സഖാവ് പി.ജയരാജൻ, ഇപ്പോൾ എന്തു പറയുന്നു?

താഹയക്കും അലനും ജാമ്യം നൽകി എൻ.ഐ.എ കോടതി പുറപ്പെടുവിച്ച ചരിത്രവിധി, ആശയ പ്രകാശത്തിന്റെ ജനാധിപത്യ ഭാവിയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നു. വായിക്കുന്ന, ചിന്തിക്കുന്ന, സംശയിക്കുന്ന, ആശങ്കപ്പെടുന്ന ഒരു തലമുറ ജനാധിപത്യത്തെ ഉറപ്പോടെ നിലനിർത്തും. ഭരണകൂടത്തിന്റെ അകാരണമായ ബലപ്രയോഗങ്ങൾ, ഇടതിന്റെ (കേരളത്തിലെങ്കിലും രൂപപ്പെട്ട ജനാധിപത്യ ഇടതിന്റെ) ഉള്ളടക്കത്തെയാണ് റദ്ദ് ചെയ്യുന്നത്. അതുകൊണ്ട്, സഖാവ് പി.ജയരാജൻ, അങ്ങ് ഇപ്പോൾ എന്തുപറയുന്നു? ഈ ചരിത്രവിധിയിൽ താങ്കളുടെ രാഷ്ട്രീയ മനസ്സും സന്തോഷിക്കുന്നുണ്ടാവില്ലേ?

രാഷ്ട്രീയ കാരണങ്ങളാൽ മലയാളി ഇടതുപക്ഷ യൗവ്വനം ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് സഖാവ് പി. .ജയരാജൻ. വ്യക്തിപരമായി അദ്ദേഹം പുലർത്തുന്ന ഉറച്ച വർഗ രാഷ്ട്രീയനിലപാടുകളും രാഷ്ട്രീയ വിശുദ്ധിയും സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങളോട് പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും അടിത്തട്ടനുഭവങ്ങളോടു കാണിക്കുന്ന സ്‌നേഹവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതര സി.പി.എം നേതാക്കളിൽ വേറിട്ട ജനസമ്മതി പി.ജയരാജനു നൽകുന്നു. എന്നാൽ, ഈ വാദങ്ങളും പ്രശംസകളും ഇടതുവിരുദ്ധ ചേരിയിയിൽ നിൽക്കുന്നവരെ ഏറെ പ്രകോപിപ്പിക്കാനിടയുണ്ട്. സംഘ്പരിവാറിനോട് എതിരിട്ട് ഒരു വിരൽ പോലും നഷ്ടപ്പെട്ടവരല്ല അവർ. ആ നിലയിൽ അത്ഭുതകരമാം വിധം ജീവിതത്തിലേക്ക് തിരിച്ചു വന്ന, ‘ജീവിക്കുന്ന രക്തസാക്ഷി'യാണ് സഖാവ് പി. ജയരാജൻ. പക്ഷെ, നിർഭാഗ്യവശാൽ, താഹ- അലൻ വിഷയത്തിൽ അദ്ദേഹമെടുത്ത നിലപാട്, ഇടതുവിരുദ്ധവും പി.ജയരാജൻ എന്ന രാഷ്ട്രീയ ഉള്ളടക്കത്തോട് ചേർന്നു നിൽക്കുന്നതുമായിരുന്നില്ല. ഇത് ‘ട്രൂ കോപ്പി തിങ്കി'നുവേണ്ടി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചതും അദ്ദേഹം തുറന്ന മനസ്സോടെ മറുപടി പറഞ്ഞതുമായ വിഷയങ്ങളാണ്.

