ഷഫീഖ് താമരശ്ശേരി : തൊഴിൽ മേഖലകളുടെ നിലനിൽപ്പ്, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നല്ലോ മാർച്ച് 28,29 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ തലത്തിൽ ദേശീയ പണിമുടക്ക് നടത്തിയത്. പണിമുടക്കിന്റെ ഫലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? തൊഴിലാളി സംഘടനകൾ പണിമുടക്കിലൂടെ മുന്നോട്ടുവെച്ച രാഷ്ട്രീയ പ്രശ്നങ്ങളേക്കാൾ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ടത് പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ഏതാനും സംഭവവികാസങ്ങളാണ്. പണിമുടക്ക് എന്ന സമര രീതിക്കെതിരെയും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങളടക്കം ഈ പണിമുടക്കിനെതിരായ സമീപനമായിരുന്നു സ്വീകരിച്ചത്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
കെ.പി. രാജേന്ദ്രൻ : ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത് 48 മണിക്കൂർ നടത്തിയ ദേശീയ പണിമുടക്ക് വമ്പിച്ച വിജയമായി എന്നാണ് ഞങ്ങൾ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം ഇത്തവണയും പണിമുടക്ക് വലിയ വിജയമായിരുന്നു. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെല്ലാം പണിമുടക്ക് വലിയ രീതിയിൽ ഫലം കണ്ടു. കേരളത്തിൽ ഒന്നരക്കോടിയോളം തൊഴിലാളികളും അനുബന്ധ മേഖലകളിലുള്ളവരും ഈ പണിമുടക്കിൽ പങ്കാളികളായിട്ടുണ്ട്.
എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ചില കോണുകളിൽ നിന്ന് പണിമുടക്കിനെതിരെ സംഘടിത നീക്കങ്ങൾ നടന്നു എന്നതിനെ ഗൗരവമായാണ് ഞങ്ങൾ കാണുന്നത്. ട്രേഡ് യൂണിനുകൾ ജനങ്ങൾക്കുമേൽ സമരം അടിച്ചേൽപിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്നതായിരുന്നു മുഖ്യ പ്രചാരണം. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.
2021 നവംബർ 11നാണ് ഞങ്ങൾ പണിമുടക്ക് പ്രഖ്യാപിച്ചത്. മാസങ്ങൾ സമയമെടുത്ത് വളരെ വിപുലമായ വിധത്തിലുള്ള പ്രചാരണ പരിപാടികൾ പണിമുടക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ നടത്തിയിരുന്നു. ഞങ്ങളിവിടെ ഹർത്താലോ ബന്ദോ പ്രഖ്യാപിച്ചിട്ടില്ല. കേവലം പണിമുടക്കാണ് പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലുള്ളവരോട് ഞങ്ങളുടെ പണിമുടക്കിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണുണ്ടായത്.
സമരാവശ്യങ്ങൾക്കൊപ്പം ഞങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യം തന്നെ നാടിനെ രക്ഷിക്കണം, ജനങ്ങളെ രക്ഷിക്കണം എന്നതായിരുന്നു. പെട്രോൾ - പാചകവാതക വില വർധനവ്, ആസ്തി വിൽപന, ഓഹരിക്കൈമാറ്റം, മറ്റ് അഴിമതികൾ തുടങ്ങി ജനജീവിതത്തെ ദുസ്സഹമാക്കുന്നതും പൊതുസമ്പത്ത് കൊള്ളയടിക്കുന്നതുമായ നിരവധി വിഷയങ്ങൾക്കെതിരെ കൂടിയാണ് പണിമുടക്ക് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ പ്രചരണങ്ങളാണ് ഞങ്ങൾ നടത്തിയത്.
പണിമുടക്കിന്റെ മൂന്നുനാല് ദിവസം മുമ്പുമുതൽ കൂടുതൽ ശക്തമായ പ്രചാരണങ്ങളിലേക്ക് നീങ്ങിയിരുന്നു. 14 ജില്ലകളിലും ഞങ്ങൾ വാർത്താസമ്മേളനങ്ങൾ നടത്തി. 28 പ്രചാരണ ജാഥകൾ നടത്തി. 1600 ഓളം പൊതുയോഗങ്ങൾ നടത്തി. ജോലിസ്ഥലങ്ങളിലും അല്ലാതെയുമായി വേറെയും ആയിരക്കണക്കിന് യോഗങ്ങൾ സംഘടിപ്പിച്ചു. കൂടാതെ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി, വാഹനങ്ങളിൽ കയറി നോട്ടീസ് കൊടുത്തു, കടകളിൽ കയറി വിശദീകരിച്ചു. ഇതെല്ലാം സമരത്തിന് വലിയ പിന്തുണ നൽകുമെന്ന് കണക്കുകൂട്ടിയവരാകാം പണിമുടക്കിനെ എന്തോ വലിയ അരാജക സമരമായി ചിത്രീകരിക്കാൻ ഒരുമ്പെട്ടിറങ്ങിയത്. മുമ്പൊരിക്കലുമില്ലാത്തവിധം വളരെ ആസൂത്രിതമായായിരുന്നു സമരത്തിനെതിരെയുള്ള നീക്കങ്ങൾ.
സകല മാർഗങ്ങളുമുപയോഗിച്ചാണ് അവർ അപവാദങ്ങൾ പ്രചരിപ്പിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങളിൽ പണിമുടക്ക് വിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ചു. പണിമുടക്കിന്റെ ലക്ഷ്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന വാർത്തകൾ നിരന്തരം നൽകി. ഈ പണിമുടക്ക് അനാവശ്യമാണ്, ജനവിരുദ്ധമാണ്, ജനങ്ങളുടെ താത്പര്യത്തിനെതിരാണ് എന്ന മട്ടിലൊക്കെയുള്ള പ്രചരണം അവർ വ്യാപകമാക്കി. ഒരു ഘട്ടം പിന്നിടപ്പോൾ കോടതി കൂടി അതിന്റെ ഭാഗമായി മാറി. കോടതിയിൽ പണിമുടക്കിനെതിരെ ഹരജി സമർപ്പിച്ചവരുടെ വാദങ്ങൾ കേൾക്കുകയല്ലാതെ പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുടെ അഭിപ്രായങ്ങൾ എന്താണെന്ന് ചോദിക്കാൻ പോലും തയ്യാറാകാതെ പണിമുടക്കിനെതിരെ വളരെ ദ്രുതഗതിയിൽ വിധി പ്രഖ്യാപിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇത്തരത്തിൽ പണിമുടക്കിനെ പരാജയപ്പെടുത്താനുള്ള വലിയ നീക്കങ്ങൾ നടന്നിട്ടും അതിനെ അതിജീവിച്ച് ഞങ്ങൾ വലിയ വിജയം കൈവരിക്കുകയാണുണ്ടായത്. കേരളത്തിൽ രണ്ട് ദിവസങ്ങളിലായി 1040 കേന്ദ്രങ്ങളിൽ തുടർച്ചയായ സമര സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിക്കവാറും സ്ഥലങ്ങളിൽ രാത്രിയിൽ കൂടി സമരം വ്യാപിച്ചു. തിരുവനന്തപുരത്തെ സമര കേന്ദ്രത്തിൽ മാത്രം രണ്ട് ദിവസത്തിനിടയിൽ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്.
കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം വലിയ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അതേ സമയത്ത് തന്നെയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗമായ ട്രേഡ് യൂണിയനുകൾ സമരമുഖത്ത് ഒന്നിച്ച് കൈകോർക്കുന്നത്. സമരരംഗത്ത് ട്രേഡ് യൂണിയനുകൾ തമ്മിലുള്ള ഈ ഐക്യം ഇന്ത്യയിലെ വിശാല പ്രതിപക്ഷമെന്ന സാധ്യതയ്ക്ക് സഹായകരമാകുമോ? ജനകീയ വിഷയങ്ങളിലുള്ള പൊതു രാഷ്ട്രീയ ഐക്യം എന്നത് തൊഴിലാളി സംഘടനാ രംഗത്ത് ഇനിയും സാധ്യമാകുമോ?
സംയുക്ത ട്രേഡ് യൂണിയൻ ദേശീയ തലത്തിൽ ഈ പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ആഹ്വാനമുണ്ട്. നമ്മുടെ അടുത്ത ലക്ഷ്യം 2024 ആണ് എന്ന്. ആ പ്രഖ്യാപനത്തിൽ അതിന്റെ രാഷ്ട്രീയം വ്യക്തമാണല്ലോ. ബി.ജെ.പി ഭരണകൂടം ഇത്രയധികം ജനവിരുദ്ധവും കർഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിയമങ്ങളും മറ്റും നടപ്പാക്കി രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിനുള്ള വഴിയൊരുക്കുകയാണ് തൊഴിലാളികൾ. ഫാസിറ്റ് ഭരണകൂടത്തിനെതിരെയുള്ള തൊഴിലാളി - കർഷക - വർഗ ബഹുജന എക്യമാണ് ഇവിടെ രൂപം കൊള്ളുന്നത്. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മുന്നേറ്റത്തിന് വലിയ സാധ്യതയും പ്രസക്തിയുമുണ്ട്. യോചിച്ച സമരങ്ങളുടെ മുന്നോട്ടുള്ള വഴി പ്രതീക്ഷാനിർഭരമാണ്. ▮
TEAM TRUECOPY
കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർകെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്മുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർഅലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ
സൈനുൽ ആബിദ് കവർ ഡിസൈനർപ്രതീഷ് കെ.ടി. ഇലസ്ട്രേഷൻ
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.