താഹയ്ക്കും അലനും ജാമ്യം; ഇനി മുഖ്യമന്ത്രി തിരുത്തുമോ?

കേരളത്തിലെ ജനാധിപത്യസമൂഹം ഈ അറസ്റ്റിനെ അന്നുമിന്നും അംഗീകരിച്ചില്ല. എഴുത്തുകാരും കലാകാരും സ്വതന്ത്ര പൊതുപ്രവർത്തകരും അറസ്റ്റിനെതിരെ രംഗത്തു വന്നു. കേരളത്തിലെ മാധ്യമങ്ങളെല്ലാം അറസ്റ്റിലെ നൈതികതയെ ചോദ്യം ചെയ്തു. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവർ മാത്രമല്ല, സി.പി.എം അംഗങ്ങളായിട്ടുള്ളവർ തന്നെ പരസ്യമായി സർക്കാർ നടപടിയെ തള്ളിപ്പറഞ്ഞു. ഈ പിന്തുണയാണ് താഹയ്ക്കും അലനും കവചമായി നിന്നത്. രണ്ടു യുവാക്കളെ വെറുതെ അറസ്റ്റ് ചെയ്തുകൊണ്ടു പോയാൽ ആരും മിണ്ടാതിരിക്കുന്ന കാലം ആയിട്ടില്ല എന്നു ബോധ്യപ്പെടുത്തിയത് ഈ ജനാധിപത്യ പിന്തുണയാണ്

ന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ താഹാ ഫസലിനും അലൻ ശുഐബിനും ജാമ്യം അനുവദിച്ചു കൊണ്ടുള്ള എൻ.ഐ.എ കോടതി ഉത്തരവിൽ എനിക്ക് ഏറ്റവും ആഹ്‌ളാദമുണ്ടാക്കിയത് അവർ മാവോയിസ്റ്റുപാർട്ടി അംഗങ്ങളാണെന്ന ആരോപണം എൻ.ഐ.എ തന്നെ ഒഴിവാക്കിയതാണ്. കോടതി ഉത്തരവിൽ പറയുന്നു, ‘‘കുറ്റാരോപിതർ, സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ കേഡർ ആയിരുന്നു, അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും സംഘടനയാൽ നിയന്ത്രിതമായിരുന്നു എന്നു സ്ഥാപിക്കുന്നതിൽ ഒരുപാട് വിള്ളലുകളുണ്ട്. ഒരു ഭീകരവാദസംഘടനയുടെ അംഗം ആയതിനാൽ യു.എ.പി.എയുടെ ഇരുപതാം സെക്ഷൻ പ്രകാരമുള്ള കുറ്റത്തിനാണ് ഇവരെ ആദ്യം പിടിച്ചത് എങ്കിലും അന്വേഷണം പൂർത്തിയായതോടെ കുറ്റപത്രത്തിൽ നിന്ന് സെക്ഷൻ 20 ഒഴിവാക്കി. ഇപ്പോൾ പ്രോസിക്യൂഷനുപോലും ഇവർ ഒരു നിരോധിത ഭീകരവാദ സംഘടനയിലെ അംഗങ്ങളാണെന്ന ആരോപണം ഇല്ല.

അതിനാൽ, കുറ്റാരോപിതർ സി.പി.ഐ (മാവോയിസ്റ്റ്)സംഘടനയുടെ കേഡറുകൾ ആണെന്നും അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിരോധിത സംഘടനയുടെ ആഭ്യന്തര സർക്കുലറുകൾ പ്രകാരമാണെന്നും പ്രഥമദൃഷ്ട്യാ പറയാനാവില്ല. ഇവരുടെ പേരിൽ ഒരൊറ്റ അക്രമത്തിന്റെ പോലും ആരോപണം ഇല്ലാതിരിക്കെ, ഒരു നിരോധിത സംഘടനയുടെ ആഭ്യന്തര രേഖ കൈയിൽവെക്കുന്നത്, അങ്ങേയറ്റം ഈ കുറ്റാരോപിതർക്ക് നിരോധിത സംഘടനയുടെ വശത്തേക്ക് ഒരു ചായ്‌വ് എന്നു മാത്രം സൂചിപ്പിക്കുന്നതാണ്.'' (‘‘Prima facie there exist many missing links in establishing that the accused were the cadets of CPI (Maoist) organisation and their movements and activities are controlled by the organisation. It is to be taken note that, though initially the accused were booked for the offence under Section 20 of the UA (P) Act for being member of terrorist organisation, after the completion of the investigation, section 20 was dropped from the charge sheet. Right now even the prosecution doesn't have a case that accused are members of the banned terrorist organisation. Therefore, prima facie it cannot be said that accused are the cadets of CPI (Maoist) party and their movements and activities are fully controlled by the internal circulars issued by the banned organisation. Since there is not even a single allegation of violent overtact against the accused, at this stage, possession of an internal document of the banned organisation, to the most, only indicate a leaning on the side of the accused towards this banned organisation.’’)

അലൻ ശുഐബും അമ്മ സബിത മഠത്തിലും

‘‘അവർ മാവോയിസ്റ്റുകൾ തന്നെ,'' എന്ന് കേരള മുഖ്യമന്ത്രി പറഞ്ഞത് ഓർക്കാതിരിക്കാൻ എനിക്ക് ഈ അവസരത്തിൽ പറ്റില്ല. ചായ കുടിക്കാൻ പോയതിനല്ല അവരെ അറസ്റ്റ് ചെയ്തത് എന്ന് കുത്തുവാക്കു പറഞ്ഞതും അദ്ദേഹം തന്നെ. തലമുറകളായി സി.പി.എം പ്രവർത്തകരായിരിക്കുന്ന ഒരു കുടുംബത്തിന് ഇതുണ്ടാക്കുന്ന വേദന അദ്ദേഹത്തിന് മനസ്സിലാകുമോ? ചുവന്ന കൊടിയിൽ പൊതിഞ്ഞ്, ഇങ്ക്വിലാബ് വിളിയുടെ മാത്രം അകമ്പടിയോടെ സാവിത്രി ടീച്ചറുടെ ശരീരം മാനാരിപ്പാടത്തെ ശ്മശാനത്തിലേക്ക് ഇറക്കി വച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ജാതി-മതാചാരങ്ങളെല്ലാം ഇവിടെ പടിക്കുപുറത്തു നിന്നു. എന്നിട്ട് ഈ കുടുംബം, അവർക്ക് ആകെയുള്ള സാമൂഹ്യബന്ധം ഇടതുപക്ഷക്കാരുമായി മാത്രം ആയിരിക്കെ നേരിട്ട സാമൂഹ്യ അവജ്ഞ (Social Stigma) മുഖ്യമന്ത്രിയുടെ മനസ്സിലാക്കൽ ശേഷിയുടെ അപ്പുറത്താണോ?

പത്തുമാസം ചുമന്ന ദുഃഖം

മകൻ ജയിലിൽ കിടക്കുന്ന അമ്മയുടെയും അച്ഛന്റെയും ദുഃഖം എന്നത് അനുഭവിച്ചു തന്നെയേ അറിയാനാവൂ. നിങ്ങൾ ഓരോ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിക്കും, അവൻ ഈ പട്ടുമെത്തയിൽ അല്ലല്ലോ, രാവിലെ ഉണരുമ്പോൾ ആലോചിക്കും, അവൻ ഇവിടെ ഇല്ലല്ലോ. ഓരോരോ കുഞ്ഞു സന്തോഷവും നമ്മിൽ കുറ്റബോധം ഉണ്ടാക്കും. ഒരു മധുരപലഹാരം കഴിക്കുന്നത്, ഒരു പഴയ ചങ്ങാതിയെ കാണുന്നത്, ഒരു സിനിമ കാണുന്നത്.... ഇതൊന്നും പുറത്തു കാണിക്കാതെ സാധാരണപോലെ ജീവിക്കേണ്ടി വരിക എന്നതിന്റെ ആയാസം എളുതല്ല.

സബിതയും ശുഐബും കെവിനും കൂടെ സജിതയും കഴിഞ്ഞ പത്തുമാസം ഈ ജീവിതമാണ് ജീവിച്ചത്. ഞങ്ങളൊക്കെ അതിനൊപ്പം ജീവിക്കുക മാത്രമായിരുന്നു. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ താഹയ്ക്കും അലനും കോടതി ജാമ്യം അനുവദിച്ചപ്പോൾ പത്തുമാസം ഹൃദയത്തിൽ ചുമന്ന് സബിത അലനെ ഒന്നുകൂടെ പ്രസവിച്ചു. നീണ്ട ഒരു യാത്ര ആയിരുന്നു പത്തുമാസം കൊണ്ട് താണ്ടിയത്. കഴിഞ്ഞ നവംബർ ഒന്നിനു വൈകിട്ട് ഏഴുമണിക്കാണ് താഹയെയും അലനെയും കോഴിക്കോട് പന്തീരാങ്കാവ് മുക്കിൽ ഒരു കടയുടെ മുന്നിൽ നിന്നു സംസാരിക്കുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അപ്പോൾ തന്നെ യു.എ.പി.എ ചുമത്തി ആണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് വെളുപ്പിന് നാലുമണിക്ക് തിരുവണ്ണൂരിലെ വീട്ടിൽ ഇവരെയും കൂട്ടി പരിശോധനയ്ക്ക് വരുമ്പോഴാണ് വീട്ടുകാർ അറസ്റ്റ് വിവരം അറിയുന്നതുതന്നെ. ഒരു അന്വേഷണവും നടത്താതെയാണ് ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയത്.

പ്രകാശ് കാരാട്ട്

യു.എ.പി.എ കരിനിയമമാണ്, അത് ആരുടെ പേരിലും ചുമത്തരുത് എന്നതാണ് സി.പി.എം നയം. ഈ നയത്തിനനുസരിച്ചാണ്, മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്ന് കേരള പൊലീസ് മേധാവി സർക്കുലർ ഇറക്കിയത്. ഇതിനെയൊക്കെ അവഗണിച്ചാണ് സി.പി.എം അംഗങ്ങളായ രണ്ടു വിദ്യാർത്ഥികളുടെ പേരിൽ പോലീസ് യു.എ.പി.എ പ്രയോഗിച്ചത്.

കേരളസമൂഹം നൽകിയ പിന്തുണ

കേരളത്തിലെ ജനാധിപത്യസമൂഹം അചഞ്ചലമായാണ് ഈ കേസിൽ താഹയ്ക്കും അലനും ഒപ്പം നിന്നത്. സി.പി.എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു, ഈ അറസ്റ്റ് തെറ്റാണ്. കേരള പൊലീസ് നടപടി സർക്കാർ തിരുത്തും എന്നും അദ്ദേഹം പറഞ്ഞു. സഖാക്കൾ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും ഈ അറസ്റ്റ് ശരിയല്ല, തിരുത്തും എന്ന് നിലപാടെടുത്തു.

എം.എ. ബേബി

ഡോ. തോമസ് ഐസക്ക് ആശ്വാസവുമായി തിരുവണ്ണൂരിലെ വീട്ടിൽ വന്നു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി മോഹനൻ മാസ്റ്ററും കാര്യങ്ങൾ അന്വേഷിച്ച ശേഷം സബിതയോട്, അവരെ നമ്മൾ പുറത്തുകൊണ്ടുവരും, അവരുടെ പ്രായത്തിന്റെ രീതിയിലുള്ള വല്ല കൂട്ടുകെട്ടിന്റെ തെറ്റ് ഉണ്ടായെങ്കിൽ അതൊക്കെ തിരുത്തി എടുക്കും എന്നാണ് പറഞ്ഞത്.

പ്രതിപക്ഷം ഈ പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ, വി.ഡി സതീശൻ എം.എൽ.എ എന്നിവർ വളരെ രാഷ്ട്രീയ പ്രസക്തിയുള്ള ചോദ്യങ്ങൾ ഉയർത്തി. പ്രതിപക്ഷ നേതാവും ഉപനേതാവും താഹയുടെയും അലന്റെയും വീട് സന്ദർശിക്കുകയും ചെയ്തു. ഡോ. മുനീറും വി.ഡി. സതീശനും പല തവണ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. സി.പി.ഐ ആദ്യമേ അറസ്റ്റിനെ എതിർത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇത് തെറ്റായ അറസ്റ്റാണെന്ന് ആവർത്തിച്ചു. സഖാവ് ബിനോയ് വിശ്വവും പല തവണ ഞങ്ങളോടു സംസാരിക്കുകയും പിന്തുണ നൽകുകയും ചെയ്തു.

കേരളത്തിലെ ജനാധിപത്യസമൂഹം ഈ അറസ്റ്റിനെ അന്നുമിന്നും അംഗീകരിച്ചില്ല. എഴുത്തുകാരും കലാകാരും സ്വതന്ത്ര പൊതുപ്രവർത്തകരും ഒക്കെ ഈ അറസ്റ്റിനെതിരെ രംഗത്തുവന്നു. അലൻ - താഹ മനുഷ്യാവകാശ കമ്മിറ്റി എന്ന പേരിൽ ഒരു കൂട്ടം പൊതുപ്രവർത്തകർ ഇവരുടെ മോചനത്തിന് ശബ്ദം ഉയർത്തി. കേരളത്തിലെ മാധ്യമങ്ങളെല്ലാം ഈ യുവാക്കളുടെ അറസ്റ്റിലെ നൈതികതയെ ചോദ്യം ചെയ്തു. കോഴിക്കോട്ടെ പത്രപ്രവർത്തകരിൽ പലരും വ്യക്തിപരമായ താൽപര്യം എടുത്തു.

രമേശ് ചെന്നിത്തല

സാമൂഹ്യമാധ്യമങ്ങളിൽ എഴുതുന്ന, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവർ മാത്രമല്ല, സി.പി.എം അംഗങ്ങളായിട്ടുള്ളവർ തന്നെ പരസ്യമായി സർക്കാർ നടപടിയെ തള്ളിപ്പറഞ്ഞു. ഈ പിന്തുണയാണ് താഹയ്ക്കും അലനും കവചമായി നിന്നത്. രണ്ടു യുവാക്കളെ വെറുതെ അറസ്റ്റ് ചെയ്തുകൊണ്ടുപോയാൽ ആരും മിണ്ടാതിരിക്കുന്ന കാലം ആയിട്ടില്ല എന്നു ബോധ്യപ്പെടുത്തിയത് ഈ ജനാധിപത്യ പിന്തുണയാണ്.

കോടതിയും ജയിലും

പത്തര മാസം നീണ്ട നിയമനടപടികൾക്കുശേഷമാണ് ഈ യുവാക്കൾക്കു തടവറയിൽ നിന്ന് പുറത്തു വരാനാവുന്നത്. കോഴിക്കോട് സെഷൻസ് കോടതിയിൽ തുടങ്ങി കൊച്ചിയിൽ എൻ.ഐ.എ കോടതിയിലും ഹൈക്കോടതിയിലും വീണ്ടും എൻ.ഐ.എ കോടതിയിലും ഒക്കെ നിയമനടപടി നീണ്ടു.
കേരളത്തിലെ ഏറ്റവും പ്രഗത്ഭ ക്രിമിനൽ വക്കീലായ എസ്. രാജീവ് ആണ് അലന്റെ കേസ് എടുത്തത്. വാദം മിക്കവാറും നടത്തിയത് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ഐസക് സഞ്ജയും. ആദ്യദിവസം മുതൽ ഈ കേസ് നടത്തിപ്പ് ഞങ്ങൾക്കുവേണ്ടി ഏറ്റെടുത്തത് അഡ്വ. ഹരീഷ് വാസുദേവനാണ്. ഹരീഷിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞങ്ങളെക്കൊണ്ട് ഈ കേസ് നടത്താൻ ആവുമായിരുന്നില്ല. ഒടുവിൽ ജാമ്യം അനുവദിച്ചുകൊണ്ടു കോടതി പറഞ്ഞു, ‘‘ഇവിടെ ആവലാതിക്കാർ നവയുവാക്കാളാണ്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഒന്നാം പ്രതിക്ക് 19 വയസ്സുമാത്രമാണ് പ്രായം. രണ്ടാം പ്രതിക്ക് 23 വയസ്സും. ഒന്നാം പ്രതി ഒരു നിയമ വിദ്യാർത്ഥി ആയിരുന്നു. രണ്ടാം പ്രതി ഒരു ജേണലിസം വിദ്യാർത്ഥിയും. ഇവർ എല്ലാ സാമൂഹ്യ - രാഷ്ട്രീയ തർക്കങ്ങളിലും ഒന്നുപോലും വിടാതെ സജീവമായിരുന്നു. ഇത്തരം വ്യക്തികൾ തീവ്രവാദ ആശയങ്ങളോട് കൂടുതൽ സാധ്യത ഉള്ളവരായിരിക്കും, അതുകൊണ്ടാവും ആവലാതിക്കാർ നിരോധിത സംഘടനയുമായി സമ്പർക്കത്തിൽ വന്നത്. ആവലാതിക്കാർക്ക് കുറ്റകൃത്യങ്ങളുടെ ഒരു പശ്ചാത്തലവും ഇല്ല. ലഭ്യമായ രേഖകൾ പ്രകാരം വ്യക്തമാവുന്നത് ആവലാതിക്കാർ സ്വയം പരിഷ്‌കരണത്തിനു സാധ്യതയുള്ള യുവാക്കൾ ആണെന്നാണ്'' (‘‘Here the petitioners are budding youngsters. At the time of arrest the first accused was just 19 years old. The second accused was of 23 years of age. The first accused was a student of law. The second accused was a student of journalism. It appears they used to be proactive on each and every contentious oscial and political issues. Such persons will be more prone to extremist ideologies and probably that may be reason for the petitioners to come in contact with the banned organisation. Petitioners are having no criminal antecedents. Available records reveal that petitioners are young men with a possibility of reforming themselves. ’’) ജാമ്യം, തീവ്രവാദം എന്നിവയെ സംബന്ധിച്ച് വിശദമായി പരിശോധിക്കുന്ന ഒന്നാണ് 64 പേജുള്ള ഈ വിധിന്യായം. മാവോയിസ്റ്റ് സംഘടനയിൽ അംഗമാണെങ്കിൽ പോലും ഭീകരപ്രവർത്തനത്തെ അറിഞ്ഞുകൊണ്ട് സഹായിച്ചു എന്നു തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ല എന്ന ശ്യാം ബാലകൃഷ്ണൻ കേസിലെ വിധിയെ ഈ ഉത്തരവ് ശരിവയ്ക്കുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നവരെയും വിമത ശബ്ദം ഉയർത്തുന്നവരെയും ഒക്കെ മാവോയിസ്റ്റുകളാക്കി ചിത്രീകരിച്ച് തടങ്കലിലാക്കുന്നതിന് ഈ കോടതിവിധി അറുതി വരുത്തണം.

അലൻ ശുഐബിന്റെ അടുത്ത ബന്ധുവാണ്​ ലേഖകൻ

താഹയ്ക്കും അലനും ജാമ്യം അനുവദിച്ച എൻ.ഐ.എ കോടതിയുടെ വിധിപ്പകർപ്പ്

Comments