ഇടതുപക്ഷ തുടർഭരണം: ചില സന്ദേഹങ്ങൾ

കേരളത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന സർക്കാർ ഇടതുപക്ഷത്തിന്റെ നയങ്ങളാണോ നടപ്പിലാക്കിയത്? ഒരു ജനാധിപത്യവാദിക്കു നീതീകരിക്കാനാവാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത്? പലപ്പോഴും നടപ്പിലാക്കിയത് സംഘപരിവാർ നയങ്ങളായിരുന്നില്ലേ?

കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തെ കുറിച്ച് ചില സന്ദേഹങ്ങളോടെ ട്രൂ കോപ്പി തിങ്കിൽ എൻ.ഇ. സുധീർ എഴുതിയ ലേഖനത്തോട് എന്റെ സന്ദേഹങ്ങൾ ചേർത്തുവെക്കാനാണ് ഈ കുറിപ്പ്.

കേരളം തുടർന്നു ഭരിക്കുന്നവർ ആരാണെങ്കിലും ഈ ദേശത്തിന്റെ മതനിരപേക്ഷമായ മൂല്യങ്ങളെ തുടർന്നും ഉയർത്തിപ്പിടിക്കുന്നതും അതിനെ വളർത്തുന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രാമകമായ വളർച്ചയെ തടയുന്നതുമായിരിക്കണമെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.

ഇടതുപക്ഷം തെരഞ്ഞെടുക്കപ്പെട്ടാൽ അവർ പ്രഖ്യാപിക്കുന്ന നയങ്ങൾ നടപ്പിലാക്കപ്പെടണം. കോൺഗ്രസ് മുന്നണിയെ കുറിച്ചും ഇങ്ങനെ പറയാം. കേരളത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന സർക്കാർ ഇടതുപക്ഷത്തിന്റെ നയങ്ങളാണോ നടപ്പിലാക്കിയത്? സുധീർ എഴുതിയതുപോലെ ഒരു ജനാധിപത്യവാദിക്കു നീതീകരിക്കാനാവാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ നടന്നത്? പലപ്പോഴും നടപ്പിലാക്കിയത് സംഘപരിവാർ നയങ്ങളായിരുന്നില്ലേ?

യു.എ.പി.എ. കേസ് ചുമത്തപ്പെട്ട താഹ ഫസൽ, അലൻ ഷുഹൈബ്

യു.എ.പി.എ നടപ്പിലാക്കുക എന്നത് സി.പി.എം എന്ന പാർട്ടിയുടെയോ അതിന്റെ മുന്നണിയുടെയോ നയങ്ങളായിരുന്നുവോ? അല്ല. എന്നിട്ടും ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമായി കേരളം മാറിയത് എങ്ങനെയാണ്? താഹ- അലൻ കേസ് ഓർത്തുനോക്കുക. എത്രമാത്രം ജനാധിപത്യവിരുദ്ധ നാടകങ്ങളാണ് അരങ്ങേറിയത്? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവെച്ചു കൊല്ലുന്നതിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നാണ് അതിന്റെ ജനറൽ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പറഞ്ഞിരുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് സി.പി.എം നയമായിരുന്നില്ല. കോൺഗ്രസിന്റെയും നയമല്ല അത്. അതു നയമായി സ്വീകരിച്ചിരിക്കുന്നത് സംഘപരിവാർ ശക്തികളാണ്.

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എട്ടു പേരാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്ന പേരിൽ വധിക്കപ്പെട്ടത്. കൊലക്കുശേഷം മൃതശരീരത്തെ തല്ലിച്ചതച്ച സംഭവങ്ങൾ വരെയുണ്ടത്രെ!

ജി. എസ്.ടി നടപ്പിലാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കുന്നതും കേന്ദ്രത്തിനു മുന്നിൽ സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയുമായി നിർത്തുന്നതുമായ നടപടിയായിരിക്കുമെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി കേരളത്തിൽ പ്രസംഗിച്ചത്. എന്നാൽ, ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിർക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ തയ്യാറായില്ല. അതു നടപ്പിലാക്കുകയും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. ഇപ്പോൾ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതി ജനങ്ങളുടെ പരമാധികാരത്തെയും നിയമനിർമ്മാണസഭകളേയും ഗൗനിക്കാത്ത സംഘപരിവാർ പദ്ധതി തന്നെയല്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കു തന്നെയും അതിനെ പിന്തുണയ്ക്കാൻ കഴിഞ്ഞിട്ടുണ്ടോ?

ഹെഗ്ഡെവാറിന്റെ ജന്മദിനത്തിൽ യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലായിരുന്നു, നമ്മുടെ സംസ്‌കാരികവകുപ്പ്. നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സർക്കാർ എങ്ങനെയാണ് എമ്മിനെ പോലെ അന്ധവിശ്വാസിയും അതിന്റെ പ്രചാരകനുമായ ഒരാൾക്ക് ഭൂമി ദാനം ചെയ്യുന്നത്? സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാൻ നടത്തിയ പരിശ്രമങ്ങൾ ഒരു മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമാകുന്നതെങ്ങനെയാണ്? നവോത്ഥാനത്തെ കുറിച്ചും പുരോഗമനത്തെ കുറിച്ചും അറിവുള്ള കാര്യങ്ങൾ വച്ച് ഇവയെല്ലാം എനിക്കു സന്ദേഹത്തിനുള്ള കാരണമായിരിക്കുന്നു.വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments