ആശാ വർക്കർമാരുടെ സമരം 50 ദിവസം പിന്നിട്ടു. ന്യായമായ തൊഴിൽ -വേതന ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചല്ലാതെ പിരിഞ്ഞു പോവുകയില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് പ്രതിഷേധം കടുപ്പിക്കുന്ന കേരളത്തിലെ ആശാ തൊഴിലാളികൾ രാജ്യത്തിന്റെ വലിയൊരു ശതമാനം വരുന്ന അനൗപചാരിക തൊഴിൽ സേനയുടെ പരിച്ഛേദം കൂടിയാണ്.
വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ''തൊഴിലാളികളുടെ'' വേതനവിഹിതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ അലംഭാവം കാണിക്കുകയും അതോടൊപ്പം തൊഴിൽ നിയമങ്ങളിൽ വരെ മാറ്റം വരുത്തി കുത്തകകൾക്ക് വിഭവചൂഷണത്തിന് ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരും, ന്യായമായ വേതന- തൊഴിൽ സാഹചര്യങ്ങൾക്ക് സമരം ചെയുന്ന ആശ വർക്കർമാർക്കുനേരെ നിരന്തരം ആക്ഷേപങ്ങളും അപഹസിക്കലും മാത്രം നടത്തി, കേന്ദ്ര സർക്കാറിനാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുന്ന സംസ്ഥാന ഭരണ നേതൃത്വങ്ങളും സ്വീകരിക്കുന്നത് ഒരേ തൊഴിലാളി വിരുദ്ധ നിലപാടു തന്നെയാണ് എന്നതിൽ സംശയമില്ല.
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും പൂർണ്ണമായും നവ ലിബറൽ യുക്തികളാൽ ഭരിക്കപ്പെടുമ്പോൾ, വ്യത്യസ്ത രാഷ്ട്രീയ ഭരണകൂടങ്ങൾക്കുകീഴിൽ വികസനപരവും വിതരണപരവുമായ ഫലങ്ങൾ സമൂലമായി ഭിന്നമായിരിക്കില്ല. കേന്ദ്ര- സംസ്ഥാന രാഷ്ട്രീയ ഭരണം വ്യത്യാസപ്പെടുന്നത്, എത്രമാത്രം വിധേയപരമായി അവർ ഈ നവ ഉദാരീകരണ നയങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകളെ ഈയടിസ്ഥാനത്തിൽ വേണം മനസ്സിലാക്കാൻ.
നവലിബറൽ നയങ്ങൾ:
ആഘോഷങ്ങൾ അവസാനിച്ചു
90-കളിൽ തുടക്കം കുറിച്ച നവ ഉദാരീകരണ നയങ്ങൾ കാഴ്ചവെച്ച ആഘോഷരാവുകൾ അവസാനിച്ചുവെന്നും ഇനിയങ്ങോട്ട് കാണാൻ പോകുന്നത് അടിസ്ഥാന വിഭാഗങ്ങൾക്കുമേൽ ഈ നയങ്ങൾ സൃഷ്ടിച്ച ആഘാതങ്ങളായിരിക്കുമെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആശ വർക്കർമാർ മാത്രമല്ല, സമാന രീതിയിൽ തൊഴിൽ മേഖലയുടെ അനൗപചാരികവൽക്കരണത്തിനും കരാർവൽക്കരണത്തിനും വിധേയരായി തൊഴിൽ ചെയ്യേണ്ടിവരുന്ന വിവിധ രംഗങ്ങളിലെ തൊഴിലാളികൾക്ക് സമരരംഗത്തേക്കിറങ്ങേണ്ടി വരുമെന്നതിൽ സന്ദേഹമില്ല. അതോടൊപ്പം, ക്ഷേമ മേഖലകളിൽ നിന്നുള്ള ഭരണകൂട പിന്മാറ്റം സാധാരണ ജനങ്ങളിൽ ഏൽപ്പിച്ച ഭാരവും പ്രക്ഷോഭരൂപം പ്രാപിക്കുമെന്നതിലും സംശയമില്ല.
അനൗപചാരിക സമ്പദ് വ്യവസ്ഥയെ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലവസരങ്ങളും (90%) നിലനിൽക്കുന്നത്. തുച്ഛ വേതനം ലഭിക്കുന്നതോ വേതനരഹിതമോ ആയ ജോലികളുടെ വ്യാപനം തൊഴിൽ പ്രതിസന്ധിയുടെ, അതിനപ്പുറം രാജ്യത്തിന്റെ രാഷ്ട്രീയ- സാമൂഹിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് വിലയിരുത്തപ്പെടേണ്ടത്. ആ വിശകലനങ്ങൾ ചെന്നെത്തിനിൽക്കുക രാഷ്ട്രീയ ഭരണകൂടങ്ങൾ എല്ലാ സാമ്പത്തിക നയങ്ങളിലും പിന്തുടരുന്ന നവ ലിബറൽ യുക്തിയിലായിരിക്കും. തുടക്കത്തിൽ ഇന്ത്യയിലെ ദേശീയ- പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ നവ ലിബറലിസത്തെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പരസ്യമായി അനുകൂലിക്കാൻ മടിച്ചുനിന്നിരുന്നുവെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെടുന്നതിനായി അവരുടെ പ്രത്യയശാസ്ത്രങ്ങളെ തന്നെ പുനഃക്രമീകരിക്കുന്നതായി കാണാം.

2014- ലെ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷിയായ ഭാരതീയ ജനതാ പാർട്ടി (BJP) പുത്തൻ മൂലധനത്തിന്റെ അസാധാരണമായ പിന്തുണയോടെ ഭരണത്തിലേറിയതോടെ ഇന്ത്യയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന, ഭരിച്ചിരുന്ന നവലിബറൽ പ്രത്യയശാസ്ത്രം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. നവ ഉദാരവൽക്കരണം, ഹിന്ദുത്വ ഫാഷിസം എന്നീ രണ്ടു ആധിപത്യ പദ്ധതികൾ ഒന്നിച്ച് കൈകോർത്ത് തൊഴിൽ മേഖലയെ പൂർണമായും തകർത്തെറിയുന്ന കാഴ്ചകൾക്കാണ് അതിനുശേഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്. സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള ബഡ്ജറ്റ് വിഹിതത്തിൽ വലിയ തോതിൽ വെട്ടിക്കുറക്കലുകൾ നടത്തി ക്ഷേമരാഷ്ട്ര സങ്കല്പങ്ങളെ കൈയ്യൊഴിയുന്ന മോദി ഭരണകൂടം അസംഘടിത തൊഴിലാളികളുടെ ജീവിതം കൂടുതൽ അരക്ഷിതമാക്കുന്ന സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
ഒരു ദശകം പിന്നിട്ട മോദി ഭരണകാലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് സമ്മാനിച്ചത് തൊഴിൽ രഹിത വളർച്ചയായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലയളവിൽ തൊഴിലില്ലായ്മാനിരക്ക് തുടർച്ചയായി വർധിക്കുകയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സംഘടിത തൊഴിൽ മേഖലയിലും സമാനമായി സ്ഥിരം തൊഴിലിൽ നിന്ന് സ്ഥിരമല്ലാത്ത, ഹ്രസ്വകാല, കരാർ തൊഴിലിലേക്കുള്ള മാറ്റത്തിന് ആവശ്യമായ നിരവധി നയരൂപീകരണങ്ങൾ സംഭവിച്ചതും ഈ കാലയളവിൽ തന്നെയാണ്.
ആശ വർക്കർമാർ മാത്രമല്ല, സമാന രീതിയിൽ തൊഴിൽ മേഖലയുടെ അനൗപചാരികവൽക്കരണത്തിനും കരാർവൽക്കരണത്തിനും വിധേയരായി തൊഴിൽ ചെയ്യേണ്ടിവരുന്ന വിവിധ രംഗങ്ങളിലെ തൊഴിലാളികൾക്ക് സമരരംഗത്തേക്കിറങ്ങേണ്ടി വരുമെന്നതിൽ സന്ദേഹമില്ല.
നവ ലിബറലിസത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണ 'ഭരണകൂട പിന്മാറ്റം' എന്നാണ്. എന്നാൽ ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്നും 'നവ ലിബറലിസം എല്ലായ്‌പ്പോഴും ഭരണകൂടത്തിന്റെ അംഗച്ഛേദനമല്ല (amputation), മറിച്ച് പുനർസങ്കല്പവൽക്കരണ'മാണെന്ന് പൊതുവിൽ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരവും നിയമപരവുമായ മാറ്റങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങളിൽനിന്ന് ഭരണകൂടത്തെ പരിരക്ഷിക്കുകയും, കുറഞ്ഞ ജനാധിപത്യമുള്ള ഒരു അസ്തിത്വമായി അതിനെ പുനഃക്രമീകരിക്കുകയാണ് സ്വേച്ഛാധിപത്യ നവ ലിബറലിസം ചെയ്തുകൊണ്ടിരിക്കുന്നത്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച തൊഴിൽ നിയമ ഭേദഗതികൾ ഇത്തരത്തിൽ രാഷ്ട്രം എങ്ങനെ സ്വയം നവലിബറൽ നയങ്ങളുടെ നടത്തിപ്പിന് അനുരൂപമാകും വിധം പുനഃക്രമീകരിക്കുന്നു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ്. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾക്ക് ആശ്രയിക്കാവുന്ന ബഹുതല സംവിധാനങ്ങൾ ഒഴിവാക്കുന്ന, തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശം അട്ടിമറിക്കുന്ന, തൊഴിലാളി സംഘടനകളുടെ അധികാരങ്ങൾ കുറയ്ക്കുന്ന, തൊഴിലാളികളുടെ വിലപേശൽ ശേഷിയെ പോലും ഇല്ലാതാക്കുന്ന ഈ തൊഴിൽ നിയമ ഭേദഗതികൾ നവ ലിബറൽ ചട്ടക്കൂടുകൾക്കകത്തു രൂപപ്പെടുത്തിയ തികച്ചും സ്വേച്ഛാധിപത്യ സ്വഭാവമുള്ളവയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.

നിയോ ലിബറൽ രാഷ്ട്ര പരിണാമത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ പദ്ധതി ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെ കാലഹരണപ്പെടുത്തുക എന്നതായിരുന്നു. പൊതുസേവനങ്ങളുടെ ഗുണപരമായ ഘടകങ്ങൾ ഇല്ലാതാക്കി അവയെ സ്വകാര്യവൽക്കരിക്കുകയും, പൊതുജനങ്ങൾക്കായി ഫണ്ട് ചെയ്യുന്ന പരിചരണത്തിനും സാമൂഹിക സേവനങ്ങൾക്കും പകരമായി സന്നദ്ധ സേവനത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ഈവിധമുള്ള ക്ഷേമരാഷ്ട്ര പരിഷ്‌കരണത്തിൽ ഉൾപ്പെട്ട തൊഴിലിന്റെ ഏറ്റവും ചൂഷണാത്മകമായ പരിവർത്തനം സ്ത്രീകളുടെ ഉൽപാദനപരവും പ്രത്യുൽപാദനപരവുമായ അധ്വാനത്തെ ‘സന്നദ്ധ സേവന സേന’യാക്കി മാറ്റിയതാണ്. നവ ലിബറൽ ‘സന്നദ്ധ സേവനങ്ങൾ’ (Volunteering) വ്യവസ്ഥാപിത ചൂഷണത്തിന് സൗകര്യമൊരുക്കുകയും, പൗര ഉത്തരവാദിത്തമെന്ന വ്യാജേന, ലിംഗപരവും വർഗാധിഷ്ഠിതവുമായ ശ്രേണികളെ നിലനിർത്തുകയും ചെയ്യുന്നതിന്റെ മികച്ച മാതൃകയായി ഇന്ത്യയിലെ ആശാ വർക്കർമാരുടെ തൊഴിലിനെ ചൂണ്ടിക്കാണിക്കാം. അത് നിസ്വാർത്ഥതയെ ഉദാത്തവൽക്കരിക്കുകയും സമൂഹത്തിലെ വ്യവസ്ഥാപിതമായ ചൂഷണത്തെ-പ്രത്യേകിച്ച് സ്ത്രീകളുടെ അധ്വാനത്തെ- പരിചരണത്തെ (care works) സാമ്പത്തിക കടമയായിട്ടല്ല, മറിച്ച് സാമൂഹിക കടമയായി അവതരിപ്പിച്ച്, ഒരു ധാർമ്മിക ബാധ്യതയായി ആദർശവൽക്കരിക്കുന്നു. സ്ത്രീതൊഴിലാളികൾക്ക് ഈ വിധം തങ്ങളുടെ തുച്ഛവേതനമുള്ള അധ്വാനത്തെ പോലും സാമൂഹിക ഐക്യദാർഢ്യത്തിന്റെ പ്രകടനമായി വ്യാഖ്യാനിക്കാനും തങ്ങളുടെ അധ്വാനത്തെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശനമായി കണക്കാക്കാനും കഴിയുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രയോഗ വിജയം കൈവരിച്ച വിപണിയധിഷ്ഠിത തന്ത്രം കൂടിയാണ് നവ ഉദാരവൽക്കരണ നയങ്ങൾ. ന്യായമായ വേതനമില്ലാത്ത പരിചരണത്തെ ഒരു ധാർമ്മിക ഗുണമായി മഹത്വവൽക്കരിക്കുന്നതിലൂടെ, നവ ലിബറലിസം ചൂഷണം ചെയ്യപ്പെടുന്ന അധ്വാനത്തിലുള്ള അതിന്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. തുച്ഛമായ വേതനം, ചൂഷണാത്മകമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയായിട്ടു പോലും, ആശാ തൊഴിലാളികളും അംഗനവാടി ജീവനക്കാരും തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന തൊഴിലിനെ, അതിന്റെ ഭാഗമായ സാമൂഹിക ഇടപെടലുകളെ, ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ നോക്കിക്കാണുന്നത് മേൽസൂചിപ്പിച്ച ധാർമിക ബോധത്തിന്റെയും നിസ്വാർത്ഥതയുടെയും അടിസ്ഥാനത്തിലാണെന്ന് പലപ്പോഴും അവരുടെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാവും.
സ്വകാര്യ മൂലധനത്തിനും സൈനിക മേഖലയ്ക്കും ഇടയിലുള്ള പ്രതിബന്ധങ്ങൾ ഒഴിവാക്കാൻ സഹായകരമാകുന്ന 'അഗ്‌നിപഥ്' ആ വിധം സൈനിക നവ ലിബറലിസത്തിലേക്കുള്ള ഒരു മാറ്റമായി കണക്കാക്കാം. ഈ പദ്ധതി പ്രകാരം, പ്രതിവർഷം ഏകദേശം 45,000- 50,000 വരെ സൈനികരെ നിയമിക്കും. അവരിൽ ഭൂരിഭാഗവും വെറും നാല് വർഷത്തിനുള്ളിൽ സർവീസിൽ നിന്ന് പുറത്തു പോകേണ്ടവരും കൂടിയാണ്.
ആശാ വർക്കർമാരെപ്പോലെ ‘തൊഴിലാളികൾ’ എന്ന പദവിയിൽ പരിഗണിക്കാത്ത അംഗനവാടി ജീവനക്കാരും സമാന അനീതിയും തൊഴിൽ ചൂഷണവും നേരിടുന്ന വിഭാഗമാണ്. ആശാ വർക്കർമാർക്കൊപ്പം അംഗനവാടി ജീവനക്കാരും സമരപാതയിലാണ്. സംയോജിത ശിശു വികസന സേവനങ്ങൾ (ICDS) പ്രകാരം സർക്കാർ പ്രാഥമിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും, ബന്ധപ്പെട്ട ആരോഗ്യ പദ്ധതികളുടെയും മാർഗദർശികളായിരുന്നിട്ടും അവരുടെ പ്രവർത്തനങ്ങൾക്കുള്ള മാന്യമായ വേതനം നൽകാത്ത സാഹചര്യം നിലനിൽക്കുന്നു. 2023 ജൂണിൽ ICDS-നെ ‘അംഗൻവാടി സേവനങ്ങൾ’ എന്ന പേരിൽ പുതുക്കി നിശ്ചയിക്കുകയും, ഇതിനായുള്ള ബഡ്ജറ്റ് വിഹിതം കേന്ദ്ര സർക്കാർ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇവയെല്ലാം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി വരുന്നു എന്നതുകൊണ്ടും, കേന്ദ്ര വിഹിതത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളോ കാലതാമസങ്ങളോ സംസ്ഥാന തലത്തിൽ തൊഴിൽ അസ്ഥിരത വർധിപ്പിക്കാൻ കാരണമാകും.
ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള നവ ലിബറൽ നയങ്ങളുടെ സഖ്യം ഹിന്ദുത്വത്തിന്റെ മറവിൽ നവ ലിബറൽ നയങ്ങൾ കൂടുതൽ സാമൂഹിക സ്വീകാര്യതയോടെ നടപ്പാക്കാനുള്ള അനുകൂല സാഹചര്യങ്ങൾ സംജാതമാക്കിയതായി കാണാം. സുരക്ഷ സംബന്ധിച്ച ഉറപ്പിനെ അടിസ്ഥാനമാക്കി, സാമൂഹിക ഉടമ്പടികൾ പുനഃക്രമീകരിച്ച്, നവ ലിബറൽ യുക്തിബോധം ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ മറവിൽ വിപണിയേതര സ്ഥാപനങ്ങളിലേക്കും പൊതുമേഖലകളിലേക്കും കൂടുതൽ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരമൊരു നവ ലിബറൽ- ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയായാണ് 'അഗ്‌നിപഥ്' കടന്നുവരുന്നത്. അപ്രാപ്യമെന്നു കരുതിയിരുന്ന രാജ്യത്തെ പ്രതിരോധം, പൊലീസിങ് തുടങ്ങിയ മേഖലയിലും സുരക്ഷിതമായി നവ ഉദാരീകരണ നയങ്ങൾക്ക് കടന്നുവരാനുള്ള പദ്ധതിയായി അഗ്‌നിപഥ് മാറി.

ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യയിലെ 62%വും 15- 59 പ്രായക്കാരാണ്. യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ 42% എന്ന റെക്കോർഡ് നിരക്കിലാണ് എന്ന് 'സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി'യുടെ (Centre for Monitoring Indian Economy)യുടെ കണക്കുകൾ പറയുന്നു. പ്രതിവർഷം ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ 2014-ലെ തെരെഞ്ഞെടുപ്പു വാഗ്ദാനം. എന്നാൽ തൊഴിൽമേഖലയിൽ കൂടുതൽ അസ്ഥിരതയും, തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് വർധനവും മാത്രമാണ് മോദി ഭരണം കാഴ്ചവെച്ചത്. ഈയൊരു നിർണ്ണായക ഘട്ടത്തിലാണ് സൈന്യത്തിലെ കരാർ ജോലി എന്ന ഹിന്ദുത്വ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്.
സ്വകാര്യ മൂലധനത്തിനും സൈനിക മേഖലയ്ക്കും ഇടയിലുള്ള പ്രതിബന്ധങ്ങൾ ഒഴിവാക്കാൻ സഹായകരമാകുന്ന 'അഗ്‌നിപഥ്' ആ വിധം സൈനിക നവ ലിബറലിസത്തിലേക്കുള്ള ഒരു മാറ്റമായി കണക്കാക്കാം. ഈ പദ്ധതി പ്രകാരം, പ്രതിവർഷം ഏകദേശം 45,000- 50,000 വരെ സൈനികരെ നിയമിക്കും. അവരിൽ ഭൂരിഭാഗവും വെറും നാല് വർഷത്തിനുള്ളിൽ സർവീസിൽ നിന്ന് പുറത്തു പോകേണ്ടവരും കൂടിയാണ്. മൊത്തം വാർഷിക നിയമനങ്ങളിൽ, 25 ശതമാനം പേർക്ക് മാത്രമേ സ്ഥിരം കമ്മീഷൻ പ്രകാരം 15 വർഷത്തേക്ക് കൂടി തുടരാൻ അനുവാദമുള്ളൂ. പെൻഷൻ വ്യവസ്ഥകളൊന്നുമില്ലാതെ നിശ്ചിതകാല കരാർ അധിഷ്ഠിത നിയമനത്തിലൂടെ രാജ്യ സുരക്ഷക്കാവശ്യമായ കരാർ സൈനിക തൊഴിലാളികളെ സജ്ജരാകുകയാണ് അഗ്‌നിപഥ് ലക്ഷ്യം വെക്കുന്നത്. 2022 ഡിസംബർ മുതൽ 2023 ജനുവരി വരെ ആദ്യത്തെ അഗ്‌നിവീർ ബാച്ച് എന്റോൾ ചെയ്യുകയും, ഏകദേശം ഒരു ലക്ഷം അഗ്‌നിവീർമാരെ-200 ഓളം പേർ സ്ത്രീകൾ ഉൾപ്പെടെ- സൈന്യത്തിൽ റിക്രൂട്ട് നടത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളിലും വ്യവസായങ്ങളിലും സേവനങ്ങളിലും ഇതിനകം സംഘപരിവാർ ഭരണകാലത്ത് ആക്രമണാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്ന കാഷ്വലൈസേഷൻ / കോൺട്രാക്റ്റലൈസേഷൻ പ്രക്രിയയുടെ ഏറ്റവും പുതിയ കേന്ദ്ര പദ്ധതിയായി അഗ്‌നിപഥ് മാറുമ്പോൾ തൊഴിൽ സുരക്ഷയെ സംബന്ധിച്ചും, അതിനപ്പുറം സൈനികമേഖലയുടെ സ്വകാര്യവൽക്കരണത്തിന്റെ അനന്തര ഫലങ്ങളെ സംബന്ധിച്ചും നിരവധി സംശയങ്ങൾ സ്വാഭാവികമായും ഉയരുന്നുണ്ട്.
ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും അഗ്നിവീരന്മാരും ഇന്ത്യൻ തൊഴിൽ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
EASE OF DOING BUSINESS എന്ന പേരിൽ മൂലധന താൽപര്യം കെട്ടഴിച്ചുവിടാൻ സ്വകാര്യ മേഖലയിലെയും അതിനനുസൃതമായ രീതിയിൽ പൊതുമേഖലയിലെയും തൊഴിൽ ബന്ധങ്ങളെ പൂർണ്ണമായും പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവുകൾ കേന്ദ്ര സർക്കാർ പുറത്തിറക്കിക്കഴിഞ്ഞു. രാഷ്ട്രീയമായി ഇതിനെ എതിർക്കുകയും പ്രക്ഷോഭ മുന്നണിയിൽ സജീവമാകുകയും ചെയ്യേണ്ട വിഭാഗങ്ങൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി അടിസ്ഥാന വിഭാഗങ്ങളുടെ പോരാട്ട പാതയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.