നടിയെ ആക്രമിച്ച കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ട എട്ടാം പ്രതി ദിലീപിൻ്റെ പുതിയ സിനിമ റിലീസ് ചെയ്യുകയാണ്. നീതിബോധമുള്ള കേരളം ആ സിനിമയെ അവഗണിക്കണം, ബഹിഷ്കരിക്കണം.
വിഖ്യാത ജർമൻ നാടകകൃത്തും കവിയുമായ ബെർടോൾഡ് ബ്രഹ്ത് കലയെക്കുറിച്ച് പറയുന്നൊരു വാചകമുണ്ട്.
“Art must not merely reflect reality but transform the spectator’s understanding of it.”
കേവലം യാഥാർത്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല കല ചെയ്യേണ്ടത്. യാഥാർത്യത്തെക്കുറിച്ചുള്ള കാഴ്ചക്കാരുടെ ബോധ്യങ്ങളെ പരിവർത്തിപ്പിക്കുക കൂടിയാണ്, എന്ന്.
ബ്രഹ്ത് പറഞ്ഞത് കലയുടെ ഉള്ളടക്കം കൊണ്ട് മനുഷ്യരുടെ ബോധ്യങ്ങൾ മാറ്റുന്നതിനെക്കുറിച്ചാണ്.
എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ട എട്ടാം പ്രതി ദിലീപിൻ്റെ സിനിമ കാണാതിരുന്നു കൊണ്ട് കലയുടെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളെ പരിവർത്തിപ്പിക്കേണ്ട സന്ദർഭമാണിത്. കലയുടെ മാത്രമല്ല നിയമ സംവിധാനങ്ങളെയും കോടതി വിധികളേയും സംബന്ധിച്ച യാഥാർത്ഥ്യബോധങ്ങളെയും മാറ്റിത്തീർക്കേണ്ട സന്ദർഭം. ദിലീപിൻ്റെ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് പുറത്താണ് കല എന്ന കാഴ്ചയുടെ, കാണിയുടെ ആഖ്യാനം. ദിലീപിനെ തെളിവില്ലായ്മയുടെ നിയമ സാങ്കേതികത്വം പറഞ്ഞ് കുറ്റവിമുക്തനാക്കിയ കോടതിയ്ക്കു പുറത്താണ് നീതിയെന്ന, തെളിവു ഹാജരാക്കി കൂറുമാറാതെ സാക്ഷി പറയേണ്ടുന്ന സന്ദർഭം.
“നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല! തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.” ഭാവന സോഷ്യൽ മീഡിയയിൽ കുറിച്ച വാചകങ്ങളാണിത്.
നടിയെ ആക്രമിച്ച കേസിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവിൽ, ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് കിട്ടേണ്ട ന്യായത്തെ അപ്രസക്തമാക്കിക്കൊണ്ട് കുറ്റവിമുക്തനാക്കപ്പെട്ട എട്ടാം പ്രതി ദിലീപിൻ്റെ സിനിമ കേരളത്തിൽ ഇറങ്ങുമ്പോൾ, അത് കാണാതിരിക്കുക എന്ന് തീരുമാനിക്കുന്നതാണ് അതിജീവിതയോട് പൊതുസമൂഹത്തിന് കാണിക്കാൻ പറ്റുന്ന നീതി.
ആക്രമിക്കപ്പെട്ട സ്ത്രീയോട് ഐക്യദാർഢ്യപ്പെടാൻ പറ്റുന്ന സന്ദർഭം. മാനവികതയുടെയും ഫെമിനിസ്റ്റ് നിലപാടുകളുടേയും ഉറക്കെയുള്ള പ്രഖ്യാപനം. ബഹിഷ്കരണം ഒരു രാഷ്ട്രീയ സമരരീതി കൂടിയാണ്. അവൾക്കൊപ്പം എന്ന് മാത്രമല്ല അവനോടൊപ്പമല്ല എന്ന് വിളിച്ചു പറയലാണ്.
കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ കോടതിയിൽ നിന്നിറങ്ങി വന്ന ദിലീപ് ആദ്യ ഡയലോഗിൽത്തന്നെ പകയോടെ പറഞ്ഞത് മഞ്ജു വാര്യർക്കെതിരായാണ്. അതിലുണ്ടായിരുന്നു അയാളുടെ പക എവിടെത്തുടങ്ങിയിരുന്നു എന്നതിൻ്റെ സൂചനകൾ.
മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ എഴുതി.
“ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം…”
ആസൂത്രണം ചെയ്തവർ, ക്രിമിനൽ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും പകൽവെളിച്ചത്തിലുണ്ട് എന്ന യാഥാർത്യം ഭയത്തോടെ, സ്റ്റാർഡവും സോഷ്യൽ ക്യാപ്പിറ്റലും സമ്പത്തും ഉണ്ട് എന്ന് നമ്മൾ കരുതുന്ന, സിനിമാ വ്യവസായത്തിൽ തൊഴിലെടുക്കുന്ന ഒരു സ്ത്രീക്ക് പൊതു സമൂഹത്തോട് പരസ്യമായി പറയേണ്ടി വരുമ്പോൾ അവർ ഈ സിസ്റ്റത്തെ പൊലീസിനെ, നിയമ സംവിധാനത്തെ എത്ര മാത്രം അവിശ്വസിക്കുന്നു എന്നു കൂടിയുണ്ട്.
ഒരു ലൈംഗികാക്രമണക്കേസിൽ ആക്രമിക്കപ്പെട്ട സ്ത്രീയും സാക്ഷി പറഞ്ഞ സ്ത്രീയും, വിധിന്യായത്തിലും വിധി പറഞ്ഞ കോടതിയിലും കടുത്ത അവിശ്വാസവും ഭയവും രേഖപ്പെടുത്തിക്കൊണ്ട് പരസ്യമായി രംഗത്തുവരികയെന്നത് അപൂർവ്വതയാണ്. ആ ഭയം ഭരണകൂടത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള പൗരരുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ജീവിക്കാനുള്ള ഭയമാണ് രണ്ട് സ്ത്രീകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
Read More: ‘നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരരും തുല്യരല്ല’, അന്യായമായ നീക്കങ്ങൾ നടന്നുവെന്ന് അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസിൻ്റെ നാൾവഴികൾ മുഴുവൻ പൊതു സമൂഹത്തിൻ്റെ മുന്നിലുണ്ട്. പൊലീസ് അന്വേഷണം വഴിമുട്ടിയ സന്ദർഭങ്ങൾ, ഉന്നതരുടെ ഇടപെടലുകൾ, പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതും ബോധപൂർവ്വം അന്വേഷിക്കാതിരുന്നതുമായ വിവരങ്ങൾ. നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന സാക്ഷികളെ ഒഴിവാക്കിയത്, കേസിലെ ഏറ്റവും വലിയ തെളിവായ മെമ്മറി കാർഡ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടാംപർ ചെയ്യപ്പെട്ടു എന്നതും ഹാഷ് വാല്യു മാറി എന്നതും സംബന്ധിച്ച് അന്വേഷണം നടക്കാതിരുന്നത്. കേസിൻ്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ആക്രമിക്കപ്പെട്ട സ്ത്രീ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടും ആ അപേക്ഷ നിഷേധിക്കപ്പെട്ടത്. അങ്ങനെ എത്രയോ എത്രയോ സംഭവങ്ങൾ.
രാഷ്ട്രീയ നേതൃത്വത്തിൻ്റെ, ഭരണകൂട നേതൃത്വത്തിൻ്റെ, പൊലീസിൻ്റെ, വിചാരണക്കോടതിയുടെ സിനിമാ സംഘടനാ നേതൃത്വങ്ങളുടെ വ്യക്തിതാത്പര്യങ്ങളും ഇടപെടലുകളും വീഴ്ചകളും തെളിവ് നശിപ്പിക്കലും, ഗൂഢാലോചന ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ നിയമാനുസൃതം വെറുതെ വിടാൻ വേണ്ടി ഈ കേസിൽ ഉണ്ടായിട്ടുണ്ട്.
എന്തുകൊണ്ട് നമ്മൾ ദിലീപിൻ്റെ സിനിമ കാണരുത്? അയാളുടെ സിനിമകൾ കാണാതിരിക്കുന്നത് എങ്ങനെയാണ് മാനവികതയും രാഷ്ട്രീയവുമുള്ള നിലപാടും തീരുമാനവുമാകുന്നത്?
ഗൂഢാലോചന, അത് ഏത് കേസിലാണെങ്കിലും കുറ്റമറ്റ രീതിയിൽ തെളിയിക്കുക എന്നതും ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല എന്നാണ് ഇന്ത്യൻ കോടതികളുടേയും പൊലീസിൻ്റേയും പ്രായോഗിക യഥാർത്യം അറിയുന്ന നിയമവിദഗ്ധർ പോലും പറയുന്നത്. പകൽ വെളിച്ചം പോലെ സത്യമായ കാര്യങ്ങൾ തെളിവുകളില്ലെന്ന് പറഞ്ഞും തെളിവുകൾ മായ്ചു കളഞ്ഞും മറച്ചുവെച്ചും അതല്ലാതാക്കി മാറ്റാൻ കഴിയും. കേസ് കേൾക്കുന്ന ജഡ്ജിയിൽ നിന്ന് നീതി കിട്ടുകയില്ല എന്നും ജഡ്ജി നിഷ്പക്ഷമായല്ല കേസ് കേൾക്കുന്നത് എന്നും ഉറപ്പായപ്പോൾ മൂന്ന് പ്രോസിക്യൂട്ടർമാർ കേസിൻ്റെ ഇടയിൽ നിന്ന് സമ്മർദ്ദം കൊണ്ട് പോയ കേസ് കൂടിയാണിത്. ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീ, കേസ് കേട്ട സ്ത്രീയായ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട കേസ്. ഗൂഢാലോചന നടത്തിയവർ പണവും അധികാരവും ഉപയോഗിച്ച് നടത്തിയ മാനിപ്പുലേഷനിലാണ് കേസ് ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് നീതി കിട്ടാത്ത ഒന്നായി മാറിയത്.
എട്ട് വർഷം മുൻപ് വരെ സിനിമാ ലോകത്തെ അടക്കിവാണ ദിലീപ് എന്ന നടൻ, നിർമാതാവ്, ഗൂഢാലോചന ആരോപിക്കപ്പെട്ട് 85 ദിവസം ജയിലിൽ കിടന്ന ഒരാൾ, കുറ്റവിമുക്തനാക്കപ്പെട്ട് പുറത്ത് വരുമ്പോൾ അതാഘോഷിക്കുന്നവർ, ദിലീപിനെ രാഷ്ട്രീയമായി ഏറ്റെടുക്കുന്നവർ തീവ്ര വലതുപക്ഷത്തിൻ്റെ ആൾക്കൂട്ടമാവുന്നത് സ്വാഭാവികമാണ്. അയാളുടെ ഭൂരിപക്ഷം സിനിമകളിലൂടെയും പ്രസരിപ്പിക്കപ്പെട്ട അരാഷ്ട്രീയ ഉള്ളടക്കത്തിൻ്റെ ആസ്വാദകർ കൂടിയാണാ ആൾക്കൂട്ടം.
എത്ര പെട്ടെന്നാണ് സിനിമാ സംഘടനകളിലെ ദിലീപ് വിധേയർ അയാളെ തിരിച്ചെടുക്കാൻ ക്യൂ നിന്നത്. അയാളുടെ ട്രോമയെക്കുറിച്ചും കരിയറിനെക്കുറിച്ചും വാചാലരാവുന്നത്.
മറുവശത്ത് ആത്മാഭിമാനത്തോടെ ഉയർന്നു നിൽക്കുന്നത് ആക്രമിക്കപ്പെട്ട സ്ത്രീയും ദിലീപ് പേര് പറഞ്ഞ് ആൾക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുത്ത സ്ത്രീയും അവൾക്കൊപ്പം ഉറച്ച് നിന്നതിൻ്റെ പേരിൽ സിനിമയിൽ അവസരങ്ങൾ, തൊഴിൽ നിഷേധിക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുമാണ്.
അതുകൊണ്ടുതന്നെ ദിലീപിൻ്റെ സിനിമകൾ കാണാതിരിക്കുന്നത് ഒരു രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ ഭാഗമായിക്കൂടിയാണ്. അയാളുടെ സിനിമകൾ കാണുമ്പോൾ ഓർമവരേണ്ടത് ആക്രമിക്കപ്പെട്ട സ്ത്രീയെയാണ്. പുരോഗമന സ്വഭാവമുള്ള സംഘടനകളൊക്കെയും ബഹിഷ്കരണത്തിൻ്റെ രാഷ്ട്രീയ മുന്നേറ്റത്തിൽ പങ്കാളികളാവണം. ബഹിഷ്കരണത്തിൻ്റെ രാഷ്ട്രീയ സമരങ്ങൾക്ക് ലോകചരിത്രത്തിൽ എത്രയോ ഉദാഹരണങ്ങളുണ്ട്.
ദിലീപിൻ്റെ സിനിമ നടക്കുന്ന തിയറ്ററുകൾക്കു പുറത്താണ് കലയുടെ രാഷ്ട്രീയം പ്രൊജക്റ്റ് ചെയ്യപ്പെടുക. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിയ്ക്ക് പുറത്താണ് ബഹിഷ്കരണത്തിൻ്റെയും അവഗണനയുടേയും നീതി നടപ്പാക്കപ്പെടുക.


