പുര കത്തുമ്പോൾ ഡാറ്റ വെട്ടുന്നവർ

കോവിഡ് പ്രതിരോധം സമാനതകളില്ലാത്ത രീതിയിൽ കേരളം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡാറ്റ കൈമാറ്റം സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒരു മഹാമാരിയെ ലോകം നേരിടുമ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരും കേരളത്തിലെ പ്രതിപക്ഷവും തീരുമാനിക്കുന്ന മുൻഗണനകൾ രോഗത്തിന്റെ ഗൗരവത്തെയോ പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയെയോ വേണ്ടവിധത്തിൽ ഉൾക്കൊള്ളാതെയുള്ളതാണ് എന്ന് ആശങ്കപ്പെടുകയാണ് മാധ്യമ പ്രവർത്തകനായ വിജു വി.നായർ.

കോവിഡോ പ്രശ്നം, സ്പ്രിംഗ്ളറോ? ഒരു നൂറ്റാണ്ടിനിടെ ഭൂഗോളം കണ്ട ഏറ്റവും വലിയ പകർച്ചവ്യാധിയും അതു സൃഷ്ടിക്കുന്ന സർവതോന്മുഖമായ സാമ്പത്തികത്തകർച്ചയുമാണ് ലോകത്തിനും കേരളത്തിനും പ്രശ്നം. എന്നാൽ, കോവിഡ് പ്രതിരോധത്തിന് നാട്ടിലെ രോഗവിവരം ശേഖരിക്കാൻ സർക്കാരിന് ശിങ്കിടിപ്പണിയെടുക്കുന്ന ഒരു ഐ.ടി കമ്പനിയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ മുഖ്യപ്രശ്നം. പൗരാവലിയുടെ 'സ്വകാര്യത'യാണ് ചേതോവികാരം. സംഗതി മൗലികാവശപ്പട്ടികയിൽ സുപ്രീംകോടതി വകവച്ചിരിക്കുന്നതിനാൽ ഭരണകൂടമല്ലാതെ മറ്റാരും അതിന്മേൽ കൈവച്ചു കൂടാ പോലും. ഇതാണ് ആദർശാത്മക ലൈൻ.

മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ച് കാത്തുകാത്തിരിക്കുന്ന ചെന്നിത്തലയുടെ ജാതകമോഹത്തിനേറ്റ കനത്ത ആഘാതമായിപ്പോയി പിണറായി സർക്കാറിന്റെ കോവിഡ് പ്രതിരോധയജ്ഞം. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേക്കൊല്ലം വന്നുഭവിച്ച ഈ എടങ്ങേറ് തുടക്കം തൊട്ടേ ആളിന്റെ സമനില തെറ്റിച്ചിരുന്നു. പായസത്തിന് ഉപ്പില്ല, ഉപ്പേരിക്ക് പുളി പോരാ തുടങ്ങിയ പ്രബുദ്ധ പ്രതികരണങ്ങൾ കൊണ്ടൊന്നും ക്ലച്ചുപിടിക്കാതിരിക്കെ ശബരീനാഥൻ സമർപ്പിച്ച തുറുപ്പായി സ്പ്രിംഗ്ളർ.

മുഖ്യമന്ത്രി പിണറായി വിജയൻ

സംഗതി സരളം. പകർച്ചവ്യാധി തടയാൻ ആരോഗ്യവകുപ്പിലേക്ക് തൃണമൂല വിവരങ്ങൾ അപ്പപ്പോൾ കിട്ടണം. എങ്കിലേ അപഗ്രഥിച്ച് സത്വര പ്രയോഗപദ്ധതി ആവിഷ്‌കരിക്കാനാവൂ. അതിനൊക്കെ വേണ്ട യന്ത്രസാമഗ്രികൾ വിപണിയിൽ ആരും ഉണ്ടാക്കിവെച്ചിട്ടില്ല. ഏറ്റവുമാദ്യം സംഗതി തരമാക്കുന്നവർക്ക് ഈ കളിയിൽ കക്ഷിചേരാം. അതാണ് സ്പ്രിംഗ്ളർ കമ്പനി ചെയ്തത്. സത്യത്തിൽ സി-ഡിറ്റ് പോലെ സർക്കാറിന്റെ സ്വന്തം സ്ഥാപനങ്ങളോട് ഈ സാമഗ്രിയുണ്ടാക്കാൻ ആവശ്യപ്പെടാമായിരുന്നു. അങ്ങനെ ചെയ്താലോ? ടിയാന്മാർ ഉടനേ പണി ഔട്ട്സോഴ്സ് ചെയ്യും. അവ്വിധമാണ് ദീർഘകാലമായി നമ്മുടെ ടെക് പാരമ്പര്യം. ആ വകയിൽ, രാജ്യത്തെ പ്രഥമ ഇലക്ട്രോണിക് ഭീമനായിരുന്ന കെൽട്രോൺ ഇന്ന് സർക്കാർ പർച്ചേസുകളുടെ മൂകദല്ലാളായി നിൽക്കുന്നു. സി-ഡിറ്റ്, ഇൻഫർമേഷൻ കേരള മിഷൻ, ഐ.ടി വകുപ്പ് ഇത്യാദിയൊക്കെ ഘനഗംഭീരമായി വിലസുന്ന ഡിജിറ്റൽ സംസ്ഥാനമാണ് ഇന്ന് പുരോഗമന ചരിത്രത്തിൽ അനലോഗായിരിക്കുന്നത്! എന്നിരിക്കെ, ഐ.ടി സെക്രട്ടറി ശിവശങ്കരനെയോ, ചീഫ് സെക്രട്ടറി ടോം ജോസിനെയോ ചാക്കിടാൻ അത്യാവശ്യക്കാരായ പുറംകമ്പനികൾക്ക് വലിയ പാടൊന്നുമില്ല.

ആനയായാലും അണ്ണാറക്കണ്ണനായാലും. പുരകത്തുമ്പോൾ അവരവരുടെ വെട്ടു നിർവഹിക്കുന്നതിൽ ആരും മോശമല്ല. ആയതിനാൽ ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്.

അങ്ങനെ ഡിജിറ്റൽ പ്രാഗൽഭ്യത്തിന്മേൽ അടയിരിക്കുന്ന കേരളീയ പൊങ്ങച്ചത്തിന് സ്ഥിരമായി പറ്റുന്ന പറ്റേ ഇക്കാര്യത്തിലും പറ്റിയിട്ടുള്ളൂ. സ്പ്രിംഗ്ളറല്ല പറ്റിച്ചത്, നമ്മൾ സ്വയമേവയാണ്.

ഒരു സെൽഫ് ഗോൾ
ഈ സെൽഫ് ഗോളിന്റെ തെളിവ് സ്പ്രിംഗ്ളർ കഥ വിളമ്പി സർക്കാറിനെ ഘോരഘോരം വിമർശിക്കുന്ന ആത്മാരാമന്മാർ തന്നെ യഥേഷ്ടം തരുന്നുണ്ട്. ഉദാഹരണമായി, യുദ്ധകാലത്ത് ഇങ്ങനെ പുറംകമ്പോളത്തെ അവലംബിക്കേണ്ടി വന്നേയ്ക്കാം എന്ന് സമ്മതിക്കുന്ന ഒരു മുൻ ഐ.ടി ഉപദേഷ്ടാവ് നൽകുന്ന വിദഗ്ധോപദേശം കേട്ടാലും: 'വിവരം പുറം കമ്പനിക്കു കൊടുക്കുമ്പോൾ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ 'മാസ്‌ക്' ചെയ്തിട്ടുവേണം കൊടുക്കാൻ'. ഐ.ടി രംഗത്ത് ഊരിനോക്കാൻ പറ്റാത്തതായി ഒരു മുഖംമൂടിയുമില്ലെന്ന് അറിയാത്ത ശുദ്ധാത്മാവൊന്നുമല്ല ഈ വിദ്വാൻ. ആദർശപരിവേഷം നിലനിർത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കിക്കൂടാ. അതിധാർമ്മികതയുടെ അധികപ്രസംഗം നടത്തുന്നവരെ സംശയിക്കേണ്ടി വരുന്നതിവിടെയാണ്. കാപട്യത്തിന്റെ ആൾരൂപങ്ങളായ കക്ഷിരാഷ്ട്രീയക്കാരുടെ കോടാലിക്കൈയായിക്കൊടുക്കുകയാണ് സംവാദവിരുതരും ഈ രസക്കുളത്തിൽ മത്സ്യബന്ധനത്തിനു ശ്രമിക്കുന്ന മാധ്യമങ്ങളും.

ധാർമ്മിക മുതലാളിമാരായിക്കൊണ്ട് നമ്മൾ സ്വയം കബളിപ്പിക്കുന്നതിന്റെ മറുപുറ യഥാർത്ഥ്യമാണ് ഇനി അറിയേണ്ടത്. 'ഇൻഫോംഡ് കൺസെന്റ്' വെച്ചുവേണം പൗരന്റെ വ്യക്തിഗതവിവരം തരപ്പെടുത്തേണ്ടത് എന്നാണ് മേപ്പടി ധാർമ്മിക വെടിവട്ടത്തിലെ ഒരു കുറിപ്പടി. ചോദിച്ചിട്ടേ ചോർത്താവൂ എന്ന് വരേണ്യപരിഭാഷ. അതു നിൽക്കട്ടെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമസ്ത വിനിമയങ്ങളും (ടെക്സ്റ്റ്, വോയ്സ്, മെയ്ൽ, ഫോൺ ഇത്യാദി) ഒറ്റയടിക്ക് കിട്ടുന്ന ഒരു സ്വകാര്യപീടികയുണ്ട്, ചെന്നൈയിൽ. എയർടെൽ ആസ്ഥാന കാര്യാലയം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും പുറത്തേക്കുമുള്ള സകല വിനിമയപാതയും ഈ സ്വകാര്യ കമ്പനിയുടെ പരിപൂർണ ബന്തവസിലാണ്. എത്രയോ കൊല്ലമായി. റോയും ഐബിയും തൊട്ട് വിവിധ സംസ്ഥാനങ്ങളിലെ സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാർ വരെയുള്ള ചാരപ്പട ഇവിടെ നിന്നാണ് ആവശ്യമുള്ള കാലയളവുകളിലെ വിനിമയമത്രയും വാങ്ങിക്കൊണ്ടുപോകാറ്. ഇവ്വിധം രാജ്യത്തിന്റെ വിനിമയപ്പെട്ടി അപ്പാടെ തുറന്നുവെയ്ക്കുകയും അതിന്റെ ചാവി ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയും ചെയ്തിട്ടുള്ള ഒരിടത്തിരുന്നാണ് നാം 'സ്വകാര്യത'യ്ക്കുമേൽ ഗിരിപ്രഭാഷണം നടത്തുന്നത്. അതുംപോകട്ടെ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, തൊട്ട് ഗൂഗിൾ വരെ ഏത് വിനിമയ ഭൂതലത്തിലാണ് പൗരൻ തീർത്തും 'സ്വകാര്യനാ'യി സുരക്ഷിതത്വം അനുഭവിക്കുന്നത്? ബയോമെട്രിക്സ് അടക്കം അവന്റെ/ അവളുടെ അംഗോപാംഗവിശേഷം ഒപ്പിയെടുത്ത് ആർക്കും തുറന്നു കാണാവുന്ന വിധത്തിൽ ഭരണകൂടം സജ്ജമാക്കിയ കാർഡല്ലേ നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഇന്നത്തെ 'ആധാരം'? ഉള്ളതെല്ലാം തുറന്നുകാട്ടാൻ വെമ്പുന്ന ശരാശരി പൗരാവലിക്ക് സത്യത്തിൽ സ്വകാര്യതയ്ക്കുമേൽ എത്രകണ്ടുണ്ട് അവകാശബോധം, താൽപര്യം- വാട്സ്ആപ്പ് സർവകലാശാലകൾ സാക്ഷി, എഫ്.ബി കാഴ്ചബംഗ്ലാവുകൾ സാക്ഷി. സ്വയം വിപണനം ചെയ്യാൻ സർവരും മത്സരിക്കുന്ന കാലത്തിരുന്ന് തത്വജ്ഞാന ജാടയിറക്കുമ്പോൾ യഥാർത്ഥ ഭീഷണി ഓടുപൊളിക്കാതെ ഉമ്മറം വഴിയിങ്ങുകയറിപ്പോരുന്നുണ്ട്.

ഫോസ്റ്റിയൻ വിലപേശൽ
നേരാണ്, കോവിഡ് 19 ഒരാഗോള പ്രതിഭാസം തന്നെ. എന്നാൽ, അതിന്റെ പ്രത്യാഘാതത്തെ രൂപപ്പെടുത്തുന്നത് ഒറ്റയൊറ്റ ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നിശ്ചയങ്ങളാണ്. അവിടെയാണ് കോവിഡിനെ മുൻനിർത്തിയുള്ള ശരിയായ രാഷ്ട്രീയം. രോഗപ്പടർച്ചയുടെയും മരണത്തിന്റെയും ആരോഹണകാലമായതിനാൽ തൽക്കാലം അത് അത്രകണ്ട് വിചാരവിധേയമായിട്ടില്ല. എങ്കിലും രോഗകാലത്ത് ലോകത്തിന്റെ നടപ്പുരീതി ഒരേകദേശ സൂചനനൽകുന്നുണ്ട്: ചിലർക്ക് കല്പിക്കാം, മറ്റുള്ളവർ എന്തു ചെയ്യണം, ചെയ്യരുത് എന്ന്. എല്ലാത്തരം ആധുനിക രാഷ്ട്രീയ രൂപങ്ങളുടെയും ഹൃദയമർമ്മം തന്നെ വ്യക്തിസ്വാതന്ത്ര്യവും സംഘടിത നിശ്ചയവും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ്. പണ്ട് തോമസ് ഹോബ്സ് വകതിരിച്ചു പറഞ്ഞ ആ ഫോസ്റ്റിയൻ വിലപേശൽ.

രാജ്യത്തിന്റെ വിനിമയപ്പെട്ടി അപ്പാടെ തുറന്നുവെയ്ക്കുകയും അതിന്റെ ചാവി ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയും ചെയ്തിട്ടുള്ള ഒരിടത്തിരുന്നാണ് നാം 'സ്വകാര്യത'യ്ക്കുമേൽ ഗിരിപ്രഭാഷണം നടത്തുന്നത്.

രാഷ്ട്രീയ ഭരണം നടത്തുക എന്നാൽ പൗരാവലിക്കുമേൽ ജീവന്മരണാധികാരം കൈവശം വയ്ക്കുക എന്നതാണ്. മറ്റുവല്ലവർക്കും മനുഷ്യർ അങ്ങനെ അധികാരം ഏൽപ്പിച്ചുകൊടുക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ- നമ്മുടെ സംഘടിത രക്ഷയ്ക്കായി കൊടുക്കേണ്ടി വരുന്ന വിലയാണതെന്ന് നാം വിശ്വസിക്കുന്നു.
ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ഈ അധികാരം ഏൽപ്പിച്ചുകൊടുക്കുന്നത്, ആത്യന്തികമായി നമുക്ക് നിയന്ത്രിക്കാനൊന്നുമാവാത്ത ആളുകൾക്കാണ്!
ജനാധിപത്യത്തിൽ, അധികാരികളെ ശിക്ഷിക്കാൻ അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാനുള്ള ക്ഷമമതി, അവസരം നമുക്കുണ്ട് എന്നൊക്കെ പറയും. എന്നാൽ, കേവലമായ നിലനില്പുപോലും അപായപ്പെടുന്ന പ്രമേയങ്ങളും നിശ്ചയങ്ങളും വരുമ്പോൾ ഈ 'അവസരം' സമാശ്വാസത്തിന്റെ കപ്പലണ്ടിമിഠായി പോലുമാകുന്നില്ല. ആപേക്ഷികമായി പറഞ്ഞാൽ, അതൊരു ശിക്ഷപോലുമാകുന്നില്ല. ജനം 'ശിക്ഷിക്കുന്ന'വർക്ക് അധികാരം നഷ്ടമായെന്നിരിക്കും. നഷ്ടപ്പെട്ടവരൊന്നും രാഷ്ട്രീയം വിടുന്നില്ല. 1977ൽ ഇന്ത്യ പുറങ്കാലിനടിച്ച ഇന്ദിര തിരിച്ചുവരവിനെടുത്തത് വെറും മൂന്ന് കൊല്ലം! പക്ഷേ അടിയന്തരാവസ്ഥയിൽ നഷ്ടപ്പെട്ട ജീവനും സ്വാതന്ത്ര്യസത്തകളും തിരിച്ചുകിട്ടിയോ?

നിഷ്ഠൂരസൗമ്യത
സമവായമുണ്ടാക്കാനുള്ള ജനാധിപത്യത്തിന്റെ 'സ്വാഭാവിക' പ്രകൃതംകൊണ്ടാണ് ഇപ്പറഞ്ഞ ചോയ്സുകളുടെ നിഷ്ഠൂരതയെ മറയ്ക്കാറ്. ആ സൂത്രം എങ്ങും പോയ് പോയിട്ടില്ല. ഇന്ന് ഇന്ത്യൻ ഭരണകൂടം സ്വന്തം നിശ്ചയങ്ങളെ സാമാന്യബുദ്ധിയുടെ ഭംഗിയുള്ള കുപ്പായമിടുവിച്ചാണ് അവതരിപ്പിക്കുന്നത്. തൊട്ടുമുമ്പ് പൗരത്വനിയമത്തിന്റെ കാര്യത്തിൽ സാമാന്യ ബുദ്ധിയുമില്ല, ഭംഗിയുമില്ല, കുപ്പായവുമില്ല, പച്ചയ്ക്കാണ് പേശിയത്. കോവിഡ് വന്നതും ഒടുക്കത്തെ സൗമ്യതയാണ് നാവിന്, പൗരാവലിയുടെ വിവേകബുദ്ധിയിൽ ഭരണകൂടത്തിന് വല്ലാത്ത വിശ്വാസമാണെന്ന് മൻ കീ ബാത്. പ്രധാനമന്ത്രിയുടെ മുഖത്ത് എന്താ ഒരു സുകുമാരകളേബര ഭാവം!
പ്രതിസന്ധി രൂക്ഷമാവുമ്പോൾ കഠിനയാഥാർത്ഥ്യവും ദൃശ്യമായിത്തുടങ്ങും. സൂററ്റിലും മുംബൈയിലും ജയ്സാൽമീറിലും ഹൈദരാബാദിലും ഇതരസംസ്ഥാന തൊഴിലാളികൾ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയപ്പോൾ നാളിതുവരെ കമാന്നു മിണ്ടാതെ ഉള്ളിൽ സ്വയം ഭദ്രമായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മുരണ്ടു- സംസ്ഥാന ഭരണക്കാർ അടിച്ചമർത്തണമെന്ന്. ആദിത്യനാഥനിലെ യഥാർത്ഥ യോഗിമുഖം ഉത്തരപ്രദേശത്ത് പത്തിവിരിക്കുന്നു. ഇറ്റലിയിൽ മേയർമാർ തൻനാട്ടുപ്രജകളോട് മുക്കറയിടുന്ന ദൃശ്യങ്ങൾ നാം കാണുന്നു. വെടിവെക്കുമെന്ന ഭീഷണി മുഴക്കുന്ന ഭരണാധിപന്മാർ വേറെ.
'എനിക്കു വോട്ടുതരിക, അല്ലെങ്കിൽ മറ്റേ കൂട്ടർ കയറിപ്പറ്റും' എന്നതാണല്ലോ ജനാധിപത്യ രാഷ്ട്രീയത്തിലെ സ്ഥിരം വായ്ത്താരി. ലളിതപരിഭാഷയിങ്ങനെ: 'ഇതു ചെയ്യുക, അല്ലെങ്കിൽ...' അതാണ്. പച്ചയായ രാഷ്ട്രീയഭാഷ- ജനായത്തമായാലും അല്ലെങ്കിലും. ആ ബിന്ദുവിൽവച്ച് ജനാധിപത്യം അതിന്റെ സകല ഭംഗിവാക്കുകൾക്കുമപ്പുറം മറ്റെല്ലാതരം രാഷ്ട്രീയ രൂപങ്ങളെയും പോലെയാകുന്നു.

മോദിയുടെ മന്ത്രവാദലൈൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി ഭരണകൂടം ചെയ്തതു നോക്കുക, കേരളസർക്കാർ ജനുവരിയിൽ കൊണ്ടുപിടിച്ച് അധ്വാനിക്കുമ്പോൾ കേന്ദ്രം കണ്ടഭാവം വച്ചില്ല. ചൈനയിൽ നിന്ന് ആളെ കൊൽക്കത്തയിലിറക്കിയതാണ് നാം കണ്ട ദേശീയകർത്തവ്യം. ചൈനയിൽ നിന്ന് കേരളത്തിൽ കോവിഡ് കൊണ്ടുവന്നത് മൂന്ന് മെഡിക്കൽ വിദ്യാർഥികളായത് ഭാഗ്യം- ഭവിഷ്യത്തറിയുന്ന അവർ സ്വയം സർക്കാറുമായി സഹകരിച്ച് നാടിനെ രക്ഷിച്ചു. പിന്നെയും ഗോളം തിരിയാതെ മൂന്നരമാസം കളഞ്ഞുകുളിച്ച കേന്ദ്രസർക്കാർ ഒടുവിൽ കേരളത്തിലെ രണ്ടാംറൗണ്ട് പ്രകടനം ഉച്ചസ്ഥായിയിലെത്തിയപ്പോഴാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കുന്നത് തന്നെ.

അത്രഹീനമായ രാഷ്ട്രീയക്കളി കേന്ദ്രം കളിച്ചു എന്നു കരുതരുത്. കേന്ദ്രം ഭരിക്കുന്നവർക്ക് ഈ മഹാമാരിയെപ്പറ്റി അത്രകണ്ട് ബോധമേ ഉണ്ടായിരുന്നുള്ളൂ എന്നാണറിയേണ്ടത്.

ലോക്ഡൗൺ പ്രഖ്യാപിക്കാതെ തരമില്ലെന്ന് ബന്ധപ്പെട്ടവരെല്ലാം പറഞ്ഞപ്പോഴും പ്രഖ്യാപനം നീട്ടിവച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ചത് ഫലപൂർണിമയടയാൻ ചില്ലറ പണികൂടി വേണ്ടിയിരുന്നു. ഒടുവിൽ സ്വന്തം സർക്കാർ അധികാരമേറ്റതിന്റെ പിറ്റേന്നു മാത്രമേ ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചുള്ളൂ. അത്രഹീനമായ രാഷ്ട്രീയക്കളി കേന്ദ്രം കളിച്ചു എന്നു കരുതരുത്. കേന്ദ്രം ഭരിക്കുന്നവർക്ക് ഈ മഹാമാരിയെപ്പറ്റി അത്രകണ്ട് ബോധമേ ഉണ്ടായിരുന്നുള്ളൂ എന്നാണറിയേണ്ടത്.

ഇനി ടി ബോധത്തിന്റെ ശരിയായ നിലവാരം നോക്കുക: ആരോഗ്യപ്രവർത്തകർക്കായി പാട്ടകൊട്ടുക, ലൈറ്റണച്ച് ടോർച്ചടിക്കുക ഇത്യാദി മന്ത്രവാദലൈനുമായി പ്രധാനമന്ത്രി അവതരിക്കുന്നു. മതിയായ തയ്യാറെടുപ്പില്ലാതെ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. ജനത എവിടെ നിൽക്കുന്നോ അവിടെത്തന്നെ കഴിയാൻ കൽപന. അതനുസരിക്കാൻ വേണ്ട ഭക്ഷണവും പാർപ്പിടവും (കൈയകലം കർശനമാക്കിയ സ്ഥിതിക്ക് വിശാല പാർപ്പിടം) മരുന്നും മറ്റും ആരു കൊടുക്കും? കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഓർക്കുക- ജി.ഡി.പിയുടെ വെറും 0.6%. 2008ലെ മാന്ദ്യകാലത്ത് മൻമോഹൻ സർക്കാർ ഇറക്കിയത് 4% എന്ന ഭീമൻപാക്കേജ്. അതിന്റെ പതിന്മടങ്ങ് പ്രശ്നഭരിതമായ ഇന്ന് കേന്ദ്രത്തിന്റെ വിഷയബോധം എത്രയുണ്ടെന്ന് ഊഹിക്കുക.

പച്ചയായ 'അണ്ടർ റിപ്പോർട്ടിംഗ്'
ഇനി, ലോക്ഡൗൺ എന്നത് ഒരു പരിഹാരമല്ലെന്നും, മറ്റു പരിഹാരമാർഗങ്ങൾ സർക്കാർ തരപ്പെടുത്തുന്ന ശ്വാസനേരമാണെന്നും സകലർക്കുമറിയാം. 21 ദിവസത്തെ ശ്വാസനേരത്തിൽ കേന്ദ്രം എന്തു ചെയ്തു? റാപ്പിഡ് ടെസ്റ്റ് പോയിട്ട് സാധാരണ പരീക്ഷണങ്ങൾക്കുള്ള വകപോലും സംസ്ഥാനങ്ങളിൽ എത്തിച്ചില്ല എന്നതാണ് നേര്. ഒരു വശത്തൂടെ വൈറസ് രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരുന്നു. ടെസ്റ്റില്ലാത്ത വകയിൽ ആളപായത്തിന്റെയും രോഗികളുടെയും കണക്ക് എവിടെയും പൊന്തിയില്ല. പച്ചയായ 'അണ്ടർ റിപ്പോർട്ടിംഗ്'. ഈ മറക്കുട തന്നെയാണ് കൊടികെട്ടിയ ദേശീയമാധ്യമങ്ങളും ഉയർത്തിപ്പിടിച്ചത്. ചങ്ങാത്ത ജേണലിസത്തിന് എന്തുകൊണ്ടും ഉപയുക്തമായ നിലപാട്.
ചുരുക്കിയാൽ, 21 ദിവസത്തെ ദേശീയ ലോക്ഡൗൺ മുതലാക്കിയ ഒരൊറ്റ ദേശമേ ഇന്ത്യയിലുണ്ടായുള്ളൂ- കേരളം. ബാക്കിയുള്ളിടത്തെല്ലാം കോവിഡ് വ്യാപിച്ചുകൊണ്ടിരുന്നു. മെല്ലെ മെല്ലെ മരണനിരക്ക് പുറത്തായിക്കൊണ്ടും. അതോടെ വരുന്നു കേന്ദ്രത്തിന്റെ പുതിയ വെടി- ലോക്ഡൗൺ 19 ദിവസം കൂടി നീട്ടുന്നു. അഥവാ ആദ്യ ലോക്ഡൗൺ സമ്പൂർണ പരാജയം. രണ്ടാം ഗഡു എന്തായിത്തീരുമെന്ന് യാതൊരു വ്യക്തതയുമില്ലതാനും. എന്തായാലും ജനത അനുസരിച്ചുകൊണ്ടേയിരിക്കണം. നോട്ടുനിരോധനം തൊട്ട് പൗരത്വനിയമം വരെ ഓരോ ഘട്ടത്തിലും ഇന്ത്യൻ ജനതയ്ക്ക് മേൽ പതിച്ച അതേവിധി. ഭരണകൂട ചെയ്തികൾ ലോകോത്തര പരാജയങ്ങളായാലും പ്രതിലോമകരമായാലും ശരി, ജനം സഹിച്ചോളണം. ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ആ പ്രക്രിയയുടെ മറയിൽ അനുവർത്തിക്കുന്ന ജനവിരുദ്ധത. ഇതാണ് നേരത്തെ പറഞ്ഞത്, ആത്യന്തികമായി ജനങ്ങൾക്ക് അവർ തിരഞ്ഞെടുത്തുവിടുന്നവർക്കുമേൽ അധികാരമില്ലെന്ന്.

ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്
കോവിഡ് പ്രതിസന്ധി മറ്റു ചില കഠിനയാഥാർത്ഥ്യങ്ങൾ കൂടി വെളിവാക്കുന്നുണ്ട്. സൂക്കേട് ലോകവ്യാപകമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ രൂപപ്പെടുത്തുന്നതിൽ ദേശീയ ഭരണകൂടങ്ങളുടെ ചെയ്തികൾ നിർണായകമാണ്. പലർക്കും പല ധാരണകളും പല സമീപനങ്ങളുമാണ്.

രമേശ് ചെന്നിത്തല

'ഹേർഡ് ഇമ്യൂണിറ്റി' യോ ലോക്ഡൗണോ ഏതാണു മെച്ചമെന്ന് കലാശം കഴിഞ്ഞേ പറയാനാവൂ. തൽക്കാലം നമ്മുടെ ഭരണാധികാരിയുടെ ദാക്ഷിണ്യത്തിലാണ്, നാം. ലോക്-ഡൗണിലാണ് ഇതര രാഷ്ട്രീയ രൂപങ്ങളുമായി ജനാധിപത്യത്തിനുള്ള സമാനത വെളിപ്പെടുന്നത്. ഇവിടെയും രാഷ്ട്രീയം എന്നത് ആത്യന്തികമായി അധികാരശക്തിയുടെയും ടി ശക്തിയുള്ളവർ നിശ്ചയിക്കുന്ന ക്രമത്തിന്റെയും കളി തന്നെയാണ്. മറ്റു രാഷ്ട്രീയ രൂപങ്ങളേക്കാൾ മൃദുലമോ അനുതാപഗ്രസ്തമോ കരുണാമയമോ ആയ ഇടമൊന്നും ജനാധിപത്യത്തിലില്ലെന്ന് ലോക്ഡൗൺ കാലത്ത് നാമറിയുന്നു. അങ്ങനെയാണെന്നു ഭാവിക്കും, പക്ഷേ ആ ഭാവം ശാശ്വതമല്ല.
ഒരു പ്രശ്നം പ്രശ്നഭരിതമാകും മുമ്പേ അതിനെ ഒഴിപ്പിച്ചെടുക്കുക എന്ന ശേഷി ജനാധിപത്യത്തിന്റെ കരുത്തുപട്ടികയിൽപ്പെട്ടതല്ല. മറ്റൊരു പോംവഴിയുമില്ലാതാവുംവരെ നാം കാക്കും. പിന്നീടാണ് പ്രശ്നത്തോടു പൊരുത്തപ്പെടുക. കോവിഡ് പകർച്ചവ്യാധിയുടെ ആ കുപ്രസിദ്ധ കർവുണ്ടല്ലോ (curve), അതിനു പിന്നിലായേ നാം പ്രവർത്തിച്ചു തുടങ്ങാറുള്ളൂ. ചിലർ അതിനെ ഓടിപ്പിടിച്ചു മയപ്പെടുത്തും- കേരളം ചെയ്തമാതിരി. ചിലർക്ക് ആ വിരുതില്ല, പിടിക്കാനുള്ള ചുറ്റുവട്ടവും- തമിഴരെപ്പോലെ. ചൈന പോലെ സർവാധിപത്യ ഭരണകൂടമുള്ളിടത്താകട്ടെ നേരിനെ കുറേക്കാലം മൂടിവെയ്ക്കും. മൂത്തുപോയാൽപ്പിനെ മുഖമടച്ചു നേരിടും. നിഷ്ഠൂരമായ ലോക്ഡൗൺ. ജനാധിപത്യത്തിന് അത്ര നിഷ്ഠൂരമാകാൻ ആവില്ലെന്ന് പറയാറുണ്ട്. നേര് നേരെ മറിച്ചാണ്. നിഷ്ഠൂരതയ്ക്ക് ഒരു മടിയുമില്ല, പ്രശ്നം നിഷ്ഠയുടേതാണ്. യുദ്ധകാലത്തായാലും സമാധാനത്തിലായാലും സർവാധിപത്യ സംവിധാനങ്ങൾക്കുള്ള നിഷ്ഠ മറ്റുള്ളിടത്ത് അത്ര പോരാ.

യുദ്ധത്തിൽ ശത്രു നേർമുന്നിലുണ്ടാവും. കോവിഡ് പോലുള്ള മാരിക്കാലത്ത് ശത്രു മുഖംകാട്ടുന്നത് രോഗികളുടെയും മരണത്തിന്റെയും നിത്യക്കണക്കിൽ മാത്രമാണ്. ജനാധിപത്യ രാഷ്ട്രീയം ഈ കളരിയിൽ ഒരു നിഴൽയുദ്ധമായിപ്പോവുന്നു. ഭരണകൂടങ്ങൾക്കു തന്നെ ശരിക്കറിയില്ല ഏതേതു ദേഹങ്ങളാണ് ശരിക്കും അപായകരമെന്ന്. ഈ സങ്കീർണതയും സന്ദേഹവുമാണ് ഭരണകൂടത്തിന്റെയും ആയുധം. നിയതവും ലിഖിതവുമായ ജനായത്ത രീതികളെ തൃണവത്ഗണിക്കയാൽ ഈ തുറുങ്കനവസ്ഥ അവരെ സഹായിക്കുകയാണ്. 'അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ പോംവഴികൾ' എന്ന പ്രയോഗം ഇപ്പോൾ ലോകപ്രഭുക്കൾ മാത്രമല്ല നമ്മുടെ അന്തിക്കാട്ടുകാരൻ കൃഷിമന്ത്രിവരെ തട്ടിവിടുന്നു. പൗരാവലിയുടെമേൽ സ്വേച്ഛാപരമായി പ്രവർത്തിക്കാൻ കളമൊരുങ്ങിയാൽ മെതിക്കുക തന്നെ ചെയ്യും. ആനയായാലും അണ്ണാറക്കണ്ണനായാലും. പുരകത്തുമ്പോൾ അവരവരുടെ വെട്ടു നിർവഹിക്കുന്നതിൽ ആരും മോശമല്ല. ആയതിനാൽ ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്.


വിജു വി. നായർ

മാധ്യമപ്രവർത്തകൻ. രതിയുടെ സൈകതഭൂവിൽ, മാറുന്ന മലയാളി യൗവനം, ഉച്ചിക്ക്​ മറുകുള്ളവന്റെ ഉപനിഷത്ത്​, ജീനിയസ്സിന്റെ തന്മാത്രകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments