കഴിഞ്ഞ ഏപ്രിൽ 28-ന് പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിവളപ്പിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച വെസ്റ്റ് ബംഗാള്‍ കുടിയേറ്റ തൊഴിലാളി നാസര്‍ ഹുസൈന്റെയും മലപ്പുറം കിഴിശ്ശേരിയിൽ ആള്‍ക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ബീഹാര്‍ തൊഴിലാളി രാജേഷ് മാഞ്ചിയുടെയും ഓർമ വിട്ടുമാറാത്ത അന്തരീക്ഷത്തിലായിരുന്നു, സംസ്ഥാന തൊഴിൽ വകുപ്പും ആസൂത്രണബോർഡും തിരുവനന്തപുരത്ത് രാജ്യാന്തര ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം, ആരോഗ്യ പരിരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള ഗൗരവകരമായ ആലോചനകളുടെ അനുബന്ധമായി സമഗ്ര കുടിയേറ്റനയത്തിന് നീക്കമുണ്ടാകുമോ എന്ന ചോദ്യം കോൺക്ലേവിന്റെ പാശ്ചാത്തലത്തിൽ പ്രസക്തമായിരുന്നു. എന്നാൽ, ഇത്തരം ആലോചനകളുടെ വേദിയാകേണ്ടിയിരുന്ന കോൺക്ലേവ് എന്ത് പ്രതീക്ഷയാണ് ബാക്കിവെക്കുന്നത്?.
ഏഴ് വര്‍ഷമായി കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍പഠനം നടത്തുന്ന ലേഖകന്‍ നിരവധി കുടിയേറ്റ തൊഴിലാളികളോടും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരോടും സംസാരിച്ചതില്‍ നിന്നുകൂടിയാണ് ഈ കുറിപ്പ്.
പൗരസമൂഹത്തിലെ കുടിയേറ്റ തൊഴിലാളി
കേരളത്തിന്റെ തൊഴില്‍ശക്തിദാതാക്കളായി കുടിയേറ്റ തൊഴിലാളികള്‍ മാറിയിട്ട് 50 വര്‍ഷത്തിലേറെയായി. 1990- കള്‍ മുതല്‍ ‘ഭായി’മാരുടെ വരവിവോടെയാണ് അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളിയെ നാം ശ്രദ്ധിച്ച് തുടങ്ങിയത്. 2011- ലെ സെൻസസ് റിപ്പോർട്ടില്‍ കേരള പ്ലാനിങ് ബോര്‍ഡ് നടത്തിയ വിവര ശേഖരണത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്കില്‍ വന്ന മാറ്റത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് 2000-മാണ്ടിനുശേഷം ആസാം, ബംഗാള്‍, ബീഹാര്‍, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുകൂടി തൊഴിലാളികള്‍ കേരളത്തെ തങ്ങളുടെ ‘ഗള്‍ഫായി’ കണ്ട് ജോലിക്കെത്തുന്നുണ്ട്.
കേരളത്തിന്റ മണ്ണില്‍ വിത്ത് വിതയ്ക്കാനും കൊയ്യാനും രമ്യഹര്‍മ്മങ്ങള്‍ പണിയാനും മറ്റ് ഏത് പണിക്കും കുടിയേറ്റ തൊഴിലാളികള്‍ തന്നെ വേണം. എന്നാല്‍, കേരളത്തിൽ അവർ അദൃശ്യരായ തൊഴില്‍ സമൂഹമായി മാറുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് ഒരു സമൂഹത്തെ മുഴുവന്‍ വിലയിരുത്തുന്ന മനസുമായിട്ടാണ് പൗരസമൂഹത്തിലെ ഈ തൊഴിലാളികളെ മലയാളികൾ കാണുന്നത്. മുഴുവന്‍ മലയാളികളെയും പൊതുവത്കരിക്കാതെ, ഏറിയ പങ്കും നേരിട്ടറിഞ്ഞ അനുഭവത്തിൽ പറയട്ടെ, ജാതി വിവേചനത്തിന്റെ, തൊലിയുടെ മഹിമയുടെ, സമ്പത്തു നല്‍കുന്ന അധികാരത്തിമിർപ്പിന്റെ ഇരകളാണ് കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍എന്ന നിശ്ശബ്ദ സമൂഹം.
ഒരു രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആനുകുല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നത് എന്തിനാണ്? പൗരത്വം അവർക്കുനല്‍കുന്ന ആനുകൂല്യങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമപ്പുറം എന്താണ് ഈ നിയമം നല്‍കുന്നത്.
പ്രായമായ കുടിയേറ്റ തൊഴില്‍ നിയമം
40 വർഷങ്ങൾക്കുമുന്‍പ് രൂപീകരിച്ച അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴില്‍ നിയമത്തിന്റെ (1979) ചുവടുപിടിച്ചാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ കുടിയേറ്റ തൊഴിലാളികളെ നിര്‍വചിക്കുന്നത്. രജിസ്റ്റർ ചെയ്യപ്പെട്ടവർ കുടിയേറ്റ തൊഴിലാളി എന്നാണ് ഗവൺമെൻറ് പറയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ആറു ലക്ഷത്തിൽ താഴെ മാത്രം കുടിയേറ്റ തൊഴിലാളികളേയുള്ളൂ എന്ന സർക്കാർ കണക്ക് ശരിയാണ്.
എന്നാല്‍ എന്റെ ഫീല്‍ഡ് വര്‍ക്കില്‍, വിവിധ വ്യവസായ മേഖലകളില്‍, വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി തൊഴിലാളികളെ കണ്ടുമുട്ടിയിട്ടുണ്ട്. അവരില്‍ 15% പോലും രജിസ്‌ട്രേഷന്‍ എന്താണെന്നു അറിയാത്തവരാണ്. ജോലിയുണ്ടെന്നു കേട്ട് നാടുവിട്ടു വന്നവര്‍ കുടിയേറ്റ തൊഴിലാളികളാണെങ്കിലും നിയമം അവരെ ഉള്‍ക്കൊള്ളുന്നില്ല.
ഒരു രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ആനുകുല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നത് എന്തിനാണ്? പൗരത്വം അവർക്കുനല്‍കുന്ന ആനുകൂല്യങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമപ്പുറം എന്താണ് ഈ നിയമം നല്‍കുന്നത്. കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ തൊഴിലും ആരോഗ്യവും ജീവിത സാഹചര്യവും സംരക്ഷിക്കേണ്ടത് തൊഴിലുടമയാണെന്ന് നിയമം അനുശാസിക്കുമ്പോൾ, സ്വന്തന്ത്ര തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആരാണ് അഭയം നല്‍കുക. നിയമങ്ങളെ റൂള്‍ ചെയ്തു നടപ്പിലാക്കേണ്ട ‘ജനകീയ സര്‍ക്കാര്‍’ കേരളത്തിന്റെ തൊഴില്‍ ശക്തിയെ മറന്നുപോകുന്നത് മനഃപൂര്‍വമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, അസംഘടിതരായവര്‍ ഗവണ്മെന്റിനൊരിക്കലും തലവേദനയാകുന്നില്ലല്ലോ.
വിദ്വേഷത്തീയിൽ ഉപജീവനമാര്‍ഗമായ ചായക്കട ചാമ്പലായതില്‍ നടപടികളില്ലാതെ പോകുന്നതിലുള്ള സങ്കടം മറച്ചുവെക്കാതെ പൊട്ടിക്കരഞ്ഞ കുടിയേറ്റ തൊഴിലാളിയെ സഹായിക്കാൻ മലയാളി സമൂഹം എന്തുകൊണ്ട് വിമുഖതകാട്ടുന്നു എന്ന് ചിന്തിച്ചാല്‍ മനസിലാകും, അവർ കേരളത്തില്‍ ‘അതിഥി’കളല്ല, മറിച്ച് ഇപ്പോഴും ‘അന്യരായാ’ണ് നിലനിൽക്കുന്നത് എന്ന്.
ഹം ഏക് ഹേ...
സംഘടിത സ്വഭാവത്തിന്റെ രൂപത്തിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്ന ഒരു വേദിയില്‍ ഈ മാസം 21 ന് പ്രത്യേക ക്ഷണിതാവായി എത്താന്‍ സാധിച്ചു. കേരള കുടിയേറ്റ തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളന വേദിയില്‍ മുഴങ്ങിയത് ‘ഹം ഏക് ഹേ’ എന്ന മുദ്രാവാക്യമാണ്. കോണ്ട്രാക്റ്റർമാരുടെ ചതിയില്‍ വീണുപോയവരുമായി നേരിട്ട് സംസാരിക്കാന്‍ സാധിച്ചു. ‘വേതന മോഷണ’ത്തിന്റെ ജീവിതാനുഭവങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 5 മാസം പണിയെടുത്തിട്ട് ശമ്പളം നല്‍കാതെ മുങ്ങി നടക്കുന്ന എത്രയോ കോണ്‍ട്രാക്റ്റര്‍മാര്‍. മലയാളി എന്ന പരിഗണയില്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുകയും, ഭീഷണിയില്‍ പരാതിക്ക് ഒരുങ്ങാതിരിക്കുകയും ചെയ്യുന്ന എത്ര തൊഴിലാളികള്‍.
വിദ്വേഷത്തീയിൽ ഉപജീവനമാര്‍ഗമായ ചായക്കട ചാമ്പലായതില്‍ നടപടികളില്ലാതെ പോകുന്നതിലുള്ള സങ്കടം മറച്ചുവെക്കാതെ പൊട്ടിക്കരഞ്ഞ കുടിയേറ്റ തൊഴിലാളിയെ സഹായിക്കാൻ മലയാളി സമൂഹം എന്തുകൊണ്ട് വിമുഖതകാട്ടുന്നു എന്ന് ചിന്തിച്ചാല്‍ മനസിലാകും, അവർ കേരളത്തില്‍ ‘അതിഥി’കളല്ല, മറിച്ച് ഇപ്പോഴും ‘അന്യരായാ’ണ് നിലനിൽക്കുന്നത് എന്ന്.
സംഘടിത സ്വാഭാവത്തിലേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിര്‍ണായക ശക്തിയായി മാറും എന്നതില്‍ സംശയമില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്ന മിനിമം വേതനം ലഭിക്കാത്തവരാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. മിനിമം കൂലി, ജോലി സമയം, ഓവര്‍ടൈം എന്നിവയില്‍ തുല്യത ആവശ്യപ്പട്ടുള്ള സമരം കേരളം കാത്തിരിക്കുന്നു. കോട്ടയത്ത് ഉഴവൂരില്‍ നടന്ന തുല്യ ജോലിക്ക് തുല്യ വേതന സമരം, കൊച്ചി മെട്രോ ജോലിക്കു കയറിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ദിവസേന 50 രൂപ ഈടാക്കിയിരുന്ന പ്രമുഖ ട്രേഡ് യുണിയനുകള്‍ക്കെതിരെ നടന്ന നിസ്സഹകരണ സമരം, അതിരമ്പുഴയില്‍ മേസ്തരിയുടെ മിനിമം കൂലി 1000 രൂപയാക്കണമെന്നാവശ്യപ്പെട്ട് നടന്ന 'തുല്യതാ സമരം' എന്നിവ അസംഘടിതരായി വിജയിപ്പിക്കാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് കഴിഞ്ഞുവെങ്കില്‍ സംഘടിത സ്വാഭാവത്തില്‍ അവര്‍ തൊഴില്‍ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ പ്രത്യാഘാതജനകമായിരിക്കും.
കുടിയേറ്റ തൊഴിലാളി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കുടിയേറ്റ തൊഴിലാളി യൂണിയന്‍നേതാക്കള്‍, എന്‍.ജി.ഒ പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ നയ രൂപീകരണത്തിലെ സുതാര്യത നഷ്ടപ്പെടുന്നു.
എന്തിനായിരുന്നു കോണ്‍ക്ലേവ്?
അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച സെൻറർ ഫോര്‍ ഡെവലപ്പ്‌മെൻറ് സ്റ്റഡീസിലെ മുന്‍ പ്രൊഫസര്‍ ഡോ. ഇരുദയരാജന്‍, കുടിയേറ്റ തൊഴിലാളികള്‍ എങ്ങനെ കേരളത്തിലേക്കെത്തുന്നു എന്ന പഠനങ്ങൾ നടത്തിയ ഡോ. ബിനോയ് പീറ്റര്‍, ആദ്യമായി കേരളത്തില്‍ ട്രെയ്ന്‍ സര്‍വേയിലൂടെ കുടിയേറ്റ തൊഴിലാളികളുടെ കണക്കവതരിപ്പിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്റ്റര്‍ ഡോ. ഡി നാരായണ, അര്‍ബന്‍ മൈഗ്രേഷനെ കുറിച്ച് പഠനം നടത്തിയ കേരള പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് പഠനം നടത്തുന്ന ഡോ. എം.വി. ബിജുലാല്‍ എന്നിവര്‍ കുടിയേറ്റ തൊഴിലാളികളുടെ നവ നയരൂപീകരണത്തിന് ഗുണകരമാകും വിധം ഇടപെടലുകള്‍ നടത്തുമെന്ന ശുഭാപ്തിവിശ്വാസമുണ്ടായിരിക്കെ തന്നെ, കോണ്‍ക്ലേവില്‍ ഒഴിവാക്കപ്പെട്ടവരുടെ ശബ്ദത്തെ നയരൂപീകരണം എങ്ങനെ സ്വീകരിക്കും എന്ന ചോദ്യവും ഉണ്ടാകുന്നു.
കുടിയേറ്റ തൊഴിലാളി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, കുടിയേറ്റ തൊഴിലാളി യൂണിയന്‍നേതാക്കള്‍, എന്‍.ജി.ഒ പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരെ ഒഴിവാക്കിയതിലൂടെ നയ രൂപീകരണത്തിലെ സുതാര്യത നഷ്ടപ്പെടുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിഗണന കോണ്‍ക്ലേവില്‍ ലഭിച്ചട്ടില്ല എന്ന് വ്യക്തമാണ്. കോണ്‍ക്ലേവിന്റെ അന്തിമ റിപ്പോര്‍ട്ടുവരെ ശുഭപ്രതീക്ഷയിലമര്‍ന്നിരിക്കാം.
അവകാശ നിഷേധങ്ങൾ
കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ സംഘടിത മനോഭാവത്തിലേക്കെത്തുന്നതായി സൂചിപ്പിക്കുന്ന നിരവധി സമരങ്ങള്‍ നമുക്കു മുന്നിലുണ്ട്. കോവിഡ് സമയത്ത് ട്രെയിന്‍ കിട്ടാത്തതിന് കോട്ടയത്തും ആലുവയിലും മലപ്പുറത്തും വാട്സ്ആപ്പിലൂടെ സംഘടിച്ചെത്തിയവരെ നിയന്ത്രിക്കാന്‍ കേരളത്തിനായില്ല. പൊതുസമൂഹത്തിനുള്ള അവകാശങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും ലഭിക്കേണ്ടതുണ്ട്.
ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി പാതി നിലച്ച രീതിയിലാണ്. മൈഗ്രൻറ് വെല്‍ഫെയര്‍സ്‌കീമിനെ കുറിച്ച് പകുതിയിലധികം കുടിയേറ്റ തൊഴിലാളികള്‍ ബോധവാന്മാരല്ല. അപ്ന ഘര്‍ പദ്ധതി വ്യവസായ മേഖലയിലെ കുടിയേറ്റ തൊഴിലാളികളില്‍ ചുരുക്കപ്പെടുന്നു. പൊതുജനാരോഗ്യ സംവിധാനം സുതാര്യമാക്കണം. ജനങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നതുപോലെ കുടിയേറ്റ തൊഴിലാളികളിലും അവ രൂപപ്പെടുത്തണം. ‘അതിഥി’യെ അടിച്ചു കൊല്ലുന്ന രീതിയും ആള്‍ക്കൂട്ട വിചാരണയും ദുർബലർക്കുമുന്നില്‍ ആവര്‍ത്തിക്കപ്പെടുന്നു. ആദിവാസികള്‍ അതിന് ഉത്തമ ഉദാഹരണമാണ്. ആദിവാസികള്‍ കഴിഞ്ഞാല്‍ ‘ഭീഷണി’ നേരിടുന്ന ജനവിഭാഗമായിരിക്കുന്നു കുടിയേറ്റ തൊഴിലാളികള്‍.
ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കേണ്ടതും തുല്യ തൊഴിലിന് തുല്യവേതനം നല്‍കേണ്ടതും ഒരു രാജ്യത്ത് രണ്ടു തരം പൗരരെ സൃഷ്ടിക്കാതിരിക്കേണ്ടതും സാമൂഹിക- ആരോഗ്യ സുരക്ഷ നല്‍കേണ്ടതും ജനകീയ ഗവൺമെൻറിന്റെ ഉത്തരവാദിത്വമാണ്. അത്തരം ഉത്തരവാദിത്വങ്ങൾ കൂടി ഉൾക്കൊള്ളുന്ന നയരൂപീകരണത്തിലേക്ക് കോൺക്ലേവ് എത്തുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.