1970 ഡിസംബർ 31 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൽ നിന്ന്

പാർട്ടി പത്രം, എനിക്ക് മനസ്സിലാവാത്ത ഒരു സങ്കൽപം

വെയിൽക്കാലങ്ങൾ- 10

എന്റെ സീനിയർമാർ അന്നന്നത്തെ ലീഡ് തീരുമാനിക്കും മുമ്പ് അവർക്ക് അടുപ്പമുള്ള മറ്റു പത്രങ്ങളിലെ സീനിയർമാരോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്; ‘എന്താടോ ഇന്നത്തെ ലീഡ്?' മിക്കവാറും ഒരേ ലീഡാവും അവരിരുവരും കൊടുക്കുക

ദേശാഭിമാനിയിൽ നിന്ന് പമ്പരം മാസികയിലേക്കുള്ള ദൂരം 123 മൈലോ 198 കിലോമീറ്ററോ അല്ലായിരുന്നു. ദേശാഭിമാനി വിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടും എന്റെ രാഷ്ട്രീയബന്ധങ്ങൾ മാറ്റമില്ലാതെ തുടർന്നു. പഴയ സഖാക്കളാരും പ്രകടമായ അകൽച്ച കാണിച്ചില്ല. വിട്ടുപോരുന്നതിനു മുൻപ് ഞാൻ പി.ജിക്ക് ഒരു കത്തെഴുതി. അത് ചിന്തയിലെ വെള്ള മനുഷ്യനു കൊടുക്കാൻ എഴുതിയതു പോലൊരു നിശിതമായ ഒറ്റവരിക്കത്തല്ലായിരുന്നു. ദിനപത്രപ്രവർത്തനത്തിന് എന്നെ കൊള്ളില്ല എന്ന ദാരുണസത്യം പി.ജിക്കറിയില്ലായിരുന്നു. അക്കാര്യം ഞാൻ കത്തിൽ തുറന്നെഴുതി. അവിടെ ജോലി ചെയ്ത കാലം മുഴുവൻ സീനിയർ പത്രപ്രവർത്തകരും കണ്ണൻ നായർ ഉൾപ്പെടെയുള്ള മാനേജ്‌മെൻറും എന്നോട് അതിരറ്റ വാത്സല്യവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. പക്ഷേ പാർട്ടി പത്രം എന്നത് എനിക്ക് മനസ്സിലാവാത്ത ഒരു സങ്കൽപമായിരുന്നു എന്നുതോന്നുന്നു. ഇത് സമരമുഖമല്ല, കച്ചവടം കൂടിയാണ് എന്ന നിരന്തരം ഓർമപ്പെടുത്തുന്ന അന്തരീക്ഷം.

സെൻസേഷണൽ വാർത്തയോട് പോതുവേ ഒരു അനഭിലഷണീയമായ ആഭിമുഖ്യം വളർന്നു. അത് ആ കാലത്തിന്റെ പൊതുസ്വഭാവമായിരുന്നുവോ എന്ന് സംശയമുണ്ട്.

എന്റെ സീനിയർമാർ അന്നന്നത്തെ ലീഡ് തീരുമാനിക്കും മുമ്പ് അവർക്ക് അടുപ്പമുള്ള മറ്റു പത്രങ്ങളിലെ സീനിയർമാരോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്; ‘എന്താടോ ഇന്നത്തെ ലീഡ്?' മിക്കവാറും ഒരേ ലീഡാവും അവരിരുവരും കൊടുക്കുക. സെൻസേഷണൽ വാർത്തയോട് പോതുവേ ഒരു അനഭിലഷണീയമായ ആഭിമുഖ്യം വളർന്നു. അത് ആ കാലത്തിന്റെ പൊതുസ്വഭാവമായിരുന്നുവോ എന്ന് സംശയമുണ്ട്. അത് ചിലപ്പോൾ തമാശയ്ക്ക് കാരണമാവുകയും ചെയ്തു. ഒരു ദിവസം വൈകുന്നേരം എവിടെയോ പോകേണ്ടിയിരുന്നതിനാൽ നേരത്തെ ഇറങ്ങിയ പത്രാധിപർ ആ സമയം ഡെസ്‌കിൽ ഉണ്ടായിരുന്ന, അന്നത്തെ പേജ് ‘കെട്ടുന്ന' സ. ശക്തിയോട്, ‘ശക്തി, എല്ലാം റെഡിയല്ലേ...ഞാൻ പോകുന്നു...എന്താ ഇന്നത്തെ വലിയ സ്റ്റോറി?' എന്നുചോദിച്ചു.

