അഡ്വ. വി.എസ്. സുനില്‍കുമാര്‍

തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലല്ല

ഇത്തവണയെങ്കിലും തൃശൂര്‍ ബി.ജെ.പി എടുക്കുമോ, മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലോ ? കേരളത്തിലെ നിലവിലെ ധനപ്രതിസന്ധിയുടെ മൂലകാരണമെന്താണ് ? നവകേരള സദസ്സിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്താണ് ? ഇന്ത്യ മുന്നണിയിലെ പ്രതീക്ഷകള്‍, രാമക്ഷേത്രത്തിലെ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ വന്നുപോയശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍.

അലി ഹൈദര്‍: കേരളത്തിൽ നിന്ന് ‘ഒരു തൃശൂരെങ്കിലും എടുക്കുക’ എന്നത് ബി.ജെ.പിയുടെ കുറേ കാലമായുള്ള സ്വപ്‌നമാണ്. സുരേഷ്ഗോപിയെ മുന്നിൽനിർത്തിയുള്ള അത്തരം തയാറെടുപ്പുകൾ കുറെകാലമായുണ്ട്. തന്റെ സ്വന്തം ഗ്യാരണ്ടിയിലൂന്നി, കാമ്പയിന് നരേന്ദ്രമോദി തൃശൂരിൽ തുടക്കമിടുകയും ചെയ്തു. തൃശൂർ ലോക്സഭാ മണ്ഡലം ഇപ്പോൾ സംസ്ഥാനത്തെ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായി മാറിയിട്ടുണ്ട്. തൃശൂരിന്റെ രാഷ്ട്രീയം അടുത്തറിയാവുന്ന വ്യക്തി എന്ന നിലയ്ക്ക്, മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

വി.എസ്. സുനിൽകുമാർ: കേരളം ബി.ജെ.പിയുടെ പ്രധാന ടാർഗെറ്റാണ്, അതിൽ അവർ കൂടുതൽ പ്രാധാന്യം നൽകുന്നത് തൃശൂരിനാണ്. ഇന്ത്യയിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് വേദിയൊരുക്കണമെന്നോ അതിന് തുടക്കം കുറിക്കണമെന്നോ പോലെയുള്ള സാമൂഹ്യലക്ഷ്യം മുന്നിൽ കണ്ടിട്ടൊന്നുമല്ല, കേരളത്തിലേക്കും തൃശൂരിലേക്കും നരേന്ദ്രമോദി വന്നത്, 2024-ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് വരിക എന്ന കൃത്യമായ അധികാരരാഷ്ട്രീയത്തെ മുന്നിൽ കണ്ടാണ്. ഇതുവരെയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. അല്ലാതെ അദ്ദേഹത്തിന്റെ സന്ദർശനത്തിന് മറ്റെന്തെങ്കിലും സാമൂഹ്യ ലക്ഷ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയം വീക്ഷിക്കുന്നവർക്ക് അത് മനസിലാകും. അദ്ദേഹം നടത്തിയ പ്രസംഗത്തിൽ നിന്നു കുറച്ചുകൂടി അത് വ്യക്തമാകും. അതുകൊണ്ടു തന്നെ മോദിയുടെ തൃശൂർ സന്ദർശനത്തെ ചരിത്രപരമായ സംഭവം എന്ന നിലക്ക് വിലയിരുത്തേണ്ടതില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയപ്പോൾ

അതായത്, ബി. ജെ. പിയുടെ പതിവ് തെരഞ്ഞെടുപ്പ് ഗിമ്മിക്കുകൾക്കപ്പുറം നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം മാധ്യമ റിപ്പോർട്ടുകളിൽ പറയുന്ന പോലുള്ള ഒരു ചലനവും ഉണ്ടാക്കിയില്ലെന്നാണോ?

അതെ, അതിനെ അങ്ങനെ മാത്രം കണ്ടാൽ മതി. അല്ലാതെ മോദിയുടെ സന്ദർശനത്തിന് ചരിത്രപരമായ ഒരു പ്രസക്തിയുമില്ല. മോദി കേരളത്തിലേക്ക് വരുമ്പോൾ തന്നെ അദ്ദേഹത്തിന് അറിയാമയിരിക്കുമല്ലോ, ചരിത്രപരമായി സംഘപരിവാറിന് ഒരു തരി ഇടം നൽകാത്ത സ്ഥലമാണ് കേരളമെന്ന്. അതുകൊണ്ടാണവർക്ക് സ്ത്രീശാക്തീകരണത്തിന്റെ കാര്യം പറഞ്ഞപ്പോഴും റോസമ്മ പുന്നൂസിന്റെ അടക്കമുള്ള വനിത നേതാക്കളുടെ പേരുകൾ പറയേണ്ടിവന്നത്. അതിലുണ്ട് കേരളം പ്രതി ആർ.എസ്.എസ് അനുഭവിക്കുന്ന ആത്മസംഘർഷം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മേൽക്കൈ നേടുന്നില്ല എന്നതുകൊണ്ടുമാത്രം സംഘപരിവാർ തന്ത്രങ്ങളൊന്നും വിലപ്പോകാത്ത ‘സംഘ്മുക്ത സംസ്ഥാനം’ തന്നെയാണോ കേരളം? അത്ര ലളിതമായി അതിനെ കാണാനാകുമോ? സംഘപരിവാർ സെറ്റ് ചെയ്യുന്ന അജണ്ടയെ വേണ്ടവിധം പ്രതിരോധിക്കാനാകാതെ നിന്നു പോയ സന്ദർഭങ്ങൾ അടുത്തകാലത്തായി കേരളത്തിലും ഉണ്ടായിട്ടില്ലേ?

ജാതി- മത സമവാക്യങ്ങളെ രാഷ്ട്രീയവൽക്കരിക്കുക എന്നതാണ് ബി.ജെ.പി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന രീതി. അതിനനുസരിച്ച് മതപരമായ ഏകോപനത്തിന്റെയും ജാതീയ വേർതിരിവിന്റെയും അടിസ്ഥാനത്തിലുള്ള, അതിനെ മാനിപ്പുലേറ്റ് ചെയ്തുകൊണ്ടുള്ള, പ്രതിലോമകരമായ സോഷ്യൽ എഞ്ചിനിയറിങ്ങാണ് ബി.ജെ.പി പിന്തുടരുന്നത്. അത് പക്ഷെ കേരളത്തിൽ ചെലവാകില്ല. കാരണം നമ്മുടെ വോട്ടർമാരിൽ മുസ്‍ലിം വോട്ടർമാർ, ക്രിസ്ത്യൻ വോട്ടർമാർ, ഈഴവ വോട്ടർമാർ, നായർ വോട്ടർമാർ എന്നിങ്ങനെ വേർതിരിക്കാനാകില്ല. എന്നാൽ അതിന്റെ പേരിൽ ജനങ്ങളെ തരംതിരിക്കാനോ വേർതിരിക്കാനോ സാധിക്കില്ല. കാരണം കേരളത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വേറെയാണ്. സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിച്ച് അധികാരത്തിൽ വരാൻ ബി.ജെ.പിക്ക് കഴിയില്ല. ഇത്തരത്തിൽ ജാതീയവും മതപരവുമായ ഭിന്നിപ്പുകൾ സൃഷ്ടിക്കാനേ അവർക്ക് കഴിയൂ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് ജാതീയമായ പിന്തുണയുടെ പുറത്തല്ല. മറിച്ച് സാമൂഹ്യമായ മാറ്റങ്ങൾ സൃഷ്ടിച്ചാണ്.

കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് അധികാരമേൽക്കുന്നു

പാർട്ടി ആദ്യമായി അധികാരത്തിൽ വരുമ്പോൾ ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങൾക്കിടയിൽ അവർക്ക് ദൃശ്യമാകുന്ന രീതിയിൽ നടത്തിയ പ്രവർത്തനങ്ങളായിരുന്നു പ്രധാനം, അല്ലാതെ ജാതിയായിരുന്നില്ല. അത് മനുഷ്യനൊപ്പവും അടിസ്ഥാനവർഗത്തിനൊപ്പവും നിൽക്കുന്ന രാഷ്ട്രീയമായിരുന്നു. കോൺഗ്രസിനും അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലമാണുള്ളത്. അത്തരമൊരു സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തിൽ, 2024-ലെ തെരഞ്ഞെടുപ്പ് വരുമ്പോൾ, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയെടുക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. ആളുകളെ ആ രീതിയിലേക്ക് മാറ്റാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ കേരളം ഇതുവരെയും അങ്ങനെയായിട്ടില്ല. ബി.ജെ.പി അവരുടെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന കലാപകരമായ രീതി കേരളത്തിൽ അത്ര എളുപ്പം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

2014 ലെ പൊതുതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ സി.എൻ. ജയദേവൻ 3,89,209 വോട്ടുകൾക്കാണ് തൃശൂരിൽ ജയിച്ചത്. രണ്ടാം സ്ഥാനം കോൺഗ്രസിന്റെ കെ.പി. ധനപാലനായിരുന്നു. 2019- ൽ 4,15,089 വോട്ടിന് കോൺഗ്രസിന്റെ ടി.എൻ. പ്രതാപൻ സീറ്റ് പിടിച്ചെടുത്തു. സി.പി.ഐയുടെ രാജാജി മാത്യു തോമസ് രണ്ടാമതായി. ഈ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് വ്യത്യാസമുണ്ടായിരുന്നെങ്കിലും ബി.ജെ.പി മൂന്നാമതായിരുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കും സിറ്റിംഗ് എം.പി ടി.എൻ. പ്രതാപൻ, തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് എന്നു പറഞ്ഞത്?

അപക്വവും അപമാനകരവുമായ, യഥാർഥ്യബോധവുമായി യാതൊരു ബന്ധവുമില്ലാത്ത നിലപാടാണത്. ഭയത്തിൽ നിന്നാണ് അത് വരുന്നത്. ഒട്ടും രാഷ്ട്രീയം ശ്രദ്ധിക്കാത്തൊരാൾ പോലും തൃശൂരിൽ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് എന്നു പറയില്ല. ബി.ജെ.പിയെ ഇന്ത്യ മുഴുവൻ എതിർക്കാൻ ഒരുങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഒരാൾ, തന്റെ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി ഇപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്ന് പറയുന്നതുവഴി അവർക്ക് അംഗീകാരം കൊടുക്കുകയാണ്. ജനത്തെ മണ്ടന്മാരാക്കുന്ന വില കുറഞ്ഞ പ്രസ്താവനയാണത്. ബിജെപി വിരുദ്ധ മതേതര പക്ഷത്തെ പരിഹസിക്കലാണത്. ഒരു കാര്യം വ്യക്തമായി പറയാം, തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലല്ല.

ടി.എൻ പ്രതാപൻ എം.പി

നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയത് ഇപ്പോഴും തീരാത്ത രാഷ്ട്രീയ വിവാദമായി നിൽക്കുന്നുണ്ടല്ലോ. തേക്കിൻകാട് മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജഡയാണെന്നും അത് മുറിച്ചുമാറ്റുന്നത് ആചാരലംഘനമാണെന്നും പറഞ്ഞിരുന്നവർ ഇതിന്റെ പേരിൽ പ്രതിഷേധങ്ങൾക്കു പുറമെ കോടതിയെ സമീപിക്കുകവരെ ചെയ്തിരുന്നു. മോദിക്കുവേണ്ടിയാണെങ്കിൽ ശിവന്റെ ജഡയും ആചാരലംഘനവുമൊന്നും വിഷയമല്ല എന്നാണോ ?

ബി.ജെ.പി. പറയുന്ന ആചാരസംരക്ഷണം, വിശ്വാസ സംരക്ഷണം ഒക്കെ അവസരവാദപരമായ നിലപാടുകൾ മാത്രമാണ്. യഥാർഥ വിശ്വാസികളെക്കുറിച്ച് യാതൊരു വിധത്തിലുള്ള പരിഗണനയുമുള്ള ആളുകളല്ല ആർ.എസ്.എസും ബി.ജെ.പിയും. അധികാരത്തിലേക്കുള്ള വെറും കുറുക്കുവഴികൾ മാത്രമാണ് സംഘപരിവാറിന് വിശ്വാസം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി വേണം ആല് മുറിച്ച സംഭവത്തെയും കാണാൻ. തേക്കിൻകാട് മൈതാനത്തെ മണികണ്ഠനാൽ, നടുവിലാൽ, നായ്ക്കനാൽ എന്നിവ വിശ്വാസികൾക്ക് വളരെയധികം സെന്റിമെന്റ്സുള്ള മരങ്ങളാണ്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ആൽ ചില അനുഷ്ഠാനങ്ങളോടെയാണ് മുറിക്കുക പോലും ചെയ്യാറ്. ആൽ മുറിക്കാൻ പാടില്ലെന്നല്ല പറയുന്നത്. അത് മുറിക്കുമ്പോൾ, ചില അനുഷ്ഠാനങ്ങളൊക്കെ അതിൽ വിശ്വസിക്കുന്നവർ ചെയ്യാറുണ്ട്. അതൊന്നും ഇവിടെ ബാധകമായില്ല. അതുകൊണ്ടാണ് പറയുന്നത്, ഇവർ പറയുന്ന ആചാരസംരക്ഷണമൊന്നും ആത്മാർഥതയുള്ള കാര്യമല്ല.

തൃശൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചില്ല മുറിച്ചു മാറ്റിയ ആൽമരം

വിശ്വാസികളെയും അവിടുള്ള മരങ്ങളെയും സംബന്ധിച്ച് ഓരോ കോൺസെപ്റ്റുണ്ട്. ശിവന്റെ ജഡയാണ് എന്നൊക്കെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. ബി.ജെ.പിയുടെ പല നേതാക്കളും പല സന്ദർഭങ്ങളിലും അങ്ങനെയൊക്കെ പറയാറുണ്ട്. വിശ്വാസത്തിന്റെ പേരിൽ അവിടെ ഷൂട്ടിംഗിന് അനുമതി നൽകാത്ത സംഭവമുണ്ടായിട്ടുണ്ട്. പൂരത്തിന് പോലും അവിടെ ആളുകൾ ചെരുപ്പിട്ട് കയറാൻ പാടില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ പറയുന്ന സ്ഥലത്താണ് ഇത് ചെയ്യുന്നത്. കമ്യൂണിസ്റ്റുകാരോ മറ്റാരെങ്കിലുമോ ആണ് ഇത് ചെയ്തതെങ്കിൽ ഇവരുടെ നിലപാടെന്തായിരിക്കും? നവകേരളയാത്ര വരുന്നത് പ്രമാണിച്ച് തേക്കിൻകാട് മൈതാനത്ത് ഒരു ആലിന്റെ കൊമ്പ് മുറിച്ചാലുള്ള സ്ഥിതി എന്തായിരിക്കും? സുരക്ഷയുടെ പേരിലാണ് എന്നായിരിക്കുമോ നിലപാട്? നരേന്ദ്രമോദി ആയപ്പോ വിശ്വാസം ബാധകമല്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ.

‘ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണ കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാവർക്കും അറിയാം’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആരെ ഉന്നം വെച്ചാണ്?

2021-ലെ തിരഞ്ഞെടുപ്പ് കാലം മുതലാണല്ലോ സ്വർണക്കടത്ത് ആരോപിക്കുന്നത്. ബി.ജെ.പിയാണത് ആദ്യം ആരോപിക്കുന്നത്. അതിന്റെ അന്വേഷണം നടത്തിയത് കേന്ദ്ര സർക്കാർ ഏജൻസികളാണ്. സി.ബി.ഐ. മുതൽ കസ്റ്റംസ് വരെ സകല ഏജൻസികളും ഇവിടെ വന്ന് അന്വേഷിച്ച്, പ്രതികളെ അറസ്റ്റ് ചെയ്ത് നടപടിക്രമങ്ങളൊക്കെ പൂർത്തീകരിച്ചു. അന്നൊക്കെ ഈ ഗവൺമെന്റിനെതിരെ എല്ലാത്തരം ആരോപണങ്ങളും ഉന്നയിച്ചുകഴിഞ്ഞു. 2024-ൽ വന്ന് ഒരു പുതിയ ആരോപണം ഉന്നയിക്കാൻനരേന്ദ്രമോദിക്ക് കഴിഞ്ഞിട്ടില്ല. ഈ സർക്കാരിനെതിരെ കാമ്പുള്ള ഒരു ആരോപണം പോലും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. സ്വർണക്കടത്ത് വീണ്ടും പൊടിതട്ടിയെടുക്കുന്നത് പരിതാപകരമായ അവസ്ഥയാണ്.

സ്വപ്ന സുരേഷ്

സ്വർണക്കടത്തിൽ ഏത് ഓഫീസിനാണ് ബന്ധമെന്ന് ഇദ്ദേഹം കണ്ണാടിയിൽ നോക്കുന്നതുപോലെ നോക്കേണ്ട കാര്യമാണ്. കള്ളക്കടത്ത് നടന്നത് എയർപോർട്ടിലാണ്. അത് കേന്ദ്ര സർക്കാരിന്റെ പൂർണ അധികാരപരിധിയിൽ വരുന്നതാണ്. ഇതിന്റെയൊക്കെ കേന്ദ്രമായി നിന്നത് ഒരു വിദേശ രാജ്യത്തിന്റെ ഓഫീസാണ്. അത് വിദേശമന്ത്രാലയത്തിനുകീഴിലാണ്. സ്വർണം ഇങ്ങോട്ടേക്ക് കടത്തിയത് കോൺസുലേറ്റ് വഴിയാണ്. അതുമായി ബന്ധപ്പെട്ടവരെ പിടിക്കേണ്ടത് കേരള സർക്കാരല്ല, അത് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. സ്വർണക്കടത്തിന്റെ യഥാർഥ പ്രതികളും അതുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും കിടക്കുന്നത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാണ്.

മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ളത് ആരോപണം മാത്രമാണ്. ഈ ആരോപണം തെളിയിക്കാനുള്ള ഒന്നും മുഖ്യമന്ത്രിക്കെതിരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുറ്റപത്രത്തിൽ പോലും മുഖ്യമന്ത്രിയുടെ പേരോ, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട തെളിവോ കൊണ്ടുവരാൻ പറ്റിയിട്ടില്ല. കേസിൽ കൃത്യമായി പ്രതിസ്ഥാനത്ത് നിൽക്കുന്ന ഒരു വ്യക്തിയുണ്ട്. ആ വ്യക്തിയെ ഇപ്പോ സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് ബി.ജെ.പിയുമായി ബന്ധപ്പെട്ട ആളുകളാണ്. അങ്ങനെയുള്ള ചില കാര്യങ്ങൾ ജനം മനസിലാക്കി. പുതിയ ആരോപണങ്ങൾ കിട്ടാതെ വരുമ്പോൾ വീണ്ടും സ്വർണക്കടത്ത് ഉന്നയിക്കുകയാണ്. അതിലൂടെ കേരളത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കുന്നതിന്റെ ഭാഗമാണത്.

ചിത്രീകരണം: ദേവപ്രകാശ്

കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രസർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമാണെന്നാണ് സർക്കാർവിശദീകരിക്കുന്നത്. എൽ.ഡി.എഫിന്റെ നേതൃത്വത്തിന്റെ കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം തുടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ നിലവിലെ ധനപ്രതിസന്ധിയുടെ മൂലകാരണമെന്താണ് ?

രണ്ട് പ്രളയങ്ങൾ, കോവിഡ് എന്നിവ ജനത്തെ നേരിട്ട് ബാധിച്ച ദുരന്തകാലത്ത് പോലും സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചവരാണ് കേന്ദ്ര സർക്കാർ. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി കിട്ടേണ്ട ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. എന്നിട്ടും ഏറ്റവും കാര്യക്ഷമമായി ആ ദുരന്തങ്ങളെ സർക്കാർ നേരിട്ടു. സർക്കാർ ഇവിടെ 59 ലക്ഷം പേർക്ക് 1600 രൂപ വീതം പെൻഷൻ കൊടുക്കുന്നുണ്ട്. അതിൽ ചെറിയ ഒരു വിഹിതമാണ് കേന്ദ്രത്തിന്റെ പങ്ക്. അഞ്ചോ പത്തോ ലക്ഷം പേർക്ക് മാത്രമാണ് ആ വിഹിതം കിട്ടുന്നത്. അതുപോലും നമുക്ക് തരാതിരുന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ 60 ലക്ഷം കുടുംബങ്ങൾക്ക് കൃത്യമായിൽ പെൻഷൻ കൊടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡ് സമയത്ത് 88 ലക്ഷം വീടുകളിൽ സൗജന്യമായി ഭക്ഷ്യവസ്തുക്കൾ കൊടുത്തു. ഇതെല്ലാം സംസ്ഥാന സർക്കാർ നമ്മുടെ സാമ്പത്തിക ഭദ്രത വെച്ച് ചെയ്ത കാര്യങ്ങളാണ്.

പിണറായി വിജയൻ

ഇവിടെ സർക്കാരിന് ലഭിക്കുന്ന ജനപിന്തുണയുടെ പ്രധാന കാരണം, എത്ര ആരോപണം ഉന്നയിച്ചാലും അവരുടെ അനുഭവങ്ങൾ മറിച്ചാണ് എന്നതാണ്. ആശുപത്രികളിൽ മരുന്ന് കിട്ടുന്നു, നല്ല സൗകര്യം കിട്ടുന്നു, നല്ല വിദ്യാഭ്യാസം കിട്ടുന്നു, പാർപ്പിട പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുന്നു, ദൈനംദിന ജീവിതത്തിൽ പട്ടിണിയില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. ഈ അനുഭവങ്ങളാണ് ജനം നോക്കുന്നത്. ഈ അനുഭവങ്ങളെ തടയുക എന്നതാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം, അതാണിപ്പോൾ അവർ ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികൾ നടത്താൻ പറ്റാത്ത വിധത്തിൽ സാമ്പത്തികസ്ഥിതി തകർക്കണമെന്നത് ആർ.എസ്.എസിന്റെ പൊളിറ്റിക്കൽ സ്ട്രാറ്റജിയാണ്.

ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലായാലും ജി.എസ്.ടി വഴി നമുക്ക് കിട്ടേണ്ട നികുതി വിഹിതത്തിന്റെ കാര്യത്തിലായാലും കടമെടുപ്പ് പരിധിക്കകത്തുനിന്നുകൊണ്ട് കടമെടുക്കാനുള്ള അവകാശത്തിന്റെ കാര്യത്തിലായാലും ഉദ്ദേശ്യം ഒന്നാണ്.

സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട പണം തരാതിരിക്കുമ്പോൾ എന്താണ് സംഭവിക്കുക? സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഞെരുക്കം നേരിടും. അപ്പോൾസ്വാഭാവികമായും പെൻഷൻ വൈകും. ആവശ്യമായ സബ്‌സിഡി കൊടുക്കാൻ പറ്റാത്ത പ്രശ്‌നം വരും. അങ്ങനെ സർക്കാരിന്റെ ജനപ്രിയമായ പദ്ധതികളിൽപ്രശ്‌നം സൃഷ്ടിക്കാനാവും. അപ്പോൾ പുറത്തുനിന്ന് പറയും, അരി കിട്ടിയില്ല, പെൻഷൻ കിട്ടിയില്ല, സർക്കാർ സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് എന്ന്. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കാര്യമാണ്. ഒരു ശത്രുരാജ്യത്തോട് ഉപരോധം ഏർപ്പെടുത്തുന്നതുപോലെയാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നത്. ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയോടല്ല യഥാർഥത്തിൽ ഇത് ചെയ്യുന്നത്, ജനങ്ങളോടാണ്. അത് ജനങ്ങൾ അങ്ങനെ തിരിച്ചറിയാൻ തുടങ്ങിക്കഴിഞ്ഞാൽ ബി.ജെ.പിക്ക് രാഷ്ട്രീയമായി കനത്ത തിരിച്ചടിയുണ്ടാവുമെന്നത് അവർ മനസിലാക്കണം.

നിർമ്മല സീതാരാമൻ

കേന്ദ്രം ഇവിടെനിന്ന് ഒരു രൂപ പിരിച്ചുകൊണ്ടു പോകുമ്പോൾ എത്ര പൈസ കേരളത്തിന് തിരിച്ച് കിട്ടുന്നുണ്ട്. എത്ര പൈസ യു.പിക്കും ബീഹാറിനും കൊടുക്കുന്നുണ്ട്- ഇത് താരതമ്യം ചെയ്താൽ കേരളത്തിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ ചെയ്യുന്നത് അക്ഷന്തവ്യവും ഭരണഘടനാ വിരുദ്ധവുമായ വിവേചനമാണ്. അത് ജനങ്ങളറിയണം.

കേരളത്തിലെ ധനപ്രതിസന്ധിക്കുകാരണം സർക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നാണല്ലോ കോൺഗ്രസ് പറയുന്നത് ?

കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് പോകുന്ന എം.പിമാർ എല്ലാ കാലത്തും കേരളത്തിന്റെ പൊതുതാൽപര്യത്തിനൊപ്പമായിരുന്നു നിന്നിരുന്നത്. കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിൽ ഒരുമിച്ച് സംസാരിക്കുകയും ഒരുമിച്ച് നിവേദനം കൊടുക്കുകയും ഒരുമിച്ച് സമരം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ കേന്ദ്ര അവഗണനയ്‌ക്കെതിരെ കോൺഗ്രസിന് പ്രതിഷേധമില്ല. മറിച്ച് കേരളം പ്രതിസന്ധിയിലാവട്ടെ എന്ന് കരുതുകയാണവർ. അധികാര രാഷ്ട്രീയത്തിനപ്പുറം ഒരജണ്ടയും കോൺഗ്രസിനില്ല. ഇതിന്റെ പേരിൽ ഈ സർക്കാരിനെ ഒറ്റപ്പെടുത്തിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അധികാരം കിട്ടും എന്ന സങ്കുചിതരീതി പാർലമെന്റിൽ വരെ അവർ അനുവർത്തിക്കുന്നുണ്ട്.

ലക്ഷ്യം അധികാര രാഷ്ട്രീയമാണ്. പ്രതിപക്ഷത്തിന് നന്നായി അറിയാം, കേന്ദ്രം ഇവിടെ നടത്തുന്നതെന്താണെന്ന്. ഇ.ഡി. ഇവിടെ വന്ന് ചെയ്യുന്ന കാര്യങ്ങളും അവർ രാഹുൽ ഗാന്ധിക്കെതിരെ ചെയ്യുന്നതും രണ്ടുതരം കാര്യങ്ങളായിട്ടാണ് അവർ കാണുന്നത്. ഇത് രണ്ടും രണ്ടല്ല എന്നതും കെജ്രിവാളിനെതിരെയും രാഹുൽഗാന്ധിക്കെതിരെയും കേരളത്തിനെതിരെയും മറ്റ് കോൺഗ്രസ് സംസ്ഥാനങ്ങൾക്കെതിരെയും ഇ.ഡി നടത്തുന്നത് ഒരേ കാര്യം തന്നെയാണെന്നും അവർക്ക് നന്നായി അറിയാം. കേരളത്തിന്റെ കാര്യം വരുമ്പോൾ പക്ഷെ കോൺഗ്രസ് ഇരട്ടത്താപ്പ് എടുക്കും. കാരണം, അതുപയോഗിച്ച് അധികാരം കിട്ടുമോ എന്നാണ് കോൺഗ്രസ് നോക്കുന്നത്. ജനങ്ങളുടെ രാഷ്ട്രീയമല്ല, അധികാരത്തിന്റെ രാഷ്ട്രീയമാണ് അവരുടെ ലക്ഷ്യം. ബാബറി മസ്ജിദ് വിഷയത്തിലും അവർ ചെയ്യുന്നത് അതേ പവർ പൊളിറ്റിക്‌സ് ആണ്.

എന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്ര അവഗണനയെ കേരളത്തിന് ചെറുക്കാൻ കഴിയാത്തത്? മാധ്യമങ്ങൾ പോലും ഇത് വേണ്ടവിധം തിരിച്ചറിയുന്നില്ലല്ലോ?

തിരിച്ചറിയാത്തതുകൊണ്ടല്ല. കേന്ദ്ര സർക്കാരിനെ ഏതെങ്കിലും തരത്തിൽ അലോസരപ്പെടുത്താനോ ചോദ്യം ചോദിക്കാനോ ഒരു മീഡിയയും ഇന്ന് താൽപര്യപ്പെടുന്നില്ല. എന്നാൽ കേന്ദ്രം ഭരിക്കുന്നവർക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ചുകഴിഞ്ഞാൽ അവരുടെ പ്രീതി പിടിച്ചുപറ്റാമെന്ന് മീഡിയക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടാണ് അവർ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ താൽപരങ്ങൾക്കനുസൃതമായി കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവെക്കുകയും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായ പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ദുർഭരണവുമായി ചിത്രീകരിക്കുന്നത്. വസ്തുതകൾ പക്ഷപാതിത്വമില്ലാതെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധർമം. ഇടതുപക്ഷത്തെ വിമർശിക്കേണ്ടിടത്ത് നന്നായി വിമർശിക്കണം. കേന്ദ്രത്തെ പറയേണ്ടിടത്ത് അത് പറയുകയും വേണം. എന്നാൽ കേന്ദ്രത്തെ കുറിച്ചൊരക്ഷരം മീഡിയ മിണ്ടുന്നില്ല. അത് ഇന്നത്തെ ഏറ്റവും വലിയ ട്രാജഡിയാണ്. ഇന്ത്യയിൽ മീഡിയയുടെ പ്രവർത്തന രീതിയിൽ വന്ന മാറ്റമാണത്. അതെന്താണെന്ന് എല്ലാവർക്കും അറിയാം.

കേന്ദ്ര സർക്കാറിന്റെ ഈ അവഗണനയുടെ യഥാർത്ഥ ഇരകളാരാണ്?

ജനാധിപത്യത്തിൽ പ്രതിപക്ഷം, ഭരണപക്ഷം, പത്രമാധ്യമങ്ങൾ എന്നൊക്കെ പറയുന്നവർക്ക് ഓരോ ധർമങ്ങളുണ്ട്. അതിന്റെ ഭാഗമായി നിൽക്കുമ്പോഴേ ജനാധിപത്യം നല്ല നിലയിൽ മുന്നോട്ട് പോവൂ. അങ്ങനെ പോയാലേ ഈ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് നേട്ടങ്ങളുണ്ടാവൂ. സ്റ്റേറ്റ്- യൂണിയൻ റിലേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കാണിക്കുന്ന ഏകാധിപത്യപരമായ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഇരകൾ കേരളത്തിലെ ജനങ്ങളാണ്.

ഒരുദാഹരണം പറഞ്ഞാൽ, കേന്ദ്രത്തിന്റെ പല പദ്ധതികൾക്കും കേരളത്തിന് പണം തരുന്നില്ല. അല്ലെങ്കിൽ അതിന്റെ അനുപാതം വെട്ടിക്കുറയ്ക്കുന്നു. 60:40 എന്നത് മാറ്റി കേരളം തന്നെ കൂടുതൽ പണം മുടക്കേണ്ടിവരുന്നു. മറ്റു പല സംസ്ഥാനങ്ങൾക്കും കിട്ടുന്ന പദ്ധതികൾ നമുക്ക് കിട്ടുന്നില്ല. സംസ്ഥാനങ്ങൾക്ക് അവരുടെ റവന്യു വരുമാനത്തിനനുസരിച്ച് കടം എടുക്കാൻ അവകാശമുണ്ട്. കടം എടുത്ത് മൂലധനച്ചെലവ് വഹിച്ചുകൊണ്ടാണ് ഒരു നാട് വികസിക്കുക. ഒരു നാടിന് കടമെടുക്കാനുള്ള അവകാശം നിഷേധിക്കുക വഴി, ആ നാടിന്റെ വികസന പ്രക്രിയക്ക് തടസമുണ്ടാവും. അത് ജനങ്ങളെ ബാധിക്കും. അത് ചിലപ്പോൾ വിദ്യാഭ്യാസരംഗത്തായിരിക്കും, ആരോഗ്യ രംഗത്തായിരിക്കും. അങ്ങനെ പല കാര്യങ്ങളെയും ബാധിക്കും. ഈ കാര്യങ്ങളൊക്കെയാണ് കേരള സർക്കാറിന്റെ നവകേരള സദസ്സിൽ വിശദീകരിച്ചത്.

നവകേരള സദസ്സിലൂടെ ജനത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനായോ? നവകേരളസദസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ എങ്ങനെ കാണുന്നു?

നവകേരള സദസിനെ പലയാളുകളും അപഹസിച്ചല്ലോ. ഉമ്മൻചാണ്ടിയുടെ കാലത്തും ഇത്തരം പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്ന്, സഹായം കിട്ടുമെന്ന് കരുതിയാണ് ആളുകൾ വന്നിരുന്നതെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല. ഇവിടെ നിവേദനങ്ങൾസ്വീകരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ടും ഓരോ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. അതായത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ അവരോടു പറയാൻ ഞങ്ങൾ ഞങ്ങളുടേതായ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടേതായ രീതിയിൽ താഴേത്തട്ടിൽ വീട്ടുമുറ്റ യോഗങ്ങളൊക്കെ നടത്തി ജനങ്ങളോട് സംസാരിക്കാൻ സാധിച്ചു. അവരുടെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ കേൾക്കാനായി. ഈയൊരു ആശയവിനിമയം ഇടതുപക്ഷമുന്നണി നല്ലരീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് മാധ്യമങ്ങളിൽ വരുന്നില്ല എന്നുകരുതി ജനങ്ങളിത് അറിയുന്നില്ല എന്ന് ധരിക്കാൻ പാടില്ല. മാധ്യമസഹായമില്ലാതെ തന്നെ ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന സംഘടനാശരീരമുള്ള പാർട്ടിയാണ് ഇടതുപക്ഷ ജനധിപത്യ മുന്നണി.

നവകേരള സദസിനിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസിനെതിരായി കോൺഗ്രസ് മറ്റൊരു വലിയ സദസ് നടത്തിയല്ലോ. അതിൽ 500 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതായി ഏതെങ്കിലും മാധ്യമത്തിലൂടെ കണ്ടോ. അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്. അവർക്ക് എന്തുകൊണ്ടാണ് ജനങ്ങളെ സംഘടിപ്പിക്കാൻ കഴിയാതെപോയത്.

നവകേരള സദസിനെതിരെ വാർത്തകൾ സൃഷ്ടിച്ച് അതിനെതിരെയുള്ള വികാരമുണ്ടാക്കാനായിരുന്നു ശ്രമം. അവിടേക്ക് ജനം വരാതിരിക്കാനുള്ള കാര്യങ്ങളാണ് മാധ്യമങ്ങൾ ചെയ്തത്. എന്നിട്ടുപോലും നവകേരള സദസിന് ജനകീയ പങ്കാളിത്തമുണ്ടായി. ഭരണകക്ഷിയെ പ്രതിപക്ഷം വിമർശിക്കണം. അത് സംശയമില്ലാത്ത കാര്യമാണ്. സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ അവർ ഉയർത്തുന്നുണ്ട്. എന്നാൽ അത് തെളിയിക്കാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ അവർക്ക് സാധിച്ചിട്ടുണ്ടോ. എ.ഐ ക്യാമറ, കെ ഫോൺ എന്നിവയുമായി ബന്ധപ്പെട്ട് എത്രയോ ആരോപണങ്ങൾ അവർ ഉയർത്തിയിരിക്കുന്നു. എന്നാൽ അതൊന്നും ജനങ്ങളുടെ മുന്നിൽ ബോധിപ്പിക്കാനായിട്ടില്ല.

വിമോചന സമരത്തിനിടെ

1957-ൽ നടന്നതുപോലെയുള്ള വിമോചന സമരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതായത് അന്നത്തെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ കേന്ദ്ര സർക്കാരും ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളും മറ്റ് വർഗീയ പാർട്ടികളും നടത്തിയപോലെയുള്ള മറ്റൊരു വിമോചന സമരം. യു.ഡി.എഫ് നടത്തിയ സമരങ്ങൾ നോക്കൂ, തെക്കോട്ട് ജാഥ എത്തുമ്പോൾ അതിനുനേരെ ചെരിപ്പെറിയുന്നു, മുളകുപൊടി കോഴിമുട്ടയിലാക്കി പൊലീസിനുനേരെ എറിയുന്നു. കല്ലും ഇരുമ്പ് വടിയും കൊണ്ട് പൊലീസിനെ ആക്രമിക്കുന്നു. വെടിവെപ്പോ ഭീകരമായ പൊലീസ് നടപടിയോ ഉണ്ടാക്കിക്കുക, എന്നിട്ട് ക്രമസമാധാനം തകർന്നു എന്നു പറയിക്കുക- ഇതായിരുന്നു ലക്ഷ്യം. അങ്ങനെ വരുമ്പോൾ കേന്ദ്ര സർക്കാരിനെ കൊണ്ട് മന്ത്രിസഭ പിരിച്ചുവിടാനുള്ള നടപടിയെടുപ്പിക്കാമ​ല്ലോ. നവകേരള സദസിലൂടെ കേരളത്തിന്റെ ക്രമസമാധാനം തകരാറിലായി എന്നാണ് പാർലമെന്റിൽ തന്നെ അവർ പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന സർക്കാരിനുമുന്നിൽ ഒരു ജനാധിപത്യ സർക്കാരിനെതിരെ ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുക എന്നത് വിമോചന സമരത്തെ ഓർമിപ്പിക്കുന്ന കാര്യങ്ങളാണ്.

നവകേരള സദസ് എത്രമാത്രം ഫലപ്രദമായിരുന്നു? പ്രതിപക്ഷ ബഹിഷ്ക്കരണം നവകേരള സദസ്സിനെ ബാധിച്ചോ?

നിവേദനം നൽകിയ ഒരു ലക്ഷം പേരിൽ 30,000 പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി എന്നു വിചാരിക്കുക. മാധ്യമപ്രവർത്തകർ കിട്ടിയില്ലെന്ന് പറഞ്ഞാലും, 30,000 പേർക്ക് വസ്തുത അറിയാമല്ലോ. അതുകൊണ്ട് മാധ്യമങ്ങൾ എന്ത് പ്രചരിപ്പിച്ചിട്ടും കാര്യമില്ല. ജനങ്ങൾക്ക് നല്ല അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് അനന്തര ഫലമുണ്ടാകുന്നതെങ്കിൽ നവകേരള സദസ് വിജയിച്ചു എന്നേ പറയാൻ സാധിക്കുകയുള്ളൂ. അങ്ങനെ വരുമെന്നാണ് എന്റെ പ്രതീക്ഷ.

കോൺഗ്രസ് പറഞ്ഞല്ലോ, ഇതൊരു രാഷ്ട്രീയ കാമ്പയിനായിരുന്നു എന്ന്. രാജ്യത്തെ പ്രശ്നങ്ങൾ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന സർക്കാരിനില്ലേ. അല്ലെങ്കിൽ അത് യു.ഡി.എഫ് ചെയ്യണമായിരുന്നു. ഞങ്ങൾ അധിക നികുതി എടുക്കുന്നു എന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി കേന്ദ്രമല്ലേ. ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ നടത്തിയ ജനസമ്പർക്കയാത്രയിൽ എം.എൽ.എയായിരുന്ന ഞാനൊക്കെ പങ്കെടുത്തിരുന്നു. ഇത് ശരിയല്ലെന്ന് ഞങ്ങൾ വിമർശിച്ചിരുന്നു, എന്നാൽ ബഹിഷ്‌കരിക്കുകയല്ല ചെയ്തത്. ആനുകൂല്യങ്ങൾ ആവശ്യമുള്ള ജങ്ങളെയും കൂട്ടി ഞങ്ങൾ അവിടെ പോയി ഇരുന്നു. എന്നാൽ, നവകേരളസദസിൽ പങ്കെടുക്കാതെ പ്രതിപക്ഷം ചെരിപ്പും കല്ലും എറിയുകയാണ് ചെയ്തത്. ജനാധിപത്യത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ജനങ്ങൾക്കുവേണ്ടി സഹകരിക്കേണ്ട ചില മേഖലകളുണ്ട്. അത് അങ്ങനെ തന്നെ പോകണം.

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക യാത്രയില്‍ നിന്ന്

കേരളത്തിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വകുപ്പ് ആഭ്യന്തര വകുപ്പാണ്. കസ്റ്റഡി കൊലപാതകങ്ങൾ മുതൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നഴ്സുമാരുടെ പ്രതിഷേധ മാർച്ചിൽ സംസാരിച്ചുകൊണ്ടിരുന്ന കല്ല്യാശ്ശേരി എം.എൽ.എ എം. വിജിന്റെ മൈക്ക് പിടിച്ചുവാങ്ങിയതുവരെ നീളുന്ന അനേകം സംഭവങ്ങൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സമ്മേളനകാലം പൊലീസിനെതിരായ വിമർശനങ്ങളാൽ വാർത്തയിൽ ഇടം പിടിക്കാറുണ്ട്. കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായ വിമർശനങ്ങളിൽ വസ്തുകളില്ലേ?

സമരത്തിനിടെ സംസാരിച്ചുകൊണ്ടിരുന്ന ജനപ്രതിനിധിയുടെ മൈക്ക് തട്ടിപ്പറിക്കുന്നത് ശരിയായ കാര്യമല്ല. എം.എൽ.എ ജനത്തിന്റെ പ്രതിനിധിയാണ്. ഉദ്യോഗതലത്തിലെ ഹൈറാർക്കി നോക്കിയാലും പ്രോട്ടോക്കോൾ അനുസരിച്ച് ചീഫ് സെക്രട്ടറിയുടെ മുകളിലാണ് എം.എൽ.എ. അതുകൊണ്ട് പൊലീസിന്റെ ആ നടപടിയോട് ഒരിക്കലും യോജിക്കാനാകില്ല. എന്നാൽ പൊലീസ് എന്ന സംവിധാനം മുഴുവൻ കുഴപ്പം പിടിച്ചതാണ് എന്ന വാദത്തോട് യോജിപ്പില്ല. പൊലീസിന്റെ മനോവീര്യം തകർക്കരുത് എന്നുപറയുന്നത് പൊലീസിനെ അന്ധമായി ന്യായീകരിക്കലാണെന്ന് വ്യാഖ്യാനിക്കരുത്. പൊലീസിനെ രാഷ്ട്രീയ താൽപര്യത്തിന് ഉപയോഗിക്കരുത് എന്നു മാത്രമാണത്. പൊലീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേരളാ പൊലീസിന്റെ പൊതുസ്വഭാവവുമല്ല.

എം. വിജിൻ എം.എൽ.എ

രാജ്യം പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വർഷത്തെ എൻ.ഡി.എ ഭരണം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇന്ത്യ മുന്നണി രൂപം കൊണ്ടത്. ആ മുന്നണിയിൽ എത്രമാത്രം പ്രതീക്ഷയുണ്ട്?

കൃത്യസമയത്ത് രൂപീകരിക്കപ്പെട്ടിട്ടുള്ള ചരിത്രപരമായ ഒരു മുന്നണിയാണിത്. കാരണം 2014-ൽ അങ്ങനെയൊരു മുന്നണിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 2019-ൽ പോലും അത് സാധിച്ചിട്ടില്ല. ബി.ജെ.പിക്കെതിരെ ഇന്ത്യയുടെ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നിർത്താൻ, പ്രത്യേകിച്ച് പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിക്കാൻ നമുക്ക് സാധിച്ചിട്ടില്ല.

ബി.ജെ.പി സർക്കാരിന്റെ ഏകാധിപത്യം, ഫെഡറലിസവുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകൾ, ഭരണഘടനാവിരുദ്ധമായ സമീപനം, മതരാഷ്ട്രീയ നിർമിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ പാകത്തിൽ മുന്നണി രൂപീകരിക്കപ്പെട്ടുകഴിഞ്ഞു. ബി.ജെ.പിക്കെതിരെ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരുമിക്കുന്ന അവസ്ഥയുണ്ട് ഇന്ന്. അതുകൊണ്ടാണ് 27 പാർട്ടികൾ കൂടിച്ചേർന്ന് ബി.ജെ.പിക്കെതിരെ ഒരു മുന്നണി സാധ്യമായത്. എൻ.ഡി.എ ശക്തിപ്പെടുകയല്ല, ദുർബലപ്പെടുകയാണ് ചെയ്തത്. എൻ.ഡി.എയും ബി.ജെ.പിയും പോയി, ബി.ജെ.പിയെന്നാൽ നരേന്ദ്ര മോദിയുമായി. അതുകൊണ്ടാണല്ലോ ‘മോദിയുടെ ഗ്യാരന്റി’ എന്ന് വന്നത്. അത് എൻ.ഡി.എയുടെയോ ബി.ജെ.പിയുടെയോ ഗ്യാരന്റിയല്ല, മറിച്ച് മോദിയുടെ ഗ്യാരന്റിയാണ്. കൃത്യമായ ഏകാധിപത്യത്തിലേക്ക് ഭരണകൂടം വന്നുകഴിഞ്ഞാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ഇന്ത്യ മുന്നണിയിലൂടെ അവരെ ഓർമപ്പെടുത്തുകയാണ്.

ഇന്ത്യ മുന്നണിയിലെ നേതാക്കള്‍

കോൺഗ്രസിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ അവർ അവരുടെ അധികാര രാഷ്ട്രീയമാണ് ഉപയോഗിച്ചത്. അവിടങ്ങളിൽ ഇപ്പറയുന്ന മുന്നണി ഉണ്ടാക്കിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ റിസൾട്ടായിരിക്കില്ല ഉണ്ടാകുമായിരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരം കിട്ടിയിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്കകത്തുള്ള ഹെജിമണി അവർക്ക് നിലനിർത്താനാകുമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലിരുന്ന് ഭരിക്കാൻ കഴിയുമെന്ന ധാരണയാണ് കോൺഗ്രസിനുണ്ടായിരുന്നത്. അതുകൊണ്ടാണ് മുന്നണിയുടെ കാര്യത്തിൽ അങ്ങനെയൊരു നിലപാട് കഴിഞ്ഞ തെരഞ്ഞടുപ്പിൽ അവരെടുത്തത്. എന്നാൽ, പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന് കാര്യം മനസിലായി. ഈ പരാജയം ഇന്ത്യ മുന്നണിയെ സംബന്ധിച്ച് വലിയൊരു അനുഭവ പാഠമാണ്. അതുവഴി രാഷ്ട്രീയമായ ഒരു പ്ലാറ്റ്ഫോമായി ഇന്ത്യ മുന്നണി മാറിയെന്നാണ് എന്റെ നിരീക്ഷണം.

ബാബറി മസ്ജിദ് പൊളിച്ച് അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളെ കൂടി ക്ഷണിച്ചിട്ടുണ്ടല്ലോ. ക്ഷണം സ്വീകരിക്കുന്നത് ഇന്ത്യ മുന്നണിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ?

ബാധിക്കാതിരിക്കാൻ ഇന്ത്യ മുന്നണി ശ്രമിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കോൺഗ്രസ് പറയുന്നത്, സുപ്രീം കോടതിവിധി പ്രകാരം നിയമപരമായിട്ടാണല്ലോ അമ്പലം പണിതത് എന്നാണല്ലോ. അമ്പലം പണിതത് കോടതിവിധി പ്രകാരമാണ് എങ്കിൽ, പള്ളി പൊളിച്ചത് നിമവിരുദ്ധമായിട്ടാണ്. അതാണ് ഇവിടത്തെ പ്രധാന പ്രശ്നം. അല്ലാതെ ശ്രീരാമന്റെ പേരിലൊരു അമ്പലം പണിയുന്നതിൽ ആർക്കും എതിർപ്പൊന്നുമില്ല.

സംഘപരിവാർ പ്രവർത്തകർ ബാബറി മസ്ജിദ് തകർക്കുന്നതിനിടെ

ഇക്കാര്യത്തിലുള്ള കോൺഗ്രസ് നിലപാടിനെക്കുറിച്ച് എന്തു പറയുന്നു?

കോൺഗ്രസ് അയോധ്യയിലേക്ക് പോകുന്നത് ആത്മഹത്യപരമായ നിലപാടാണ്. അതുവഴി, അവരുടെ സ്വന്തം പാരമ്പര്യമായ മതനിരപേക്ഷ നിലപാടിനെ എതിർക്കുകയാണ് ചെയ്യുക. അത് ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യത്തിന് വിരുദ്ധമായ കാര്യമാണ്. അവർ ഇപ്പോൾ കാണിക്കുന്നത് രാജീവ് ഗാന്ധിയുടെ പാരമ്പര്യമാണ്. ഇപ്പോഴത്തെ കോൺഗ്രസ് നെഹ്റുവിന്റെ കോൺഗ്രസല്ല, രാജീവ് ഗാന്ധിയുടെ കോൺഗ്രസാണ്. രാജീവ് ഗാന്ധിയാണ് ബാബറി മസ്ജിദിനുള്ളിൽ വിഗ്രഹ പ്രതിഷ്ഠ നടത്താൻ അനുവാദം നൽകിയത്. അതിനുശേഷമുള്ള തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി ജാഥ ആരംഭിച്ചത് മോദി വടക്കുനാഥന്റെ മുന്നിൽ നടത്തിയതുപോലെ, ഈ പറയുന്ന അയോധ്യയിൽ നിന്നായിരുന്നു. അതാരും മറന്നിട്ടില്ല.

അതായത്, കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു ഹൈന്ദവരെയും സന്യാസിമാരെയും പ്രീണിപ്പിച്ചുനിർത്തുക എന്നത്. അതുകൊണ്ട് ഇനിയെങ്കിലും മതനിരപേക്ഷ നിലപാട് പറയാൻ കോൺഗ്രസ് ആർജ്ജവം കാണിക്കണം.

Comments