പി. കൃഷ്ണപ്രസാദ്‌ / Photo: Muhammed Hanan

യുവാക്കൾ തിരിച്ചറിയുന്നു, ഇത്​ ഞങ്ങളെ
​വലിച്ചെറിയാനുള്ള പദ്ധതിയാണ്

ഈ ചെറുത്തുനിൽപ്പുസമരങ്ങളെ ബദൽനയങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളായി വികസിപ്പിച്ചെടുക്കുക എന്നതാണ് ഇടതുപക്ഷ ഐക്യത്തിലൂടെയും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യത്തിലൂടെയും ദേശീയ രാഷ്ട്രീയത്തിൽ നിർവഹിക്കാനുള്ള കടമ. ആ കടമ ഏറ്റെടുത്തുകൊണ്ടേ കേരളത്തിലെ ഇടതുപക്ഷത്തിനുപോലും സ്വയം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ മാത്രമായി കേരളത്തിലെ ഇടതുപക്ഷത്തിന് നിൽക്കാൻ കഴിയില്ല.

കെ. കണ്ണൻ: ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുകയാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഇക്കണോമിയുടെ പുതിയ കണക്കനുസരിച്ച്, 7.4 ശതമാനം. ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയുള്ള ബീഹറിലാകട്ടെ, ഇത് 17.7 ശതമാനമാണ്. അതായത്, അവിടെ 19 വയസ്സുവരെയുള്ള തൊഴിലന്വേഷകരിൽ 73 ശതമാനത്തിനും ജോലി ലഭിക്കുന്നില്ല. ഇത്തരമൊരു സാഹചര്യം കൂടി, അഗ്‌നിപഥ്​ പദ്ധതിക്കെതിരായ സമരത്തിൽ പ്രതിഫലിക്കുന്നുണ്ട്. രാജ്യത്തെ 44 തൊഴിൽ നിയമങ്ങൾ നാല് കോഡുകളിലേക്ക് ചുരുക്കുന്ന ലേബർ കോഡ് അടക്കമുള്ള തൊഴിലാളിവിരുദ്ധ നടപടികളുടെ ഒരു പ്രതിഫലനം കൂടി ഇപ്പോഴത്തെ കേന്ദ്ര സർക്കാർ സമീപനങ്ങളിൽ കാണാം. സമീപകാലത്ത് ഇന്ത്യയിൽ തൊഴിലില്ലായ്മയും തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഇത്ര രൂക്ഷമാകാനുള്ള കാരണം എന്താണ്?

പി. കൃഷ്​ണപ്രസാദ്​: ഇന്ത്യ എന്നുപറയുന്നത് ഒറ്റപ്പെട്ടുനിൽക്കുന്ന സമ്പദ്ഘടനയല്ല, ലോക സമ്പദ്ഘടനയുടെ ഭാഗമാണ്. ലോക മുതലാളിത്ത രാജ്യങ്ങളാകെ ഇന്ന് വലിയരൂപത്തിലുള്ള വ്യവസ്ഥാ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 1930കളിലെ ഗ്രേറ്റ് ഡിപ്രഷനേക്കാൾ കൂടുതൽ പ്രത്യാഘാതമുണ്ടാക്കുന്ന വ്യവസ്ഥാപ്രതിസന്ധിയാണിത്​. 2008-ൽ അമേരിക്കയിലെ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമെല്ലാം തകർന്നതിനെ തുടർന്ന് പ്രത്യക്ഷപ്പെട്ടതും ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നതുമായ ഒന്ന്​ എന്നാണ്​, ഇന്ന് ലോകത്തെ മുതലാളിത്ത സാമ്പത്തിക വിദഗ്ധരുൾപ്പെടെ അംഗീകരിക്കുന്നത്. 1930കളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അന്നത്തെ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോളനിവ്യവസ്ഥ തകർന്നുപോയി. ഇന്ത്യ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് പുറത്തുവന്നു. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും നിരവധി രാജ്യങ്ങൾ സ്വതന്ത്രമായി. ഇതാണ് ലോക സാമ്പത്തിക പ്രതിസന്ധി വ്യവസ്ഥാ പ്രതിസന്ധിയായി വരുമ്പോഴുണ്ടാകുന്നത്. അതായത് ആ വ്യവസ്ഥാപ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ സാധാരണഗതിയിൽ മുതലാളിത്തത്തിന് കഴിയില്ല.

ലോകമാകെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണ്, ആ പ്രതിസന്ധിയുടെ ഭാഗമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയും തൊഴിൽസ്ഥിരതയുടെമേൽ ഉയർന്നിരിക്കുന്ന ഭീഷണികളും.

പക്ഷെ വ്യവസ്ഥാ പ്രതിസന്ധിയിലകപ്പെട്ടതുകൊണ്ടുമാത്രം മുതലാളിത്തം തകരില്ല. പകരം അതിനെ തകർക്കണം. അതിനെ തകർക്കാൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ലോകത്താകെ മുതലാളിത്ത വ്യവസ്​ഥക്ക്​ബദൽ നയങ്ങളുമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ട് വരേണ്ടതുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മയും തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള വർധിച്ച ആശങ്ക ഉയർത്തുന്ന സാഹചര്യങ്ങളുമെല്ലാം ഒരുപക്ഷെ നവ ഉദാരവത്കരണ നയങ്ങളെ പിന്തുണയ്ക്കുന്ന ബി.ജെ.പി.യ്ക്കും കോൺഗ്രസിനുമൊക്കെ വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. ഇത്രയും വലിയ ഒരു പ്രതിസന്ധിയിലേക്ക് രാജ്യം പോകുന്നു അല്ലെങ്കിൽ ലോകം പോകുന്നു എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ് അവർ. എന്നാൽ, യാഥാർഥ്യം ഇതാണ്, ലോകമാകെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണ്, ആ പ്രതിസന്ധിയുടെ ഭാഗമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയും തൊഴിൽസ്ഥിരതയുടെമേൽ ഉയർന്നിരിക്കുന്ന ഭീഷണികളും.

2019-ലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന ബാംഗ്ലൂരിൽ നിന്നുള്ള തൊഴിലാളികൾ. 'വ്യവസ്ഥാ പ്രതിസന്ധിയിലകപ്പെട്ടതുകൊണ്ടുമാത്രം മുതലാളിത്തം തകരില്ല. പകരം അതിനെ തകർക്കണം. അതിനെ തകർക്കാൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ലോകത്താകെ മുതലാളിത്ത വ്യവസ്​ഥക്ക്​ബദൽ നയങ്ങളുമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ട് വരേണ്ടതുണ്ട്.'
2019-ലെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന ബാംഗ്ലൂരിൽ നിന്നുള്ള തൊഴിലാളികൾ. 'വ്യവസ്ഥാ പ്രതിസന്ധിയിലകപ്പെട്ടതുകൊണ്ടുമാത്രം മുതലാളിത്തം തകരില്ല. പകരം അതിനെ തകർക്കണം. അതിനെ തകർക്കാൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ലോകത്താകെ മുതലാളിത്ത വ്യവസ്​ഥക്ക്​ബദൽ നയങ്ങളുമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ട് വരേണ്ടതുണ്ട്.'

