സമരം അവസാനിപ്പിക്കാൻ ആശമാരും ഉത്തരവാദിത്വബോധത്തോടെ
നിലപാട് സ്വീകരിക്കണം- എം.എ. ബേബി

‘‘ജനജീവിത പ്രശ്നങ്ങളെ മുൻനിർത്തിയുള്ള അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാൻ പാർട്ടി പരിശ്രമിക്കുമെന്ന് എം.എ. ബേബി.

News Desk

ശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കാൻ ഗവൺമെന്റ് മുൻകൈ എടുത്താൽ മാത്രം പോരാ, സമരം ചെയ്യുന്നവരും ഉത്തരവാദിത്വ ബോധത്തോടെ നിലപാട് സ്വീകരിക്കേണ്ടതായിട്ടുണ്ടെന്ന് സി.പി.ഐ- എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ട്രൂകോപ്പി വെബ്സീന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ആശാ പ്രവർത്തകരുടെ സമരത്തെ രാഷ്ട്രീയപ്രേരിതം എന്ന് അവഗണിച്ച് കളയാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിച്ചിട്ടില്ല എന്നതാണ് എന്റെ അറിവ്. ഈ വിഷയത്തിൽ അധിക ഉത്തരവാദിത്വം കേന്ദ്ര ഗവൺമെന്റിനാണെന്നതും പൊതുവേ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശാ പ്രവർത്തകരുടെ ദീർഘനാൾ നീണ്ടുനിന്ന സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ സാധിക്കേണ്ടതാണ് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഗവൺമെന്റിന് ഇക്കാര്യത്തിലുള്ള താല്പര്യം മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചകളിലും ഏറ്റവും ഒടുവിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടി നടത്തിയ ഇടപെടലുകളിലും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, സമരം അവസാനിപ്പിക്കാൻ ഗവൺമെന്റ് മുൻകൈ എടുത്താൽ മാത്രം പോരാ, സമരം ചെയ്യുന്നവരും ഉത്തരവാദിത്വ ബോധത്തോടെ നിലപാട് സ്വീകരിക്കേണ്ടതായിട്ടുണ്ട്’’- എം.എ. ബേബി പറഞ്ഞു.

ജനജീവിത പ്രശ്നങ്ങളെ മുൻനിർത്തിയുള്ള അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാൻ പാർട്ടി പരിശ്രമിക്കുമെന്ന് ബേബി പറഞ്ഞു: ‘‘വർഗ്ഗ- ബഹുജന സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനം ഇതിനാവശ്യമാണ്. എല്ലാ തലങ്ങളിലുമുള്ള സഖാക്കൾ സാമാന്യ ജനതയുമായി ആഴത്തിലും നിരന്തരവും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലി കൂടുതൽ ഫലപ്രദമായി ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിക്കും’’.

കേരളത്തിൽ അനാരോഗ്യകരമായ വിഭാഗീയതയ്ക്ക് വലിയൊരു പരിധിവരെ അന്ത്യം കുറിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘അപൂർവ്വം ചില പ്രദേശങ്ങളിൽ അവിടെയുള്ള ചില സംഘടനാ വിരുദ്ധ പ്രവണതകൾ ചികിത്സിച്ചു ഭേദപ്പെടുത്താൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ പുതിയ പ്രവർത്തന ശൈലി, സമരരീതി എന്നിവ വികസിപ്പിച്ചെടുക്കാൻ പാർട്ടിയും ബഹുജന സംഘടനകളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അനതിവിദൂരഭാവിയിൽ അനുകൂല ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’’.

കമൽറാം സജീവുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

പുതിയ പ്രവർത്തന ശൈലി,
പുതിയ സമരരീതി

CPI(M) PARTY CONGRESS 2025

ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 226 ലെ മറ്റ് ലേഖനങ്ങൾ വായിക്കാം, കേൾക്കാം

Comments