ഫ്രാ​ങ്കോയെ വെറുതെ വിട്ട വിധിക്കുശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ ഭയപ്പെടുത്തുന്നു

രു കന്യാസ്ത്രീയെന്ന നിലയ്ക്ക് വളരെ വേദനാജനകമാണ് ഫ്രാങ്കോ കേസിലെ കോടതി വിധി. ലൈംഗിക ചൂഷണത്തിനിരയായ സിസ്റ്റർ നിയമ പോരാട്ടത്തിന് തയ്യാറെടുത്തത് മുതൽ ഭീഷണികളും, മാനസിക പീഡനങ്ങളും, സഭയിൽ നിന്നുൾപ്പടെയുള്ള പുറത്താക്കലുകളും നേരിട്ടിരുന്നു. കൂടെ നിന്നവരോടടക്കം പ്രതികാര മനോഭാവത്തോടെയാണ് സഭ പെരുമാറിയത്. ഇന്ന് പുറത്തുവന്ന കോടതി വിധി ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുമെന്ന് നിസ്സംശയം പറയാം. അതാലോചിക്കുമ്പോൾ ഭയമുണ്ട്.

ഈ വിധിയെ ആഹ്ലാദമാക്കി മാറ്റാൻ കൈയ്യടിച്ചും മുട്ടിന്മേൽ ഇഴഞ്ഞും പ്രാർത്ഥിച്ച കന്യാസ്ത്രീ സമൂഹവും പുരോഹിത സമൂഹവും മറുവശത്തുണ്ട്. പുരോഹിതരുടെ ഇത്തരം പീഡനങ്ങൾ മഠങ്ങൾക്കുള്ളിൽ നടക്കുന്നുണ്ട് എന്ന നഗ്നസത്യത്തെ മറച്ചു പിടിക്കുന്ന വലിയൊരുകൂട്ടരുണ്ടെന്നത് ഭയപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു ശതമാനത്തിൽ താഴെ വരുന്ന കന്യാസ്ത്രീ സമൂഹത്തിന് ഇനി നേരിടേണ്ടത് എത്രത്തോളം ഭീതിജനകമായ എതിർപ്പുകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. വിശ്വാസസമൂഹം ഈ വിധിയെ എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യമുണ്ട്.

എതിർശബ്ദങ്ങളെ അടിച്ചമർത്തിക്കൊണ്ടു തന്നെയാണ് നിലവിലത്തെ പൗരോഹിത്യ അധികാരഘടന മുന്നോട്ടു പോകുന്നത്. ഇന്നത്തെ വിധി കൂടുതൽ പരിഹാസത്തിനും നിന്ദയ്ക്കും ഹേതുവാകും എന്നത് തീർച്ചയാണ്. വിധി വന്നതിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ അതിന്റെ സൂചനയാണ്.

ഇതൊരു ശരിയായ വിധിയാണെന്ന് കരുതുന്നില്ല. എതിർഭാഗത്തിന് ഭീമമായ സാമ്പത്തിക അടിത്തറയുണ്ട്. സമൂഹത്തിന്റെ പിന്തുണ മാത്രമാണ് സിസ്റ്റർമാർക്ക് കേസുമായി മുന്നോട്ടു പോകാനുള്ള മൂലധനം.

പീഡനത്തിരയായ സിസ്റ്റർ ഒരുപക്ഷെ അപ്പീലിന് പോകാൻ പോലും തയ്യാറാകാതിരുന്നേക്കാം. അത്രമാത്രം പരീക്ഷണങ്ങളിലൂടെയാണ് അവർ കടന്നു പോയത്. ഈ വിധി അവർക്ക് നൽകിയ നിരാശ എത്രമാത്രമായിരിക്കും. നാലഞ്ചു വർഷമായി പാടെ തകർന്ന അവസ്ഥയിലായിരുന്നവർ. ആവശ്യത്തിന് പുറത്തേക്കു പോകാൻ പോലും സ്വാതന്ത്ര്യമില്ലാതെ മരിച്ചതിന് തുല്യമാണവർ ജീവിച്ചത്. ഈ വിധി അവരുടെ ജീവിതസാഹചര്യത്തെ വഷളാക്കാനെ സഹായിക്കു. അവർ കേസിൽ നിന്നും ഒരുപക്ഷെ പിൻവലിഞ്ഞേക്കാം. എന്നാൽ ഇതൊരു സാമൂഹിക പ്രശ്‌നമാണ്, ഇതൊരു സ്ത്രീയ്ക്ക് മാത്രം സംഭവിക്കുന്നതല്ല. സമൂഹത്തിൽ ഒരുപാട് സ്ത്രീൾ നേരിടുന്ന പ്രശ്‌നമാണിത്. അത്തരത്തിൽ ഇതിനെ സമീപിച്ച് സമൂഹത്തിന്റെ പിന്തുണയോടെ സിസ്റ്റർ കേസുമായി മുന്നോട്ടു പോകുമെന്നാണ് എന്റെ പ്രതീക്ഷ.

Comments