അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ഏഴ് വർഷത്തെ ഫീൽഡ് വർക്ക് അനുഭവത്തിൽ ഒട്ടേറെ ദുരന്തമുഖങ്ങളിൽ കൂടി സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ആലുവ മാർക്കറ്റിൽ മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെടുക്കപ്പെട്ട ആ പെൺകുട്ടിയുടെ കാഴ്ച മറക്കാനാകാത്ത ഒന്നായിരുന്നു.
അവളുടെ ശരീരത്തിനുമേൽ വച്ചിരുന്ന പാറക്കല്ലുകൾ ചാക്കിൽ കെട്ടി കൊണ്ടുവന്ന ചുമട്ടുതൊഴിലാളിയായ ഹമീദുമായി സംസാരിച്ചു: ‘‘സംഭവദിവസം വൈകീട്ട് മൂന്നേകാലോടെ കുട്ടിയെ ഒരു കുടിയേറ്റ തൊഴിലാളി ഈ വഴി കൂട്ടിക്കൊണ്ടുവന്നിരുന്നു. ഞങ്ങളോടൊപ്പം ജോലി ചെയ്യുന്ന താജുദ്ദീൻ അയാളെ തടഞ്ഞു നിർത്തുകയും കുട്ടി ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു. മകളാണെന്നായിരുന്നു അയാളുടെ മറുപടി. മദ്യപിക്കാൻ പോകുന്നു എന്ന് ആംഗ്യം കാണിച്ചപ്പോൾ പിന്നെ അയാളോട് ഒന്നും പറഞ്ഞില്ല.’’
‘‘മാർക്കറ്റിനുസമീപമുള്ള ഈ ദുർഗന്ധം വമിക്കുന്ന ഈ പൊതുഇടം വൈകീട്ട് മുതൽ കുടിയേറ്റ തൊഴിലാളികളുടെ മദ്യപാന സ്ഥലമാണ്. ഞങ്ങളാരും ഇങ്ങോട്ട് വരാറില്ല.’’ ആ തൊഴിലാളി ഇത്രയും കൂടി പറഞ്ഞു.
താജുദീനുമായും ഞാൻ സംസാരിച്ചു.
സംഭവദിവസം വൈകീട്ട് മൂന്നരയോടെ കുട്ടിയെ ഈ കുടിയേറ്റ തൊഴിലാളിക്കൊപ്പം കണ്ടതിൽ സംശയം തോന്നിയപ്പോഴാണ് തടഞ്ഞുനിർത്തി ഇത് ആരാണെന്ന് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മകളാണ് എന്നും മദ്യപിക്കാൻ പോകുന്നു എന്നും അയാൾ പറഞ്ഞതിൽ തനിക്ക് ഒരസ്വഭാവികതയും തോന്നിയില്ല. കാരണം, അവർ പോകുന്ന ആ പ്രദേശം കുടിയേറ്റ തൊഴിലാളികളുടെ കേന്ദ്രം തന്നെയായിരുന്നു. കൂടാതെ ആ കുട്ടി അയാളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.
‘‘ആ കുട്ടിയുടെ ഭാവത്തിൽനിന്ന് അയാളോട് എന്തെങ്കിലും അകൽച്ചയോ ബലപ്രയോഗത്തിന്റെ സൂചനയോ പ്രകമല്ലായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ അവരുടെ പുറകെ മൂന്നുനാലു പേർ പോകുന്നുണ്ടായിരുന്നു. മൂന്നു മണി കഴിഞ്ഞാൽ മാർക്കറ്റിലെ മാലിന്യകേന്ദ്രം കുടിയേറ്റ തൊഴിലാളികളിരുന്നു മദ്യപിക്കുന്ന സ്ഥലമായതിനാൽ പിന്നീട് ഞാൻ അങ്ങോട്ട് നോക്കിയതുമില്ല. പിറ്റേന്നുരാവിലെ ഫേസ്ബുക്കിൽ ഈ കുട്ടിയുടെ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുകയും അവർ സി സി ടി വിയിൽ ഇയാൾ, ഈ കുട്ടിയെയും കൊണ്ട് മാർക്കറ്റിന്റെ ചീഞ്ഞളിഞ്ഞ പ്രദേശത്തേക്ക് പോവുകയും ചെയ്തതായി കണ്ടത്. എന്നാൽ പോലീസുകാർക്ക് മൃതശരീരം കണ്ടെത്താൻ സാധിച്ചില്ല. പ്രതിയുമായി വന്ന അവർ തിരച്ചിൽ നടത്തിയപ്പോൾ പ്രതി തന്നെയാണ് മൃതശരീരം പോലീസുകാർക്ക് കാണിച്ചു കൊടുത്തത്.’’- താജുദ്ദീൻ പറഞ്ഞു.
ഇതിനുശേഷം ചൂർണിക്കരയിലെ 18-ാം വാർഡ് മെമ്പർ റംല അലിയാരുമായി സംസാരിച്ചു. നിരവധി കുടിയേറ്റത്തൊഴിലാളികൾ പാർക്കുന്ന സ്ഥലമാണ് ചൂർണിക്കര ഗ്രാമപഞ്ചായത്ത്. പ്രതിയായ കുടിയേറ്റ തൊഴിലാളി താമസിക്കുന്ന കെട്ടിടത്തിനുതാഴെ ഒരു മുറിയിൽ കുടുംബമായി താമസിക്കുന്നവരാണ് കൊല്ലപ്പെട്ട കുട്ടിയും കുടുംബവും എന്നാണ് അവർ പറഞ്ഞത്.
കേരളത്തിൽ എത്ര കുടിയേറ്റ തൊഴിലാളികളുണ്ട് എന്നോ, അവർ എങ്ങനെ ജീവിക്കുന്നു എന്നോ സമൂഹം തിരിച്ചറിഞ്ഞിട്ടില്ല എന്നതിന്റെ തെളിവായി ഇതിനെ ഞാൻ കാണുന്നു.
വാർഡ് മെമ്പർ പറഞ്ഞതനുസരിച്ച് ഈ കുട്ടിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്ത് ഞാൻ പോയി. കുടിയേറ്റ തൊഴിലാളികൾ കുടുംബമായും അല്ലാതെയും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ, ധാരാളം കുട്ടികളുണ്ട് ആ പ്രദേശത്ത്. അവരെല്ലാം ആ കെട്ടിടത്തിന്റെ മുൻവശത്ത് കളിക്കാറുണ്ട്. തൊഴിലാളികൾ അവർക്ക് മിട്ടായിയും മറ്റും വാങ്ങി കൊടുക്കാറുമുണ്ട്. അത്തരത്തിൽ ഒരാളിൽനിന്നാണ് ഈ പെൺകുട്ടിക്ക് ഈയൊരു ക്രൂരാനുഭവമുണ്ടായത്.
ഓരോ കുടിയേറ്റ തൊഴിലാളിയും ഒരു പ്രദേശത്ത് താമസിക്കാൻ ചെല്ലുമ്പോൾ ഒന്നുകിൽ കോൺട്രാക്റ്ററോ അല്ലെങ്കിൽ വീട്ടുടമസ്ഥനോ അയാളുടെ വിവരം പോലീസിന് നൽകണമെന്ന ലിഖിതമല്ലാത്ത നിയമമുണ്ട്.
ഭരണകൂടത്തിന്റെ പങ്ക്
ഈ കുട്ടിയുടെ കൊലപാതകത്തിൽ ഒരാൾക്കല്ല, ഒരുപാട് പേർക്ക് പങ്കുണ്ട്. അതിൽ, കുടിയേറ്റ തൊഴിൽ സമൂഹത്തെ നിസ്സംഗമായി അവഗണിച്ചുവിടുന്ന, അവരെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന, ഭരണകൂട സംവിധാനങ്ങളുടെ പങ്ക് വിചാരണ ചെയ്യപ്പേടേണ്ടതാണ്.
മാതാപിതാക്കളുടെ പരാതി കിട്ടി, കൃത്യസമയത്ത് അന്വേഷണം തുടങ്ങിയെന്നും അത് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും പൊലീസ് അവകാശപ്പെടുമ്പോൾ, ഉയരുന്ന പ്രധാന ചോദ്യം, എന്തുകൊണ്ട് ഈ കുട്ടിയെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനായില്ല എന്നതാണ്. അതിന്, ചട്ടപ്പടിയായ നിരവധി പൊലീസ് ഭാഷ്യങ്ങൾ കാണുമായിരിക്കും. എന്നാൽ, അടിസ്ഥാനപരമായ ഒരു ചോദ്യം, ഭരണകൂട സംവിധാനങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ഒരു ചോദ്യം ഉയരുന്നുണ്ട്: ഒരു രേഖയുമില്ലാതെ കേരളത്തിലെത്തുന്ന അനവധി കുടിയേറ്റ തൊഴിലാളികളിൽ ഒരാൾ മാത്രമാണ് ഈ കേസിലെ പ്രതി. ഓരോ കുടിയേറ്റ തൊഴിലാളിയും ഒരു പ്രദേശത്ത് താമസിക്കാൻ ചെല്ലുമ്പോൾ ഒന്നുകിൽ കോൺട്രാക്റ്ററോ അല്ലെങ്കിൽ വീട്ടുടമസ്ഥനോ അയാളുടെ വിവരം പോലീസിന് നൽകണമെന്ന ലിഖിതമല്ലാത്ത നിയമമുണ്ട്. ലിഖിതമല്ലാത്തതു കൊണ്ടുതന്നെ പാലിക്കപ്പെടണമെന്ന് പൊതുസമൂഹത്തിനു വാശിപിടിക്കാനും ആകില്ല. അതായത്, ഈ കുടിയേറ്റ തൊഴിലാളിയെ കുറിച്ച് നമ്മുടെ സംവിധാനങ്ങൾക്ക് ഒന്നും അറിയില്ല.
മാതാപിതാക്കൾക്ക് കുട്ടിയുടെ കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായതായി നാട്ടുകാരിൽ ചിലരുടെ പ്രതികരണങ്ങൾ കേട്ടു. പട്ടിണി മൂലം ആവശ്യത്തിന് ആഹാരം ലഭിക്കാതെ, കിട്ടുന്നത് വാങ്ങിക്കഴിക്കുന്ന ശീലം ഈ കുട്ടികളിലുണ്ട്. അത് ആര് വാങ്ങിക്കൊടുത്താലും അവർ വാങ്ങിക്കഴിക്കും. ദാരിദ്ര്യത്തിന്റേതായ അത്തരമൊരു സാഹചര്യം നാം സൗകര്യപൂർവം മറച്ചുപിടിക്കുകയാണ്. മാത്രമല്ല, അഞ്ചു വയസ്സുകാരിയായ കുട്ടിയെപ്പോലും വീട്ടിൽ തനിച്ചാക്കി പണിക്കുപോകേണ്ടിവരുന്ന അവസ്ഥയുള്ള മാതാപിതാക്കളുമാണിവർ എന്നും ഓർക്കണം. ഇത്തരമൊരവസ്ഥയിൽ, കുട്ടികൾക്കും മറ്റും സാമൂഹിക സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം ആരുടേതാണ്? പൊതുവിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്ന ഈ കുട്ടികളുടെ ഉന്നത വിജയം നാം ആഘോഷിക്കാറുണ്ട്. അവർ പഠിച്ചെഴുതുന്ന മലയാളം ലിപികൾ ആഘോഷിക്കാറുണ്ട്. ഈ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് എന്ത് വേവലാതിയാണ് നമ്മുടെ സംവിധാനങ്ങൾക്കുള്ളത്?
ആലുവ നഗരസഭക്ക് ഈ കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ട്. മാർക്കറ്റിന്റെ വേസ്റ്റ് ഇടത്തെ മരണത്തിന് കാരണമാക്കിയ ഒരു സാഹചര്യം കൂടിയായി പരിഗണിക്കണം.
ആലുവ നഗരസഭക്ക് ഈ കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ട്. മാർക്കറ്റിന്റെ വേസ്റ്റ് ഇടത്തെ മരണത്തിന് കാരണമാക്കിയ ഒരു സാഹചര്യം കൂടിയായി പരിഗണിക്കണം. അവിടെ സ്ഥിരമായി നടക്കുന്ന മദ്യപാനത്തെക്കുറിച്ച് മുമ്പും പരാതികളുണ്ടായതാണ്. ഇത് പരിശോധിക്കാനും അവസാനിപ്പിക്കാനും ഇതുവരെ നടപടിയെടുക്കാത്ത പൊലീസ് ഇനി ‘കാര്യക്ഷമമായി’ രംഗത്തിറങ്ങും. ഉപരിതലത്തിലെ ഈ നടപടി യഥാർഥ രോഗത്തിനുള്ള ചികിത്സയല്ല എന്നാണ് നമ്മുടെ സംവിധാനങ്ങൾ തിരിച്ചറിയുക? ഇത്തരം ദുരൂഹ ഇടങ്ങളെ സംരക്ഷിച്ചുനിർത്തുന്നതിൽ പ്രതികൾ യഥാർഥത്തിൽ ആരാണ്?
രജിസ്ട്രേഷൻ എവിടെ?
ഞാനുൾപ്പെടുന്ന ഗവേഷകർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്, കുടിയേറ്റ തൊഴിലാളികളുടെ പഞ്ചായത്തു തല രജിസ്ട്രേഷൻ. 2010 മുതൽ 13 വർഷമായി കേരളത്തിലെ ലേബർ ഡിപ്പാർട്ടുമെൻറ് കുടിയേറ്റ തൊഴിലാളികൾക്ക് അനുവദിച്ച പത്ത് കോടി രൂപയിൽ ആകെ ചെലവിട്ടത് നാല് കോടിയാണ്. അതും, കോവിഡ് വന്നതുകൊണ്ടുമാത്രം. ഈയൊരു അവഗണനക്ക് പരിഹാരം വേണമെന്നും പഞ്ചായത്ത് തലത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ഉത്തരവാദിത്വങ്ങൾ സൂക്ഷ്മമായി ഏറ്റെടുക്കണമെന്നും നിരന്തരം ഉയരുന്ന ആവശ്യങ്ങളാണ്. ഈ കൊലപാതകവും, അവഗണിക്കപ്പെടുന്ന ഈ ആവശ്യങ്ങളെ ഓർമയിൽ കൊണ്ടുവരുന്നു എന്നു മാത്രം.
എവിടെയും രജിസ്റ്റർ ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ, കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം എന്നും ‘സമസ്യ’യാണ്. സംസ്ഥാന സർക്കാർ പറയുന്നത്; 5,16,000 കുടിയേറ്റ തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് (വിവരാവകാശം വഴി ലേഖകന് ലഭിച്ചത്). ഇത് 2019-ലെ ആവാസ് ഇൻഷൂറൻസ് രജിസ്ട്രേഷൻ കണക്കാണ്. ഇതിലും കൂടുതലാണ് യഥാർഥ എണ്ണമെന്ന് കേരള പ്ലാനിങ് ബോർഡ് 2021- ൽ പറയുന്നു. എണ്ണത്തിലല്ലാതെ കുടിയേറ്റ തൊഴിലാളിയെ തീമാറ്റിക്കായി കണ്ടെത്തി വിവരശേഖരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അത് പഞ്ചായത്തു ലെവലിൽ മാത്രമേ സാധിക്കൂ എന്ന് ലേബർ ഡിപ്പാർമെൻറ് തിരിച്ചറിയണം.
ഒരു കുറ്റകൃത്യവും
ഒരു ആൾക്കൂട്ടവും
ഇത്തരമൊരു ദുരന്തപാശ്ചാത്തലത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യത്തിനുകൂടി, ഈ പെൺകുട്ടിയുടെ കൊലപാതക സ്ഥലത്തുചെന്നപ്പോൾ എനിക്ക് സാക്ഷിയാകേണ്ടിവന്നു.
കൊലപാതകം ചെയ്ത കുടിയേറ്റ തൊഴിലാളിയെ, അവിടെ തടിച്ചുകൂടിയ ആൾക്കൂട്ടം തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ‘ഇവനെയൊന്നും നിയമത്തിനു വിട്ടുകൊടുക്കരുതെന്നും ഇവനെയെല്ലാം ഞങ്ങൾ തന്നെ കൈകാര്യം ചെയ്യാം’ എന്നു തുടങ്ങിയുള്ള വികാരം, പൊലീസിനെ സാക്ഷിയാക്കി അവിടെ ഉയർന്നു.
മോഷണക്കുറ്റമാരോപിച്ച് രാജേഷ് മാഞ്ചി എന്ന ബിഹാറുകാരനെ ഒരു കൂട്ടം അടിച്ചുകൊന്നത് പെട്ടെന്ന് ഓർമയിലെത്തി. ഇവിടെ, ഒരു പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരാൾക്കുമേൽ സ്വയം ‘നീതി’ നടപ്പാക്കാനുള്ള ഈ ആൾക്കൂട്ടത്തിന്റെ ആക്രോശവും അതിന് സമാനമായിരുന്നു.
ആലുവയിൽ തന്നെ, മാല മോഷ്ടിക്കാൻ കയറിയ കുടിയേറ്റ തൊഴിലാളി കത്തിവീശിയപ്പോൾ കഴുത്തു മുറിഞ്ഞ് മരിച്ചുവീണ മറ്റൊരു കുട്ടിയുടെ ദുരന്തമുഖം ആ സമയം ഓർമ്മ വന്നു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മുഖവും മുന്നിലെത്തി. ആൾക്കൂട്ട ആക്രമവും വികാരപ്രകടനങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടോ?. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുടിയേറ്റ തൊഴിലാളികളാകെ ആൾക്കൂട്ടത്തിനാൽ വിചാരണ ചെയ്യപ്പെടണം എന്ന ആവശ്യമുയരുന്നത്, കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ എന്ത് പ്രത്യാഘാതമാണുണ്ടാക്കുക എന്നത് ചിന്തിക്കേണ്ട കാര്യം കൂടിയാണ്.
വലിയൊരു മൈഗ്രൻറ് ലേബർ സൊസൈറ്റിയെ ഉൾക്കൊള്ളാനുള്ള ‘സഹിഷ്ണുത’ അവകാശപ്പെടുന്ന ഒരു സമൂഹത്തിനും അവിടുത്തെ ഭരണകൂടത്തിനും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാകില്ല.
സംസ്ഥാനത്ത് കുടിയേറ്റ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും കുടിയേറ്റ തൊഴിലാളികൾക്കുനേരെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് പ്രോജക്റ്റിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നടത്തിയ ഫീൽഡ് സ്റ്റഡിയിൽ, കുടിയേറ്റ തൊഴിലാളികൾക്കെതിരെ അധിക്ഷേപവും ദേഷ്യവും പ്രകടിപ്പിക്കുന്ന പ്രതികരണങ്ങൾ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ കുത്തൊഴുക്കിന്റെ സാമൂഹിക- സാമ്പത്തിക ആഘാതം ഒരുതരം അസഹിഷ്ണുത നിറഞ്ഞ പ്രതികരണങ്ങളായി കേൾക്കേണ്ടിവന്നു. പ്രത്യേകിച്ച് തൊഴിൽ നഷ്‌ടം, ശുചിത്വ സംബന്ധമകായ കാര്യങ്ങൾ എന്നിവയിൽ. ഒരു ന്യൂനപക്ഷം പ്രദേശവാസികൾ നീരസം പ്രകടിപ്പിച്ച സംഭവവും എന്റെ മുന്നിലുണ്ട്. ഇത്തരം പ്രാദേശിക തർക്കങ്ങൾ, കുടിയേറ്റ തൊഴിലാളികളുടെ അന്തസിനും ശാരീരിക സുരക്ഷക്കും ഭീഷണിയാകുന്ന സംഭവങ്ങൾ സംഘർഷത്തിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള സംവിധാനം അനിവാര്യമാണ്. പ്രാദേശിക ഭരണസംവിധാനങ്ങളെ ഇത്തരം അന്തരീക്ഷം കടുത്ത പ്രതിസന്ധിയിലാക്കും. കുടിയേറ്റ തൊഴിലാളികളിൽ ആത്മവിശ്വാസം വളർത്തുന്ന നടപടികൾ നടപ്പിലാക്കുന്നതിനും തദ്ദേശീയ സമൂഹവുമായി ഐക്യം ഊട്ടിയുറപ്പിക്കാനുള്ള നടപടികളെടുക്കുന്നതിലും ഇത് തടസമാകും.
എറണാകുളം ജില്ലയിൽ, കിറ്റെക്‌സ് ഫാക്ടറി പരിസരത്ത് നടന്ന അക്രമം പോലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ സംഘടിത അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായിട്ടില്ല. അതൊരു സാധാരണ ക്രമസമാധാന വിഷയമായി, പൊലീസ് നടപടിയിലൊതുക്കി എഴുതിത്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തരം സംഭവങ്ങൾ അവിശ്വാസത്തിന്റെയും വിദ്വേഷത്തിന്റെയും സാമൂഹിക അനൈക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന സാമൂഹികശാസ്ത്രപരമായ വിലയിരുത്തൽ നടത്തി അതിന് പരിഹാരം കാണാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു മൈഗ്രൻറ് ലേബർ സൊസൈറ്റിയെ ഉൾക്കൊള്ളാനുള്ള ‘സഹിഷ്ണുത’ അവകാശപ്പെടുന്ന ഒരു സമൂഹത്തിനും അവിടുത്തെ ഭരണകൂടത്തിനും ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാകില്ല.
അസഹിഷ്ണുത ആരോപിച്ച്, കുടിയേറ്റ തൊഴിലാളികൾക്കെതിരെ നിരവധി അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2018-ൽ കോട്ടയത്ത് ചികിത്സയിലെ അനാസ്ഥ മൂലം സിത്തു ബിസ്മാജി മരിച്ചത്, ബംഗാളിൽ നിന്ന് കണ്ണൂരിലേക്ക് കുടിയേറിയ 14 വയസ്സുകാരിയെ റേപ്പ് ചെയ്തത്, പശ്ചിമ ബംഗാളിൽ നിന്നുള്ള ഹോട്ടൽ തൊഴിലാളികളെ എറണാകുളത്ത് തൊഴിലുടമ ക്രൂരമായി ശിക്ഷിച്ചത് എന്നിവ ഉദാഹരണങ്ങളാണ്. ഈ സംഭവങ്ങൾ കേരളത്തിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അസഹിഷ്ണുതയുടെ നേർക്കാഴ്ച നൽകുന്നു. കുടിയേറ്റ തൊഴിലാളികളോടുള്ള സഹിഷ്ണുതയ്ക്ക് ചരിത്രപരമായി പേരുകേട്ട കേരളീയ സമൂഹത്തിന്റെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ അസ്തിത്വത്തെ ഇത് തീർത്തും റദ്ദാക്കിക്കളയുന്നു.
ഈ സാഹചര്യം സൃഷ്ടിക്കുന്ന അപകടങ്ങൾ കാണാതിരുന്നുകൂടാ. പൊതുസമൂഹത്തിലേക്കുള്ള ഈ തൊഴിലാളികളുടെ സമന്വയത്തെ ഇത് ഇല്ലാതാക്കുന്നു. അവരുടെ അന്യവൽക്കരണം ഇത്തരം സംശയകരമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. കുടിയേറ്റ തൊഴിലാളികളോടുള്ള പൊതസമൂഹത്തിന്റെ വിവേചനപൂർണമായ പെരുമാറ്റത്തിലേക്കും മനോഭാവത്തിലേക്കും ഇത് നയിക്കുന്നു. ഫലമോ, അവർ സോഷ്യൽ ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു, സേവനങ്ങൾ നിഷേധിക്കപ്പെടുന്നു, വിദ്വേഷകരമായ പ്രതികരണങ്ങളുടെയും ആൾക്കൂട്ട അതിക്രമങ്ങളുടെയും ഇരകളാക്കപ്പെടുന്നു.
വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ഇത്തരം പ്രകടനങ്ങളാണ് ആൾക്കൂട്ട വിചാരണകളെയും കൊലപാതകങ്ങളെയും ന്യായീകരിക്കുന്നതിലേക്ക് നയിക്കുന്നത്. അത് പ്രാദേശിക വികാരമായി സ്ഥിരീകരിക്കപ്പെടുന്നത്, അത്യധികം അപകടകരമായ അവസ്ഥയുണ്ടാക്കും.
അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ, അവരുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ചറിയാനും ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കാനും അവർക്കിടയിൽ സാമൂഹികമായ പൊരുത്തപ്പെടലുകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പഠനങ്ങളെല്ലാം, നിഷ്ഫലമായിപ്പോകുന്നുവെന്ന് തോന്നിയ ഒരു സന്ദർഭമായിരുന്നു, ആലുവ മാർക്കറ്റിൽ കഴിഞ്ഞ ദിവസം എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.
കുടിയേറ്റ തൊഴിലാളികളെ കൂടുതൽ സാമൂഹികമായി ഉൾക്കൊള്ളുന്നതിനുള്ള ഒരു നയം നമ്മുടെ ഭരണകൂടത്തിനും പ്രാദേശിക സമൂഹങ്ങൾക്കും ഉണ്ടായേ തീരൂ. ഈ പിഞ്ചുകുഞ്ഞിനുണ്ടായ ദുരന്തം, അതിനുള്ള ആലോചനകളിലേക്കു കൂടി വികസിക്കേണ്ടതുണ്ട്.