നിയമവാഴ്ചയുടെയും നീതിബോധത്തിന്റെയും ജനാധിപത്യ സാമൂഹ്യജീവിതത്തിന്റെയും സകല ധാരണകളേയും അട്ടിമറിച്ചാണ് സംഘപരിവാർ സർക്കാരുകൾ ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ (bulldozer Raj) നടപ്പാക്കാൻ തുടങ്ങിയത്. കുറ്റവാളികളെന്ന് ഭരണകൂടം വിധിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുകയെന്ന പുതിയ പരിപാടി കേവലമൊരു ആൾക്കൂട്ട നീതിയായിരുന്നില്ല. അത് ഭരണകൂടം നിയമത്തിന്റെ വ്യാജസാധൂകരണവുമായി നടത്തിയ ആക്രമണമായിരുന്നു.
മാത്രമല്ല, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഹിംസാത്മകമായ ജനാധിപത്യവിരുദ്ധ സ്വഭാവം ജനങ്ങൾക്കു മുന്നിൽ പരീക്ഷിക്കുന്ന പരിപാടി കൂടിയായിരുന്നു അത്. അതിനാണ്, Directions in the matter of Demolition of Structures v. and Ors. എന്ന കേസിൽ നൽകിയ ഉത്തരവിലൂടെ (ജഡ്ജിമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ) സുപ്രീംകോടതി തടയിട്ടത്. ഇന്ത്യയുടെ ഉദാര ജനാധിപത്യ ഭരണഘടനാ ധാർമ്മികത ഇടിച്ചുനിൽക്കാൻ നടത്തുന്ന അപൂർവ്വമായ ചില ശ്രമങ്ങളിലൊന്നുകൂടിയാണിത്.
നിയമവാഴ്ച, ഭരണകൂടത്തിന് ഏകപക്ഷീയമായി പൗരാവകാശങ്ങൾക്കുമേൽ ആക്രമണം നടത്താനുള്ള അധികാരമില്ലായ്മ, കുറ്റാരോപിതർക്ക് നിയമപ്രക്രിയയിലുള്ള അവകാശം, സ്വന്തം ഭാഗം വിശദീകരിക്കാനും തന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ അത് സ്ഥാപിക്കാനുമുള്ള പൗരരുടെ അവകാശം, നിയമം നിയമാനുസൃതമായ പ്രക്രിയയിലൂടെ മാത്രം നടപ്പാക്കുക എന്നിവയിലൂന്നിയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൗരാവകാശങ്ങളെ ഭരണകൂടം അതിഭീകരമായി കവർന്നെടുക്കുന്ന കാലത്ത് ഇത്തരത്തിൽ പ്രത്യക്ഷമായിത്തന്നെ ഭരണകൂട ഭീകരതയെ നിഷേധിക്കുകയും മൂക്കുകയറിടുകയും ചെയ്യുന്ന വിധി സ്വാഗതാർഹമാണ്.
കുറ്റാരോപിതർ കുറ്റക്കാരാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ആ ചുമതല കൂടി ഭരണനിർവ്വഹണ സംവിധാനം (Executive) ഏറ്റെടുക്കുന്നതോടെ അത് നിയമവാഴ്ചയുടെയും ഭരണഘടനാനുസൃതമായ അധികാര വിഭജനത്തിന്റെയും അന്ത്യമാകുമെന്നും കോടതി ഈ വിധിയിലൂടെ വ്യക്തമാക്കുന്നു. അനധികൃത നിർമ്മാണങ്ങൾ തകർക്കുന്നതിനുമുമ്പ് അതിന്റെ ഉടമകൾക്ക് നിയമാനുസൃതം നൽകേണ്ട അറിയിപ്പുകൾ മുതൽ അവസാന നടപടികൾക്ക് വരെയുള്ള, ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും ബാധകമാകുന്ന നിർദ്ദേശങ്ങൾ സുപ്രീംകോടതി ഈ ഉത്തരവിലൂടെ നൽകുന്നു. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർ നിയമപരമായി ശിക്ഷാനടപടികളും നേരിടേണ്ടിവരും. വാസ്തവത്തിൽ ആൾക്കൂട്ട നീതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലടക്കം പ്രവർത്തിക്കുന്ന ഭരണകൂട ഹിംസയുടെ യുക്തിയുടെയും നിരാകരണം കൂടിയാണ് ഈ വിധി.
അനധികൃത നിർമ്മാണങ്ങൾ തകർക്കുന്നതിനുമുമ്പ് അതിന്റെ ഉടമകൾക്ക് നിയമാനുസൃതം നൽകേണ്ട അറിയിപ്പുകൾ മുതൽ അവസാന നടപടികൾക്ക് വരെയുള്ള, ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും ബാധകമാകുന്ന നിർദ്ദേശങ്ങൾ സുപ്രീംകോടതി ഈ ഉത്തരവിലൂടെ നൽകുന്നു.
സ്വന്തമായൊരു വീടും മുറ്റവും ഓരോ മനുഷ്യന്റെയും ഹൃദയകല്പനയാണെന്ന ഹിന്ദി കവി പ്രദീപിന്റെ കവിത ഉദ്ധരിച്ചാണ് സുപ്രീംകോടതി വിധി തുടങ്ങുന്നത്. Southam v. Smout (1964) തർക്കത്തിൽ ലോഡ് ഡെന്നിങ് നൽകിയ വിധിയിലെ ഒരു ഭാഗം കോടതി അതിനു പിന്നാലെ പരാമർശിക്കുന്നുണ്ട്;
"രാജാധികാരത്തിന്റെ എല്ലാ ശക്തികളെയും ഏറ്റവും ദരിദ്രനായ മനുഷ്യൻ അയാളുടെ കുടിലിൽ ചെറുത്തുനിൽക്കും. അത് ദുർബ്ബലമായിരിക്കാം, അതിന്റെ മേൽക്കൂര ഇളക്കിയേക്കാം, കാറ്റ് അതിലൂടെ വീശിയടിച്ചേക്കാം, മഴയതിലൂടെ പെയ്തിറങ്ങാം, പക്ഷെ ഇംഗ്ലണ്ടിലെ രാജാവിന് അതിലൂടെ പ്രവേശിക്കാനാകില്ല. ആ ജീർണ്ണിച്ച കുടിലിന്റെ ഉമ്മറപ്പടി കടക്കാൻ അയാളുടെ മുഴുവൻ സൈന്യവും ധൈര്യപ്പെടില്ല. അതങ്ങനെയാണ്- ആ രാജാവിന് നിയമത്തിന്റെ ന്യായീകരണം ഇല്ലാത്തിടത്തോളം".
പൗരാവകാശങ്ങളുടെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ, നിയമവാഴ്ച്ചയുടെ, ഭരണകൂടവും പൗരരും ഒരേ നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാൽ ബന്ധിതരാണെന്നും പൗരർക്കുമേൽ ഭരണകൂടത്തിന്റെ അധികാരമെന്നത് നിയമത്തിന്റെ അധികാരമാണെന്നും നിയമം പൗരസമൂഹത്തിന്റെ ജനാധിപത്യബോധത്തിൽ നിന്നുള്ളതാണെന്നുമുള്ള നീതിയുടെ കാഴ്ചപ്പാടു കൂടിയാണ് ഡെന്നിങിന്റെ ഈ പ്രസ്താവം.
നിയമവാഴ്ച എന്നത് ജനാധിപത്യത്തിന് എത്രത്തോളം അഭേദ്യമായൊരു സങ്കല്പനവും വാസ്തവികതയുാ ആകേണ്ടതുണ്ടെന്നത് Rule of law എന്നതിന്റെ ജനാധിപത്യകാലങ്ങളിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന സംഗതിയാണ്. ഏതു തരം നയം എന്നത് നിയമവാഴ്ചയിൽ പ്രധാനമാണ്. അതിന്റെ രാഷ്ട്രീയ- സാമൂഹ്യാധികാര സ്വഭാവം നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയെ ജനാധിപത്യപരമായി നിലനിർത്തുക എന്നത് ജനാധിപത്യ സമൂഹത്തിലെ ഭരണഘടനാകോടതിയുടെ നിരന്തര കടമയാണ്. നിയമവാഴ്ചയുടെ ജനാധിപത്യപ്രക്രിയ എല്ലാവർക്കും ഒരുപോലെ ബാധകമാണ്, “That is the law. And no Spartan, subject or citizen, man or woman, slave or king, is above the law. Wherever law ends, tyranny begins” (Rawls).
നിയമനിർമാണസഭ ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കുകയാണ് എക്സിക്യൂട്ടീവിന്റെ ചുമതല. അതിന്റെ ഭരണഘടനപരവും നിയമപരവുമായ ശരി- തെറ്റുകൾ തീർപ്പാക്കേണ്ടത് കോടതികളാണ്. ഇതിൽ കോടതികളുടെ നീതിനിർണ്ണയാധികാരം എക്സിക്യൂട്ടീവ് കയ്യേറുന്നതാണ് ബുൾഡോസർ രാജിൽ കണ്ടത്.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് (basic structure) നിയമവാഴ്ച എന്ന് ഇന്ദിരാഗാന്ധി v/s രാജ്‌നാരായൺ (1976) കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് ഈ വിധിയിലും കോടതി ഓർമിപ്പിക്കുന്നുണ്ട്. പുട്ട സ്വാമി തർക്കത്തിൽ (2018) സ്വകാര്യത മൗലികാവകാശമാക്കുന്ന വിധിയിൽ ഭരണകൂടം പൗരാവകാശങ്ങൾക്കുമേൽ നടത്തുന്ന ഏകപക്ഷീയ അടിച്ചമർത്തലുകൾക്കെതിരെയുള്ള ഭരണഘടനാ ജാഗ്രതയുടെ ആവശ്യകത കോടതി ഓർമിപ്പിച്ചിരുന്നു: "ഭരണഘടനയുടെ വ്യാഖ്യാതാവ് എന്ന നിലയിൽ, ഭരണകൂടത്തിന്റെ അധികാരവും പൗരാവകാശങ്ങളും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയേയും ഭരണകൂടം അട്ടിമറിക്കുന്നതിനെതിരെയും പൗരന്മാരുടെ സഹജാധികാര സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതിനും ജാഗ്രതയോടെയിരിക്കേണ്ടത് ഈ കോടതിയുടെ കടമയാണ്".
ആൾക്കൂട്ട ആക്രമണങ്ങളടക്കമുള്ള നിയമവാഴ്ചയുടെ അട്ടിമറികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിന്റെ കാതൽ, നിയമവാഴ്ചയെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ചുമതലയിലാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ സംരക്ഷണവും പൗരാവകാശങ്ങളുടേയും പൗരസ്വാതന്ത്ര്യത്തിന്റെയും സുരക്ഷയും ഭരണഘടനാ ജനാധിപത്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കോടതി പറയുന്നുണ്ട് (para 30).
ഭരണഘടന നിഷ്‌കർഷിക്കുന്ന അധികാര വിഭജന പ്രമാണം (Doctrine of separation of powers) എത്ര നിർണ്ണായകമായ ഒന്നാണെന്ന് കോടതി പറയുന്നു. ജനാധിപത്യത്തിന്റെ മൂന്ന് ഭാഗങ്ങൾ- ഭരണനിർവഹണ സംവിധാനം (Executive), നിയമനിർമ്മാണസഭ (legislature), നീതിന്യായ സംവിധാനം (Judiciary) എന്നിവയുടെ അധികാരങ്ങൾ, അതിലെ വേർതിരിവുകൾ എന്നിവയെല്ലാം ഭരണഘടന കൃത്യമായി പറയുന്നുണ്ട്. നിയമനിർമാണസഭ ഉണ്ടാക്കുന്ന നിയമങ്ങൾ നടപ്പാക്കുകയാണ് എക്സിക്യൂട്ടീവിന്റെ ചുമതല. അതിന്റെ ഭരണഘടനപരവും നിയമപരവുമായ ശരി- തെറ്റുകൾ തീർപ്പാക്കേണ്ടത് കോടതികളാണ്. ഇതിൽ കോടതികളുടെ നീതിനിർണ്ണയാധികാരം എക്സിക്യൂട്ടീവ് കയ്യേറുന്നതാണ് ബുൾഡോസർ രാജിൽ കണ്ടത്. I.R. Coelho കേസിലെ വിധിയിൽ separation of power എന്നത് ഒരു check and balance സംവിധാനമാണ് എന്ന് ഊന്നിപ്പറഞ്ഞ സുപ്രീംകോടതി, അത് സമഗ്രാധികാരത്തിനെതിരെയുള്ള തടയിടൽ (prevention of tyranny) ആണെന്നും പറയുന്നു. എല്ലാ അധികാരവും ഒരൊറ്റ സംവിധാനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരു ഫാഷിസ്റ്റ് അധികാരപ്രക്രിയയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ് ഈ ഏകപക്ഷീയമായ സമഗ്രാധികാരം എന്നതുകൊണ്ടാണ് സംഘപരിവാർ / മോദി സർക്കാരുകൾക്കു കീഴിൽ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ അതിക്രമങ്ങൾ ഭരണകൂടം നിരന്തരം നടത്തുന്നത് എന്നതാണ് വാസ്തവം. പാമ്പിന്റെ വിഷം പോലെ ഒഴിയുന്തോറും നിറയുന്ന ഹിംസയുടെയും സ്വേച്ഛാധിപത്യത്തിന്റെയും വിഷസഞ്ചിയുള്ള രാഷ്ട്രീയാധികാരമാണ് ഫാഷിസത്തിന്റേത്.
സ്വതന്ത്രവും സുതാര്യവും വേഗത്തിലുള്ളതുമായ നീതിന്യായ പ്രക്രിയ കുറ്റാരോപിതരുടെ അവകാശമാണെന്ന് സുപ്രീംകോടതിയുടെ ചില വിധികളിലൂടെ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തിരുത്താനുള്ള സാധ്യത ഏറ്റവും കൂടുതൽ തെളിയുന്നത് സുപ്രീം കോടതിക്ക് തന്നെയാണ് എന്നതാണ് വൈരുധ്യം.
പൊതു ഉത്തരവാദിത്തത്തെയും (Public accountability) പൊതു വിശ്വാസത്തെയും (public trust) തകർക്കുന്നതും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായ ഭരണകൂട നടപടികൾക്കെതിരെ കോടതികൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും ഇടപെടണമെന്നും ഈ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. അത്തരം നടപടികളെടുക്കുന്ന ഉദ്യോഗസ്ഥ സംവിധാനവും ഉദ്യോഗസ്ഥരും നിയമപരമായി അതിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കുന്നു. ഉത്തമവിശ്വാസത്തിൽ ചെയ്യുന്ന നടപടിക്രമങ്ങളും അല്ലാത്തവയും- fraud on power- തമ്മിലുള്ള വ്യത്യാസം നിർണ്ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
കുറ്റാരോപിതരുടെ അവകാശങ്ങൾ സംബന്ധിച്ച്, ഭരണഘടനയുടെ പൗരാവകാശ പ്രമാണങ്ങളെ ഈ വിധി ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നുണ്ട് എന്നത് പ്രതീക്ഷാനിർഭരമാണ്. ഒരാളെ ഭരണകൂടം കുറ്റാരോപിതനായി കണക്കാക്കിയാൽ അയാളെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കണക്കാക്കുന്ന പ്രവണത ഭരണഘടനാകോടതികൾ വരെ കൈക്കൊള്ളുന്ന ഇക്കാലത്ത്, എന്താണ് കുറ്റാരോപിതരുടെ അവകാശങ്ങളെന്നും ശിക്ഷയും കുറ്റാരോപണവും രണ്ടാണെന്നും ഭരണകൂടത്തിന്റെ കുറ്റാരോപണമെന്നത് കോടതികളിൽ തെളിയിക്കപ്പെടേണ്ട ഒന്നാണെന്നും സ്വതന്ത്രവും സുതാര്യവും വേഗത്തിലുള്ളതുമായ നീതിന്യായ പ്രക്രിയ കുറ്റാരോപിതരുടെ അവകാശമാണെന്നും സുപ്രീംകോടതിയുടെ ചില വിധികളിലൂടെ വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തിരുത്താനുള്ള സാധ്യത ഏറ്റവും കൂടുതൽ തെളിയുന്നത് സുപ്രീംകോടതിക്ക് തന്നെയാണ് എന്നതാണ് വൈരുധ്യം.
തടവുപുള്ളികളുടെ അവകാശം സംബന്ധിച്ച ചരിത്രപ്രധാനമായ സുനിൽ ബത്ര (1978) വിധി കോടതി ഇവിടെ ഓർമിപ്പിക്കുന്നുണ്ട്: "ഭരണഘടനയുടെ ഉപഭോക്താക്കൾക്ക്, അതിന്റെ മാനവികത ഏറ്റവും ആവശ്യമുള്ളയിടങ്ങളിൽ അത് മുടന്തുമ്പോൾ സാമൂഹ്യനീതിക്ക് ഉറങ്ങാനാകില്ല" എന്ന് ഈ വിധിയിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പറയുന്നുണ്ട്. കുറ്റാരോപിതരുടെയും എന്തിന്, ശിക്ഷിക്കപ്പെട്ടവരുടെയും ഒരു പൗരാവകാശത്തെയും കോടതികളുടെ നിയമപരമായ തീർപ്പിലൂടെയല്ലാതെ ഹനിക്കാനുള്ള അവകാശം എക്സിക്യൂട്ടീവിനില്ല എന്നത് ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ കോടതി വിധി.
കുറ്റവാളിയാണെന്ന് കോടതി വിധിക്കും വരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്ന പ്രമാണം ക്രിമിനൽ നടപടിക്രമങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഇതിനെയാണ് ഏകപക്ഷീയമായ അധികാര ദുർവ്വിനിയോഗത്തിലൂടെ ബുൾഡോസർ രാജിൽ ഭരണകൂടം ലംഘിക്കുന്നത്. കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീടുകൾ തർക്കുന്നതടക്കമുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചാൽ അത് നിയമവാഴ്ചയുടെയും സ്വാഭാവിക നീതിയുടെയും (natural justice) ലംഘനമാകുമെന്ന് കോടതി പറയുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസറുകൾ കെട്ടിടങ്ങൾ തകർക്കുന്ന മരവിപ്പിക്കുന്ന കാഴ്ച, നിയമവാഴ്ച തകർന്ന സംവിധാനത്തേയും ‘ബലമാണ് ധർമ്മം’ എന്ന ജനാധിപത്യവിരുദ്ധ യുക്തിയേയുമാണ് കാണിക്കുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
വീടുകളടക്കമുള്ളവ ഇങ്ങനെ തകർക്കുന്നത് Right to shelter എന്ന മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്. ചമേലി സിങ് (1996) കേസിൽ പാർപ്പിടാവാകാശം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് പറയുന്നു. ഇത് കോടതി വീണ്ടും എടുത്തുപറയുന്നു. പാർപ്പിടത്തിനുള്ള അവകാശം ആർട്ടിക്കിൾ 21 അനുസരിച്ചുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ അഭേദ്യമായ ഭാഗമാണെന്ന് കോടതി സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. വ്യക്തികൾക്കെതിരെയുള്ള കുറ്റാരോപണത്തിന്റെ മറവിൽ അത് നിഷേധിക്കാനോ തകർക്കാനോ കഴിയില്ല.
കൂട്ടായ ശിക്ഷ (Collective punishment) എന്നത് ഇന്ത്യയുടെ ഭരണഘടനാചട്ടക്കൂടിൽ സ്വീകാര്യമായ ഒന്നല്ലെന്ന് കോടതി ഈ വിധിയിൽ പ്രത്യേകമായി ഓർമ്മിപ്പിക്കുന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.
ഒരു വ്യക്തിക്കെതിരെയുള്ള കുറ്റാരോപണമോ ശിക്ഷയോ അയാളുടെ കുടുംബത്ത കൂടി ഉൾക്കൊള്ളിക്കുന്ന തരത്തിലുള്ളതാക്കുന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ചിന്തിക്കാനാകാത്തതാണ്. എന്നാൽ ബുൾഡോസർ രാജിൽ നടക്കുന്നത് അതു കൂടിയാണ്. കുറ്റാരോപണത്തിനു തൊട്ടുപിന്നാലെ വീട് തകർക്കപ്പെടുന്ന കുറ്റാരോപിതരുടെ പൗരാവകാശങ്ങൾ മാത്രമല്ല, അതുമായി ബന്ധമില്ലാത്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യർ ഒരൊറ്റ രാത്രിയിൽ അനാഥരായി തെരുവിൽ പകച്ചുനിൽക്കുന്നത് എന്തു തരം സമൂഹമാണ് നമ്മുടേതെന്ന ചോദ്യം കൂടിയാണ് ഉയർത്തുന്നത്. ഒപ്പം, ഫാഷിസത്തിന്റെ രാഷ്ട്രീയാധികാര ഹിംസയുടെ ഏറ്റവും പ്രബലമായ യുക്തി കൂട്ടായ ശിക്ഷയുടേതാണ്. അത് ജൂതരെ ഗ്യാസ് ചേമ്പറുകളിലേക്ക് കൂട്ടത്തോടെ ആട്ടിത്തെളിച്ച ഹിറ്റ്ലറുടെ ജർമ്മനിയുടെയും മുസ്ലീങ്ങളെ വംശഹത്യ നടത്താൻ നേതൃത്വം നൽകിയ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും നരേന്ദ്ര മോദിയുടേയുമൊക്കെ യുക്തിയാണ്. അതുകൊണ്ടുതന്നെ Collective punishment എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ പുറത്താണ് എന്ന് പ്രഖ്യാപിക്കുന്നത് അതൊരു പുതിയ കാര്യമായതുകൊണ്ടല്ല, അതൊരു പഴയ കാര്യമാകാതിരിക്കാൻ കൂടിയാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ തകർക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് ഈ വിധിയിൽ. അത് നിയമവാഴ്ച നിലനിർത്തുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളാണ്. ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും അത് ബാധകമാണ്. കെട്ടിടം പൊളിക്കാനുള്ള ഇത്തരവിനെ ചോദ്യം ചെയ്യാത്ത ആളുകൾക്കുപോലും അവിടെനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യമായ സമയം നല്കണമെന്നതടക്കമുള്ള വളരെ ജനാധിപത്യപരമായ നീതിബോധം കോടതി ഈ വിധിയിൽ പ്രകടിപ്പിക്കുന്നു.
ബുൾഡോസറുകൾക്കൊണ്ട് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയ സർക്കാരുകൾ തകർക്കുന്നത് കേവലം കെട്ടിടങ്ങളാണ്, മറിച്ച് ഇന്ത്യയുടെ ജനാധിപത്യ നിയമവാഴ്ചയെയാണ്.
15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകുക, അത് ജില്ലാ ഭരണകൂടത്തിന് ഡിജിറ്റൽ കോപ്പിയായി അയക്കുക, കൈപ്പറ്റിയെന്ന് ഉറപ്പുവരുത്തുക, സ്വീകർത്താവ് കൈപ്പറ്റിയ ശേഷമുള്ള 15 ദിവസം കണക്കാക്കുക, എന്തുകൊണ്ടാണ് അനധികൃത നിർമ്മാണമായിരിക്കുന്നതെന്നും അതിന്റെ വിശദാശംങ്ങളും നോട്ടീസിൽ കാണിക്കുക, ആരോപിതർക്ക് തന്റെ ഭാഗം വിശദമാക്കാൻ വ്യക്തിപരമായി നേരിട്ട് ഹാജരാകാൻ അവസരം നൽകുക, അവർ ഹാജരാക്കേണ്ട രേഖകൾ വ്യക്തമായി സൂചിപ്പിക്കുക എന്നിവയെല്ലാം ഈ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം അറിയിപ്പുകളെയും അതിനെത്തുടർന്നുള്ള നടപടികളെയും തുടർന്നുണ്ടാകുന്ന സർക്കാർ സംവിധാനത്തിന്റെ അന്തിമ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യാവുന്നതുമാണ്.
ഈ വിധി മുതൽക്ക് മൂന്ന് മാസത്തിനുള്ളിൽ ഇത്തരം നോട്ടീസുകളുടെ വിശദാംശങ്ങൾ ഒരു ഡിജിറ്റൽ പോർട്ടലിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കേണ്ടതാണ്. ഇത്തരം എല്ലാ തകർക്കൽ പ്രക്രിയകളുടെയും ദൃശ്യങ്ങളും വീഡിയോ ആയി പകർത്തണം. കോടതി ഉത്തരവ് മറികടന്ന് തകർക്കൽ പ്രക്രിയ നടത്തുന്ന ഉദ്യഗസ്ഥർ പുനഃനിർമ്മാണ ചെലവും നഷ്ടപരിഹാരവും വ്യക്തിപരമായി നൽകാൻ ബാധ്യസ്ഥരാകും.
സമഗ്രാധിപത്യ ഭരണകൂടം എന്നത് ഫാഷിസ്റ്റ് രാഷ്ട്രീയ പ്രക്രിയയുടെ അധികാരരൂപമാണ്. അതിന്റെ ജനിതക സ്വഭാവമാണത്. ബുൾഡോസറുകൾ കൊണ്ട് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയ സർക്കാരുകൾ തകർക്കുന്നത് കേവലം കെട്ടിടങ്ങളാണ്, മറിച്ച് ഇന്ത്യയുടെ ജനാധിപത്യ നിയമവാഴ്ചയെയാണ്. ജനാധിപത്യ നിയമവാഴ്ചയെന്ന സങ്കല്പനത്തെ അട്ടിമറിക്കുകയെന്നാൽ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തെ നിർമ്മിക്കുക എന്നതുകൂടിയാണ്. വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കും കുറ്റവാളികളെന്ന് ആരോപിക്കുന്നവരെ വെടിവെച്ചുകൊല്ലുന്ന പൊലീസിനും കയ്യടിക്കുന്ന ആൾക്കൂട്ടത്തെയും സാമൂഹ്യ ബോധത്തെയും ഉണ്ടാക്കുന്നത് അതിന്റെ ഭാഗമായാണ്.
ഇന്ത്യയിൽ ബുൾഡോസറുകൾ തകർത്ത വീടുകളിലധികവും മുസ്ലീങ്ങളുടേതായത് യാദൃച്ഛികമാവാത്തത്, അതൊരു രാഷ്ട്രീയ പദ്ധതിയായതുകൊണ്ടു കൂടിയാണ്. ഈ രാഷ്ട്രീയ പദ്ധതി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വംശീയ രാഷ്ട്രീയ വെറുപ്പ് മാത്രമല്ല, അത് ആത്യന്തികമായി ജനാധിപത്യ സമൂഹത്തിനെതിരെയുള്ള കടന്നാക്രമണമാണ്. ഇത് ഇന്ത്യയെന്ന ജനാധിപത്യ- മതേതര ഭരണഘടനാ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികൂടിയാണ്. അതിന്റെ ഓർമ്മയുടെ കോശങ്ങൾ അതിവേഗം മൃതമാവുന്ന കാലമാണിതെന്ന് തിരിച്ചറിയുന്നുണ്ട് നാമെങ്കിലും ബുൾഡോസർ രാജിനെതിരായ ഈ വിധി ഭരണഘടന അതിനെ ഒന്നുകൂടി ഓർമ്മിച്ചെടുക്കുന്നതാണ്.