ കാമ്പസുകൾ വൻ പ്രതിരോധമാണുയർത്തിയത്. 1971-ൽ രൂപംകൊണ്ട എസ്.എഫ്.ഐ ആ സമരങ്ങളിലൂടെയാണ് വിദ്യാർഥികളുടെ മനസ്സിൽ ഇടംപിടിച്ചത്. എൺപതുകളിൽ നാം കണ്ടത് വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണത്തിന്റെയും കച്ചവടവൽക്കരണത്തിന്റെയും തുടക്കമാണ്. അതിനെതിരെ ശക്തമായി പ്രതികരിച്ചാണ് പുരോഗമന വിദ്യാർഥി പ്രസ്ഥാനം കരുത്താർജിച്ചത്.
അന്നും വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ വലിയ പ്രചാരണം നടന്നിരുന്നു. പ്രൊഫ. എസ്. ഗുപ്തൻ നായരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ സമിതിയെപ്പോലുള്ളവയായിരുന്നു അതിന്റെ മുൻനിരയിൽ. അരാഷ്ട്രീയവാദം ഉയർത്തിയ ഇവർക്ക് പക്ഷെ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അത് വലതുപക്ഷ രാഷ്ട്രീയമാണെന്നു മാത്രം. അന്നവർ ഉന്നയിച്ച മുഖ്യ ആരോപണങ്ങളിലൊന്ന്, അക്രമരാഷ്ട്രീയം കാമ്പസുകളെ കലാപകലുഷിതമാക്കുന്നു എന്നതായിരുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ ഈ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി മാറിയത് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകരായിരുന്നു. അഷ്റഫ് മുതൽ ധീരജ് രാജേന്ദ്രൻ വരെ നീളുന്നു ആ നിര.
പ്രൊഫഷണൽ കോളേജുകൾക്കകത്ത് എസ്.എഫ്.ഐ വളർന്നത് റാഗിങ്ങിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടിലൂടെയാണ്. ലഹരിയുടെ ഉപയോഗം മറ്റ് അരാജകത്വങ്ങളുടെ അക്കാലത്തും കാമ്പസുകൾക്കകത്തുണ്ടായിരുന്നു. അരാഷ്ട്രീയത മുഖമുദ്രമാക്കിയ കലാലയങ്ങൾക്കകത്ത് പലപ്പോഴും ഗ്യാങ്ങുകളാണ് കാമ്പസിനെ നിയന്ത്രിച്ചിരുന്നത്. സമ്പന്ന കുടുംബങ്ങളിൽ നിന്നു വന്നവരായിരുന്നു മിക്ക ഗ്യാങ്ങുകളുടേയും നേതൃത്വത്തിൽ. ഇതിൽ നിന്നൊക്കെ കാമ്പസുകളെ മോചിപ്പിച്ചത് പുരോഗമന വിദ്യാർഥി രാഷ്ട്രീയം തന്നെയാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുവന്ന വിദ്യാർഥികൾക്ക് തലയുയർത്തി ആത്മാഭിമാനബോധത്തോടെ നടക്കാനുള്ള അന്തരീക്ഷം ഒരുക്കിയത് പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾ തന്നെയാണ്. അപചയങ്ങൾ ഒന്നുമില്ലായിരുന്നു എന്നല്ല ഇതിനർത്ഥം. തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള ആർജവം കാണിച്ചിരുന്നു. തെറ്റു ചെയ്തവരെ സംരക്ഷിച്ചിരുന്നില്ല.
തൊണ്ണൂറുകൾക്കുശേഷം സമൂഹത്തിൽ നവലിബറൽ നയങ്ങൾ കൊണ്ടുവന്ന മാറ്റം കാമ്പസുകളിലും പ്രതിഫലിക്കുന്നു. സ്വാശ്രയ കോളേജുകൾ യാഥാർഥ്യമായി. മെറിറ്റിന്റെ സ്ഥാനത്ത് ‘പണം’ ഉപരിപഠനത്തിനുള്ള മാനദണ്ഡമായി. മയക്കുമരുന്നുൾപ്പടെയുള്ള അരാജക പ്രവണതകൾ കാമ്പസിനകത്തും പുറത്തും ശക്തമായി. വർഗീയ ശക്തികൾ കാമ്പസിനകത്തും പിടിമുറുക്കാൻ ശ്രമിക്കുന്നു എന്നതാണ് സമീപകാലത്തെ ഏറ്റവും വലിയ ഭീഷണി. മതവും ജാതിയും ചേർന്ന് തീർക്കുന്ന വെറുപ്പിന്റെ മതിലുകൾ സമൂഹത്തിൽ മാത്രമല്ല, കലാലയങ്ങൾക്കകത്തും ഉയർന്നുകഴിഞ്ഞു.
ഈയൊരു പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ജനാധിപത്യപരമായ വിദ്യാർഥിസംഘടനാ പ്രവർത്തനം കലാലയങ്ങളിൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ആശയസംവാദങ്ങളും ചർച്ചകളും കാമ്പസിനകത്ത് സജീവമാക്കാനാവണം. വിദ്യാർഥിയൂണിയനുകൾക്ക് ഇതിൽ വലിയ പങ്കുവഹിക്കാനാവും. ആഘോഷപരിപാടികൾക്കു മാത്രമല്ല, ഗൗരവമുള്ള ചർച്ചകൾക്കും വിദ്യാർത്ഥികളെ ആകർഷിക്കാനാവും എന്നതിന് ഉദാഹരണമാണ് കണ്ണൂർ സംർവകലാശാലാ യൂണിയൻ ഇക്കുറി ആദ്യമായി സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റ്. പ്രമുഖ എഴുത്തുകാരെ, സാംസ്കാരിക പ്രവർത്തകരെ കേൾക്കാനും അവരോട് സംവദിക്കാനും പുതുതലമുറ കാണിച്ച താൽപര്യം പ്രതീക്ഷ നൽകുന്നു.
“അപരരുടെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന കാലത്തിനായി പോരാടുക” എന്നതായിരുന്നു ഞങ്ങളുടെ കാലത്തെ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുദ്രാവാക്യം. അതിനർത്ഥം എതിർശബ്ദങ്ങളെ കേൾക്കാനുള്ള സന്നദ്ധത എന്നു കൂടിയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ഇന്ത്യയിൽ നമുക്ക് ആ സന്നദ്ധത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അസഹിഷ്ണുതയാണ് ഈ കാലത്തിന്റെ മുഖമുദ്ര. അത് കാമ്പസുകളെയും ബാധിക്കുന്നുണ്ട്. അതോടൊപ്പം ക്രിമിനലുകൾ പുരോഗമന പ്രസ്ഥാനങ്ങളിലടക്കം നുഴഞ്ഞുകയറുന്നു. അവരുടെ അപ്രമാദിത്വം ഉറപ്പിക്കുകയാണ് പലപ്പോഴും ലക്ഷ്യം. അതിന് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തെ മറയാക്കി ഉപയോഗിക്കുന്നു. ഇത്തരം ഛിദ്രശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടുമാത്രമേ പുരോഗമന പ്രസ്ഥാനത്തിന് മുന്നോട്ടുപോവാനാവൂ. സ്വയം തിരുത്താനുള്ള ആർജവം അവരിൽനിന്ന് കാലം പ്രതീക്ഷിക്കുന്നു.