ലേബർ കോഡിനെക്കുറിച്ച് പറഞ്ഞു. 150 വർഷം മുമ്പ് ചിക്കാഗോയിലെ സമരങ്ങളിൽ ഉയർന്നുവന്ന ഒരു മുദ്രാവാക്യമുണ്ട്​- തൊഴിലാളികൾക്ക് എട്ട് മണിക്കൂർ അധ്വാനം, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം. ഇതൊരു അവകാശമായി ലോകത്തെങ്ങും, ഇന്ത്യയിലും നേടിയെടുത്തതാണ്. ഈ അവകാശത്തെയാണ് ബി.ജെ.പി ഗവൺമെൻറ്​ ഇല്ലാതാക്കിയത്. സത്യത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന ബി.എം.എസ്​ ആണ്​. പക്ഷെ, ബി.എം.എസ് ഈ തൊഴിലാളി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ തയ്യാറാകുന്നില്ല. തൊഴിലാളികൾക്കെതിരെ കടന്നാക്രമണം നടത്തിയിട്ടും അവർക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.

കർഷകർക്ക്​ ന്യായമായ വരുമാനം വിലയിലൂടെയാണ് കിട്ടേണ്ടത്. ആ വില നിഷേധിക്കുകയും കോർപറേറ്റുകൾക്ക് കാർഷികമേഖല പൂർണമായി വിട്ടുകൊടുക്കുകയും ചെയ്യുന്ന നിയമങ്ങളുമായി മോദി സർക്കാർ വന്നപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ച, സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭം നമ്മൾ കണ്ടതാണ്. ആ പ്രക്ഷോഭം തുടരുകയാണ്. കാരണം, മിനിമം സപ്പോർട്ട് പ്രൈസിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലേബർ കോഡ് പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് കർഷക സംഘടനകളുടെ പിന്തുണയുണ്ട്.

രാജ്യസുരക്ഷയെ സംബന്ധിച്ച് പ്രൊഫഷണലായ ഒരു സേനയുടെ പ്രധാന്യത്തെക്കുറിച്ച് പറയുന്നവർ ഇത്രയും വലിയ രൂപത്തിൽ അതിനെ കരാർവത്കരിക്കുകയും കാഷ്വലൈസേഷൻ എന്ന രൂപത്തിലേക്ക്​ മാറ്റുകയും ചെയ്യുന്നത്​ രാജ്യത്തോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ്

ഇപ്പോൾ തൊഴിലാളികളോടും കർഷകരോടുമൊപ്പം യുവജനങ്ങളും അണിനിരക്കേണ്ടിവരികയാണ്. എല്ലാ വിഭാഗം ജനങ്ങളും, ഈ മുതലാളിത്ത പ്രതിസന്ധിയിൽ, തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന്​തിരിച്ചറിഞ്ഞ് പ്രക്ഷോഭരംഗത്തേക്ക് കടന്നുവരാൻ നിർബന്ധിതരാവുകയാണ്. ഈ നയങ്ങൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തുന്നതിനുപകരം പ്രതിസന്ധിയിലകപ്പെട്ട സാമ്രാജ്യത്വശക്തികളെ, അതിന് നേതൃത്വം വഹിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തെ പൂർണമായും പിന്തുണക്കുന്ന ദേശദ്രോഹ സമീപനമാണ് നരേന്ദ്രമോദി സർക്കാരും അതിന് നേതൃത്വം കൊടുക്കുന്ന ആർ.എസ്.എസും എടുക്കുന്നത്. ഈ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് പോകുന്നത് എന്നാണ് വിലയിരുത്താനാവുക.

അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട രീതിയെയും പ്രതിഷേധക്കാരുടെ ക്ലാസ് റെപ്രേെസന്റഷനെയും കർഷക സമരവുമായി ബന്ധിപ്പിക്കുന്ന ചില നിരീക്ഷണങ്ങളുമുണ്ടായി. അഗ്‌നിപഥ് പ്രതിഷേധക്കാരുടെ ക്ലാസ് ബേസ് യഥാർഥത്തിൽ എന്താണ്? ഈ പ്രതിഷേധം, രാജ്യത്തെ യഥാർഥ തൊഴിൽരഹിതരുടെ കൃത്യമായ പ്രതിനിധാനമാണോ? രാജ്യത്തെ തൊഴിൽവിപണിയും ജാതിയും തമ്മിൽ നേരിട്ടുതന്നെ ബന്ധമുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും ഈ വിഷയം പ്രധാനമാണെന്നുതോന്നുന്നു.

അഗ്നിപഥ് പദ്ധതി യഥാർഥത്തിൽ നിയോലിബറൽ നയങ്ങളുടെ സൈന്യത്തിലേക്കുള്ള എക്‌സ്റ്റൻഷനാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയിൽ നിർണായക പങ്കുവഹിക്കേണ്ട ഒരു ഘടകമാണ് ഇന്ത്യൻ സൈന്യം. ആ സൈന്യത്തെ പോലും കരാർവത്കരിക്കുകയാണ്. നാലുവർഷത്തേക്ക് ജോലിചെയ്യുന്ന, ആറുമാസം മാത്രം ട്രെയിനിങ് കിട്ടിയ, 50 ശതമാനം വരുന്ന അഗ്നിവീരൻമാർ എന്ന് പേരിട്ട് വിളിക്കുന്നവരാണ് ഇന്ത്യയിലെ പട്ടാളത്തെ ഇനി പ്രതിനിധാനം ചെയ്യാൻ പോകുന്നത് എന്നാണ് ഇവർ പറയുന്നത്. രാജ്യസുരക്ഷയെ സംബന്ധിച്ച് പ്രൊഫഷണലായ ഒരു സേനയുടെ പ്രധാന്യത്തെക്കുറിച്ച് പറയുന്നവർ ഇത്രയും വലിയ രൂപത്തിൽ അതിനെ കരാർവത്കരിക്കുകയും കാഷ്വലൈസേഷൻ എന്ന രൂപത്തിലേക്ക്​ മാറ്റുകയും ചെയ്യുന്നത്​ രാജ്യത്തോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ്, ദേശീയസുരക്ഷയെ തന്നെ അപകടപ്പെടുത്തലാണ് എന്നത്​ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യസഭാ എം.പി. എ.എ. റഹിം ഉൾപ്പടെ, ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുന്നു. / Photo: CPIM, Fb
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യസഭാ എം.പി. എ.എ. റഹിം ഉൾപ്പടെ, ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുന്നു. / Photo: CPIM, Fb

നാലുവർഷത്തെ പരിശീലനം തന്നെ​, പ്രതിരോധ മേഖലയ്ക്ക് പണം കൊടുക്കാൻ കഴിയില്ല, അത്രയും സാമ്പത്തിക പ്രതിസന്ധിയിലാണ് യൂണിയൻ സർക്കാർ എന്ന് സ്വയം സമ്മതിക്കലാണ്. എല്ലാ മേഖലയിലും പണം കണ്ടെത്താൻ കഴിയാതെ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുമ്പോഴും സമ്പന്ന വിഭാഗങ്ങളെ, പ്രത്യേകിച്ച് കോർപറേറ്റ് വിഭാഗങ്ങളെ ടാക്‌സ് ചെയ്യാൻ തയ്യാറാകുന്നില്ല. പകരം, അവർക്ക് ടാക്‌സ് ഇളവ് കൊടുക്കുകയാണ് ചെയ്യുന്നത്. പെട്രോൾ- ഡീസൽ എന്നിവയുടെയും വൈദ്യുതി, ഗ്യാസ്, റെയിൽവേ ടിക്കറ്റ് തുടങ്ങിയ സേവനങ്ങളുടെയും വില വർധിപ്പിച്ച് പരോക്ഷനികുതിയിലൂടെ സാധാരണക്കാരുടെ പോക്കറ്റിൽ നിന്ന് പണം സമാഹരിക്കുക എന്നതാണ്​ കേന്ദ്ര സർക്കാർ സമീപനം. എന്നിട്ടും അവർക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല.
ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന, അതായത്, ഓരോവർഷവും 60,000 നിയമനം നടത്തുന്ന വലിയ സ്ഥാപനമായ ഇന്ത്യൻ പട്ടാളത്തിലേക്ക്​ നിയമനം കാത്തുനിൽക്കുന്ന നിരവധി വിഭാഗങ്ങൾ ഹിമാചൽപ്രദേശിലും ബിഹാറിലും ഹരിയാനയാനയിലും ഉത്തർപ്രദേശിലും രാജസ്ഥാനിലുമൊക്കെയുണ്ട്​. അത്തരം വിഭാഗങ്ങളെയെല്ലാം കടുത്ത നിരാശയിലേക്ക് കൊണ്ടുപോവുകയാണ് ഈ തീരുമാനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് ഒരു യുവാവിനെയും ആകർഷിക്കുന്നില്ലെന്നുമാത്രമല്ല, യുവാക്കളുടെ ജീവിതസ്വപ്‌നങ്ങളെയും രാജ്യസുരക്ഷയെത്തന്നെയും ചവിട്ടിയരയ്ക്കുന്ന സമീപനമാണ് എന്ന തിരിച്ചറിവ് ഈ വിഭാഗങ്ങളിലുണ്ടാവുകയാണ്​.

അത്യാവശ്യം പ്രാഥമിക വിദ്യാഭ്യാസം നേടി, പട്ടാളത്തിന്റെയൊക്കെ ഭാഗമായി ജീവിച്ച്​, സ്ഥിരമായി പട്ടാളത്തിലേക്കുതന്നെ പോകുന്നവരുള്ള എത്രയോ ഗ്രാമങ്ങളുണ്ട് രാജ്യത്ത്​. അവരെല്ലാം കാർഷികമേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ്.

എന്താണ്​ ഇവരുടെ ക്ലാസ് ബേസ്? ഇന്ത്യയിൽ ഇപ്പോഴും കാർഷികമേഖലയ്ക്ക് പ്രാധാന്യമുള്ള സമ്പദ്ഘടനയാണ്. കാർഷികമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ വൻതോതിൽ പാപ്പരീകരണം നേരിടുന്ന സന്ദർഭത്തിൽ അവരിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറ്റ തൊഴിലാളികളായി തൊഴിൽതേടി നഗരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. അത്യാവശ്യം പ്രാഥമിക വിദ്യാഭ്യാസം നേടി, പട്ടാളത്തിന്റെയൊക്കെ ഭാഗമായി ജീവിച്ച്​, സ്ഥിരമായി പട്ടാളത്തിലേക്കുതന്നെ പോകുന്നവരുള്ള എത്രയോ ഗ്രാമങ്ങളുണ്ട് രാജ്യത്ത്​. അവരെല്ലാം കാർഷികമേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ്. കാർഷികമേഖലയിൽ തൊഴിലും വരുമാനവും കുറയുമ്പോൾ അവർക്ക് പകരം ആശ്രയിക്കാവുന്ന ഒന്ന് ഇല്ലാതാകുന്നു എന്നതുതന്നെയാണ് ഈ പ്രശ്​നത്തിന്റെ അടിസ്​ഥാനം. അതുകൊണ്ട്, കാർഷിക മേഖലയെ അടിത്തറയാക്കി നിൽക്കുന്ന വിഭാഗങ്ങളിലെ ചെറുപ്പക്കാരാണ് ഗ്രാമങ്ങളിൽ അഗ്​നിപഥ്​ പ്രക്ഷോഭത്തിലേക്കുവരുന്നത്. മറ്റു നഗരമേഖലകളിലെ തൊഴിലില്ലാത്ത വിഭാഗങ്ങളും ഈ സമരത്തിലുണ്ട്.

Photo : Muhammed Hanan Ak
Photo : Muhammed Hanan Ak

ഈ സമരം പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന ഒന്ന്​ എന്ന രൂപത്തിലാണ് ഇപ്പോൾ രൂപപ്പെട്ടുവന്നിട്ടുള്ളത്. മുൻകൂട്ടി ആലോചിച്ച് രൂപപ്പെടുത്തിയെടുത്ത സമരമാണെന്ന് പറയാൻ കഴിയില്ല. നിലവിലുള്ള സാഹചര്യത്തിനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് സമരം വന്നിട്ടുള്ളത്. അതിന് അതിന്റേതായ പരിമിതികളുണ്ടാകും. പക്ഷെ ആ സമരം ചൂണ്ടിക്കാണിക്കുന്നത്, തൊഴിലില്ലായ്മ ഇന്ത്യൻ സമ്പദ്ഘടനയിൽ എത്ര രൂക്ഷമായിരിക്കുന്നു എന്നാണ്​, തൊഴിൽ കിട്ടാനുള്ള അവസരം നിഷേധിക്കപ്പെടുക എന്നത് തൊഴിലില്ലാത്ത വലിയ വിഭാഗം ജനങ്ങളെ എത്ര പ്രകോപിപ്പിക്കുന്നു എന്നതാണ്.

നാലുവർഷത്തിനുശേഷം അഗ്‌നിപഥ് പദ്ധതിയിൽനിന്ന് പുറത്താക്കപ്പെടുന്ന ‘അഗ്‌നിവീരന്മാർ', ബി.ജെ.പി ഭരണകൂടം മുന്നോട്ടുവക്കുന്ന ഹിംസാത്മക ദേശീയതയുടെ കുറുവടിയേന്തിയ സൈനികശകതിയായി മാറാനുള്ള സാധ്യതയും പങ്കുവെക്കപ്പെടുന്നുണ്ട്. ഇതിനുള്ള സാധ്യത എത്രത്തോളമാണ്?

‘അഗ്നിവീരൻമാർ’ എന്നുപറയുന്നവർ നാലുവർഷത്തെ പരിശീലനം കിട്ടി പത്തോ പന്ത്രണ്ടോ ലക്ഷം രൂപയുമായി തിരിച്ച് ഗ്രാമങ്ങളിലേക്ക് വരുന്നവരാണ്​. ഇന്ന് പത്തോ പന്ത്രണ്ടോ ലക്ഷം രൂപ എന്നത് ഒരു ജീവിതം സുരക്ഷിതമാക്കാനുള്ള ന്യായമായൊരു തുകയാണെന്ന്​ പറയാൻ കഴയില്ല. അത്രയും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്കാണ് രാജ്യം പോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം അതിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ, കൃത്യമായ ഒരു രാഷ്ട്രീയ അജണ്ട ആർ.എസ്.എസ്. മുന്നോട്ടുവെക്കുന്നു എന്നത്​ വ്യക്തമാണ്.

അങ്ങേയറ്റം വർഗീയവാദ നിലപാടെടുക്കുന്നവർക്കുപോലും ഇത്രയും വൈവിധ്യമാർന്ന ഒരു രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുക എന്നത് നടപ്പിലാക്കാൻ പ്രയാസമാണെന്ന് സാധാരണഗതിയിൽ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

സവർക്കർ മുന്നോട്ടുവച്ച, ‘ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഹിന്ദുക്കളെ ഹിന്ദുത്വവത്കരിക്കുകയും സേനാവത്കരിക്കുകയും ചെയ്യുക എന്ന നയമാണ് അവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പക്ഷെ അത്തരം ഒരു നയത്തിലൂടെ പിടിച്ചുവെക്കാൻ കഴിയുന്നതല്ല ഇന്ത്യയെപ്പോലെ ബൃഹത്തായ ഒരു രാജ്യത്തെ ഉത്പാദകശക്തികളെ എന്നവർ തിരിച്ചറിയേണ്ടതുണ്ട്. പഴയ ഹിന്ദുരാഷ്ട്രം എന്ന കാഴ്ചപ്പാട് ഇന്ത്യയിലെ രാഷ്​ട്രീയ സാഹചര്യത്തിലും ഉത്പാദകശക്തികളുടെ വളർച്ചയുടെ പശ്ചാത്തലത്തിലും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. അങ്ങേയറ്റം വർഗീയവാദ നിലപാടെടുക്കുന്നവർക്കുപോലും ഇത്രയും വൈവിധ്യമാർന്ന ഒരു രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുക എന്നത് നടപ്പിലാക്കാൻ പ്രയാസമാണെന്ന് സാധാരണഗതിയിൽ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

അഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധം / Photo: Agasthya Surya
അഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധം / Photo: Agasthya Surya

ഭരണകക്ഷി എന്ന നിലയ്ക്ക് ഹിന്ദുരാഷ്ട്രം എന്ന സങ്കൽപവുമായി ബന്ധപ്പെട്ട്​, രാജ്യത്തിന്റെ ഐക്യം തകർക്കുന്ന, വിവിധ വിശ്വാസങ്ങളുള്ളവരെ ശത്രുക്കളാക്കി മാറ്റുന്ന ഒരു രാഷ്ട്രീയപദ്ധതിയുമായി അവർ പ്രചാരണം നടത്തുന്നുണ്ട്​. എ ന്നാൽ, യഥാർഥത്തിൽ ജനം അഭിമുഖീകരിക്കുന്ന വർഗപരമായ പ്രശ്‌നങ്ങൾ- തൊഴിലില്ലായ്മ, ഉത്പന്നങ്ങൾക്ക്​ വില കിട്ടാത്തത്, ന്യായമായ മിനിമം കൂലി ലഭിക്കാത്തത്, പെൻഷൻ ലഭിക്കാത്തത്, വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ലഭിക്കാത്തത്, പൊതുവിതരണ സമ്പ്രദായം ഇല്ലാതാകുന്നത്, വിലക്കയറ്റം​- തുടങ്ങി ജീവിതപ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുന്നോട്ടുവരുമ്പോൾ വർഗീയതയല്ല പ്രധാനം മറിച്ച് വർഗപരമായ ഇത്തരം പ്രശ്‌നങ്ങൾ തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് അവരെത്തും എന്നത് വളരെ വ്യക്തമാണ്. ഈ പ്രശ്​നങ്ങൾ മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള യഥാർഥ ബദൽനയത്തിലേക്ക് പോകാൻ തയ്യാറാവാത്തതുകൊണ്ട്, കോർപറേറ്റുകൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ തയ്യാറാകാത്തതുകൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കാൻ, പൂർണമായും തീവ്ര ഹിന്ദുത്വവർഗീയതയുടേതായ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഗ്നിപഥ് എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്. അതിന്റെ ഗുണം കിട്ടുമെന്ന് അവർ പറയുന്ന ചെറുപ്പക്കാർക്കുപോലും ഇത് തങ്ങളെ തകർക്കാനുള്ളതാണ് എന്ന്​ തിരിച്ചറിയാൻ കഴിയുന്നുണ്ട്​. തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുന്നതിനും പകരം നാലുവർഷത്തേക്ക് വളരെ നിസാരമായ ആനുകൂല്യങ്ങൾ നൽകി പിന്നീട് ജീവിതപ്രതിസന്ധിയുടെ നടുക്കയത്തിലേക്ക് വലിച്ചെറിയുന്ന പദ്ധതിയാണിതെന്ന്​ യുവാക്കൾക്ക്​തിരിച്ചറിയാൻ കഴിയുന്നുണ്ട്.

വർഗപരമായ വിഷയങ്ങൾ ഉന്നയിച്ച്​ ജനങ്ങൾ ഒരുമിച്ച് മുന്നോട്ടുവന്നാൽ എത്ര ശക്തനായ ഭരണാധികാരിയും നിസഹായനാവുകയാണ് ചെയ്യുക എന്നും പട്ടാളത്തിനെയോ പൊലീസിനെയോ ഉപയോഗിച്ച്​ ഭരണത്തെ സംരക്ഷിക്കാൻ കഴിയില്ല

രാഷ്ട്രീയപ്രശ്‌നത്തിന് സൈനികപരിഹാരം എന്നൊരു ബൈനറിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയും അതിന് പൊതുസമ്മിതി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന തന്ത്രം, മിലിറ്ററി നവീകരണം എന്നൊക്കെയുള്ള നയനിലപാടുകൾ മുന്നോട്ടുവച്ച് പയറ്റുന്നുണ്ട്, നരേന്ദ്രമോദി സർക്കാർ. സമീപകാലത്ത്, കർഷക സമരത്തിലൂടെ ഇതിന് വലിയൊരു തിരിച്ചടി സംഭവിച്ചുവെങ്കിലും അതൊരു പാഠമായി കേന്ദ്രം ഉൾക്കൊണ്ടിട്ടില്ല എന്നല്ലേ ഇപ്പോഴത്തെ പ്രശ്‌നങ്ങളും കാണിക്കുന്നത്?

കർഷകസമരം യഥാർഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് പൂർണമായും നവജീവൻ കൊടുത്ത രാഷ്ട്രീയ പ്രതിഭാസമാണ്. ഇന്ത്യൻ ജനാധിപത്യം നിലനിൽക്കില്ല എന്ന് ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ ആ സംശയം പൂർണമായും അസ്ഥാനത്താണെന്ന് തെളിയിക്കപ്പെട്ടു. മാത്രമല്ല, വർഗപരമായ വിഷയങ്ങൾ ഉന്നയിച്ച്​ ജനങ്ങൾ ഒരുമിച്ച് മുന്നോട്ടുവന്നാൽ എത്ര ശക്തനായ ഭരണാധികാരിയും നിസഹായനാവുകയാണ് ചെയ്യുക എന്നും പട്ടാളത്തിനെയോ പൊലീസിനെയോ ഉപയോഗിച്ച്​ ഭരണത്തെ സംരക്ഷിക്കാൻ കഴിയില്ല എന്നും​ തെളിയിച്ച ഒരു വലിയ പരീക്ഷണമാണ് കർഷകരുടെ നേതൃത്വത്തിൽ നടന്നത്. ഏതൊരു രാഷ്​ട്രീയപ്രശ്‌നത്തിനും പരിഹാരം രാഷ്ട്രീയമായിട്ടേ സാധിക്കൂ, സാങ്കേതികമായി സാധിക്കില്ല. ഇന്ത്യ ഇന്ന് നേരിടുന്ന എല്ലാ രാഷ്ട്രീയപ്രശ്‌നങ്ങളും- അതിലേറ്റവും പ്രധാനം കാർഷിക പ്രശ്‌നമാണ്- ബദൽനയം നടപ്പിലാക്കിക്കൊണ്ടല്ലാതെ അവ പരിഹരിക്കാൻ സാധിക്കില്ല. പട്ടാളത്തെ ഉപയോഗിച്ചോ അല്ലെങ്കിൽ ആർ.എസ്.എസിനെപ്പോലെയുള്ള അർധ സൈനിക വിഭാഗത്തിന്റെ ശക്തി ഉപയോഗിച്ചോ അടിച്ചമർത്താൻ കഴിയും, അല്ലെങ്കിൽ വർഗീയ കലാപങ്ങൾ വ്യാപകമായി ഇളക്കിവിട്ട് അടിച്ചമർത്താൻ കഴിയും എന്ന തെറ്റിദ്ധാരണയാണ് ഇത്തരം നീക്കങ്ങൾക്ക് കാരണം.

ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കെതിരെ അക്രമാസക്തമായ ‘ബുൾഡോസർ രാജ്', ഒരു ഭരണരീതിയായി മാറുകയാണ് ഇന്ത്യയിൽ. ഇതിനെതിരായ ചെറുത്തുനിൽപ് എങ്ങനെയാണ് സാധ്യമാകുക? വൃന്ദ കാരാട്ട് ഉയർത്തിയതുപോലുള്ള ചെറുത്തുനിൽപുകൾ മതിയാകുമോ ഇതിനെ നേരിടാൻ?.

ബ്യൂറോക്രാറ്റിക് സിസ്റ്റത്തെയും അതിന്റെ ഭാഗമായ പട്ടാളം, പൊലീസ് തുടങ്ങിയ മർദന സംവിധാനങ്ങളെയും ആശ്രയിച്ച്​ ഏതൊരു പ്രതിഷേധത്തെയും പേടിപ്പിച്ച് ഇല്ലാതാക്കിക്കളയാം എന്നത് തെറ്റിദ്ധാരണയാണ്. ആ തെറ്റിദ്ധാരണയുമായി അവർ മുന്നോട്ടുപോകുമ്പോൾ ജനാധിപത്യത്തെക്കുറിച്ച്​ അടിസ്ഥാന കാഴ്ചപ്പാടുള്ള ജനവിഭാഗങ്ങൾക്ക്​ അംഗീകരിക്കാൻ കഴിയില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷക്കപ്പെടരുത് എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ പാഠമാണ്. ആ രൂപത്തിൽ ജനാധിപത്യ സങ്കൽപങ്ങളെക്കുറിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ജീവിതത്തിലൂടെ അത് പരിശീലിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന എല്ലാ ജാതി- മത വിഭാഗങ്ങളിലും വർഗവിഭാഗങ്ങളിലുംപെട്ട സാധാരണക്കാരായ മനുഷ്യരുടെ മുന്നിൽ, ഈ ബുൾഡോസർ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം വൃത്തികെട്ട ഭരണരീതിയാണ്, അധികാരപ്രയോഗമാണ്. ഈ അധികാരപ്രയോഗത്തിലൂടെ നീതിനിഷേധമാണ് നടക്കുന്നത് എന്ന തിരിച്ചറിവിലേക്ക് ആളുകളുടെ ബോധത്തെ മാറ്റിയെടുക്കുക തന്നെയാണ് വേണ്ടത്.

ഇടതുപക്ഷം എന്നത് ഒരു രാഷ്​ട്രീയപാർട്ടിയാണ് അല്ലെങ്കിൽ എസ്.എഫ്.ഐയുടെയോ എ.ഐ.എസ്.എഫിന്റെയോ ഡി.വൈ.എഫ്.ഐ.യുടെയോ എ.വൈ.എഫിന്റെയോ ബാനറും കൊടിയും പിടിച്ചു നടക്കുന്ന കുറേ ചെറുപ്പക്കാരാണെന്ന് കരുതുന്നത് ശരിയല്ല.

നമ്മൾ പറയാറുണ്ട്, ഒരു ഏകാധിപതി ഉണ്ടാകുന്നതിനുകാരണം, ആ ഏകാധിപതിയുടെ മുന്നിൽ നിങ്ങൾ ഏകാധിപതിയാണ് എന്ന് പറയേണ്ടവർ ആരോണോ അവർ നിശ്ശബ്ദരാകുന്നതുകൊണ്ടാണ്​ എന്ന്​. അതുകൊണ്ട് മുഖത്തുനോക്കി കൈവിരൽ ചൂണ്ടി നിങ്ങളുടേത് ഏകാധിപത്യമാണ്, അത് ജനാധിപത്യത്തിന് അംഗീകരിക്കാവുന്നതല്ല എന്നുപറയാൻ ആളുകൾ തയ്യാറായാൽ അവരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അതിന് ആളുകളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന ഒരു കാര്യം സത്യത്തിൽ മരണഭീതിയാണ്. മരണഭീതിയാണ് ഏതൊരു മനുഷ്യനെയും അടിസ്ഥാനപരമായി ദുർബലപ്പെടുത്തുക. മരിച്ചുപോകുമോ, കൊന്നുകളയുമോ എന്ന പേടി. ജനിച്ചാൽ മരിക്കാതെ വയ്യല്ലോ. വൈരുദ്ധ്യാത്മകമായ പാഠമാണത്. നിങ്ങൾ എത്രത്തോളം എല്ലാത്തിൽ നിന്നും സ്വയം സംരക്ഷിക്കാൻ ശ്രമിച്ചാലും വഴിയിലൂടെ നടന്നുപോകുമ്പോൾ ബസിടിച്ച്​ മരിക്കാം, അല്ലെങ്കിൽ എല്ലാം മറന്ന് ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതത്താലും മരിക്കാം. മരണം എന്നത് ജീവിതത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞാൽ, മരണഭയത്തെ മറികടക്കാൻ കഴിഞ്ഞാൽ, അവർ മരണഭീതിക്ക് കീഴടങ്ങുകയില്ല. അങ്ങനെ മരണഭീതിയില്ലാത്ത മനസ്സുകളായി ഈ ജനാധിപത്യം മനുഷ്യരുടെ മനസ്സിനെ ശക്തിപ്പെടുത്തുക എന്നത് ആത്മനിഷ്​ഠമായി മാത്രം കൈവരിക്കാൻ കഴിയുന്ന കാര്യമല്ല. മറിച്ച്, വസ്തുനിഷ്​ഠമായും അതിശക്തമായ വർഗപരമായ ഇടപെടലുകളിലൂടെയും വർഗപരമായ സമരങ്ങളിലൂടെയും മാത്രമെ അതിനെ മറികടക്കാൻ സാധിക്കൂ. അങ്ങനെയുള്ള സമരങ്ങൾ ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. തൊഴിലാളികൾ ഉയർത്തിക്കൊണ്ടുവന്ന സമരങ്ങൾ, കർഷകർ നടത്തിയ ഉജ്വല പോരാട്ടം, ഇപ്പോൾ ചെറുപ്പക്കാർ നടത്തുന്ന സമരങ്ങൾ എന്നിവയെല്ലാം അതാണ്​ തെളിയിക്കുന്നത്.

ഡൽഹി ജഹാംഗിർപുരിയിലെ ജനവാസമേഖലയിൽ മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ ബുൾഡോസറിനുമുന്നിൽ നിന്ന്​ പ്രതിഷേധിക്കുന്ന​ ബൃന്ദ കാരാട്ട്‌ / Photo: CPIM, FB Page.
ഡൽഹി ജഹാംഗിർപുരിയിലെ ജനവാസമേഖലയിൽ മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ ബുൾഡോസറിനുമുന്നിൽ നിന്ന്​ പ്രതിഷേധിക്കുന്ന​ ബൃന്ദ കാരാട്ട്‌ / Photo: CPIM, FB Page.

നാളിതുവരെയുള്ള മനുഷ്യരുടെ ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്. അത് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ തുടങ്ങുമ്പോൾ തന്നെ മാർക്‌സും ഏംഗൽസും എഴുതിവച്ചതാണ്​. അത് മാറ്റമില്ലാത്ത സത്യമാണ്. അതുകൊണ്ടുതന്നെ ആ സത്യത്തിലൂടെ തന്നെ നമുക്കെല്ലാം കടന്നുപോകേണ്ടിവരും എന്നാണ് ഈ ബുൾഡോസറുകൾ തെളിയിക്കുന്നത്. ഈ ബുൾഡോസറുകൾക്കുമുന്നിൽ ബൃന്ദ കാരാട്ടിനെ പോലെയുള്ള ഒരു വ്യക്തി ചിറകെട്ടി തടയുന്നതുപോലെ നിന്നു, അതൊരു പ്രതീകമായി മാറി എന്നത് നിസ്സാര കാര്യമല്ല. തീർച്ചയായും വ്യക്തികൾക്ക് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ഡൽഹി പോലെയുള്ള ഒരു പ്രദേശത്ത് നടന്ന ആ ചെറുത്തുനിൽപ്പ്, എങ്ങനെയാണ് ഓരോരുത്തർക്കും ഈ രാഷ്ട്രീയസമൂഹത്തിൽ അവരുടേതായ പങ്ക് വഹിക്കാൻ കഴിയുക എന്നതിന്റെ ഒരു ഉദാഹരണമായി തന്നെ എല്ലാക്കാലത്തും ഉയർത്തിപ്പിടിക്കപ്പെടുകതന്നെ ചെയ്യും.

ഈ ചെറുത്തുനിൽപ്പുസമരങ്ങളെ ബദൽനയങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളായി വികസിപ്പിച്ചെടുക്കുക എന്നതാണ് ഇടതുപക്ഷ ഐക്യത്തിലൂടെയും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യത്തിലൂടെയും ദേശീയ രാഷ്ട്രീയത്തിൽ നിർവഹിക്കാനുള്ള കടമ.​

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇടതുപക്ഷമുണ്ട്, പ്രതിഷേധിക്കുന്ന യുവാക്കൾക്കൊപ്പം ഇടതുപക്ഷത്തെ കാണുന്നില്ലല്ലോ?

ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടതുപക്ഷം ശക്തമായ ഒരു സാന്നിധ്യം തന്നെയാണ്. ഇടതുപക്ഷം എന്നത് ഒരു രാഷ്​ട്രീയപാർട്ടിയാണ് അല്ലെങ്കിൽ എസ്.എഫ്.ഐയുടെയോ എ.ഐ.എസ്.എഫിന്റെയോ ഡി.വൈ.എഫ്.ഐ.യുടെയോ എ.വൈ.എഫിന്റെയോ ബാനറും കൊടിയും പിടിച്ചു നടക്കുന്ന കുറേ ചെറുപ്പക്കാരാണെന്ന് കരുതുന്നത് ശരിയല്ല. ഇടതുപക്ഷം എന്നത് ഇതിലെല്ലാമുള്ള വർഗപരമായ ഒരു കാഴ്ചപ്പാടാണ്. അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമാണ്​ ഇടതുപക്ഷം. ആ ഇടതുപക്ഷത്തിന്റെ വർഗപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ പ്രക്ഷോഭം ഉയർന്നുവന്നിട്ടുള്ളത്. അതോടൊപ്പം, സംഘടിത പ്രസ്ഥാനങ്ങളില്ല എന്നാണെങ്കിൽ അതും തെറ്റാണ് എന്ന് ഈ കാലഘട്ടത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും മാത്രമല്ല, കർഷക സംഘടനകളും തൊഴിലാളി സംഘടനകളുമടക്കം എല്ലാവരും പ്രക്ഷോഭരംഗത്തേക്ക് വന്നിട്ടുണ്ട് എന്നത് എല്ലായിടത്തും വിസിബിളാണ്.

ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്ത പ്രകടനത്തിൽ നിന്ന് / Photo : A A Rahim, fb page
ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്ത പ്രകടനത്തിൽ നിന്ന് / Photo : A A Rahim, fb page

ബീഹാർ, കിഴക്കൻ യു.പി, തെക്കൻ ഹരിയാന, രാജസ്ഥാൻ തുടങ്ങി അഗ്‌നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ മേഖലകൾ, ബി.ജെ.പിയുടെ ശകതികേന്ദ്രങ്ങളാണ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, സർക്കാറിനെതിരായ കൃത്യമായ ജനകീയനിലപാടുകളായി മാറാത്ത സ്ഥിതിവിശേഷം, കർഷക സമരത്തിലടക്കം കണ്ടതാണ്, പ്രത്യേകിച്ച്, തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിൽ. ഈ പ്രതിഷേധങ്ങളെയും ഒടുവിൽ കേന്ദ്രസർക്കാറിന് സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടോ?

ഒന്ന്, ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നത് വർഗപരമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. വർഗപരമായതും മൂർത്തമായതുമായ വിഷയങ്ങളാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്. അതിന് കൃത്യമായ രാഷ്ട്രീയ നിലപാടുണ്ട്, രാഷ്ട്രീയ ചേരിതിരിവുകളുണ്ട്. ആ രാഷ്ട്രീയ ചേരിതിരിവ് ഭരണവർഗത്തിനെതിരാണ്, ഭരണം നടത്തുന്ന ബി.ജെ.പി.യ്ക്ക് എതിരാണ്. കർഷകസമരം എന്നത്, ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ കൃത്യമായ ജനകീയനിലപാടുകളായി മാറിയിട്ടില്ല എന്നുപറയുന്നത് പകുതി വെന്ത ചിന്തയാണ്. അത് ശരിയായ കാഴ്ചപ്പാടല്ല. ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ചു എന്നത് ശരി, പക്ഷെ ബി.ജെ.പി. ഭരണവർഗപാർട്ടിയാണവിടെ. ഭരണവർഗപാർട്ടി അവിടെ വിജയിക്കുമ്പോഴും അവർക്ക് വലിയ രൂപത്തിൽ സീറ്റ്​കുറഞ്ഞിട്ടുണ്ട്. അവിടെയൊരു ധ്രുവീകരണം വന്നപ്പോൾ, സമാജ്​വാദി പാർട്ടിക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ 12 ശതമാനം വോട്ട് കൂടുതൽ കിട്ടിയപ്പോൾ, ബി.ജെ.പി.യ്ക്ക് മൂന്ന് ശതമാനമെ കൂടുതൽ കിട്ടിയുള്ളൂ. ആ ധ്രുവീകരണം പൊതുവെ ബി.ജെ.പി.യ്ക്ക് ദോഷകരമായി എന്നുതന്നെയാണ് കാണേണ്ടത്. അതുപോലെ, പഞ്ചാബ് തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാൽ, പ്രക്ഷോഭത്തിന്റെ ഭാഗമായി തന്നെയാണ് ആം ആദ്മി പാർട്ടി വിജയിച്ചുവരുന്ന സംവിധാനമുണ്ടാകുന്നത്. അത് ധ്രുവീകരണത്തിന്റെ ഭാഗമാണ്. അങ്ങനെ ക്ലെയിം ചെയ്യാൻ സംയുക്ത കിസാൻ മോർച്ചക്ക്​ കഴിഞ്ഞിട്ടില്ലെങ്കിൽപോലും രാഷ്ട്രീയമായി വിലയിരുത്തുന്ന ഏതൊരാൾക്കും അത് തിരിച്ചറിയാൻ കഴിയും. അതായത്, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വലിയൊരു വിഭാഗം ആളുകളാണ് ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തി, ബി.ജെ.പി.യെ കൂടുതൽ ദുർബലപ്പെടുത്തി, ആം ആദ്മി പാർട്ടിയുടെ വിജയത്തിലേക്ക് നയിക്കുന്ന വിധിയെഴുത്ത് നടത്തിയത് എന്ന്​ വ്യക്തമാണ്.

പഞ്ചാബിലെ മുഖ്യമന്ത്രി ഭഗവന്ത് സിങ്​ മാൻ / Photo : Bhagwant Mann, fb page
പഞ്ചാബിലെ മുഖ്യമന്ത്രി ഭഗവന്ത് സിങ്​ മാൻ / Photo : Bhagwant Mann, fb page

ആ അർഥത്തിൽ ഈ സമരങ്ങളെല്ലാം രാഷ്ട്രീയ ചേരിതിരിവായിട്ട് തന്നെയാണ് രൂപപ്പെട്ടുവരിക. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഏറ്റവും വലിയ ഉദാഹരണമാണ്. ആ സമരത്തെ ഒരു ബഹുജന സമരമാക്കി മാറ്റിയത് കർഷകരുടെ വലിയ രൂപത്തിലുള്ള പ്രക്ഷോഭങ്ങളാണ്​. അതും സായുധസമരം ഉൾപ്പെടെയുള്ള തെലങ്കാന, പുന്നപ്ര- വയലാർ, കയ്യൂർ, വർലി തുടങ്ങി വ്യാപകമായ പ്രക്ഷോഭങ്ങളാണ്. ഈ പ്രക്ഷോഭങ്ങളെല്ലാം ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളല്ല. അത് കർഷകർ ഒരു വർഗവിഭാഗമെന്ന നിലയ്ക്ക് നടത്തിയ ബഹുജന മുന്നേറ്റമാണ്. കർഷക സമരങ്ങളെയും തൊഴിലില്ലായ്മ എന്ന വിഷയവുമായി ബന്ധപ്പെട്ട്​ നടക്കുന്ന അഗ്നിപഥ് പ്രക്ഷോഭങ്ങളെയുമൊക്കെ അതിന്റെ ശരിയായ വർഗരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ തന്നെ വിലയിരുത്താൻ കഴിയേണ്ടതാണ്.

‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യമാണ് അന്നത്തെ കോളനിവിരുദ്ധ അല്ലെങ്കിൽ ബ്രിട്ടീഷ് സമ്രാജ്യത്വവിരുദ്ധ- നാടുവാഴിത്തവിരുദ്ധ സമരത്തിലേക്ക് കർഷക വിഭാഗങ്ങളെ വൻതോതിൽ ആകർഷിച്ചത്. ഈ പറഞ്ഞ സമരങ്ങളുടെയെല്ലാം അടിസ്ഥാനം ഈ മുദ്രാവാക്യമാണ്. ഇന്ത്യയിലാകെ നാടുവാഴിത്തം രൂക്ഷമായി നിൽക്കുകയും അതിനെ പിന്തുണച്ച്​ ബ്രിട്ടീഷ് കോളനി വാഴ്ച നിലനിൽക്കുകയും ചെയ്യുമ്പോൾ കർഷകർ അവിടെ കുടിയാനാണ്. അവർക്കവിടെ പാട്ടം കൊടുക്കേണ്ടിവരുന്നു. അതിനുകാരണം കൃഷിഭൂമി കർഷകന്റേതല്ല, ജൻമിയുടേതാണ് എന്നതാണ്​. പക്ഷെ, കൃഷിഭൂമിയിൽ കൃഷി ചെയ്യുന്നത് ജൻമിയല്ല. അപ്പോൾ കൃഷിഭൂമി കർഷകരുടേതാകണം. ആ രൂപത്തിലുള്ള മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു വർഗ ബഹുജന പ്രക്ഷോഭമായി മാറിയത്.

Photo : ruralindiaonline.org
Photo : ruralindiaonline.org

ഇപ്പോൾ നടക്കുന്ന ഈ സമരങ്ങൾ നോക്കിയാൽ കാണാൻ കഴിയും, സമാനമായ വിധത്തിൽ മൂർത്തമായ മുദ്രാവാക്യങ്ങളാണ് ജനങ്ങളെ ആകർഷിക്കുന്നത്​. അഗ്നിപഥിന്റെ കാര്യത്തിൽ തൊഴിലില്ലായ്മ എന്ന മൂർത്തമായ, വർഗപരമായ പ്രശ്‌നം, കർഷകസമരത്തിൽ കൃഷിയുടെ കോർപറേറ്റ്​വൽക്കരണത്തിനെതിരെ മിനിമം സപ്പോർട്ട് പ്രൈസ് കിട്ടണമെന്ന വിഷയം, തൊഴിലാളികളെ സംബന്ധിച്ച്​മിനിമം വേതനത്തിന്റെ വിഷയം, ജീവിക്കാൻ അന്തസ്സുള്ള ജോലിയും മിനിമം കൂലിയും വേണം, എല്ലാം സ്വകാര്യവത്കരിക്കാൻ പാടില്ല... ഇങ്ങനെയുള്ള മൂർത്തമായ മുദ്രാവാക്യങ്ങൾ തന്നെയാണ് ഇപ്പോൾ ദേശീയരാഷ്ട്രീയത്തിൽ ഉയർന്നുവരുന്നത്. ഈ മൂർത്തമായ മുദ്രാവാക്യങ്ങളെല്ലാം കാർഷികപ്രശ്‌നത്തെ അടിസ്ഥാനമാക്കിയാണ്.

കാർഷിക പ്രതിസന്ധിക്ക് കാരണം ഇന്ത്യൻ കാർഷിക പ്രശ്‌നം പരിഹരിക്കപ്പെടാത്തതാണ്. കാർഷിക പ്രശ്‌നം പരിഹരിക്കാൻ വേണ്ടിയുള്ള ഇടതുപക്ഷ ജനാധിപത്യ ബദൽ നയങ്ങൾക്കുമാത്രമെ ഇതിന് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയൂ. ഈ ചെറുത്തുനിൽപ്പുസമരങ്ങളെ ബദൽനയങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളായി വികസിപ്പിച്ചെടുക്കുക എന്നതാണ് ഇടതുപക്ഷ ഐക്യത്തിലൂടെയും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യത്തിലൂടെയും ദേശീയ രാഷ്ട്രീയത്തിൽ നിർവഹിക്കാനുള്ള കടമ. ആ കടമ ഏറ്റെടുത്തുകൊണ്ടേ കേരളത്തിലെ ഇടതുപക്ഷത്തിനുപോലും സ്വയം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ മാത്രമായി കേരളത്തിലെ ഇടതുപക്ഷത്തിന് നിൽക്കാൻ കഴിയില്ല. മറിച്ച്, രാജ്യത്താകെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമെ കേരളത്തിലും ഇടതുപക്ഷത്തിന് ശക്തമായി നിലകൊള്ളാനും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങളെയാകെ അണിനിരത്താനും അതിലൂടെ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും പിന്നിലണിനിരന്നിരിക്കുന്ന കർഷകവിഭാഗങ്ങളെയും തൊഴിലാളി വിഭാഗങ്ങളെയും ചെറുപ്പക്കാരെയുമെല്ലാം ഇടതുപക്ഷത്തിന്റെ കീഴിലേക്ക് അണിനിരത്തിക്കാനും സാധിക്കുകയുള്ളൂ.

ഇന്ത്യയിൽ, പൗരസമരങ്ങളുടെ രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്ക് ഫലപ്രദമായി ഏറ്റെടുക്കാൻ കഴിയുന്നുണ്ടോ? ഇക്കാര്യത്തിൽ ഇടതുപക്ഷം എവിടെയാണുള്ളത് എന്ന് സ്വയംവിമർശനപരമായി വിലയിരുത്താമോ.

ഇന്ത്യയിൽ ഉയർന്നുവരുന്ന വർഗസമരങ്ങളെ, വിവിധ വർഗ വിഭാഗങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ എല്ലാം ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിപുലമായ ഒരു ഐക്യമുന്നണി രൂപപ്പെടുത്തിക്കൊണ്ടേ രാഷ്ട്രീയമായ ചേരിതിരിവിലേക്ക് നയിക്കാൻ കഴിയുകയുള്ളൂ. അത് വളരെ പ്രധാനമാണുതാനും. നമ്മൾ അതിനെ കുറച്ചുകാണേണ്ടതില്ല. വർഗസമരങ്ങൾ അതത് വർഗവിഭാഗങ്ങൾ നടത്തിയാൽ മാത്രം മതിയെന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് ശരിയുമല്ല. മറിച്ച്, ആ വർഗസമരങ്ങളെ ഒരു രാഷ്​ട്രീയസമരമായി ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതിനെ നിലവിലുള്ള സാമ്രാജ്യത്വ ഉദാരവത്കരണ നയങ്ങൾക്കെതിരായ ഇടതുപക്ഷ ജനാധിപത്യ ബദൽ വികസന നയങ്ങളിലേക്ക് കൂട്ടിച്ചേർക്കേണ്ടതുണ്ട്.

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരമ്പരാഗതരീതിയിലുള്ള പ്രവർത്തനങ്ങൾ മതിയാകില്ല. മറിച്ച്, കുറേക്കൂടി ശക്തമായ, ജനങ്ങളെ ബോധ്യപ്പെടുത്തുകയും ജനങ്ങൾ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്

ഇടതുപക്ഷ ജനാധിപത്യ ബദൽനയങ്ങളുടെ മുന്നിൽനിൽക്കുന്ന, ആ ബദൽ നയങ്ങൾ നടപ്പിലാക്കുന്ന കേരളം പോലെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ മാതൃകകൾ ഉയർത്തിക്കാ​ട്ടേണ്ടതുണ്ട്​. എങ്ങനെയാണ് അവർ തൊഴിൽ സംരക്ഷിക്കുന്നത്? എങ്ങനെയാണവർ കർഷകർക്ക് കൂടുതൽ വരുമാനം കൊടുക്കുന്ന പദ്ധതികൾ നടപ്പാക്കുന്നത്​? ഉദാഹരണത്തിന്​, കേരള ചിക്കൻ, വയനാട് കോഫി, കുടുംബശ്രീയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും നേതൃത്വത്തിലുള്ള പദ്ധതികൾ, നവകേരള നിർമാണം, വിജ്ഞാനമേഖലയെയും ഉത്പാദനമേഖലയെയും ബന്ധപ്പെടുത്തുന്ന പുതിയ ബജറ്റിലെ പദ്ധതികൾ, വ്യവസായ പാർക്കുകൾ... ഇങ്ങനെ പലവിധം പദ്ധതികളിലൂടെ എങ്ങനെയാണ് ആളുകളുടെ തൊഴിലും മിനിമം വേതനവും കർഷകർക്ക് മിനിമം വിലയും ഉറപ്പുവരുത്താൻ കഴിയുന്ന ഉദാരവത്കരണവിരുദ്ധ ബദൽ ഇടതുപക്ഷ ജനാധിപത്യ നയങ്ങൾ നടപ്പിലാക്കുന്നതെന്നത് രാജ്യത്താകെ ഉയർത്തിക്കാണിക്കേണ്ടതുണ്ട്. അതോടൊപ്പം, അതിന് നേതൃത്വം കൊടുക്കുന്ന പ്രക്ഷോഭത്തിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യം ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തിയോടെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് സി.പി.എമ്മിനെപ്പോലെ, സി.പി.ഐയെപ്പോലെയുള്ള രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിന് കൂടുതൽ വേഗത കിട്ടേണ്ടതുണ്ട്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരമ്പരാഗതരീതിയിലുള്ള പ്രവർത്തനങ്ങൾ മതിയാകില്ല. മറിച്ച്, കുറേക്കൂടി ശക്തമായ, ജനങ്ങളെ ബോധ്യപ്പെടുത്തുകയും ജനങ്ങൾ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട് എന്ന ബോധത്തിലേക്ക് നമുക്ക് വരാൻ കഴിയണം. ആ അർഥത്തിൽ ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഐക്യവും ഏറ്റവും കൂടുതൽ ഉണ്ടാകേണ്ട ഒരു കാലഘട്ടമാണിപ്പോൾ. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments