ലയങ്ങളിലെ അടിമജീവിതത്തോട്​ മലയാളി മുഖംതിരിക്കുന്നത്​ എന്തുകൊണ്ട്​?

വികസനത്തെക്കുറിച്ചും ഭാവികേരളത്തെക്കുറിച്ചുമുള്ള ചർച്ചകളിൽനിന്ന്​ മനഃപൂർവം ഒഴിവാക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുണ്ടിവിടെ​. തേയിലത്തോട്ടങ്ങളിലെ ലയങ്ങളിൽ ജീവിക്കുന്ന തൊഴിലാളികൾ ഇന്നും അടിമകളാണ്​. ഭാവികേരളത്തെക്കുറിച്ചുള്ള ഒരു ചർച്ചയിലും കക്ഷികളല്ലാത്ത ഇവരുടെ അടിമജീവിതം മലയാളി പൗരസമൂഹത്തെ ഒരുതരത്തിലും വേദനിപ്പിക്കുന്നില്ല.

ധുനിക അടിമകൾ (Neo-Slaves) എന്നു വിളിക്കാവുന്ന ഒരു തൊഴിലാളി സമൂഹം ഇപ്പോഴും കേരളത്തിൽ കഴിഞ്ഞുകൂടുന്നുവെന്നത്​, വികസനത്തെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചുമുള്ള ചർച്ചകളിൽനിന്ന്​ മനഃപൂർവം ഒഴിവാക്കപ്പെടുന്ന ഒരു വസ്​തുതയാണ്​. തേയിലത്തോട്ടങ്ങളിലെ ലയങ്ങളിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണ്​ പറയുന്നത്​.

ലയങ്ങളിലെ ജീവിതം

സാമാന്യ യുക്തിബോധത്തിന് അത്രമേൽ പരിചയമില്ലാത്ത ഒരു വാക്കാണ് ലയം. നിരനിരയായി നിൽക്കുന്ന ഒറ്റ മുറി വീടുകളാണ് ലയങ്ങൾ(Lanes). തോട്ടം തൊഴിലാളികൾക്കായി ബ്രിട്ടീഷുകാരുടെ കാലത്ത്​ നിർമിക്കപ്പെട്ട താമസസ്ഥലം. ഒരു ലയത്തിൽ അഞ്ചു മുതൽ പത്തു വരെ വീടുണ്ടാവും. 15 ×10, 10 x 10 വീതം വിസ്താരമുള്ള രണ്ടു മുറികൾ ചേർന്നതാണ് ഒരു വീട്. 1885 നു ശേഷമാണ് ഇത്തരം ലയങ്ങൾ ഇന്ത്യയിൽ രൂപപ്പെടുന്നത്. അതിനുമുമ്പ് ചെറിയ കുടിലുകളും ഷെഡുകളുമായിരുന്നു അടിമത്തൊഴിലാളികളുടെ വാസസ്ഥലം. ഊട്ടി, മൂന്നാർ, വയനാട്, ഏലപ്പാറ, ഉടുമ്പൻച്ചോല, പീരുമേട്, വാഗമൺ എന്നിവിടങ്ങളിലും അസമിലെ ചില പ്രദേശങ്ങളിലുമാണ് ലയങ്ങളുള്ളത്. ഇന്ത്യയിലാദ്യമായി ലയങ്ങൾ നിർമിക്കപ്പെട്ടത് അസമിലാണ്. ബ്രിട്ടീഷുകാർ അവിടെ തേയില കൃഷി തുടങ്ങിയതോടെ പണിക്ക് ആൾക്കാരെ സ്ഥിരമായി വേണ്ടിവന്നു. അങ്ങനെ കാടുകൾക്കിടയിൽ അവരെ താമസിപ്പിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതുകൊണ്ട് തൊഴിലാളികൾ അവിടങ്ങളിൽ താമസിക്കാൻ വിസമ്മതിച്ചു. അതേതുടർന്ന് കല്ലും ചുണ്ണാമ്പും കൊണ്ട് നിരനിരയായി വീടുകൾ പണിയാൻ തീരുമാനിച്ചു. അങ്ങനെ യുറോപ്യൻ തൊഴിലാളി വാസസ്ഥലമായ ലയങ്ങൾ ഇന്ത്യയിലും ഉദിച്ചു.

പട്ടികജാതി- പട്ടിക വർഗ കോളനിക​ളെയും ആദിവാസി കുടിലുകളെയും പോലെ തന്നെയാണ്​ തൊഴിലാളികളുടെ ലയങ്ങളും. ലയങ്ങളിലെ വീടുകൾ രണ്ട് കാലഘട്ടങ്ങളിൽ നിർമിച്ചതാണ്. ഇന്നത്തെ ലയങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമായി നിർമിക്കപ്പെട്ടവയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിയ ലയങ്ങൾ കരിങ്കല്ല്​, മണ്ണ്​, ചുണ്ണാമ്പ്​ (കുമ്മായം) എന്നിവ കൊണ്ട്​ നിർമിക്കപ്പെട്ടതാണ്. 1947 നുശേഷം പണിത ലയങ്ങൾ സിമൻറു കൊണ്ടും.

മൂന്നാറിലെ ലയങ്ങൾ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, വാഗമൺ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള ലയങ്ങളെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. ഈ സ്ഥലങ്ങളിലെ എസ്റ്റേറ്റുകൾ പൂട്ടിയതുകൊണ്ട്​ ലയങ്ങളുടെ അവസ്ഥ ദയനീയമാണ്. വണ്ടിപ്പെരിയാറിലെ ചില ലയങ്ങൾ തൊഴുത്തിന് സമാനമാണ്. അവിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ അകലെയാണ്. ജോലിയില്ലയും വരുമാനവുമില്ല. ദാരിദ്ര്യവും പട്ടിണിയും മാത്രമാണ് ജീവിതത്തിൽ ബാക്കി. തലമുറകളായി ഈ ചൂഷണങ്ങളാണ് തൊഴിലാളികൾ അനുഭവിച്ചു വരുന്നത്.

തമിഴ്നാട്ടിൽ ഊട്ടി, കൊടയ്ക്കനാൽ തുടങ്ങിയ മലനിരകളിലേക്ക്​ തൊഴിലാളികളെ അടിമകളായി കൊണ്ടുപോയി, അവിടങ്ങളിൽ തേയില തോട്ടങ്ങൾ നിർമിച്ചു. ആ തോട്ടങ്ങൾ സംരക്ഷിക്കാൻ അവരെ തന്നെ ചുമതലപ്പെടുത്തി. തോട്ടങ്ങൾ അവരുടെ അപ്പന്റെയും അപ്പൂപ്പന്റെയും വിയർപ്പിൽ നിന്നും ചോരയിൽ നിന്നും കണ്ണീരിൽ നിന്നും കടുത്ത അധ്വാനത്തിൽ നിന്നും നിർമിച്ചെടുത്തതാണ്. അതുകൊണ്ട് അതിനെ സംരക്ഷിക്കേണ്ടത് കാലാകാലം അവരുടെ ചുമതലയായി മാറി. അതാണ് മുതലാളിത്തത്തിന്റെ കുടിലബുദ്ധി.

തൊഴിലാളികളെ സംരക്ഷകരാക്കുന്ന മുതലാളി തന്ത്രം

ഓരോ തൊഴിലാളിയും തേയില തോട്ടങ്ങളെ കാണുന്നത് അവരുടെ സ്വന്തം ആയിട്ടാണ്​. ആ യുക്തി ഒരിക്കലും മാറില്ല എന്നുറപ്പിച്ച മുതലാളിമാർ ‘ഇതെല്ലാം നിങ്ങളുടേതാണ്’ എന്ന മോഹനവാഗ്ദാനം നൽകിയാണ്​ തൊഴിലാളികളെ ഇന്നുവരെ തങ്ങളുടെ അടിമകളാക്കി വരുന്നത്​. സ്വത്തും ലാഭവും മാത്രമല്ല, നാലു തലമുറകളായി തോട്ടങ്ങളുടെ സംരക്ഷകരായ അടിമകളെ കൂടിയാണ്​ ഈ സംവിധാനം വഴി അവർ നേടിയെടുത്തത്​. മുതലാളിമാർ തോട്ടത്തിന്റെ ഉത്തരവാദിത്വം തങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ തോട്ടം സംരക്ഷിക്കേണ്ട ചുമതല തനിക്കും തന്റെ തലമുറയിൽ എല്ലാവർക്കും ഉണ്ടെന്ന മട്ടിലാണ് തൊഴിലാളികൾ തേയിലത്തോട്ടത്തെ നോക്കിക്കാണുന്നത്.

ഭൂമിയും തൊഴിലും കൂലിയുമായി ബന്ധ​പ്പെട്ട്​ നിരവധി അവകാശ സമരങ്ങൾ ഉയർന്നുവന്നിട്ടും ഈ​ തൊഴിലാളികളുടെ ജീവിതം ഒരു മാറ്റവുമില്ലാതെ അതേപടി തുടർന്നു. ബ്രിട്ടീഷ് ഭരണത്തിലെന്നപോലെ സ്വതന്ത്ര ഇന്ത്യയിലും അവർ അടിമകളാണ്. പക്ഷേ, ബ്രിട്ടീഷുകാലത്ത്​ അവർ കൊത്തടിമകളും ആധുനിക ഇന്ത്യയിൽ ആധുനിക അടിമകളുമാണ് എന്ന മാത്രം. ലയങ്ങൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ഒരേ ജീവിതരീതിയാണ്.

മൂന്നാറിലെ ദേവികുളം നിയോജകമണ്ഡലത്തിൽ നൂറ്റു കണക്കിന് ലയങ്ങളാണുള്ളത്. ഇവിടത്തെ തൊഴിലാളി ജീവിതം വളരെ ദയനീയമാണ്. പ്രളയമോ പ്രകൃതിദുരന്തങ്ങളോ സംഭവിച്ചാൽ മാത്രമേ ഈ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ചയുണ്ടാകുകയുള്ളൂ. അല്ലാത്ത സമയത്ത് മൂന്നാർ വിനോദസഞ്ചാരികളുടെ മാത്രം നാടാണ്. 40,000ലേറെ തൊഴിലാളി കുടുംബങ്ങൾ കുടിയേറ്റക്കാരായി പരിഗണിക്കപ്പെടുന്ന ഏക സ്ഥലമാണ് മൂന്നാർ. അവർക്ക് സ്വന്തമായി ഭൂമിയില്ല. അടിസ്ഥാന സൗകര്യങ്ങളില്ല. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. മൂന്നാറിൽ ആകെ ഉണ്ടായിരുന്ന ഒരു സർക്കാർ കോളേജ് 2018 -ലെ പ്രളയത്തിൽ തകർന്നു. ആശുപത്രി സൗകര്യം പരിമിതമായതിനാൽ ചികിത്സക്ക് എപ്പോഴും തൊഴിലാളികൾ ബുദ്ധിമുട്ടുന്നു.

വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, വാഗമൺ, വയനാട് എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരുടെ കാലത്ത്​ പണിത ലയങ്ങളിലാണ് തൊഴിലാളികൾ ഇന്നും ജീവിക്കുന്നത്. ആട്ടിൻകൂടുപോലെയുള്ള ലയങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞുകൂടുന്നത്. തോട്ടമുടമകൾ നഷ്ടക്കണക്ക് കാണിച്ചതിനെതുടർന്ന്​ എസ്റ്റേറ്റുകൾ പൂട്ടി. മൂന്നാംതലമുറക്കാരായ തൊഴിലാളികൾ മുതലാളിമാർക്കെതിരായി തിരിഞ്ഞ് അവിടം കയ്യേറി പട്ടയമുണ്ടാക്കി സ്വന്തം വീടുകൾ പണിതു.

ഇല്ലാതെപോയ ഭൂസമരങ്ങൾ

മൂന്നാറിൽ എസ്റ്റേറ്റ് എപ്പോഴും ടാറ്റാ ടീ, കെ.എച്ച്​.ഡി.പി തുടങ്ങിയ വമ്പൻ കമ്പനികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് ഇതുവരെ മൂന്നാറിൽ തൊഴിലാളികൾക്ക് ഒരു തുണ്ടു ഭൂമിയെ പോലും സ്വന്തമാക്കാനായിട്ടില്ല. 75 വർഷത്തിലേറെയായി അവർ അടിമകളായി ജീവിക്കുന്നു. 40 വർഷത്തിലേറെ ഒരു സ്ഥലത്ത് ജീവിക്കുകയാണെങ്കിൽ ആ സ്ഥലം അവിടെ ജീവിക്കുന്ന ആൾക്കാർക്ക് സ്വന്തമാണ്. പക്ഷേ, മൂന്നാറിലെ തൊഴിലാളികളുടെ കാര്യത്തിൽ അത് സാധ്യമല്ല. കമ്പനിക്കാർക്ക് സർക്കാർ ഭൂമി എത്ര വേണമെങ്കിലും കൈവശപ്പെടുത്താം. പക്ഷേ തൊഴിലാളികൾക്ക് അത് പാടില്ല. അതുകൊണ്ടാണ് മൂന്നാറിൽ നാളിതുവരെ ഒരു ഭൂസമരം പോലും ഉയർന്നുവരാത്തത്. സ്വന്തം ഭൂമി എന്നത് എപ്പോഴും അവർക്ക് സ്വപ്നമാണ്. ആ സ്വപ്നത്തിലാണ് അവരുടെ ജീവിതം കടന്നുപോകുന്നത്.

പെട്ടിമുടി ദുരന്തം. / Photo : Collector Idukki, Fb Page

2014-ലെ പൊമ്പിള ഒരുമൈ സമരം ലയങ്ങളുടെ അവസ്ഥ അടയാളപ്പെടുത്തിയിരുന്നു. 2020-ലെ പെട്ടിമുടി ദുരന്തം ലയങ്ങളിലെ അപകടകരമായ ജീവിതം തുറന്നുകാട്ടി. 2022-ലെ പുതുക്കടി ഉരുൾപൊട്ടലും ഈ അവസ്ഥ തുറന്നുകാട്ടി. 2018- ൽ പ്രളയം തകർത്തെറിഞ്ഞ പുത്തുമല ദുരന്തവും തൊഴിലാളി ജീവിതങ്ങളുടെ ദൈന്യത വെളിപ്പെടുത്തി. ഇത്തരം ദുരന്തങ്ങളുണ്ടായിട്ടും തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഒരിടപെടലുമുണ്ടായില്ല.

ചെങ്ങറ ഭൂസമരവും ഹൈറേഞ്ച് സംയുക്ത സമിതിയുടെ സമരവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ഉന്നയിച്ചിരുന്നു. സ്വന്തമായി 10 സെൻറ് ഭൂമി മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. പക്ഷേ അന്നത്തെ ഭരണാധികാരികൾ അതു പോലും അംഗീകരിച്ചിട്ടില്ല. അവകാശപ്പെടുന്നത് ദലിതരും ആദിവാസികളുമായതുകൊണ്ടാണ്​ സർക്കാർ അത്​ നിഷേധിക്കുന്നത്​ എന്ന ​ളാഹ ഗോപാലന്റെ വാക്കുകൾ പ്രസക്തമാണ്​. മൂന്നാറിലെ തൊഴിലാളികളിൽ 90% പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്. വണ്ടിപ്പെരിയാർ, പീരുമേട്, ഉടുമ്പൻചോല, വയനാട് എന്നിവിടങ്ങളിലെ ലയങ്ങളിലുള്ളവരും സാധാരണക്കാരിൽ സാധാരണക്കാരും പിന്നാക്കക്കാരിൽ പിന്നാക്കക്കാരുമാണ്. തലമുറകളായി ചൂഷണം ചെയ്യപ്പെടുന്ന ഈ മനുഷ്യർ അങ്ങനെത്തന്നെ ഒതുങ്ങി ജീവിച്ചാൽ മതി എന്ന മട്ടിലാണ് ഭരണകൂടവും സമൂഹവും അവരെ നോക്കിക്കാണുന്നത്. അതുകൊണ്ടാണ് ഇത്രയും വികസിച്ച ഒരു സമൂഹത്തിൽ അവർക്ക് അടിമകളെപ്പോലെ കഴിഞ്ഞുകൂടേണ്ടിവരുന്നത്.

ഇവിടങ്ങളിൽ ജീവിക്കുന്ന കുടിയേറ്റ കർഷകരുടെ അവസ്​ഥയോ? തമിഴ്നാട്ടിലേക്ക് ചെന്നാൽ അവർ മലക്കാരും കേരളത്തിലേക്കുവന്നാൽ കുടിയേറ്റക്കാരും. പോസ്റ്റ് കൊളോണിയൽ ചിന്തകൻ എഡ്‌വേർഡ് സെയ്​ദ്​ പറയുന്നു: ‘നിങ്ങൾ അധികാരത്തോട്​ സത്യം തുറന്നുപറയണം, അല്ലെങ്കിൽ സത്യാവസ്ഥ ചൂണ്ടിക്കാണിക്കണം, അല്ലെങ്കിൽ നിങ്ങളുടെ ജീവിത അടയാളം ഇല്ലാതായി പോകും.’

അതുകൊണ്ട് ഓരോ മനുഷ്യനും ഇനി ഉയർത്തേണ്ടത് അടയാളത്തിന്റെ രാഷ്ട്രീയമാണ്. അധികാരത്തിന്റെ രാഷ്ട്രീയത്തെ അതിജീവിക്കാൻ അടയാളത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക തന്നെ വേണം.

Comments