ലഹരി,
​കുടിയേറ്റ തൊഴിലാളികൾ, ​പെരുമ്പാവൂർ:
എന്താണ് വസ്തുത?

അന്തർ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെ ലഹരിവ്യാപനത്തിന്റെ ഉറവിടമാണ് എന്നും പെരുമ്പാവൂർ ഇതിന്റെ കേന്ദ്രമാണ് എന്നുമുള്ള വ്യാജമായ പൊതുബോധ നറേഷനുകളെ, തന്റെ ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തിൽ തുറന്നുകാട്ടുകയും എന്താണ് വസ്തുത എന്ന് വിശദീകരിക്കുകയുമാണ്, കുടിയേറ്റ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണവും ഇടപെടലുകളും നടത്തുന്ന നവാസ് എം. ഖാദർ.

ന്തർ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലെ ലഹരി വ്യാപനത്തിന്റെ പ്രധാന കാരണക്കാരെന്നോ, അവർ കൂടുതലായി ലഹരിയുടെ കാരിയർമാരാണെന്നോ തെളിയിക്കുന്ന ആധികാരികമായ ഗവേഷണ തെളിവുകളോ സർക്കാർ സംവിധാനങ്ങളുടെ റിപ്പോർട്ടോ നിലവിലില്ല. ഒരു പതിറ്റാണ്ടിലേറെ കുടിയേറ്റ തൊഴിലാളിക്കിടയിൽ ഗവേഷണം നടത്തുന്നതിന്റെ അനുഭവത്തിൽ കൂടിയാണിത് പറയുന്നത്. അതിനാൽ അത്തരം പൊതുവൽക്കരണങ്ങൾ ശാസ്ത്രീയമായി ശരിയല്ല. ‘ഓപ്പറേഷൻ തൂഫാനി’ലൂടെ സർക്കാർ പിടിച്ചെടുത്ത ലഹരിയുടെ കണക്കും അതിൽ പങ്കാളികളായ കുടിയേറ്റ തൊഴിലാളികളുടെയും തദ്ദേശീയരുടെയും കണക്കുകളും പുറത്തുവിട്ടാൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. ലഹരി ഉപയോഗം തടയേണ്ടത് വരും തലമുറയോട് ചെയ്യേണ്ട പ്രതിജ്ഞാബന്ധമായ കാര്യമാണ്. എന്നാൽ അതിൽ ഒരു വിഭാഗത്തെ മാത്രം വേട്ടയാടുന്നത് ശരിയായ നയസമീപനമല്ല.

ഭായി കോളനിയിലെ ആ​ക്രമണം

പെരുമ്പാവൂർ പോലുള്ള വ്യവസായമേഖലയിലേക്ക് ലക്ഷക്കണക്കിന് തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നുണ്ട്. ഇത്ര വലിയ ജനസംഖ്യയിൽ ചിലർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നുണ്ടാകാം. എന്നാൽ അതിനെ കുടിയേറ്റ തൊഴിലാളി സമൂഹത്തിന്റെ സ്വഭാവമായി അവതരിപ്പിക്കുന്നത് തെറ്റാണ്. മാത്രമല്ല, കഴിഞ്ഞ കുറെ മാസങ്ങളായി പെരുമ്പാവൂരിനെ ലഹരിയുടെ ഉറവിടമായി ചിത്രീകരിക്കുന്ന സംസ്കാരം കേരളത്തിലുണ്ട്. അതിൽ സാമൂഹിക മാധ്യമങ്ങൾക്കുള്ള പങ്കു ചെറുതല്ല. കുടിയേറ്റ തൊഴിലാളികൾ ലഹരി ഉപയോഗിക്കുന്നില്ല എന്നല്ല പറയുന്നത്. എന്നാൽ ഇത് പൊതുബോധമായി മാറ്റുന്ന സാമൂഹ്യസാഹചര്യം സൃഷ്ടിക്കുന്ന ഇടപെടുകൾ ബോധപൂർവ്വം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ചിലരുടെ പൊതുപ്രസ്താവനകളിലും അന്തർ സംസ്ഥാന തൊഴിലാളികളെ ലഹരിവ്യാപാരവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കപ്പെട്ടു.

തുടർന്ന്, പെരുമ്പാവൂർ കണ്ടന്തറ ഭാഗത്ത് "ജനകീയ സംരക്ഷണസമിതി" എന്ന പേരിൽ പ്രവർത്തിച്ച ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കെതിരെ പ്രചാരണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 2026 ഫെബ്രുവരി ഒന്നിന് ലഹരി വ്യാപാരം, സാമൂഹിക സുരക്ഷ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തൊഴിലാളികൾക്കെതിരെ ഭായി കോളനി എന്ന പ്രദേശത്ത് മലയാളികളുടെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടായി. കണ്ണിൽ കണ്ട തൊഴിലാളികളെയെല്ലാം മർദ്ദിച്ചു. അരയ്ക്കു താഴെ തല്ലിക്കോളാൻ വരെ ലോക്കൽ പൊലീസിന്റെ മൗനാനുവാദം പ്രദേശവാസികൾക്ക് കിട്ടിയിരുന്നു എന്നാണ് ഞാൻ സംസാരിച്ച പ്രദേശവാസികളിൽനിന്ന് അറിയാൻ സാധിച്ചത്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ഭയവും പ്രതികാരഭീഷണിയും കാരണം ഭൂരിഭാഗം തൊഴിലാളികളും പരാതി നൽകാൻ തയ്യാറായില്ല. എന്നാൽ പശ്ചിമബംഗാളിലെ ജലാംഗി സ്വദേശിയായ ഒരാൾ പൊലീസിൽ ഔദ്യോഗിക പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് സി സി ടി വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചശേഷം, ആക്രമണത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയനേതാവിനെ അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമിക്കപ്പെട്ട തൊഴിലാളികൾക്കെതിരെ ഉന്നയിക്കപ്പെട്ട ലഹരി സംബന്ധമായ ആരോപണങ്ങൾക്ക് അന്വേഷണത്തിൽ വ്യക്തമായ തെളിവ് ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ തൊഴിലാളികളുടെ മൊഴികൾ രേഖപ്പെടുത്തുന്നതിനും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഇതര സംസ്ഥാനക്കാരനായ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെയും ചില വിഭാഗങ്ങളിൽനിന്ന് വിമർശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉയർന്നതായി റിപ്പോർട്ടുണ്ടായി.

2026 ഫെബ്രുവരി ഒന്നിന് ലഹരി വ്യാപാരം, സാമൂഹിക സുരക്ഷ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തൊഴിലാളികൾക്കെതിരെ ഭായി കോളനി എന്ന പ്രദേശത്ത് മലയാളികളുടെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടായി.
2026 ഫെബ്രുവരി ഒന്നിന് ലഹരി വ്യാപാരം, സാമൂഹിക സുരക്ഷ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തൊഴിലാളികൾക്കെതിരെ ഭായി കോളനി എന്ന പ്രദേശത്ത് മലയാളികളുടെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടായി.

ഇതിനിടെ, പെരുമ്പാവൂരിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി ജില്ലാ പൊലീസ് സമാധാനയോഗം വിളിച്ചുചേർത്തു. അതിനിടയിലും പിന്നീട് അന്തർസംസ്ഥാന തൊഴിലാളികൾക്കെതിരെ പ്രതിഷേധമാർച്ചുകളും അവരെ കൂട്ടത്തോടെ കുറ്റവാളികളായി ചിത്രീകരിക്കുന്ന പ്രസ്താവനകളും അവർക്കെതിരെ പരസ്യമായി ഫ്ളക്സ് ബോർഡുകളും വെച്ചു. മുൻ പെരുമ്പാവൂർ എം.എൽ.എ തന്റെ ഇൻസ്റ്റാഗ്രാമിൽ അത് റീൽസായി ഇടുകയും ചെയ്തു. ഈ സംഭവം ഒരു പ്രധാന ചോദ്യമുയർത്തുന്നു: ലഹരി വ്യാപാരത്തിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ നിയമം പാലിച്ച് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് നീതിയാണോ?

കഴിഞ്ഞദിവസം ലഹരി ഉപയോഗം ആരോപിച്ച് പെരുമ്പാവൂരിലെ ഭായി കോളനിയിൽ മൂന്ന് യുവാക്കളെ ആറംഗസംഘം ആക്രമിക്കുകയും അവരുടെ തല മൊട്ടയടിക്കുകയും ചെയ്ത സംഭവമുണ്ടായി. മർദ്ദനമേറ്റവർ അന്തർസംസ്ഥാന തൊഴിലാളികളായിരുന്നോ തദ്ദേശീയരായിരുന്നോ എന്നത് മാത്രമല്ല പ്രധാന വിഷയം. നിയമം കയ്യിലെടുത്ത് ആൾക്കൂട്ടം തന്നെ ശിക്ഷ വിധിക്കാമെന്ന മനോഭാവം ഒരു സമൂഹത്തിൽ എങ്ങനെ രൂപപ്പെടുന്നു എന്നതാണ് കൂടുതൽ ഗൗരവത്തോടെ പരിശോധിക്കേണ്ട ചോദ്യം.

സാമൂഹിക മനഃശാസ്ത്രത്തിൽ (Social Psychology) ഇതിനെ മോബിന്റെ മനഃശാസ്ത്രം (Mob Psychology), മോറൽ പാനിക് (Moral Panic), ബലിയാടാക്കൽ (Scapegoating) എന്നീ ആശയങ്ങളിലൂടെ വിശദീകരിക്കാറുണ്ട്. ഒരു സാമൂഹിക പ്രശ്നത്തെക്കുറിച്ച് അമിതമായ ഭയവും സംശയവും സമൂഹത്തിൽ വ്യാപിക്കുമ്പോൾ, തെളിവുകളേക്കാൾ വികാരങ്ങളാണ് പലപ്പോഴും ആളുകളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ വ്യക്തിയുടെ നിയമബോധം പിന്നിലേക്ക് പോകുകയും, ആൾക്കൂട്ടത്തിന്റെ വികാരമാണ് തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും വലിയ അപകടം, കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പേ ചിലരെ സമൂഹം കുറ്റവാളികളായി മുദ്രകുത്തുകയും, അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ്. അത് നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. പ്രത്യേകിച്ച് അന്തർസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച്, "ലഹരിയുടെ പേരിൽ ആക്രമിക്കപ്പെട്ടാൽ അതിന് സാമൂഹിക ന്യായീകരണം കണ്ടെത്താം" എന്ന തരത്തിലുള്ള മനോഭാവം സമൂഹത്തിൽ വളർന്നുവരുന്നുണ്ടെങ്കിൽ അത് അതീവ ആശങ്കാജനകമാണ്. കാരണം, അത്തരം സമീപനം യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നില്ല; മറിച്ച് നിരപരാധികൾ ആക്രമിക്കപ്പെടാനും സമൂഹത്തിൽ ഭയവും വിദ്വേഷവും വർധിക്കാനും ഇടയാക്കും. കേരളം എല്ലായ്പ്പോഴും നിയമവാഴ്ചയും സാമൂഹിക ഐക്യവും ഉയർത്തിപ്പിടിച്ച സമൂഹമാണ്. അതിനാൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ അനിവാര്യമാണ്. എന്നാൽ നിയമം നടപ്പാക്കേണ്ടത് സംസ്ഥാനമാണ്; ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്; ആൾക്കൂട്ടമല്ല. അതാണ് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന തത്വം.

പൊതുസുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, മനുഷ്യാവകാശം, വിവേചനരഹിതമായ നിയമനിർവഹണം എന്നിവയും സംരക്ഷിക്കപ്പെടണം. കുറ്റവാളികളെ കണ്ടെത്തുന്നതും ഒരു മുഴുവൻ സമൂഹത്തെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. യഥാർത്ഥ നിയമനടപടി തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; ഒരു സംസ്ഥാനത്തുനിന്ന് വന്നതുകൊണ്ടോ ഒരു ഭാഷ സംസാരിക്കുന്നതുകൊണ്ടോ ആരും കുറ്റവാളിയാകുന്നില്ല.

എന്തുകൊണ്ട്
പെരുമ്പാവൂർ?

കേരളത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല എറണാകുളമാണ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. കൊച്ചിയിലെ കലൂർ, കടവന്ത്ര, തേവര തുടങ്ങിയ പ്രദേശങ്ങൾ വർഷങ്ങളായി പ്രധാന ലേബർ മാർക്കറ്റുകളാണ്. പെരുമ്പാവൂർ പ്ലൈവുഡ് വ്യവസായത്തിന്റെ കേന്ദ്രമായതിനാൽ അവിടെ തൊഴിലാളികളുടെ സാന്നിധ്യം കൂടുതലാണ് എന്നത് ശരിയാണ്. എങ്കിലും, കേരളത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നുമാത്രമാണ് പെരുമ്പാവൂർ. എന്നാൽ അത് ഒരേയൊരു കേന്ദ്രമല്ല. ഇതുപോലുള്ള വലിയ തൊഴിലാളി കേന്ദ്രങ്ങൾ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ട്.

തിരുവനന്തപുരത്ത് കഴക്കൂട്ടം– കോവളം മേഖല, കോഴിക്കോട്ട് മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബേപ്പൂർ, തൃശ്ശൂരിൽ പുഴയ്ക്കൽ, അടാട്ട്, ഒല്ലൂർ, കണ്ണൂരിൽ വളപട്ടണം, പാലക്കാട് കഞ്ചിക്കോട്, കോട്ടയത്ത് പായിപ്പാട്, ആലപ്പുഴയിൽ ആറൂർ, കാസർഗോഡ് ചേർക്കളയും ചട്ടഞ്ചാലും, വയനാട്ടിലെ കൽപ്പറ്റ, മീനങ്ങാടി, പനമരം എന്നിവിടങ്ങളിലെല്ലാം വലിയ തോതിൽ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം

Source: Kerala Labour Department, RTI Reply to Navas M khadar, 30 March 2023.
Source: Kerala Labour Department, RTI Reply to Navas M khadar, 30 March 2023.

അതായത്, അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നത് പെരുമ്പാവൂരിന്റെ മാത്രം പ്രത്യേകതയല്ല; കേരളത്തിലെ പല വ്യവസായ-നിർമാണ കേന്ദ്രങ്ങളുടെയും പൊതുസ്വഭാവമാണ്. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതാണ്: കേരളത്തിൽ ഇത്രയും വലിയ അന്തർസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ ഉണ്ടായിരിക്കെ, എന്തുകൊണ്ടാണ് പെരുമ്പാവൂർ മാത്രം സ്ഥിരമായി ചർച്ചയുടെ കേന്ദ്രമാകുന്നത്?

പെരുമ്പാവൂരിലെയും കേരളത്തിലെ മറ്റ് വ്യവസായ കേന്ദ്രങ്ങളിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയെ ലഹരി എന്ന ഒറ്റ വിഷയത്തിലൂടെ മാത്രം വിലയിരുത്താൻ കഴിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിലാളി–തൊഴിലുടമ ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കുശേഷം കേരളത്തിൽ രൂക്ഷമായ തൊഴിലാളിക്ഷാമം അനുഭവപ്പെട്ടു. ഇതോടെ അന്തർസംസ്ഥാന തൊഴിലാളികളുടെ തൊഴിൽശക്തിക്ക് (labour power) വലിയ ഡിമാൻഡ് ഉണ്ടാവുകയും, അവർ കൂടുതൽ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെടാൻ തുടങ്ങുകയും ചെയ്തു. ഇത് തൊഴിൽവിപണിയുടെ സ്വാഭാവികമായ ഒരു സാമ്പത്തിക പ്രതികരണമാണ്. തൊഴിൽശക്തിക്ക് ആവശ്യക്കാർ വർധിക്കുമ്പോൾ തൊഴിലാളികൾ കൂടുതൽ വിലപേശൽ ശേഷി (bargaining power) നേടുന്നത് തൊഴിൽസമ്പദ്‌ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്.

കേരളത്തിൽ അവധിക്ക് നാട്ടിൽപോയി തൊഴിലാളികൾ മടങ്ങിവരുന്ന സമയത്ത്, റെയിൽവേ സ്റ്റേഷനുകളിൽ നിന്നുതന്നെ ഏജന്റുമാരും തൊഴിലുടമകളും അവരെ ജോലിക്കായി നേരിട്ട് സമീപിക്കുന്ന സാഹചര്യം ഇന്ന് നിലനിൽക്കുന്നു. ഇത് തൊഴിലാളികൾക്ക് ലഭ്യമായ തൊഴിലവസരങ്ങളുടെ വർധനയെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, തങ്ങളുടെ തൊഴിൽശക്തിക്ക് അർഹമായ വേതനവമടക്കമുള്ളവ ആവശ്യപ്പെടുന്നത് അവരുടെ സ്വാഭാവിക അവകാശമാണ്.

എന്നാൽ ഈ മാറ്റം ചില മേഖലകളിൽ പരമ്പരാഗത തൊഴിൽബന്ധങ്ങളിൽ സംഘർഷം സൃഷ്ടിച്ചിട്ടുണ്ടെന്നതും നിഷേധിക്കാനാവില്ല. മുമ്പ് തൊഴിലാളികൾക്ക് അവരു​ടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങൾ പരിമിതമായിരുന്നെങ്കിൽ, ഇന്ന് അവർ വേതനം, താമസസൗകര്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ ശക്തമായി സംസാരിക്കുന്നുണ്ട്. ഇത് ചില തൊഴിലുടമകൾക്കും ഇടനിലക്കാർക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റമായാണ് കാണേണ്ടത്.

അതുകൊണ്ട്, അന്തർ സംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ചകളെ ലഹരി പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ മാത്രം കാണാതെ, തൊഴിൽ വിപണിയിലെ അധികാരബന്ധങ്ങൾ (power relations), വേതന ചർച്ചകൾ (wage bargaining), തൊഴിൽ അവകാശങ്ങൾ (labour rights), സാമൂഹിക മുൻവിധികൾ എന്നിവയുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യേണ്ടതുണ്ട്.

കുടിയേറ്റവുമായി ബന്ധമില്ലാത്ത ലഹരി

ലഹരിക്കെതിരായ നടപടികൾ അനിവാര്യമാണ്. അതോടൊപ്പം തൊഴിലാളികളുടെ ന്യായമായ വേതനാവകാശവും തൊഴിൽ അന്തസ്സും സംരക്ഷിക്കപ്പെടണം. ഈ രണ്ട് വിഷയങ്ങളെ കൂട്ടിക്കലർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും സഹായകരമാകില്ല

ലഹരി ശൃംഖലകൾ സാധാരണ പ്രാദേശികവും അന്തർസംസ്ഥാനതലത്തിലുമുള്ള സംഘടിത കുറ്റകൃത്യ ശൃംഖലകളാണ്. അവയെ ഒരു പ്രത്യേക തൊഴിൽവിഭാഗത്തോടോ സംസ്ഥാനത്തോടോ ബന്ധപ്പെടുത്തി കാണുന്നത് അന്വേഷണത്തെയും പൊതുചർച്ചയെയും തെറ്റായ ദിശയിലേക്ക് നയിക്കാം.. അതേസമയം, സമൂഹത്തിൽ മയക്കുമരുന്ന് പോലുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ, തെളിവുകളേക്കാൾ മുൻവിധികളും പൊതുബോധങ്ങളും അടിസ്ഥാനമാക്കി അന്തർസംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രവണതയും ശക്തിപ്പെടാറുണ്ട്.

സാമൂഹ്യശാസ്ത്രത്തിൽ ഇതിനെ "ബലിയാടാക്കൽ പ്രക്രിയ" (The Scapegoat Cycle) എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു സമൂഹം നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങൾക്ക് യഥാർത്ഥ ഘടനാപരമായ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം, രാഷ്ട്രീയമായോ സാമൂഹികമായോ ദുർബലരായ ഒരു വിഭാഗത്തെ ഉത്തരവാദികളായി ചിത്രീകരിക്കുന്ന പ്രക്രിയയാണിത്. പൊതുജനങ്ങളുടെ ആശങ്കയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനായി ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുക, അവരെ "അന്യർ" എന്ന നിലയിൽ അവതരിപ്പിക്കുക, മാധ്യമങ്ങളിലൂടെ തെളിവുകളില്ലാത്ത ബന്ധങ്ങൾ ആവർത്തിക്കുക, തുടർന്ന് കർശന നടപടികളെ ന്യായീകരിക്കുക എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാണ് ഈ പ്രക്രിയ സാധാരണയായി മുന്നേറുന്നത്.

പെരുമ്പാവൂരിലെയും കേരളത്തിലെ മറ്റ് വ്യവസായ കേന്ദ്രങ്ങളിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയെ ലഹരി എന്ന ഒറ്റ വിഷയത്തിലൂടെ മാത്രം വിലയിരുത്താൻ കഴിയില്ല.
പെരുമ്പാവൂരിലെയും കേരളത്തിലെ മറ്റ് വ്യവസായ കേന്ദ്രങ്ങളിലെയും അന്തർസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയെ ലഹരി എന്ന ഒറ്റ വിഷയത്തിലൂടെ മാത്രം വിലയിരുത്താൻ കഴിയില്ല.

എന്നാൽ അന്താരാഷ്ട്ര ഗവേഷണങ്ങളും വിവിധ രാജ്യങ്ങളിലെ അനുഭവങ്ങളും സൂചിപ്പിക്കുന്നത് കുടിയേറ്റക്കാരും കുറ്റകൃത്യങ്ങളും തമ്മിൽ സ്വാഭാവികമായോ അനിവാര്യമായോ ഒരു ബന്ധമില്ലെന്നാണ്. പല സാഹചര്യങ്ങളിലും കുടിയേറ്റക്കാർ തദ്ദേശീയരെക്കാൾ കൂടുതൽ നിയമം പാലിക്കുന്നവരാണെന്നും, മയക്കുമരുന്ന് വ്യാപനം ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ പ്രശ്നമല്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ തെളിവുകളില്ലാതെ മുഴുവൻ തൊഴിലാളി സമൂഹത്തെയും കുറ്റവാളികളായി ചിത്രീകരിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമല്ല; മറിച്ച് സാമൂഹിക വിഭജനവും അവിശ്വാസവും വർധിപ്പിക്കാനാണ് സാധ്യത.

കുടിയേറ്റ തൊഴിലാളികളെ കുറ്റവാളികളായി മുദ്രകുത്തുന്ന സമീപനം പൊതുസുരക്ഷയും ദുർബലപ്പെടുത്തും. നിയമസംരക്ഷണ സംവിധാനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയും, തൊഴിലാളികൾ ആരോഗ്യസേവനങ്ങളിൽ നിന്നും സാമൂഹിക പിന്തുണാ സംവിധാനങ്ങളിൽ നിന്നും അകന്നുപോകുകയും ചെയ്യും. അതേസമയം, മോശം തൊഴിൽ സാഹചര്യങ്ങൾ, പാർപ്പിട പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, ആരോഗ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയ യഥാർത്ഥ ഘടനാപരമായ കാരണങ്ങൾ പൊതുചർച്ചയിൽ നിന്ന് മറഞ്ഞുപോകും.

അതുകൊണ്ട്; മയക്കുമരുന്ന് എന്ന വിഷയത്തെ ആഭ്യന്തര കുടിയേറ്റവുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോൾ മുൻവിധികളല്ല, തെളിവുകളാണ് അടിസ്ഥാനമാകേണ്ടത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം, നിയമം പാലിക്കുന്ന ലക്ഷക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം. ശിക്ഷാകേന്ദ്രിത സമീപനത്തേക്കാൾ തൊഴിലാളിസൗഹൃദത്തിന്റെയും മനുഷ്യാവകാശാധിഷ്ഠിതവും ഉൾക്കൊള്ളലിന്റെയും അടിസ്ഥാനത്തിലുള്ള നയങ്ങളാണ് ദീർഘകാല പൊതുസുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും കൂടുതൽ ഫലപ്രദമെന്ന് അന്താരാഷ്ട്ര അനുഭവങ്ങൾ സൂചിപ്പിക്കുന്നു.

കുടിയേറ്റ പ്രശ്നമല്ല, പൊതുജനാരോഗ്യപ്രശ്നമാണ്
ലഹരി

ലഹരി ഉപയോഗത്തെ നിയമ- സുരക്ഷാ വിഷയമായി മാത്രം കാണാൻ കഴിയില്ല; അത് ഒരു ആരോഗ്യ, തൊഴിൽ, സാമൂഹിക വികസന വിഷയമാണ്. കേരളത്തിൽ ലഹരി ചികിത്സയ്ക്കും മാനസികാരോഗ്യ സേവനങ്ങൾക്കുമായി സർക്കാർ സംവിധാനങ്ങൾ നിലവിലുണ്ട്. വിമുക്തി മിഷൻ, സർക്കാർ ആശുപത്രികളിലെ ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പിന്റെ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ അതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരി വിമുക്ത ചികിത്സാ സേവനങ്ങൾ ലഭ്യമാണ്.

എന്നാൽ, സേവനങ്ങൾ നിലവിലുണ്ട് എന്നത് മാത്രമല്ല പ്രധാനം; അവ അന്തർസംസ്ഥാന തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ പ്രാപ്യമാണോ എന്നതാണ് പ്രധാന ചോദ്യം. ലോകാരോഗ്യ സംഘടനയും (WHO) അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) ആവർത്തിച്ച് പറയുന്നത്, Universal Health Coverage എന്നത് ആശുപത്രികളുടെ സാന്നിധ്യം കൊണ്ടുമാത്രം നിലവിൽ വരുന്നതല്ല, ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് വിവേചനമില്ലാതെ ഇത്തരം സേവനങ്ങൾ പ്രാപ്യമാക്കുക എന്നതാണ് പ്രധാനം.

പ്രായോഗികമായി ഇന്ന് നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല. ലഹരിക്കടിമപ്പെട്ട ഒരു അന്തർസംസ്ഥാന തൊഴിലാളിയെ ആരാണ് ആശുപത്രിയിലെത്തിക്കേണ്ടത്? ചികിത്സയുടെ ഉത്തരവാദിത്വം ആരുടേതാണ്? തൊഴിലുടമയുടേതോ, ആരോഗ്യവകുപ്പിന്റേതോ, തൊഴിൽ വകുപ്പിന്റേതോ, തദ്ദേശ സ്ഥാപനങ്ങളുടേതോ? അയൽവാസികൾക്കും നാട്ടുകാർക്കും ഇത്തരമൊരു പ്രശ്നം കണ്ടാൽ ആരെയാണ് അറിയിക്കേണ്ടത്? പൊലീസ്, ആരോഗ്യവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ തമ്മിലുള്ള ഏകോപിത റഫറൽ സംവിധാനം എവിടെയാണ്? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ലാത്തത് സേവനലഭ്യതയെ ബാധിക്കുന്നു.

അതോടൊപ്പം, ലഹരി വിമുക്ത ചികിത്സയ്ക്കായി അന്തർസംസ്ഥാന തൊഴിലാളികളെ ആശുപത്രികളിലേക്കോ ഡി- അഡിക്ഷൻ കേന്ദ്രങ്ങളിലേക്കോ എത്തിക്കുന്നതിനിടെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും നേരിടുന്ന ഭരണപരമായും സാമൂഹികമായും ഉള്ള വെല്ലുവിളികളും നാം ഗൗരവമായി കാണേണ്ടതുണ്ട്.

എന്റെ ഗവേഷണാനുഭവത്തിൽ, അന്തർസംസ്ഥാന തൊഴിലാളികൾ ചികിത്സ തേടുന്നതിന് മുന്നിൽ നിൽക്കുന്ന പ്രധാന തടസ്സങ്ങൾ ഇവയാണ്:

  • ഭാഷാ തടസ്സം മൂലം ആരോഗ്യപ്രവർത്തകരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയാത്തത്.

  • ലഹരി വിമുക്തി കേന്ദ്രങ്ങളെയും ആരോഗ്യ സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തൊഴിലാളികളിലേക്ക് എത്താത്തത്.

  • ചികിത്സ തേടിയാൽ ജോലി നഷ്ടപ്പെടുമെന്ന ഭയം അല്ലെങ്കിൽ തൊഴിലുടമയുടെ പ്രതികൂല സമീപനം.

  • തിരിച്ചറിയൽ രേഖകൾ, ഇൻഷുറൻസ്, മറ്റ് ഭരണപരമായ നടപടിക്രമങ്ങൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ.

  • മാനസികാരോഗ്യവും ലഹരി ചികിത്സയും സംബന്ധിച്ച സാമൂഹിക അപമാനബോധവും വിവേചനവും.

ഈ സാഹചര്യത്തിൽ, ലഹരി ഉപയോഗത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നമായാണ് സമീപിക്കേണ്ടത്. ലോകാരോഗ്യ സംഘടനയും ഐ.ഒ.എമ്മും മുന്നോട്ടുവയ്ക്കുന്ന സമീപനം ശിക്ഷയേക്കാൾ ചികിത്സയ്ക്കും, ഒറ്റപ്പെടുത്തലിനേക്കാൾ ഉൾച്ചേർക്കലിനും, കുറ്റവൽക്കരണത്തേക്കാൾ പുനരധിവാസത്തിനുമാണ് പ്രാധാന്യം നൽകുന്നത്.

അതുകൊണ്ട്, കേരളത്തിന്റെ നിലവിലുള്ള 'വിമുക്തി മിഷൻ', 'കവചം', മറ്റ് ആരോഗ്യ പദ്ധതികൾ എന്നിവയെ കുടിയേറ്റ തൊഴിലാളി സൗഹൃദ സേവനങ്ങളാക്കി വികസിപ്പിക്കേണ്ടതുണ്ട്. ബഹുഭാഷാ കൗൺസിലിംഗ്, മൊബൈൽ ആരോഗ്യ സേവനങ്ങൾ, ലേബർ ക്യാമ്പുകളിലെ സ്ഥിരം ആരോഗ്യ പരിശോധന, തൊഴിലുടമകളുടെ പങ്കാളിത്തം, സാമൂഹിക പ്രവർത്തകരുടെ പിന്തുണ, ആരോഗ്യ–തൊഴിൽ–പോലീസ്–തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപിത റഫറൽ സംവിധാനം എന്നിവ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളായ (SDGs) "ആരോഗ്യവും ക്ഷേമവും" (SDG 3), "മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും" (SDG 8), "അസമത്വങ്ങൾ കുറയ്ക്കൽ" (SDG 10), "നീതിയും ശക്തമായ സ്ഥാപനങ്ങളും" (SDG 16) എന്നിവയുടെ അടിസ്ഥാന തത്വങ്ങളുമായി പൂർണമായും യോജിക്കുന്ന സമീപനമാണ്.

ലഹരിക്ക് അടിമപ്പെട്ട ഒരു അന്തർസംസ്ഥാന തൊഴിലാളിയെ കുറ്റവാളിയായി കാണുകയല്ല, ചികിത്സയും പുനരധിവാസവും ആവശ്യമായ ഒരു വ്യക്തിയായി കാണുകയാണ് പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വം. അതോടൊപ്പം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളും മനുഷ്യാവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുമ്പോഴാണ് സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം രൂപപ്പെടുക.

കേരളത്തിലെ എല്ലാ അന്തർസംസ്ഥാന തൊഴിലാളികളും ലഹരി ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത് എന്ന ധാരണ ശാസ്ത്രീയമായോ സാമൂഹ്യശാസ്ത്രപരമായോ ശരിയല്ല. ഈ ചർച്ചയിൽ ആദ്യം ചോദിക്കേണ്ട ചോദ്യം ‘ലഹരി’ എന്നത് എന്താണ്? എന്നതാണ്. പുകയില, സിഗരറ്റ്, മദ്യം, പാൻ മസാല, ഹാൻസ്, ഗുട്ട്ക, കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകൾ- ഇവയെല്ലാം ഒരേ വിഭാഗത്തിൽപ്പെടുത്താനാകില്ല. ആരോഗ്യപരമായും നിയമപരമായും സാമൂഹികമായും ഇവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്.

കേരളത്തിലെ എല്ലാ അന്തർസംസ്ഥാന തൊഴിലാളികളും ലഹരി ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത് എന്ന ധാരണ ശാസ്ത്രീയമായോ സാമൂഹ്യശാസ്ത്രപരമായോ ശരിയല്ല.
കേരളത്തിലെ എല്ലാ അന്തർസംസ്ഥാന തൊഴിലാളികളും ലഹരി ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത് എന്ന ധാരണ ശാസ്ത്രീയമായോ സാമൂഹ്യശാസ്ത്രപരമായോ ശരിയല്ല.

കേരളത്തിൽ പുകയില ഉപയോഗിക്കുന്നവരെയും സിഗരറ്റ് വലിക്കുന്നവരെയും മദ്യപിക്കുന്നവരെയും ‘ലഹരി ഉപയോഗിക്കുന്നവർ’ എന്ന് പൊതുവായി വിശേഷിപ്പിക്കുന്നുവെങ്കിൽ, അതേ നിർവചനം അന്തർസംസ്ഥാന തൊഴിലാളികൾക്കും ബാധകമാകും. എന്നാൽ അങ്ങനെ പറയുന്നത് യാഥാർഥ്യത്തെ വിശദീകരിക്കുന്നില്ല. അതുപോലെ, അന്തർസംസ്ഥാന തൊഴിലാളികളിൽ ചിലർ നിരോധിത ലഹരി ഉപയോഗിക്കുന്നുണ്ടാകാം എന്നത് വസ്തുതയായിരിക്കാം; പക്ഷേ അതിൽ നിന്ന് എല്ലാ തൊഴിലാളികളെയും അങ്ങനെ ചിത്രീകരിക്കുന്നത് ശാസ്ത്രീയ നിഗമനമല്ല, മുൻവിധിയാണ്.

ഒരു ഗവേഷകനെന്ന നിലയിൽ എന്റെ ഫീൽഡ് അനുഭവം പറയുന്നത്, ചില അതികഠിനമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ- അന്തർസംസ്ഥാന തൊഴിലാളികളായാലും തദ്ദേശീയ തൊഴിലാളികളായാലും- മദ്യമോ പുകയില ഉൽപ്പന്നങ്ങളോ മറ്റ് ഉത്തേജക വസ്തുക്കളോ ഉപയോഗിക്കുന്നതായി കാണാറുണ്ട്. എട്ടുമണിക്കൂറിലധികം കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവർ, മലിനജല ശുചീകരണം, മാലിന്യ സംസ്കരണം, ഉയർന്ന അപകടസാധ്യതയുള്ള നിർമ്മാണ ജോലികൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ ചിലപ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം മറികടക്കാൻ ഇത്തരം വസ്തുക്കളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇതിനെ ആ ജോലിയിലെ എല്ലാവരുടെയും സ്വഭാവമായി പൊതുവൽക്കരിക്കാൻ കഴിയില്ല.

ഇവിടെ പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ലഹരി ഉപയോഗത്തിന് കാരണം കുടിയേറ്റമാണോ, അതോ തൊഴിൽ സാഹചര്യങ്ങളാണോ? ലോകാരോഗ്യ സംഘടനയും (WHO) അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ILO) തൊഴിൽ ആരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്, ദീർഘമായ ജോലിസമയം, അമിതമായ ശാരീരിക അധ്വാനം, സാമൂഹിക ഒറ്റപ്പെടൽ, മാനസിക സമ്മർദ്ദം, വിശ്രമത്തിന്റെ അഭാവം എന്നിവ ആരോഗ്യപരമായ അപകടസാധ്യതകൾ വർധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ്. അതിനാൽ തൊഴിലാളിയുടെ ആരോഗ്യ പെരുമാറ്റത്തെ മനസ്സിലാക്കാൻ തൊഴിൽ സാഹചര്യങ്ങളെയും സാമൂഹിക പശ്ചാത്തലത്തെയും ഒരുമിച്ച് കാണേണ്ടതുണ്ട്.

അതുകൊണ്ട് ലഹരി ഉപയോഗത്തെ "കുടിയേറ്റക്കാരുടെ പ്രശ്നം" എന്ന രീതിയിൽ അവതരിപ്പിക്കുന്നത് യാഥാർഥ്യത്തെ ലളിതവൽക്കരിക്കുകയാണ്. ഇത് തൊഴിൽ, ആരോഗ്യം, മാനസികാരോഗ്യം, ദാരിദ്ര്യം, സാമൂഹിക ഒറ്റപ്പെടൽ, തൊഴിൽ ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഒരു വിഷയമാണ്.

കേരളത്തിൽ ലക്ഷക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരിൽ ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരുണ്ട്, കുടുംബമായി താമസിക്കുന്നവരുണ്ട്, സ്ത്രീ തൊഴിലാളികളുണ്ട്, കുട്ടികളെ പഠിപ്പിച്ച് ഇവിടെ ജീവിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരെയെല്ലാം ഒരേ കണ്ണിലൂടെ കാണാനോ മുൻവിധിയുടെ അടിസ്ഥാനത്തിൽ വിലയിരുത്താനോ കഴിയില്ല. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് അത് ഏറ്റവും ദുർബലരായ മനുഷ്യരെ എങ്ങനെ കാണുന്നു എന്നതുകൊണ്ടാണ്. അന്തർസംസ്ഥാന തൊഴിലാളികളെ ആദ്യം "തൊഴിലാളികൾ" എന്നതിലുപരി "മനുഷ്യർ" ആയി കാണാൻ നമുക്ക് കഴിയണം. മനുഷ്യനെ മനുഷ്യനായി കാണുന്നിടത്താണ് ജനാധിപത്യവും പൊതുജനാരോഗ്യവും യഥാർത്ഥ വികസനവും ആരംഭിക്കുന്നത്.

കേരളത്തിലെത്തുന്ന ഓരോ അന്തർസംസ്ഥാന തൊഴിലാളിയും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരാണോ എന്നത് കണ്ടെത്തേണ്ടത് നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ്; സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരു മുഴുവൻ സമൂഹത്തെയും കാണാൻ കഴിയില്ല. അതിനാൽ, കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയങ്ങൾ സുരക്ഷാ കാഴ്ചപ്പാടിൽ മാത്രമല്ല, പൗരാവകാശം, തൊഴിൽ, പൊതുജനാരോഗ്യം, സാമൂഹിക സംരക്ഷണം, വികസനം എന്നീ മേഖലകളെ സംയോജിപ്പിച്ചുള്ള സമീപനത്തിലായിരിക്കണം.

‘ഓപ്പറേഷൻ തൂഫാനു’വേണം, സമഗ്ര സമീപനം

പ്രാഥമികമായി ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ നടപടിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നതെങ്കിലും, അന്തർ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ഇതിനെ പൊതുജനാരോഗ്യം, തൊഴിലവകാശങ്ങൾ, മനുഷ്യവികസനം, ആഭ്യന്തര കുടിയേറ്റ ഭരണം (Migration Governance) എന്നിവയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM), അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO), ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവയെല്ലാം ഒരു കാര്യമാണ് ആവർത്തിച്ച് പറയുന്നത്: കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് തൊഴിലാളികളുടെ മാത്രം കാര്യമല്ല; അത് ആതിഥേയ സമൂഹത്തിന്റെ ആരോഗ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക സുരക്ഷയുടെയും ഭാഗമാണ്.

കേരളത്തിന്റെ യാഥാർഥ്യവും ഇതുതന്നെയാണ്. ഇന്ന് നിർമ്മാണം, വ്യവസായം, പ്ലൈവുഡ്, മത്സ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി, കൃഷി, സേവന മേഖലകൾ തുടങ്ങി നിരവധി മേഖലകൾ അന്തർസംസ്ഥാന തൊഴിലാളികളുടെ അധ്വാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. കേരളം നേരിടുന്ന ജനസംഖ്യാപരമായ മാറ്റങ്ങൾ, പ്രായമായ ജനസംഖ്യയുടെ വർധന, പ്രാദേശിക തൊഴിലാളികളുടെ കുറവ് എന്നിവ കണക്കിലെടുക്കുമ്പോൾ, അന്തർസംസ്ഥാന തൊഴിലാളികൾ ഇനി ഒരു "പുറത്തുനിന്നുള്ള തൊഴിൽശക്തി" മാത്രമല്ല; കേരളത്തിന്റെ വികസന പങ്കാളികളാണ്.

അതുകൊണ്ട് തന്നെ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ അഞ്ചു തലങ്ങളിലായിരിക്കണം.

  1. ആരോഗ്യം:
    ഓരോ വലിയ തൊഴിലാളി ക്ലസ്റ്ററിലും ബഹുഭാഷാ ആരോഗ്യസേവനങ്ങൾ, മാനസികാരോഗ്യ കൗൺസിലിംഗ്, ലഹരി വിമുക്ത ചികിത്സ, മൊബൈൽ ക്ലിനിക്കുകൾ, തൊഴിൽസ്ഥല ആരോഗ്യ പരിശോധന എന്നിവ ശക്തിപ്പെടുത്തണം. ചികിത്സ തേടുന്ന തൊഴിലാളിയെ കുറ്റവാളിയായി കാണാതെ, രോഗിയായി കാണുന്ന പൊതുജനാരോഗ്യ സമീപനമാണ് സ്വീകരിക്കേണ്ടത്.

  2. തൊഴിൽ സംരക്ഷണം:
    സുരക്ഷിത താമസം, മാന്യമായ വേതനം, തൊഴിൽ സുരക്ഷ, തൊഴിൽ കരാറുകളുടെ സുതാര്യത, തൊഴിലിട സുരക്ഷ എന്നിവ ഉറപ്പാക്കണം. പല അന്താരാഷ്ട്ര പഠനങ്ങളും കാണിക്കുന്നത് മോശം തൊഴിൽ സാഹചര്യങ്ങൾ ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദവും വർധിപ്പിക്കുമെന്നാണ്.

  3. ഏകീകൃത ഭരണസംവിധാനം:
    നേരത്തെ സൂചിപ്പിച്ച വിവിധ വകുപ്പുകൾ സഹകരിക്കുന്ന ഏകീകൃത കുടിയേറ്റ തൊഴിലാളി മാനേജ്മെന്റ് സംവിധാനം രൂപീകരിക്കണം. രജിസ്ട്രേഷൻ എന്നത് നിരീക്ഷണത്തിനുവേണ്ടി മാത്രമല്ല, സർക്കാർ സേവനങ്ങളിലേക്കും ക്ഷേമ പദ്ധതികളിലേക്കും തൊഴിലാളികളെ ബന്ധിപ്പിക്കുന്ന സംവിധാനമാകണം.

  4. സാമൂഹിക ഐക്യം:
    ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതോടൊപ്പം വിവേചന വിരുദ്ധ ബോധവൽക്കരണവും ഭാഷാസഹായവും, നിയമസഹായവും സമൂഹവും തൊഴിലാളികളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്ന പരിപാടികളും ഉണ്ടാകണം. ഭയമുണ്ടാകുന്നിടത്ത് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടില്ല; വിശ്വാസമുള്ളിടത്താണ് സമൂഹവും പൊലീസും ഫലപ്രദമായി സഹകരിക്കുന്നത്.

  5. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയം: ഒരു വിഭാഗത്തെ പൊതുവായി സംശയിക്കുന്ന സമീപനത്തിന് പകരം കൃത്യമായ ഡാറ്റയും രഹസ്യാന്വേഷണവും അടിസ്ഥാനമാക്കിയുള്ള നിയമനടപടികളാണ് സ്വീകരിക്കേണ്ടത്. കുറ്റവാളികളെ ലക്ഷ്യമിടണം; സമൂഹങ്ങളെ അല്ല.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ തൂഫാൻ പോലുള്ള പരിപാടികൾ അന്തർസംസ്ഥാന തൊഴിലാളി സൗഹൃദമാകേണ്ടത്. ഒരു ലഹരി വിരുദ്ധ ഓപ്പറേഷന്റെ വിജയം അറസ്റ്റ് ചെയ്തവരുടെ എണ്ണം കൊണ്ടു മാത്രം അളക്കാൻ കഴിയില്ല. നിരപരാധികളായ തൊഴിലാളികൾക്ക് സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞോ, തൊഴിലാളികൾ പൊലീസിൽ വിശ്വാസമർപ്പിക്കുന്ന സാഹചര്യമുണ്ടാക്കിയോ, പൊതുജനാരോഗ്യ സേവനങ്ങളിലേക്ക് ആളുകളെ എത്തിക്കാനായോ എന്നതും വിജയത്തിന്റെ മാനദണ്ഡങ്ങളാകണം.

ഓപ്പറേഷൻ തൂഫാൻ 'Enforcement Plus Welfare' എന്ന മാതൃകയിലേക്ക് മാറണം. അതായത്, നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം, നിയമം പാലിക്കുന്ന ലക്ഷക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യസുരക്ഷ, തൊഴിൽ സംരക്ഷണം, നിയമസഹായം, ഭാഷാപിന്തുണ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സമഗ്ര പരിപാടിയായി അത് വികസിപ്പിക്കണം.

ഡേറ്റ മാത്രം മതിയോ?

കേരളത്തിൽ ഒരു അന്തർസംസ്ഥാന തൊഴിലാളിയുടെ ഉത്തരവാദിത്തം ഏത് വകുപ്പിനാണ്? തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യവസായ വകുപ്പ്, പൊതുഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തൊഴിൽദാതാക്കൾ-എല്ലാവരും ഈ വിഷയത്തിൽ ഭാഗികമായി ഇടപെടുന്നുണ്ടെങ്കിലും, അവയെ ഏകോപിപ്പിക്കുന്ന ഒരു സമഗ്ര ഭരണസംവിധാനം നിലവിലില്ല. അതിന്റെ പ്രത്യാഘാതമാണ് തൊഴിലാളികളും ഭരണ സംവിധാനവും തമ്മിലുള്ള അകലം വർധിക്കുന്നതും, പലപ്പോഴും തൊഴിലാളികൾ അനാവശ്യ സംശയത്തിനും വിവേചനത്തിനും ഇരയാകുന്നതും.

വിവരാവകാശ നിയമപ്രകാരം കേരള പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരമനുസരിച്ച്, കെൽട്രോൺ വികസിപ്പിച്ചെടുത്ത ജനമൈത്രി ബീറ്റ് ഡ്യൂട്ടിയിലെ "മൈഗ്രന്റ് ലേബർ മോഡ്യൂൾ" വഴി അന്തർസംസ്ഥാന തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ, താമസവിവരങ്ങൾ, തൊഴിൽ വിവരങ്ങൾ, ഫോട്ടോ, വിരലടയാളം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ പൊലീസ് ശേഖരിച്ചുവരുന്നു. എന്നാൽ, അതേ മറുപടിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ ആകെ എണ്ണം പൊലീസ് ആസ്ഥാനത്ത് ഏകീകൃതമായി ക്രോഡീകരിച്ചിട്ടില്ലെന്നും, വിവിധ ജില്ലകളിൽ വിവരശേഖരണം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കുന്നു.

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയങ്ങൾ സുരക്ഷാ കാഴ്ചപ്പാടിൽ മാത്രമല്ല, പൗരാവകാശം, തൊഴിൽ, പൊതുജനാരോഗ്യം, സാമൂഹിക സംരക്ഷണം, വികസനം എന്നീ മേഖലകളെ സംയോജിപ്പിച്ചുള്ള സമീപനത്തിലായിരിക്കണം.
കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയങ്ങൾ സുരക്ഷാ കാഴ്ചപ്പാടിൽ മാത്രമല്ല, പൗരാവകാശം, തൊഴിൽ, പൊതുജനാരോഗ്യം, സാമൂഹിക സംരക്ഷണം, വികസനം എന്നീ മേഖലകളെ സംയോജിപ്പിച്ചുള്ള സമീപനത്തിലായിരിക്കണം.

ഇത് ഒരു പ്രധാന നയചോദ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഡേറ്റ ശേഖരിക്കുക എന്നത് മാത്രം മതിയോ, അതോ ആ ഡാറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സേവനലഭ്യതയ്ക്കും ഉപയോഗിക്കപ്പെടുന്നുണ്ടോ? ഇന്ന് നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളും കൈവശമുള്ള ഇന്ത്യൻ പൗരരാണ്. എന്നിട്ടും, ഓരോ ആവശ്യത്തിനും വീണ്ടും വീണ്ടും പുതിയ രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം അവർ നേരിടുന്നു. ഇത് ഭരണ സംവിധാനത്തിലെ ഏകോപനക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

അതിനാൽ കേരളത്തിന് ഇന്ന് ആവശ്യമായത് പോലീസ് കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനമല്ല; മറിച്ച് ഏകീകൃത സംസ്ഥാന കുടിയേറ്റ തൊഴിലാളി മാനേജ്മെന്റ് സംവിധാനം (Integrated Migrant Worker Management System) ആണ്.

ഈ സംവിധാനം താഴെപ്പറയുന്ന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം:

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക രജിസ്ട്രേഷൻ.

  • തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, വ്യവസായ വകുപ്പ്, പൊതുഭരണ വകുപ്പ് എന്നിവയുടെ ഡിജിറ്റൽ ഏകോപനം.

  • രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് സർക്കാർ ക്ഷേമപദ്ധതികൾ, ആരോഗ്യ സേവനങ്ങൾ, ഇൻഷുറൻസ്, തൊഴിൽസുരക്ഷ, നിയമസഹായം എന്നിവയിലേക്കുള്ള എളുപ്പമുള്ള പ്രവേശനം.

  • പഞ്ചായത്തുതലത്തിൽ കുറഞ്ഞ ചെലവിൽ രജിസ്ട്രേഷനും മാസാന്ത അപ്ഡേറ്റ് സംവിധാനവും.

  • രജിസ്റ്റർ ചെയ്ത തൊഴിലാളികളെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്ന സുതാര്യമായ തൊഴിൽ വിവര (employment matching) സംവിധാനം.

  • ബഹുഭാഷാ ഹെൽപ്‌ഡെസ്കുകളും പരാതി പരിഹാര സംവിധാനവും.

ഇത്തരം ഒരു സംവിധാനം ഉണ്ടാകുമ്പോൾ തൊഴിലാളിക്ക് സുരക്ഷിതമായ തൊഴിലും സർക്കാർ സേവനങ്ങളിലേക്കുള്ള എളുപ്പമുള്ള പ്രവേശനവും ഉറപ്പാക്കാൻ കഴിയും. അതോടൊപ്പം സർക്കാരിനും കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആരോഗ്യ പദ്ധതികളും തൊഴിൽ നയങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സുരക്ഷാ ഇടപെടലുകളും ആസൂത്രണം ചെയ്യാൻ സാധിക്കും.

ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM), സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവ മുന്നോട്ടുവയ്ക്കുന്ന സമീപനവും ഇതുതന്നെയാണ്, കുടിയേറ്റത്തെ ഒരു നിയമ- സുരക്ഷാ വിഷയമായി മാത്രം കാണാതെ, മനുഷ്യവികസനത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും നല്ല ഭരണത്തിന്റെയും ഭാഗമായി കാണുക. അതാണ് കേരളം പോലുള്ള ഒരു പുരോഗമന സമൂഹത്തിന് ഏറ്റവും അനുയോജ്യമായ പൊതുനയ സമീപനം.

കേരളത്തിന്റെ ഭാവിവികസനം അന്തർസംസ്ഥാന തൊഴിലാളികളില്ലാതെ സാധ്യമല്ല. അതിനാൽ അവരുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നത് മനുഷ്യാവകാശ ബാധ്യത മാത്രമല്ല; കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും സാമൂഹിക സ്ഥിരതയ്ക്കും പൊതുജനാരോഗ്യത്തിനും അനിവാര്യമായ വികസനനിക്ഷേപമാണ്.

ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷി പറഞ്ഞതുപോലെ, ഒരു സമൂഹത്തിൽ അധികാരം പ്രവർത്തിക്കുന്നത് നിയമത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ മാത്രമല്ല; ജനങ്ങൾ എന്താണ് ‘സാധാരണ’ എന്നും ‘സത്യം’ എന്നും വിശ്വസിക്കണമെന്ന് രൂപപ്പെടുത്തുന്ന പൊതുബോധത്തിലൂടെയും കൂടിയാണ്. ഒരു പ്രത്യേക സമൂഹത്തെ നിരന്തരം സംശയത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പ്രതീകമായി അവതരിപ്പിക്കുമ്പോൾ, അത് ഒരു സാമൂഹിക യാഥാർഥ്യമല്ല, മറിച്ച് ഒരു പുതിയ പൊതുബോധത്തിന്റെ നിർമ്മാണമാണ്. അതുകൊണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും പ്രതീകമാക്കി മാറ്റുന്നതിന് പകരം, കേരളത്തിന്റെ വികസനത്തിൽ പങ്കാളികളായ തൊഴിലാളികളായി കാണാൻ നമുക്ക് കഴിയണം. യഥാർത്ഥ പുരോഗമനസമൂഹം ഭയത്തെ അടിസ്ഥാനമാക്കിയല്ല, തെളിവുകളെയും മനുഷ്യാവകാശങ്ങളെയും സാമൂഹിക നീതിയെയും അടിസ്ഥാനമാക്കിയുള്ള നയങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. കേരളം സ്വീകരിക്കേണ്ട വഴിയും അതുതന്നെയാണ്.


Summary: Navas M. Khader debunks the myth that migrant workers and Perumbavoor are the source of Kerala's drug trade, drawing on his research to present the facts.


നവാസ് എം. ഖാദര്‍

ഗവേഷകൻ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി. 10 വർഷമായി അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴിലവകാശങ്ങൾ, നയരൂപീകരണം, സാമൂഹിക സംരക്ഷണം എന്നീ വിഷയങ്ങളിൽ ഗവേഷണവും ഇടപെടലുകളും  നടത്തിവരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) എന്നിവയുടെ ഗവേഷണ പദ്ധതികളിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചു.

Comments