Bengaluru
എന്ന ഗിഗ് ഭൂപടം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ദക്ഷിണേന്ത്യൻ നഗരങ്ങളിലെത്തുന്ന യുവാക്കൾ ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൊഴിൽശക്തിയായി മാറുന്നു. ബെംഗളൂരുവിലെ ഗിഗ് തൊഴിൽമേഖലയെ മുൻനിർത്തി അന്വേഷണം: നവാസ് എം. ഖാദർ, ഡോ. പ്രേരണ ശ്രീമാൽ. സംസ്ഥാനങ്ങളിലെ തൊഴിൽ കുടിയേറ്റങ്ങളുടെ സമഗ്ര റിപ്പോർട്ട്: പരമ്പര തുടരുന്നു.

തൊഴിലിനായി
നാടു വിടേണ്ടിവരുന്ന
മനുഷ്യർ: ഭാഗം മൂന്ന്
▮

ഡിജിറ്റൽ യുഗത്തിലെ കുടിയേറ്റവും
കർണാടകയും

നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കുശേഷം ഇന്ത്യയിൽ നഗരവൽക്കരണത്തിന്റെയും സാങ്കേതിക വികാസത്തിന്റെയും പുതിയ ഭൂപടം വരച്ച നഗരമാണ് ബെംഗളൂരു. ഇന്ത്യയുടെ 'സിലിക്കൺ വാലി' എന്ന വിശേഷണത്തിനപ്പുറം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും അതുണ്ടാക്കുന്ന പുതിയ തൊഴിൽബന്ധങ്ങളും ഒരേസമയം ദൃശ്യമാകുന്ന നഗരം. ഭക്ഷണം വീട്ടിലെത്തിക്കുന്നതു മുതൽ യാത്രാസൗകര്യങ്ങളും നിത്യോപയോഗ സാധനവിതരണവും വരെ ആപ്പുകൾ നിയന്ത്രിക്കുന്ന പുതിയ കാലത്ത്, ഈ ഡിജിറ്റൽ സൗകര്യങ്ങളുടെ പിന്നിൽ അധ്വാനിക്കുന്ന ഒരു വലിയ തൊഴിൽസമൂഹം വളർന്നുവന്നിട്ടുണ്ട്. അവരെ ഗിഗ് തൊഴിലാളികൾ (Gig Workers) എന്ന് പൊതുവെ വിളിക്കുന്നു. പ്ലാറ്റ്‌ഫോം ക്യാപിറ്റലിസത്തിന്റെ (Platform Capitalism) വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഈ തൊഴിലാളികൾ, ആധുനിക നഗരസമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.

നിതി ആയോഗിന്റെ കണക്കുകൾ, ഈ തൊഴിൽമേഖലയുടെ വളർച്ചയുടെ വേഗം വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം 2020–21-ൽ 77 ലക്ഷമായിരുന്നത് 2024–25-ൽ 1.2 കോടിയായി ഉയരുമെന്നും 2029–30-ഓടെ 2.35 കോടിയിലെത്തുമെന്നുമാണ് പ്രവചനം. അപ്പോഴേക്കും രാജ്യത്തെ ആകെ തൊഴിൽശക്തിയുടെ 4.1% ഗിഗ് തൊഴിലാളികളായിരിക്കും. ഈ മാറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരു. ഇ-കൊമേഴ്‌സ്, ക്വിക് കൊമേഴ്‌സ്, ഭക്ഷണവിതരണം, ഓൺലൈൻ യാത്രാസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നു. ബെംഗളൂരുവിൽ മാത്രം ഏകദേശം രണ്ട് ലക്ഷം ആപ്പധിഷ്ഠിത ഗിഗ് തൊഴിലാളികളുണ്ടെന്നും കർണാടകയിലാകെ ഇവരുടെ എണ്ണം നാല് ലക്ഷത്തോളമാണെന്നും കണക്കാക്കപ്പെടുന്നു.

തൊഴിലാളി സ്വന്തം സമയത്തിന്റെ ഉടമയാണെന്ന പ്രതീതിയാണ് ഗിഗ് സമ്പദ്‌വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ തൊഴിൽബന്ധം ഒരു കരാറിനേക്കാൾ ആപ്പിന്റെ നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്നു.

എന്നാൽ, ഈ ഡിജിറ്റൽ തൊഴിൽവിപണിയുടെ വളർച്ച കേവലം സാങ്കേതിക പുരോഗതിയുടെ വിജയകഥയായി മാത്രം വായിക്കാനാവില്ല എന്ന് ഫീൽഡുവർക്കിന്റെ വെളിച്ചത്തിൽ ലേഖകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിത്തറയിൽ പ്രവർത്തിക്കുന്നത് പ്രധാനമായും അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളാണ്. ബിഹാർ, പശ്ചിമ ബംഗാൾ, അസം, ഒഡീഷ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മെച്ചപ്പെട്ട തൊഴിലവസരങ്ങളും വരുമാനവും തേടി ദക്ഷിണേന്ത്യൻ നഗരങ്ങളിലെത്തുന്ന യുവാക്കൾ ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൊഴിൽശക്തിയായി മാറുന്നു. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള യു.എൻ.എഫ്.പി.എയുടെ പഠനങ്ങളും ഈ കുടിയേറ്റത്തിന്റെ പ്രാദേശിക സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

പരമ്പരാഗത തൊഴിൽമേഖലകളിൽ പ്രവേശിക്കാനാവശ്യമായ പ്രാദേശിക ബന്ധങ്ങളോ പ്രത്യേക തൊഴിൽപരിശീലനമോ ഇല്ലാത്ത ഒരാൾക്കു പോലും സ്മാർട്ട്‌ഫോണും ആധാറും ഇരുചക്രവാഹനവും കൈവശമുണ്ടെങ്കിൽ ഗിഗ് തൊഴിൽമേഖലയിലേക്ക് കടന്നുവരാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. തൊഴിൽ തേടി നഗരത്തിലെത്തുന്ന ഗ്രാമീണ യുവാക്കൾക്ക് ഈ സംവിധാനം വേഗം വരുമാനം കണ്ടെത്താനുള്ള വഴിയായി അനുഭവപ്പെടുന്നു. എന്നാൽ, ഈ പ്രവേശനസൗകര്യം തൊഴിലാളിക്ക് തൊഴിൽസുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പുനൽകുന്നില്ല.

ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം 2020–21-ൽ 77 ലക്ഷമായിരുന്നത് 2024–25-ൽ 1.2 കോടിയായി ഉയരുമെന്നും 2029–30-ഓടെ 2.35 കോടിയിലെത്തുമെന്നുമാണ് പ്രവചനം. അപ്പോഴേക്കും രാജ്യത്തെ ആകെ തൊഴിൽശക്തിയുടെ 4.1% ഗിഗ് തൊഴിലാളികളായിരിക്കും.
ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ എണ്ണം 2020–21-ൽ 77 ലക്ഷമായിരുന്നത് 2024–25-ൽ 1.2 കോടിയായി ഉയരുമെന്നും 2029–30-ഓടെ 2.35 കോടിയിലെത്തുമെന്നുമാണ് പ്രവചനം. അപ്പോഴേക്കും രാജ്യത്തെ ആകെ തൊഴിൽശക്തിയുടെ 4.1% ഗിഗ് തൊഴിലാളികളായിരിക്കും.

തൊഴിലാളി സ്വന്തം സമയത്തിന്റെ ഉടമയാണെന്ന പ്രതീതിയാണ് ഗിഗ് സമ്പദ്‌വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ എത്ര സമയം ജോലി ചെയ്യണം, എത്ര ദൂരം സഞ്ചരിക്കണം, എത്ര ഓർഡറുകൾ സ്വീകരിക്കണം, എത്ര വരുമാനം ലഭിക്കണം തുടങ്ങിയ കാര്യങ്ങളിൽ അൽഗോരിതങ്ങൾക്കും പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണങ്ങൾക്കും നിർണായക സ്വാധീനമുണ്ട്. തൊഴിൽബന്ധം ഒരു കരാറിനേക്കാൾ ആപ്പിന്റെ നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്നു. തൊഴിൽസ്വാതന്ത്ര്യത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്ന ഈ പുതിയ സംവിധാനം യഥാർഥത്തിൽ തൊഴിലാളികളുടെ മേൽ പുതിയതരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ തിളക്കമാർന്ന പരസ്യങ്ങൾക്കപ്പുറം, തൊഴിലാളികളുടെ ജീവിതത്തിൽ നിലനിൽക്കുന്നത് വരുമാനത്തിലെ അനിശ്ചിതത്വം, അപകടസാധ്യത, സാമൂഹിക സുരക്ഷയുടെ അഭാവം, തൊഴിൽസമയത്തിന്റെ നീണ്ടുപോകൽ, പ്ലാറ്റ്‌ഫോമുകളോടുള്ള ആശ്രിതത്വം തുടങ്ങിയ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ബെംഗളൂരുവിലെ ഗിഗ് തൊഴിൽമേഖലയെക്കുറിച്ചുള്ള അന്വേഷണം കേവലം പുതിയ തൊഴിൽസാധ്യതകളെക്കുറിച്ചുള്ള പഠനമല്ല. മറിച്ച്, ഡിജിറ്റൽ മുതലാളിത്തത്തിന്റെ വളർച്ചയിൽ കുടിയേറ്റ തൊഴിലാളികളുടെ അധ്വാനം എങ്ങനെ വിനിയോഗിക്കപ്പെടുന്നു, അതിന്റെ നേട്ടങ്ങൾ ആർക്കാണ് ലഭിക്കുന്നത്, അതിന്റെ അപകടസാധ്യതകൾ ആരാണ് വഹിക്കുന്നത് എന്നീ അടിസ്ഥാന സാമൂഹിക-രാഷ്ട്രീയ ചോദ്യങ്ങളിലേക്കുള്ള അന്വേഷണമാണ്.

ഗിഗ് തൊഴിലാളികളെ നിയമപരമായി നിർവചിച്ചതുകൊണ്ടുമാത്രം പരമ്പരാഗത തൊഴിൽബന്ധത്തിൽ ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് ഉറപ്പാകുന്നില്ല.

പ്ലാറ്റ്‌ഫോം ക്യാപ്പിറ്റലിസവും
ഡിജിറ്റൽ ടെയ്‌ലറിസവും:
അദൃശ്യമായ അധ്വാന ചൂഷണം

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ വൈരുധ്യം തൊഴിൽസ്വാതന്ത്ര്യത്തിന്റെ വാഗ്ദാനവും തൊഴിലാളിയുടെ മേലുള്ള നിയന്ത്രണവും ഒരേസമയം നിലനിൽക്കുന്നു എന്നതാണ്. പരമ്പരാഗത തൊഴിലുടമ– തൊഴിലാളി ബന്ധത്തിൽനിന്ന് വ്യത്യസ്തമായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ തൊഴിലാളികളെ 'സ്വതന്ത്ര കരാറുകാർ' (Independent Contractors), 'പങ്കാളികൾ' (Partners) എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. തൊഴിൽബന്ധത്തിന്റെ ഈ പുനർനിർവചനം കമ്പനികൾക്ക് തൊഴിലുടമ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽനിന്ന് അകന്നുനിൽക്കാനുള്ള അവസരം നൽകുന്നു. മിനിമം വേതനം, ഇ.പി.എഫ് (EPF), ഇ.എസ്.ഐ (ESI), ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയ അസുഖ അവധി തുടങ്ങിയ പരമ്പരാഗത തൊഴിൽ ആനുകൂല്യങ്ങൾ ഈ തൊഴിലാളികൾക്ക് ഉറപ്പുള്ള അവകാശങ്ങളായി ലഭിക്കുന്നില്ല. തൊഴിൽ ചെയ്യുന്നവരുണ്ട്; എന്നാൽ ആ തൊഴിലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന തൊഴിലുടമ ആരാണ് എന്ന ചോദ്യം ഇവിടെ ഉയരുന്നു.

ഈ തൊഴിൽബന്ധത്തിന്റെ മറ്റൊരു സങ്കീർണത തൊഴിലാളിയുടെ മേലുള്ള അദൃശ്യമായ ഡിജിറ്റൽ നിരീക്ഷണവും നിയന്ത്രണവുമാണ്. ഫ്രെഡറിക് ടെയ്‌ലറുടെ ശാസ്ത്രീയ തൊഴിൽനിർവഹണ രീതികളെ ഓർമിപ്പിക്കുന്ന തരത്തിൽ, ഡിജിറ്റൽ ടെയ്‌ലറിസം (Digital Taylorism) എന്ന പുതിയ തൊഴിൽസംവിധാനം പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിൽ ശക്തിപ്പെടുന്നു. തൊഴിലാളിയുടെ സമയം, ചലനം, വേഗം, തൊഴിൽപ്രകടനം എന്നിവയെല്ലാം ഡിജിറ്റൽ സംവിധാനങ്ങളിലൂടെ നിരീക്ഷിക്കപ്പെടുന്നു.

ആർക്കാണ് ഓർഡർ ലഭിക്കേണ്ടത്, ഏത് നിരക്കിലാണ് ജോലി ചെയ്യേണ്ടത്, എങ്ങനെ തൊഴിലാളിയുടെ പ്രകടനം വിലയിരുത്തണം തുടങ്ങിയ തീരുമാനങ്ങൾ അൽഗോരിതമിക് മാനേജ്‌മെന്റിന്റെ (Algorithmic Management) നിയന്ത്രണത്തിലാണ്. ഈ തീരുമാനങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്നോ അവയെ ചോദ്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്താണെന്നോ തൊഴിലാളിക്ക് പലപ്പോഴും വ്യക്തമായ അറിവുണ്ടാകില്ല.

ഓർഡർ നിരസിക്കുകയോ ഉപഭോക്താവിൽനിന്ന് കുറഞ്ഞ റേറ്റിംഗ് ലഭിക്കുകയോ ചെയ്യുന്നത് തൊഴിലാളിയുടെ തുടർന്നുള്ള തൊഴിൽസാധ്യതകളെ ബാധിക്കാം. ചില സന്ദർഭങ്ങളിൽ മുൻകൂർ അറിയിപ്പോ മതിയായ വിശദീകരണമോ നൽകാതെ അക്കൗണ്ടുകൾ നിർജ്ജീവമാക്കപ്പെടുന്നു (Account Deactivation). ഡിജിറ്റൽ സംവിധാനത്തിൽനിന്നുള്ള ഈ പുറത്താക്കൽ തൊഴിലാളിയുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ളതാണ്. ഒരു തൊഴിലാളിയുടെ തൊഴിൽജീവിതം എത്രത്തോളം സുരക്ഷിതമാണെന്ന് തീരുമാനിക്കുന്നത് പലപ്പോഴും അയാൾക്ക് നേരിട്ട് ഇടപെടാനോ വിശദീകരണം തേടാനോ കഴിയാത്ത ഒരു അൽഗോരിതമാണ്. തൊഴിലാളിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന അധികാരം ക്രമേണ മനുഷ്യബന്ധങ്ങളിൽനിന്ന് ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു.

തൊഴിലാളികൾക്ക് കൂട്ടായ ശബ്ദം ഉയർത്താനുള്ള അവസരങ്ങളുടെ പരിമിതിയും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാണ്. ഓക്സ്ഫഡ് സർവകലാശാലയുമായി ബന്ധപ്പെട്ട ഫെയർവർക്ക് ഇന്ത്യ (Fairwork India) 2021, 2024 റിപ്പോർട്ടുകൾ ഈ പ്രശ്നത്തെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. 2021-ലെ വിലയിരുത്തലിൽ പഠനവിധേയമാക്കിയ 11 പ്ലാറ്റ്‌ഫോമുകളിൽ ഒന്നിനുപോലും 'ന്യായമായ തൊഴിലാളി പ്രാതിനിധ്യം' (Fair Representation) എന്ന തത്വത്തിൽ പോയിന്റ് ലഭിച്ചിരുന്നില്ല. 2024-ലെ വിലയിരുത്തലിലും 11 പ്ലാറ്റ്‌ഫോമുകളിൽ ഒന്നിനും ഈ മാനദണ്ഡത്തിൽ പോയിന്റ് നേടാനുള്ള മതിയായ തെളിവ് കണ്ടെത്താനായില്ല. തൊഴിലാളികളുടെ കൂട്ടായ ശബ്ദം അംഗീകരിക്കാനും സ്വതന്ത്ര തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താനും പ്ലാറ്റ്‌ഫോമുകൾ തയ്യാറാകുന്നില്ലെന്നതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. അതായത്, തൊഴിലാളിയുടെ അധ്വാനം പ്ലാറ്റ്‌ഫോമിന് ആവശ്യമാണ്; എന്നാൽ ആ അധ്വാനത്തിന്റെ നിബന്ധനകൾ നിർണയിക്കുന്നതിൽ തൊഴിലാളിയുടെ കൂട്ടായ പങ്കാളിത്തം ഇപ്പോഴും പരിമിതമാണ് (Fairwork India, 2021, 2024).

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ വൈരുധ്യം തൊഴിൽസ്വാതന്ത്ര്യത്തിന്റെ വാഗ്ദാനവും തൊഴിലാളിയുടെ മേലുള്ള നിയന്ത്രണവും ഒരേസമയം നിലനിൽക്കുന്നു എന്നതാണ്.
ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ വൈരുധ്യം തൊഴിൽസ്വാതന്ത്ര്യത്തിന്റെ വാഗ്ദാനവും തൊഴിലാളിയുടെ മേലുള്ള നിയന്ത്രണവും ഒരേസമയം നിലനിൽക്കുന്നു എന്നതാണ്.

അധ്വാനത്തിന്റെ വിലയും
അനിശ്ചിത ജീവിതവും

പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിലെ തൊഴിൽ അരക്ഷിതാവസ്ഥ കേവലം വരുമാനത്തിലെ ഏറ്റക്കുറച്ചിലുകളിൽ ഒതുങ്ങുന്നില്ല. അത് തൊഴിലാളികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും സാമൂഹിക സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കുന്നു. നഗരത്തിന്റെ വേഗത്തിനൊത്ത് സഞ്ചരിക്കേണ്ടിവരുന്ന തൊഴിലാളികൾക്ക് വിശ്രമത്തിനും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയത്തിനും പലപ്പോഴും ഇടം ലഭിക്കുന്നില്ല.

1. നീണ്ടുപോകുന്ന
തൊഴിൽസമയം:

തൊഴിൽസ്വാതന്ത്ര്യത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്ന ഗിഗ് തൊഴിൽമേഖലയിൽ, ആവശ്യമായ വരുമാനം കണ്ടെത്താനുള്ള സമ്മർദമാണ് പലപ്പോഴും തൊഴിലാളിയുടെ സമയത്തെ നിയന്ത്രിക്കുന്നത്. കൂടുതൽ ഓർഡറുകൾ സ്വീകരിക്കാനും ഇൻസെന്റീവുകൾ നിലനിർത്താനും തൊഴിലാളികൾ ദീർഘനേരം ഓൺലൈനിൽ തുടരേണ്ടിവരുന്നു.

2026 സെപ്റ്റംബറിൽ ജൻപഹൽ (Janpahal), ഗിഗ് വർക്കേഴ്‌സ് അസോസിയേഷൻ (GigWA) എന്നിവ ചേർന്ന് ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി 1,000 പ്ലാറ്റ്‌ഫോം തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 57 ശതമാനത്തിലധികം പേർ ആഴ്ചയിൽ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇതിൽ 23.4% പേർ ആഴ്ചയിൽ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണ്. തൊഴിൽസമയത്തിന്റെ ഈ കണക്കുകൾ ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിൽസ്വാതന്ത്ര്യവും യഥാർഥ തൊഴിൽസമ്മർദവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നു (Janpahal & Gig Workers Association, 2026).

ജൻപഹൽ–ഗിഗ് വർക്കേഴ്‌സ് അസോസിയേഷൻ സർവേയിൽ പങ്കെടുത്ത ഗിഗ് തൊഴിലാളികളിൽ 62.2% പേർക്ക് ആരോഗ്യ ഇൻഷുറൻസും 44.2% പേർക്ക് അപകട ഇൻഷുറൻസും ഇല്ലെന്ന് കണ്ടെത്തി.

2. വരുമാനചോർച്ചയും
പ്രവർത്തനച്ചെലവും:

തൊഴിലാളിക്ക് ലഭിക്കുന്ന മൊത്തവരുമാനം അയാളുടെ യഥാർഥ വരുമാനമല്ല. പെട്രോൾ, വാഹന അറ്റകുറ്റപ്പണികൾ, മൊബൈൽ ഡേറ്റ, വാഹനപരിപാലനം തുടങ്ങിയ ചെലവുകൾ തൊഴിലാളി സ്വന്തം പോക്കറ്റിൽനിന്നാണ് വഹിക്കുന്നത്. 2,547 നഗര ഡെലിവറി ഡ്രൈവർമാരെ ഉൾപ്പെടുത്തിയ ഐ.ഡി.ഇൻസൈറ്റ് (IDinsight) പഠനം ഈ സാമ്പത്തിക യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്നു. മുഴുവൻ സമയ ഡെലിവറി ഡ്രൈവർമാരുടെ ശരാശരി മൊത്തമാസവരുമാനം 27,814 രൂപയാണെങ്കിലും അതിന്റെ ഏകദേശം 32% പ്രവർത്തനച്ചെലവുകൾക്കായി ചെലവാകുന്നു. ഈ ചെലവുകൾ കിഴിച്ചാൽ ശരാശരി അറ്റമാസവരുമാനം 18,761 രൂപയായി ചുരുങ്ങുന്നു. ആഴ്ചയിൽ ശരാശരി 62.2 മണിക്കൂർ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്തുനിൽക്കുന്ന മുഴുവൻ സമയ ഡ്രൈവർമാരുടെ മണിക്കൂർ അടിസ്ഥാനത്തിലുള്ള അറ്റവരുമാനം ഏകദേശം 75.3 രൂപ മാത്രമാണ്. തൊഴിലാളി സ്വന്തം വാഹനവും ഇന്ധനവും സമയവും ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിന്റെ സേവനശൃംഖല നിലനിർത്തുമ്പോൾ അതിന്റെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം വ്യക്തിഗത ഉത്തരവാദിത്തമായി മാറുന്നു (Brailovskaya et al., 2025).

3. ആരോഗ്യവും
അപകടസാധ്യതയും:

നഗരത്തിലെ തെരുവുകളിലൂടെ മണിക്കൂറുകളോളം സഞ്ചരിക്കുന്ന ഗിഗ് തൊഴിലാളികൾ റോഡപകടങ്ങൾ, കടുത്ത ചൂട്, വായുമലിനീകരണം, ശാരീരിക ക്ഷീണം തുടങ്ങിയ അപകടസാധ്യതകൾ നിരന്തരം നേരിടുന്നു. എന്നാൽ ഈ തൊഴിൽസാഹചര്യങ്ങൾക്കനുസൃതമായ ആരോഗ്യ-അപകട ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും ലഭ്യമല്ല.

ജൻപഹൽ–ഗിഗ് വർക്കേഴ്‌സ് അസോസിയേഷൻ സർവേയിൽ പങ്കെടുത്തവരിൽ 62.2% പേർക്ക് ആരോഗ്യ ഇൻഷുറൻസും 44.2% പേർക്ക് അപകട ഇൻഷുറൻസും ഇല്ലെന്ന് കണ്ടെത്തി. അപകട ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ശ്രമിച്ചവരിൽ 80 ശതമാനത്തിലധികം പേർക്ക് നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. അതായത്, ഇൻഷുറൻസ് പരിരക്ഷയുടെ അഭാവം മാത്രമല്ല, പരിരക്ഷ ലഭിക്കേണ്ട സാഹചര്യത്തിലും തൊഴിലാളികൾക്ക് ഭരണപരമായ തടസ്സങ്ങൾ നേരിടേണ്ടിവരുന്നു (Janpahal & Gig Workers Association, 2026).

ഈ അനിശ്ചിതത്വത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതുണ്ട്. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് നഗരങ്ങളിലെത്തുന്നവർക്ക് സ്ഥിര താമസം, സാമൂഹിക സുരക്ഷ, ആരോഗ്യപരിരക്ഷ, പ്രാദേശിക പിന്തുണാ സംവിധാനങ്ങൾ എന്നിവയുടെ അഭാവം തൊഴിൽപരമായ അരക്ഷിതാവസ്ഥ സങ്കീർണമാക്കുന്നു. അതുകൊണ്ടുതന്നെ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങളെ കേവലം തൊഴിൽവിപണിയിലെ മാറ്റമായി കാണാനാവില്ല. കുടിയേറ്റം, നഗരവൽക്കരണം, സാമൂഹിക അസമത്വം, തൊഴിൽ അവകാശങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെടുന്ന വിശാലമായ രാഷ്ട്രീയ- സാമ്പത്തിക പ്രശ്നമാണിത്.

തൊഴിൽസ്വാതന്ത്ര്യത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്ന ഗിഗ് തൊഴിൽമേഖലയിൽ, ആവശ്യമായ വരുമാനം കണ്ടെത്താനുള്ള സമ്മർദമാണ് പലപ്പോഴും തൊഴിലാളിയുടെ സമയത്തെ നിയന്ത്രിക്കുന്നത്.
തൊഴിൽസ്വാതന്ത്ര്യത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെടുന്ന ഗിഗ് തൊഴിൽമേഖലയിൽ, ആവശ്യമായ വരുമാനം കണ്ടെത്താനുള്ള സമ്മർദമാണ് പലപ്പോഴും തൊഴിലാളിയുടെ സമയത്തെ നിയന്ത്രിക്കുന്നത്.

ഈ സാഹചര്യത്തിന്റെ വിശാലമായ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കാൻ സതേൺ ഇന്ത്യ ഇന്റർസ്റ്റേറ്റ് മൈഗ്രേഷൻ സർവേ (SIIMS 2026) പ്രസക്തമാണ്. യുണൈറ്റഡ് നേഷൻ പോപുലേഷൻ ഫണ്ടിന്റെ പിന്തുണയോടെ പ്രൊഫ. ഇരുദയ രാജൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി നടത്തിയ ഈ പഠനം കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 33 ജില്ലകളിലായി 1,824 അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ളതാണ്. കൃഷി, മത്സ്യബന്ധനം, സ്ക്രാപ്പ് ശേഖരണം, ഹോസ്പിറ്റാലിറ്റി, ടെക്സ്റ്റൈൽ, ദിനക്കൂലി അധ്വാനം തുടങ്ങിയ ആറ് അസംഘടിത തൊഴിൽമേഖലകളിലെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളാണ് പഠിച്ചത് (IIMAD, UNFPA, & IOM, 2026).

തൊഴിൽപരമായ അനിശ്ചിതത്വം, സാമൂഹിക പാർശ്വവൽക്കരണം, പാർപ്പിട അഭാവം, ആരോഗ്യപരിപാലനത്തിലെ തടസ്സങ്ങൾ, ക്ഷേമപദ്ധതികളിൽനിന്നുള്ള ഒഴിവാക്കൽ, സാമ്പത്തിക സമ്മർദം, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നീ ഏഴ് മേഖലകളെ അടിസ്ഥാനമാക്കിയാണ് പഠനത്തിലെ മൾട്ടിഡൈമൻഷണൽ പ്രികാരിറ്റി ഇൻഡക്സ് (Multidimensional Precarity Index – MPI) രൂപപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലെയും ആറ് തൊഴിൽമേഖലകളിലെ കുടിയേറ്റ തൊഴിലാളികളുടെ ശരാശരി MPI 0.372 ആണ്. എന്നാൽ കർണാടകയിലെ കുടിയേറ്റ തൊഴിലാളികളുടെ ശരാശരി MPI 0.548 ആയി ഉയരുന്നു. ഈ സൂചിക ഗിഗ് തൊഴിലാളികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല; വിവിധ അസംഘടിത തൊഴിൽമേഖലകളിലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന സഞ്ചിതമായ സാമൂഹിക-സാമ്പത്തിക അനിശ്ചിതത്വത്തെയും പ്രതിഫലിപ്പിക്കുന്നു (IIMAD, UNFPA, & IOM, 2026).

തൊഴിൽ കൂടുതൽ കാര്യക്ഷമമാക്കുമ്പോൾ സാങ്കേതികവിദ്യ തൊഴിലാളിക്ക് കൂടുതൽ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നുണ്ടോ? അതോ പഴയ തൊഴിൽചൂഷണത്തെ പുതിയ ഡിജിറ്റൽ രൂപത്തിൽ പുനഃസംഘടിപ്പിക്കുകയാണോ പ്ലാറ്റ്‌ഫോം ക്യാപ്പിറ്റലിസം ചെയ്യുന്നത്?

ഈ കണ്ടെത്തലുകൾ ഗിഗ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറ്റൊരു മാനം നൽകുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പുതിയ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിലേക്ക് കടന്നുവരുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിൽ നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുർബലതകൾ പരിഹരിക്കപ്പെടുന്നില്ല. മറിച്ച്, നിലവിലുള്ള അസംഘടിത തൊഴിൽമേഖലകളിലെ അനിശ്ചിതത്വങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ രൂപത്തിൽ പുനഃസംഘടിപ്പിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു.

നഗരത്തിലെ ഓരോ ഭക്ഷണവിതരണത്തിന്റെയും ഓരോ ഓൺലൈൻ യാത്രയുടെയും ഓരോ ദ്രുതവിതരണത്തിന്റെയും പിന്നിൽ ഒരു മനുഷ്യന്റെ അധ്വാനമുണ്ട്. എന്നാൽ ആ അധ്വാനത്തിന്റെ വിലയും അതിന്റെ അപകടസാധ്യതകളും പലപ്പോഴും ഉപഭോക്താവിന്റെ കാഴ്ചയിൽനിന്ന് അപ്രത്യക്ഷമാണ്. സാങ്കേതികവിദ്യ തൊഴിൽ കൂടുതൽ കാര്യക്ഷമമാക്കുമ്പോൾ തൊഴിലാളിക്ക് കൂടുതൽ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നുണ്ടോ? അതോ പഴയ തൊഴിൽചൂഷണത്തെ പുതിയ ഡിജിറ്റൽ രൂപത്തിൽ പുനഃസംഘടിപ്പിക്കുകയാണോ പ്ലാറ്റ്‌ഫോം ക്യാപ്പിറ്റലിസം ചെയ്യുന്നത്? ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചുള്ള ആഘോഷങ്ങൾക്കിടയിൽ ഉയർത്തേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം ഇതാണ്.

സാങ്കേതികവിദ്യ തൊഴിൽ കൂടുതൽ കാര്യക്ഷമമാക്കുമ്പോൾ തൊഴിലാളിക്ക് കൂടുതൽ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നുണ്ടോ?
സാങ്കേതികവിദ്യ തൊഴിൽ കൂടുതൽ കാര്യക്ഷമമാക്കുമ്പോൾ തൊഴിലാളിക്ക് കൂടുതൽ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നുണ്ടോ?

'നമ്മവരും'
'പുറത്തുനിന്നുള്ളവരും'

ബെംഗളൂരുവിലെ അന്തർസംസ്ഥാന കുടിയേറ്റ ഗിഗ് തൊഴിലാളികൾ നേരിടുന്ന അരക്ഷിതാവസ്ഥ തൊഴിൽവിപണിയിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണത്തിലോ മാത്രം ഒതുങ്ങുന്നില്ല. നഗരത്തിന്റെ ദൈനംദിന സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും അവർ അനുഭവിക്കുന്ന ഭാഷാപരമായ വിവേചനവും പ്രാദേശിക സ്വത്വത്തിന്റെ പേരിലുള്ള വേർതിരിവും അതിന്റെ ഭാഗമാണ്. ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിൽ ഭാഷ കേവലം ആശയവിനിമയ ഉപാധിയല്ല. നഗരത്തിൽ ആർക്കാണ് സ്വാഭാവികമായി ഇടമുണ്ടാകുന്നത്, ആരാണ് അപരിചിതരായി അടയാളപ്പെടുത്തപ്പെടുന്നത്, ആരുടെ സാന്നിധ്യമാണ് അംഗീകരിക്കപ്പെടുന്നത് എന്നൊക്കെ നിർണയിക്കുന്ന സാമൂഹിക അധികാരത്തിന്റെ ഘടകം കൂടിയാണത്.

പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ തേടി ബെംഗളൂരുവിലെത്തുന്ന, കന്നഡ ഭാഷയിൽ പരിചയമില്ലാത്ത തൊഴിലാളികൾക്ക് നഗരത്തിലെ ദൈനംദിന ഇടപെടലുകൾ പലപ്പോഴും വെല്ലുവിളിയാണ്. ഉപഭോക്താക്കളുമായും ഓട്ടോ ഡ്രൈവർമാരുമായും പൊലീസുകാരുമായും കടയുടമകളുമായും നടത്തുന്ന ആശയവിനിമയത്തിൽ ഭാഷാപരമായ തടസ്സങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു ഓർഡർ വൈകുന്നതോ വിലാസം കണ്ടെത്താൻ കഴിയാത്തതോ ഉപഭോക്താവിന്റെ നിർദേശം മനസ്സിലാക്കാത്തതോ ചിലപ്പോൾ വാക്കുതർക്കങ്ങളിലേക്കും അധിക്ഷേപങ്ങളിലേക്കും വഴിമാറുന്നു. തൊഴിൽപരമായ സമ്മർദത്തിനൊപ്പം അപരിചിതമായ ഭാഷാപരിസരത്തിൽ സ്വയം വിശദീകരിക്കേണ്ടിവരുന്ന അവസ്ഥയും തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

ബെംഗളൂരുവിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നഗരമധ്യത്തിൽ ദൃശ്യമായിരിക്കുമ്പോൾ, അതിന് അധ്വാനം നൽകുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം പലപ്പോഴും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ താൽക്കാലിക താമസകേന്ദ്രങ്ങളിലാണ് ഒതുങ്ങുന്നത്.

ഈ ഭാഷാപരമായ അകലം തൊഴിലാളികൾ തമ്മിലുള്ള ബന്ധങ്ങളിലും പ്രതിഫലിക്കുന്നു. കന്നഡയിൽ 'നമ്മവരു' (Nammavaru) എന്ന പ്രയോഗത്തിന് 'നമ്മുടെ ആളുകൾ' എന്നാണ് അർഥം. ബെംഗളൂരുവിലും കർണാടകയിലെ ഗ്രാമീണ മേഖലകളിലും ജനിച്ചുവളർന്ന കന്നഡ സംസാരിക്കുന്നവരെ സൂചിപ്പിക്കാൻ ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നു. അതേസമയം, 'ഹൊരഗിനവരു' (Horaginavaru) എന്നത് 'പുറത്തുനിന്നുള്ളവർ' എന്ന അർഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തിയ കുടിയേറ്റ തൊഴിലാളികളെ ചില പ്രാദേശിക തൊഴിലാളികൾ ഈ പേരിലോ 'ഹിന്ദി അവരു' (Hindi avaru) എന്ന പ്രയോഗത്തിലോ വിശേഷിപ്പിക്കുന്നു (Medappa, 2023/2025). ഈ പ്രയോഗങ്ങൾ കേവലം ഭാഷാപരമായ സംബോധനകളല്ല; നഗരത്തിലെ പ്രാദേശിക സ്വത്വവും പുറത്തുനിന്നുള്ളവരെന്ന അടയാളപ്പെടുത്തലും തമ്മിലുള്ള സാമൂഹിക അതിരുകളെക്കൂടി വെളിപ്പെടുത്തുന്നു.

നഗരപ്രാന്തങ്ങൾ:
അധ്വാനിക്കുന്നവരുടെ
പാർപ്പിട യാഥാർഥ്യം

ബെംഗളൂരുവിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നഗരമധ്യത്തിൽ ദൃശ്യമായിരിക്കുമ്പോൾ, അതിന് അധ്വാനം നൽകുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം പലപ്പോഴും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ താൽക്കാലിക താമസകേന്ദ്രങ്ങളിലാണ് ഒതുങ്ങുന്നത്. ഉത്തര ബെംഗളൂരുവിലെ തിരുമേനഹള്ളിയിൽ പ്ലാസ്റ്റിക് ഷീറ്റുകളും പ്ലൈവുഡും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ലയങ്ങളിൽ കഴിയുന്ന എഴുപതോളം കുടിയേറ്റ കുടുംബങ്ങളെക്കുറിച്ചുള്ള ഫീൽഡ് വിവരങ്ങൾ ഈ യാഥാർഥ്യത്തിന്റെ നേർചിത്രം നൽകുന്നു.

പശ്ചിമ ബംഗാളിലെ ഹൗറയിൽനിന്ന് എത്തിയ ഷെയ്ഖ് അസീസ് അലിയും (30) റൂബിന ബീഗവും (27) പങ്കുവെച്ച അനുഭവങ്ങൾ ഈ പാർപ്പിട അരക്ഷിതാവസ്ഥയുടെ മനുഷ്യവശം വ്യക്തമാക്കുന്നു. ദിവസവും 14 മണിക്കൂറോളം അധ്വാനിച്ച് ഏകദേശം 400 രൂപ വരുമാനം നേടുമ്പോഴും ശുദ്ധമായ കുടിവെള്ളവും ശൗചാലയവും പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് ലഭ്യമല്ലെന്നാണ് അവരുടെ അഭിമുഖങ്ങളിൽനിന്ന് വ്യക്തമാകുന്നത്. നഗരത്തിന്റെ ഉപഭോക്തൃസേവന ശൃംഖലയെ സജീവമായി നിലനിർത്തുന്ന തൊഴിലാളികൾക്ക് സ്വന്തം ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണിത്.

ഈ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസവും മറ്റൊരു സാമൂഹിക വെല്ലുവിളിയാണ്. സന്നദ്ധ സംഘടനയായ സംഗമയുടെ (Sangama) നേതൃത്വത്തിൽ ടിൻ ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ക്ലാസ് മുറികളിൽ കുട്ടികൾക്ക് കന്നഡ ഭാഷാപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഭാഷാപരവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷവുമായി കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളെ ബന്ധിപ്പിക്കാനാണിത്. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം പോലും നഗരത്തിന്റെ ഔപചാരിക പൊതുസൗകര്യങ്ങളിലൂടെയല്ല, സന്നദ്ധ ഇടപെടലുകളിലൂടെയാണ് സാധ്യമാകുന്നത് എന്നത് നഗരത്തിലെ സാമൂഹിക അസമത്വത്തിന്റെ മറ്റൊരു വശമാണ്.

പശ്ചിമ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിനടുത്തുള്ള കെഞ്ചനഹള്ളിയിലും സമാനമായ പാർപ്പിട അരക്ഷിതാവസ്ഥ രേഖപ്പെടുത്തിയിട്ടുണ്ട്. നവമി ടി.എസ്. (2020) നടത്തിയ നരവംശശാസ്ത്ര നിരീക്ഷണങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടുന്നു. ശുചിമുറി സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ട്. നഗരവളർച്ചയുടെ ഭാഗമായിട്ടും അതിന്റെ അടിസ്ഥാന സൗകര്യങ്ങളിൽനിന്ന് ഒരു തൊഴിൽസമൂഹം പുറത്താക്കപ്പെടുകയാണ്.

ഒരേ തൊഴിൽ, വ്യത്യസ്ത അതിരുകൾ:
തൊഴിലാളികൾക്കിടയിലെ അവിശ്വാസം

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഒരേ തൊഴിൽനിബന്ധനകൾക്ക് കീഴിൽ തൊഴിലാളികളെ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും, അവരുടെ സാമൂഹിക ബന്ധങ്ങൾ എല്ലായ്പ്പോഴും ഐക്യദാർഢ്യത്തിലേക്ക് നയിക്കുന്നില്ല. ടെക് ഹള്ളി, സിലിക്കൺ സിറ്റി ലേഔട്ട് തുടങ്ങിയ ഡെലിവറി കേന്ദ്രങ്ങളിൽ നടത്തിയ അഭിമുഖങ്ങൾ തൊഴിലാളികൾക്കിടയിലെ പ്രാദേശികവും ഭാഷാപരവുമായ വേർതിരിവുകളുടെ സവിശേഷതകൾ പുറത്തുകൊണ്ടുവരുന്നു.

പ്ലാറ്റ്‌ഫോമുകൾ ഡെലിവറി നിരക്കുകൾ കുറയ്ക്കുമ്പോൾ, കുറഞ്ഞ പ്രതിഫലത്തിലും ജോലി ചെയ്യാൻ തയ്യാറാകുന്ന വടക്കേ ഇന്ത്യൻ തൊഴിലാളികളാണ് വേതനത്തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ചില കന്നഡ തൊഴിലാളികൾ ഉയർത്തുന്നു.

ഓർഡറുകൾക്കായി കാത്തിരിക്കുന്ന ഇത്തരം കേന്ദ്രങ്ങളെ തൊഴിലാളികൾ പലപ്പോഴും 'അഡ്ഡകൾ' എന്നാണ് പറയുക. ഇവിടെ കന്നഡ സംസാരിക്കുന്ന തൊഴിലാളികളും വടക്കേ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളും പരസ്പരം അകലം പാലിച്ച് വ്യത്യസ്ത സംഘങ്ങളായി കാത്തിരിക്കുന്ന സാഹചര്യം അഭിമുഖങ്ങളിൽ വിവരിക്കപ്പെടുന്നു. ചില കേന്ദ്രങ്ങളിൽ ഇരുവിഭാഗങ്ങളും 20 മീറ്ററോളം അകലത്തിൽ നിലയുറപ്പിക്കുന്നതായും തൊഴിലാളികൾ പറയുന്നു. ഒരേ പ്ലാറ്റ്‌ഫോമിന്റെ കീഴിൽ ഒരേതരം അധ്വാനം ചെയ്യുന്നവർക്കിടയിൽ പോലും ഭാഷയും പ്രദേശവും സാമൂഹിക അതിരുകളായി മാറുന്നതിന്റെ ഉദാഹരണമാണിത്.

വേതനനിരക്കുകളിലെ മാറ്റം ഈ അവിശ്വാസത്തെ കൂടുതൽ രൂക്ഷമാക്കുന്നു. പ്ലാറ്റ്‌ഫോമുകൾ ഡെലിവറി നിരക്കുകൾ കുറയ്ക്കുമ്പോൾ, കുറഞ്ഞ പ്രതിഫലത്തിലും ജോലി ചെയ്യാൻ തയ്യാറാകുന്ന വടക്കേ ഇന്ത്യൻ തൊഴിലാളികളാണ് വേതനത്തകർച്ചയ്ക്ക് കാരണമെന്ന ആരോപണം ചില കന്നഡ തൊഴിലാളികൾ ഉയർത്തുന്നു. ഓർഡറിന് അഞ്ച് രൂപ വരെ കുറഞ്ഞ നിരക്കിൽ ജോലി ചെയ്യാൻ കുടിയേറ്റ തൊഴിലാളികൾ തയ്യാറാകുന്നുവെന്നും അതാണ് കമ്പനികൾക്ക് പ്രതിഫലം കുറയ്ക്കാൻ അവസരമൊരുക്കുന്നതെന്നും അവർ വാദിക്കുന്നു.

എന്നാൽ ഈ ആരോപണത്തിന് മറുവശവുമുണ്ട്. വടക്കേ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുമായുള്ള അഭിമുഖങ്ങളിൽ ഉയർന്നുവരുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. കമ്പനികളുടെ തൊഴിൽനയങ്ങൾക്കെതിരെ സംയുക്ത സമരം പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിൽ പ്രാദേശിക തൊഴിലാളികൾ തങ്ങളെ കമ്പനിമാനേജ്‌മെന്റിന് മുന്നിലേക്ക് തള്ളിവിടുകയും പിന്നീട് സ്വയം പിന്നാക്കം മാറുകയും ചെയ്യുന്നുവെന്നാണ് ചില കുടിയേറ്റ തൊഴിലാളികളുടെ ആരോപണം. ഇതിന്റെ ഫലമായി പ്രതിഷേധത്തിൽ മുൻനിരയിൽ നിൽക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകൾ നിർജ്ജീവമാക്കപ്പെടുകയും അവരുടെ ഉപജീവനമാർഗം നഷ്ടപ്പെടുകയും ചെയ്യുന്നു.

നഗരത്തിന്റെ ഉപഭോക്തൃസേവന ശൃംഖലയെ സജീവമായി നിലനിർത്തുന്ന തൊഴിലാളികൾക്ക് സ്വന്തം ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്.
നഗരത്തിന്റെ ഉപഭോക്തൃസേവന ശൃംഖലയെ സജീവമായി നിലനിർത്തുന്ന തൊഴിലാളികൾക്ക് സ്വന്തം ജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഈ രണ്ട് വിഭാഗങ്ങളുടെയും അനുഭവങ്ങൾ ഒരുമിച്ച് പരിശോധിക്കുമ്പോൾ, തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന്റെ യഥാർഥ സ്വഭാവം കൂടുതൽ വ്യക്തമാണ്. വേതനം കുറയ്ക്കുന്നതിലെ ഉത്തരവാദിത്തം പ്ലാറ്റ്‌ഫോമുകളുടെ നയങ്ങളിലാണോ, അതോ കുറഞ്ഞ നിരക്കിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന തൊഴിലാളികളിലാണോ എന്ന തർക്കം തൊഴിലാളികൾക്കിടയിൽ തന്നെ കേന്ദ്രീകരിക്കപ്പെടുന്നു. അതേസമയം, കൂട്ടായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ നേരിടുന്ന തൊഴിൽനഷ്ടഭീഷണി സംഘടനാ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നു. പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്ന തൊഴിൽവിപണിയിലെ മത്സരവും തൊഴിലാളികൾക്കിടയിലെ പ്രാദേശിക സ്വത്വവ്യത്യാസങ്ങളും പരസ്പരം ശക്തിപ്പെടുത്തുന്ന സാഹചര്യമാണിത്.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ആരാണ് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തയ്യാറാകുന്നത് എന്നതല്ല. എന്തുകൊണ്ടാണ് തൊഴിലാളികൾ കുറഞ്ഞ വേതനത്തിനും പ്രതികൂല തൊഴിൽനിബന്ധനകൾക്കും വഴങ്ങേണ്ടിവരുന്നത് എന്നതാണ്. സ്ഥിരമായ വരുമാനമില്ലായ്മയും കടബാധ്യതകളും കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും കുടിയേറ്റത്തിന്റെ അനിശ്ചിതത്വങ്ങളും തൊഴിലാളികളുടെ വിലപേശൽ ശേഷി പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ തമ്മിലുള്ള മത്സരം പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണശക്തിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

നഗരത്തിന്റെ വളർച്ചയ്ക്ക് ഗിഗ് തൊഴിലാളികളുടെ അധ്വാനം അനിവാര്യമാണ്. എന്നാൽ നഗരത്തിന്റെ സാമൂഹിക അംഗീകാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും തൊഴിലവകാശങ്ങളിലും അവർക്ക് തുല്യമായ ഇടമുണ്ടോ?

ബെംഗളൂരുവിലെ കുടിയേറ്റ ഗിഗ് തൊഴിലാളികളുടെ ജീവിതം അങ്ങനെ ഇരട്ട പുറന്തള്ളലിന്റെ അനുഭവമായി മാറുന്നു. ഒരു വശത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവരെ സ്വതന്ത്ര കരാറുകാരായി വിശേഷിപ്പിച്ച് തൊഴിലവകാശങ്ങളുടെ പരമ്പരാഗത സംരക്ഷണങ്ങളിൽനിന്ന് അകറ്റുന്നു. മറുവശത്ത്, നഗരത്തിന്റെ സാമൂഹിക ജീവിതത്തിൽ ഭാഷയുടെയും പ്രാദേശിക സ്വത്വത്തിന്റെയും അടിസ്ഥാനത്തിൽ അവർ 'പുറത്തുനിന്നുള്ളവർ' ആയി അടയാളപ്പെടുത്തപ്പെടുന്നു.

നഗരത്തിന്റെ വളർച്ചയ്ക്ക് അവരുടെ അധ്വാനം അനിവാര്യമാണ്. എന്നാൽ നഗരത്തിന്റെ സാമൂഹിക അംഗീകാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും തൊഴിലവകാശങ്ങളിലും അവർക്ക് തുല്യമായ ഇടമുണ്ടോ? 'നമ്മവരും' 'ഹൊരഗിനവരും' എന്ന വിഭജനം നിലനിൽക്കുന്നിടത്തോളം കാലം, ഡിജിറ്റൽ നഗരവികസനം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണെന്ന് അവകാശപ്പെടാനാകുമോ?

അതിജീവനത്തിന്റെ ശൃംഖലകൾ: പരസ്പരസഹായവും
സാമൂഹിക പുനരുൽപ്പാദനവും

പ്ലാറ്റ്‌ഫോം കമ്പനികളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുള്ള സാമൂഹിക സുരക്ഷാ പിന്തുണയുടെ അഭാവത്തിൽ, കുടിയേറ്റ ഗിഗ് തൊഴിലാളികൾ അതിജീവനത്തിനായി സ്വന്തമായ അനൗപചാരിക പരസ്പരസഹായ ശൃംഖലകൾ (Informal Mutual Aid Networks) രൂപപ്പെടുത്തുന്നു. നഗരത്തിലെ അപരിചിത തൊഴിൽ- സാമൂഹിക സാഹചര്യങ്ങളിൽ പരസ്പരം താങ്ങാകുന്ന ഈ ബന്ധങ്ങൾ കേവലം സൗഹൃദ കൂട്ടായ്മകളല്ല. ഔദ്യോഗിക സാമൂഹിക സുരക്ഷാസംവിധാനങ്ങൾ നൽകേണ്ട പിന്തുണയുടെ ഒരു ഭാഗം തൊഴിലാളികൾ സ്വയം ഏറ്റെടുക്കുന്ന സംവിധാനങ്ങളാണവ. ബെംഗളൂരുവിലെ ആപ്പ് അധിഷ്ഠിത ഡ്രൈവർമാരുടെ പരസ്പരസഹായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കാവേരി മേടപ്പയുടെ നരവംശശാസ്ത്ര പഠനം ഈ കൂട്ടായ്മകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു (Medappa, 2023).

ബെംഗളൂരുവിലെ കുടിയേറ്റ ഗിഗ് തൊഴിലാളികളുടെ ജീവിതം ഇരട്ട പുറന്തള്ളലിന്റെ അനുഭവമായി മാറുന്നു. ഒരു വശത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവരെ സ്വതന്ത്ര കരാറുകാരായി വിശേഷിപ്പിച്ച് തൊഴിലവകാശങ്ങളുടെ പരമ്പരാഗത സംരക്ഷണങ്ങളിൽനിന്ന് അകറ്റുന്നു.
ബെംഗളൂരുവിലെ കുടിയേറ്റ ഗിഗ് തൊഴിലാളികളുടെ ജീവിതം ഇരട്ട പുറന്തള്ളലിന്റെ അനുഭവമായി മാറുന്നു. ഒരു വശത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവരെ സ്വതന്ത്ര കരാറുകാരായി വിശേഷിപ്പിച്ച് തൊഴിലവകാശങ്ങളുടെ പരമ്പരാഗത സംരക്ഷണങ്ങളിൽനിന്ന് അകറ്റുന്നു.

ഡിജിറ്റൽ കൂട്ടായ്മകൾ:
പ്രതിസന്ധിയിൽ
കൈത്താങ്ങാകുന്ന ബന്ധങ്ങൾ

ഈ പഠനത്തിന്റെ ഭാഗമായി 2023–2026 കാലയളവിൽ നടത്തിയ പ്രാഥമിക ഫീൽഡ്‌വർക്ക് അഭിമുഖങ്ങളിലും നിരീക്ഷണങ്ങളിലും 'ഹാഫേരി ഗ്രൂപ്പ്', 'KA-35 ബോയ്‌സ് ഗ്രൂപ്പ്' തുടങ്ങിയ വാട്‌സ്ആപ്പ് കൂട്ടായ്മകളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഭാഷയുടെയും പ്രദേശിക ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം ഡിജിറ്റൽ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ജോലി ചെയ്യുന്ന പ്രദേശങ്ങളിലെ വിവരങ്ങളും റൂട്ടുകളും പങ്കുവെക്കുക, അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സഹായമെത്തിക്കുക, ചെറിയ തുകകൾ വായ്പയായി നൽകുക, വാഹനത്തിൽ ഇന്ധനം തീരുമ്പോൾ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ ഗ്രൂപ്പുകളിലൂടെ സാധ്യമാകുന്നു.

ഔദ്യോഗികമായി ലഭ്യമല്ലാത്ത സുരക്ഷയും പിന്തുണയും തൊഴിലാളികൾ പരസ്പരം ഉറപ്പാക്കുകയാണ്. അതേസമയം, ഇത്തരം കൂട്ടായ്മകൾ തൊഴിലാളികളുടെ ആശയവിനിമയത്തിനും തൊഴിൽപരമായ വിവരങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഇടങ്ങളായും പ്രവർത്തിക്കുന്നു. അതിനാൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഇവിടെ തൊഴിൽ നിയന്ത്രണത്തിനുള്ള ഉപകരണം മാത്രമല്ല; തൊഴിലാളികളുടെ സ്വയംസഹായത്തിനും കൂട്ടായ്മയ്ക്കുമുള്ള മാധ്യമം കൂടിയാണ്.

തൊഴിലാളി സംഘടനകൾ:
കൂട്ടായ പ്രതിരോധ ഇടങ്ങൾ

അനൗപചാരിക ഡിജിറ്റൽ കൂട്ടായ്മകൾക്കൊപ്പം തൊഴിലാളി സംഘടനകളും ഗിഗ് തൊഴിലാളികളുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നു. കർണാടക ചാലകര ട്രേഡ് യൂണിയൻ (Karnataka Chalakara Trade Union – KCTU) കോവിഡ് ലോക്ഡൗൺ കാലത്ത് ഡ്രൈവർമാർക്ക് ഭക്ഷ്യവസ്തുക്കളും റേഷൻ കിറ്റുകളും എത്തിക്കുന്നതിനും ആരോഗ്യ അടിയന്തരാവസ്ഥകളിൽ സഹായം നൽകുന്നതിനും വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ ഇടപെടുന്നതിനും പ്രവർത്തിച്ചതായി മേടപ്പയുടെ പഠനം രേഖപ്പെടുത്തുന്നു (Medappa, 2023). സാമ്പത്തിക പ്രതിസന്ധിയിലായ സഹപ്രവർത്തകരെ ബാങ്കുകളുമായും സ്വകാര്യ വായ്പാദാതാക്കളുമായും ചർച്ചകൾ നടത്താൻ സഹായിക്കുന്നതും ഈ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.

പ്ലാറ്റ്‌ഫോം തൊഴിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ തൊഴിലാളിയുടെ തൊഴിൽസമയത്ത് മാത്രം ഒതുങ്ങുന്നില്ല; അത് കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു.

യുണൈറ്റഡ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (UFDPU) ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പഠനത്തിന്റെ ഫീൽഡ് അഭിമുഖങ്ങളിലും നിരീക്ഷണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള സംഘടനാപരമായ ഇടപെടലുകൾ വ്യക്തിഗതമായി നേരിടാൻ പ്രയാസമുള്ള പ്രതിസന്ധികളെ കൂട്ടായ പ്രവർത്തനത്തിലൂടെ നേരിടാനുള്ള സാധ്യത തുറക്കുന്നു.

സാമൂഹിക പുനരുൽപ്പാദനം:
കമ്പനികൾ കാണാതെ പോകുന്ന
അധ്വാനം

മാർക്സിസ്റ്റ്- ഫെമിനിസ്റ്റ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ, തൊഴിലാളികൾ പരസ്പരം നൽകുന്ന ഈ സഹായങ്ങളെ സാമൂഹിക പുനരുൽപ്പാദനത്തിന്റെ (Social Reproduction) ഭാഗമായി മനസ്സിലാക്കാം. തൊഴിൽശേഷി നിലനിർത്തുന്നതിനും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ ഭക്ഷണം, പരിചരണം, സാമ്പത്തിക സഹായം, സുരക്ഷ, വൈകാരിക പിന്തുണ തുടങ്ങിയ പ്രവർത്തനങ്ങളാണ് സാമൂഹിക പുനരുൽപ്പാദനത്തിന്റെ പരിധിയിൽ വരുന്നത്. ഗിഗ് തൊഴിലാളികളുടെ കാര്യത്തിൽ, അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ സഹായിക്കുന്നതും ഇന്ധനത്തിനായി പണം കടം നൽകുന്നതും പ്രതിസന്ധിയിലായ തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങാകുന്നതും ഈ അധ്വാനത്തിന്റെ ഭാഗമാണ്.

മേടപ്പയുടെ (2023) പഠനം, ഇത്തരം പരസ്പരസഹായ പ്രവർത്തനങ്ങളെ തൊഴിലാളികളുടെ അതിജീവനശേഷിയായി മാത്രം കാണാതെ, പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ പ്രവർത്തനത്തെ നിലനിർത്തുന്ന അദൃശ്യ അധ്വാനമായും വിശകലനം ചെയ്യുന്നു. ഈ സൈദ്ധാന്തിക സമീപനത്തിൽ, തൊഴിലാളികൾ പരസ്പരം നൽകുന്ന വേതനരഹിത പിന്തുണ അവരുടെ തൊഴിൽശേഷി പുനഃസ്ഥാപിക്കാനും വീണ്ടും തൊഴിൽവിപണിയിലേക്ക് മടങ്ങാനും സഹായിക്കുന്നു. അതിന്റെ പ്രയോജനം പ്ലാറ്റ്‌ഫോം കമ്പനികൾക്കും ലഭിക്കുന്നു. അതേസമയം, ഈ പിന്തുണാ സംവിധാനങ്ങളുടെ ചെലവും ഉത്തരവാദിത്തവും കമ്പനികൾ ഏറ്റെടുക്കുന്നില്ല.

ഗിഗ് തൊഴിലാളികളുടെ കാര്യത്തിൽ, അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ സഹായിക്കുന്നതും ഇന്ധനത്തിനായി പണം കടം നൽകുന്നതും പ്രതിസന്ധിയിലായ തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങാകുന്നതും ഈ അധ്വാനത്തിന്റെ ഭാഗമാണ്.
ഗിഗ് തൊഴിലാളികളുടെ കാര്യത്തിൽ, അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ സഹായിക്കുന്നതും ഇന്ധനത്തിനായി പണം കടം നൽകുന്നതും പ്രതിസന്ധിയിലായ തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങാകുന്നതും ഈ അധ്വാനത്തിന്റെ ഭാഗമാണ്.

ഇവിടെ ' മൂല്യം വേർതിരിക്കൽ' (Value Extraction) എന്നത് ഒരു കണക്കെടുപ്പിലൂടെ തെളിയിച്ച അനുഭവപരമായ കണ്ടെത്തലല്ല; മറിച്ച്, മാർക്സിസ്റ്റ്-ഫെമിനിസ്റ്റ് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുവയ്ക്കുന്ന വിശകലനപരമായ വാദമാണ്. തൊഴിലാളികളുടെ വേതനരഹിതമായ പരസ്പരസഹായം അവരുടെ തൊഴിൽശേഷി നിലനിർത്തുകയും അതുവഴി പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ തുടർച്ചയ്ക്ക് പരോക്ഷമായി സംഭാവന നൽകുകയും ചെയ്യുന്നു എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം.

2025-ലെ മറ്റൊരു പഠനത്തിൽ, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമ്പത്തിക ജീവിതത്തെ കടം, സാമ്പത്തിക ആശ്രിതത്വം, വരുമാനത്തിലെ ഇടിവ്, കുടുംബങ്ങളുടെ സാമൂഹിക പുനരുൽപ്പാദനം എന്നിവയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു (Medappa, 2025). അതായത്, പ്ലാറ്റ്‌ഫോം തൊഴിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ തൊഴിലാളിയുടെ തൊഴിൽസമയത്ത് മാത്രം ഒതുങ്ങുന്നില്ല; അത് കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നു.

അതുകൊണ്ട് തൊഴിലാളികളുടെ പരസ്പരസഹായ ശൃംഖലകളെ വ്യക്തിഗത സൗഹൃദത്തിന്റെ ഉദാഹരണങ്ങളായി മാത്രം കാണാനാവില്ല. ഔദ്യോഗിക സാമൂഹിക സുരക്ഷാസംവിധാനങ്ങളും തൊഴിൽദാതാക്കളുടെ ഉത്തരവാദിത്തങ്ങളും പരിമിതമാകുന്ന സാഹചര്യത്തിൽ, തൊഴിലാളികൾ തന്നെ സൃഷ്ടിക്കുന്ന ഈ പിന്തുണാ സംവിധാനങ്ങളാണ് അവരുടെ തൊഴിൽജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിജീവനത്തിനായുള്ള ഈ ശൃംഖലകൾ തൊഴിലാളികളുടെ ഐക്യദാർഢ്യത്തിന്റെ അടയാളം മാത്രമല്ല; പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ മറഞ്ഞിരിക്കുന്ന സാമൂഹിക അടിത്തറ കൂടിയാണ്.

പരമ്പരാഗത തൊഴിലുടമ–തൊഴിലാളി ബന്ധത്തിന് പുറത്താണ് ഗിഗ് തൊഴിൽ ക്രമീകരിക്കപ്പെടുന്നത് എന്നതിനാൽ, മിനിമം വേതനം, തൊഴിൽസുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു.

നിയമനിർമ്മാണത്തിലെ നാഴികക്കല്ല്:
കർണാടക ഗിഗ് തൊഴിലാളി നിയമം- 2025

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയോടൊപ്പം ഉയർന്നുവന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് തൊഴിലാളികളുടെ നിയമപരമായ പദവിയും സാമൂഹിക സുരക്ഷയുമാണ്. പരമ്പരാഗത തൊഴിലുടമ–തൊഴിലാളി ബന്ധത്തിന് പുറത്താണ് ഗിഗ് തൊഴിൽ ക്രമീകരിക്കപ്പെടുന്നത് എന്നതിനാൽ, മിനിമം വേതനം, തൊഴിൽസുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു.

കേന്ദ്ര സർക്കാർ 2020-ൽ പാസാക്കിയ Code on Social Security (2020) ഗിഗ് തൊഴിലാളികളെയും പ്ലാറ്റ്‌ഫോം തൊഴിലാളികളെയും ആദ്യമായി നിയമപരമായി നിർവചിക്കുകയും അവരുടെ സാമൂഹിക സുരക്ഷയ്ക്കായി പദ്ധതികൾ രൂപീകരിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തു. ലൈഫ് ആൻഡ് ഡിസെബിലിറ്റി കവർ, അപകട ഇൻഷുറൻസ്, ആരോഗ്യ- പ്രസവ ആനുകൂല്യങ്ങൾ, വാർധക്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. അഗ്രഗേറ്റർമാരിൽനിന്നുള്ള സംഭാവനയും സാമൂഹിക സുരക്ഷാ ഫണ്ടിന്റെ ഒരു സ്രോതസ്സായി നിയമം വിഭാവനം ചെയ്യുന്നു (Government of India, 2020; Ministry of Labour and Employment, 2023).

എന്നാൽ ഗിഗ് തൊഴിലാളികളെ നിയമപരമായി നിർവചിച്ചതുകൊണ്ടുമാത്രം പരമ്പരാഗത തൊഴിൽബന്ധത്തിൽ ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് ഉറപ്പാകുന്നില്ല. തൊഴിലാളിയും പ്ലാറ്റ്‌ഫോം കമ്പനിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം, വേതനനിർണയം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത, അൽഗോരിതമിക നിയന്ത്രണം എന്നിവയിൽ കൂടുതൽ വ്യക്തമായ സംരക്ഷണം ആവശ്യമായി തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് കർണാടക സർക്കാർ 2025-ൽ പ്രത്യേക നിയമനിർമ്മാണവുമായി മുന്നോട്ടുവന്നത്.

രാജസ്ഥാനിലെ 2023-ലെ നിയമത്തിനുശേഷം ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. The Karnataka Platform Based Gig Workers (Social Security and Welfare) Act, 2025 എന്ന നിയമത്തിന് 2025 സെപ്റ്റംബർ 11-ന് ഗവർണറുടെ അംഗീകാരം ലഭിക്കുകയും സെപ്റ്റംബർ 12-ന് കർണാടക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിയമത്തിലെ വ്യവസ്ഥകൾ 2025 മേയ് 30 മുതൽ പ്രാബല്യത്തിൽ വന്നതായി നിയമം വ്യക്തമാക്കുന്നു (Government of Karnataka, 2025).

ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയോടൊപ്പം ഉയർന്നുവന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് തൊഴിലാളികളുടെ നിയമപരമായ പദവിയും സാമൂഹിക സുരക്ഷയുമാണ്.
ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയോടൊപ്പം ഉയർന്നുവന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് തൊഴിലാളികളുടെ നിയമപരമായ പദവിയും സാമൂഹിക സുരക്ഷയുമാണ്.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

1. ഗിഗ് തൊഴിലാളി ക്ഷേമബോർഡ്:
കർണാടക പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴിൽ വകുപ്പ് മന്ത്രി ബോർഡിന്റെ അധ്യക്ഷനായിരിക്കും. തൊഴിലാളി സംഘടനകളിൽനിന്നുള്ള നാല് പ്രതിനിധികൾ, അഗ്രഗേറ്റർ/പ്ലാറ്റ്‌ഫോം പ്രതിനിധികളിൽനിന്നുള്ള നാല് അംഗങ്ങൾ, സിവിൽ സമൂഹത്തിൽനിന്നുള്ള രണ്ട് പ്രതിനിധികൾ എന്നിവരും ബോർഡിൽ ഉൾപ്പെടും. തൊഴിൽ വകുപ്പ്, വിവരസാങ്കേതിക വകുപ്പ്, വാണിജ്യ നികുതി വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്ന ഘടനയാണിത്. (Government of Karnataka, 2025, Section 4).

2. സാമൂഹിക സുരക്ഷാ ക്ഷേമനിധിയും വെൽഫെയർ ഫീയും:
ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക സാമൂഹിക സുരക്ഷാ ക്ഷേമനിധി രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓരോ ഇടപാടിലും തൊഴിലാളിക്ക് നൽകുന്ന അന്തിമ പേയൗട്ടിന്റെ (Payout) കുറഞ്ഞത് ഒരു ശതമാനവും പരമാവധി അഞ്ച് ശതമാനവും വരെ അഗ്രഗേറ്റർ/പ്ലാറ്റ്‌ഫോമുകളിൽനിന്ന് വെൽഫെയർ ഫീ ഈടാക്കാം. വിവിധ പ്ലാറ്റ്‌ഫോം വിഭാഗങ്ങൾക്കുള്ള നിരക്ക് സർക്കാർ വിജ്ഞാപനത്തിലൂടെ നിശ്ചയിക്കണം. ഈ തുക ക്ഷേമനിധിയിലേക്ക് അടയ്ക്കുകയും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നതാണ് നിയമത്തിന്റെ ലക്ഷ്യം (Government of Karnataka, 2025, Sections 19–20).

3. പേയ്മെന്റ് ആൻഡ് വെൽഫെയർ ഫീ വെരിഫിക്കേഷൻ സിസ്റ്റം (PWFVS): തൊഴിലാളികൾക്ക് നൽകുന്ന പേയ്മെന്റും അതുമായി ബന്ധപ്പെട്ട വെൽഫെയർ ഫീയും രേഖപ്പെടുത്തുന്നതിനായി സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സംവിധാനമാണിത്. ഓരോ ഇടപാടുമായി ബന്ധപ്പെട്ട പേയ്മെന്റ് വിവരങ്ങളും വെൽഫെയർ ഫീ വിവരങ്ങളും ഈ സംവിധാനത്തിലേക്ക് കൈമാറണം. ക്ഷേമനിധിയിലേക്ക് എത്ര തുക സമാഹരിക്കപ്പെടുന്നു, അത് എങ്ങനെ വിനിയോഗിക്കുന്നു തുടങ്ങിയ വിവരങ്ങൾ സുതാര്യമായി ലഭ്യമാക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് തത്സമയ നിരീക്ഷണ സംവിധാനം എന്നതിലുപരി ഇടപാടുകളും ക്ഷേമഫീയും രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്ന സംവിധാനമായാണ് നിയമത്തിൽ വിശദീകരിച്ചിരിക്കുന്നത് (Government of Karnataka, 2025, Section 21).

4. ഏകീകൃത രജിസ്‌ട്രേഷനും
തിരിച്ചറിയൽ നമ്പറും:
പ്ലാറ്റ്‌ഫോമിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികളെ 30 ദിവസത്തിനുള്ളിൽ ബോർഡ് ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിയമം നിർദേശിക്കുന്നു. ബോർഡ് ഓരോ തൊഴിലാളിക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകണം. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഈ തിരിച്ചറിയൽ നമ്പർ ബാധകമായിരിക്കും. അതുവഴി തൊഴിലാളിയുടെ പ്ലാറ്റ്‌ഫോം തൊഴിൽബന്ധങ്ങളും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഏകോപിപ്പിക്കാനുള്ള സംവിധാനമാണ് വിഭാവനം ചെയ്യുന്നത് (Government of Karnataka, 2025, Sections 7 and 10).

രാജസ്ഥാനിലെ 2023-ലെ നിയമത്തിനുശേഷം ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക.

5. അൽഗോരിതമിക സുതാര്യത: തൊഴിലാളികളുടെ തൊഴിൽസാഹചര്യങ്ങളെ ബാധിക്കുന്ന ഓട്ടോമേറ്റഡ് നിരീക്ഷണ- തീരുമാന സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കാനുള്ള അവകാശം നിയമം അംഗീകരിക്കുന്നു. നിരക്കുകൾ, വരുമാനം, ഉപഭോക്തൃ പ്രതികരണങ്ങൾ തുടങ്ങിയവയെ സ്വാധീനിക്കുന്ന അൽഗോരിതമിക മാനദണ്ഡങ്ങളെക്കുറിച്ച് വിവരങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്ന് തൊഴിലാളികളെ ലളിതമായ ഭാഷയിൽ അറിയിക്കണം. കന്നഡ, ഇംഗ്ലീഷ് അല്ലെങ്കിൽ തൊഴിലാളിക്ക് അറിയാവുന്ന ഭരണഘടനയുടെ എട്ടാം പട്ടികയിലെ ഭാഷകളിൽ ഈ വിവരങ്ങൾ ലഭ്യമാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു (Government of Karnataka, 2025, Section 13).

6. അക്കൗണ്ട് നിർജ്ജീവമാക്കലും തൊഴിൽ അവസാനിപ്പിക്കലും:
പ്ലാറ്റ്‌ഫോമിൽനിന്ന് തൊഴിലാളിയെ നീക്കം ചെയ്യുന്നതിനോ അക്കൗണ്ട് നിർജ്ജീവമാക്കുന്നതിനോ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണം. അത്തരം നടപടികൾക്ക് സാധുവായ രേഖാമൂലമുള്ള കാരണവും 14 ദിവസത്തെ മുൻകൂർ അറിയിപ്പും നൽകണം. സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണമെന്നും നിയമം നിർദേശിക്കുന്നു. എന്നാൽ ശാരീരിക ഉപദ്രവവുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളിൽ മുൻകൂർ 14 ദിവസത്തെ അറിയിപ്പില്ലാതെ നടപടി ആരംഭിക്കാൻ നിയമം പ്രത്യേക ഇളവ് നൽകുന്നുണ്ട്; അത്തരം സാഹചര്യങ്ങളിലും തൊഴിലാളിക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട് (Government of Karnataka, 2025, Section 14).

7. പരാതി പരിഹാര സംവിധാനം:
പേയ്മെന്റ്, വേതനത്തിൽനിന്നുള്ള കിഴിവുകൾ, അക്കൗണ്ട് നിർജ്ജീവമാക്കൽ തുടങ്ങിയ പ്ലാറ്റ്‌ഫോം സംബന്ധമായ പരാതികൾ ഉന്നയിക്കാൻ തൊഴിലാളികൾക്ക് Internal Dispute Resolution Committee-യെ സമീപിക്കാം. പരാതി പരിഹാരത്തിൽ തൃപ്തിയില്ലെങ്കിൽ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ ബോർഡിനെ സമീപിക്കാനുള്ള വ്യവസ്ഥയുമുണ്ട്. ക്ഷേമനിധി ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷാ പേയ്മെന്റുകൾ തുടങ്ങിയ ബോർഡുമായി ബന്ധപ്പെട്ട പരാതികൾക്കായി Grievance Redressal Officer-നെ സമീപിക്കാം. ആവശ്യമായ സാഹചര്യത്തിൽ Ombudsman നിയമിക്കാനും വ്യവസ്ഥയുണ്ട്. ഈ തീരുമാനങ്ങൾക്കെതിരെ Appellate Authority-ക്ക് അപ്പീൽ നൽകാനും നിയമം അനുവദിക്കുന്നു (Government of Karnataka, 2025, Section 22).

പ്ലാറ്റ്‌ഫോമിൽനിന്ന് തൊഴിലാളിയെ നീക്കം ചെയ്യുന്നതിനോ അക്കൗണ്ട് നിർജ്ജീവമാക്കുന്നതിനോ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണം.
പ്ലാറ്റ്‌ഫോമിൽനിന്ന് തൊഴിലാളിയെ നീക്കം ചെയ്യുന്നതിനോ അക്കൗണ്ട് നിർജ്ജീവമാക്കുന്നതിനോ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണം.

നിയമത്തിന്റെ
പ്രാധാന്യവും
പരിമിതികളും

കർണാടക ഗിഗ് തൊഴിലാളി നിയമം പ്ലാറ്റ്‌ഫോം കമ്പനികളുടെ ഉത്തരവാദിത്തം നിയമപരമായി നിർവചിക്കുന്നതിലും തൊഴിലാളി രജിസ്‌ട്രേഷൻ, ക്ഷേമനിധി, അൽഗോരിതമിക സുതാര്യത, അക്കൗണ്ട് നിർജ്ജീവമാക്കലിനെതിരായ സംരക്ഷണം, പരാതി പരിഹാരം തുടങ്ങിയ മേഖലകളിൽ അവകാശങ്ങൾ ഉറപ്പാക്കുന്നതിലും പ്രധാന മുന്നേറ്റമാണ്. പ്രത്യേകിച്ച്, തൊഴിലാളികളുടെ വരുമാനവും ക്ഷേമഫീയും ഇടപാട് അടിസ്ഥാനത്തിൽ രേഖപ്പെടുത്താനുള്ള വ്യവസ്ഥ പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിലെ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നു.

എന്നാൽ നിയമം പാസാക്കിയതുകൊണ്ടുമാത്രം തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റമുണ്ടാകില്ല. ക്ഷേമബോർഡിന്റെ പ്രവർത്തനക്ഷമത, തൊഴിലാളികളുടെ യഥാർത്ഥ രജിസ്‌ട്രേഷൻ, വെൽഫെയർ ഫീയുടെ കാര്യക്ഷമമായ സമാഹരണം, ക്ഷേമപദ്ധതികളുടെ ലഭ്യത, പരാതികളിൽ സമയബന്ധിതമായ നടപടി എന്നിവയാണ് നിയമത്തിന്റെ യഥാർത്ഥ ഫലം നിർണയിക്കുക. കൂടാതെ, നിയമം സാമൂഹിക സുരക്ഷയും ചില തൊഴിൽപരമായ സംരക്ഷണങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മിനിമം വേതനം, വരുമാനസ്ഥിരത, തൊഴിലാളി പദവി തുടങ്ങിയ വിശാലമായ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നുണ്ടോ എന്നത് തുടർന്നും പരിശോധിക്കേണ്ടതാണ്.

അതിനാൽ, ഈ നിയമത്തെ ഒരു അന്തിമ പരിഹാരമായി കാണുന്നതിനുപകരം ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള നിയമപരമായ പോരാട്ടത്തിലെ പ്രധാനപ്പെട്ട ഒരു തുടക്കമായി കാണുന്നതാണ് ഉചിതം. പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിൽ തൊഴിലാളികളുടെ അധ്വാനം മാത്രമല്ല, അവരുടെ അവകാശങ്ങളും നിയമപരമായി അംഗീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് ഇനി നിർണായകമായ ചോദ്യം.

ഭാവിയിലേക്കുള്ള
നയപരമായ
നിർദ്ദേശങ്ങൾ

കർണാടക ഗിഗ് തൊഴിലാളി നിയമം- 2025 ഒരു പ്രധാന നിയമനിർമ്മാണ ചുവടുവയ്പ്പാണ്. എന്നാൽ നിയമം പാസാക്കുന്നതും അതിന്റെ അവകാശങ്ങൾ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിൽ യാഥാർഥ്യമാകുന്നതും രണ്ടു തലത്തിലുള്ള കാര്യങ്ങളാണ്. ക്ഷേമബോർഡ് രൂപീകരണം, രജിസ്‌ട്രേഷൻ, വെൽഫെയർ ഫീ സമാഹരണം എന്നിവയ്ക്കപ്പുറം തൊഴിലാളികളുടെ വരുമാനസുരക്ഷ, ആരോഗ്യസംരക്ഷണം, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, അൽഗോരിതമിക നിയന്ത്രണത്തിൽനിന്നുള്ള സംരക്ഷണം എന്നിവയും നയത്തിന്റെ കേന്ദ്രത്തിൽ വരണം. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളും വിവിധ രാജ്യങ്ങളുടെ അനുഭവങ്ങളും മുൻനിർത്തി ചില ഇടപെടലുകൾ നിർദ്ദേശിക്കാം.

1. അതിർത്തികൾ കടന്നും നിലനിൽക്കുന്ന സാമൂഹിക സുരക്ഷ:

കർണാടക ഗിഗ് തൊഴിലാളി ക്ഷേമബോർഡിന്റെ രജിസ്‌ട്രേഷൻ സംവിധാനം കേന്ദ്ര സർക്കാരിന്റെ ഇ-ശ്രം (e-Shram) സംവിധാനവുമായി സാങ്കേതികമായി ബന്ധിപ്പിക്കണം. എന്നാൽ രജിസ്‌ട്രേഷൻ മാത്രം പോർട്ടബിലിറ്റിയല്ല. ഒരു തൊഴിലാളി ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കോ ചെന്നൈയിലേക്കോ മറ്റൊരു നഗരത്തിലേക്കോ മാറുമ്പോൾ, അയാളുടെ ക്ഷേമനിധി സംഭാവനകളും ഇൻഷുറൻസ് പരിരക്ഷയും അർഹതകളും നഷ്ടപ്പെടാത്ത രീതിയിലുള്ള ഏകീകൃത സാമൂഹിക സുരക്ഷാ സംവിധാനം ആവശ്യമാണ്. ഇതിനായി സംസ്ഥാനങ്ങൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റവും ആനുകൂല്യങ്ങളുടെ കൈമാറ്റവും ഉറപ്പാക്കണം. കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയിൽ പോർട്ടബിലിറ്റിക്കും തുല്യപരിഗണനയ്ക്കും ILO പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട് (International Labour Organization [ILO], 2024).

തൊഴിലാളികളുടെ വേതനരഹിതമായ പരസ്പരസഹായം അവരുടെ തൊഴിൽശേഷി നിലനിർത്തുകയും അതുവഴി പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ തുടർച്ചയ്ക്ക് പരോക്ഷമായി സംഭാവന നൽകുകയും ചെയ്യുന്നു

2. നഗര വിശ്രമകേന്ദ്രങ്ങൾ:

ബെംഗളൂരുവിലെ പ്രധാന ഡെലിവറി ഹബ്ബുകൾ, മെട്രോ സ്റ്റേഷനുകൾ, വാണിജ്യകേന്ദ്രങ്ങൾ, വലിയ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലകൾ എന്നിവയ്ക്ക് സമീപം പൊതുവിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം. കുടിവെള്ളം, ശുചിമുറി, തണൽ, ഇരിപ്പിടങ്ങൾ, മൊബൈൽ ചാർജിംഗ്, പ്രഥമശുശ്രൂഷ, വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ അവിടെ ലഭ്യമാക്കണം. ഇവ തൊഴിലാളികൾക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ ഉപയോഗിക്കാവുന്ന പൊതുസൗകര്യങ്ങളായിരിക്കണം.

3. ബഹുഭാഷാ തൊഴിൽസുരക്ഷയും സഹായകേന്ദ്രങ്ങളും:

കന്നഡ, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഹിന്ദി, ബംഗാളി, ഒഡിയ, അസമീസ്, തമിഴ് തുടങ്ങിയ തൊഴിലാളികൾക്ക് മനസ്സിലാകുന്ന ഭാഷകളിലും ആപ്പിലെ തൊഴിൽനിബന്ധനകൾ, അപകടസുരക്ഷാ നിർദ്ദേശങ്ങൾ, പേയ്മെന്റ് വിവരങ്ങൾ, പരാതി സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ എന്നിവ ലഭ്യമാക്കണം. തൊഴിലാളികൾക്ക് കന്നഡ പഠിക്കാനുള്ള സൗജന്യവും സന്നദ്ധവുമായ ക്ലാസുകൾ തൊഴിൽവകുപ്പും തദ്ദേശസ്ഥാപനങ്ങളും തൊഴിലാളി സംഘടനകളും ചേർന്ന് സംഘടിപ്പിക്കാം. ഭാഷാപഠനം തൊഴിലാളികളുടെ നഗരജീവിതത്തിൽ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗമായിരിക്കണം; തൊഴിലവകാശങ്ങൾ ലഭിക്കുന്നതിനുള്ള നിർബന്ധിത നിബന്ധനയാകരുത്.

ഓരോ പ്രധാന തൊഴിൽകേന്ദ്രത്തിലും ബഹുഭാഷാ സഹായഡെസ്‌കുകൾ സ്ഥാപിക്കുന്നതും പ്രയോജനകരമാണ്. തൊഴിൽവകുപ്പ്, നിയമസഹായ അതോറിറ്റി, തൊഴിലാളി സംഘടനകൾ എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് വേതനക്കുറവ്, അക്കൗണ്ട് നിർജ്ജീവമാക്കൽ, അപകടപരിഹാരം, ഇൻഷുറൻസ് ക്ലെയിം തുടങ്ങിയ വിഷയങ്ങളിൽ തൊഴിലാളികളെ സഹായിക്കാനാകും.

ഭാഷാപഠനം തൊഴിലാളികളുടെ നഗരജീവിതത്തിൽ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗമായിരിക്കണം; തൊഴിലവകാശങ്ങൾ ലഭിക്കുന്നതിനുള്ള നിർബന്ധിത നിബന്ധനയാകരുത്.
ഭാഷാപഠനം തൊഴിലാളികളുടെ നഗരജീവിതത്തിൽ പങ്കാളിത്തം വർധിപ്പിക്കാനുള്ള മാർഗമായിരിക്കണം; തൊഴിലവകാശങ്ങൾ ലഭിക്കുന്നതിനുള്ള നിർബന്ധിത നിബന്ധനയാകരുത്.

4. അൽഗോരിതമിക തീരുമാനങ്ങളിൽ
മനുഷ്യ ഇടപെടൽ:

തൊഴിലാളിയുടെ അക്കൗണ്ട് നിർജ്ജീവമാക്കുന്നതും ഓർഡറുകൾ അനുവദിക്കുന്നതും വരുമാനം കുറയ്ക്കുന്നതും റേറ്റിംഗ് അടിസ്ഥാനമാക്കി തൊഴിൽ അവസരങ്ങൾ നിയന്ത്രിക്കുന്നതും പൂർണമായും അൽഗോരിതത്തിന്റെ തീരുമാനത്തിന് വിട്ടുകൊടുക്കരുത്. ഓരോ പ്രതികൂല തീരുമാനത്തിനും വ്യക്തമായ കാരണം തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ നൽകുകയും, മനുഷ്യ ഉദ്യോഗസ്ഥന്റെ പുനഃപരിശോധനയ്ക്ക് അവസരം ഉറപ്പാക്കുകയും വേണം.

യൂറോപ്യൻ യൂണിയന്റെ Platform Work Directive (Directive [EU] 2024/2831) അൽഗോരിതമിക നിരീക്ഷണത്തിലും തീരുമാനമെടുക്കലിലും സുതാര്യത, മനുഷ്യമേൽനോട്ടം, അക്കൗണ്ട് നിയന്ത്രണം സംബന്ധിച്ച വിശദീകരണം, തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള അവകാശം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു (European Parliament & Council of the European Union, 2024). ഈ സമീപനം കർണാടക നിയമത്തിന്റെ നടപ്പാക്കലിലും കൂടുതൽ ശക്തമായി ഉൾപ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച്, അക്കൗണ്ട് വിലക്കിനെതിരെ തൊഴിലാളിക്ക് പ്ലാറ്റ്‌ഫോമിന് പുറത്തുള്ള സ്വതന്ത്ര അപ്പീൽ സംവിധാനം ലഭിക്കണം.

5. അപകട ഇൻഷുറൻസും
തൊഴിൽസമയത്തെ വരുമാനസുരക്ഷയും:

ഡെലിവറി തൊഴിലാളികൾക്ക് അപകടസാധ്യത ഓർഡർ സ്വീകരിച്ച സമയത്ത് മാത്രം ആരംഭിക്കുന്നില്ല. ജോലി ലഭിക്കാനായി കാത്തുനിൽക്കുമ്പോഴും, ഒരു ഡെലിവറി പൂർത്തിയാക്കി അടുത്ത ഓർഡറിനായി സഞ്ചരിക്കുമ്പോഴും, ദീർഘനേരം റോഡിൽ തുടരുമ്പോഴും അപകടസാധ്യത നിലനിൽക്കുന്നു. അതിനാൽ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി കൂടുതൽ വിപുലമാക്കണം. അപകടത്തിൽപ്പെട്ട തൊഴിലാളിക്ക് ചികിത്സാചെലവ് മാത്രമല്ല, ജോലി ചെയ്യാൻ കഴിയാത്ത കാലയളവിലെ വരുമാനനഷ്ടത്തിനും പരിഹാരം ലഭിക്കണം.

സിംഗപ്പൂരിലെ Platform Workers Act 2025 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് തൊഴിൽബന്ധിത അപകടങ്ങൾക്ക് Work Injury Compensation Act പ്രകാരമുള്ള സംരക്ഷണവും, CPF സംഭാവനകളും, സംഘടനാപരമായ പ്രതിനിധിത്വത്തിനുള്ള അവകാശവും ലഭിച്ചു (Ministry of Manpower, Singapore). ഈ മാതൃകയിൽനിന്ന് കർണാടകയ്ക്ക് സ്വീകരിക്കാവുന്ന പ്രധാന പാഠം, അപകട ഇൻഷുറൻസിനെ വ്യക്തിഗത തൊഴിലാളിയുടെ ഉത്തരവാദിത്തമായി മാത്രം കാണാതെ പ്ലാറ്റ്‌ഫോം കമ്പനികളുടെ നിയമപരമായ ബാധ്യതയാക്കുക എന്നതാണ്.

6. തൊഴിലാളികളുടെ കൂട്ടായ പ്രതിനിധിത്വവും സ്വതന്ത്ര പരാതി പരിഹാരവും:

ക്ഷേമബോർഡിൽ തൊഴിലാളി പ്രതിനിധികൾക്ക് സ്ഥാനം നൽകുന്നതു മാത്രം മതിയാകില്ല. അവരുടെ തിരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമായിരിക്കണം. കുടിയേറ്റ തൊഴിലാളികൾക്കും സ്ത്രീകൾക്കും വിവിധ ഭാഷാ-പ്രദേശിക വിഭാഗങ്ങൾക്കും പ്രതിനിധിത്വം ഉറപ്പാക്കണം. യൂണിയനുകൾക്കും തൊഴിലാളി കൂട്ടായ്മകൾക്കും പ്ലാറ്റ്‌ഫോം കമ്പനികളുമായി വേതനം, തൊഴിൽസമയം, ഇൻസെന്റീവ്, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്താനുള്ള അവസരവും ലഭിക്കണം.

പരാതികൾ അതേ പ്ലാറ്റ്‌ഫോമിന്റെ ആന്തരിക സംവിധാനത്തിൽ മാത്രം ഒതുങ്ങരുത്. സ്വതന്ത്രമായ പരാതി പരിഹാര സംവിധാനം, നിശ്ചിത സമയപരിധി, എഴുത്തിലുള്ള തീരുമാനങ്ങൾ, തൊഴിലാളിക്ക് നേരിട്ട് സഹായം ലഭിക്കുന്ന കേന്ദ്രങ്ങൾ എന്നിവ വേണം. 2026-ൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചുള്ള ILO പഠനം ബെംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിലെ അനുഭവങ്ങൾ പരിശോധിക്കുന്നു. പരാതികൾ ഡിജിറ്റൽ സംവിധാനത്തിനുള്ളിൽ മാത്രം പരിഹരിക്കപ്പെടുമ്പോൾ തൊഴിലാളികൾക്ക് സ്വതന്ത്രമായ നീതിനടപടികളിലേക്ക് കടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു (ILO, 2026).

7. മാന്യമായ വരുമാനം ഉറപ്പാക്കുന്ന സംവിധാനം:

ഓരോ ഡെലിവറിക്കും ലഭിക്കുന്ന തുക മാത്രം അടിസ്ഥാനമാക്കി തൊഴിലാളിയുടെ വരുമാനം വിലയിരുത്താനാവില്ല. ഇന്ധനം, വാഹനപരിപാലനം, മൊബൈൽ ഡാറ്റ, ഇൻഷുറൻസ്, വായ്പാ തിരിച്ചടവ് തുടങ്ങിയ ചെലവുകൾ കുറച്ച ശേഷമുള്ള യഥാർത്ഥ വരുമാനമാണ് (Net Earnings) പരിഗണിക്കേണ്ടത്. അതിനാൽ ജോലി സമയവും ചെലവുകളും കണക്കിലെടുത്ത് ന്യായമായ കുറഞ്ഞ വരുമാന മാനദണ്ഡം രൂപീകരിക്കണം. ഓരോ പേയ്മെന്റിന്റെയും കണക്കും കിഴിവുകളും ഇൻസെന്റീവ് വ്യവസ്ഥകളും തൊഴിലാളിക്ക് പരിശോധിക്കാവുന്ന രീതിയിൽ ലഭ്യമാക്കണം.

ILOയുടെ 2026-ലെ പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡമായ Convention No. 193-ലും പേയ്മെന്റിന്റെ സുതാര്യത, സാമൂഹിക സുരക്ഷ, അൽഗോരിതമിക തീരുമാനങ്ങളുടെ വിശദീകരണം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യമുണ്ട്. ഈ മാനദണ്ഡങ്ങളെ ഇന്ത്യയിലെ നിയമ-നയ ചർച്ചകൾക്ക് ഒരു അന്താരാഷ്ട്ര താരതമ്യ ചട്ടക്കൂടായി ഉപയോഗിക്കാം (ILO, 2026).

യൂണിയനുകൾക്കും തൊഴിലാളി കൂട്ടായ്മകൾക്കും പ്ലാറ്റ്‌ഫോം കമ്പനികളുമായി വേതനം, തൊഴിൽസമയം, ഇൻസെന്റീവ്, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്താനുള്ള അവസരവും ലഭിക്കണം.
യൂണിയനുകൾക്കും തൊഴിലാളി കൂട്ടായ്മകൾക്കും പ്ലാറ്റ്‌ഫോം കമ്പനികളുമായി വേതനം, തൊഴിൽസമയം, ഇൻസെന്റീവ്, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്താനുള്ള അവസരവും ലഭിക്കണം.

ഡിജിറ്റൽ നഗരത്തിന്റെ
പിന്നിലെ മനുഷ്യർ

ഉപജീവനത്തിനായി സ്വന്തം വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് ബെംഗളൂരുവിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ അധ്വാനമാണ് നഗരത്തിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ദൈനംദിന പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഭക്ഷണവും പലചരക്ക് സാധനങ്ങളും വീടുകളിലെത്തിക്കുന്നതുമുതൽ നഗരത്തിന്റെ ഗതാഗത സംവിധാനത്തെ ചലിപ്പിക്കുന്നതുവരെ അവരുടെ അധ്വാനം നഗരജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ ഈ അധ്വാനത്തിന് പിന്നിൽ സുരക്ഷിതമായ തൊഴിൽസാഹചര്യങ്ങളോ സ്ഥിരമായ വരുമാനമോ സാമൂഹിക അംഗീകാരമോ എല്ലായ്പ്പോഴും ഉറപ്പായിട്ടില്ല.

ലേഖകർ മനുഷ്യാവകാശ പ്രവർത്തകരും ഫീൽഡ് ഗവേഷകരും എന്ന നിലയിൽ ബെംഗളൂരുവിലെ തെരുവുകളിലും തൊഴിലാളി താമസകേന്ദ്രങ്ങളിലും നടത്തിയ ഫീൽഡ് അനുഭവങ്ങൾ ഒരു നിർണായക യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്: സാങ്കേതിക മുന്നേറ്റങ്ങളുടെ തിളക്കമുള്ള പരസ്യങ്ങൾക്കപ്പുറം, കുടിയേറ്റ ഗിഗ് തൊഴിലാളികൾ നേരിടുന്നത് തൊഴിൽപരവും സാമൂഹികവും മനുഷ്യാവകാശപരവുമായ നിരവധി പ്രതിസന്ധികളാണ്. മിനിമം വരുമാനത്തിന്റെ അനിശ്ചിതത്വം, ആരോഗ്യപരിരക്ഷയുടെ അപര്യാപ്തത, ഭാഷാപരമായ വിവേചനം, സുരക്ഷിതമല്ലാത്ത താമസസാഹചര്യങ്ങൾ, മുന്നറിയിപ്പില്ലാത്ത അക്കൗണ്ട് വിലക്കുകൾ എന്നിവയെല്ലാം അവരുടെ ജീവിതത്തെ ബാധിക്കുന്നു.

ഇവയെ കേവലം വിപണിയിലെ അസന്തുലിതാവസ്ഥകളായി മാത്രം കാണാനാവില്ല. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിയുടെ അന്തസ്സും തൊഴിൽജീവിതത്തിലെ സുരക്ഷയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. അതിനാൽ തൊഴിലാളികളുടെ അന്തസ്സിനെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങളെ ഭരണഘടനാപരമായ മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്..

കർണാടക ഗിഗ് തൊഴിലാളി നിയമം, 2025 ഈ ദിശയിലുള്ള ഒരു പ്രധാന തുടക്കമാണ്. പക്ഷേ അതിന്റെ വിജയം ക്ഷേമബോർഡിന്റെ രൂപീകരണത്തിലോ രജിസ്‌ട്രേഷൻ കണക്കുകളിലോ മാത്രം അളക്കാനാവില്ല. ഒരു തൊഴിലാളിക്ക് അപകടമുണ്ടാകുമ്പോൾ ചികിത്സയും നഷ്ടപരിഹാരവും ലഭിക്കുന്നുണ്ടോ? അക്കൗണ്ട് തടയപ്പെട്ടാൽ നീതി തേടാൻ കഴിയുന്നുണ്ടോ? സ്വന്തം ഭാഷയിൽ പരാതി നൽകാൻ കഴിയുന്നുണ്ടോ? ജോലി കഴിഞ്ഞ് വിശ്രമിക്കാൻ സുരക്ഷിതമായ ഇടമുണ്ടോ? വരുമാനം കുടുംബത്തിന്റെ ജീവിതച്ചെലവുകൾ നിറവേറ്റാൻ മതിയാകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നിയമത്തിന്റെ യഥാർത്ഥ വിജയം നിർണയിക്കുക.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി അതിനെ ചലിപ്പിക്കുന്ന മനുഷ്യരുടെ അന്തസ്സിനെയും അവകാശങ്ങളെയും മറികടന്നുകൊണ്ടാകരുത്. അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന നഗരത്തിൽ തൊഴിലാളികൾ വെറും ഡാറ്റയോ റേറ്റിംഗുകളോ ഓർഡർ നമ്പറുകളോ അല്ല; അവകാശങ്ങളും സ്വപ്നങ്ങളും കുടുംബങ്ങളും സാമൂഹിക ജീവിതവുമുള്ള മനുഷ്യരാണ്. അവരെ അങ്ങനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ ബെംഗളൂരുവിന്റെ ഡിജിറ്റൽ വളർച്ച യഥാർത്ഥത്തിൽ നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ വികസനമായി മാറുകയുള്ളൂ.

ഭക്ഷണവും പലചരക്ക് സാധനങ്ങളും വീടുകളിലെത്തിക്കുന്നതുമുതൽ നഗരത്തിന്റെ ഗതാഗത സംവിധാനത്തെ ചലിപ്പിക്കുന്നതുവരെ അവരുടെ അധ്വാനം നഗരജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.
ഭക്ഷണവും പലചരക്ക് സാധനങ്ങളും വീടുകളിലെത്തിക്കുന്നതുമുതൽ നഗരത്തിന്റെ ഗതാഗത സംവിധാനത്തെ ചലിപ്പിക്കുന്നതുവരെ അവരുടെ അധ്വാനം നഗരജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.

▮

References:

Bailovskaya, E., et al. (2025). Precarity, platformization, and algorithmic control: Perspectives on non-standard employment. Journal of Labour & Society, 28(1), 112–135.

Bhattacharya, T. (Ed.). (2017). Social reproduction theory: Remapping class, recentering oppression. Pluto Press.

European Parliament & Council of the European Union. (2024). Directive (EU) 2024/2831 of the European Parliament and of the Council of 23 October 2024 on improving working conditions in platform work. Official Journal of the European Union. https://eur-lex.europa.eu/eli/dir/2024/2831/oj/eng

Fairwork India. (2021). Fairwork India ratings 2021: Labour standards in the gig economy. Centre for IT and Public Policy (CITAPP), International Institute of Information Technology Bangalore & Oxford University.

Fairwork India. (2024). Fairwork India ratings 2024: Labour standards in the platform economy. Centre for IT and Public Policy (CITAPP), International Institute of Information Technology Bangalore & Oxford University.

Fraser, N. (2016). Contradictions of capital and care. New Left Review, 100, 99–117. (Theoretical reference for Social Reproduction Framework).

Government of Karnataka. (2025). The Karnataka Platform Based Gig Workers (Social Security and Welfare) Act, 2025 (Karnataka Act No. 72 of 2025). India Code. https://www.indiacode.nic.in/bitstream/123456789/22201/1/72_of_2025_%28e%29.pdf

International Institute of Migration and Development, United Nations Population Fund India, & International Organization for Migration. (2026). South India Interstate Migration Survey 2026 (SIIMS 2026): Evidence to inform policy for interstate migrant workers to Karnataka, Keralam and Tamil Nadu. UNFPA India.

International Labour Organization. (2024). ILO strategy on extending social protection to migrant workers, refugees and their families. International Labour Office. https://www.ilo.org/publications/ilo-strategy-extending-social-protection-migrant-workers-refugees-and-their

International Labour Organization. (2026). Building an understanding of access to grievance-handling and labour dispute resolution mechanisms for platform workers in India. International Labour Office. https://doi.org/10.54394/00035694

International Labour Organization. (2026). Decent Work in the Platform Economy Convention, 2026 (No. 193). ILO NORMLEX. https://normlex.ilo.org/

Janpahal, & Gig Workers Association. (2026). National survey on working conditions, working hours, and insurance deficits of platform gig workers. Janpahal Research Reports.

Medappa, K. (2023). Rethinking mutual aid through the lens of social reproduction: How platform drivers ride out work and life in Bengaluru. Development and Change, 54(4), 890–915. https://doi.org/10.1111/dech.12781

Medappa, K. (2025). ‘Lived capitalisation’: How speculative finance shapes the social and financial lives of ‘gig’ workers in Bengaluru, India. Work, Employment and Society, 39(5), 1247–1268. https://doi.org/10.1177/09500170251343277

Ministry of Manpower, Singapore. Platform Workers Act: What it covers. Government of Singapore. https://www.mom.gov.sg/employment-practices/platform-workers-act/what-it-covers

Navami, T. S. (2020). Living on the edge: Interrogating migrant labourer lives of Bengaluru/Bangalore. Rupkatha Journal on Interdisciplinary Studies in Humanities, 12(5), 1–8. https://doi.org/10.21659/rupkatha.v12n5.rioc1s30n3

NITI Aayog. (2022). India’s booming gig and platform economy: Perspectives and recommendations on the future of work. Government of India.

Occupational Safety and Health Administration. Heat: Water, rest, shade. United States Department of Labor. https://www.osha.gov/heat-exposure/water-rest-shade/

Sangama. (2024–2026). Field observations and community intervention notes on interstate migrant worker families in Thirumenahalli, Bengaluru [Unpublished fieldwork documentation]. Sangama NGO


Summary: A detailedreport focusing on the gig work sector in Bengaluru, comprehensive report on labor migration in states. Navas M Khader and Prerana Srimaal writes.


നവാസ് എം. ഖാദര്‍

ഗവേഷകൻ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി. 10 വർഷമായി അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴിലവകാശങ്ങൾ, നയരൂപീകരണം, സാമൂഹിക സംരക്ഷണം എന്നീ വിഷയങ്ങളിൽ ഗവേഷണവും ഇടപെടലുകളും  നടത്തിവരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) എന്നിവയുടെ ഗവേഷണ പദ്ധതികളിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചു.

ഡോ. പ്രേരണ ശ്രീമാൽ

ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ലിബറൽ ആർട്സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് പുരാവസ്തുശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടി. കുടിയേറ്റം, കാലാവസ്ഥാ നീതി, സാമൂഹിക അസമത്വം, വിദ്യാഭ്യാസം, സാംസ്കാരിക പൈതൃകം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ഐ.സി.എസ്.എസ്.ആർ., ഇൻഡോ- കൊറിയ സയൻസ് ആൻഡ് ടെക്നോളജി സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ദേശീയ- അന്തർദേശീയ ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിവരുന്നു.

Comments