രേഷ്മ കെ.ആർ, സതിശ്രീ ദ്രാവിഡ്, അനൂപ്, മണി വിജയൻ

പ്രഥമ
വി.ബി. അജയ് കുമാർ
ലേഖന അവാർഡ്
ട്രൂകോപ്പിക്ക്

കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ആദിവാസി- ദലിത് വിദ്യാർത്ഥികളെ അതിക്രൂരമായി പുറന്തള്ളുന്നത് എങ്ങനെയെന്ന്, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തുറന്നെഴുതിയ രേഷ്മ കെ.ആർ, സതിശ്രീ ദ്രാവിഡ്, അനൂപ്, മണി വിജയൻ എന്നീ വിദ്യാർത്ഥികൾക്കാണ് അവാർഡ്.

News Desk

സാമൂഹ്യപ്രവർത്തകനായ അജയ് കുമാർ വി. ബിയുടെ (അജയ് ദലിത്) ഓർമയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ വി.ബി. അജയ് കുമാർ ലേഖന അവാർഡ് ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്.

READ: ‘ഈ സിസ്റ്റം ഞങ്ങളെ പുറന്തള്ളുകയാണ്’,
ആദിവാസി വിദ്യാർത്ഥികൾ
അനുഭവം പറയുന്നു

2025 നവംബർ 21-ലെ ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 258-ൽ പ്രസിദ്ധീകരിച്ച ‘ഈ സിസ്റ്റം ഞങ്ങളെ പുറന്തള്ളുകയാണ്, ആദിവാസി വിദ്യാർത്ഥികൾ അനുഭവം പറയുന്നു' എന്ന ലേഖനത്തിനാണ് അവാർഡ്. ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകരും വിദ്യാർത്ഥികളുമായ രേഷ്മ കെ.ആർ, സതിശ്രീ ദ്രാവിഡ്, അനൂപ്, മണി വിജയൻ എന്നിവരുടെ അനുഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്.

എങ്ങനെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ആദിവാസി- ദലിത് വിദ്യാർത്ഥികളെ അതിക്രൂരമായി പുറന്തള്ളുന്നത് എന്ന്, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തുറന്നെഴുതുകയാണ് വിദ്യാർത്ഥികൾ.

കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനുനേരെ വകുപ്പധ്യക്ഷയായ ഡോ. വിജയകുമാരി നടത്തിയ ഹീനമായ ജാതി അധിക്ഷേപത്തിന്റെ പാശ്ചാത്തലത്തിൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള പ്രത്യേക പാക്കറ്റിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

ആർ. രാജഗോപാൽ, ഡോ. രേഖ രാജ്, സിന്ധു മരിയ നെപ്പോളിയൻ എന്നിവരാണ് പുരസ്‌കാര നിർണയസമിതി അംഗങ്ങൾ.

മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ
മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ വി.ബി. അജയകുമാർ

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ബാധിക്കുന്ന വിഷയങ്ങളുടെ സവിശേഷമായ ആവിഷ്‌കാരം, വിശകലനത്തിന്റെ ആഴം, മുഖ്യധാരാ മാധ്യമങ്ങളിൽ പലപ്പോഴും കാണാനാകാത്ത സംവേദനക്ഷമത എന്നിവകൊണ്ട് ശ്രദ്ധേയമായ നിരവധി രചനകളിൽനിന്നാണ് ട്രൂകോപ്പി വെബ്സീൻ റിപ്പോർട്ട് പുരസ്‌കാരത്തിനായി ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾ പ്രകീർത്തിക്കപ്പെടുമ്പോഴും, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ചില വിഭാഗങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിന്റെ വാഗ്ദാനങ്ങളിൽ നിന്ന് ഇപ്പോഴും പുറന്തള്ളപ്പെടുന്നു എന്ന വൈരുധ്യത്തെയാണ് തുറന്നുകാട്ടുന്നതാണ് റിപ്പോർട്ടെന്ന് വി.ബി. അജയകുമാർ പുരസ്‌കാര നിർണയ സമിതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായുള്ള അടിത്തട്ടുതല പ്രവർത്തനങ്ങളുടെയും വിദ്യാർഥികളുടെ ജീവിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിൽ ആദിവാസി- ദലിത് വിദ്യാർഥികൾ നേരിടുന്ന വ്യവസ്ഥാപിതമായ പുറന്തള്ളലാണ് ഈ റിപ്പോർട്ട് തുറന്നുകാട്ടുന്നതെന്ന് ജൂറി പറയുന്നു. ശൈശവത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ആരംഭിക്കുന്ന വിവേചനം ഉന്നതവിദ്യാഭ്യാസം വരെയും തുടരുന്നതെങ്ങനെയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാതൃഭാഷയിലധിഷ്ഠിതവും സാംസ്കാരിക സവിശേഷതകളെ മാനിക്കുന്നതുമായ വിദ്യാഭ്യാസത്തിന്റെ അഭാവം, മതിയായ അധ്യാപക പിന്തുണയില്ലായ്മ, ക്ലാസ് മുറികളിലെ വിവേചനം, വിദ്യാഭ്യാസ ഗ്രാന്റുകൾ ലഭിക്കുന്നതിലെ കാലതാമസം, താങ്ങാനാവാത്ത ഹോസ്റ്റൽ ഫീസ്, ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള പരിമിതമായ അവസരങ്ങൾ, ഓൺലൈൻ പ്രവേശന നടപടികളും പുതിയ കോഴ്‌സുകളും നേരിടുന്നതിന് ആവശ്യമായ പിന്തുണയുടെ അഭാവം എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ട നിരവധി തടസ്സങ്ങളാണ് ഈ റിപ്പോർട്ട് രേഖപ്പെടുത്തുന്നതെന്ന് ജൂറി വ്യക്തമാക്കി.

ആർ. രാജഗോപാൽ
ആർ. രാജഗോപാൽ

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മുഖ്യധാരാ ചർച്ചകളിൽ അപൂർവമായി മാത്രം ഇടം ലഭിക്കുന്ന സമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ, പലപ്പോഴും അവഗണിക്കപ്പെടുകയോ വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനപരമായ തടസ്സങ്ങളിലേക്കാണ് ട്രൂകോപ്പി വെബ്സീൻ റിപ്പോർട്ട് വെളിച്ചം വീശുന്നത്. സാമൂഹിക പ്രസക്തിയും നേരിട്ടുള്ള അനുഭവസാക്ഷ്യങ്ങളും വിശദമായ രേഖപ്പെടുത്തലും സമന്വയിപ്പിച്ച് വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇത് ചോദ്യം ചെയ്യുന്നു- ജൂറി വ്യക്തമാക്കി.

 ഡോ. രേഖ രാജ്
ഡോ. രേഖ രാജ്

വിദ്യാഭ്യാസത്തിന്റെ വാഗ്ദാനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെപ്പോലും, കേരളത്തിന്റെ പ്രശംസിക്കപ്പെടുന്ന വിദ്യാഭ്യാസ സംവിധാനം എങ്ങനെ പരാജയപ്പെടുത്തുന്നു എന്ന് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. ക്ലാസ് മുറികളിലെത്തുന്നവരുടെയും പരീക്ഷകളിൽ വിജയിക്കുന്നവരുടെയും എണ്ണം മാത്രമല്ല വിദ്യാഭ്യാസ പുരോഗതിയുടെ യഥാർഥ അളവുകോൽ; മറിച്ച്, എത്രപേർക്ക് അന്തസ്സോടെ പഠിക്കാനും കഴിവുകൾ വികസിപ്പിക്കാനും തങ്ങളുടെ സാധ്യതകൾ സാക്ഷാത്കരിക്കാനും അവസരം ലഭിക്കുന്നു എന്നതാണ് അതിന്റെ യഥാർഥ മാനദണ്ഡമെന്ന് ഈ റിപ്പോർട്ട് ഓർമിപ്പിക്കുന്നു- ജൂറി വിലയിരുത്തി.

സിന്ധു മരിയ നെപ്പോളിയൻ
സിന്ധു മരിയ നെപ്പോളിയൻ

2025 ആഗസ്റ്റ് 3-നാണ് അജയ് കുമാർ വി. ബി. അന്തരിച്ചത്. അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളുടേയും പോരാട്ടങ്ങളുടേയും സൗഹൃദങ്ങളുടേയും ഓർമ്മകൾ പങ്കുവെക്കാനും, അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിക്കാനുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും 2026 നവംബർ 15-ന് വൈകീട്ട് 4 മുതൽ 8 വരെ കേരള സാഹിത്യ അക്കാദമിയിലെ എം. ടി. ഓഡിറ്റോറിയത്തിൽ ഒത്തുചേരും. സതിശ്രീ ദ്രാവിഡ്, അനൂപ്, രേഷ്മ കെ. ആർ., മണി വിജയൻ എന്നിവർക്ക് ഈ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അജയ് സജീവമായി പ്രവർത്തിച്ച Climate Frontline Communities എന്ന ആശയത്തെ വിശദീകരിച്ചുള്ള അവതരണങ്ങളും ചർച്ചകളും നടക്കും.

സി. കെ. ജാനു ഉദ്ഘാടനം ചെയ്യും. ആർ. രാജഗോപാൽ മുഖ്യാതിഥിയായിരിക്കും.

Comments