അക്കൗണ്ട്​ ഫ്രീസിംഗ്​: ഇത് കളി വേറെ ലെവലിലാണ്

ഇപ്പോൾ നടന്നിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ള മറ്റൊരു പ്രശ്നം; ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയോ സ്ഥലത്തെയോ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയോ ടാർഗറ്റ് ചെയ്ത് പോർട്ടലിൽ കംപ്ലൈൻറ്​ രജിസ്റ്റർ ചെയ്താൽ പിന്നെന്തു നടക്കുമെന്ന് പറയാൻ പറ്റില്ല, അത്രന്നെ. കസ്റ്റമേഴ്സിന്റെ ഡാറ്റ കയ്യിലുള്ള ആൾക്കാർക്ക് ഇങ്ങനെ ഫിൽറ്റർ ചെയ്ത്​ ടാർഗെറ്റഡായി ആക്രമിക്കാൻ ( കംപ്ലൈൻറ്​ രജിസ്റ്റർ ചെയ്യാൻ) ഒട്ടും സമയം വേണ്ടിവരില്ല എന്നതൊരു ഭീതിജനകമായ വസ്തുതയാണ്.

ബാങ്കിങ് വ്യവസ്ഥയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള സംഭവവികാസങ്ങൾ സസൂക്ഷ്മം ശ്രദ്ധിച്ചതിൽ നിന്ന്​ മനസ്സിലായ ചില കാര്യങ്ങൾ കുറിക്കാം. പല അന്തർദേശീയ ഏജൻസികളുമായും ചേർന്നു പ്രവർത്തിച്ചിട്ടുള്ള പ്രവൃത്തിപരിചയംകൊണ്ട് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ‘ഇത് കളി വേറെ ലെവലിലാണ്.’

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സംഭവമാണിത്. നമ്മുടെ സംസ്ഥാന ധനകാര്യ മേഖലയെത്തന്നെയും (സാമൂഹ്യ മേഖലയേയും ) പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള ഒരട്ടിമറി തന്നെയാണ് തുടങ്ങിയിരിക്കുന്നത്.

അക്കൗണ്ട് ഫ്രീസിങ് എപ്പിസോഡുകൾ തുടങ്ങുന്നത് കുറച്ചുകാലം മുൻപേ ആണെങ്കിലും അതിനുള്ള പ്രാരംഭ നടപടികൾ "Threat Actors’ എന്നു വിളിക്കാവുന്ന അദൃശ്യരായ ഗ്രൂപ്പ് (ഇതൊരു ജനറൽ പേരുമാത്രമാണ് ) തുടങ്ങിയത്, പല ബാങ്കുകളിലുമുള്ള കസ്റ്റമേഴ്സിന്റെ വിവരങ്ങളടങ്ങിയ ഡാറ്റാബേസ് അതിനും വളരെ മുന്നേ ചോർത്തിക്കൊണ്ടായിരിക്കും. അതുതന്നെയാണ് മൂലകാരണം. സൈബർ അറ്റാക്കുകളിൽ ഡിസ്കവറി ഫേസ് എന്നു വിളിക്കുന്ന അതേ സ്റ്റാർട്ടിങ് പോയിൻറ്​ തന്നെ.

Photo: Pixaby

ഡാറ്റ എവിടെനിന്ന്​ ചോർന്നു, ആരാണ് ചോർത്തിയത്, എന്തിനു ചോർത്തി എന്നതടക്കം ദ്രുതഗതിയിൽ പല പല കാര്യങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്. അപ്പോഴാണ് സൈബർ കിൽ ചെയിൻ എങ്ങനെയാണെന്ന് മനസ്സിലാവുകയുള്ളൂ. സാധാരണക്കാർ ഇതാലോചിച്ചു വിഷമിക്കേണ്ടയാവശ്യമില്ല. അത് പല പല അന്വേഷണ ഏജൻസികളുടെയും പണിയാണ്.

പബ്ലിക് ഡൊമെയ്നിൽ വന്നിട്ടുള്ള വിവരങ്ങളനുസരിച്ച്​ എല്ലാ അക്കൗണ്ടുകളും ഫ്രീസ് ചെയ്തിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പല ആൾക്കാരും (ഇതര സംസ്ഥാനക്കാരും) ഫ്രോഡ് ഇടപാടുകൾ നടന്നിരിക്കുന്നതുമൂലം പണം നഷ്ടമായി എന്ന് പരാതി ഓൺലൈനിൽ രജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ആർക്കും സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം. ധനകാര്യ തട്ടിപ്പുകളും മറ്റു സൈബർ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാം. ആ പോർട്ടലിൽ പറഞ്ഞിരിക്കുന്നതു പ്രകാരം റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ ഏതു സംസ്ഥാനത്താണോ താമസം, അവിടത്തെ സൈബർസെല്ലിലേയ്ക്ക് ഓട്ടോമേറ്റഡ് ആയി മെസേജ് പോകും. ഇത്ര മാത്രമേയുള്ളു ഓട്ടോമാറ്റിക് സംവിധാനം. അതുകഴിഞ്ഞുള്ള എല്ലാകാര്യങ്ങളും ഹ്യൂമൻ ഇൻറർവെൻഷൻ വേണ്ട പ്രോസസ്സുകളാണ്. അതായത്, കുറ്റം രജിസ്റ്റർ ചെയ്ത്​ എഫ്​.ഐ.ആർ ഇട്ട്​അന്വേഷണം നടത്തുന്നതുൾപ്പടെ.ഒരോ സംസ്ഥാനങ്ങൾക്കും സൈബർസെൽ ഉത്തരവാദിത്തമുള്ള നോഡൽ ഓഫീസറുണ്ട്. പൊതുവെ, എസ്​.പി- ഐ.ജി റാങ്കിലുള്ളവരായിരിക്കും. വെബ്സൈറ്റ് പ്രകാരം കേരളത്തിന്റെ നോഡൽ ഓഫീസർ അരവിന്ദ് സുകുമാർ ആണ്.

ഇതുവരെ ഓക്കേ. മൂന്നുകൊല്ലം മുൻപാണ് പോർട്ടലിൽ പണിയെടുക്കുന്ന ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ മനസ്സിലായത്, ഇതേ പോർട്ടലിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി പ്രസ്തുത സംസ്ഥാന സൈബർസെല്ലുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നില്ല എന്ന്. പിന്നെയിപ്പോൾ ആകസ്മികമായി എന്താണുണ്ടായത് (What is the trigger point now?) എന്ന് പലർക്കുമുള്ള ചോദ്യമായിരിക്കാം?

അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നതിന്റെ നിയമസാധുത പല നിയമവിദഗ്ധരും പറഞ്ഞതുകൊണ്ട് പറയുന്നില്ല. പക്ഷെ പ്രശ്നങ്ങൾ ഇതിലും വലുതാണ്. വലിയ രീതിയിലുള്ള ഒരു സ്​കാം രൂപപ്പെട്ടു വരുന്നുണ്ട് എന്ന്​ പലർക്കും ഇതിനകം തന്നെ തോന്നിയിട്ടുണ്ടാകാം. എവിടെനിന്നെങ്കിലും ചോർന്നു കിട്ടിയ ബാങ്കിങ് കസ്റ്റമേഴ്സിന്റെ വിവരങ്ങൾ വെച്ച് (വേറെയേതെങ്കിലും സംസ്ഥാനത്തുനിന്നും ) ആൾക്കാരോ ബോട്ടുകളോ തുരുതുരെ പോർട്ടലിൽ കംപ്ലൈൻറ്​സ്​ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പിന്നെ അവയെല്ലാം കേരളത്തിലെ സൈബർസെല്ലിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. പിന്നീട് അതന്വേഷിക്കേണ്ട ബാധ്യത സംസ്ഥാന പോലീസിനാണ്. ഇമ്മാതിരി കേസുകളുടെ എണ്ണം കൂടിവരുന്നതനുസരിച്ചു അന്വേഷിക്കാൻ വലിയൊരു റിസോഴ്സ് പൂൾ തന്നെ വേണ്ടിവരും. ഇതൊരു പ്രശ്നമല്ലേ? ഏതൊരു സംസ്ഥാനത്തിലെയും നിയമപാലകരുടെ അന്വേഷണ സംവിധാനങ്ങൾ തന്നെ താറുമാറാക്കാൻ ഇമ്മാതിരി ഒരു DOS ( Denial of Service ) അറ്റാക്കുകൊണ്ട് സാധിക്കും. നാടൻ ഭാഷയിൽ പറഞ്ഞാൽ, ‘കൊക്കിലൊതുങ്ങാത്തത്ര കൊത്താൻ കൊടുക്കുക.’

Photo : Pexels

പോർട്ടലിൽ കംപ്ലൈൻറ്​സ്​ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ചിലപ്പോൾ എൻ.ഐ.എയോ ഇ.ഡിയോ അന്വേഷിച്ചെന്നിരിക്കും. പക്ഷെ അത് രാജ്യസുരക്ഷയെക്കുറിച്ചുള്ളതായിരിക്കും. നാടിന്റെ നന്മയ്ക്കു ആ അന്വേഷണങ്ങൾ വേണ്ടതുതന്നെയാണ്. അതുവേറെ കാര്യം.

രണ്ടാമത്തെ സുപ്രധാനകാര്യം; ഇപ്പോൾ നടന്നിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ള മറ്റൊരു പ്രശ്നം; ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തെയോ സ്ഥലത്തെയോ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയോ ടാർഗറ്റ് ചെയ്ത് പോർട്ടലിൽ കംപ്ലൈൻറ്​ രജിസ്റ്റർ ചെയ്താൽ പിന്നെന്തു നടക്കുമെന്ന് പറയാൻ പറ്റില്ല, അത്രന്നെ. കസ്റ്റമേഴ്സിന്റെ ഡാറ്റ കയ്യിലുള്ള ആൾക്കാർക്ക് ( Threat Actors) ഇങ്ങനെ ഫിൽറ്റർ ചെയ്ത്​ ടാർഗെറ്റഡായി ആക്രമിക്കാൻ ( കംപ്ലൈൻറ്​ രജിസ്റ്റർ ചെയ്യാൻ) ഒട്ടും സമയം വേണ്ടിവരില്ല എന്നതൊരു ഭീതിജനകമായ വസ്തുതയാണ്.

പല ചർച്ചകളിലും കേട്ട ഒരു കാര്യം, ക്രിപ്റ്റോ വാങ്ങിയ ആൾക്കാരുടെ അക്കൗണ്ടുകൾ ആണ് മോണിറ്റർ ചെയ്ത്​ ഫ്രീസ് ചെയ്തിരിക്കുന്നതെന്നാണ്. ഇന്ത്യയിൽ ക്രിപ്റ്റോ വിക്കിപ്പീഡിയ പ്രകാരം ലീഗൽ ആണ്.

Comments