യു.എ.പി.എ എന്ന കരിനിയമത്തെ എതിർക്കുമ്പോഴും ആ അറസ്റ്റിൽ പിണറായി ഉയർത്തിയ വാദങ്ങളെ പിന്തുണക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതാവട്ടെ, കേരളത്തിൽ ഇസ്‌ലാമിസ്റ്റ് / മാവോയിസ്റ്റ് ധാരണകളുണ്ടെന്നും അവ തമ്മിൽ രാഷ്ട്രീയമായ പാരസ്പര്യമുണ്ടെന്നും ഉള്ള അദ്ദേഹം പുലർത്തുന്ന നിലപാടുകളുടെയും ചില കണ്ടെത്തലുകളുടെയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായ പ്രകടനമായിരുന്നു. എന്നാൽ, പിണറായി വിജയൻ ആ സന്ദർഭത്തിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഉറച്ച ശബ്ദത്തിൽ പിന്തുണച്ചുവന്നവരിൽ പി.ജയരാജനുണ്ടായി എന്നത് ഏറെ നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു.
‘അനന്തമായ കടൽത്തീരത്ത് കുട്ടികൾ കളിക്കുന്നു' എന്നു തുടങ്ങുന്ന ടാഗോർ എഴുതിയ പ്രശസ്ത കവിതയുണ്ട്. കുട്ടികളുടെ സ്വാതന്ത്ര്യവും ആകാംക്ഷകളുമായി ബന്ധപ്പെട്ട കവിതയാണത്. അത്രയും ചെറിയ കുട്ടികൾ അല്ല, താഹയും അലനും. പക്ഷെ, യൗവനത്തിൽ, ഏറെ ആകാംക്ഷകളുള്ള സ്വാതന്ത്ര്യത്തിന്റെ അന്വേഷണം നടക്കുന്ന സമയമാണ് അവരുടേത്. കൗമാരം എന്ന ‘പ്രായം' പലതരം ആന്തരികമായ അഭി‘പ്രായ'ങ്ങളെ തേടാൻ ചിന്തയെ പ്രചോദിപ്പിക്കുന്ന കാലമാണ്. താഹയും അലനും അറസ്റ്റിലായപ്പോൾ പ്രതിരോധത്തിലായത് ഡി.വൈ.എഫ്.ഐ / എസ്.എഫ്.ഐ സംഘടനകൾ കൂടിയാണ്. ദൈവത്തിന് സ്‌തോത്രം പാടുന്ന വിശ്വാസിസമൂഹത്തെ പോലെ ഇടത്‘ഭരണകൂട സ്‌തോത്രഗീതങ്ങൾ' പാടാൻ വിധിക്കപ്പെട്ട അൾത്താര ഗായകസംഘമായി ആ ചരിത്രനിമിഷങ്ങളിൽ, ഇടതുപക്ഷ യുവജന സംഘടനകൾ മാറി. രണ്ടു കുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ട ആ ചരിത്രനിമിഷത്തിൽ, പ്രിയപ്പെട്ട സഖാവ് ജയരാജൻ, താങ്കൾക്കെങ്ങനെ ആ ‘സ്റ്റേറ്റ്' നിലപാടിനെ പിന്തുണക്കാൻ തോന്നി? ഈ ചോദ്യത്തിന്, അങ്ങ് ഉത്തരം പറഞ്ഞതാണ്. സംശയമില്ല.

കേരളത്തിലെ മുസ്‌ലിം യുവജനങ്ങൾക്കിടയിൽ വേരോട്ടമുണ്ടാക്കുന്ന ‘ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പു'കളോടുള്ള നിശിത വിമർശനം താങ്കൾ പല വേദികളിലും ഉന്നയിക്കുന്നുണ്ട്. മുഖ്യധാരാ മുസ്‌ലിം രാഷ്ട്രീയത്തിന് ബദൽ എന്ന നിലയിൽ, മതമൗലികമായ ഒരു ധാര സൃഷ്ടിച്ച്, മതനിരപേക്ഷ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നുണ്ട്, പല ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും. ആധുനിക ജനാധിപത്യ മൂല്യങ്ങൾ സൃഷ്ടിച്ച തുറസ്സുകളെ ഇല്ലാതാക്കുന്ന സമീപനമാണ് പല ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും കൈക്കൊള്ളുന്നത്. മുഖ്യധാരയിലേക്ക് മുസ്‌ലിംലീഗിലൂടെ കയറാൻ പറ്റുമോ എന്ന വലിയ ശ്രമത്തിലുമാണ് ആ സംഘടനകൾ. എന്നാൽ, ‘ഇടതിനും സോഷ്യലിസ്റ്റ് ചിന്തയ്ക്കും' ഇടയിലുള്ള എല്ലാ അന്വേഷണങ്ങളെയും ഈ പരിധിയിൽ കൊണ്ടുവന്നുള്ള ഒരാലോചനയാണ് താങ്കളുടെ ഭാഗത്തുനിന്നുണ്ടായത്. സൂക്ഷ്മമായ വായനയിൽ അതിൽ വൈരുദ്ധ്യമുണ്ട്.

1963-ൽ ഇ.എം.എസ് എഴുതിയ ‘കാൾ മാർക്‌സ്, പുതുയുഗത്തിന്റെ വഴികാട്ടി' എന്ന ലഘുലേഖയിൽ ഇങ്ങനെ വായിക്കാം: വർഗസമരങ്ങളിൽ ചൂഷകവർഗത്തിന്റെ അധികാരം നിലനിർത്താൻ അവർ സൃഷ്ടിച്ച സ്ഥാപനമാണ് ഭരണകൂടം, പട്ടാളം, പോലീസ്, ജയിൽ, കോടതി, ഇവയിലൂടെ നടത്തുന്ന ബലപ്രയോഗം.

പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ ഇത്തരം ‘ബലപ്രയോഗ'ത്തിന്റെ രാഷ്ട്രീയം പലപ്പോഴായി വന്നു എന്നത് ഏറെ വിമർശിക്കപ്പെട്ട വസ്തുതയാണ്. മതനിരപേക്ഷ സമൂഹത്തിന്റെ ഉണർവുകൾക്ക് കാവൽ നിൽക്കുമ്പോഴും, സ്ത്രീ-പുരുഷ തുല്യതയ്ക്കുള്ള ഉറച്ച നിലപാടുകൾ എടുക്കുമ്പോഴും, വികസനത്തെക്കുറിച്ചും പാവപ്പെട്ടവർക്കുള്ള പാർപ്പിട സമുച്ചയത്തെക്കുറിച്ചും അതിവേഗതയുള്ള തീരുമാനങ്ങൾ എടുക്കുമ്പോഴും ‘ബല പ്രയോഗ'ത്തിന്റെ ഭരണകൂട രീതികളിൽ നിന്ന് പിണറായി വിജയനും പുറത്തുകടക്കാൻ സാധിച്ചില്ല. താഹയക്കും അലനും ജാമ്യം നൽകി എൻ.ഐ.എ കോടതി പുറപ്പെടുവിച്ച ചരിത്രവിധി, ആശയ പ്രകാശത്തിന്റെ ജനാധിപത്യ ഭാവിയെ പ്രതീക്ഷയോടെ അടയാളപ്പെടുത്തുന്നു. വായിക്കുന്ന, ചിന്തിക്കുന്ന, സംശയിക്കുന്ന, ആശങ്കപ്പെടുന്ന ഒരു തലമുറ ജനാധിപത്യത്തെ ഉറപ്പോടെ നിലനിർത്തും. ഭരണകൂടത്തിന്റെ അകാരണമായ ബലപ്രയോഗങ്ങൾ, ഇടതിന്റെ (കേരളത്തിലെങ്കിലും രൂപപ്പെട്ട ജനാധിപത്യ ഇടതിന്റെ) ഉള്ളടക്കത്തെയാണ് റദ്ദ് ചെയ്യുന്നത്.

അതുകൊണ്ട്, സഖാവ് പി.ജയരാജൻ, അങ്ങ് ഇപ്പോൾ എന്തുപറയുന്നു? ഈ ചരിത്രവിധിയിൽ താങ്കളുടെ രാഷ്ട്രീയ മനസ്സും സന്തോഷിക്കുന്നുണ്ടാവില്ലേ?


താഹയ്ക്കും അലനും ജാമ്യം; ഇനി മുഖ്യമന്ത്രി തിരുത്തുമോ?


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments