അന്ന് മോദി പറഞ്ഞു;
ഇത് മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക്,
ഇന്ന് സുപ്രീംകോടതിയിൽ നിന്നിതാ
അതേ സർജിക്കൽ സ്ട്രൈക്ക്

‘‘സുപ്രീംകോടതിവിധി മറികടക്കാൻ, കേന്ദ്ര സർക്കാർ ഓർഡിനൻസിലൂടെ ഇലക്ടറൽ ബോണ്ട് പദ്ധതി ഇനിയും കൊണ്ടുവന്നേക്കാനിടയുണ്ട്. ആ ധാരണയും ജാഗ്രതയും എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രസക്തം’’- ഇലക്ടറൽ ബോണ്ട് റദ്ദക്കിയ സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തിൽ, ഭരണഘടനാവിരുദ്ധമായ ഒരു പദ്ധതി എങ്ങനെയാണ് കേന്ദ്ര സർക്കാറിന് നിയമവിധേയമാക്കാനായത് എന്ന അന്വേഷണം.

നോട്ടുനിരോധനമെന്ന നിർണായക സാമ്പത്തിക പുനരുജ്ജീവന ദൗത്യത്തിനുശേഷം, ഇതാ അടുത്ത സർജിക്കൽ സ്ട്രൈക്ക് എന്നാണ്, 2017- ലെ യൂണിയൻ ബജറ്റിനു പിന്നാലെ ഇലക്ടറൽ ബോണ്ട് (Electoral Bonds) പദ്ധതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തോട് പ്രതികരിച്ചത്. എന്നാൽ, ഫെബ്രുവരി 15ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ ഇലക്ടറൽ ബോണ്ട് വിധി നരേന്ദ്ര മോദിക്കും യൂണിയൻ ഗവണ്മെൻ്റിനുമെതിരെ അത്യന്തം മാരകമായ പുതിയൊരു സർജിക്കൽ സ്ട്രൈക്കാണ്. ഇന്ത്യ എന്ന രാഷ്ട്രത്തെയും അതിൻ്റെ അവിഭാജ്യമായ ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തേയും സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് നിരോധിച്ച് ഈ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്. സർവപ്രധാനമായ ഇടപെടലാണ് ഇക്കാര്യത്തിൽ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായത്.

ഭരണഘടനാപരമായിത്തന്നെ പാർലമെൻ്ററി ഡെമോക്രസി, രാജ്യത്തിൻ്റെ ഭരണസംവിധാനമായി നിശ്ചയിച്ച രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഈ രാജ്യത്തെ തിയോക്രാറ്റിക് / മെജോറിറ്റേറിയൻ സ്‌റ്റേറ്റാക്കി മാറ്റാനുള്ള ലക്ഷ്യം നിശ്ചയിച്ച് നീങ്ങുന്ന മോദിക്കും കൂട്ടർക്കും അതിശക്തമായ പ്രഹരമാണ് സുപ്രീംകോടതിവിധി. ഇതെഴുതുന്നയാളിനും ഈ വിധി വലിയ സംതൃപ്തിയും അഭിമാനവും നൽകുന്നുണ്ട് എന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. ഏതാണ്ട് ആറ് മാസത്തോളം നീണ്ട അന്വേഷണ പഠനങ്ങൾക്കൊടുവിലാണ് കഴിഞ്ഞ വർഷം നവംബർ മധ്യത്തോടെ ഇലക്ടറൽ ബോണ്ടുകളെപ്പറ്റി സുദീർഘമായ ലേഖനങ്ങൾ ട്രൂ കോപ്പി തിങ്കിൽ എഴുതിയത്. ആ ലേഖനങ്ങളിൽ ഇലക്ടറൽ ബോണ്ട് പദ്ധതിയെപ്പറ്റി ഉന്നയിച്ച എല്ലാ വിമർശനങ്ങളും സുപ്രീംകോടതിവിധിയിലും എടുത്തുപറഞ്ഞത് വായിച്ചപ്പോൾ അനൽപ്പമായ സന്തോഷമുണ്ടായി.

ധനമൂലധനത്തിന്റെ വ്യാപ്തിയും സ്വാധീനശക്തിയും ഭരണകക്ഷിക്ക് പ്രയോജനപ്പെടുത്തത്തക്കവിധം ആവിഷ്കരിക്കപ്പെട്ട ഒരു പദ്ധതി റദ്ദാക്കുക എന്ന കാലികമായ അടിയന്തരാവശ്യമാണ് കൃതകൃത്യതയോടെ സുപ്രീംകോടതി നിർവ്വഹിച്ചത്.

സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ, രാജ്യ വിരുദ്ധമായ ഇലക്ടറൽ ബോണ്ട് പദ്ധതി എന്തായിരുന്നു എന്ന് വീണ്ടും ഒരന്വേഷണം നടത്തുകയാണ്. സുപ്രീംകോടതിവിധി മറികടക്കാൻ, ഒരു ഓർഡിനൻസിലൂടെ ഇലക്ടറൽ ബോണ്ട് പദ്ധതി മോദിയും കൂട്ടരും ഇനിയും കൊണ്ടുവന്നേക്കാനിടയുണ്ട്. ആ ധാരണയും ജാഗ്രതയും എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രസക്തം.

നിയമവിരുദ്ധ
നിയമഭേദഗതികൾ

1951-ലെ റപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്ട് എന്ന ജനപ്രാതിനിധ്യനിയമം, 1961-ലെ ഇൻകംടാക്സ് ആക്ട്, 2010-ലെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ), 2013-ലെ കമ്പനീസ് ആക്റ്റ് എന്നിങ്ങനെ പാർലമെന്റ് വിവിധ കാലങ്ങളിൽ പാസാക്കിയ നാല് നിയമനിർമാണങ്ങൾ ഒന്നിച്ച് ഭേദഗതി ചെയ്തുകൊണ്ടാണ് ആർ എസ് എസ് /ബി ജെ പി ‘ബ്രെയിൻ ചൈൽഡാ’യ ഇലക്ടറൽ ബോണ്ട് പദ്ധതി മോദി സർക്കാർ ആവിഷ്‌ക്കരിച്ച് 2018 ജനുവരി 2 മുതൽ നടപ്പാക്കിത്തുടങ്ങിയത്. 2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഇലക്ടറൽ ബോണ്ട് പദ്ധതിയും ധനകാര്യ നിയമഭേദഗതികളും പാർലമെന്റിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച് നടപ്പിൽവരുത്തുകയാണ് ചെയ്തത്.

20,000 രൂപയ്ക്കുമേൽ സംഭാവന നൽകുന്ന എല്ലാ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിശദവിവരങ്ങൾ അതത് രാഷ്ട്രീയപാർട്ടികൾ ദേശീയ തെരഞ്ഞെടുപ്പ് കമീഷന് നിർബ്ബന്ധമായും നൽകണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമ പ്രകാരം, 2017 ഫെബ്രുവരി 1 വരെ നിലനിന്നിരുന്ന വ്യവസ്ഥ. ഭേദഗതി വന്നതോടെ ഈ നിയമം ഇല്ലാതായി. ഇലക്ടറൽ ബോണ്ട് വഴി എത്ര പണം നൽകിയാലും പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ, അത് കൈപ്പറ്റുന്ന പാർട്ടികളോ, ആർക്കും ഒരു വിവരവും നൽകേണ്ടതില്ല എന്ന് ഭേദഗതി വരുത്തി.

2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഇലക്ടറൽ ബോണ്ട് പദ്ധതിയും ധനകാര്യ നിയമഭേദഗതികളും പാർലമെന്റിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച് നടപ്പിൽവരുത്തുകയാണ് ചെയ്തത്.

അതുപോലെ, കമ്പനീസ് ആക്ട് സെക്ഷൻ 182- ൽ ഭേദഗതിക്കുമുമ്പുവരെ, തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് മാത്രമേ ഏതെങ്കിലും പാർട്ടിക്ക് ഫണ്ട് നൽകാൻ സാധിക്കൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ ഏഴര ശതമാനം വരെ തുക മാത്രം. പണം കൊടുക്കുന്ന കമ്പനിയുടേയും അത് കൈപ്പറ്റുന്ന രാഷ്ട്രീയ പാർട്ടിയുടേയും വിശദവിവരം ഇലക്ഷൻ കമീഷന് വീഴ്ച കൂടാതെ നൽകുകയും വേണം. ഇതേ നിയമവ്യവസ്ഥകൾ തന്നെയാണ് ഇൻകം ടാക്സ് ആക്റ്റിലും (സെക്ഷൻ 133എ) പ്രാബല്യത്തിലുണ്ടായിരുന്നത്. ഇപ്പറഞ്ഞ രണ്ട് നിയമങ്ങളിലേയും വ്യവസ്ഥകളെല്ലാം മാറ്റി, ഇലക്ടറൽ ബോണ്ട് വാങ്ങുന്നവർക്കും അത് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഈ നിയമങ്ങൾ ബാധകമല്ല എന്നുതന്നെ പുതിയ വ്യവസ്ഥയിൽ എഴുതിച്ചേർത്തു.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സർക്കാരിന്റെ നിയമ- ധനകാര്യ വകുപ്പുകളുടെ പരിശോധനകളിൽ നിന്ന് പൂർണമായി മുക്തമാക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം എന്നാണ് ജെയ്റ്റ്ലി തുറന്നുപ്രഖ്യാപിച്ചത്.

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റിന്റെ ധനകാര്യ ബിൽ ഭേദഗതിക്ക് അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ അവതരിപ്പിച്ച ന്യായീകരണം അക്ഷരാത്ഥത്തിൽ അമ്പരിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സർക്കാരിന്റെ നിയമ- ധനകാര്യ വകുപ്പുകളുടെ പരിശോധനകളിൽ നിന്ന് പൂർണമായി മുക്തമാക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം എന്നാണ് ജെയ്റ്റ്ലി തുറന്നുപ്രഖ്യാപിച്ചത്.

ഇലക്ടറൽ ബോണ്ടുകൾ യാഥാർഥ്യമായതോടെ അവയുടെ നിർവ്വഹണ ചുമതല ദേശീയ ധനമന്ത്രാലയത്തിനും അവയുടെ വിൽപ്പന ഉൾപ്പെടെയുള്ള നടത്തിപ്പു ചുമതല സംസ്ഥാന തലസ്ഥാനങ്ങളിലുള്ള 29 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾ വഴി മാത്രമായിരിക്കുമെന്നും പ്രത്യേക ഗസറ്റ് ഉത്തരവിലൂടെ വിജ്ഞാപനം ചെയ്യപ്പെട്ടു. നിശ്ചയിക്കപ്പെട്ട എസ്.ബി.ഐ ശാഖകളിൽ നിന്ന് ജനുവരി, ഏപ്രിൽ, ജൂലൈ, ഒകേ്ടാബർ മാസങ്ങളിലെ ഒന്നു മുതൽ പത്തുവരെയുള്ള തീയതികളിലാണ് ബോണ്ടുകൾ വാങ്ങാനാവുക. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ വീതം വിലയുള്ള ഇലക്ടറൽ ബോണ്ടുകളാണ് ലഭിക്കുക. ഇന്ത്യൻ പൗരരോ ഇന്ത്യയിൽ രജിസ്റ്റേഡ് ഓഫീസുള്ള വിദേശ കമ്പനികളോ വിദേശ പൗരരോ ആയ ആർക്കും ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബാങ്കിൽ കെ വൈ സി (നോ യുവർ കസ്റ്റമർ ) അക്കൗണ്ട് ഉണ്ടെങ്കിൽ, ആവശ്യമുള്ളിടത്തോളം ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും ഇന്ത്യയിൽ ഔദ്യോഗിക അംഗീകാരമുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ / പാർട്ടികൾക്കോ ആ ബോണ്ടുകൾ സംഭാവനയായി നൽകുകയും ചെയ്യാം.

ഇലക്ടറല്‍ ബോണ്ട് മാതൃക

വർഷത്തിൽ നാലു തവണയായി നിശ്ചിത മാസങ്ങളിലെ ആദ്യ പത്തു ദിവസമാണ് ബോണ്ട് വിൽപന എന്നു പറഞ്ഞുവല്ലോ. ഇതിനു പുറമേ ദേശീയ / സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ഒരു മാസം മുൻപേയും പത്തു ദിവസത്തെ പ്രത്യേകമായ ഇലക്ടറൽ ബോണ്ട് വിൽപ്പനയും പതിവുണ്ട്. ഒരു വ്യക്തിയോ സ്ഥാപനമോ ബോണ്ട് ബാങ്കിൽനിന്ന് വാങ്ങിയാൽ, ആ തീയതി മുതൽ 15 ദിവസത്തിനകം ഇതിന്റെ സ്വീകർത്താക്കളായ രാഷ്ട്രീയപാർട്ടികൾ താന്താങ്ങളുടെ ബാങ്കുകളിൽ ബോണ്ട് ഹാജരാക്കി പണം കൈപ്പറ്റണം. 15 ദിവസം കഴിഞ്ഞുപോയാൽ ബോണ്ട് അസാധുവാകും.

റദ്ദാക്കപ്പെട്ട
വിയോജിപ്പുകൾ

ഇലക്ടറൽ ബോണ്ട് പദ്ധതി ഔപചാരികമായി ആരംഭിച്ച 2018 ജുനവരി 22 ന് മാസങ്ങൾക്കുമുമ്പു തന്നെ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും ദേശീയ ഇലക്ഷൻ കമീഷനും പദ്ധതിയോടുള്ള ശക്തമായ വിയോജിപ്പ് ദേശീയ സർക്കാരിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഭരണകർത്താക്കളേയും ഉദ്യോഗസ്ഥ മേധാവികളേയും രേഖാമൂലം അറിയിച്ചിരുന്നു. പക്ഷേ ഈ ഭിന്നാഭിപ്രായങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും പ്രധാന മുഖ്യധാരാ ഇടതുപക്ഷ പാർട്ടിയായ സി.പി.എം നാലുവർഷം മുമ്പാണ് ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ആ പാർട്ടിക്കുവേണ്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഹർജി നൽകിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സ് (എ ഡി ആർ) എന്ന സംഘടനയും ഇതേ കാലയളവിൽ പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

സീതാറാം യെച്ചൂരി, ജയ ഠാക്കൂര്‍, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്സ് എന്ന സംഘടന എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.

സി.പി.എമ്മിന്റെ ഹർജിയിൽ, ദേശീയ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യവകുപ്പ് പുറപ്പെടുവിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി സംബന്ധിച്ച് 2018 നവംബർ 22ന് ഇറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നൽകിയ ഹർജിയിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചത്:

1. 2016- ലെ ധനകാര്യ നിയമത്തിലെ 236-ാം വകുപ്പും 2017- ലെ ഫോറിൻ റഗുലേഷൻ 2(1), j (vi)ൽ നടപ്പാക്കിയ അനുബന്ധ ഭേദഗതിയും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കുക.
2. സംഭാവന പണമായി സ്വീകരിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിക്കുക.

ഇതിനുപുറമേ ഈ രണ്ടു കക്ഷികളും കൂടി പൊതുവായ മറ്റ് രണ്ട് ചോദ്യങ്ങൾ കൂടി ഉന്നയിച്ചിട്ടുണ്ട്.
ഇലക്ടറൽ ബോണ്ട് പദ്ധതി സാമ്പത്തിക നിയമമായി അവതരിപ്പിച്ചതിലൂടെ, രാജ്യസഭയെ മറികടന്ന് ഇത് പാസാക്കിയെടുത്തത് നിയമപരമായി ശരിയാണോ എന്നതാണ് ആദ്യത്തേത്.
കോർപറേറ്റ് ശക്തികളുടെ മറവിൽ കണക്കിൽപ്പെടാത്ത പണം, ഇലക്ടറൽ ബോണ്ടായി കൈമാറ്റം ചെയ്യാനും അതിലൂടെ അജ്ഞാത ദാതാക്കൾ എന്ന പുതിയൊരു വിഭാഗത്തിന്റെ കടന്നുവരവിനും ആധിപത്യത്തിനും ഈ പദ്ധതി വഴിയൊരുക്കുന്നുണ്ടോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

സി.പി.എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയും ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ നൽകിയ ഹർജികളെ തുടർന്ന്, ഇക്കാര്യത്തിൽ ഇലക്ഷൻ കമീഷന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇലക്ഷൻ കമീഷൻ സത്യവാങ്മൂലത്തിലൂടെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് സംഭാവനകളുടെ സുതാര്യത പൂർണ്ണമായി തകർക്കപ്പെടുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നാണ് ഇലക്ഷൻ കമീഷൻ അഫിഡവിറ്റിൽ പറഞ്ഞത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഇന്ത്യൻ രാഷ്ട്രീയം വിദേശ കമ്പനികളാൽ തെറ്റായി സ്വാധീനിക്കപ്പെടാൻ ഇലക്ടറൽ ബോണ്ട് പദ്ധതി ഇടവരുത്തുമെന്നും 37 പേജുള്ള സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ എടുത്തുപറയുന്നു. 2019 മാർച്ച് 25- നാണ് കമീഷൻ ഈ അഫിഡവിറ്റ് സമർപ്പിച്ചത്. രാജ്യത്ത് അതുവരെ നിലനിന്നിരുന്ന ധനകാര്യ നിയമത്തിൽ 2016-ലും 2017-ലും കാര്യമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. ആ ഘട്ടത്തിൽത്തന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഈ പദ്ധതിയോട് വിയോജിക്കുന്നുണ്ട്. ഇതിനു പുറമേ 2017 മേയ് മാസത്തിൽ നിയമ- നീതിന്യായ മന്ത്രാലയങ്ങളും തങ്ങളുടെ വിയോജിപ്പുകൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിരുന്നു. പക്ഷേ, ഇത്തരം വിയോജിപ്പുകളും വിമർശനങ്ങളും കൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല.

ഇലക്ഷൻ കമീഷനേക്കാൾ കർശനമായ നിലപാടാണ് ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ റിസർവ്വ് ബാങ്ക് കൈക്കൊണ്ടത്. 2017 ഓഗസ്റ്റ് 4നും 14നും ദേശീയ ധനമന്ത്രിക്കും പിന്നീട് സുപ്രീംകോടതിയിൽ സത്യവാങ്മൂലമായും അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ നൽകിയ കത്തിലെ പ്രധാന ആവശ്യങ്ങൾ ഇങ്ങനെയായിരുന്നു:

(എ) എസ്.ബി.ഐയുടെ 29 ബ്രാഞ്ചുകളിലൂടെ ഇലക്ടറൽ ബോണ്ട് വിൽക്കുന്ന നിലവിലെ രീതി റദ്ദാക്കി, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഓഫീസ് വഴി മാത്രം ബോണ്ടുകൾ വില്ക്കാൻ തീരുമാനിക്കണം.

(ബി) വർഷത്തില് നാല് പ്രാവശ്യം എന്നത് മാറ്റി, വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമായിരിക്കും ഇലക്ടറൽ ബോണ്ടുകൾ വില്ക്കുക എന്ന് തീരുമാനിക്കുക.

(സി) അർഹരായ രാഷ്ട്രീയ പാർട്ടികളുടെ അംഗീകൃത ബാങ്ക് അക്കൗണ്ടിൽ ഇലക്ടറൽ ബോണ്ടിലെ പണം ഡെപ്പോസിറ്റ് ചെയ്യണം എന്ന വ്യവസ്ഥ കൊണ്ടുവന്ന് അത് ഉടൻ നടപ്പാക്കണം.

(ഡി) ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളിലാണ് ബോണ്ടുകൾ ഇപ്പോൾ വിൽപ്പനയിൽ ഉള്ളത്. ഇത് അടിയന്തിരമായി മാറ്റി ആയിരം, പതിനായിരം, ഒരു ലക്ഷം എന്നീ തുകകളിൽ മാത്രമായി ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന പുനഃക്രമീകരിക്കണം.

റിസർവ്വ് ബാങ്ക് ഗവർണറായിരുന്ന ഊർജിത് പട്ടേലിന്റെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ ക്രിയാത്മകമായ നിർദേശങ്ങളിൽ ഒരെണ്ണംപോലും പരിഗണിക്കാൻ ഇന്ത്യ ഗവണ്മെന്റ് തയാറായില്ല.

റിസർവ്വ് ബാങ്ക് ഗവർണറുടേയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ മേൽപ്പറഞ്ഞ ക്രിയാത്മകമായ നിർദേശങ്ങളിൽ ഒരെണ്ണംപോലും പരിഗണിക്കാൻ ഇന്ത്യ ഗവണ്മെന്റ് തയാറായില്ല.

ബി.ജെ.പി എന്ന
ഗുണഭോക്താവ്

ബോണ്ടുകൾ പ്രിന്റ് ചെയ്തത് മഹാരാഷ്ട്ര നാസിക്കിലുള്ള ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സിലായിരുന്നു. 18,531.50 കോടി രൂപ വിലയുള്ള ഇലക്ടറൽ ബോണ്ടുകളാണ് 2018-ൽ മോദി സർക്കാർ പ്രിന്റ് ചെയ്തത്. ആ വർഷം ജനുവരിയിൽ ഒന്നാം ഘട്ട വിൽപ്പന തുടങ്ങി. ഏറ്റവുമൊടുവിൽ 2024 ജനുവരി 1 മുതൽ 11 വരെ തീയതികളിലാണ് ബോണ്ടുകളുടെ 30-ാം ഘട്ട വിൽപ്പന നടന്നത്. ഒന്നു മുതൽ മുപ്പത് വരെ ഘട്ടങ്ങളിൽ ആകെ 16,518 കോടി രൂപയുടെ ബോണ്ടുകളാണ് എസ്.ബി.ഐയുടെ 29 ബ്രാഞ്ചുകൾ വഴി വിറ്റുപോയത്. പ്രിന്റ് ചെയ്തതിൽ നിന്ന് വിറ്റത് കഴിച്ച് ബാക്കി 2013.50 കോടി രൂപയുടെ ബോണ്ടുകൾ ദേശീയ ധനമന്ത്രാലയത്തിന്റെ അറിവോടെ എസ്.ബി.ഐയുടെ പക്കൽ സൂക്ഷിച്ചിരിക്കുന്നു. വ്യക്തികളോ കോർപ്പറേറ്റ് സ്ഥാപനങ്ങളോ 2018 ജനുവരി മുതൽ 2024 ജനുവരി വരെ വാങ്ങിയ ബോണ്ടുകളിൽ 76 ശതമാനവും നൽകപ്പെട്ടത് ബി ജെ പിക്കായിരുന്നു. ആ പാർട്ടിക്ക് ഇങ്ങനെ ലഭിച്ച തുകയിൽ 94 ശതമാനത്തിലധികവും (12,999 കോടി) ഒരു കോടി രൂപയുടെ ബോണ്ടുകൾ.

എട്ട് ദേശീയ പാർട്ടികളും 54 പ്രാദേശിക പാർട്ടികളും കൂടി 2019- ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 58,000 കോടി രൂപയിൽ, 45 ശതമാനവും (26,100 കോടി രൂപ) ബി ജെ പി ഒറ്റക്കാണ് ചെലവാക്കിയത്. അതായത് ഓരോ ലോക്സഭാ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥികൾ ചെലവഴിച്ചത് ശരാശരി 45 കോടി രൂപ വീതം.

തെരഞ്ഞെടുപ്പ് കമീഷൻ 2023 മേയിൽ നൽകിയ കണക്കുപ്രകാരം എട്ട് ദേശീയ രാഷ്ട്രീയ പാർട്ടികൾക്കും 54 സംസ്ഥാന / പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കുമാണ് ഇലക്ഷൻ കമീഷൻ രജിസ്ട്രേഷൻ ( അംഗീകാരം) നൽകിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ബി.ജെ.പി, സി.പി.ഐ, സി.പി.എം, കോൺഗ്രസ്, എൻ.സി.പി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നീ കക്ഷികൾക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. 54 പാർട്ടികളെ പ്രാദേശിക പാർട്ടികൾ അഥവാ സംസ്ഥാന പാർട്ടികൾ എന്ന കാറ്റഗറിയിലാണ് പെടുത്തിയിട്ടുള്ളത്. 2597 പാർട്ടികളെ അനംഗീകൃത (un recognised) പാർട്ടികൾ എന്ന ഗണത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. എട്ട് ദേശീയ പാർട്ടികളും 54 പ്രാദേശിക പാർട്ടികളും കൂടി 2019- ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 58,000 കോടി രൂപയിൽ, 45 ശതമാനവും (26,100 കോടി രൂപ) ബി ജെ പി ഒറ്റക്കാണ് ചെലവാക്കിയത്. അതായത് ഓരോ ലോക്സഭാ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥികൾ ചെലവഴിച്ചത് ശരാശരി 45 കോടി രൂപ വീതം. ഏഴ് അസംബ്ലി സീറ്റുകൾ സമം ഒരു ലോക്സഭാ സീറ്റ് എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാൽ ഓരോ അസംബ്ലി സീറ്റിലും ബി ജെ പി സ്ഥാനാർത്ഥി ചെലവിട്ടത് ആറ് കോടി രൂപക്കുമേലെയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ, ഓരോ അസംബ്ലി സെഗ്മെന്റിലും ബി ജെ പി സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് കമീഷനെ വെട്ടിച്ച് ചെലവഴിച്ച തുകയുടെ കണക്കാണിത്. ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ, തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യവും കുറ്റമറ്റതുമാക്കാൻ ഏകപക്ഷീയമായി ആവിഷ്‌ക്കരിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി വഴി അഞ്ച് വർഷം കൊണ്ട് വിറ്റത്, 16,000 കോടി രൂപക്കുമേൽ വരുന്ന ഇലക്ടറൽ ബോണ്ടുകൾ.

ലോക്സഭ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച 58,000 കോടി രൂപയിൽ, 45 ശതമാനവും ബി.ജെ.പി ഒറ്റക്കാണ് ചെലവാക്കിയത്. / Photo: Aljazeera English

ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌കരിച്ചതിനു പിന്നിലെ സർക്കാർ താൽപര്യം എന്താണ്? തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യവും സംശുദ്ധവുമാക്കുക എന്ന ഒരൊറ്റ താല്പര്യം മാത്രമേ തങ്ങൾക്ക് ഇക്കാര്യത്തിലുള്ളൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഭരണകൂടവുമായി ബന്ധപ്പെട്ടവരെല്ലാം അവകാശപ്പെട്ടത്. ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇവിടെ നിലവിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് സംഭാവനാ മാർഗ്ഗങ്ങളൊക്കെയും അഴിമതി നിറഞ്ഞതും സുതാര്യമല്ലാത്തതും ആയിരുന്നു എന്നും ബി ജെ പി ഭരണകൂടം വാദിക്കുന്നു.

അതേസമയം, ഇന്ത്യയ്ക്കകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന കണക്കിൽപ്പെടാത്ത കള്ളപ്പണം സുതാര്യതയുടെ പേരു പറഞ്ഞും തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ മറപിടിച്ചും, നിയമപരിരക്ഷ ഉറപ്പാക്കിയും കൈകാര്യം ചെയ്യാൻ കൊണ്ടുവന്ന ഈ ദേശവിരുദ്ധപദ്ധതിയുടെ ഏറ്റവും പ്രധാന ഗുണഭോക്താവ്, യൂണിയൻ ഗവൺമെന്റിനെ നയിക്കുന്ന ഭാരതീയ ജനതാപാർട്ടിയാണ് എന്നത് തർക്കിക്കാനാകാത്ത യാഥാർത്ഥ്യമാണ്. കാരണം, ഇതുവരെ ബോണ്ടുകൾ വാങ്ങിയവർ ഏറിയ കൂറും ശതകോടീശ്വരന്മാരോ വൻ കോർപ്പറേറ്റുകളോ ആണ്, വിറ്റ ബോണ്ടുകളിൽ 90% ഒരു കോടി രൂപ വീതം വിലയുള്ളവയാണ്, അതിന്റെ മൂന്നിൽ രണ്ടിലധികം ബി ജെ പിക്കാണ് കിട്ടിയത്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇലക്ടറൽ ബോണ്ടുകളെ എതിർക്കുന്നവർ സുതാര്യതയെയാണ് എതിർക്കുന്നത് എന്നാണ്.

2018 ജനുവരി രണ്ടിന് വിജ്ഞാപനം ചെയ്യപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ അവരുടെ പേരുകളും മേൽവിലാസങ്ങളും ആരോടും (ഗവൺമെന്റിനോടോ പൊതുസമൂഹത്തോടോ മറ്റ് എവിടെയെങ്കിലുമോ) വെളിപ്പെടുത്തേണ്ടതില്ല. ദാതാവിന്റെ അജ്ഞാതത്വം മാത്രമല്ല എത്ര കോടി രൂപയും യാതൊരു പരിധിയും പാലിക്കാതെ സംഭാവനയായി നൽകുന്നതിനുള്ള ദാതാവിന്റെ അവകാശങ്ങളും ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം നിയമവിധേയമാക്കപ്പെട്ടു.

നരേന്ദ്ര മോദി

അനിയന്ത്രിതമായ കോർപറേറ്റ് സ്വാധീനം ക്ഷണിച്ചുവരുത്തി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനാധിപത്യപരമായ ഉള്ളടക്കത്തെ സമ്പന്നർക്ക് അനുകൂലമാക്കുന്നതിനുള്ള നയവും നടപടിയും വഴിയുമാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന തെരഞ്ഞെടുപ്പ് സംഭാവനകളുടെ സുതാര്യതയെ പാടേ പരാജയപ്പെടുത്തുകയാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ. വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അവയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ കോടിക്കണക്കിന് രൂപ ഭരണകക്ഷിക്ക് സംഭാവന നൽകുന്നതിനും അതിലൂടെ വഴിവിട്ട ആനുകൂല്യങ്ങൾ അവർക്ക് തരപ്പെടുത്തി കൊടുക്കുന്നതിനുമുള്ള പരസ്പര സഹായ പദ്ധതികളായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതു തന്നെയാണ് മുഖ്യ വിമർശനം.

പതിനായിരക്കണക്കിന് ഓഹരി ഉടമകളുള്ള വലിയൊരു കോർപറേറ്റ് കമ്പനി, ഇലക്ടറൽ ബോണ്ടുകളിലൂടെ ഏതൊക്കെ പാർട്ടികൾക്ക് എത്രകോടി രൂപ വീതം തെരഞ്ഞെടുപ്പ് സംഭാവന കൊടുത്തു എന്ന് ഓഹരി ഉടമകൾക്ക് അറിയാനുള്ള അവകാശം, ബോണ്ട് പദ്ധതി നിലവിൽ വന്നതോടെ ഇല്ലാതെയായി. അതുപോലെ, പൗരരെ സംബന്ധിച്ച്, രാഷ്ര്ടീയ പാർട്ടികൾക്ക് ആരിൽ നിന്നൊക്കെ എത്രത്തോളം രൂപ തെരഞ്ഞെടുപ്പ് സംഭാവനയായി കിട്ടിയിട്ടുണ്ട് എന്നറിയാനുള്ള അവകാശവും ഇല്ലാതായി. ഈ സാഹചര്യമാണ് രാജ്യത്തുടനീളം സമാന്തര സമ്പദ് വ്യവസ്ഥയെ കരുത്തേറ്റി കള്ളപ്പണത്തിന്റെ കുത്തൊഴുക്കിന് വഴിതെളിക്കുന്നത്.

സുരേഷ്ചന്ദ്ര

ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയും ധനവിനിമയവും സംബന്ധിച്ച്, ദേശീയ ധനമന്ത്രാലയത്തിനും റിസർവ്വ് ബാങ്കിനും യഥാസമയങ്ങളിൽ വിശദമായ ലിസ്റ്റുകളും റിപ്പോർട്ടുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ കൃത്യമായ ഇടവേളകളിൽ നൽകുന്നുണ്ട്. ഇത് തങ്ങൾക്കും ലഭ്യമാക്കണം എന്ന് പ്രതിപക്ഷ പാർട്ടികളും വിവരാവകാശ പ്രവർത്തകരും നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും അതൊന്നും, ബന്ധപ്പെട്ടവർ പരിഗണിക്കുക പോലും ചെയ്തിട്ടില്ല. നാല് വർഷം മുമ്പ് ഇത്തരമൊരു അപേക്ഷ വെങ്കിടേഷ് നായിക് എന്ന വിവരാവകാശ പ്രവർത്തകൻ കേന്ദ്ര വിവരാവകാശ കമീഷനിൽ നൽകിയതിന് മറുപടി ലഭിച്ചത് 2021 ഡിസംബറിലാണ്. സെൻട്രൽ ഇൻഫർമേഷൻ കമീഷണർ സുരേഷ്ചന്ദ്ര നല്കിയ പ്രസ്തുത മറുപടി; ‘താങ്കൾ ഉന്നയിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാകയാൽ പരമോന്നത കോടതിയുടെ തീർപ്പ് വരുന്നതുവരെ താങ്കളുടെ അപേക്ഷയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പ്രസക്തമല്ല’ എന്നായിരുന്നു.

കള്ളപ്പണം എന്ന
കെട്ടുകഥ

കള്ളപ്പണം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ കെട്ടുകെട്ടായി കള്ളപ്പണമായി അടുക്കിയടുക്കി പലപല കേന്ദ്രങ്ങളിലായി വച്ചിരിക്കുകയാണോ? അല്ലേയല്ല, കള്ളപ്പണം എന്നത് വ്യാജനോട്ടുകളേയല്ല. നികുതി വെട്ടിച്ചും ഹവാല വഴികളിലൂടെയും സമാന്തര സമ്പദ് വ്യവസ്ഥയായിത്തന്നെയാണ് കള്ളപ്പണം ഇന്നും സമൂഹത്തിൽ ആധിപത്യം ചെലുത്തുന്നത്. ക്രമേണ, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമൂഹത്തിലേക്ക് പടർന്നുകയറി വ്യാപിച്ച് പിടിമുറുക്കുക എന്നതാണ് അതിന്റെ പ്രവർത്തനരീതി.

കള്ളപ്പണം എന്നൊരു പണം വാസ്തവത്തിലില്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസിൽ നിന്ന് പ്രിന്റ് ചെയ്തിറക്കുന്ന പണം മുഴുവനും ഒറിജിനൽ പണമാണ്.

എന്നാൽ, സമീപവർഷങ്ങളിലെ കള്ളപ്പണ വ്യാപനം, നവീനമായ മറ്റു ചില വേഷപ്പകർച്ചകളും കൈക്കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായി കാണേണ്ടവയാണ്, ഷെയർ മാർക്കറ്റിലെ ഇടപാടുകൾ നടത്താൻ ഇപ്പോൾ ഉപയോഗിച്ചു വരുന്ന പാർട്ടിസിപ്പേറ്ററി നോട്ടുകൾ എന്ന പുത്തൻ സംവിധാനം. നികുതിവെട്ടിപ്പും ഹവാല ഇടപാടുകളും വഴി നേടുന്ന കള്ളപ്പണം ഷെയർ മാർക്കറ്റിലേക്ക് ഒഴുക്കി, അവിടെ നിന്ന് അമിതലാഭം നേടിയശേഷം ഇന്ത്യയിൽ ഒരു രൂപ പോലും വരുമാന നികുതിയായി അടയ്ക്കാതെ കിട്ടിയ പണം മുഴുവനായും മൗറീഷ്യസ് പോലെ കള്ളപ്പണം നിയമവിധേയമായ അക്കൗണ്ടാക്കി മാറ്റുന്ന ഇടങ്ങൾ നിരവധിയുണ്ട്.

നികുതി നൽകാതിരിക്കാനും ഇന്ത്യയിലെ മറ്റെല്ലാ ആഭ്യന്തര നിയന്ത്രണങ്ങളും മറികടക്കാനും വിദേശ നിക്ഷേപകരെ പ്രാപ്തരാക്കുക എന്നതാണ് പാർട്ടിസിപ്പേറ്ററി നോട്ടുകളുടെ മുഖ്യ ദൗത്യം. മൗറീഷ്യസ് മാത്രമല്ല മറ്റു ചില ടാക്സ് ഹാവൻ (tax haven) രാജ്യങ്ങളും ഈ ഇടപാടിൽ പ്രധാന പങ്കാളികളാണ്. അതേസമയം, നികുതിവിധേയമായും സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണങ്ങൾക്ക് വഴിപ്പെട്ടും പാർട്ടിസിപ്പേറ്ററി നോട്ട് വിനിമയം നടത്തുന്ന ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് എന്ന എഫ്.പി.ഐകളും നിരവധിയായി കാണാം. ഇതിനു പുറമേ, ഒട്ടേറെ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളും ക്രിപ്റ്റോ കറൻസി ഏർപ്പാടുകളും നിലനിൽക്കുന്നത് കള്ളപ്പണത്താൽ നിയന്ത്രിക്കപ്പെടുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചുതന്നെയാണ്. ദേശ വിദേശങ്ങളിലൂടെ വലവിരിച്ച് പടർന്നു കിടക്കുന്ന ഇതിന്റെയെല്ലാം ഇടയിലേക്കാണ്, തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെ അഴിമതി ഇല്ലാതാക്കാനുള്ള ഒറ്റമൂലി എന്ന നെറ്റിപ്പട്ടം ചാർത്തി ഇലക്ടറൽ ബോണ്ട് പദ്ധതി 2018 ജനുവരി രണ്ടു മുതൽ നടപ്പിലാക്കിയത്.

കള്ളപ്പണം എന്നൊരു പണം വാസ്തവത്തിലില്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസിൽ നിന്ന് പ്രിന്റ് ചെയ്തിറക്കുന്ന പണം മുഴുവനും ഒറിജിനൽ പണമാണ്. ബോധപൂർവ്വം രൂപപ്പെടുത്തുന്ന ചില താൽപര്യങ്ങൾക്കുവേണ്ടി കറൻസി നോട്ടുകൾ ഒളിപ്പിച്ച് /പൂഴ്ത്തിവെച്ച്, രാജ്യത്തെ സമാന്തര സമ്പദ് ധാരയുടെ വക്താക്കളും പ്രയോക്താക്കളുമാകും ചിലർ. ഇവരാണ് ‘ബ്ലാക് മണി’ അഥവാ കള്ളപ്പണത്തിന്റെ വാഹകരും സംരക്ഷകരുമായി നിലകൊള്ളുന്നവർ. നമുക്ക് ലഭിക്കുന്ന വരുമാനത്തിൽ നികുതി അടയ്ക്കാതെ നമ്മൾ കൈവശം വയ്ക്കുന്ന പണമാണ് കള്ളപ്പണം. കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന പ്രകാരം ഒരു നിശ്ചിത തുകയ്ക്കുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും, സർക്കാരിന് സ്വന്തം വരുമാനത്തിൽ നിന്ന് വരുമാന നികുതി നൽകണം. എന്നാൽ അത് നൽകാൻ കൂട്ടാക്കാതെ സ്ഥിരമായി നികുതിവെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രബലന്മാരുടെ ഒരു സമൂഹം രാജ്യത്ത് സജീവമാണ്.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്) എന്ന അന്താരാഷ്ട്ര നാണയനിധിയുടെ വെളിപ്പെടുത്തൽ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 50% കള്ളപ്പണമാണ്. അതേസമയം ലോകബാങ്ക് പറയുന്നതാകട്ടെ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 20%- മാണ് കള്ളപ്പണം എന്നാണ്. എന്നാൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയായ സി ബി ഐയുടെ കണക്കുകൾ പറയുന്നത്, 25 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ കള്ളപ്പണത്തിന്റെ അളവ് എന്നാണ്. ഞെട്ടിപ്പിക്കുന്ന മറ്റൊരു ആഗോളകണക്കും ഇതിനിടെ പുറത്തുവന്നു. 2021 ജൂൺ വരെ ശേഖരിക്കപ്പെട്ട പ്രസ്തുത കണക്ക് പ്രകാരം, സ്വിസ് ബാങ്കിലും നികുതി രഹിത പണ സങ്കേതങ്ങളായ മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും ഉൾപ്പെടെ സൂക്ഷിച്ചിട്ടുള്ള ഇന്ത്യൻ കള്ളപ്പണത്തിന്റെ അളവ് 375 ലക്ഷം കോടി രൂപയാണത്രെ.

യൂണിയൻ ഗവണ്മെന്റിൽ ധനമന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) 2021 ജൂലൈയിൽ സമാഹരിച്ച രേഖകൾ പ്രകാരം ഇന്ത്യയിലും വിദേശത്തുമായി 20,078 കോടി രൂപയുടെ അപ്രഖ്യാപിത സ്വത്തുക്കൾ (undeclared assets) കണ്ടെത്തിയിട്ടുണ്ട്. സ്വിസ് ബാങ്കുകളിലും മറ്റ് നികുതി രഹിത സങ്കേതങ്ങളായ രാജ്യങ്ങളിലുമായി 500 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് അഴിമതിക്കാരായ ഇന്ത്യാക്കാരുടെ വകയായി നിക്ഷേപിച്ചിരിക്കുന്നത്. ‘ട്രാൻസ്പരൻസി ഇന്റർനാഷണലി’ന്റെ 2022-ലെ പഠനപ്രകാരം, അഴിമതി പരിപ്രേക്ഷ്യ സൂചികയിൽ ഇന്ത്യ 85-ാം സ്ഥാനത്താണുള്ളത്.

ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യബോധവും സുതാര്യതയുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കി, തൽസ്ഥാനത്ത് പണാധിപത്യത്തിന് കടന്നിരിക്കാനുള്ള അവസരമാണ് ഇലക്ടറൽ ബോണ്ടുകൾ ഒരുക്കിയത്.

വെട്ടിമാറ്റിയത് കേന്ദ്ര സർക്കാറിന്റെ
അജ്ഞാത കരങ്ങൾ

തങ്ങളുടെ ഭരണകർത്താക്കൾ ആരായിരിക്കണം എന്ന് നിശ്ചയിക്കാൻ പൗരർക്ക് അധികാരം ലഭിക്കുന്ന സന്ദർഭമാണ് ദേശീയ / സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്ക് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പും. ഇന്ത്യ സ്വീകരിച്ച പാർലമെന്ററി ജനാധിപത്യപാതയിൽ വോട്ടെടുപ്പെന്ന പ്രക്രിയയിലൂടെ രാഷ്ട്രീയസമത്വം ഉറപ്പ് വരുത്തി, നമ്മളെ ആരാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. പ്രായപൂർത്തി വോട്ടവകാശം എന്ന നിയമപ്രകാരം ഒരാൾക്ക് ഒരു വോട്ട് എന്ന തത്വത്തിന്റെ പ്രയോഗവൽക്കരണമാണ് തെരഞ്ഞെടുപ്പെന്ന പ്രക്രിയ എന്ന് സാമാന്യമായി പറയാം.

എന്നാൽ യഥാർത്ഥത്തിൽ അതിനുമപ്പുറം ഒരുപാട് വലുതാണ് വോട്ട് എന്ന പൗരാവകാശവും അതിന്റെ തനതുമൂല്യവും. രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിതവും, അതിന്റെ വികാസസപുരോഗതിയുമാണ് ഈ മൂല്യത്തിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ളത്. ജനങ്ങളുടെ, വോട്ടർമാരുടെ പൗരബോധത്തിന്റെ പ്രതിഫലനമാണ് ഇലക്ഷനും വോട്ടിങ്ങും. വളരെ വലിയ നീതിബോധത്തോടെ പക്ഷപാതരഹിതമായും സ്വാധീനവിമുക്തമായുമാണ് ഈ ജനാധിപത്യാവകാശം വിനിയോഗിക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ ദേശീയ /സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയെല്ലാം നടത്തിപ്പും മേൽനോട്ടവും നിയന്ത്രണവും നിർവ്വഹിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ എന്ന ഭരണഘടനാ സ്ഥാപനം പ്രത്യേകാധികാരങ്ങളോടെ രൂപീകരിച്ച് നടപ്പിലാക്കിയത്. ജനപ്രാതിനിധ്യ നിയമം നടപ്പാക്കിയത് 1951-ലാണ്. അതിനു പിന്നാലെ 1952 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ പൂർണ നിയന്ത്രണത്തിലാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ 2018 ജനുവരി രണ്ട് മുതൽ ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്.

യഥാർത്ഥത്തിൽ ഒരുപാട് വലുതാണ് വോട്ട് എന്ന പൗരാവകാശവും അതിന്റെ തനതുമൂല്യവും.

ദേശീയ ധനകാര്യ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാലെണ്ണം വളരെ തിടുക്കപ്പെട്ട് ഭേദഗതി ചെയ്താണ് യൂണിയൻ ബജറ്റിന്റെ അനുബന്ധമായി ഇലക്ടറൽ ബോണ്ട് സ്‌കീം ചുട്ടെടുത്തത്'. ഭരണകക്ഷിക്കുള്ള പ്രത്യേകാധികാരം പ്രയോഗിച്ചാണ് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ ഇതവതരിപ്പിക്കാതെ ലോക്സഭ വഴി മാത്രം കടത്തിവിട്ട് പാസാക്കിയെടുത്തത്. കുറുക്കുവഴികളിലൂടെ, ഭരണഘടനയെത്തന്നെ ബൈപ്പാസ് ചെയ്ത് ഇത് പാസാക്കിയെടുക്കാൻ മോദി സർക്കാർ കാട്ടിയ വെപ്രാളത്തെ 'ചുട്ടെടുക്കൽ' എന്നല്ലേ വിശേഷിപ്പിക്കാനാകൂ.

ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഇലക്ഷൻ ഫണ്ടിന്റെ അംഗീകൃതമായ ഏക വഴിതന്നെ ഇപ്പോൾ ഇലക്ടറൽ ബോണ്ടുകളാണ്. കോർപ്പറേറ്റുകളിൽ നിന്ന് ബോണ്ടുകളുടെ രൂപത്തിൽ കോടിക്കണക്കിന് രൂപ പാർട്ടികൾക്ക് സംഭാവനയായി സ്വീകരിക്കാം. അതേസമയം, ആര് ആർക്കൊക്കെ എത്ര കോടികൾ വീതം കൊടുത്തു എന്ന വിവരം, വേണ്ടപ്പെട്ട ചിലരൊഴികെ മറ്റാരും അറിയുകയുമില്ല. ഇപ്രകാരം പരിധിയില്ലാത്തതും അജ്ഞാതവുമായ പണമിടപാടുകൾക്ക് സുരക്ഷിതമായ കൂടാരങ്ങൾ ഒരുക്കുകയാണ് ഈ പദ്ധതി എന്നതുകൊണ്ടുതന്നെ ഇലക്ടറൽ ബോണ്ടുകൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ തന്നെയാണ്. ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യബോധവും സുതാര്യതയുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കി, തൽസ്ഥാനത്ത് പണാധിപത്യത്തിന് കടന്നിരിക്കാനുള്ള അവസരമാണ് ഇലക്ടറൽ ബോണ്ടുകൾ ഒരുക്കിയത്.

എല്ലാ ഇലക്ടറൽ ബോണ്ടുകളിലും ഒരു ആൽഫാ ന്യൂമെറിക്കൽ കോഡ് ഉണ്ടായിരിക്കും. ഒരു രഹസ്യ നമ്പരാണിത്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനാണ് രൂപയുടെ പരമാധികാരവും വിനിമയ നിയന്ത്രണങ്ങളുമെല്ലാം ഉള്ളത്. രാജ്യത്തിന്റെ ഈ ഏക സെൻട്രൽ ബാങ്കിനു പോലും ഇലക്ടറൽ ബോണ്ടുകൾ ഡീകോഡ് ചെയ്യാനുള്ള രഹസ്യനമ്പറില്ല. പക്ഷേ, എസ്.ബി.ഐയുടെ ഹെഡ് ഓഫീസിനും ദേശീയ ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിനും (ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്) ഡീ കോഡിങ് കീ അറിയുകയും ചെയ്യും. നോക്കൂ, ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്ത്, രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് അനുപൂരകമായി രൂപയുടെ ചലനനിയമങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ കേന്ദ്ര ബാങ്കിന് പക്ഷേ, ഇലക്ടറൽ ബോണ്ടുകളിന്മേൽ യാതൊരു അധികാരങ്ങളുമില്ല, ബോണ്ടുകൾ ഡീ കോഡ് ചെയ്യാനുമാവില്ല. ഇന്ത്യൻ പാർലമെന്റിനോ സംസ്ഥാന നിയമസഭകൾക്കോ, റിസർവ്വ് ബാങ്കിനോ രാഷ്ട്രീയ പാർട്ടികൾക്കോ മാധ്യമങ്ങൾക്കോ നൽകാൻ തയാറാകാത്ത ഒരു വലിയ അധികാരം എസ്.ബി.​ഐ എന്ന ബാങ്കിനും ദേശീയ ധനമന്ത്രാലയത്തിനും മാത്രമായി യഥേഷ്ടമിങ്ങനെ നൽകപ്പെടുകയാണ്.

നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ ലംഘിക്കുകയും മറികടക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെതന്നെ റദ്ദാക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു.

2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റിന്റെ അനുബന്ധമായി, മണി ബിൽ ആയിട്ടാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. മണി ബില്ലുകൾക്ക് നിഗൂഢമായ മറ്റൊരു സൗകര്യമുണ്ട്. ഭരണകക്ഷിക്ക് തങ്ങളുടെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഇത് ലോക്സഭയിൽ പാസാക്കിയെടുക്കാനായാൽ രാജ്യസഭയിൽ അവതരിപ്പിക്കാതെ തന്നെ നിയമമാക്കാം.

ബി ജെ പി മുന്നണി 2014-ൽ അധികാരത്തിലെത്തിയതു മുതൽ ഇതുവരേയും രാജ്യസഭയിൽ ന്യൂനപക്ഷമാണ്. അതിനാലാണ് ഇലക്ടറൽ ബോണ്ട് സ്‌കീം മണി ബില്ലായി അവതരിപ്പിച്ച് പാസാക്കിയെടുത്തത്. പക്ഷേ, ഘടനാപരവും സുപ്രധാനവുമായ ഒരു പുതിയ സംവിധാനം രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുമ്പോൾ, പാർലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരത്തോടെ വേണം നടപ്പിൽ വരുത്തേണ്ടത്. ഭരണഘടനാ നൈതികതയുടേയും രാഷ്ട്രീയ ധാർമികതയുടേയും പ്രശ്നമാണത്. ഇത് രണ്ടും ഇലക്ടറൽ ബോണ്ട് പദ്ധതിയിൽ അട്ടിമറിക്കപ്പെട്ടു. ഇതിലൂടെ നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ ലംഘിക്കുകയും മറികടക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെതന്നെ റദ്ദാക്കപ്പെടേണ്ടത് അനിവാര്യമായിരുന്നു.

ഇതല്ലാതെ, മറ്റൊരു പ്രധാന വിപത്ത് കൂടിയുണ്ട്. ഇലക്ടറൽ ബോണ്ടുകൾ ആര് വാങ്ങിയാലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്നതാണ് നിലവിലുള്ള നിയമം. ആകയാൽ, വൻകിട കോർപറേറ്റ് മാനേജ്മെന്റുകൾക്ക് തങ്ങളുടെ വിലാസം ഒരിക്കലും പൊതുസമൂഹം അറിയുകയില്ല എന്ന ഉറപ്പോടെ തന്നെ ഭരണകക്ഷിക്ക് ശത കോടികൾ സംഭാവനയായി നൽകാനും അതിന് പ്രത്യുപകാരമായി സർക്കാർ നയങ്ങൾ തങ്ങൾക്ക് അനുകൂലമാം വിധം നടപ്പാക്കിയെടുക്കുന്നതിനും ബോണ്ടുകളുടെ മറവിലൂടെ അനായാസം സാധിക്കും. ഈ ദുഃസ്വാധീനം ഇല്ലാതാക്കണമെങ്കിലും, ഇലക്ടറൽ ബോണ്ട് പദ്ധതി ഇല്ലാതാകേണ്ടതുണ്ടായിരുന്നു. അതാണ്, സുപ്രീംകോടതി വിധിയിലൂടെ നടപ്പായത്.

പരിധിയില്ലാത്ത പണം, അതും കോടിക്കക്കണക്കിന് രൂപ വരുന്ന തുകകൾ, രാഷ്ട്രീയ പാർട്ടികൾക്ക് അതീവ രഹസ്യ സ്വഭാവത്തോടെയും അതേസമയം, തികച്ചും നിയമവിധേയം എന്ന ഔദ്യോഗിക അംഗീകാരത്തോടെയും സംഭാവന നൽകാൻ സൃഷ്ടിച്ച ഉപകരണമാണ് ഇലക്ടറൽ ബോണ്ടുകൾ. ധനമൂലധനത്തിന്റെ വ്യാപ്തിയും സ്വാധീനശക്തിയും ഭരണകക്ഷിക്ക് ഏറ്റവുമധികം പ്രയോജനപ്പെടുത്തത്തക്കവിധം, ആസൂത്രണ മികവോടെ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു ഈ പദ്ധതിയിൽ. അതിന്റെ ഉള്ളടക്കത്തിലും നടത്തിപ്പിലും പക്ഷേ, കടുത്ത ജനാധിപത്യവിരുദ്ധതയാണ് ഉൾച്ചേർത്തിരിക്കുന്നത്. അപായകരമായ ഈ അപഭ്രംശം തിരുത്തുക എന്ന കാലികമായ അടിയന്തരാവശ്യമാണ് കൃതകൃത്യതയോടെ സുപ്രീംകോടതി നിർവ്വഹിച്ചത്.


എം. ജയചന്ദ്രൻ

ദേശാഭിമാനി, ദീപിക, മെട്രോ വാർത്ത എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ജേണലിസ്റ്റ്. സഭ ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു.

Comments