രാജീവ് ഐപ്പും സുഭദ്ര സെൻ ഗുപ്തയും

എന്തിനാണ് ഈ ഭരണഘടന കുട്ടികളേ?

ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ഭരണഘടന എന്ന് കുട്ടികളെല്ലാവരും സ്ഥിരമായി കേൾക്കാറുണ്ടല്ലോ? പത്രങ്ങളിലും പാഠപുസ്തകത്തിലും ഒക്കെ ഈ വാക്കുകൾ ഇടയ്ക്കിടെ കയറി വരും. പക്ഷേ, ശരിക്കും എന്താണ് ഈ ഇന്ത്യൻ ഭരണഘടന? നമ്മുടെ രാജ്യത്തിന് എന്തിനാണ് ഒരു ഭരണഘടന? അതിനെക്കുറിച്ചൊക്കെ അറിഞ്ഞിട്ടെന്താ കാര്യം? ഈ ചോദ്യങ്ങളുമായി കുട്ടികളോടുള്ള ഒരു സംവാദമാണ് സുഭദ്ര സെൻ ഗുപ്ത എഴുതിയ The Constitution of India for Children. ഈ പുസ്തകത്തെക്കുറിച്ചാണ് ഈ ലക്കത്തിൽ എഴുതുന്നത്.

ഈ പുസ്തകത്തെക്കുറിച്ച് ഇപ്പോൾ എഴുതുന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര സെൻ ഗുപ്തയ്ക്കാണ് 2020ലെ ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റാ ട്രസ്റ്റ്‌സ് ബാലസാഹിത്യ പ്രോത്സാനത്തിനു നടത്തുന്ന പരാഗ് എന്ന സ്ഥാപനം നല്കുന്ന ഈ പുരസ്‌കാരം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാലസാഹിത്യ പുരസ്‌കാരം ആണ്.

The Constitution of India for Children കവർ

ജനാധിപത്യം, മതേതരത്വം തുടങ്ങിയ സങ്കീർണ സങ്കല്പങ്ങൾ കുട്ടിക്കൾക്കായി വിശദീകരിക്കണം പക്ഷേ, അവരോട് പ്രഭാഷണം നടത്തുന്നതാവരുത് രചന എന്നതായിരുന്നു ഈ പുസ്തകം എഴുതുമ്പോൾ തന്റെ മുന്നിലെ വെല്ലുവിളി എന്ന് സുഭദ്ര ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ""ഒരു പത്തു വയസ്സുകാരിക്കു പോലും നമ്മൾ വിചാരിക്കുന്നതിനെക്കാളും ധാരണയുണ്ട്. ജാതിവ്യവസ്ഥ മുതൽ മതസഹിഷ്ണുത വരെ എല്ലാ കാര്യങ്ങളും ഞാൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികൾ എന്നോടു പ്രതികരിച്ച രീതി വളരെ ആശാവഹമായിരുന്നു.''

എന്താണ് ഭരണഘടന?, ഭരണഘടനയുടെ ആമുഖം, ഭരണഘടനാ നിർമാണ സഭ, ഭരണഘടനാ നിർമാണ സഭയുടെ നേതാക്കൾ, മൗലിക അവകാശങ്ങളും നിർദേശക തത്വങ്ങളും, നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതെങ്ങനെ?, ഇന്ത്യ ഒരു റിപ്പബ്ലിക് ആവുന്നു, ഭരണഘടനയുടെ ഘടന, ഇന്ത്യയിലെ ഔദ്യോഗിക ഭാഷകൾ, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പുസ്തകം വിവരിക്കുന്നു.

""ഇങ്ങനെ വിവരിക്കുമ്പോൾ ഭരണഘടന മനസ്സിലാവാത്ത ഭാഷയിലെഴുതിയ, വക്കീലന്മാർ മാത്രം വായിക്കുന്ന ഒരു സങ്കീർണ രേഖയാണെന്നു തോന്നാം. പക്ഷേ, അങ്ങനെയല്ല. അത് ലിബറലും ആലോചനാപൂർവം ഉണ്ടാക്കിയതും ജനാഭിപ്രായത്തെ ബഹുമാനിക്കുന്നതുമാണ്. യാഥാർത്ഥ്യബോധത്തോടെ എഴുതിയിട്ടുള്ളതും ഇന്ത്യയുടെ പൗരരുടെ ക്ഷേമത്തെക്കുറിച്ച് എപ്പോഴും കരുതലുള്ളതുമാണ്. നമ്മുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നു പറഞ്ഞു തരുന്ന രേഖയാണത്. നമ്മുടെ ജീവിതം കൂടുതൽ എളുപ്പമുള്ളതും നമ്മളെ സുരക്ഷിതരാക്കുന്നതും ഒരുമയുള്ളവരാക്കുന്നതുമാണ് ഈ ഭരണഘടന.'' എന്നു പറഞ്ഞാണ് ഈ പുസ്തകം ആരംഭിക്കുന്നത്.

പുസ്തകം ഏതാണ്ട് കഥ പറയുന്ന ശൈലിയിൽ ആണ്, ""നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് പതിനേഴ് സംവത്സരങ്ങൾക്കു മുമ്പ്, നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത്, 1929 ഡിസംബർ 31ന് ലാഹോറിൽ രവി നദിയുടെ കരയിൽ നിന്ന് ജവഹർലാൽ നെഹ്രു പ്രഖ്യാപിച്ചു, സ്വാതന്ത്ര്യം മാത്രമാണ് നമ്മുടെ ലക്ഷ്യം. എല്ലാക്കൊല്ലവും ജനുവരി 26 സ്വരാജ് ദിനമായി ആചരിക്കാൻ അവിടെയാണ് തീരുമാനിക്കപ്പെട്ടത്... ഇരുപതു വർഷങ്ങൾക്കു ശേഷം 1950 ജനുവരി 26ന് നമ്മൾ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചു,''

1950ൽ ഇന്ത്യയുടെ ഒരു വൈകാരികാവസ്ഥ എങ്ങനെ ആയിരുന്നു എന്നത് ഇങ്ങനെയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ""ഒരു ദിവസം രാവിലെ, ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരത്തിലെ ദർബാർ ഹാളിൽ പുറത്തു പോകുന്ന ഗവർണർ ജനറൽ സി രാജഗോപാലാചാരിയും പുതിയ പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദും വേദിയിലിരുന്നു, ഒരു ബുദ്ധപ്രതിമയുടെ മുന്നിൽ. ആ പ്രതിമ ഇന്നും അവിടെയുണ്ട്. ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുതിയ പ്രസിഡന്റിന് സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. പുറത്ത് മുപ്പത്തിയൊന്ന് ആചാരവെടികൾ മുഴങ്ങി. ഇന്ന് രാഷ്ട്രപതി ഭവൻ എന്നു വിളിക്കുന്ന ആ കെട്ടിടത്തിന്റെ അകത്തളങ്ങളിലെല്ലാം ദേശീയഗാനം മുഴങ്ങി.''

"

"ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്, ""നമ്മൾ ഇന്ത്യക്കാർ,'' എന്ന വാക്കുകളുമായാണ്. അത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി സംസാരിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി അടിമത്തത്തിലായിരുന്ന ഒരു ജനതയുടെ ശബ്ദത്തിൽ. അവർ ഇന്ന് ഉയർത്തെഴുന്നേറ്റു നിന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ്, നോക്കൂ, ഇതാണ് ഞങ്ങളുടെ ഭരണഘടന. ഞങ്ങളുടെ രാജ്യത്തെ ജനങ്ങൾക്കായി ഞങ്ങൾ ഇത് എഴുതുന്നു. ..... We the People of India ആണ് ആമുഖത്തിലെ ഏറ്റവും മനോഹരമായ പ്രയോഗം. വിദേശഭരണത്തിലായിരുന്ന, ചൂഷണത്തിനു വിധേയരായിരുന്ന, ആത്മവിശ്വാസം നശിച്ച ഒരു ജനത തലയുയർത്തി നിന്ന് അഭിമാനത്തോടെ പറയുകയാണ്, ""ഞങ്ങൾ ഇന്ത്യക്കാർ!'' മുഴുവൻ ലോകവും അത് കേൾക്കണം. നമ്മുടെ ഭരണഘടനയുടെ പ്രചോദനവും ആത്മാവും ഈ വാക്കുകളാണ്.''

ഭരണഘടനാ നിർമാണ സഭയെ ഏറ്റവും സ്വാധീനിച്ച നേതാക്കളായി സുഭദ്ര സെൻ ഗുപ്ത പറയുന്നത് ജവഹർലാൽ നെഹ്രു, സർദാർ പട്ടേൽ, ബി.ആർ അംബേദ്കർ, മൗലാനാ അബുൾ കലാം ആസാദ്, സരോജിനി നായിഡു, ഡോ രാജേന്ദ്ര പ്രസാദ് എന്നിവരെയാണ്. ഇവർ ഓരോരുത്തരെയും കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും വിശദമായി വിവരിക്കുന്നുമുണ്ട്.

മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഭാഗത്തു പറയുന്നു, ""സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് മൗലികാവകാശങ്ങൾ ബാധിക്കുന്നത്? നമുക്ക് ഇഷ്ടമുള്ള ഇടത്ത് ജീവിക്കാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഒരു മതവും സ്വീകരിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം തരുന്നത് മൗലികാവകാശങ്ങളാണ്. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രകൃതി സ്‌നേഹി ആണെങ്കിൽ, നിങ്ങൾക്ക് മരങ്ങളെയോ പക്ഷികളെയോ ഒക്കെ ആരാധിക്കുന്ന ഒരു പുതിയ മതം തുടങ്ങാനുള്ള അവകാശം നമ്മുടെ ഭരണഘടന പ്രകാരം ഉണ്ട്. ആർക്കും പറയാനാവില്ല, ""നീ ഒരു ദളിത് പെൺകുട്ടി ആണ്, അതിനാൽ നിനക്ക് ഇത് ചെയ്യാനാവില്ല.'' അങ്ങനെ ഒരു ദളിതിന് ജാതിയുടെ പേരിൽ ഒരു ഹോട്ടലിൽ കയറ്റില്ല എന്നോ ഒരു ജോലി നല്കില്ല എന്നോ വന്നാൽ അവർക്ക് അതിനെതിരെ കോടതിയിൽ പോകാൻ അവകാശമുണ്ട്.

ഈ 2018ലാണ് സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനാവില്ല എന്ന ആചാരത്തിനെതിരെ സുപ്രീം കോടതി വിധി പറഞ്ഞത്.... ആളുകൾക്ക് അവരവരുടെ മതപരമായ അവകാശങ്ങളെക്കുറിച്ച് കരഞ്ഞു വിളിക്കാം, അവർ നേരിട്ട് ദൈവത്തോടു സംസാരിക്കുന്നു എന്ന് പ്രഖ്യാപിക്കാം. പക്ഷേ, തുല്യതയാണ് ആദ്യം. ഭരണഘടനയുടെ ആമുഖം അങ്ങനെ പറഞ്ഞിരിക്കുന്നു.''

ലളിതമായി പറയുന്നതാണ് ഏറെ കഠിനം

മുൻപൊരിക്കൽ എഴുതിയ ഒരു കാര്യം ഇവിടെ ആവർത്തിക്കട്ടെ, കുട്ടികൾക്കായി കഥേതര പുസ്തകങ്ങൾ എഴുതുക എന്നതിനർത്ഥം സങ്കീർണ വിഷയങ്ങളുടെ പ്രാഥമിക പാഠങ്ങൾ ലളിതമായി പറയുക എന്നല്ല, അത് പാഠപുസ്തകങ്ങളുടെ രീതിയാണ്. നമ്മുടെ പാഠപുസ്തകങ്ങൾ പോലും രചനാരീതിയിൽ വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. അപ്പോൾ പിന്നെ ബാലസാഹിത്യം പഴയ

Girls of India: A Mauryan Adventure കവർ

പാഠപുസ്തകത്തിന്റെ രീതി പിന്തുടർന്നാൽ മതിയോ? കഥാപുസ്തകങ്ങളായാലും കഥേതര പുസ്തകങ്ങളായാലും ബാലസാഹിത്യം ഒന്നാമതായി സാഹിത്യം ആയിരിക്കണം. കുട്ടികൾക്കുള്ള ചരിത്രപുസ്തകങ്ങൾ എങ്ങനെ കുട്ടികളോടു സംവദിക്കുന്ന സാഹിത്യമാകുന്നു എന്നതിന് ഉദാഹരണമാണ് സുഭദ്ര സെൻ ഗുപ്തയുടെ പുസ്തകങ്ങൾ. മൗര്യകാലത്ത് ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ഒരു കഥയാക്കി പറയുന്ന Girls of India: A Mauryan Adventure എന്ന പുസ്തകമാണ് സുഭദ്രയുടെ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഹാരപ്പ, ചോള കാലത്തെ പെൺകുട്ടി ജീവിതത്തെക്കുറിച്ചും ഈ പരമ്പരയിൽ ഓരോ എഴുത്തുകാർ എഴുതുന്നുണ്ട്.

ലളിതമായി പറയുക എത്ര കഠിനമാണ് എന്നു പറഞ്ഞത് റസ്‌കിൻ ബോണ്ട് ആണ്. ബാലസാഹിത്യം എഴുതുന്നവർക്ക് കഥ പറയാനുള്ള നല്ല ശേഷിയും വേണം. അവ ഒരുമിക്കുന്നതാണ് സുഭദ്രയുടെ പുസ്തകങ്ങൾ.

ബിഗ് ലിറ്റിൽ ബുക്ക് അവാർഡ്

ഓരോ കൊല്ലവും ഓരോ ഇന്ത്യൻ ഭാഷയിലെ ബാലസാഹിത്യത്തിന് പ്രമുഖ സംഭാവന നല്കിയ ഒരു എഴുത്തുകാരൻ/എഴുത്തുകാരിക്കും ഒരു ചിത്രകാരൻ/ചിത്രകാരിക്കും നല്കുന്നതാണ് ഈ പുരസ്‌കാരം. 2016 മുതലാണ് ഈ പുരസ്‌കാരം ആരംഭിച്ചത്. ഇക്കൊല്ലം ഇംഗ്ലീഷ് ഭാഷയിലെ എഴുത്തുകാർക്ക് പുരസ്‌കാരം നല്കാനായിരുന്നു തീരുമാനം. രാജീവ് ഐപ്പിനാണ് ഇക്കൊല്ലത്തെ ചിത്രീകരണത്തിനുള്ള പുരസ്‌കാരം.

2016ൽ മറാത്തി എഴുത്തുകാരി മാധുരി പുരന്തരെയ്ക്കും 2017ൽ ബംഗാളി എഴുത്തുകാരി നബനീത ദേബ് സെന്നിനും 2018ൽ കന്നട എഴുത്തുകാരൻ നാഗേഷ് ഹെഗ്‌ഡെയ്ക്കും 2019ൽ ഹിന്ദി എഴുത്തുകാരൻ പ്രഭാതിനും എഴുത്തുകാർക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. അതനു റോയി, പ്രോയിതി റോയി, നീന സബ്‌നാനി, പ്രിയ കുര്യൻ എന്നിവർക്കാണ് ചിത്രീകരണത്തിനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത്.

സുഭദ്ര സെൻ ഗുപ്ത

കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് നാല്പതിലേറെ ബാലപുസ്തകങ്ങൾ രചിച്ചു സുഭദ്ര സെൻ ഗുപ്ത. ചരിത്രമാണ് സുഭദ്രയുടെ വിഷയം. A Flag, a Song, and a Pinch of Salt: Freedom Fighters of India, Saffron, White and Green: The Amazing Story of India's Independence, Ashoka the Great Compassionate King, Mahatma Gandhi the father of the Nation, Lets Go Time Travelling: Life in India through the Ages, Girls in India: A Mauryan Adventure, A Bagful of History, A Children's History of India, തുടങ്ങിയവ സുഭദ്ര സെൻ ഗുപ്തയുടെ പ്രധാന കൃതികളിൽ പെടുന്നു. 2014ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം സുഭദ്രയ്ക്ക് നല്കി. സുഭദ്രയുടെ മൂന്നു പുസ്തകങ്ങൾ ബൊളോണിയ പുസ്തകമേളയിലെ വൈറ്റ് റെയ്വൻസ് പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു. ▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments