കോഴിക്കോട്ടാണ് സഖാക്കൾ അന്ന് ഒത്തുകൂടിയത്‌

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ചർച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതൽ ആരംഭിച്ച സാമൂഹിക പരിവർത്തനങ്ങൾ എങ്ങനെ കേരളത്തിൽ കർഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു. 1937 സെപ്തംബറിൽ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ.സി ശേഖർ, എസ്.വി ഘാട്ടെ എന്നിവർ ഒത്തുചേർന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണം ചരിത്രത്തിന്റെ നിർണായക ഘട്ടത്തിൽ സംഭവിച്ചതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം വിശദീകരിക്കുന്നു.

1937 സെപ്റ്റംബറിൽ കോഴിക്കോട് ഒരു പച്ചക്കറി കടയുടെ മുകളിലെ ഒരു ചെറിയ മുറിയിൽ നാലഞ്ച് മനുഷ്യർ ഒത്തുചേരുകയുണ്ടായി. കേരളത്തിന്റെ ചരിത്രത്തെ വഴിതിരിച്ചുവിട്ട നിർണായകമായ ഒരു കൂടിച്ചേരലായിരുന്നു അത്. അവരെല്ലാം പിൽക്കാലത്ത് കേരളത്തിന്റെ ചരിത്രത്തിലും ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിലും അതി നിർണായകമായ പദവികളും പ്രാധാന്യവും കൈവരിച്ചവരായിരുന്നു. എങ്കിലും അന്ന് അവർ ഒത്തുചേരുന്ന സമയത്ത് കേരളം അവരെ കാര്യമായൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ചരിത്രം എന്ന കവിതയിൽ വിനയചന്ദ്രൻ പറയുന്നുണ്ട്, ആദ്യമാരും ശ്രദ്ധിക്കുന്നില്ല. അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ അത്യന്ത സാധാരണമായി 1937 അവസാനത്തോടെ കോഴിക്കോട്ടെ ഒരു ചെറിയ മുറിയിൽ ഒത്തുചേർന്ന അഞ്ചുപേരിൽ ഇ.എം.എസ് നമ്പൂതിരിപ്പാട്, സഖാവ് പി. കൃഷ്ണപ്പിള്ള, കെ. ദാമോദരൻ, എൻ.സി ശേഖർ എന്നീ മലയാളികളും അതോടൊപ്പം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ സെക്രട്ടറിമാരിലൊരാളായ എസ്.വി ഖാട്ടെയുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണ സമ്മേളനമാണ് അന്ന് നടന്നത്.

അവിടേക്ക് എത്തുന്നതിനു മുമ്പ് തന്നെ അവരിൽ പലരും കമ്മ്യൂണണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി പല രൂപത്തിൽ ബന്ധപ്പെട്ടിരുന്നു. സഖാവ് കൃഷ്ണപ്പിള്ള കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതാക്കളിൽ ഒരാളായിരുന്നു. ഇ.എം.എസ് അപ്പോഴേക്കും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയർന്നു കഴിഞ്ഞിരുന്നു. കെ. ദാമോദരൻ കാശി വിദ്യാപീഠനത്തിൽ വെച്ചു തന്നെ രാഷ്ട്രീയത്തിന്റെ വലിയ പാഠങ്ങൾ പഠിക്കുകയും അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ പ്രവർത്തകരിൽ ഒരാളായിരുന്ന ഓംകാർ നാഥ് ശാസ്ത്രിയിൽ നിന്ന് പാർട്ടി അംഗത്വമൊക്കെ നേടിക്കഴിയുകയും ചെയ്തിരുന്നു. എൻ.സി ശേഖറാകട്ടെ, തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി പ്രവർത്തിച്ചു, തിരുവിതാംകൂറിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ പ്രയോക്താക്കളിൽ ഒരാളായിരുന്നു. അങ്ങനെ പലനിലകളിൽ രാഷ്ട്രീയ ജീവിതത്തിന്റെ പലവിതാനങ്ങളിൽ പ്രവർത്തിച്ച ഈ മനുഷ്യർ 1937ന്റെ അവസാനം കോഴിക്കോട് ഒത്തുചേർന്ന് 20 വർഷത്തിനുളളിൽ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തേയും രാഷ്ട്രീയ ചരിത്രത്തേയും വലിയ തോതിൽ വഴിതിരിച്ചുവിടാൻ പോന്ന ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രാരംഭരൂപം, പ്രാരംഭസ്ഥാനം എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകം കേരളത്തിൽ ഈ സമ്മേളനത്തോടെ രൂപപ്പെടുകയാണുണ്ടായത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകത്തിന്റെ രൂപപ്പെടൽ എന്നത് വാസ്തവത്തിൽ ഒറ്റതിരിഞ്ഞ ആ സമ്മേളനത്തോടെ മാത്രം നടന്ന ഒരുകാര്യമല്ല. ഒരർത്ഥത്തിൽ 19ാം നൂറ്റാണ്ടുമുതൽ ആരംഭിക്കുന്ന ചെറുതും വലുതുമായ സാമൂഹ്യ പരിവർത്തന പ്രക്രിയയിൽ പങ്കാളികളാവുകയോ പങ്കുചേരുകയോ ചെയ്ത വിവിധ പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും ആകത്തുകയെന്ന നിലയിൽ കൂടിയാണ് വാസ്തവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം നിലവിൽ വരുന്നത്.

അതുകൊണ്ട് സാങ്കേതികമായി അതൊരു ആദ്യഘടകമായിരിക്കുമ്പോഴും ചരിത്രപരമായും സാമൂഹികമായും ആദ്യത്തെ പ്രാരംഭ ബിന്ദുവല്ല. അതിന് ദീർഘമായ ഭൂതകാല ബന്ധങ്ങളുണ്ട്. ഭൂതകാലത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട പ്രവാഹങ്ങൾ പലവഴികളിലൂടെ ഒഴുകി തിരിഞ്ഞ് ഒരു ബിന്ദുവിൽ സമ്മേളിച്ചതായിട്ടു വേണം 1937ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപപ്പെടലിനെ നാം നോക്കിക്കാണേണ്ടത്. ഒരർത്ഥത്തിൽ കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണത്തിന്റെയും കേരളത്തിന്റെ ആധുനികതയുടെ ചരിത്രത്തിലെയും ഒരു പരിവർത്തന ബിന്ദുവിനെ, നിർണായകമായ ഒരു വഴിത്തിരിവിന്റെ സന്ദർഭത്തെ, ആ പ്രാഥമിക ഘടകത്തിന്റെ രൂപപ്പെടൽ അടയാളപ്പെടുത്തുന്നുണ്ട് എന്നുവേണമെങ്കിൽ പറയാം.

19ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ വാസ്തവത്തിൽ കേരളം വലിയ തോതിൽ വഴിതിരിയുന്നുണ്ട്. നവോത്ഥാനമെന്നൊക്കെ വിളിക്കപ്പെട്ട, പലപ്പോഴും നവോത്ഥാനം എന്ന വിശേഷണം നമ്മുടെ സാമൂഹ്യ ചരിത്ര പരിണാമത്തെ വിശദീകരിക്കുന്നതിന് വേണ്ടത്ര പര്യാപ്തമല്ലെന്നോ അപര്യാപ്തം തന്നെയാണെന്നോ വിമർശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം എതിർവാദങ്ങൾ അതിനെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്നുണ്ട്. കുറച്ചുകൂടി ശരിയായ വാക്ക് ഒരുപക്ഷേ കേരളീയ സമൂഹത്തിന്റെ ആധുനീകരണം എന്നാണ്. ആ പരിവർത്തന പ്രക്രിയയുടെ പ്രാരംഭ സ്ഥാപനങ്ങളിൽ ഒന്ന് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ചാന്നാർ ലഹള എന്നൊക്കെ അന്ന് അറിയപ്പെട്ട ശരീരത്തിനു മേലുള്ള സ്വാധികാരത്തിനുവേണ്ടി കേരളത്തിലെ മർദ്ദിത ജാതി സമൂഹങ്ങൾ നടത്തിയ, അതിലൊന്നായ നാടാർ വിഭാഗങ്ങൾക്കിടയിൽ അരങ്ങേറിയ, ചാന്നാർ വിഭാഗങ്ങൾക്കിടയിൽ അരങ്ങേറിയ സമരമാണ് വാസ്തവത്തിൽ കേരളത്തിന്റെ ആധുനികതയിലേക്കുള്ള പരിവർത്തനത്തിന്റെ സുപ്രധാനമായ അടിസ്ഥാനങ്ങളിലൊന്ന്.

ഇതിനുവലിയ പ്രാധാന്യമുണ്ട് എന്നുകൂടി നാം കാണേണ്ടതുണ്ട്. കാരണം പലപ്പോഴും ഔപചാരികമായി അരുവിപ്പുറം പ്രതിഷ്ഠയേയോ അതുപോലുള്ള സംഭവങ്ങളേയോ ആണ് ആധുനികതയുടെ നവോത്ഥാനത്തിന്റെ പ്രാരംഭബിന്ദുവായി നാം പരിഗണിക്കാറുള്ളത്. വാസ്തവത്തിൽ അതിനേക്കാൾ പ്രാധാന്യം ഈ സംഗതിക്കുള്ളത് എന്തുകൊണ്ടാണെന്നുവെച്ചാൽ ശരീരത്തെ ജാതിയുടെ പ്രവർത്തന കേന്ദ്രമാക്കി മാറ്റുകയും സ്വാധികാരമുള്ള ഒരു ശരീരം മനുഷ്യന് അപ്രാപ്യമാക്കുകയും ചെയ്ത ഒരു സംവിധാനമായിട്ടാണ് ജാതി ഇന്ത്യയിലുടനീളം പ്രവർത്തിച്ചുപോന്നത്. അതുകൊണ്ട് ജാതിയൊരു അമൂർത്ത ആശയമല്ല. ജാതി ശരീരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മർദ്ദക സംവിധാനമാണ്. അതുകൊണ്ട് ശരീരത്തിന്റെ വിമോചനം എന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളൊരു പ്രക്രിയയാണ്. ഒരുപക്ഷേ യൂറോപ്യൻ നവോത്ഥാനത്തിന്റെയോ യൂറോപ്യൻ ചരിത്രാനുഭവത്തിന്റെയോ ഉള്ളടക്കത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കാര്യമാണത്. ഈ വ്യത്യാസത്തെ ആദ്യം രേഖപ്പെടുത്തുന്നു എന്നതുകൊണ്ട് കൂടിയാണ് ചാന്നാർ കലാപം ആധുനിക സമൂഹ രൂപീകരണത്തിന്റെ, അതിന്റെ ആശയാവലികളെ ചേർത്തുവെച്ച് നാം നവോത്ഥാനം എന്നു പറയുന്നതിന്റെ ആരംഭമാണ് എന്നു കരുതേണ്ടിവരുന്നത്.

ഒരർത്ഥത്തിൽ കേരളീയ ആധുനികതയുടേയോ നവോത്ഥാനത്തിന്റെയോ കേന്ദ്രങ്ങളിലൊന്ന് എന്ന് പറയാവുന്നത് ജാതി നശീകരണപരമോ ജാതി വിമർശനപരമോ ആയ ഒരു എതിർനിലയാണ്. ആ എതിർനിലയുടെ പ്രാരംഭ ബിന്ദു വളരെ ഭൗതികമായ പ്രാരംഭ ബിന്ദുവാണ് ചാന്നാർ കലാപങ്ങളിൽ നാം കണ്ടുതുടങ്ങുന്നത്. അവിടംമുതൽക്കിങ്ങോട്ട് 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിലുമായി ധാരാളം വഴികൾ നവോത്ഥാനത്തിന്റെയോ ആധുനികതയുടേയോ വഴികൾ കേരളത്തിൽ രൂപപ്പെടുന്നുണ്ട്. അതിൽ 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ കേരളത്തിൽ ഒരു പുതിയ മധ്യവർഗം പിറവിയെടുക്കുന്നുണ്ട്. കേരളത്തിന്റെ കാർഷിക സമ്പ്രദായങ്ങളിൽ 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ വലിയ വഴിത്തിരിവുണ്ടായി. ധാന്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്ക് പ്രത്യേകിച്ച് തിരുവിതാംകൂറിനെ കേന്ദ്രീകരിച്ച് തോട്ടം കൃഷിയുടെ വലിയ വ്യാപനം, തോട്ടം കൃഷിയിലേർപ്പെട്ട് പുതിയ സ്വത്ത് ആർജ്ജിക്കുന്ന സാമൂഹ്യ വിഭാഗങ്ങൾ അങ്ങനെ സാമ്പത്തികാധികാരം കൈവരുമ്പോഴും അതിപ്രബലമായി തുടരുന്ന ജാതിവ്യവസ്ഥയുടെ ശക്തിമൂലം സാമ്പത്തികാധികാരത്തിന് തുല്യമായ സാമൂഹ്യാധികാരമോ അല്ലെങ്കിൽ സാമൂഹ്യ പദവിയോ ഇല്ലാത്ത വിഭാഗങ്ങൾ ഇതുണ്ടാക്കുന്ന സംഘർഷങ്ങളൊക്കെ നമുക്ക് 19ാം നൂറ്റാണ്ടിൽ കാണാൻ പറ്റും.

ഇങ്ങനെ മധ്യവർഗത്തിന്റെ രൂപപ്പെടൽ, ഒപ്പം തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം, വിദ്യാലയങ്ങളുടെ സ്ഥാപനം, വിദ്യാഭ്യാസത്തിന്റെ വ്യാപനം വഴി പുതുതായി കൈവരുന്ന തൊഴിലവസരങ്ങൾ, സർക്കാർ ജോലികളിലേക്ക് പ്രവേശിക്കുന്ന മധ്യവർഗക്കാർ, ഈ മധ്യവർഗക്കാരുടെ ആശയാഭിലാഷങ്ങൾ ഇതൊക്കെ പ്രബലമായൊരു മധ്യവർഗത്തിന്റെയും ആ മധ്യവർഗ കേന്ദ്രിതമായ അവബോധത്തിന്റെ വ്യാപനത്തിന്റേയും ഒരു അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ഇതേസമയം തന്നെ 19ാം നൂറ്റാണ്ടിൽ നാം കാണുന്ന മിഷനറി പ്രവർത്തനം; മിഷനറിമാര് ഒരു ഭാഗത്ത് ജാതിക്കപ്പുറം പോകുന്ന തരത്തിലുള്ള പൊതുസമൂഹ രൂപീകരണത്തിന് സഹായകമായ പലതും ചെയ്യുന്നു. വിദ്യാലയങ്ങളുണ്ടാക്കുന്നു. പള്ളികളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നു, പെൺകുട്ടികളെ പഠിപ്പിക്കുന്നു. ഒപ്പം തന്നെ ഭാഷയുടെ വികാസത്തിൽ ഒരു പുതിയ ഗദ്യഭാഷ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. പുസ്തകങ്ങളും മാസികകളും പത്രങ്ങളുമൊക്കെ ധാരാളമായി പ്രസിദ്ധപ്പെടുത്തുന്നു. അങ്ങനെ നാടുവാഴിത്തം എന്നു വിളിക്കാവുന്ന മധ്യകാലത്തിന്റെ ഫ്യൂഡൽ ഘടനയുടെ ഉള്ളിൽ നിന്ന് പുതിയൊരു ജ്ഞാനത്തേയും അതിന്റെ ലോകബോധത്തേയും രൂപപ്പെടുത്തുന്ന സമ്മർദ്ദങ്ങൾ മിഷനറി പ്രവർത്തനം വഴിയുണ്ടാവുന്നു.

അതിനപ്പുറം മിഷനറി പ്രവർത്തനങ്ങൾ ഒരർത്ഥത്തിൽ മതപരിവർത്തനത്തിന് പ്രേരണയാകുന്നുണ്ട്. മതപരിവർത്തനമാകട്ടെ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ പരിഷ്‌കരണപരമായ ധർമ്മവും നിർവഹിക്കുന്നുണ്ട്. കാരണം ഈ മതപരിവർത്തനമുണ്ടാക്കിയ ആഘാതം മതനവീകരണത്തിനോ മതപരിഷ്‌കരണത്തിനോ കേരളത്തിലെ മതങ്ങളെ തന്നെ മറ്റൊരു നിലയിൽ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 1930കളിലൊക്കെ കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം രൂപപ്പെട്ടതു തന്നെ തെക്കൻ തിരുവിതാംകൂറിൽ വലിയ തോതിൽ അരങ്ങേറിയ മതപരിവർത്തനത്തെ തടയുക എന്ന ലക്ഷ്യംകൂടി ഉള്ളതുകൊണ്ടാണ്. അതുമാത്രമാണ് എന്നുപറഞ്ഞുകൂടെങ്കിലും അതുകൂടി പ്രവർത്തിക്കുന്നുണ്ട്.

ഇങ്ങനെ മിഷനറി പ്രവർത്തനങ്ങളുടെ ഒരു ധാരവരുന്നു. കോളനി ഭരണത്തിന്റെ വിപുലമായ രൂപങ്ങൾ പൊതുനിയമങ്ങൾ ഉണ്ടായി വരുന്നു. പൊതുവായ ക്രിമിനൽ വ്യവസ്ഥകൾ നിലവിൽ വരുന്നു. പൊതുവിദ്യാലയങ്ങളുണ്ടാവുന്നു. വിദ്യാലയങ്ങളിൽ ഏവർക്കും പഠിക്കാവുന്നതാണ് എന്ന് നിയമപരമായെങ്കിലും വ്യവസ്ഥപ്പെടുന്നു. അങ്ങനെ മനുഷ്യനെന്ന നിലയിലുള്ള ഒരു പുതിയ രൂപപ്പെടലിന്റെ സന്ദർഭം ജാതിമനുഷ്യനിൽ നിന്ന് പൗരത്വത്തിലേക്കുളള, ജാതി ശരീരത്തിൽ നിന്ന് പൗരശരീരത്തിലേക്കുള്ള മനുഷ്യാവസ്ഥയുടെ പരിവർത്തനം 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ തന്നെ രൂപപ്പെട്ട് തുടങ്ങുന്നുണ്ട്.

ഈ സന്ദർഭത്തിലാണ് ഗുരുവരുന്നത്. ഈ പരിവർത്തന പ്രക്രിയകളെ മുഴുവൻ ഒരളവിൽ സാന്ദ്രമായി സംഗ്രഹിച്ച ഒരു സ്ഥാനമാണ് നാരായണ ഗുരുവെന്നു പറയുന്നത്. അദ്ദേഹം ഈ പരിവർത്തനത്തിന്റെ നൈതികമായ ഉള്ളടക്കത്തെ, സാമൂഹികമായ ഉള്ളടക്കത്തെ, ചരിത്രപരമായ ഉള്ളടക്കത്തെ, ആധ്യാത്മികമായ ഉള്ളടക്കത്തെ മുഴുവൻ തന്റെ ചിന്തകളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഗുരു പലവിതാനങ്ങളിൽ പ്രവർത്തിക്കുന്നു. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്നു പറഞ്ഞുകൊണ്ട് കോളനി ഭരണമുണ്ടാക്കുന്ന പുതിയ ഉണർവുകളെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം വ്യവസായ പ്രദർശനത്തിന്റെ അധ്യക്ഷനായി ഇരുന്നുകൊണ്ട് പുതിയ തരത്തിലുളള ലോകം പിറന്നതിനെ അംഗീകരിക്കുന്നുണ്ട്. ശരീരം കൊണ്ടാണ് മനുഷ്യർ ജാതിയായിരിക്കുന്നത്. അതുകൊണ്ട് ഒരു ജാതി എന്ന നിലയിൽ ശരീരത്തെ മുൻനിർത്തി ജാതിവ്യവസ്ഥയ്‌ക്കെതിരായ ഒരു വലിയ വിമർശനം രൂപപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം അപ്പുറം ധാർമ്മികമായ ഒരാവിഷ്‌കാരമായി, നൈതികമായ ഒരാവിഷ്‌കാരമായി ദൈവഭാവനയെ പുനക്രമീകരിക്കുന്നുണ്ട്. അങ്ങനെ ഗുരുവിന്റെ വലിയൊരു ലോകം രൂപപ്പെട്ടുവരുന്നു.

സമാന്തരമായി ഇതേകാലത്ത് തന്നെയാണ് അച്ചടിയുടേയും പത്രമാധ്യമങ്ങളുടേയും ഒരു ലോകം വരുന്നത്. 1850 കളോടെ മലയാളത്തിൽ അച്ചടിയുടേയും മാസികകളുടേയും ലോകം പ്രധാനമാകാൻ തുടങ്ങി. 19ാം നൂറ്റാണ്ട് അവസാനമാകുമ്പോഴേക്കും വാർത്താ പത്രങ്ങൾ പലതോതിൽ വന്നു. വാർത്താ പത്രങ്ങളുടെ വരവ് ഭാഷയെ രണ്ട് മൂന്ന് നിലയിൽ മാറ്റി. ഒന്ന് പദ്യത്തിൽ നിന്ന് ഗദ്യത്തിലേക്കുള്ള ഒരു വലിയ ഷിഫ്റ്റ്. ഒപ്പം തന്നെ ആലങ്കാരികമായ ഭാഷയിൽ നിന്ന് യുക്തിപരമായ ഭാഷയിലേക്കുള്ള ഒരുമാറ്റം. പദ്യം എപ്പോഴും യുക്തിയേക്കാൾ അതിന്റെ വൃത്തത്തിനും താളത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോൾ പൊതുവിൽ പദ്യഭാഷയെന്നുള്ളത് അലങ്കാരത്തിന്റെ ഭാഷയാണ്. ഇതിനപ്പുറം നേർക്കുനേരെ യുക്തിപരമായി വികസിച്ചുവരുന്ന ചിന്തയുടെ ഒരു ലോകത്തെ ലളിതമായി പറഞ്ഞാൽ ആധുനികമായൊരു യുക്തിവിചാരത്തെ ഉൾക്കൊള്ളുന്ന ഗദ്യം വികസിച്ചുവരുന്നു. ഈ ഗദ്യത്തിന്റെ പുതിയ പുതിയ ആവിഷ്‌കാരങ്ങൾ; ചെറുകഥകൾ വരുന്നു ഉപന്യാസങ്ങൽ വരുന്നു, നോവലുകൾ വരുന്നു. ഇതെല്ലാം മാറിവന്ന സമൂഹത്തിന്റെ അടയാളങ്ങൾ എന്നതിനേക്കാൾ മാറിവന്ന സമൂഹത്തിന്റെ നിർമാണ സാമഗ്രികൾ തന്നെയായിട്ട് കാണേണ്ടതുണ്ട്. അതായത് ഇന്ദുലേഖയിലെ കഥയിൽ തെളിയുന്ന കോഴിക്കോട്ടെ തുണിമിൽ കമ്പനി പോലെ തന്നെ ഇന്ദുലേഖയെന്ന നോവലും ആധുനികതയുടെ അടയാളമാണ്.

മനുഷ്യരുടെ ഭാവനാമണ്ഡലം മാറി. അക്കാലംവരെ ലോകത്തെ ഭാവന ചെയ്തിരുന്ന, ജീവിതത്തെ നോക്കിക്കണ്ടിരുന്ന സമ്പ്രദായങ്ങൾ മാറി. പുതിയൊരു പാറ്റേൺ ഭാവനയ്ക്ക് കൈവന്നു. ആ പാറ്റേണിന്റെ ആവിഷ്‌കാര രൂപമാണ് നോവലെന്ന ജനുസായിട്ട് മാറുന്നത്. ഇങ്ങനെ മനുഷ്യരുടെ അവബോധമണ്ഡലത്തിൽ മാറ്റംവരുന്നു. മനുഷ്യരുടെ ഭൗതിക ജീവിത ക്രമങ്ങളിൽ മാറ്റം വരുന്നു. ഈ മാറ്റങ്ങളെല്ലാം പുതിയ തരത്തിലുള്ള സാമൂഹിക സ്ഥാനങ്ങളെ രൂപപ്പെടുത്തുന്നു. ഈ സാമൂഹിക സ്ഥാനത്തെ നമുക്ക് ഏറ്റവും എളുപ്പം കാണപ്പെടുന്ന സന്ദർഭമാണ് ഒരർത്ഥത്തിൽ ദേശീയതയെന്നതിന്റെ ഒരാവിഷ്‌കാരം.

19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ കേരളത്തിൽ ദേശീയതയുടെ മുദ്രകൾ തെളിഞ്ഞു തുടങ്ങുന്നുണ്ട്. ഇന്ദുലേഖയിൽ തന്നെ കോൺഗ്രസിനെക്കുറിച്ചും ദേശീയതയുടെ ആശയാവലികളെക്കുറിച്ചും ചന്ദുമേനോൻ ചർച്ച ചെയ്യുന്നുണ്ട്. ഉത്തരഭാരതത്തിലുണ്ടായതുപോലെ തീവ്രമായ പ്രതിഷേധ രൂപങ്ങളിലല്ല, മറിച്ച് മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങളുടെ പരിഷ്‌കരണപരമായ ശ്രമങ്ങളിലാണ് കേരളത്തിൽ ദേശീയതായ സങ്കൽപ്പം ഏറെക്കുറെ വികസിച്ചുവരുന്നത്.

മതാത്മകമായ ഒരടിസ്ഥാനത്തിൽ ഇന്ത്യയെ സങ്കൽപ്പിക്കുക, ആ മതാത്മക സമൂഹത്തിലുള്ള ഇന്ത്യ ഒരു ആധുനിക സമൂഹമാകാൻ പോകുന്ന മട്ടിലുള്ള പരിവർത്തനങ്ങൾക്ക് വിധേയമാകണം എന്നു കരുതുക, ആ പരിഷ്‌കരണത്തിന് നിയമപരമായ മാർഗങ്ങളോ നിവേദനങ്ങളോ കോടതി വ്യവഹാരങ്ങളോ ഒക്കെ ഉപയോഗിക്കാൻ ശ്രമിക്കുകയെന്ന മട്ടിലുള്ള മധ്യവർഗ, ഉപരിവർഗ, മേൽജാതി അവബോധം എന്ന നിലയിലാണ് പൊതുവെ പറഞ്ഞാൽ ദേശീയതയുടെ ആദ്യാങ്കുരങ്ങൾ കേരളത്തിലുണ്ടാകുന്നത്. അതിന്റെ പരിമിതികൾ നിലനിൽക്കെ തന്നെ അത് പ്രധാനമായിരുന്നു. അത്തരം ദേശീയതയ്ക്ക് ബിപിൻചന്ദ്ര അദ്ദേഹത്തിന്റെ ചർച്ചകളിൽ ബാക്ക്‌ഡോർ നാഷണലിസം എന്നു പറയുന്നുണ്ട്. പിൻവാതിൽ ദേശീയത. അതായത് ദേശീയതയുടെയും ബ്രിട്ടീഷ് വിരുദ്ധതയുടേയും വലിയ സംഘർഷങ്ങളൊന്നും അനുഭവിക്കാതെ തന്നെ ദേശീയവാദികളായി നിലകൊള്ളാൻ പറ്റുന്ന മട്ടിൽ ദേശീയതയുടെ ആവേശങ്ങളെ, ആശയങ്ങളെ സാമൂഹ്യപരിഷ്‌കരണത്തിന്റെ ആശയങ്ങളുമായി കൂട്ടിയിണക്കുകയെന്നതാണ് ഈ ബാക്ക്‌ഡോർ നാഷണലിസത്തിന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവം. അപ്പോൾ നിങ്ങൾ നേരിട്ട് ബ്രിട്ടനോട് ഏറ്റുമുട്ടുകയല്ല, സാമ്രാജ്യത്വത്തിന്റെ ശത്രുപക്ഷത്തുനിന്ന് പടപൊരുതുകയല്ല, ഒരുപക്ഷെ നിങ്ങൾ നിങ്ങളെ തന്നെ പരിഷ്‌കരിക്കാൻ ശ്രമിക്കുന്നു, നവീകരിക്കാൻ ശ്രമിക്കുന്നു. ആ നവീകരണം രാജ്യത്തിന്റെ മൊത്തത്തിലുള്ള നവീകരണവും ആധുനികതയുമായി മാറുന്നു എന്നൊക്കെയുള്ള സങ്കൽപ്പം. ഇങ്ങനെയുള്ള ആശയങ്ങളൊക്കെ നമുക്ക് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ കാണാൻ പറ്റും.

20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ എത്തുമ്പോഴേക്കും ചെറുതും വലുതുമായ സംഘാടനകൾ സംഭവിക്കുന്നത് കാണാൻ പറ്റും. കർഷക പ്രസ്ഥാനങ്ങൾ പതിയെ പതിയെ രൂപപ്പെടുന്നു, ചെറുതും വലുതുമായ തൊഴിലാളി കൂട്ടായ്മകൾ ഉണ്ടായിവരുന്നു, സംഘടനാ ബോധം പലരൂപത്തിൽ ഉണ്ടായിവരുന്നു. കർഷകരുടെ, വിദ്യാർഥികളുടെ, യുവജനങ്ങളുടെ, സ്ത്രീകളുടെയുമൊക്കെ സാമൂഹികമായ ഇടപെടൽശേഷി വർധിക്കുകയും പ്രജാത്വം എന്നു പറയുന്ന ഒരവസ്ഥയിൽ നിന്ന് പൗരത്വം എന്നതിലേക്കുള്ള മനുഷ്യരുടെ അവരുടെ സ്വത്വപരമായ പരിണാമം വലിയ തോതിൽ വികസിച്ചു വരികയും ചെയ്യുന്നുണ്ട്.

നവോത്ഥാനമെന്നോ ആധുനികതയെന്നോ നാം കേരളത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അത് ഒറ്റവഴിയിലൂടെ സഞ്ചരിച്ച് വന്നതല്ല. പലവഴികളിൽ പലപ്രഭാവങ്ങൾ രൂപപ്പെടുകയും അവ പല അനുപാതങ്ങളിൽ കൂടിക്കലർന്ന് പുതിയ തരത്തിലുള്ള സമൂഹത്തെക്കുറിച്ചുള്ള ബോധ്യം ഉണ്ടാവുകയും ചെയ്തു. ഇതിൽ ഏറ്റവും ഗൗരവത്തോടെ കാണേണ്ട സംഗതി ഒരുപക്ഷേ സമുദായമെന്ന സങ്കൽപ്പത്തിന്റെ രൂപപ്പെടൽ കൂടിയാണ്.

സമുദായം എന്നതിന് കേരളത്തിന്റെ ചരിത്രത്തിൽ ഒരു പ്രത്യേക പ്രാധാന്യം കൂടിയുണ്ട്. കാരണം ഒരർത്ഥത്തിൽ ജാതിയെ മുൻനിർത്തിയുള്ള, ജാതി വിമർശനപരമായ സംഘാടനമാണ് സമുദായം എന്നു പറയാം. സമുദായങ്ങൾ മിക്കവാറും രൂപപ്പെട്ടത് ജാതി അടിസ്ഥാനത്തിലാണ്. പക്ഷേ ജാതി സ്വത്വത്തിന്റെ ദൃഢീകരണം എന്നതിനേക്കാൾ ജാതി സ്വത്വത്തിന്റെ വിമർശനമോ ജാതി സ്വത്വത്തെ മറികടക്കലോ ആണ്. അപ്പോൾ ഒരേസമയം സമുദായം എന്നതിൽ വൈരുദ്ധ്യാത്മകമായ ഒരു ഉള്ളടക്കം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. എല്ലാ സമുദായങ്ങളും രൂപപ്പെട്ടത് ജാതിബന്ധങ്ങളെ മുൻനിർത്തിയാണ്. ജാതികൾ തന്നെയാണ് സമുദായങ്ങളാണ് മാറുന്നത്. പക്ഷേ അതേസമയം തന്നെ ആ സമുദായങ്ങളൊന്നും പഴയ ജാതി സ്വത്വത്തെ ആവർത്തിച്ച് ഉറപ്പിക്കാനോ അതിനെ ശക്തിപ്പെടുത്താനോ അതിന്റെ മഹിമയെ ഉയർത്തിപ്പിടിക്കാനോ വേണ്ടിയിട്ടല്ല, മറിച്ച് ജാതി മർദ്ദനത്തിന് ഇരയാകുന്ന വിഭാഗങ്ങൾ ആ ജാതി മർദ്ദനത്തെ മുൻനിർത്തിക്കൊണ്ടുതന്നെ ജാതി വിമർശനപരമായൊരു മൂല്യത്തെ ഉയർത്തിക്കൊണ്ടുവരികയും അങ്ങനെയൊരു പുതിയ സ്വത്വ സ്ഥാനത്തേക്ക് ഒരർത്ഥത്തിൽ ജാതി ശരീരത്തിൽ നിന്ന് പൗരത്വത്തിലേക്കുള്ള ഒരു സംക്രമണ സ്ഥാനമെന്ന നിലയിൽ സമുദായങ്ങൾ രൂപപ്പെടുകയും സമുദായ പരിഷ്‌കരണമെന്നത് കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണത്തിന്റെ സുപ്രധാനമായ സ്ഥാനങ്ങളിലൊന്നായിട്ട് മാറിത്തീരുകയും ചെയ്യുന്നുണ്ട്.

നമ്മൾ ഗ്രാംഷിയുടെ സബാൾട്ടൺ എന്ന സങ്കൽപ്പത്തെ മനസിൽ ആലോചിച്ചാൽ ഗ്രാംഷി സബാൾട്ടേൺ എന്ന ഒരു കൽപ്പനയ്ക്കുള്ളിൽ ധാരാളം വ്യത്യസ്ത വിഭാഗങ്ങളെ ഉൾക്കൊള്ളിക്കുന്നുണ്ട്. തൊഴിൽ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകൾ അതിനകത്തുണ്ട്. സാമൂഹ്യാധികാരം പിടിച്ചുപറ്റാൻവേണ്ടി ശ്രമിക്കുന്ന കൂട്ടായ്മകളെ അദ്ദേഹം അതിൽ പരിഗണിക്കുന്നുണ്ട്. സാമൂഹ്യ ചരിത്രത്തിൽ ഇടമില്ലാതെ തീർത്തും പ്രാന്തവൽക്കരിക്കപ്പെട്ട ലുംബൻ എന്നെല്ലാം ക്ലാസിക്കലായി വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളെ അദ്ദേഹം അതിന്റെ ഭാഗമായിട്ട് കാണുന്നുണ്ട്. സമൂഹത്തെ ഘടനാപരമായി പരിഷ്‌കരിക്കാൻ ശ്രമിക്കുന്ന, പൊളിച്ചുപണിയാൻ ശ്രമിക്കുന്ന അദ്ദേഹം സബാൾട്ടേൺ എന്നതിൽ കാണുന്നുണ്ട്. ഗ്രാംഷിയുടെ ഈ കീഴാളതയെക്കുറിച്ചുള്ള സങ്കൽപ്പത്തെ മുൻനിർത്തി നോക്കിയാൽ കേരളത്തിൽ വികസിച്ചുവന്ന സമുദായ സങ്കൽപ്പവും അതിന്റെ ആവിഷ്‌കാരവും ഒരളവുവരെയെങ്കിലും ഈ കീഴാളതയുടെ മണ്ഡലത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ടായിരുന്നു എന്ന് കാണാൻ പറ്റും.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വഴിതിരിഞ്ഞെത്തുന്ന പ്രക്രിയകളുടെ വലിയൊരു സഞ്ചാരപഥം നമുക്ക് 19ാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകങ്ങൾ മുതൽ കാണാൻ കഴിയും. അങ്ങനെ പല അനുപാതങ്ങളിൽ രൂപപ്പെട്ടുവന്ന ഈ പ്രക്രിയയാണ് 20ാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകളിലെത്തുമ്പോൾ തൊഴിലാളി സംഘാടനത്തിന്റെ, കർഷക പ്രസ്ഥാനത്തിന്റെ ദേശീയതാ സങ്കല്പനങ്ങളുടെയൊക്കെ രൂപം ആർജിക്കുകയും അങ്ങനെ ദേശീയതയുടെ ആശയാവലികളിൽ നിന്ന് അത് പതിയെ സാമ്രാജ്യവിരുദ്ധതയുടെ ആശയാവലികളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്. ഒരർത്ഥത്തിൽ നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിൽക്കാലവും തമ്മിലുള്ള ബന്ധം അല്ലെങ്കിൽ അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എന്താണെന്ന് ചോദിച്ചാൽ ജാതി ബന്ധങ്ങളുടെ സാമൂഹ്യാടിസ്ഥാനമായിരുന്ന, അതിന്റെ ഭൗതികാധാരമായിരുന്ന, ജന്മിത്തത്തെ നേർക്കുനേരെ നിന്നെതിർക്കുന്ന ഒരു നിലയുണ്ടാവുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രംഗപ്രവേശനത്തോടെയാണ്.

ഇന്ന് വലിയ തോതിൽ ചർച്ചകളിൽ പരിഗണിക്കാതെ പോകുന്ന കാര്യം കൂടിയാണിത്. കാരണം ജാതിയെന്ന സംവിധാനം സാമ്പത്തികം മാത്രമല്ലയെന്നതിൽ സംശയമില്ല. സാമ്പത്തിക, മധ്യകാല, നാടുവാഴി സമ്പദ് വ്യവസ്ഥയുടെ അനുബന്ധരൂപം മാത്രമല്ല ജാതി. ജാതി വ്യവസ്ഥയെന്നു പറയുന്നത് അതിന് ആധാരമായ ഒരു ഉല്പാദന സാമ്പത്തിക ക്രമത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ട്. കേരളത്തിൽ ആ സാമ്പത്തിക ക്രമം, പൊതുവെ പറഞ്ഞാൽ, ജന്മിത്തത്തിന്റേതായിരുന്നു. ജന്മിവാഴ്ചയുടെയും അതിന്റെ സാമൂഹിക ഉള്ളടക്കത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെ അഥവാ ജാതിയുടെ ഭൗതികാധാരത്തിനെതിരായ ഒരു സമരമുഖം ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച പ്രധാനപ്പെട്ട പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും കർഷക സംഘടനകളുമാണ്. നവോത്ഥാനത്തിൽ നിന്നും ആ നിലയിലുള്ള തുടർച്ച ഒരർത്ഥത്തിൽ പിൽക്കാലത്ത് വികസിച്ചുവരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് കാണാൻ കഴിയും.

അതേസമയം സമുദായ സംവിധാനം മുന്നോട്ടുവെച്ച ജാതിവിമർശനത്തിന്റെ ഉള്ളടക്കം, ജാതിയെ സംബന്ധിക്കുന്ന എതിർവാദങ്ങൾ, അതേയളവിൽ പിൽക്കാലത്തെ രാഷ്ട്രീയ പ്രക്രിയകളിൽ ശക്തമായി നിലനിന്നില്ല എന്ന വിമർശനം ഉന്നയിക്കാനും കഴിയും. ഇവ തമ്മിൽ ചേരുന്ന ഒരു വൈരുദ്ധ്യാത്മിക ബന്ധമാണ് വാസ്തവത്തിൽ കേരളത്തിന്റെ ആധുനിക സമൂഹ രൂപീകരണ പ്രക്രിയയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപപ്പെടലും തമ്മിലുള്ളത്. അതുകൊണ്ട് 1937ന്റെ അവസാനം നാലംഗങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം കേരളത്തിൽ നിലവിൽ വരുന്ന സമയത്ത് അത് ഔപചാരികമായ ഘടകരൂപീകരണം എന്നതിനപ്പുറം ഏതാണ്ട് ഒരുനൂറ്റാണ്ട് കാലമായി നിലനിന്ന കേരളത്തിന്റെ സാമൂഹ്യ പരിവർത്തന പ്രക്രിയയുടെ, ആധുനികതയിലേക്കുള്ള കേരളത്തിന്റെ സംക്രമണത്തിന്റെ നിർണായകമായ സംയോജന സ്ഥാനമായിട്ട് ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപപ്പെടലിനെ കാണാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ചരിത്രത്തിലെ പല ബലങ്ങൾ ഒരുമിച്ചു ചേർന്നു നിൽക്കുന്ന ഒരു സംഗമബിന്ദുവിന്റെ ചരിത്രപരമായ പ്രാധാന്യം ആ നാലുപേർ ചേർന്നുള്ള ആദ്യത്തെ യോഗത്തിനുണ്ട്. അങ്ങനെയൊരു നിർണായക ചരിത്രമുഹൂർത്തത്തിലാണ് തങ്ങൾ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് അവിടെ ഒത്തുകൂടിയവർ ഓർക്കണമെന്നുണ്ടാവില്ല. ചരിത്രം അങ്ങനെ ബോധപൂർവ്വമായ പ്രഖ്യാപനങ്ങളോടെയല്ല സംഭവിക്കുന്നത് എന്നുള്ളതുകൊണ്ട് അതിൽ അസ്വാഭാവികമായ ഒന്നുമില്ലതാനും.


ഭാഗം രണ്ട്: കോഴിക്കോട്ടാണ് സഖാക്കൾ അന്ന് ഒത്തുകൂടിയത്‌


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments