ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-ലെ കേന്ദ്ര ബജറ്റെങ്കിലും അന്തർസംസ്ഥാന, അന്തർദേശീയ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ കൃത്യമായി അഭിമുഖീകരിക്കുന്ന വ്യവസ്ഥകൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 41 ദശലക്ഷത്തിലധികം അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളാണുള്ളത്. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MoSPI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2020-21 ലെ മൈഗ്രേഷൻ നിരക്ക് 28.9 ശതമാനവും ഗ്രാമീണ, നഗര കുടിയേറ്റ നിരക്ക് യഥാക്രമം 26.5, 34.9 ശതമാനവുമാണ്. (MoSPI, 2021). നഗരപരിസരങ്ങളിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് കുടിയേറ്റക്കാരാണ്. ഈ ഗണ്യമായ ജനസംഖ്യാശാസ്ത്രം ഉണ്ടായിട്ടും കുടിയേറ്റ തൊഴിലാളികളുടെ പ്രത്യേക ആവശ്യങ്ങളും ആശങ്കകളും ബജറ്റ് വേണ്ടത്ര അഭിസംബോധന ചെയ്യുന്നില്ല.
തൊഴിൽ, നൈപുണ്യ വികസന സംരംഭങ്ങൾ
ഔപചാരിക തൊഴിലവസരങ്ങളും നൈപുണ്യ വികസനവും ഉന്നമിപ്പിക്കാൻ ലക്ഷ്യമിട്ട് തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതികൾ അവതരിപ്പിച്ചതാണ് ബജറ്റിന്റെ പ്രധാന സവിശേഷത. 'ഫസ്റ്റ് ടൈമറുകൾ' എന്ന സ്കീം ഔപചാരിക തൊഴിൽ മേഖലയിൽ ആദ്യമായി പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ 15,000 രൂപ വരെ നേരിട്ടുള്ള ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. നഗര കേന്ദ്രങ്ങളിലേക്ക് ഔപചാരിക തൊഴിൽ തേടിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ 21 ദശലക്ഷത്തോളം യുവാക്കൾക്ക് ഈ സംരംഭം സഹായകരമാവും.
നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്ന സ്‌കീമിൽ ജോലിയുടെ ആദ്യ നാല് വർഷങ്ങളിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇ.പി.എഫ്.ഒയ്ക്ക് സബ്സിഡി നൽകി നിർമ്മാണ മേഖലയിലെ അധിക തൊഴിലുകൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുന്നു. നഗരപ്രദേശങ്ങളിലെ നിർമ്മാണ യൂണിറ്റുകളിൽ പതിവായി ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളിൽ ഈ പദ്ധതി പ്രസക്തമാണ്. ഔപചാരിക തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, സാമൂഹിക ആനുകൂല്യങ്ങൾ, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്താൻ ഈ പദ്ധതികൾക്ക് കഴിയുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു.
ഔപചാരിക മേഖലയിലേക്ക് കുടിയേറ്റ തൊഴിലാളികളെ ഫലപ്രദമായി സമന്വയിപ്പിക്കുന്നതിന് നിലവിലുള്ള പിന്തുണയ്ക്കൊപ്പം കൂടുതൽ സമഗ്രമായ തന്ത്രങ്ങളും ആവശ്യമാണ്.
എന്നാൽ, ഈ സംരംഭങ്ങൾ കുടിയേറ്റ ജനതയ്ക്കിടയിലുള്ള വെല്ലുവിളികളെ അഭിമുഖീകരികരിക്കുന്നില്ല. ദീർഘകാലത്തേയ്ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിന് ഫസ്റ്റ് ടൈമറുകൾ സ്കീം നൽകുന്ന ഒറ്റത്തവണ ആനുകൂല്യം അപര്യാപ്തമായേക്കാം. ഔപചാരിക മേഖലയിലേക്ക് കുടിയേറ്റ തൊഴിലാളികളെ ഫലപ്രദമായി സമന്വയിപ്പിക്കുന്നതിന് നിലവിലുള്ള പിന്തുണയ്ക്കൊപ്പം കൂടുതൽ സമഗ്രമായ തന്ത്രങ്ങളും ആവശ്യമാണ്.
ഭവന, നഗര താമസ സംരംഭങ്ങൾ
വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വി.ജി.എഫ്) പിന്തുണയ്ക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലുള്ള ഡോർമിറ്ററി താമസ സൗകര്യങ്ങളിലൂടെ വാടക ഭവനങ്ങൾ സുഗമമാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. വ്യാവസായിക തൊഴിലാളികൾക്ക് താങ്ങാനാവുന്ന ഭവനങ്ങൾ ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സ്വകാര്യതയും വ്യക്തിഗത ഇടവും ഇല്ലാത്ത ഡോർമിറ്ററി ശൈലിയിലുള്ള താമസസൗകര്യങ്ങളിലെ ജീവിതസാഹചര്യങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കളുയരുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്നതിന്റെ അപകടസാധ്യതകളും പി.പി.പി മോഡൽ ഉയർത്തുന്നു. ഇത് വേണ്ടത്ര ക്രമീകരിച്ചില്ലെങ്കിൽ നിലവാരമില്ലാത്ത ഭവന നിർമ്മാണത്തിലേക്ക് നയിച്ചേക്കാം. കേരള സർക്കാർ 2019-ൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിത പാർപ്പിട സൗകര്യം നൽകുന്നതിനായി നടപ്പിലാക്കിയ അപ്നാ ഘർ റെസിഡൻഷ്യൽ സ്കീം മാതൃകയായിട്ടുണ്ട്.
സ്ട്രീറ്റ് മാർക്കറ്റുകൾക്കും ഉപജീവനമാർഗങ്ങൾക്കുമുള്ള പിന്തുണ
തെരുവ് ചന്തകളുടെ വിപുലീകരണത്തിലൂടെ അനൗപചാരിക മേഖലയിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം നൂറ് പ്രതിവാര 'ഹട്ട്' അല്ലെങ്കിൽ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഈ സംരംഭം വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ തൊഴിൽ മേഖലയിളുള്ളവരധികവും കുടിയേറ്റക്കാരാണ്. കുടിയേറ്റ തൊഴിലാളികൾ ഉപജീവനത്തിനായി ഇത്തരം തൊഴിലുകളെ ആശ്രയിക്കുന്നതിനാൽ ഈ വിപണികളെ പിന്തുണയ്ക്കുന്നത് നിർണായകമാണ്.
ഈ സംരംഭത്തിന് ഫലപ്രാപ്തിയുണ്ടാവണമെങ്കിൽ ‘പ്രധാനമന്ത്രി സ്വനിധി’ പോലെയുള്ള സർക്കാർ പദ്ധതികൾ കുടിയേറ്റക്കാർക്ക് ലഭ്യമാവേണ്ടതുണ്ട്. ആവശ്യമായ രേഖകളുടെ അഭാവം കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന പ്രധാന തടസങ്ങളാണ്. സംരംഭങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നെന്ന് ഉറപ്പാക്കാൻ അസ്ഥിരമായ ജീവിത സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷയിലേക്കുള്ള പരിമിതമായ പ്രവേശനം ഉൾപ്പെടെയുള്ള വിശാലമായ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. പ്രതിവാര 'ഹട്ടുകൾ' വികസിപ്പിക്കുന്നത് ഉടനടി ഉപജീവന അവസരങ്ങൾ നൽകുമെങ്കിലും ഈ വിപണികളെ നിലനിർത്തുന്നതിന് ദീർഘകാല തന്ത്രം ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനം, വെണ്ടർമാർക്കുള്ള നിയമപരിരക്ഷകൾ, വിശാലമായ നഗര സമ്പദ് വ്യവസ്ഥയിലേക്കുള്ള ഏകീകരണം എന്നിവ അത്യാവശ്യമാണ്.
സംരംഭങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നെന്ന് ഉറപ്പാക്കാൻ വിശാലമായ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.
തൊഴിൽ പരിഷ്കാരങ്ങളും സേവന സംയോജനവും
മറ്റ് പ്ലാറ്റ്ഫോമുകളുമായിള്ള ഇ-ശ്രം പോർട്ടലിന്റെ സംയോജനം ഉൾപ്പെടെ തൊഴിൽ, നൈപുണ്യ വികസന സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി തൊഴിൽ പരിഷ്കാരങ്ങൾ ബജറ്റിലുണ്ട്. ജോലി പൊരുത്തപ്പെടുത്തൽ, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവയ്ക്കായി സമഗ്രമായ പരിഹാരമുണ്ടാക്കാൻ ഈ സംരംഭം ശ്രമിക്കുന്നു. സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും.
കുടിയേറ്റ തൊഴിലാളികൾക്കുള്ള പിന്തുണ വർദ്ധിപ്പിക്കാൻ ഈ പരിഷ്കാരങ്ങൾക്ക് കഴിവുണ്ടെങ്കിലും അതിന് ഡിജിറ്റൽ സാക്ഷരത, ബ്യൂറോക്രാറ്റിക് കാര്യക്ഷമതയില്ലായ്മ എന്നിവ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കൽ തുടങ്ങിയ വെല്ലുവിളികളെ ആശ്രയിച്ചിരിക്കുന്നു.
കാർഷിക ഉത്പാദനക്ഷമതയും
മൈഗ്രേഷൻ പാറ്റേണുകളും
കുടിയേറ്റ രീതികളെ പരോക്ഷമായി ബാധിച്ചേക്കാവുന്ന കാർഷിക ഉത്പാദനക്ഷമതയെയും പ്രതിരോധശേഷിയെയും ബജറ്റ് അഭിസംബോധന ചെയ്യുന്നു. ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിളകൾ പുറത്തിറക്കുക, പച്ചക്കറി ഉത്പാദന ക്ലസ്റ്ററുകൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ കാർഷിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. കാർഷിക അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ, ഈ നടപടികൾ ഗ്രാമീണ കുടിയൊഴിപ്പിക്കലിന്റെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സാധിയ്ക്കും. നഗരകേന്ദ്രീകൃത നയങ്ങളിലുള്ള ബജറ്റിന്റെ ശ്രദ്ധ കാർഷിക മേഖലയെ പിന്നോട്ടാക്കിയാൽ കുടിയേറ്റം തടയുന്നതിനുള്ള ലക്ഷ്യത്തിന്റെ ഫലപ്രാപ്തി പരിമിതപ്പെടുത്തിയേക്കാം. സമഗ്രമായ നയപരമായ സ്വാധീനം കൈവരിക്കുന്നതിന് നഗര- ഗ്രാമീണ ആവശ്യങ്ങൾക്ക് ഒരുപോലെ മുൻഗണന നൽകുന്ന സമതുലിതമായ സമീപനം അത്യന്താപേക്ഷിതമാണ്.
കുടിയേറ്റ തൊഴിലാളികളെ
വ്യക്തമായി ഉൾപ്പെടുത്തണം
ബജറ്റ് നൽകുന്ന പരോക്ഷമായ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നിട്ടും ദേശീയ ധനനയങ്ങൾക്കുള്ളിൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികൾ വിവിധ മേഖലകളിൽ അവിഭാജ്യ ഘടകമാണ്. അനൗപചാരിക തൊഴിൽനില, സാമൂഹിക സുരക്ഷയുടെ അഭാവം, മോശം ജീവിത സാഹചര്യങ്ങൾ എന്നിവ കാരണം അവർ ദുർബലരായി തുടരുന്നു.
കുടിയേറ്റ തൊഴിലാളികളെ യൂണിയൻ ബജറ്റിൽ ഉൾപ്പെടുത്തിയാൽ അവരുടെ ആവശ്യങ്ങളെ പരിഗണിക്കാൻ സാധിക്കുകയും ആ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ ഉറപ്പാക്കാനുമാകും. ഇതിനായി വിശദമായ വിവരശേഖരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്കായുള്ള സമർപ്പിത പരിപാടികൾ, കുടിയേറ്റ വിഷയങ്ങളിൽ അന്തർ സംസ്ഥാന സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികൾ വിവിധ മേഖലകളിൽ അവിഭാജ്യ ഘടകമാണ്.
2024- ലെ യൂണിയൻ ബജറ്റ് കുടിയേറ്റ തൊഴിലാളികൾക്ക് പരോക്ഷമായി പ്രയോജനം ചെയ്യുന്ന നടപടികൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും അവർ നേരിടുന്ന വെല്ലുവിളികളെ വ്യക്തമായി അഭിമുഖീകരിക്കുന്നതിൽ പിന്നാക്കമാവുന്നുണ്ട്. യഥാർത്ഥത്തിൽ ഉൾക്കൊള്ളലിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള സാമ്പത്തിക അന്തരീക്ഷത്തിന് ദേശാടന- ധനനയങ്ങളിൽ കുടിയേറ്റ തൊഴിലാളികളെ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സമീപനം തൊഴിലാളികളുടെ ഈ നിർണായക വിഭാഗത്തിന്റെ ക്ഷേമം വർദ്ധിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും സംഭാവന നൽകുകയും ചെയ്യും.
വയനാട്ടിലെ ഉരുൾപൊട്ടൽ പോലെയുള്ള സമീപകാല കാലാവസ്ഥാ ദുരന്തങ്ങൾ, കുടിയേറ്റ തൊഴിലാളികളുടെ പരാധീനതകൾ പരിഹരിക്കുന്ന സമഗ്രനയങ്ങളുടെ അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.