ഭരണഘടനയെ നിരാകരിച്ചു മാത്രമേ
ഏക സിവില്‍ കോഡ് സാധ്യമാകൂ

വൈവിധ്യങ്ങളെ മൗലികാവകാശങ്ങളുടെ തലത്തിൽ അംഗീകരിക്കുന്ന ഭരണഘടനാ തത്വം അനുസരിച്ച്​, ഇന്ത്യയിൽ ഏക സിവിൽ കോഡ്​ എന്നത്​ അപ്രായോഗികമാണെന്ന വാദം മുന്നോട്ടുവക്കുകയാണ്​ ഷെരീഫ്​ സാഗർ.

മ്മുടെ നാട്ടില്‍ ഒരിക്കലും നടക്കാത്ത കാര്യം സൂചിപ്പിക്കാന്‍ പറയുന്ന ചൊല്ലായ ‘ഗണപതി കല്യാണം’ പോലത്തെ ഒന്നാണ്​ ഏക സിവിൽ കോഡ്​ എന്നത്​. നാളെയെന്നോ നിയമമാക്കാന്‍ വേണ്ടി ശ്രമിക്കണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ, മാര്‍ഗനിര്‍ദേശക തത്വത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മൗലികാവകാശങ്ങളെ മറികടന്ന് ഇത് അസാധ്യമാണെന്നും ഭരണഘടന വ്യക്തമാക്കുന്നു. വൈവിധ്യങ്ങളെ അംഗീകരിച്ച്​ അടിസ്ഥാനശിലയിട്ട ഇന്ത്യയിൽ ഏക സിവില്‍കോഡ് അപ്രായോഗികമാണ്. ആദ്യഘട്ടത്തില്‍ ഇതുസംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടന്നത് ഭരണഘടനാ അസംബ്ലിയിലാണ്. പിന്നെ, 1985-ല്‍ ഷാബാനു കേസിനെതുടര്‍ന്ന്. ‘ഞങ്ങളിത് നടപ്പാക്കുക തന്നെ ചെയ്യും’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതോടെ ചര്‍ച്ച വീണ്ടും സജീവമായി. ഇന്ത്യയിലെ മുഴുവന്‍ മത, ഗോത്ര സമൂഹങ്ങളും ഒന്നായിത്തീര്‍ന്നാല്‍ മാത്രമേ അങ്ങനെയൊരു പൊതു സിവില്‍ നിയമത്തിന് പ്രസക്തിയുള്ളൂ. അത് അസാധ്യവുമാണ്.

ഷാബാനു

രണ്ട് നൂറ്റാണ്ട് ഇന്ത്യയെ ഏകീകരിച്ച് ഭരിച്ച ബ്രിട്ടീഷുകാരുടെ കാലത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കിയിട്ടില്ല. മാത്രമല്ല, വ്യക്തി നിയമങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പുതന്നെ 1937-ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടും 1872-ലെ ക്രിസ്ത്യന്‍ മാര്യേജ് ആക്ടും 1936-ലെ പാഴ്‌സി മാര്യേജ് ആക്ടുമൊക്കെ നിലവിലുണ്ട്. അതായത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് ബ്രിട്ടീഷുകാര്‍ചെയ്തത്. എന്നാല്‍, വ്യത്യസ്ത ഗോത്രങ്ങളും ആചാരങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് പൊതു സിവില്‍ നിയമം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഏക സിവില്‍ കോഡിന് ശ്രമിക്കണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദ്ദേശിക്കുന്നത്.

1954- ല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടും 1955-ലെ ഹിന്ദു മാര്യേജ് ആക്ടും നടപ്പായതോടെ സത്യത്തില്‍ ഈ നിര്‍ദേശം അപ്രസക്തമായി. നിലവില്‍ ഇന്ത്യന്‍ പൗരരെല്ലാം അവരുടെ വിശ്വാസാചാരങ്ങള്‍ അനുഷ്ഠിച്ച് മുന്നോട്ട് പോവുകയാണ്. ഏകരൂപത്തില്‍ സിവില്‍കോഡിനുവേണ്ടി ശ്രമം നടത്തേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ രാജ്യത്തില്ല. ആറു പതിറ്റാണ്ടിലേറെ കാലം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസിന്​ അങ്ങനെയൊരു ആഗ്രഹം തോന്നിയിട്ടില്ല. ബി.ജെ.പി പക്ഷേ, അവരുടെ പ്രകടന പത്രികയില്‍ തന്നെ ഇത് എഴുതിവെച്ചിട്ടുണ്ട്. അത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. ഏക സിവില്‍കോഡ് എന്ന പേരില്‍ അവര്‍ ലക്ഷ്യമാക്കുന്നത് മുസ്​ലിം വ്യക്തി നിയമം ഇല്ലാതാക്കലാണ്. അല്ലാതെ പുരോഗമന പാതയിലേക്ക് ഇന്ത്യയെ ആട്ടിത്തെളിച്ച് കൊണ്ടുപോകലല്ല.

ഗോത്ര വര്‍ഗ്ഗങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും പാഴ്‌സികളുമെല്ലാം വ്യക്തിനിയമങ്ങള്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്.

അനന്തരാവകാശം, വ്യക്തിഗത അനന്തരസ്വത്ത്, വിവാഹം, വിവാഹമോചനങ്ങള്‍, ജീവനാംശം, മഹർ, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം, വഖ്ഫ് തുടങ്ങിയ വിഷയങ്ങളിലെല്ലാം നിലവില്‍ വ്യക്തിനിയമങ്ങളനുസരിച്ചാണ് മുസ്​ലിംകൾ മുന്നോട്ട് പോകുന്നത്. മറ്റേതെങ്കിലും മതവിഭാഗത്തിന് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

ഗോത്ര വര്‍ഗ്ഗങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും പാഴ്‌സികളുമെല്ലാം വ്യക്തിനിയമങ്ങള്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും വിവാഹവും വിവാഹ മോചനവും അനന്തരവും മരണാനന്തര കര്‍മവുമൊക്കെ ഒരേ നിയമത്തിന് കീഴിലാക്കണം എന്നാണ് പൊതു സിവില്‍ നിയമം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതില്‍ യുക്തിയില്ലെന്ന് മാത്രമല്ല, ഇന്ത്യ എന്ന ആശയത്തെ തന്നെ നിരാകരിക്കുന്നതിന് തുല്യവുമാണ്.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഭരണഘടനാ നിര്‍മ്മാണസഭയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഏക സിവില്‍കോഡ് വേണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. മൗലികാവകാശങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെയും ചര്‍ച്ചാവേളയില്‍ ഇത് വലിയ ഡിബേറ്റിന് കാരണമായി. മുസ്​ലിം ലീഗിന്റെ സമുന്നത നേതാക്കളായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും ബി. പോക്കര്‍ സാഹിബിന്റെയും പോരാട്ടമാണ് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളില്‍ ഒതുങ്ങിയതിനുള്ള പ്രധാന കാരണം. ഇന്ത്യയിലെ മുസ്​ലിം സമൂഹത്തിനും വ്യതിരിക്തമായ ഇതര സമൂഹങ്ങള്‍ക്കും അവരുടെ വ്യക്തിനിയമം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടായത് ഈ പോരാട്ടത്തിന് ശേഷമാണ്.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍, ബി. പോക്കര്‍

ഏക സിവില്‍ കോഡ് ഒരു ബി.ജെ.പി ഉല്‍പന്നമല്ല. ഭരണഘടനാ അസംബ്ലി മുതല്‍ ആരംഭിച്ച ഭൂരിപക്ഷാധിപത്യത്തിന്റെയും ബ്രാഹ്മണിക്കല്‍ താല്‍പര്യങ്ങളുടെയും ഉല്‍പ്പന്നമാണ്. അതിനെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ബി.ജെ.പി ചിന്തിക്കുന്നത്. സ്വന്തം മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനുള്ള അനുമതിയാണ് വ്യക്തിനിയമം രാജ്യത്തെ പൗരർക്ക്​ നല്‍കുന്നത്. ഈ മൗലികാവകാശം നിലനില്‍ക്കെ ഏകസിവില്‍കോഡ് നടപ്പാക്കിയാല്‍ മൗലികാവകാശത്തിനാണ് കോട്ടം തട്ടുന്നത്. മൗലികാവകാശം ഹനിക്കപ്പെടുന്നത് ഭരണഘടനയെ തന്നെ നിരാകരിക്കുന്നതിന് തുല്യമാണ്.

ഇന്ത്യയുടെ വൈവിധ്യം ഇല്ലാതാക്കി ഏകശിലാത്മകമാക്കുക എന്ന അജണ്ട ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിന്റെ ആധാരശിലയാണ്. ഏക സിവില്‍കോഡ് വന്നാല്‍ ആ അജണ്ടക്ക് കുറച്ചുകൂടി ബലം കിട്ടുമെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. എന്നാല്‍, അതത്ര എളുപ്പമല്ല.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കാരണമായി ബി.ജെ.പി പറയുന്നത്, അത് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്നുണ്ട് എന്നാണ്. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലെ മറ്റൊരു നിര്‍ദ്ദേശത്തോടുമില്ലാത്ത താല്‍പര്യമാണ് ബി.ജെ.പിക്ക് ഏക സിവില്‍ കോഡിനോടുള്ളത്. ഒരേ ജോലിക്ക് ഒരേ പ്രതിഫലം, തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക, മദ്യം നിരോധിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക എന്നു തുടങ്ങി മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതെല്ലാം നടപ്പാക്കണമെന്നാണ് പറയുന്നത്. ഏക സിവില്‍ കോഡിന് വേണ്ടി പരിശ്രമിക്കണമെന്നും. നടപ്പാക്കണം എന്ന് പറയുന്നതാണോ പരിശ്രമിക്കണം എന്ന് പറയുന്നതാണോ വലിയ കാര്യം?

ഒരേ ജോലിക്ക് ഒരേ പ്രതിഫലം, തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക, മദ്യം നിരോധിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക എന്നു തുടങ്ങി മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്.

മതസ്വാതന്ത്ര്യം ഇല്ലാതാകും എന്നതാണ് ഏക സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രബലമായ എട്ട് മതവിഭാഗങ്ങള്‍ രാജ്യത്തുണ്ട്. ജനനം മുതല്‍ മരണം വരെയുള്ള അവരുടെ ചര്യകള്‍ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാട്ടാചാരങ്ങളും പൈതൃകങ്ങളുമൊക്കെ ആ വിശ്വാസത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഏക സിവില്‍കോഡ് വന്നാല്‍ ഇല്ലാതാകും. ന്യൂനപക്ഷങ്ങളുടെ മതപരമായ സംരക്ഷണം നിയമപരമായി നിരാകരിക്കപ്പെടും.

ഹിന്ദു, ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് നിലവില്‍ 1956-ലെ ദത്തെടുക്കല്‍, ജീവനാംശ നിയമമാണ് ബാധകം. മുസ്​ലിം സമുദായത്തിന് 1986-ലെ അവകാശ സംരക്ഷണ- വിവാഹമോചന നിയമവും ബാധകമാണ്. ക്രിസ്ത്യന്‍ സമുദായത്തിന് ഇന്ത്യന്‍ വിവാഹമോചന നിയമമാണ് ആധാരം. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാ നിയമം, പാഴ്സി വിവാഹ നിയമം എന്നിങ്ങനെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തമാണ്. മതപരമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ വ്യക്തിനിയമങ്ങള്‍ രൂപപ്പെട്ടത്. ഇതെല്ലാം ഒന്നാക്കിയാല്‍ അത് മതേതര ഇന്ത്യയുടെ അന്തഃസ്സത്തയെ സാരമായി ബാധിക്കും.

ഗോത്ര വര്‍ഗങ്ങള്‍ക്ക് വേണ്ട. ക്രിസ്ത്യാനികൾക്കു വേണ്ട. സിക്കുകാർക്ക്​ വേണ്ട. പാഴ്‌സിക്ക് വേണ്ട. രാജ്യത്തെ മതവിശ്വാസികളെല്ലാം ഏകസ്വരത്തില്‍ ഏക സിവില്‍ കോഡ് വേണ്ടെന്ന് പറയുമ്പോള്‍ ബി.ജെ.പി എന്താണ് ഉദ്ദേശിക്കുന്നത്? ഗോത്ര വര്‍ഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കുമെന്നാണ് ഇപ്പോഴത്തെ വാദം. അപ്പോള്‍, ഏക സിവില്‍കോഡിന്റെ പേര് മാറ്റേണ്ടി വരും എന്നത് വേറെ കാര്യം. കേന്ദ്രം ലക്ഷ്യമിടുന്നത് മുസ്​ലിം വ്യക്തിനിയമങ്ങളെ മാത്രമാണ്. അല്ലാതെ ഏക സിവില്‍കോഡല്ല. തല്‍ക്കാലം ഇസ്​ലാമിക വിശ്വാസമനുസരിച്ച് ആരും ഇവിടെ ജീവിക്കേണ്ട. അത്ര മാത്രമേ കേന്ദ്രം ഉദ്ദേശിക്കുന്നുള്ളൂ. മുസ്​ലിംകൾക്ക് പണികിട്ടുമ്പോള്‍ കുളിര് കോരുന്നവരെല്ലാം വാരിക്കോരി ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന മോഹം മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ ഗോമൂത്രം കുടിക്കുന്ന ബുദ്ധിയൊന്നും വേണ്ട. പച്ചവെള്ളം മോന്തുന്ന പോലെ ലളിതമാണ് കാര്യം. നിയമപരമായി ഇത് നടപ്പാക്കുക അസാധ്യമാണെന്ന് കേന്ദ്രത്തിനറിയാം. പക്ഷേ, സാധ്യമായ ഒന്നുണ്ട്. ഇതിന്റെ പേരില്‍ മതവും ജാതിയും വര്‍ഗ്ഗവും വംശവും പറഞ്ഞ് രാജ്യം തമ്മിലടിക്കും. അപ്പോള്‍ കിട്ടുന്ന ചോരയിലാണ് കണ്ണ്. ബാബരി മസ്ജിദിനും ഗുജറാത്ത് വംശഹത്യക്കും ശേഷം മുസ്​ലിം വിരുദ്ധത ആളിക്കത്തിക്കാന്‍ കിട്ടിയ കച്ചിത്തുരുമ്പാണ് ഏക സിവില്‍ കോഡ്.

കേന്ദ്രം ലക്ഷ്യമിടുന്നത് മുസ്​ലിം വ്യക്തിനിയമങ്ങളെ മാത്രമാണ്. അല്ലാതെ ഏക സിവില്‍കോഡല്ല.

ഏക സിവില്‍കോഡ് എഴുതിച്ചേര്‍ക്കുമ്പോള്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഹിന്ദു മഹാസഭ തര്‍ക്കം ഉന്നയിച്ചിരുന്നു. അന്ന് അംബേദ്കര്‍ പറഞ്ഞ മറുപടി, ലോ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പാരഗ്രാഫ് 1.9 വ്യക്തമാക്കുന്നു. ഈ കോഡ്, ഇത് പിന്തുടരാമെന്ന സ്വമേധയാ പ്രഖ്യാപനം നടത്തുന്നവര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നും അല്ലാത്തവര്‍ക്ക് അവരവരുടെ വ്യക്തിനിയമങ്ങള്‍ തുടരാവുന്നതാണെന്നും അംബേദ്കര്‍ പറയുന്നു. 1937-ലെ ശരീഅത്ത് ആക്ട് പ്രകാരം, ശരീഅത്ത് നിയമം ഫോളോ ചെയ്തുകൊള്ളാം എന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവര്‍ക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവര്‍ക്ക് മറ്റു നിയമങ്ങള്‍ പിന്തുടരാമെന്നുമാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തടസ്സമാകുന്ന തരത്തില്‍ ഏക സിവില്‍കോഡ് ഉണ്ടാകില്ല എന്ന ഉറപ്പാണ് നല്‍കുന്നത്. എന്നാല്‍, അത് മാറ്റേണ്ടതാണ് എന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രിയും പലപ്പോഴായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.

രാജ്യത്തിന് ഏക സിവില്‍കോഡ് എന്നത്​ ഒരു ഭരണഘടനാ പ്രശ്‌നമാണ്. വിശ്വാസ വൈജാത്യങ്ങളുമായി ജീവിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഇതൊരു ജീവല്‍പ്രശ്‌നമാണ്. രാജ്യത്തെ ജനങ്ങളെയും ഭരണഘടനയെയും നിരാകരിച്ചുകൊണ്ടു മാത്രമേ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധന നിയമം തുടങ്ങിയ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഏക സിവില്‍കോഡിന് വേണ്ടിയുള്ള നീക്കങ്ങള്‍. സാംസ്‌കാരിക ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്.


ഷെരീഫ് സാഗർ

മാധ്യമ പ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്. ചോര പറ്റിയ ചിറക്, ഫൂക്ക, കത്രികപ്പൂട്ട് (നോവൽ), മണൽച്ചൊരുക്ക് (പ്രവാസ കഥകൾ), ഐ.എസ്: രക്തദാഹികളുടെ മതം (പഠനം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments