കിഴക്കമ്പലത്ത് തെരഞ്ഞെടുപ്പുകളിലെ തോൽവികൾക്കു ശേഷം ട്വൻറി-20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചിടുകയും കോർപ്പറേറ്റ് മുതലാളിക്ക് തോന്നുന്നത് പോലെ തുറക്കുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം കഴിഞ്ഞ പത്ത് വർഷമായി കാണുന്നുണ്ട്. ഭക്ഷ്യ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ പ്രധാന്യത്തെ പരിഹസിക്കും വിധമാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിന്റെ വിനിയോഗം ട്വൻറി-20 നടത്തുന്നത്.
കിറ്റെക്സും ട്വന്റി-20യും
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ രണ്ട് ദശകങ്ങളിൽ ഇന്ത്യയിൽ കോട്ടൺ തുണിയുടെയും നൂലിൻ്റെയും ഫാക്ടറി ഉത്പാദനം ആരംഭിച്ചിരുന്നു. 1818-ൽ കൊൽക്കത്തയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്. കോട്ടൺ മില്ലിൻ്റെ ഉദയം ചെറുകിട നെയ്ത്ത് ഫാക്ടറികളിലേക്ക് മാറിയ പ്രക്രിയയെ 'പവർലൂംസ്' എന്നാണ് വിളിക്കുന്നത്. 1980-ൽ കേരളത്തിന് 8000 ത്തോളം പവർലൂം ലൈസൻസുകൾ ലഭിച്ചു. അന്ന് വ്യവസായ മന്ത്രിയായിരുന്ന ടി.വി തോമസ് ഓരോ ലൂമും ഓരോ വ്യവസായമായി രജിസ്റ്റർ ചെയ്ത് ആ ചെറിയ യൂണിറ്റുകളുടെ അസോസിയേഷൻ ഉണ്ടാക്കി. അത്തരത്തിൽ രൂപീകരിച്ച അസോസിയേഷനാണ് "കിഴക്കമ്പലം ടെക്സ്റ്റൈൽസ്.” ഇത്തരത്തിൽ കേരളത്തിൽ ഉണ്ടായ നിരവധി അസോസിയേഷനുകളിൽ 90-കൾ വരെ പിടിച്ചു നിന്നതു കിഴക്കമ്പലം ടെക്സ്റ്റൈൽസ് മാത്രമായിരുന്നു.
1980-ൽ 372 ഷെയർ ഉടമകളുടെ 1150/- രൂപയുടെ ഷെയറുകളുമായിട്ടാണ് കിഴക്കമ്പലം ടെക്സ്റ്റൈൽസ് ആരംഭിച്ചത്. ഷെയർ ഉടമകളെയെല്ലാം ഒന്നിപ്പിച്ച് ഒറ്റ അസോസിയേഷനാക്കിയാണ് പ്രവർത്തിച്ചത്. എം.സി ജേക്കബ് എന്ന വ്യക്തിയെ കിഴക്കമ്പലം ടെക്സ്റ്റൈൽസ് അസോസിയേഷന്റെ ചെയർമാനായും തെരഞ്ഞെടുത്തു. ഈ ഓഹരി ഉടമകളുടെ പേരിൽ ചെയർമാൻ പിന്നീട് ലോണെടുത്തു. ഇതോടെ ഓഹരി ഉടമകളുടെ കമ്പനികൾക്ക് ജപ്തി നോട്ടീസ് ലഭിക്കുകയും ചെയ്തു. ലീഗൽ റെക്കോർഡുകൾ സൂചിപ്പിക്കുന്നത് കിഴക്കമ്പലം ടെക്സ്റ്റൈൽസിൽ ഓഹരിയുള്ളവർ ഇതിനെതിരെ കേസിനു പോയെന്നാണ്. ഇതോടെ സി.ബി.ഐ അന്വേഷണം മുന്നിൽ കണ്ട് ചെയർമാൻ തന്നെ ബാങ്കിലെ ലോൺ തിരിച്ചടയ്ക്കുകയും ഓഹരി വിൽക്കാൻ താല്പര്യമുള്ളവരിൽ നിന്ന് ഓഹരി വാങ്ങിക്കുകയും ചെയ്തു.
1995-ൽ കിഴക്കമ്പലം ടെക്സ്റ്റൈൽസ് 'കിറ്റെക്സായി' ലോപിച്ചു. 372 ഓഹരി ഉടമകളിൽ നിന്ന് ഒരാളിലേക്ക് ഉടമസ്ഥാവകാശം മാറുകയും ചെയ്തു. കിറ്റെക്സ്, അന്ന ഗ്രുപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോസിബിലിറ്റി ഫണ്ടിൽ നിന്നാണ് 2013-ൽ ട്വന്റി-20 എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നത്. ഇതേ വർഷമാണ് കിറ്റെക്സിനെതിരെ മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി സമരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ പിന്നീട് കോർപ്പറേറ്റ് പ്രവർത്തനങ്ങളിലൂടെ ഇതേ ട്വൻറി-20 പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുക്കുന്നതും കണ്ടു.
നിയമങ്ങളിലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി
കേന്ദ്ര സർക്കാർ 2013-ൽ പാസാക്കിയ കമ്പനി ആക്ടിൽ ചാപ്റ്റർ ഒൻപതിൽ 135ആം പോയിന്റിലാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (C.S.R) ബോർഡിനെ കുറിച്ച് പരാമർശിക്കുന്നത്. ആക്ടിന്റെ ഏഴാം ഷെഡ്യൂളിൽ ഈ ഫണ്ടിന്റെ ഉപയോഗത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. റെഗുലേറ്ററി ആവശ്യകതകൾക്ക് അനുസൃതമായി, ഒരു കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്ഥാപിക്കുന്നതിന് 500 കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ള, 1000 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള, അല്ലെങ്കിൽ ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി രൂപയോ അതിൽ കൂടുതലോ അറ്റാദായം ഉള്ള കമ്പനികൾ സി.എസ്.ആർ ബോർഡിൻ്റെ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. ഈ കമ്മിറ്റിയിൽ മേൽനോട്ടവും ഭരണവും ഉറപ്പാക്കാൻ ഒരു സ്വതന്ത്ര ഡയറക്ടർ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് ഡയറക്ടർമാരെങ്കിലും ഉണ്ടായിരിക്കണം.
കിറ്റെക്സ്, അന്ന ഗ്രുപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോസിബിലിറ്റി ഫണ്ടിൽ നിന്നാണ് 2013-ൽ ട്വന്റി-20 എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നത്. ഇതേ വർഷമാണ് കിറ്റെക്സിനെതിരെ മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി സമരങ്ങൾ ആരംഭിക്കുന്നത്. എന്നാൽ പിന്നീട് കോർപ്പറേറ്റ് പ്രവർത്തനങ്ങളിലൂടെ ഇതേ ട്വൻറി-20 പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുക്കുന്നതും കണ്ടു.
C.S.R കമ്മിറ്റിയിൽ നിന്നുള്ള ശുപാർശകൾ പിന്തുടർന്ന്, കമ്പനിയുടെ നയം അംഗീകരിക്കുന്നതിന് ബോർഡിന് ഉത്തരവാദിത്തമുണ്ട്. അത് കമ്പനിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തുകയും നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വെബ്സൈറ്റിൽ കൊടുക്കുകയും വേണം. കൂടാതെ, CSR നയത്തിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ ബോർഡ് ബാധ്യസ്ഥമാണ്. ഓരോ സാമ്പത്തിക വർഷവും, ഈ കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നിന്നുള്ള ശരാശരി അറ്റാദായത്തിൻ്റെ 2% എങ്കിലും CSR സംരംഭങ്ങൾക്ക് നീക്കിവെക്കേണ്ടതുണ്ട്. കമ്പനി ഈ മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ, കമ്പനി നിയമത്തിലെ സെക്ഷൻ 134(3)(0) പ്രകാരം നിർബന്ധമാക്കിയ റിപ്പോർട്ടിൽ ബോർഡ് വിശദീകരണം നൽകണം. അതുവഴി CSR സമ്പ്രദായങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ സാധിക്കും.
ബഹുമുഖ സാമൂഹിക വെല്ലുവിളികൾ നേരിടുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സി.എസ്.ആർ നയങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുക, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സാമ്പത്തിക അവസരങ്ങൾ നൽകുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ പ്രവർത്തികളിലൂടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതിന് കമ്പനികൾക്ക് സംഭാവന നൽകാൻ കഴിയും. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും തുല്യമായ പുരോഗതി കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ശിശുമരണനിരക്ക് കുറയ്ക്കുക, മാതൃ ആരോഗ്യം മെച്ചപ്പെടുത്തുക, എച്ച്ഐവി/എയ്ഡ്സ്, മലേറിയ തുടങ്ങിയ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നത് പൊതുജനാരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനും അവിഭാജ്യമാണ്.
പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളിലൂടെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നത് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലധിഷ്ഠിത കഴിവുകൾ വർധിപ്പിക്കുന്നതിൽ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. സോഷ്യൽ ബിസിനസ് പ്രോജക്റ്റുകളിൽ ഏർപ്പെടുന്നത് നവീകരണത്തിനും കമ്മ്യൂണിറ്റി വികസനത്തിനും കാരണമാകും. അതേസമയം, ദേശീയ ദുരിതാശ്വാസ ഫണ്ടുകളിലേക്കും ക്ഷേമ പരിപാടികളിലേക്കും സംഭാവന ചെയ്യുന്നത് സാമൂഹിക-സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. അവസാനമായി, ഉയർന്നുവരുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ആവശ്യങ്ങളുമായി തങ്ങളുടെ സിഎസ്ആർ ശ്രമങ്ങളെ വിന്യസിക്കുന്നതിന് പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അധിക പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നത് കമ്പനികൾ പരിഗണിക്കണം. അത്തരം സമഗ്രമായ തന്ത്രങ്ങൾ സ്വീകരിക്കുന്നതിലൂടെ, കമ്പനികൾക്ക് സുസ്ഥിരവുമായ ഭാവിയിലേക്ക് സംഭാവന നൽകാനാകും.
ട്വൻറി-20യുടെ സി.എസ്.ആർ വിനിയോഗം
കമ്പനി ആക്ട് 2013 പ്രകാരം ട്വൻറി-20യുടെ സി.എസ്.ആർ ഫണ്ടിന്റെ വിനിയോഗം ഭക്ഷ്യ സുരക്ഷാ മാർക്കറ്റിലൂടെ കിഴക്കമ്പലത്തെ ജനതയ്ക്ക് എത്തിക്കുകയെന്നതായിരുന്നു. തിരുവിതാംകൂർ - കൊച്ചി സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമം 1955 പ്രകാരമാണ് ട്വൻ്റി-20 ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കുടുംബത്തിന്, അവരുടെ വരുമാനമനുസരിച്ച് നീല, പച്ച, മഞ്ഞ, ചുവപ്പ് കാർഡുകൾ നൽകുന്നു. ട്വൻ്റി-20യുടെ കണക്കുകൾ പ്രകാരം പദ്ധതിയുടെ പട്ടികയിലുള്ള 4,627 കുടുംബങ്ങൾ (ഏകദേശം 71%) കുറഞ്ഞ വരുമാനവും ദാരിദ്ര്യ നിലവാരത്തിന് താഴെയുള്ളവരുമാണ്.
കിഴക്കമ്പലം നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിൽ ട്വൻ്റി-20 നേതൃത്വം നൽകിയിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണികൾ, ശസ്ത്രക്രിയകളും വിവാഹവും സ്പോൺസർ ചെയ്യൽ, ആരാധനാലയങ്ങൾ പണിയുക, വിത്തുകളും കാർഷികോപകരണങ്ങളും സംഭാവന ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഭക്ഷ്യ സുരക്ഷാ മാർക്കറ്റാണ്. ഇവിടെ വിപണി വിലയുടെ പകുതി വിലയ്ക്ക് പച്ചക്കറികളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്നു.
കിഴക്കമ്പലം നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിൽ ട്വൻ്റി-20 നേതൃത്വം നൽകിയിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണികൾ, ശസ്ത്രക്രിയകളും വിവാഹവും സ്പോൺസർ ചെയ്യൽ, ആരാധനാലയങ്ങൾ പണിയുക, വിത്തുകളും കാർഷികോപകരണങ്ങളും സംഭാവന ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിരുന്നു
രാഷ്ട്രീയ പ്രവേശനം
കിഴക്കമ്പലം ജനതയുടെ സാമൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ മാറിമാറി ഭരിച്ച മുന്നണികൾക്ക് വലിയ വീഴ്ച പറ്റിയിട്ടുണ്ട്. ഇത് തന്നെയാണ് പുതിയൊരു രാഷ്ട്രീയ ആശയത്തെ സ്വീകരിക്കുവാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചത്. 2013 മുതൽ ട്വന്റി-20 കിഴക്കമ്പലം കേന്ദ്രീകരിച്ച് കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. കുടിവെള്ളം പോലെയുള്ള അടിസ്ഥാന വിഷയങ്ങളിൽ വലിയ രീതിയിൽ ഇടപെടുകയും ചെയ്തു. കിഴക്കമ്പലത്തെ മൂന്ന് കോളനികളിൽ ട്വൻറി-20 കുടിവെള്ളമെത്തിച്ചു. പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ട്വന്റി-20 ഈ ഇടപെടലുകൾ നടത്തിയത്. അതിൻറെ ഫലമായാണ് 2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19 ൽ 17 സീറ്റും ട്വന്റി-20 വിജയിച്ചത്.
2015-ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിനെ 'സിംഗപ്പൂരാക്കും" എന്ന പ്രഖ്യാപനത്തോടെ ട്വൻറി-20 തെരഞ്ഞെടുപ്പിനെ നേരിട്ടത്. കിഴക്കമ്പലം പഞ്ചായത്തിലെ നേരത്തെയുള്ള ഭരണത്തിന് ലഭിച്ച അംഗീകാരമായി 2020-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിജയത്തെയും കാണാനാകും. 2020-ൽ കിഴക്കമ്പലത്ത് ഭരണം നിലനിർത്തുന്നതിനൊപ്പം സമീപ പഞ്ചായത്തുകളായ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നിവിടങ്ങളിൽ കൂടി വിജയിക്കാനും വെങ്ങോല പഞ്ചായത്തിൽ വൻശക്തിയാകാനും അവർക്ക് കഴിഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ നിന്ന് ട്വൻ്റി മത്സരിക്കുകയും ചെയ്തു. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിച്ചിരുന്ന ട്വൻറി20 ഇവിടെ മൊത്തം വോട്ടിൻ്റെ 44% നേടുകയും ചെയ്തു. കുന്നത്തുനാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ചാലക്കുടി മണ്ഡലത്തിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 11.11% വോട്ടു വിഹിതവും നേടി.
എന്തുകൊണ്ട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് അടച്ചു?
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സബ്സിഡി രീതിയിൽ നൽകുന്ന ഭക്ഷണ സാധനങ്ങൾ ഇലക്ഷൻ മാനദണ്ഡപ്രകാരം നിർത്തിവയ്ക്കണമെന്ന ഉത്തരവ് പാലിച്ചാണ് ട്വൻറി-20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് അടച്ചത്. സൗജന്യമായി സാധനങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതി വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടാണ് മാർക്കറ്റ് അടപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മാർക്കറ്റ് തുറക്കാം എന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പിന്നീട് മാർക്കറ്റ് തുറന്നില്ല. എന്തുകൊണ്ട് മാർക്കറ്റ് തുറക്കുന്നില്ല എന്ന ജനങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ട്വൻറി20യെന്ന കോർപ്പറേറ്റ് സംവിധാനത്തിന് സാധിച്ചിട്ടില്ല.
2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം പിന്നീട് നടന്ന ലോകസഭാ-നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ട്വന്റി-20ക്കു സാധിച്ചില്ല. കുന്നത്തുനാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും, 2019-ലെ ലോക്സഭാ തോൽവിക്ക് ശേഷവും ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചിരുന്നു. 2024-ൽ പരാജയം നേരിട്ടതിനു ശേഷം മാർക്കറ്റ് തുറക്കാതായതോടെ ജനങ്ങളും പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
സി.എസ്.ആർ ഫണ്ടിന്റെ വിനിയോഗം കമ്പനി നടക്കുന്ന പ്രദേശത്ത് ആയിരിക്കണമെങ്കിൽ ഹൈദരാബാദിലെ സീതാറാംപൂരിലാവുമോ ഇനി ഫണ്ട് വിനിയോഗമെന്ന് കണ്ടറിയാം. സമൂഹത്തിന്റെ വളർച്ചയെ ലക്ഷ്യം വെക്കുന്ന പ്രവർത്തനമാണ് നടത്തുന്നത് എന്ന് പറയുകയും കോർപ്പറേറ്റു മുതലാളിയുടെ ഭിക്ഷയായി ഭക്ഷ്യ സുരക്ഷയെ അടയാളപ്പെടുത്തുകയുമാണ് ട്വന്റി-20 ചെയ്യുന്നത്. ഇതിനോടകം നിരവധി പഠനങ്ങൾ ഈ മാർക്കറ്റിനെക്കുറിച്ച് വന്നിട്ടുണ്ട്. നിരവധി പേർ ഈ മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നുവെന്നാണ് അതിലെല്ലാം വ്യക്തമായിരുന്നത്. ജനങ്ങളെ യാചകരാക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ ട്വൻറി-20 എടുക്കുന്നത് എന്ന വിമർശനം ശരിയാണെന്ന് തന്നെ പറയേണ്ടി വരും.
സമൂഹത്തിൻ്റെ വിശാലമായ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടാത്ത, പ്രത്യേക അജണ്ടകളുള്ള കോർപ്പറേറ്റുകൾക്ക് ജനങ്ങളുടെ പ്രശ്ങ്ങൾക്ക് വില കൽപ്പിക്കാൻ സാധിക്കുകയില്ല. കോർപ്പറേറ്റു താൽപ്പര്യങ്ങളും വിശാലമായ സാമൂഹിക ലക്ഷ്യങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതയാണ് നിലവിൽ കിഴക്കമ്പലത്ത് കാണുവാൻ സാധിക്കുന്നത്. കോർപ്പറേറ്റുകൾ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കു ഊന്നൽ നൽകുന്നത് ചിലപ്പോൾ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള രീതികളെ ദുർബലപ്പെടുത്തിയേക്കാം, പ്രത്യേകിച്ചും, ദീർഘകാല സുസ്ഥിര ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന അവസ്ഥകൾ ഉരുത്തിരിയുമ്പോൾ…