ദിനംപ്രതി ഇന്ത്യയിൽ വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന സാമൂഹികവിപത്താണ് ഗാർഹികപീഡനം. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2020-ലെ ‘ക്രൈം ഇൻ ഇന്ത്യ' റിപ്പോർട്ട് പ്രകാരം രാജ്യത്തെ 70 ശതമാനം സ്ത്രീകളും ഗാർഹികപീഡനത്തിന്റെ ഇരകളാണ്. ഗാർഹികപീഡനങ്ങളുടെ പ്രകടനരൂപങ്ങളിലൊന്നാണ് വൈവാഹിക ലൈംഗികാക്രമണങ്ങൾ.
പങ്കാളിയുടെ സമ്മതത്തിന്റെ അഭാവത്തിൽ അവളുമായി ശാരീരികബന്ധം സ്ഥാപിച്ചെടുക്കുന്നതിനെയാണ് വൈവാഹിക ലൈംഗികാക്രമണം അല്ലെങ്കിൽ ഭർതൃപീഡനം എന്ന് വിളിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ലൈംഗികാക്രമണത്തെ നിർവചിച്ചിരിക്കുന്ന 375-ാം വകുപ്പിനുകീഴിൽ തന്നെയാണ് ഭർത്താവിന്റെ ലൈംഗികാക്രമണത്തെയും പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ രണ്ടു കൃത്യങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ലൈംഗികാക്രമണക്കുറ്റം ചെയ്യുന്ന ഏതൊരാളും എഴുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ കഠിന തടവും, പിഴയോടുകൂടിയ ശിക്ഷയും നേരിടണം. എന്നാൽ ഇതേ കൃത്യം 15 വയസ്സിനുമുകളിൽ പ്രായമുള്ള പങ്കാളിയോട് ഭർത്താവ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ എക്‌സപ്ഷൻ 2 പ്രകാരം കുറ്റകരമല്ല. വേൾഡ് ബാങ്ക് ഡേറ്റ പ്രകാരം ലോകത്ത് ഇന്നും വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്താത്ത 36 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാഹിതരായ ഇന്ത്യൻ സ്ത്രീകളിൽ മൂന്നിൽ രണ്ടു ഭാഗവും ബലാത്കാരമായും അല്ലാതെയും ഭർത്താവിനാൽ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന യു.എൻ. പോപുലേഷൻ ഫണ്ടിന്റെ കണക്കുകൾ മാത്രം മതിയാവും ഈ രാജ്യത്തെ വൈവാഹിക ലൈംഗികാക്രമണങ്ങളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ. ഇന്ത്യൻ മാനവിക വികസന സൂചികയിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്ന കേരളത്തിൽ പോലും സാമൂഹ്യക്ഷേമ ബോർഡിനുകീഴിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവെയ്ഡിങ് സെന്ററുകളിൽ 2016-17 വർഷങ്ങളിലായി 700 ഭർതൃപീഡന പരാതികളും, തുടർവർഷങ്ങളിലായി 3000 ഓളം പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ലൈംഗികാക്രമണം മനുഷ്യത്യരഹിത പ്രവർത്തനം ആണെന്നതിലുപരി സ്ത്രീകളുടെ വ്യക്തിത്വത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള നിയമവിരുദ്ധമായ കടന്നുകയറ്റം തന്നെയാണ്. ഈയൊരു തിരിച്ചറിവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് വൈവാഹിക ലൈംഗികാക്രമണ നിയമത്തിന്റെ പുനർവായന ആരംഭിക്കേണ്ടത്.
ലൈംഗികബന്ധത്തിന് ലൈസൻസോ?
സ്ത്രീകളുടെ സംരക്ഷണാർഥം ക്രിമിനൽ നിയമങ്ങളിൽ നിരവധി ഭേദഗതികൾ സ്വീകരിച്ച നമ്മുടെ രാജ്യത്ത് വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്താതിനു പിന്നിലുള്ള പ്രധാന നിരീക്ഷണം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം പരസ്പരം ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആന്തരികമായ സമ്മതമാണെന്നതാണ്. വിവാഹ ഉടമ്പടിയിൽ പ്രവേശിക്കുന്നതോടെ ആരോഗ്യകരവും സന്തോഷദായകവുമായ പരസ്പര ലൈംഗികബന്ധം ഇരുവരുടെയും അവകാശമായി മാറുന്നുവെന്നത് ശരി തന്നെ. എന്നാൽ, ശാരീരികബന്ധത്തിനായി പുരുഷൻ പങ്കാളിയെ മർദിക്കുന്നതും, ബലം പ്രയോഗിച്ചു വിധേയപ്പെടുത്തുന്നതും, അനാരോഗ്യകരമായ ലൈംഗികചേഷ്ടകൾക്ക് നിർബന്ധിക്കുന്നതും പ്രസ്തുത നിരീക്ഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവാത്തവിധം വിവാഹബന്ധങ്ങളിലെ തുല്യതയെയും സ്ത്രീകളുടെ സ്വത്വത്തെയും ശിഥിലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണെന്നതിൽ സംശയമില്ല. ഇതേ നിരീക്ഷണം തന്നെയായിരുന്നു കൃഷ്ണപ്പാ കേസിൽ സുപ്രീംകോടതിയും നടത്തിയത്. ലൈംഗികാക്രമണം ആരുടെ ഭാഗത്തുനിന്ന് സംഭവിച്ചാലും അത് മനുഷ്യത്യരഹിത പ്രവർത്തനം ആണെന്നതിലുപരി സ്ത്രീകളുടെ വ്യക്തിത്വത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള നിയമവിരുദ്ധമായ കടന്നുകയറ്റം തന്നെയാണ്. ഈയൊരു തിരിച്ചറിവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് വൈവാഹിക ലൈംഗികാക്രമണ നിയമത്തിന്റെ പുനർവായന ആരംഭിക്കേണ്ടത്.
പോപുലേഷൻ കൗൺസിലിന്റെ 2017-ലെ മാത്രം കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലുള്ള 17.2 ശതമാനം സ്ത്രീകളും ഭർത്താവിന്റെ ലൈംഗിക താല്പര്യങ്ങൾക്ക് വിധേയപ്പെട്ടു കൊടുക്കാത്തതിന്റെ പേരിൽ മർദിക്കപ്പെടുന്നവരാണ്. കോവിഡ് കാലത്ത് ഇത്തരം ആക്രമണങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് "നാഷണൽ കമീഷൻ ഫോർ വുമൺ' സാക്ഷ്യപ്പെടുത്തുന്നത്. താരതമ്യേന സ്ത്രീകൾ കൂടുതൽ അടിച്ചമർത്തപ്പെടുന്ന ഗ്രാമപരിസരങ്ങളിൽ അവസ്ഥ മേൽപറഞ്ഞ കണക്കിനേക്കാൾ ഭീകരമായിരിക്കാനാണ് സാധ്യത.
പ്രസ്തുത നിരീക്ഷണത്തിനുപുറമേ വൈവാഹിക ലൈംഗികാക്രമണം ഇന്ത്യൻ ശിക്ഷാ നിയമത്തിനു കീഴിൽ കുറ്റകരമാകാതെ വന്നതിനുപിന്നിൽ ചരിത്രപരമായ ചില വസ്തുതകൾ കൂടിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ക്രോഡീകരിക്കപ്പെട്ടതാണ് ഇന്ത്യൻ ശിക്ഷാനിയമം. അതുകൊണ്ടുതന്നെ വൈവാഹിക ലൈംഗികാക്രമണത്തിന്റെ കുറ്റകരമല്ലാത്ത നിരീക്ഷണം ബ്രിട്ടീഷ് സ്വഭാവമാണ്. സ്ത്രീ പുരുഷന്മാരെ തുല്യരായി അംഗീകരിക്കാത്ത, സ്ത്രീകളെ സ്വത്ത് കൈവശം വെക്കാൻ അനുവദിക്കാത്ത വിക്ടോറിയൻ പുരുഷാധിപത്യ മനോഭാവങ്ങളുടെ അക്കാലത്ത്, വിവാഹിതരായ സ്ത്രീകളെ സ്വതന്ത്ര നിയമസ്ഥാപനമായി പരിഗണിക്കാതെ പുരുഷന്റെ വ്യക്തിത്യത്തിൽ ലയിപ്പിച്ചുചേർത്തിരുന്ന സിദ്ധാന്തമായിരുന്നു ഈ നടപടിയുടെ അടിസ്ഥാനം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിട്ടിട്ടും ബ്രിട്ടീഷ് നിർമിതമായ ശിക്ഷാനിയമങ്ങളുടെ ഇരുണ്ട തലങ്ങളിലേക്ക് ജനാധിപത്യത്തിന്റെ വെളിച്ചം കടന്നുചെന്നിട്ടില്ലെന്നു പറയുന്നത് വേദനാജനകമാണ്.
"ദാരിദ്ര്യവും നിരക്ഷരതയും നിലനിൽക്കുന്ന, വ്യത്യസ്ത മത- സാമൂഹികരീതികളും വിശ്വാസങ്ങളും പാലിച്ചുപോരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആവുന്നൊരു ആശയമല്ല വൈവാഹിക ലൈംഗികാക്രമണം' എന്നാണ് ഭരണകൂട നിലപാട്
നിസ്സഹായമാകുന്ന കോടതികൾ
വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന ആവശ്യവുമായി പല വ്യക്തികളും, സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും നിയമനിർമാണം ജുഡീഷ്യറിയുടെ പരിധിയിൽപ്പെട്ടതല്ലാത്തതിനാൽ നിരാശയായിരുന്നു ഫലം. വൈവാഹിക ലൈംഗികാക്രമണം വിവാഹമോചനത്തിനുള്ള കാരണമായെങ്കിലും പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹരജി 2019 ജൂലൈയിൽ ഡൽഹി ഹൈക്കോടതി തള്ളിയത് അതിനൊരുദാഹരണം മാത്രം. മുമ്പും പല ഹൈക്കോടതികളിൽ നിന്നും സമാന നടപടികളുണ്ടായിട്ടുണ്ട്. ഈ കോടതികളിൽ നിന്ന് വ്യത്യസ്തമായി ‘വൈവാഹിക ലൈംഗികാക്രമണം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാം' എന്ന് സമീപകാലത്ത് നടന്ന കേരള ഹൈക്കോടതി വിധി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വൈവാഹിക ലൈംഗികാക്രമണം ഇന്ത്യൻ ശിക്ഷാ നിയമത്തിനു കീഴിൽ കുറ്റകരമല്ലെങ്കിലും ശാരീരികവും മാനസികവുമായ ക്രൂരത വിവാഹബന്ധം വേർപെടുത്താൻ മതിയായ കാരണമാണ് എന്നതായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഈ വിധി വന്ന് ഒരു മാസം കഴിയുമ്പോഴേക്കും പ്രസ്തുത വിധിക്ക് വിരുദ്ധമായി ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി വന്നു. യാഥാർഥ്യത്തിൽ മാറിമറിയുന്ന കോടതി വിധികളെ ഈ വിഷയത്തിൽ പഴിക്കുന്നതിൽ അർഥമില്ല. കാരണം, നിയമത്തിന്റെ പ്രയോഗതലങ്ങളിലേക്ക് വരുമ്പോൾ ഐ.പി.സി.യിൽ വൈവാഹിക ലൈംഗികാക്രമണം കുറ്റകരമല്ലാതെ തുടരുന്ന കാലത്തോളം രാജ്യത്തെ എല്ലാ കോടതികളും ഈ വിഷയത്തിൽ നിസ്സഹായരാണ്.
ഒരു നിയമം ചിലരാൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ആ നിയമം ഒഴിവാക്കാനോ, ന്യായമായ ഭേദഗതികൾ തടഞ്ഞുവെക്കാനോ മാത്രം മതിയായൊരു കാരണമല്ല.
ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി പലതവണ വൈവാഹിക ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഭരണകൂടത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. നിർഭയ കേസിനുശേഷം സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ ഭേദഗതികൾ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വർമ കമ്മിറ്റിയും, സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഉന്മൂലനം ചെയ്യാൻ യു.എൻ. ചുമതലപ്പെടുത്തിയ കമ്മിറ്റിയും വൈവാഹിക ലൈംഗികാക്രമണം കുറ്റകരമാക്കണമെന്ന് ഇന്ത്യൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത് അതിനുള്ള മതിയായ തെളിവുകളാണ്. എന്നാൽ "ദാരിദ്ര്യവും നിരക്ഷരതയും നിലനിൽക്കുന്ന, വ്യത്യസ്ത മത- സാമൂഹികരീതികളും വിശ്വാസങ്ങളും പാലിച്ചുപോരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആവുന്നൊരു ആശയമല്ല വൈവാഹിക ലൈംഗികാക്രമണം' എന്നായിരുന്നു ഭരണകൂടത്തിന്റെ മറുപടി. യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം എന്നല്ലാതെ മറ്റൊരു പേരും ഭരണകൂടത്തിന്റെ ഈ സമീപനമർഹിക്കുന്നില്ല. കാരണം, രാജ്യത്ത് നിലനിൽക്കുന്ന ഏറെ കുറ്റകൃത്യ നിയമങ്ങളെയും കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കാനായിട്ടുണ്ടെങ്കിൽ വൈവാഹിക ലൈംഗികാക്രമണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടുമ്പോൾ മാത്രമെന്താണ് നിരക്ഷരതയും ഇതര കാരണങ്ങളും തടസ്സമായി ഉയർന്നുവരുന്നത്?
നിയമം വന്നാൽ കുടുംബം തകരുമോ?
വൈവാഹിക ലൈംഗികാക്രമണം കുറ്റകരമാക്കി നിയമം പ്രാബല്യത്തിൽ വന്നാൽ അത് വിവാഹമെന്ന സ്ഥാപനത്തെയും അതിന്റെ ‘പവിത്രത'യെയും തകർക്കുമെന്നും, പുരുഷന്മാർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യമായി പ്രാബല്യത്തിലുള്ള നൂറിലധികം രാജ്യങ്ങളിൽ ഒന്നിൽ പോലും വിവാഹമെന്ന സ്ഥാപനം നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകളില്ല. സ്ത്രീസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ചില സമയങ്ങളിലായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വസ്തുതയാണ് രണ്ടാമത്തെ വാദത്തിന്റെ അടിസ്ഥാനം. ചിലർ ദുരുപയോഗിച്ചേക്കും എന്ന വാദം തന്നെ ആ നിയമം അഡ്രസ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് അംഗീകരിക്കലും, നിയമം പ്രാബല്യത്തിൽ വന്നാൽ നിരവധി സ്ത്രീകൾക്ക് സുരക്ഷയായേക്കും എന്നതിനെ വിസ്മരിക്കലും കൂടിയാണ്. ഒരു നിയമം ചിലരാൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ആ നിയമം ഒഴിവാക്കാനോ, ന്യായമായ ഭേദഗതികൾ തടഞ്ഞുവെക്കാനോ മാത്രം മതിയായൊരു കാരണമല്ല.
ഭർത്താവോ അയാളുടെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരതകളിൽ നിന്ന് വിവാഹിതയായ സ്ത്രീക്ക് പരിരക്ഷ നൽകുന്ന ഐ.പി.സി. 498 എ വൈവാഹിക ലൈംഗികാക്രമണത്തെ കൂടി അഡ്രസ്സ് ചെയ്യുന്നുണ്ടെന്നതിനാൽ ഈ കൃത്യത്തെ സംബന്ധിച്ച് നിലവിലെ നിയമം ഭേദഗതി ചെയ്യുകയോ, പുതുതായൊന്നു നിർമിക്കുകയോ വേണ്ടതില്ലെന്നതാണ് അധികൃതരുടെ മറ്റൊരു വാദം. സ്ത്രീ കളവു പറയുകയാണെന്ന സംശയക്കണ്ണുകളോടെ കുറ്റകൃത്യത്തിന്റെ സ്വഭാവം കാര്യഗൗരവമായി പരിഗണിക്കപ്പെടാതെ കഴിഞ്ഞുപോകുന്നവയാണ് ഐ.പി.സി. 498 എ യുടെ കീഴിൽ രേഖപ്പെടുത്തപ്പെടുന്ന മിക്ക പരാതികളും. മാത്രമല്ല, ശിക്ഷാനടപടികളിലും 498 എ യും 375 ഉം തമ്മിൽ വലിയ വ്യത്യാസമുണ്ട്. 498 എ അനുസരിച്ച് കുറ്റവാളിക്ക് ലഭിച്ചേക്കാവുന്ന പരമാവധി ശിക്ഷ മൂന്നുവർഷം വരെ തടവാണ്. എന്നാൽ 375 പ്രകാരം കുറ്റവാളി പരമാവധി ജീവപര്യന്തം വരെ ശിക്ഷയനുഭവിച്ചേക്കും. ലൈംഗികാക്രമണ നിയമവുമായി ഇത്രയും വ്യത്യാസം പുലർത്തി പോരുന്ന ഐ.പി.സി. 498 എ വിവാഹിതരായ സ്ത്രീക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങളെ ഉൾക്കൊള്ളിക്കുന്നുണ്ടെന്നും, അവയ്ക്കുള്ള പരിഹാരമാണെന്നും അവകാശപ്പെടുന്നത് ഒരുപോലെ ഇരയുടെ നീതി നിഷേധിക്കുകയും, അക്രമിയെ സംരക്ഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.
ആധുനിക യുഗത്തിലെ മിക്ക നിയമശാസ്ത്രവും സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിൽ വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ഭേദഗതിക്ക് സമയം അതിക്രമിച്ചു
വൈവാഹികനിലയെ അടിസ്ഥാനപ്പെടുത്തി കുറ്റവാളി തെറ്റുകാരൻ അല്ലാതെയാവുകയോ, ഇരയുടെ നീതി നിഷേധിക്കപ്പെടുകയോ ചെയ്യാൻ പാടില്ല. ലൈംഗികാക്രമണം ആര് ചെയ്താലും തെറ്റ് തന്നെയാണ്. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീ അക്രമം നേരിട്ടത് ഭർത്താവിൽ നിന്നാണെന്നുള്ള കാരണത്താൽ അവരെ അവിവാഹിതരായ സ്ത്രീകൾക്ക് ലഭിക്കുന്ന നീതിയിൽ നിന്ന് വേർതിരിക്കുമ്പോൾ സ്ത്രീകൾക്കിടയിൽ രണ്ടു വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 പൗരന് ഉറപ്പുനൽകുന്ന തുല്യനീതി സങ്കൽപത്തിന്റെയും, അനുച്ഛേദം 21 ഉറപ്പുനൽകുന്ന മാനവീയ അന്തസ്സോടെയുള്ള സുരക്ഷിത ജീവിതാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണ്. ആധുനിക യുഗത്തിലെ മിക്ക നിയമശാസ്ത്രവും സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിൽ വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ഈ ലേഖനം നമ്മൾ വായിച്ചുകൊണ്ടിരിക്കുന്ന നിമിഷം പോലും ഇന്ത്യൻ ഭൂപടത്തിൽ എവിടെയൊക്കെയോ ലൈംഗികബന്ധത്തിനായി ഭർത്താവ് പങ്കാളിയെ മർദിക്കുകയും, ബലപ്രയോഗം നടത്തി വിധേയപ്പെടുത്തുകയും, അനാരോഗ്യകരമായ ലൈംഗികചേഷ്ടകൾക്ക് നിർബന്ധിക്കുകയും ചെയ്യുന്നുണ്ടാവുമെന്ന് ഉറപ്പാണ്. ജസ്റ്റിസ് വർമ കമ്മിറ്റി ഓർമപ്പെടുത്തിയതുപോലെ, സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും, തുല്യനീതിയുടെയും നിർവഹണം ഉറപ്പായും വ്യക്തികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത പരിശ്രമം കൊണ്ട് മാത്രമേ സാധിക്കൂ.
പങ്കാളിയുടെ അവകാശങ്ങളെക്കുറിച്ച് ഭർത്താവ് സ്വയം തിരിച്ചറിവുള്ളവനാകുന്നതിനു പുറമേ അവരോടുള്ള ലൈംഗികാതിക്രമം നിയമപരമായി ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണെന്ന ഭയം കൂടി ചേരുമ്പോഴാണ് വ്യക്തികൾ തിരുത്താൻ തയാറാകുന്നത്. ഇതുതന്നെയാണ് ശിക്ഷാ സിദ്ധാന്തങ്ങളിൽപ്പെട്ട ‘ഡിറ്ററെൻറ് തിയറി' കൊണ്ട് ഉദ്ദേശിക്കുന്നതും. അതുകൊണ്ട്, നിയമനിർമാണസഭ നിയമപരമായ ഈ ദൗർബല്യം തിരിച്ചറിഞ്ഞ്, പങ്കാളിയുടെ സ്വകാര്യതയിലേക്കും അവകാശങ്ങളിലേക്കുമുള്ള ഭർത്താവിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങളെ അനുവദിക്കുന്ന ഐ.പി.സി. 375 എക്‌സപ്ഷൻ 2 ഭേദഗതി ചെയ്ത് ലൈംഗികാക്രമണ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് സാമൂഹ്യനീതി. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.