ഭരണഘടനയുടെ തുടക്കം

ഇന്ത്യൻ ഭരണഘടന പാഠ്യപദ്ധതിയുടെ ഭാഗമാകണം

രണ്ട് പതിറ്റാണ്ട് മുൻപെങ്കിലും ഇന്ത്യൻ ഭരണഘടന പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നെങ്കിൽ കേരളീയ പൊതുമണ്ഡലത്തിൽ നടക്കുന്ന സംവരണ ചർച്ചയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. പാഠ്യപദ്ധതികളിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടമെങ്കിൽ കരിക്കുലം കമ്മറ്റിയിൽ അതത് സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന അദ്ധ്യാപകരുണ്ടായിരിക്കണം.

സാമൂഹിക ബഹുസ്വരത പ്രതിഫലിക്കുന്ന കാര്യത്തിൽ നിലവിലെ കരിക്കുലം വളരെ ശുഷ്‌കമാണ്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ (categories) ചരിത്രപരവും സാമൂഹികപരവുമായ അടയാളപ്പെടുത്തലുകൾ ബോധന പ്രക്രിയയുടെ (pedagogy) ഭാഗമാക്കുന്നതിലൂടെ മാത്രമേ ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും മൂല്യമുൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂ.

സാമൂഹിക വികാസത്തിനനുസരിച്ച് പുതിയ കർതൃത്വങ്ങൾ രൂപപ്പെടുമ്പോൾ അത്തരം വിഭാഗങ്ങളുടെ സ്വത്വപരമായ സവിശേഷതകൾ പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നത് എന്തുകൊണ്ടും പുരോഗമനപരമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ തിൻമകളിലൊന്നായ ‘ജാതി'യും അതുൽപാദിപ്പിക്കുന്ന സാമൂഹിക- സാമ്പത്തിക- വംശീയ വിവേചനങ്ങളും പുറംന്തള്ളലും ഒന്നും ഇതുവരെയും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടില്ല. ‘ജാതി' എങ്ങനെയാണ് മനുഷ്യരെ ഉത്തമരെന്നും അധമരെന്നും തരംതിരിച്ച് വിവേചനങ്ങൾക്ക് വിധേയമാക്കിയതെന്ന് ചരിത്രപരമായും സാമൂഹിക ശാസ്ത്രപരമായും വിശകലനം ചെയ്യുന്നതിനൊപ്പം നൂറ്റാണ്ടുകളായി ജാതിക്കെതിരെ നടന്നിട്ടുള്ള ചെറുത്തുനിൽപ്പുകളുടെ ചരിത്രം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. ‘ജാതി' എന്നത് മാനവികതക്ക് എതിർ നിൽക്കുന്ന ഒരു തിന്മയാണെന്നും അത് ഭൂമുഖത്തുനിന്നുതന്നെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും വരും തലമുറയെങ്കിലും ബോദ്ധ്യപ്പെടുത്ത തക്ക രീതിയിലായിരിക്കണം കരിക്കുലം രൂപീകരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് / Photo : People’s Long March, Facebook Group
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് / Photo : People’s Long March, Facebook Group

‘ജാതി'യും അതുൽപാദിപ്പിച്ച അനീതികളും മറികടക്കുന്നതിനുള്ള ഒരു മെക്കാനിസം എന്നത് മറച്ചുവെച്ച് ‘മെറിറ്റി'നെതിരെ സംവരണത്തെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സംവാദമാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നത്.

ജാതി ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരുത്തമ പാഠമാണ് ഇന്ത്യൻ ഭരണഘടന. ‘ജാതി' നിർമിച്ചിട്ടുള്ള സാമൂഹിക വിവേചനങ്ങളെയും അസമത്വങ്ങളെയും സാമൂഹികവും രാഷ്ട്രീയവുമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രായോഗിക പദ്ധതികൾ ഭരണഘടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹികനീതി വിഭാവനം ചെയ്യുന്ന ‘സംവരണം' പോലുള്ള സാമൂഹിക പരിരക്ഷാവകാശങ്ങൾ മൗലികാവകാശമായിട്ടാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ‘ജാതി'യും അതുൽപാദിപ്പിച്ച അനീതികളും മറികടക്കുന്നതിനുള്ള ഒരു മെക്കാനിസം എന്നത് മറച്ചുവെച്ച് ‘മെറിറ്റി'നെതിരെ സംവരണത്തെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സംവാദമാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നത്. സംവരണീയർ മെറിറ്റില്ലാത്തവരും അനർഹമായതെന്തോ തട്ടിയെടുക്കുന്നവരുമായി ചിത്രീകരിക്കപ്പെടുന്നു. വിദ്യാലയ കാലഘട്ടങ്ങളിൽ തന്നെ വിദ്യാർത്ഥികളിൽ രൂപപ്പെടുന്ന ഇത്തരം ധാരണകൾ സംവരണീയരായ സഹവിദ്യാർത്ഥികളെ തങ്ങളേക്കാൾ കുറഞ്ഞവരാണെന്ന ബോധം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ദലിത്- ആദിവാസി വിദ്യാർത്ഥികൾ. ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന്​ ജാതിവിവേചനം മൂലം അദ്ധ്യാപക ജോലി പോലും ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടല്ലോ.

രണ്ട് പതിറ്റാണ്ട് മുൻപെങ്കിലും ഇന്ത്യൻ ഭരണഘടന പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നെങ്കിൽ തീർച്ചയായും കേരളീയ പൊതുമണ്ഡലത്തിൽ നടക്കുന്ന സംവരണ ചർച്ചയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. പാഠ്യപദ്ധതികളിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടണമെങ്കിൽ കരിക്കുലം കമ്മിറ്റിയിൽ അതത് സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന അദ്ധ്യാപകരുണ്ടായിരിക്കണം.

ഏതാനും വർഷങ്ങൾക്കുമുമ്പ്​ മാനവിക വിഷയങ്ങളിലും ഭാഷാ വിഷയങ്ങളിലും പൊയ്കയിൽ അപ്പച്ചൻ, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ ജാതിവിരുദ്ധ സമരങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഡോ.കെ.എസ്. മാധവനെപ്പോലുള്ള ചരിത്രാദ്ധ്യാപകരെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്. നിർഭാഗ്യവശാൽ അഞ്ചു വർഷം മാത്രം ആയുസ്സുള്ള കരിക്കുലം കമ്മിറ്റികളാണ് കേരളത്തിലുണ്ടാകുന്നത്. ഭരണമാറ്റങ്ങൾക്കനുസരിച്ച് സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കുന്ന
കരിക്കുലം കമ്മിറ്റികളാണ് രൂപീകരിക്കപ്പെടാറ്​. വ്യത്യസ്​ത സാമൂഹിക കർതൃത്വങ്ങളെയും സ്വത്വവൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ജനാധിപത്യ സ്വഭാവമുള്ള കരിക്കുലം കമ്മിറ്റികൾ രൂപപ്പെടുമ്പോൾ മാത്രമേ ജാതി പോലുളള സെൻസിറ്റീവായ വിഷയങ്ങൾ പാഠ്യപദ്ധതികളിൽ സ്ഥാനം പിടിക്കൂ.

‘കരിക്കുലം കമ്മിറ്റി'കളെ സംബന്ധിച്ച്

‘ജാതി'യെ അഭിസംബോധന ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്റെ യു.പി. സ്‌കൂൾ പഠനകാലത്ത് ഡോ.ബി.ആർ. അംബേദ്​കർ എന്ന പേരിൽ ഒരു മലയാള ഉപപാഠപുസ്തകമുണ്ടായിരുന്നു. അംബേദ്കറുടെ ഒരു ലഘു ജീവചരിത്രമായിരുന്നു. ആ പുസ്തകം പിന്നീടെപ്പോഴോ പാഠ്യപദ്ധതിയിൽ നിന്ന് അപ്രത്യക്ഷമായി. (മലയാളത്തിലെ ഒരു പബ്ലിഷർ ഈ പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കുന്നതായാണ് അറിവ്). അംബേദ്കറെക്കുറിച്ച് ഇന്ന് മലയാളത്തിൽ ഒട്ടനവധി പുസ്തകങ്ങളുണ്ട്. പക്ഷേ പാഠപുസ്തകങ്ങളിലില്ല.

‘കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ കാണുന്നീലൊരക്ഷരവുമെന്റെ വംശത്തെ പറ്റി എന്റെ വംശത്തെ പറ്റി എഴുതിടാൻ ഉർവ്വിയിരാലുമില്ലാതെ പോയല്ലോ!'

പൊയ്കയിലപ്പച്ചന്റെ ഈ വരികൾ ചരിത്രരചനാരീതിയെ പ്രശ്‌നവത്കരിക്കുന്നതിനൊപ്പം ചരിത്രത്തിലിടം കിട്ടാതെ പോയ അടിമത്തത്തെക്കുറിച്ചും കൂടിയാണ്.

സാമ്പ്രദായിക ചരിത്രകാരൻമാരും ചരിത്ര രചയിതാക്കളും അടിമത്തത്തെ ജന്മിത്തവുമായി ബന്ധപ്പെടുത്തിയാണ് കണ്ടിട്ടുള്ളത്. എന്നാൽ ജാതി അടിമത്തത്തിന്റെ കേന്ദ്രമാകുന്ന ആഖ്യാനമാണ് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിൽ കാണുന്നത്. അടിമത്ത അനുഭവങ്ങളെയും ആഖ്യാനങ്ങളെയും ചരിത്രരചനാരീതി ശാസ്ത്രമുപയോഗിച്ച് ഡോ.പി. സനൽ മോഹൻ രചിച്ച ചരിത്ര ഗ്രന്ഥമാണ് ‘Modernity of slavery: Struggles against Caste Inequality in Colonial Kerala.’

മിഷനറി രേഖകളിലും മറ്റും രേഖപ്പെടുത്തപ്പെട്ട ‘അടിമ'കളുടെ ചരിത്രം വെളിപ്പെടുത്തുന്ന പുസ്തകമാണ് ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’. ജെ.എൻ.യു വിലെ ചരിത്രഗവേഷകനായ വിനിൽ പോളാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. സാമ്പ്രദായിക ചരിത്രരചനാരീതിക്ക് വെളിയിലുള്ള ‘ചരിത്രം', അപരവത്കരിക്കപ്പെട്ട / പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത സമരമാണ്. ഇത്തരം ചരിത്രങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ സ്വത്വരൂപീകരണത്തെ ചരിത്രപരമായി നോക്കിക്കാണാൻ കഴിയും.

മുഖ്യധാരാ ‘മലയാള സാഹിത്യ'ത്തിലിടം കിട്ടാതെ പോയ എഴുത്തുകാരനാണ് ഡോ.സി. അയ്യപ്പൻ. കോളജ് അധ്യാപകൻ കൂടിയായിരുന്ന സി. അയ്യപ്പൻ മലയാളത്തിലെ എക്കാലത്തേയും കരുത്തുറ്റ കഥാകൃത്താണ്. ദലിത് ജീവിതത്തിന്റെ അന്തഃസംഘർഷങ്ങളും സ്വത്വ പ്രതിസന്ധികളും ആവിഷ്‌കരിച്ചിട്ടുള്ള കഥകൾ വരേണ്യ സാഹിത്യ ഭാവനയുടെ എതിർ പാഠങ്ങളാണ്. അതേപോലെ, നാരായന്റെ നോവലുകൾ ആദിവാസി ജീവിതാനുഭവങ്ങളുടെയും സംസ്‌കാരങ്ങളുടേയും നേർചിത്രങ്ങളാണ്. ആദിവാസികളെ കുറിച്ചുള്ള മുഖ്യധാരയുടെ ഭാവനയല്ല അവരുടെ ലോകവീക്ഷണമെന്ന് അത് മുഖ്യധാരയെ പഠിപ്പിക്കുന്നു. അവർക്ക് അവരുടേതായ സംസ്‌കാരവും ഭാഷയും കലകളും വൈദ്യവും ഉൽസവങ്ങളും ഒക്കെയുണ്ടെന്ന് പഠിക്കുന്നതിലൂടെ ആദിവാസികൾ അപരിഷ്‌കൃതരാണെന്ന പൊതു ധാരണ തിരുത്തുന്നതിന് ഉപകരിക്കും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments