വൻകിട മുതലാളിത്ത വർഗ നേതൃത്വത്തിലുളള ഭരണവർഗസഖ്യത്തിന് ജനം നൽകിയ കനത്ത തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ബി ജെ പി എന്ന തങ്ങളുടെ മുഖ്യ രാഷ്ട്രീയപാർട്ടിയിലൂടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും വൻകിട മുതലാളിത്ത വർഗം ഏകകക്ഷി ഭൂരിപക്ഷം നേടിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അതവർക്ക് നഷ്ടപ്പെട്ടു. 1989- നു ശേഷം ദേശീയരാഷ്ട്രീയത്തിൽ സ്ഥാപിതമായ ഐക്യമുന്നണി ഭരണം പത്തുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും കൂടുതൽ ശക്തമായി തിരിച്ചെത്തി.
291 അംഗങ്ങളുള്ള ദേശീയ ജനാധിപത്യ സഖ്യം കേവലം 19 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഭരണത്തിലെത്തിയത്. വീണ്ടും മുന്നണിഭരണത്തിന് നിർബന്ധിതമാകേണ്ടിവന്നത് ഭരണവർഗസഖ്യത്തിന് ലഭിച്ച കനത്ത ആഘാതവും തൊഴിലാളികളും കർഷകരും അധ്വാനിക്കുന്ന ജനവർഗങ്ങളും നേടിയ ചരിത്രവിജയമാണ്.
കോർപ്പറേറ്റ് നയങ്ങൾക്കെതിരെ ഉയർന്നുവന്ന വർഗസമരങ്ങളും അതിലൂടെ രൂപപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും സംഘടനകളുടെ ഐക്യം അടിസ്ഥാനമാക്കി രൂപപ്പെട്ട ബഹുജന മുന്നണിയുമാണ് രാഷ്ട്രീയ- സാമ്പത്തിക മേഖലകളിൽ മേധാവിത്വം സ്ഥാപിച്ച കോർപ്പറേറ്റ് ശക്തികൾക്ക് തിരിച്ചടി നൽകാൻ ജനങ്ങളെ പ്രാപ്തരാക്കിയത്. ഭരണഘടനയേയും ജനാധിപത്യ പ്രക്രിയയെയും വൻകിട മുതലാളിത്തവർഗ കടന്നാക്രമണത്തിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കാൻ കഴിഞ്ഞത്, 10 വർഷത്തിനുള്ളിൽ ദേശീയതലത്തിൽ പ്രത്യക്ഷമായി തന്നെ വികസിച്ചുവന്ന തൊഴിലാളി-കർഷക ഐക്യവേദിയുടെ പിന്തുണയോടെയാണ്.
കർഷക പ്രക്ഷോഭത്തെ അതിന്റെ ശക്തികേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങാതെ രാജ്യവ്യാപകമായ പ്രക്ഷോഭമായി വികസിപ്പിക്കുന്നതിലും വിജയം വരെയും ഉറച്ചുനിന്നു പോരാടാനുള്ള പിന്തുണ ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കാണ് ട്രേഡ് യൂണിയനുകളുടെ ഐക്യവേദി വഹിച്ചത്.
‘സ്വദേശി സാമ്പത്തിക നയങ്ങളെ’ സംബന്ധിച്ച വലിയ വർത്തമാനങ്ങൾ മാറ്റിവെച്ച് കഴിഞ്ഞ 10 വർഷവും നവ ഉദാരവൽക്കരണ നയങ്ങളാണ് ബി ജെ പി- ആർ.എസ്.എസ് കൂട്ടുകെട്ട് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്. ഒന്നും രണ്ടും മോദി സർക്കാരുകളുടെ നയങ്ങളെ നിശ്ചയിച്ചിരുന്നത് അദാനിയും അംബാനിയും നേതൃത്വം നൽകുന്ന ചങ്ങാത്ത മുതലാളിത്ത ശക്തികളാണ്. നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയത് കോൺഗ്രസാണ്. ആ നയങ്ങളെ കോൺഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ല. അതിനകം തങ്ങളുടെ മുഖ്യ രാഷ്ട്രീയപാർട്ടിയായി വികസിച്ച ബി ജെ പിയിലൂടെ കോൺഗ്രസിനെക്കാൾ തീവ്രമായി അതേ നയങ്ങൾ നടപ്പിലാക്കുകയാണ് ഇന്ത്യയിലെ വൻകിട മുതലാളിത്തവർഗം ചെയ്തത്. ആ നയങ്ങൾ കാർഷിക തകർച്ച രൂക്ഷമാക്കി. തൊഴിലാളികൾ നേരിടുന്ന ചൂഷണം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. അനിയന്ത്രിതമായ തൊഴിലില്ലായ്മയും സ്വത്തിലുള്ള അസമത്വവും സൃഷ്ടിച്ചു.
ഈ പശ്ചാത്തലത്തിലാണ് നവ-ലിബറൽ നയങ്ങളുടെയും മറുഭാഗത്ത് പരിഷ്ക്കാരണവാദ നയങ്ങളുടെയും പരാജയമാണ് തെരെഞ്ഞെടുപ്പ് ഫലം എന്ന വസ്തുത ചർച്ച ചെയ്യേണ്ടത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം തൊഴിലാളിവർഗവും ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയും - ചട്ടപ്പടി സമരങ്ങൾ എന്ന നിരന്തര പരിഹാസങ്ങൾ നേരിട്ടുതന്നെ - നടത്തിയ തുടർച്ചയായ പ്രക്ഷോഭങ്ങൾ കർഷകരെയും സ്വാധീനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നവ ഉദാരവൽക്കരണ നയങ്ങളുടെ സ്വാധീനമുണ്ടായിരുന്നവയടക്കം വിഭിന്ന കർഷക വർഗ വിഭാഗങ്ങൾ കൂടുതൽ കൂടുതൽ ഐക്യപ്പെടുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യ ദർശിച്ച ഏറ്റവും പങ്കാളിത്തമുള്ളതും ദീർഘവുമായ കർഷക പ്രക്ഷോഭമായി വികസിച്ചതും. എന്നാൽ കർഷക പ്രക്ഷോഭത്തെ അതിന്റെ ശക്തികേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങാതെ രാജ്യവ്യാപകമായ പ്രക്ഷോഭമായി വികസിപ്പിക്കുന്നതിലും വിജയം വരെയും ഉറച്ചുനിന്നു പോരാടാനുള്ള പിന്തുണ ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കാണ് ട്രേഡ് യൂണിയനുകളുടെ ഐക്യവേദി വഹിച്ചത്.
ധനിക കർഷക- മുതലാളിത്ത ഭൂപ്രഭു വർഗങ്ങളും വൻകിട മുതലാളിത്ത വർഗ- സാർവദേശീയ ധന മൂലധന ശക്തികളുമായി രൂപപ്പെട്ട ഭിന്നതകളും വൈരുദ്ധ്യങ്ങളും കർഷക പ്രക്ഷോഭത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പഞ്ചാബിലെ അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന എന്നിവ ബി ജെ പി മുന്നണി വിട്ടുപോകുന്നതിൽ അത് കാരണമായിട്ടുണ്ട്. പ്രാദേശിക മുതലാളിത്ത വർഗങ്ങളും അവക്ക് നിർണായക സ്വാധീനമുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ബി ജെ പിക്കെതിരായ മുന്നണി വികസിപ്പിക്കുന്നതിന് മുന്നോട്ടുവരുന്ന സ്ഥിതി ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ.
സ്വതന്ത്രമായും സംയുക്തമായും വികസിപ്പിച്ചെടുത്ത പ്രശ്നാധിഷ്ഠിത സമരങ്ങളിലൂടെ കഴിഞ്ഞ 10 വർഷവും രാജ്യത്താകെ പ്രതിപക്ഷത്തിന്റെ ചുമതല ഏറ്റെടുത്തു നിർവഹിച്ചത് തൊഴിലാളികളുടെയും കർഷകരുടെയും പ്രസ്ഥാനങ്ങളാണ്. അതിനവരെ പ്രാപ്തമാക്കിയതാകട്ടെ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ നാം പരിശീലിച്ച വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വികസിച്ച സഹന സമരങ്ങളെന്ന പോലെ സായുധ സമരങ്ങളുടെയും അനുഭവങ്ങളാണ്. ബ്രിട്ടീഷ് ഭരണത്തെ ആർ.എസ്.എസ് പിന്തുണച്ചതുപോലെ വർത്തമാന ഇന്ത്യയിൽ വൻകിട കോർപ്പറേറ്റ് ശക്തികളെയാണ് ആർ.എസ്.എസും ബി ജെ പിയും പിന്തുണക്കുന്നത് എന്ന വസ്തുത ഒരു വലിയ വിഭാഗം ജനങ്ങളെ, വിശേഷിച്ച്, തൊഴിലാളികളെയും കർഷകരെയും ബോധ്യപ്പെടുത്താൻ നിരന്തര സമരങ്ങൾ വിജയിച്ചു.
കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ മാത്രം രാഷ്ട്രീയമാറ്റങ്ങളെ വിലയിരുത്തുന്ന ഉപരിപ്ലവമായ നിരീക്ഷണങ്ങൾ ചരിത്രനിർമാണത്തിൽ ജനങ്ങളുടെ പങ്ക് കാണാൻ പലപ്പോഴും വിജയിക്കാറില്ല.
പതിവായുള്ള ഭരണ - പ്രതിപക്ഷ മുന്നണികളുടെ പോരാട്ടം എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി ഒരു ഭാഗത്ത് ഭരണമുന്നണിക്ക് നേതൃത്വം നൽകുന്ന ബി ജെ പി- ആർ.എസ്.എസ് കൂട്ടുകെട്ടും മറുഭാഗത്ത് പ്രതിപക്ഷമടക്കം തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ, ആദിവാസികൾ, ദലിതർ, ന്യൂനപക്ഷങ്ങൾ, മാദ്ധ്യമപ്രവർത്തകർ, എഴുത്തുകാർ, കലാകാരർ, ബുദ്ധിജീവികൾ തുടങ്ങി രാജ്യത്തെ ജനാധിപത്യത്തെയും മതനിരപേക്ഷ- ഫെഡറൽ തത്വങ്ങളെയും സംരക്ഷിക്കാൻ നിലയുറപ്പിച്ച ജനങ്ങളാകെയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് -പൂർണമായിട്ടല്ലെങ്കിലും- തെരഞ്ഞെടുപ്പ് സമരത്തിന്റെ സ്വഭാവത്തിൽ മാറ്റം വരികയും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയാർജ്ജിക്കുകയും ചെയ്തു എന്നതാണ് വാസ്തവം. അതാണ്, 18- മത് ലോകസഭാ തെരെഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയത്.
കർഷകപ്രക്ഷോഭം കരുത്താർജ്ജിച്ച, ജനങ്ങളുടെ ബോധത്തെ നിർണായകമായി സ്വാധീനിച്ച, അതിന്റെ ബലത്തിൽ കക്ഷി രാഷ്ട്രീയ ഐക്യം വികസിച്ച പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബീഹാറിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബി ജെ പി നേരിട്ട പാരാജയം മേൽ നിരീക്ഷങ്ങളെ ശരിവെക്കുന്നു. ലഖിംപൂർഖേരിയിൽ അജയ് മിശ്ര തേനിയുടെ പരാജയം, ജാർക്കണ്ഠിൽ കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടയുടെ പരാജയം, ബനാറസിൽ മോദിയുടെ ഭൂരിപക്ഷം നാലര ലക്ഷം എന്നത് ഒന്നര ലക്ഷമായി കുറഞ്ഞത് എന്നിവ ശ്രദ്ധേയമാണ്. കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ മാത്രം രാഷ്ട്രീയമാറ്റങ്ങളെ വിലയിരുത്തുന്ന ഉപരിപ്ലവമായ നിരീക്ഷണങ്ങൾ ചരിത്രനിർമാണത്തിൽ ജനങ്ങളുടെ പങ്ക് കാണാൻ പലപ്പോഴും വിജയിക്കാറില്ല.
ജനകീയ സമരങ്ങൾ വികസിപ്പിക്കാനും അതിൽ ജീവിതോപാധികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ - കാർഷിക വിളകൾക്ക് ആദായവില, തൊഴിലാളികളുടെ മിനിമം കൂലി, തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, കരാർവൽക്കരണം, കർഷക ആൽമഹത്യ തടയൽ, കടക്കെണിയിൽ നിന്നുള്ള മോചനം, സാമൂഹ്യക്ഷേമം, പഴയ പെൻഷൻ പദ്ധതി, വിലക്കയറ്റം, ആദിവാസി ഭൂമി, വനാവകാശ നിയമം, വന്യമൃഗ ശല്യം- തെരെഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഉയർത്തിക്കൊണ്ടുവരാനും നേതൃത്വപരമായ പങ്ക് വഹിച്ചത് ആരാണ്? തൊഴിലാളികളുടെയും കർഷരുടെയും പ്രസ്ഥാനങ്ങളാണ് അതിൽ നിർണായക നേതൃത്വം വഹിച്ചത്. അതിനവർക്ക് ആശയപരവും രാഷ്ട്രീയവുമായ പിന്തുണ നൽകി എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി. ഇതാണ് വൻകിട മുതലാളിത്ത വർഗത്തിന് കനത്ത പ്രഹരമേൽപ്പിക്കാനും അവരുടെ ഒറ്റകക്ഷി ഭൂരിപക്ഷത്തെ ഇല്ലാതാക്കാനും മുന്നണി രാഷ്ട്രീയത്തെ സ്വീകരിക്കാൻ ഭരണവർഗ സഖ്യത്തെ നിർബന്ധിതരാക്കാനും ജനങ്ങളെ പ്രാപ്തരാക്കിയത്.
പ്രതിപക്ഷത്തിരുന്ന് ജനങ്ങളെ ആകർഷിക്കാനായി മുന്നോട്ടുവെക്കുന്ന ഇടതുപക്ഷ നയങ്ങൾ അധികാരത്തിൽ വരുന്ന ഘട്ടത്തിൽ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാകും എന്ന വ്യാമോഹം വേണ്ടതില്ല.
അയോദ്ധ്യ രാമക്ഷേത്രത്തെ മുൻനിർത്തി ആർ.എസ്.എസും ബി ജെ പിയും ആശ്രയിച്ച ഹിന്ദു രാഷ്ട്ര ആഖ്യാനത്തെ അയോദ്ധ്യയിൽ തന്നെ – ഫൈസാബാദ് – പരാജയപ്പെടുത്തിയത് ജനങ്ങളുടെ ജീവിതോപാധികളെ അടിസ്ഥാനമാക്കിയുള്ള ഈ രാഷ്ട്രീയ ആഖ്യാനമാണ്. ഉത്തർപ്രദേശിലെ അടിസ്ഥാന വർഗ ജനവിഭാഗങ്ങളെ ബി ജെ പിക്കെതിരെ അണിനിരത്തി സ്വന്തമായ ഭൂരിപക്ഷം എന്ന ഇന്ത്യൻ ഭരണവർഗ പാർട്ടിയുടെ ലക്ഷ്യത്തെ തകർക്കാൻ സഹായിച്ച മുഖ്യഘടകമാണിത്.
ഭരണഘടനയെ അട്ടിമറിച്ച് തീവ്ര വർഗീയ രാഷ്ട്രീയ ശക്തികളുടെ കയ്യിലേക്ക് ഭരണകൂട അധികാരം കൈമാറാനുള്ള കോർപ്പറേറ്റ് പദ്ധതിയാണ് തങ്ങൾ മുൻകൈ എടുത്ത് നടത്തിയ നിരന്തരമായ വർഗസമരത്തിലൂടെ രാജ്യത്തെ തൊഴിലാളികളും കർഷകരും അട്ടിമറിച്ചത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ആൽമവിശ്വാസവും ബഹുജന പിന്തുണയും പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ആർജ്ജിക്കാൻ സാധിച്ചതിൽ തൊഴിലാളി- കർഷക പ്രക്ഷോഭങ്ങളും അതിൽ ഇടതുപക്ഷം ഉയർത്തിപ്പിടിച്ച കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയവും ആണ് മുഖ്യ ഘടകങ്ങൾ.
മൃദുഹിന്ദുത്വ സമീപനം ഈ തെരെഞ്ഞെടുപ്പിൽ മാറ്റിവെക്കാനും ജീവിതോപാധികളുടെ സംരക്ഷണം തെരെഞ്ഞെടുപ്പിലെ മുഖ്യരാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കാനും കോൺഗ്രസ് അടക്കം തയ്യാറായതും ബി ജെ പി പ്രതിനിധാനം ചെയ്യുന്ന മതവർഗീയതയെയും കോർപ്പറേറ്റ് ആധിപത്യത്തെയും ചെറുക്കാൻ സഹായകരമായ ഏകവഴി വർഗ പ്രശ്നങ്ങളാണ് എന്ന തിരിച്ചറിവാണ്. അതാണ് ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ നേടിയ നിർണ്ണായക വിജയം.
ബി ജെ പിക്കെതിരായ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി ഒരുമിച്ചു നിൽക്കുന്ന പാർട്ടികൾ എന്ന നിലയിൽ സ്വയം വിമർശനപരമായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനും കോർപ്പറേറ്റ് വിരുദ്ധ നയങ്ങളിൽ കൂടുതൽ കൂടുതൽ ജനങ്ങളെ അണിനിരത്താനും കോൺഗ്രസിനും ഇടതുപക്ഷത്തിനും സാധിക്കേണ്ടതുണ്ട്.
എന്നാൽ പ്രതിപക്ഷത്തിരുന്ന് ജനങ്ങളെ ആകർഷിക്കാനായി മുന്നോട്ടുവെക്കുന്ന ഇടതുപക്ഷ നയങ്ങൾ അധികാരത്തിൽ വരുന്ന ഘട്ടത്തിൽ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാകും എന്ന വ്യാമോഹം വേണ്ടതില്ല. കോൺഗ്രസ് നയിക്കുന്ന കർണ്ണാടകയിലെ സംസ്ഥാന സർക്കാർ മുൻ ബി ജെ പി സർക്കാർ പാസാക്കിയ തൊഴിൽ സമയം വർദ്ധിപ്പിക്കാനുള്ള നിയമം പിൻവലിക്കുന്നതിനുപകരം അവ നടപ്പാക്കാൻ ചട്ടം പുറപ്പെടുവിച്ചത് ഉദാഹരണം. അതിനെതിരെ ഐ എൻ ടി യു സി അടക്കമുള്ള തൊഴിലാളി സംഘടനകൾ സമരത്തിലാണ്. തെലങ്കാനയിലും സംസ്ഥാന കോൺഗ്രസ് സർക്കാർ, ഐ ടി മേഖലയിലെ തൊഴിലാളികളെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കി ഇതിനകം ഉത്തരവിറക്കി.
ലോകവ്യാപകമായി നവ ഉദാരവൽക്കരണം മരണക്കിടക്കയിലാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിലെ സ്വത്ത് അസമത്വത്തേക്കാൾ അധികരിച്ചിരിക്കുകയാണ് ബി ജെ പിയുടെ ഭരണകാലത്തുണ്ടായ സ്വത്ത് അസമത്വം. ജനസംഖ്യയിൽ കേവലം ഒരു ശതമാനം പേർ 40.5 ശതമാനം സ്വത്ത് കൈക്കലാക്കിയിരിക്കുന്നു. മറുഭാഗത്ത് 50 ശതമാനം ജനങ്ങളുടെ കൈവശമുള്ളത് മൂന്നു ശതമാനം സ്വത്ത് മാത്രം. ലോകത്താകെ മുകൾത്തട്ടിലെ ഒരു ശതമാനം പേരുടെ കൈവശം 27.7 ശതമാനം സ്വത്തുണ്ട്. ഇന്ത്യയിൽ സ്വത്ത് കേന്ദ്രീകരണം ലോക ശരാശരിയിലും അധികമാണ്. തൊഴിലാളികൾക്ക് മിനിമം കൂലിയും കർഷകർക്ക് ആദായവിലയും നിഷേധിച്ചു അവരെ കടക്കെണിയിലേക്കും ആൽമഹത്യയിലേക്കും ഉന്തിയിട്ടാണ് നരേന്ദ്ര മോദി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന പ്രചാരണം നടത്തിയത്.
കോൺഗ്രസാണ് നവ ഉദാരവൽക്കരണനയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയത്. കർഷകർക്ക് സി 2 + 50% നിരക്കിൽ മിനിമം താങ്ങുവില നൽകണമെന്ന് 2006-ലാണ് സ്വാമിനാഥൻ കമീഷൻ ശുപാർശ നല്കിയത്. 2009 വരെ ഭരിച്ച ഒന്നാം യു പി എ സർക്കാരും 2014- വരെ തുടർന്ന രണ്ടാം സർക്കാരും കോൺഗ്രസാണ് നയിച്ചത്. എന്നാൽ കർഷകർക്ക് ആദായവില നൽകിയില്ല. അതാണ് കാർഷിക പ്രതിസന്ധി രൂക്ഷമാക്കിയതും 2014- ൽ ബി ജെ പി അധികാരത്തിൽ വരാൻ ഇടയാക്കിയതും.
തൊഴിലാളികൾക്ക് മിനിമം കൂലി ഇല്ലാതാക്കുന്ന, 8 മണിക്കൂർ ജോലി 12 മണിക്കൂറാക്കുന്ന, തൊഴിലുകളെ കരാർവൽക്കരിച്ച് സാമൂഹ്യക്ഷേമങ്ങളും പെൻഷനും ഇല്ലാതാക്കുന്ന, ട്രേഡ് യൂണിയൻ രൂപീകരിക്കാനും പണിമുടക്കാനുമുള്ള മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന നാല് ലേബർ കോഡുകൾ പാർലിമെന്റിൽ നിയമമാക്കാൻ രാഹുൽ ഗാന്ധിയടക്കം എല്ലാ കോൺഗ്രസ് എം.പി മാരും പിന്തുണക്കുകയാണ് ചെയ്തത്. 2019- ലെ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അഗ്രികൾച്ചർ പ്രൊഡക്ഷൻ മാർക്കറ്റിങ്ങ് കമ്മിറ്റികളെ ഇല്ലാതാക്കുമെന്നും കോർപ്പറേറ്റ് മാർക്കറ്റ് അനുവദിക്കുമെന്നായിരുന്നു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നയങ്ങളെ മുന്നോട്ടുവെച്ചാണ് കോൺഗ്രസും ‘ഇന്ത്യ’ മുന്നണിയിലെ ഇടതുപക്ഷമടക്കമുള്ള കക്ഷികളും മൽസരിച്ചത്.
ദേശീയ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റ ശേഷം എടുത്ത തീരുമാനങ്ങൾ നോക്കുക. പ്രധാനമന്ത്രി സമ്മാൻ പദ്ധതി പ്രകാരം ശരാശരി 500 രൂപ പ്രതിമാസ ധനസഹായം, സി 2 +50% എന്നതിനുപകരം എ 2 + എഫ് എൽ ഫോർമുല പ്രകാരം എം എസ് പി പ്രഖ്യാപനം, ലേബർ കോഡ് സർക്കാർ മുൻഗണനയിലാണെന്ന പ്രഖ്യാപനം എന്നിവ കോർപ്പറേറ്റ് നയങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനം തുറന്നുകാട്ടുന്നുണ്ട്. ഛത്തീസ്ഗഢിൽ എരുമകളുമായി പോയ ട്രക്ക് തടഞ്ഞ് മൂന്ന് ഡ്രൈവർമാരെ തല്ലിക്കൊന്നതും അതിൽ ഐ പി സി സെക്ഷൻ 302 പ്രകാരം കേസെടുക്കാൻ സംസ്ഥാനത്തെ ബി ജെ പി സർക്കാർ തയ്യാറാകാതിരുന്നതും ഒരക്ഷരം പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തതും, വർഗീയ ധ്രുവീകരണം തന്നെയാണ് ഇനിയും ബി ജെ പിയുടെ വഴി എന്നാണ് വ്യക്തമാക്കുന്നത്.
തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ നയങ്ങളെ മുന്നോട്ടുവെച്ചാണ് കോൺഗ്രസും ‘ഇന്ത്യ’ മുന്നണിയിലെ ഇടതുപക്ഷമടക്കമുള്ള കക്ഷികളും മൽസരിച്ചത്. എന്നാൽ, കേരളത്തിൽ ഇടതുപക്ഷ നയങ്ങളെ വ്യവച്ഛേദിച്ച് വിലയിരുത്താനും വർഗമുദ്രവാക്യങ്ങളിൽ പ്രചാരണം കേന്ദ്രീകരിക്കാനും സാധിക്കാതെ പോയത് ഇടതുപക്ഷം നേരിട്ട തിരിച്ചടിക്ക് ഒരു കാരണമായി എന്നു കാണാം. ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ കോൺഗ്രസിനാണ് കേരളത്തിൽ വിജയമുണ്ടായത്. കോൺഗ്രസ് പ്രധാന ശക്തിയായി നേരിട്ട് ബി ജെ പിയോട് ഏറ്റുമുട്ടിയ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ബി ജെ പിക്കെതിരായ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി ഒരുമിച്ചു നിൽക്കുന്ന പാർട്ടികൾ എന്ന നിലയിൽ സ്വയം വിമർശനപരമായി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനും കോർപ്പറേറ്റ് വിരുദ്ധ നയങ്ങളിൽ കൂടുതൽ കൂടുതൽ ജനങ്ങളെ അണിനിരത്താനും കോൺഗ്രസിനും ഇടതുപക്ഷത്തിനും സാധിക്കേണ്ടതുണ്ട്.
തങ്ങൾക്ക് നേരിട്ട തിരിച്ചടിയെ എങ്ങനെ മറികടക്കാം, നവ ഉദാരവൽക്കരണ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ എങ്ങനെ സമവായം സാധ്യമാക്കാം എന്നതാണ് ബി ജെ പി യുടെ മുന്നിലുള്ള ലക്ഷ്യം.
കോർപ്പറേറ്റ് –വർഗീയ ശക്തികളെ എങ്ങനെ ജനകീയ പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവന്നു തടയാം, ഉല്പാദന മേഖലയിൽ ഇടതുപക്ഷ ജനാധിപത്യ ബദൽ നയങ്ങൾ എങ്ങനെ ജനങ്ങളെ അണിനിരത്തിയുള്ള ബഹുജന മുന്നേറ്റങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കാം എന്നതാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുക. ഇതിൽ ശരിയായ നയങ്ങളുടെ പിന്നിൽ കർഷകരെയാകേ അണിനിരത്താൻ അഖിലേന്ത്യാ കിസാൻ സഭ നേതൃത്വപരമായ പങ്ക് വഹിക്കും.