പി. ഗോവിന്ദപിള്ള

ശക്തി പറഞ്ഞു, ‘...യിൽ ഒരു ബസപകടം...വലിയ അപകടമാണ്.'
‘അതെയോ? നോക്കട്ടെ?', അദ്ദേഹം വാർത്ത വായിച്ചു. പെട്ടെന്ന് വായിൽ വന്നത് അങ്ങു പറഞ്ഞു, ‘ഏഴു പേർ മരിച്ചു? ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് ക്ലാസ്!'
ഡസ്‌കിലുണ്ടായിരുന്ന ഞങ്ങൾ അന്തം വിട്ടുപോയി.
ശക്തി പെട്ടെന്ന് ഇടപെട്ടു, ‘എന്താ ഈ പറയുന്നത്? ഏഴു പേർ; മൂന്നു കുഞ്ഞുങ്ങൾ ഉൾപ്പെടെ അതാ മരിച്ചു കിടക്കുന്നു. ആരും കേൾക്കണ്ട, ഈ ഫസ്റ്റ് ക്ലാസ്!'
ഞങ്ങളുടെ പത്രാധിപർ എന്ന സാധു മനുഷ്യൻ ഒരു ‘സാഡിസ്റ്റ്' ആണെന്ന് കരുതേണ്ട. അദ്ദേഹം മഹാ ദയാലുവും സ്‌നേഹസമ്പന്നനുമാണ്. ‘ഫസ്റ്റ് ക്ലാസ്' എന്നത് ആ നാവിൽ അതിശയിപ്പിക്കുന്നതെന്തും കണ്ടാൽ ആദ്യം വരുന്ന ഒരു വാക്കായിപ്പോയി എന്നുമാത്രം. അത് അവസരത്തിലും അനവസരത്തിലും അദ്ദേഹത്തെ വിട്ടില്ല. അദ്ദേഹത്തിന്റെ പേര് ഇത്തരം ഒരു സംഭവവുമായിച്ചേർത്ത് ഇവിടെ എഴുതി വയ്ക്കാൻ മനസ്സനുവദിക്കുന്നില്ല. പൊറുക്കുക.

ദേശാഭിമാനി ഡെസ്‌കിൽ എന്നെ നിഗൂഢത കൊണ്ട് പുറത്താക്കി വാതിലടച്ച ഒരു വ്യക്തിത്വമുണ്ടായിരുന്നു: പട്ടുവം രാഘവൻ. അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങളെല്ലാം പതിവായി വിഫലമായിക്കൊണ്ടിരുന്നു

ഇതെല്ലാം എനിക്ക് പുതിയ വെളിച്ചങ്ങളായിരുന്നു. രാത്രി എട്ടു മണിക്ക് വൈപ്പിനിൽ നിന്ന് വരുന്ന ടെലിപ്രിന്റർ വിദഗ്ദ്ധൻ രവി പോകാനിറങ്ങുമ്പോൾ മുറിക്കുള്ളിൽ യന്ത്രം മണിയടിക്കുന്നു. തിരിഞ്ഞു നിന്ന് ആ സമയത്ത് ഡെസ്‌കിലുള്ളവരോടായി, എന്നാൽ തന്നോടുകൂടിയായി ആ പാവം പറയും, ‘നായനാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!'
എന്നുവെച്ചാൽ പാവത്തിന്റെ അവസാന ബോട്ട് പൊയ്‌പ്പോയി എന്നാവും. നായനാരുടെ പ്രസ്താവന സ്വാഭാവികമായി അൽപം ദൈർഘ്യമേറിയതാവും. അത് ‘ട്രാൻസ്‌ക്രൈബ് ' ചെയ്‌തെടുക്കുമ്പോഴേക്ക് തന്റെ ബോട്ട് പോയിട്ടുണ്ടാവും എന്നാണ് ആ അടക്കിയ വിലാപത്തിന്റെ അർത്ഥം. അതുപക്ഷെ രവി ഒരിക്കലും പറഞ്ഞില്ല. ഈ വക കാര്യങ്ങൾ അവിടെയാരും അത്ര ഗൗരവമായി എടുക്കുന്നുമില്ലായിരുന്നു.

ദേശാഭിമാനി ഡെസ്‌കിൽ എന്നെ നിഗൂഢത കൊണ്ട് പുറത്താക്കി വാതിലടച്ച ഒരു വ്യക്തിത്വമുണ്ടായിരുന്നു: പട്ടുവം രാഘവൻ. അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങളെല്ലാം പതിവായി വിഫലമായിക്കൊണ്ടിരുന്നു. മറ്റാരും പട്ടുവത്തെ ശല്യപ്പെടുത്തിയിരുന്നില്ല. പട്ടുവത്തിന്​ പത്രപ്രവർത്തനത്തിൽ ഏറ്റവും പ്രിയങ്കരം ‘പ്രാദേശിക വാർത്തകൾ' ആയിരുന്നു. അവയുടെ ഒരു കെട്ട് എപ്പോഴും അദ്ദേഹത്തിന്റെ മേശമേൽ കാണാമായിരുന്നു. ധാരാളം ബീഡി വലിച്ചിരുന്നു. വല്ലപ്പോഴുമൊരിക്കൽ അദ്ദേഹം നല്ല കുറിക്കു കൊള്ളുന്ന എന്തെങ്കിലും പറയും. പട്ടുവത്തിന്റെ ഒരേയൊരു അഭിപ്രായപ്രകടനത്തോടെ, ധാരാളം സംസാരിച്ചിരുന്ന മറ്റു ചിലർ (ലാസർ ആയിരുന്നു അതിൽ എന്നും ഒന്നാമൻ) നിശ്ശബ്ദതയുടെ ദ്വീപുകളിലേക്ക് സ്വയം നാടുകടത്തുന്ന കാഴ്ച എന്നെ അതിശയിപ്പിച്ചു.

മഴയുള്ള ആ രാത്രിയിൽ പട്ടുവം രാഘവൻ എന്ന ആ സഖാവ് കുട പിടിച്ച് നിവർന്നുതന്നെ നടന്നു നീങ്ങുന്നത് നോക്കി നിന്നപ്പോൾ ഞാൻ മനസ്സിലോർത്തു; ഇദ്ദേഹം ആരാണെന്ന് എനിക്കൊരിക്കലും മനസ്സിലാക്കാനാവില്ല; തീർച്ച.

പട്ടുവം ചില അപൂർവ ചരിത്രസന്ദർഭങ്ങളെയും വ്യക്തിത്വങ്ങളെയും ഉയിർത്തെഴുന്നേൽപ്പിച്ചു; അദ്ദേഹത്തിന്റെ അന്വേഷണത്വരയിലൂടെ. ചിറ്റഗോങ്ങ് ലഹളയിൽ സൂര്യസെന്നിനുണ്ടായിരുന്ന പങ്ക് അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത വിഷയമായിരുന്നു. പട്ടുവം ചിന്ത എ.കെ.ജി പതിപ്പിൽ ‘സൂര്യസെന്നും ചിറ്റഗോങ്ങ് വിപ്ലവവും' എന്ന തലക്കെട്ടിൽ വളരെ ദീർഘമായ ഒരു ലേഖനം എഴുതി. പട്ടുവം രാഘവൻ എന്ന മനുഷ്യനെ കണ്ടാൽ അദ്ദേഹം ഒരു പണ്ഡിതനാണെന്നോ ബുദ്ധിജീവിയാണെന്നോ ആരും പറയില്ല. അത്തരം വേഷം കെട്ടലുകളൊന്നും ഇല്ല അദ്ദേഹത്തിന്. ആരുടെയും വീടുകളിൽ പട്ടുവം പോയിരുന്നില്ല. പത്രം കൊണ്ടുപോകുന്ന വാനിൽ എറണാകുളം ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പട്ടുവം എന്തോ വാങ്ങി (മദ്യമാണെന്നാണ് അന്നും ഇന്നും എന്റെ സംശയം. ചിലപ്പോൾ സ്വന്തം ആഗ്രഹചിന്തയായിരുന്നിരിക്കാം അത് !) പുറത്തേക്കു നടക്കുമ്പോൾ എന്നെ കണ്ടു.
ഞാൻ റൂമിലേക്ക് നടക്കുകയായിരുന്നു.
ഞാൻ ഒപ്പം നടന്നെത്തി. ഞങ്ങൾ ഒരുമിച്ചു നടന്നുതുടങ്ങി. റൂം എത്തിയപ്പോൾ ഞാൻ പറഞ്ഞു, ‘പട്ടുവം, ഒന്ന് കയറിയിട്ട് പോകാം?'
അദ്ദേഹം മങ്ങിയ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ എന്നെ നോക്കി. കണ്ണടക്കുപിന്നിൽ അദ്ദേഹത്തിന്റെ കണ്ണുകൾക്ക് ഒരു അപൂർവ തിളക്കമുണ്ടെന്ന് എനിക്കുതോന്നി; ‘ഞാൻ വരില്ല. ആരുടേയും വീടുകളിൽ ഞാൻ പോകാറില്ല,' അദ്ദേഹം മൃദുവായി പറഞ്ഞു.
ആ വാക്യത്തിൽ നിഷേധത്തിന്റെ ആക്രമണോത്സുകതയോ പുച്ഛമോ വെറുപ്പിന്റെ മൂർച്ചയോ ഇല്ലായിരുന്നു. ‘നാളെ മഴ പെയ്‌തേക്കും' എന്ന് പറയുന്ന കാലാവസ്ഥാ നിരീക്ഷകന്റെ നിസ്സംഗത. മഴയുള്ള ആ രാത്രിയിൽ പട്ടുവം രാഘവൻ എന്ന ആ സഖാവ് കുട പിടിച്ച് നിവർന്നുതന്നെ നടന്നു നീങ്ങുന്നത് നോക്കി നിന്നപ്പോൾ ഞാൻ മനസ്സിലോർത്തു; ഇദ്ദേഹം ആരാണെന്ന് എനിക്കൊരിക്കലും മനസ്സിലാക്കാനാവില്ല; തീർച്ച. പട്ടുവം കണ്ണിൽ നിന്ന് മായുവോളം, മഴ നനഞ്ഞ് ഞാൻ അവിടെ നിന്നു.

എം.ജി. രാധാകൃഷ്ണൻ / Photo: facebook

ഞാൻ ദേശാഭിമാനിയിൽ നിന്ന് വിട വാങ്ങുമ്പോഴേക്ക് രാജമ്മ ടീച്ചറും കുട്ടികളും (പി.ജിയുടെ കുടുംബം) തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്ക് വന്നുകഴിഞ്ഞിരുന്നു. അജയൻ (ഇപ്പോൾ ഏഷ്യാനെറ്റ് ചീഫ് എഡിറ്ററും സി.പി.എംകാരുടെ ബദ്ധശത്രുവുമായ എം.ജി. രാധാകൃഷ്ണൻ തന്നെ. പി.ജി പറഞ്ഞുപറഞ്ഞ് ‘അജയൻ' എന്ന വിളിപ്പേർ കൂടുതൽ പരിചിതവും ഓർമയിൽ വരുന്നതുമായിപ്പോയി. സാധാരണക്കാരായ സി. പി.എം പ്രവർത്തകരുടെ കണ്ണിൽ അജയൻ ഒരു "കുലംകുത്തി' ആയിരിക്കാം. സത്യത്തിൽ പി.ജിയുടെ മകനായതിനാൽ അയാൾ സി.പി.എമ്മിന്റെ എതിർചേരിയിൽ നിൽക്കാൻ പാടില്ല എന്ന് ശഠിക്കുന്നതും ഒരു തരത്തിൽ ഫാസിസ്റ്റ് ചിന്തയല്ലേ? അതെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.) യൂണിവേഴ്‌സിറ്റി കോളേജിൽ എന്റെ ജൂനിയറായി പൊളിറ്റിക്കൽ സയൻസ് ബി.എയ്ക്ക് പഠിച്ചിരുന്നു. തോപ്പിൽ ഭാസിയുടെ മകൻ സോമനും അജയനോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ഓർമ.

എന്റെ മനസ്സിന്റെ ഒരു തരി പോലും ഞാൻ ആ നഗരത്തിൽ മറന്നുവച്ചില്ല. അവിടെ എനിക്കായി വിരിഞ്ഞ സൗഹൃദങ്ങൾ...അവർ എന്നെ തേടിഎത്തുമെന്ന് എനിക്കറിയാമായിരുന്നു.

‘ആ കുട്ടികൾ' ആരും തന്നെ ന്യായമോ അന്യായമോ ആയ ഒരു വിദ്യാർത്ഥി മുന്നേറ്റങ്ങളിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരല്ല; ഒരു നിമിഷാർദ്ധം പോലും. ഞാൻ പി.ജിക്കുള്ള കത്തുമായി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തുമ്പോൾ എം.ജി. രാധാകൃഷ്ണൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അത് അയാളെ ഏൽപിച്ചിട്ട് ഞാൻ എറണാകുളം വിട്ടു. എന്റെ മനസ്സിന്റെ ഒരു തരി പോലും ഞാൻ ആ നഗരത്തിൽ മറന്നുവച്ചില്ല. അവിടെ എനിക്കായി വിരിഞ്ഞ സൗഹൃദങ്ങൾ...അവർ എന്നെ തേടിഎത്തുമെന്ന് എനിക്കറിയാമായിരുന്നു.

ഏതാണ്ട് 37 വർഷങ്ങൾക്കിപ്പുറം (ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ) അന്ന് ഞാൻ മഹാരാജാസിൽ പരിചയപ്പെട്ട, എനിക്കത്ര വലിയ അടുപ്പമൊന്നും ഇല്ലായിരുന്ന ഒരാൾ സഫാരി ചാനലിൽ തന്റെ ജീവിതകഥ പറയുന്നതിനിടയ്ക്ക് ഇങ്ങനെ പറയുന്നു: ‘ഒരാളെക്കൂടി പേരെടുത്ത് പറഞ്ഞില്ലെങ്കിൽ എന്റെ ഈ ഓർമകൾ അപൂർണമായിരിക്കും.' ഇത്രയും പറഞ്ഞശേഷം അദ്ദേഹം എന്റെ ആദ്യ കവിതയായ ‘പിരിയാം നമുക്കിനി' ചൊല്ലാൻ തുടങ്ങി. അറിയാവുന്ന കുറെ വരികൾ ചൊല്ലി അദ്ദേഹം പറഞ്ഞു; ‘അങ്ങനെ പറഞ്ഞ് ആ കവി ഒരു ദിവസം മഹാരാജാസിനെ വിട്ടുപോയി. എവിടേക്കോ.'

ഡോ. കെ.എസ്. രാധാകൃഷ്ണൻ.

ഈ പറഞ്ഞതുകേട്ട് ഞാൻ സ്തബ്​ധനായി ഇരുന്നുപോയി എന്നുപറഞ്ഞാൽ അത് അതിശയോക്തിയായിപ്പോകും. പക്ഷേ അയാളുടെ വാക്കുകളിൽ സ്പന്ദിച്ചിരുന്ന ഗൃഹാതുരത സത്യമായിരുന്നു. അതെന്നെ സ്പർശിച്ചു.
ഇത് പറഞ്ഞയാളുടെ പേര് ഡോ. കെ.എസ്. രാധാകൃഷ്ണൻ. അന്നയാൾ
പി.എസ്.സി അദ്ധ്യക്ഷനായിരുന്നു. ആ പേര് കേട്ടിട്ടും എനിക്കയാളെ ഓർമ വന്നില്ല. പിറ്റേന്ന് ഞാൻ മഹാരാജാസിലുണ്ടായിരുന്ന കൂത്താട്ടുകുളത്തെ ശങ്കരൻ നമ്പൂതിരിപ്പാടിനെ വിളിച്ചു. ശങ്കരൻ ഇപ്പോൾ പൂനെയിൽ ദിവ്യപരിവേഷമുള്ള ഒരു പൂജാരിയായി ജീവിതം ആഘോഷിക്കുന്നു. ആ തിരുമേനി യാതൊരു ശങ്കയുമില്ലാതെ ഒരു അർദ്ധ വള്ളുവനാടൻ ‘അക്‌സെന്റിൽ' ഉറക്കെ ഒന്നുചിരിച്ചു. എന്നിട്ട്, ആ ചിരിയിലൂടെ പറഞ്ഞു, ‘ഓർമല്ല്യേ, ഒരു തിരുത്തൽവാദി കെ.എസ്.യുക്കാരനെ? അയാൾ തന്നെയാണ് ഇത്.'
ശങ്കരന്റെ കയ്യിൽ നിന്ന് അയാളുടെ ഫോൺ നമ്പർ വാങ്ങി അതിനടുത്തൊരു ദിവസം തന്നെ ഞാൻ വിളിച്ച് എന്റെ കവിത ഓർമിച്ചതിന്, അതിലൂടെ എന്നെ ഓർമിച്ചതിന് നന്ദി അറിയിച്ചു.

മഹാരാജാസിലെ ചൂടിലും വെളിച്ചത്തിലും വളർന്ന രാധാകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ വിഷമം തോന്നാറുണ്ട്. നാടുവിട്ടശേഷം അയാളുമായി എനിക്ക് യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെങ്കിലും അയാൾ (എം.എൻ. വിജയൻ മാഷുടെ ശൈലി കടമെടുത്താൽ, ‘ഡോക്ടറാണെങ്കിലും ബുദ്ധിയുള്ള ആളാണ്') ബുദ്ധിമാനായ ഒരു അക്കാദമിക് ആണെന്നാണ് എന്റെ കേട്ടറിവ്. അങ്ങനെയുള്ള അയാളെ കോൺഗ്രസിൽ കണ്ടതിൽ എനിക്ക് അതിശയമില്ല. ജവഹർലാൽ നെഹ്‌റുവും കെ.ഡി. മാളവ്യയുമെല്ലാം പ്രതിഭാശാലികളായിരുന്നില്ലേ? പക്ഷെ അയാളെ പിന്നീട് സംഘപരിവാറിന്റെ രാഷ്ട്രീയപാളയത്തിൽ കാണുമ്പോൾ നാടിന്റെ ഭാവിയെക്കുറിച്ച് ഭയം തോന്നുന്നു.

സ്റ്റീഫൻ സാറിന് ഞങ്ങളുടെ കോളേജിലെ അധ്യാപക സംഘടനയിലും മറ്റും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നില്ല എന്നാണ് കേട്ടറിഞ്ഞത്. അദ്ദേഹത്തെക്കാൾ ബൗദ്ധികമായി താണ നിലവാരത്തിലുള്ള പലരും അദ്ധ്യാപക സംഘടനയുടെ നേതാക്കളായി ഉയർന്നുവരുന്ന കാലമായിരുന്നു അത്

ദേശാഭിമാനിക്കാലം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരികെ വന്നപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരു സ്ഥിതിയായിരുന്നു. ആ സ്ഥിതിക്ക് അൽപം ആശ്വാസം കിട്ടിയത് യൂണിവേഴ്‌സിറ്റി കോളേജിൽ തന്നെ എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു വകുപ്പിലെ (സുവോളജി) ലക്ച​ററായ എം. സ്റ്റീഫൻ വഴി വന്നു ചേർന്ന പാർട്ട് ടൈം ജോലി ആയിരുന്നു. സ്റ്റീഫൻ സാർ ശക്തമായ ഇടതുപക്ഷാഭിപ്രായങ്ങളുള്ള വ്യക്തിയായിരുന്നു. ഞങ്ങൾ കോളേജിൽ യു.സി.എസ്. എഫ് എന്ന സാംസ്‌കാരിക സംഘടന ആരംഭിച്ചപ്പോൾ പ്രത്യേകം ക്ഷണിക്കാതെ അതിന്റെ മീറ്റിങ്ങുകൾക്ക് വരികയും ചർച്ചകളിലും മറ്റും പങ്കെടുക്കുകയും ചെയ്യുക വഴി വ്യത്യസ്തമായ അധ്യാപക- വിദ്യാർത്ഥി ബന്ധത്തിന് തുടക്കമിടാൻ അദ്ദേഹം ശ്രമിച്ചു. പിൽക്കാലത്ത് സ്റ്റീഫൻ സാറിന്റെ വഴി മറ്റു ചിലർ യൂണിവേഴ്‌സിറ്റി കോളേജിൽ സ്വന്തം സങ്കുചിത താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിക്കുകയും അതിൽ ഒരാളെ (ഇന്നും വളരെ പ്രശസ്തനാണ്) രഹസ്യമായി വിളിച്ച് നയത്തിലും അല്ലാതെയും ‘ഉപദേശി'ക്കാൻ ഞങ്ങൾ പോയതുമെല്ലാം അക്കാലത്ത് സംസ്‌കൃത വിഭാഗത്തിലുണ്ടായിരുന്ന ശങ്കരൻ മാഷ് (കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ പ്രൊ വൈസ് ചാൻസലറായി വിരമിച്ച ശങ്കരൻ മാഷ് ഇപ്പോഴും ഉത്സാഹഭരിതമായ ജീവിതമാണ് നയിക്കുന്നത്. ദിവസം 14 കിലോമീറ്റർ നടക്കും. എന്നെ കോളേജിനകത്തും പുറത്തും ഒരു സ്‌നേഹിതനെപ്പോലെ കരുതിയിരുന്ന ഒരേയൊരു അദ്ധ്യാപകൻ) തുടങ്ങിയവർക്കറിയാം. സ്റ്റീഫൻ സാറിന് അത്തരം ഉദ്ദേശ്യങ്ങൾ വല്ലതുമുണ്ടോ എന്ന ഞങ്ങൾക്കിടയിലെ ‘കുട്ടി സൈദ്ധാന്തികന്മാ'രിൽ ചിലർക്ക് കടുത്ത സംശയമുണ്ടായിരുന്നു. അതൊന്നും ഇല്ല എന്ന മനസ്സിലായതോടെ അദ്ദേഹം രാമനിലയത്തിലെ ഞങ്ങളുടെ ഒരു ഞായറാഴ്ച സന്ദർശകനായി. അദ്ദേഹം സിദ്ധാന്തങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരുന്നു. അതിന്റെ കൺഫ്യൂഷൻ ആവശ്യത്തിലധികം ഉണ്ടായിരുന്നുതാനും. ഞങ്ങളുടെ കൂട്ടത്തിലെ അനാവശ്യ സൈദ്ധാന്തികൻ തോമസ് ജോർജ്ജ് എന്ന പ്രസന്നവദനനായ, ജനപ്രിയനായ എസ്.എഫ്.ഐ മാന്ത്രികൻ ആയിരുന്നു. അദ്ദേഹം സ്റ്റീഫൻ സാറിന്റെ മൃതനിശ്ചലനായ (!) ശ്രോതാവായി. സ്റ്റീഫൻ സാറിനും അത്രയേ ആവശ്യമുണ്ടായിരുന്നുള്ളു എന്നുതോന്നുന്നു. കുറച്ചുനേരം കഴിയുമ്പോൾ അദ്ദേഹം പറയും, ‘ഞാൻ മീൻ വാങ്ങിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് കേട്ടോ. സമയം ഒരുപാടായെന്നു തോന്നുന്നു. നമുക്ക് പിന്നെ കാണാം’, ആ താത്വികാവലോകനം അടുത്ത ആഴ്ച വരുമ്പോഴേക്ക് അദ്ദേഹം മറന്നുപോകും. അതാണ് അതിന്റെ ഭംഗി.

സ്റ്റീഫൻ സാറിന് ഞങ്ങളുടെ കോളേജിലെ അധ്യാപക സംഘടനയിലും മറ്റും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഞങ്ങൾ കേട്ടറിഞ്ഞത്. അദ്ദേഹത്തെക്കാൾ ബൗദ്ധികമായി താണ നിലവാരത്തിലുള്ള പലരും അദ്ധ്യാപക സംഘടനയുടെ നേതാക്കളായി ഉയർന്നുവരുന്ന കാലമായിരുന്നു അത്. ഉയർച്ച ലാക്കാക്കിയുള്ള അവരുടെ പ്രയാണത്തിന് അധികാരത്തിന്റെ ഭാഗമാവുമ്പോൾ കൈവന്നേക്കാവുന്ന സ്ഥാനലബ്ധികൾ ഒരു പ്രചോദനകേന്ദ്രമായിരുന്നെന്ന് പിൽക്കാലചരിത്രം സാക്ഷ്യം പറയും. സ്റ്റീഫൻ സാർ ഒരുപക്ഷെ മലയാള മാർക്‌സിയൻ (ജാതി?) ശാസ്ത്രവിചാരത്തിൽ ഒരിക്കലും ഗൗരവപൂർവം പരിഗണിക്കപ്പെട്ടിട്ടില്ലാത്ത (വിമോചനസമരത്തിൽ വെടിയേറ്റ് മരിച്ച ഫ്‌ളോറിയെ ഓർമിക്കുക...അതെ...ആ ‘തെക്കു തെക്കൊരു ദേശത്തെ ഫ്‌ളോറി എന്നൊരു ഗർഭിണിയെ...' അവരെത്തന്നെ) ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചിരുന്നുവെന്നത് അദ്ദേഹത്തിന്റെ അവസ്ഥയെ ഒട്ടും സഹായിച്ചതുമില്ലായിരിക്കാം. നിർഭാഗ്യവശാലെന്നു വിലപിക്കാമെങ്കിലും, സ്വാഭാവികമായും, കാലാന്തരത്തിൽ സ്റ്റീഫൻ സാറിന്റെ മാർക്‌സിസം അർത്ഥ- പൂർണിമ കണ്ടെത്തിയത് അൽബേനിയ എന്ന കൊച്ചു രാജ്യത്തെ ‘ടിൻ പോട്ട് ' പ്രജാപീഡകനായ (‘സ്വേച്ഛാധിപതി', ‘ഏകാധിപതി' എന്നൊക്കെ ഉപയോഗിക്കാത്തത് അത്തരം വാക്കുകൾക്ക് രാഷ്ട്രതന്ത്രത്തിന്റ ഭാഷ്യത്തിൽ മാന്യതയുടെ ഒരു അതിലോലമായ മറയെങ്കിലും ഉള്ളതിനാലാണ്) ‘അൻവർ ഹോജ’യിലാണ്. അത് ഒരു ദുരന്തമായി പര്യവസാനിച്ചു എന്നാണ് ഞാനറിഞ്ഞത്. ആ കഥ പിന്നാലെ പറയാം.

എൻ. ബാലഗോപാൽ

സ്റ്റീഫൻ സാർ മുഖേന വിശ്വവിജ്ഞാനകോശത്തിൽ ജോലി ചെയ്തിരുന്ന ബാവ എന്നൊരാളെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം എനിക്ക് വിശ്വവിജ്ഞാനകാശത്തിന്റെ പ്രൂഫ് റീഡിംഗ് ജോലികൾ (പുറമെ കൊടുത്ത് ചെയ്യിക്കുന്നവ. അവർക്ക് സ്വന്തമായി അതിന് ആളുണ്ടായിരുന്നു. എങ്കിലും ഒരുപാടു വകുപ്പുകൾ ഒരേ സമയം പ്രവർത്തിക്കുന്നതിനാൽ കുറെ പണികൾ പുറത്തുകൊടുക്കേണ്ടി വരും.) തരാമെന്ന് ഏറ്റു. പമ്പരത്തിൽ ഏതാണ്ട് സ്ഥിരതയുള്ള ഒരിടം ശരിയാവും വരെ എനിക്ക് മാന്യമായി കഴിഞ്ഞു കൂടാനുള്ള വക അതിൽനിന്ന് കിട്ടിയിരുന്നു. ഞാൻ അതിനുവേണ്ടി നന്നായി പണിയെടുക്കുകയും ചെയ്തു. സ്റ്റീഫൻ സാർ എക്കാലവും എനിക്ക് മറക്കാനാവാത്ത മറ്റൊരു വ്യക്തിയാണ്. പമ്പരം എന്ന പ്രസിദ്ധീകരണം വരുന്നുണ്ടെന്ന് സ്റ്റീഫൻ സാർ തന്നെ പലപ്പോഴും പറഞ്ഞിരുന്നു. കുട്ടികൾക്കുള്ള മാസിക എന്നാണ് സർ കേട്ടിരുന്നത്. സ്റ്റീഫൻ സാർ പ്രഭാത് ബുക് ഹൗസിനു വേണ്ടി ചില ശാസ്ത്രപുസ്തകങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ പ്രഭാത് ബുക് ഹൗസിനെ ‘ആധുനികവൽക്കരി'ക്കാൻ അവതരിച്ച ബാലഗോപാൽ (പി. എൻ. പണിക്കരുടെ പുത്രൻ) സ്റ്റീഫൻ സാറിന്റെ പരിചയവലയത്തിൽ പ്രവേശിച്ചു.

ഇതിൽനിന്ന് അൽപ്പമൊന്നു വ്യതിചലിച്ചോട്ടെ. ക്ഷമിക്കുക.
2011 മൺസൂൺ. ആ മഴക്കാലത്തും ഞാൻ മൂന്നാഴ്ചത്തെ അവധിയിൽ നാട്ടിൽ വന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ എന്റെ സഹോദരതുല്യനായ എം. എസ്. കുമാറിന്റെ പിതാവ് മരിച്ചു എന്നറിഞ്ഞു. നൂറു വയസ്സ് കഴിയും വരെ ജീവിച്ചിരുന്ന ഒരു സാധുമനുഷ്യൻ. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞുള്ള ദിവസങ്ങളിൽ പലപ്പോഴും ഞാൻ കുമാറിന്റെ വീട്ടിൽ അവിടത്തെ ഒരു അംഗമായിത്തന്നെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. എന്റെയും കുമാറിന്റെയും രാഷ്ട്രീയവിഹായസ്സുകൾ രണ്ടു ലോകങ്ങളുടേതായിരുന്നെങ്കിലും 1975 മുതൽ കുമാറിന്റെ വീട്ടിലെ ഒരു അംഗമായിത്തന്നെയാണ് കുമാറും കുമാറിന്റെ വീട്ടിലുള്ളവരും എന്നെ കരുതിയിരുന്നത്.

മോനുവുമൊത്ത് ഒരു വർഷം ഞാൻ പമ്പരത്തിൽ ഇരുന്നു. പണമൊക്കെ കുറവായിരുന്നു; പക്ഷെ ആഘോഷങ്ങൾക്ക് ഞങ്ങൾ പിശുക്ക് കാണിച്ചില്ല.

അങ്ങനെയുള്ള കുമാറിന്റെ വീട്ടിൽ ഒരു വൈകുന്നേരം ഞങ്ങൾ ഇരിക്കുന്നേടത്തേക്ക് ഖാദി കുർത്ത പൈജാമ ധരിച്ച് നെഹ്‌റു ജാക്കറ്റുമിട്ട് ഒരാൾ കുറെ പരിവാരങ്ങളുമായി ദുഃഖാന്വേഷണത്തിനു വന്നിറങ്ങുന്നു. ഞാൻ ഇരിക്കുന്നയിടം കടന്നുവേണം അവർക്ക് വീട്ടിനകത്തേക്ക് കയറാൻ. എന്റെ അടുത്തുവന്നപ്പോൾ ഖാദി കുർത്ത-പൈജാമ-നെഹ്‌റു ജാക്കറ്റ് നിന്നു. സി. ജെ. തോമസ് പറയുന്നതുപോലെ ഒരു ‘വളിച്ച നമസ്‌തേ' പാസാക്കി. ഞാൻ ഇരുന്നിടത്തുനിന്ന് എണീറ്റില്ല. മര്യാദകേടാണെന്നറിയാം.
‘എന്തൊക്കെയാണ് ബാലഗോപാൽ വിശേഷം?' എന്ന് ഞാൻ ചോദിച്ചു.
തല കുനിച്ച്, വിനയാന്വിതനായി അദ്ദേഹം എന്നോടുപറഞ്ഞു, ‘വന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞായിരുന്നു, പോകുന്നതിനുമുമ്പ് നമുക്ക് ഒന്ന് കാണണം കേട്ടോ. ഞാൻ വിളിക്കാം.'
ആ പറഞ്ഞത് മുഴുവൻ അക്ഷരം പ്രതി വാസ്തവമല്ലെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം. ഖദറിൽ മാമോദീസ മുങ്ങി എന്തുതരം "ഘർ വാപ്പസി' ആണ് ആ വിദ്വാൻ ചെയ്തതെന്ന് ആർക്കറിയാം.

മോനു നാലപ്പാട്ട്

ഞാൻ അദ്ദേഹത്തെ ആദ്യം കാണുമ്പോൾ അദ്ദേഹം ഒരു ‘ഡാഷർ' ആവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു നാട്ടിൻപുറത്തുകാരനായിരുന്നു. അദ്ദേഹത്തെ പക്ഷെ അതിന് സഹായിക്കാൻ ഒരു വലിയ സൈന്യം തന്നെ ഒപ്പമുണ്ടായിരുന്നു. അച്യുതമേനോൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന
(ചാത്തന്നൂർ എം. എൽ. എ) പി. രവീന്ദ്രന്റെ പുത്രൻ ഷൂജ, ഷൂജയുടെ സുഹൃത്ത് ഭാഷാ ഇൻസ്റ്റിട്യൂട്ടിൽ ജോലി ചെയ്തിരുന്ന സിറാജ് മീനത്തേരി, ഷൂജയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സോമരാജൻ... അങ്ങനെ ഒരു ശക്തമായ സംഘം ബാലഗോപാലിനെ ചൂഴ്​ന്നിരുന്നു, അക്കാലത്ത്.

സ്റ്റീഫൻ സാർ പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞാൻ ബാലഗോപാലിനെ പോയി കണ്ടു. പമ്പരം അപ്പോഴേക്ക് തൈക്കാട് സംഗീത കോളേജിനടുത്തുള്ള ഇന്ത്യൻ ബാങ്കിന്റെ ശാഖ പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടത്തിന്റെ മുകൾനിലകൾ ഓഫീസായി മാറ്റിയിരുന്നു. ആ ഓഫീസുകൾ സത്യത്തിൽ മോനു നാലപ്പാട് ‘കൗടില്യ ട്രസ്റ്റ് ' എന്ന (വിചിത്രനാമധാരിയായ) ഒരു ധനശാസ്ത്ര സ്ഥാപനത്തിനായി വാടകയ്‌ക്കെടുത്തതാണ്. മോനുവുമൊത്ത് ഒരു വർഷം ഞാൻ പമ്പരത്തിൽ ഇരുന്നു. പണമൊക്കെ കുറവായിരുന്നു; പക്ഷെ ആഘോഷങ്ങൾക്ക് ഞങ്ങൾ പിശുക്ക് കാണിച്ചില്ല. പമ്പരത്തിന്റെ മലയാളപതിപ്പ് പൂർണമായും ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായിത്തന്നെ കൊണ്ടുപോകാൻ മോനുവും കമലാദാസും സന്തോഷത്തോടെ അനുവദിച്ചിരുന്നു. എന്റെ അൽപായുസ്സായിപ്പോയ പത്രപ്രവർത്തനജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങളായിരുന്നു പമ്പരം നൽകിയത്.▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments