റൈഹാനത്ത്‌ / Photos : Shafeeq Thamarassery

‘രണ്ടു വർഷത്തിനിടയ്ക്ക് ഒന്ന് ശരിക്ക്
ചിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല’

19ാം വയസ്സിൽ ഞാൻ കാപ്പന്റെ ജീവിതത്തിൽ വന്നതാണ്, ഇപ്പോൾ 39 വയസ്സായി. കാപ്പനെ ഏറ്റവും അറിയുന്നത് എനിക്കാണ്. അപ്പോൾ ആ ആൾക്കുവേണ്ടി സംസാരിക്കാൻ ഞാനല്ലാതെ ആരാണ് മുന്നിട്ടിറങ്ങുക.

ഷഫീഖ് താമരശ്ശേരി: സമീപകാല ഇന്ത്യയിൽ ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അക്കാദമിസ്റ്റുകൾ എന്നിങ്ങനെ ധാരാളം പേർ വിവിധ കേസുകളിലകപ്പെട്ട് ജയിലിൽ അകപ്പെട്ടിട്ടുണ്ട്. അതിലൊരാളായിരുന്നല്ലോ സിദ്ദീഖ് കാപ്പൻ. ഏതെങ്കിലും സംഘടനയുടെയോ വൻകിട സ്ഥാപനങ്ങളുടെയോ പിൻബലം ഉണ്ടായിരുന്ന ഉണ്ടായിരുന്ന ആളായിരുന്നില്ല സിദ്ദീഖ് കാപ്പൻ. അദ്ദേഹത്തിന്റെ ജാമ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങളുടെ കൂടെ ആരാണുണ്ടായിരുന്നത്? ഈ രണ്ടു വർഷത്തിനിടയിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു? വീടിനകത്ത് മാത്രം കഴിഞ്ഞിരുന്ന നിങ്ങൾക്ക് എങ്ങനെയാണ് ഇത്ര വലിയ പ്രതിസന്ധി നേരിടാനുള്ള കരുത്ത് ലഭിച്ചത്?

റൈഹാനത്ത്‌: രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള ധാരാളം പേരുടെ പിന്തുണ എനിക്ക് കിട്ടിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന്റെ നിരപരാധിത്വം മനസ്സിലാക്കിയവരെല്ലാം എന്നെ പിന്തുണച്ചിട്ടുണ്ട്. ഈ രണ്ടുവർഷത്തെ പോരാട്ടത്തിൽ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ചാർജ് ഷീറ്റിൽ കള്ളത്തരങ്ങളല്ലാതെ ഒന്നുമില്ല, എന്നിട്ടുപോലും രണ്ടുവർഷമാണ് അദ്ദേഹത്തിന്റെ ജീവിതം ജയിലിലായത്. ആ രണ്ടുവർഷം ഇവർക്കാർക്കെങ്കിലും തിരിച്ചുതരാൻ പറ്റുമോ? ഇപ്പോൾ ജാമ്യം മാത്രമാണ് ലഭിച്ചത്. പൂർണമോചനം സാധ്യമായിട്ടില്ല. ഈ രണ്ടുവർഷം ഞങ്ങൾ സഹിച്ച യാതനകൾ വളരെ വലുതാണ്. അതിലേറെ കാപ്പൻ സഹിച്ചു. കെ.യു.ഡബ്ല്യു.ജെ.യും ഐക്യദാർഢ്യസമിതിയും മനുഷ്യാവകാശപ്രവർത്തകരും രാഷ്ട്രീയനേതാക്കളും പിന്തുണച്ചു. അതിലൊക്കെ ഉപരി എനിക്കറിയാത്ത, കാപ്പന് അറിയാത്ത ഒരുപാട് പേരുടെ പ്രാർഥനയും പിന്തുണയും കിട്ടിയിട്ടുണ്ട്.

ഏറ്റവും വിഷമമനുഭവിച്ചത് ആദ്യത്തെ 45 ദിവസമാണ്. കാപ്പനെ കാണാനില്ല. എന്ത് സംഭവിച്ചുവെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. കാപ്പന് കോവിഡ് വന്ന് അപകടാവസ്ഥയിലായിരുന്ന സമയത്തും വലിയ പ്രതിസന്ധിയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഏറ്റവും വിഷമമനുഭവിച്ചത് ആദ്യത്തെ 45 ദിവസമാണ്. കാപ്പനെ കാണാനില്ല. എന്ത് സംഭവിച്ചുവെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. കാപ്പന് കോവിഡ് വന്ന് അപകടാവസ്ഥയിലായിരുന്ന സമയത്തും വലിയ പ്രതിസന്ധിയായിരുന്നു. അതുമുതൽ ഉമ്മയുടെ മരണം വരെ ഉമ്മയും ഞങ്ങളും അനുഭവിച്ച വേദന പറയാൻ പറ്റില്ല. ഉമ്മയെ പിന്നെ കാപ്പന് കാണാൻ പറ്റിയിട്ടില്ല. ഉമ്മ ഉരുകിയുരുകി മരിച്ചതാണ്.

19ാം വയസ്സിൽ ഞാൻ കാപ്പന്റെ ജീവിതത്തിൽ വന്നതാണ്, ഇപ്പോൾ 39 വയസ്സായി. കാപ്പനെ ഏറ്റവും അറിയുന്നത് എനിക്കാണ്. അപ്പോൾ ആ ആൾക്കുവേണ്ടി സംസാരിക്കാൻ ഞാനല്ലാതെ ആരാണ് മുന്നിട്ടിറങ്ങുക. സത്യമുള്ളതുകൊണ്ട് എനിക്ക് തലയുയർത്തി എവിടെയും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടില്ല. സത്യത്തിനുവേണ്ടി നിൽക്കുമ്പോൾ ഒരിക്കലും പേടി തോന്നിയിട്ടില്ല.

മക്കളോടൊപ്പം റെെഹാനത്ത്

പലപ്പോഴും ബുദ്ധിമുട്ടുകൾ കുട്ടികളെ അറിയിക്കാതിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അവർ എല്ലാം മനസ്സിലാക്കി എനിക്കൊപ്പമുണ്ടായിരുന്നു. മാനസികമായും സാമ്പത്തികമായുമുള്ള ഒരുപാട് സമ്മർദങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ സഹിച്ചത് അവർ തന്നെയാണ്. അവർ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അവരുടേതായ സന്തോഷങ്ങളെല്ലാം ഇല്ലാതായി. രണ്ടുവർഷത്തിനിടയ്ക്ക് ഒന്ന് ശരിക്ക് ചിരിക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കുകയും മറ്റു കാര്യങ്ങളുമൊക്കെ ചെയ്യുന്നുണ്ടാവും, ഒക്കെ യാന്ത്രികമായിട്ടാണ്.

അറസ്റ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയിരുന്നു. സിദ്ദിഖിന്റെ മാധ്യമസുഹൃത്തുക്കൾ വിളിച്ച് എനിക്ക് ധൈര്യം തരുന്നുണ്ടായിരുന്നു. കരഞ്ഞിരുന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ പിന്നെയൊരു ഓട്ടമായിരുന്നു.

അറസ്റ്റിന്റെ സമയം മുതൽ അഡ്വ. കപിൽ സിബൽ കൂടെയുണ്ട്. കാപ്പൻ ഒരു മാധ്യമപ്രവർത്തകനായതുകൊണ്ടുമാത്രമാണ് അദ്ദേഹം ഒരു കാശും വാങ്ങാതെ ജാമ്യം ലഭിക്കുന്നതുവരെ ഞങ്ങളുടെ കൂടെ നിന്നത്. ഞങ്ങൾക്കുവേണ്ടി നിന്ന എല്ലാ അഭിഭാഷകരും കാശ് വാങ്ങാതെയാണ് ഹാജരായത്. പലപ്പോഴും തളർന്നുപോകുമ്പോൾ അവരാണ് പിന്തുണ നൽകിയത്.

റൈഹാനത്തിന്റെ ജീവിതം കേസിനുശേഷം ഏതുതരത്തിലാണ് മാറിയത്? അറസ്റ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ എങ്ങനെയാണ് അതിനെ നേരിടാനുള്ള കരുത്തുണ്ടാക്കിയത്? മാധ്യമപ്രവർത്തകർ അടക്കമുള്ള പൊതുസമൂഹത്തിന്റെ പിന്തുണ എങ്ങനെയുള്ളതായിരുന്നു?

2002-ലായിരുന്നു ഞങ്ങളുടെ കല്യാണം. ഒരുപാട് സാമ്പത്തിക പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. കാപ്പന്റെ കേസ് വന്നപ്പോഴാണ് ഞങ്ങളുടെ ജീവിതം ഇങ്ങനെയൊരു പ്രതിസന്ധിയിലായത്. സിദ്ദിഖ് കാപ്പൻ ഒരു പാവമാണ്. ഈ പറയുന്നതുപോലെ തീവ്രവാദിയോ രാജ്യദ്രോഹിയോ ഒന്നുമല്ല. രാജ്യദ്രോഹം എന്നുപറയുന്നതുകൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. സിദ്ദിഖ് കാപ്പൻ തേജസിന്റെ റിപ്പോർട്ടറായാണ് ഡൽഹിയിലേക്ക് പോയത്. അവിടെ സുപ്രീംകോടതി വാർത്തകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കാപ്പൻ ഡൽഹിയിൽ തന്നെയായിരുന്നതിനാൽ കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോഴൊക്കെ കാപ്പൻ വരുമായിരുന്നു. അവധിക്കാലത്ത് ഞാനും മക്കളും ഡൽഹിയിലേക്ക് പോകാറുണ്ടായിരുന്നു.

ഉമ്മയ്ക്ക് അസുഖം കൂടിവരുന്നതുകൊണ്ട് നാട്ടിലേക്ക് വരാൻ നിൽക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. മരിക്കുമ്പോൾ കൂടെ വേണമെന്ന് ഉമ്മ എപ്പോഴും ഇളയ മകനായ സിദ്ദിഖിനോട് പറയാറുണ്ടായിരുന്നു. അതിന് കഴിഞ്ഞില്ല.
2020 ഒക്ടോബർ നാലിന് രാത്രി 12 മണിക്കാണ് അദ്ദേഹം എന്നെ വിളിച്ചത്. ദിവസവും ഇതുപോലെ ജോലിയൊക്കെ കഴിഞ്ഞശേഷമാണ് വിളിക്കുന്നത്. വീടുപണി നടക്കുന്നതിനാൽ എന്നും രാവിലെയും വിളിക്കാറുണ്ട്. പക്ഷെ അടുത്ത ദിവസം രാവിലെ വിളിച്ചില്ല. പെട്ടെന്ന് എന്തെങ്കിലും തിരക്ക് വന്നതായിരിക്കുമെന്ന് ഞാൻ കരുതി. വൈകീട്ടായപ്പോൾ വിളിച്ചിട്ട് കിട്ടിയില്ല. ഫോൺ ഓഫായതായിരിക്കുമെന്നാണ് വിചാരിച്ചത്. രാത്രിയായപ്പോൾ അദ്ദേഹം നിൽക്കുന്ന റൂമിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. മൊബൈൽ അപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു. അതോടെ എനിക്ക് പേടിയായി. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. അവരുടെ സുഹൃത്തുക്കളുടെയൊന്നും നമ്പർ എന്റെ കൈയിലില്ല. ഞാൻ എന്റെ സുഹൃത്തുക്കളെയും അടുത്തുള്ളവരെയുമൊക്കെ വിളിച്ചു ചോദിച്ചപ്പോൾ, അദ്ദേഹം ഒരു മാധ്യമപ്രവർത്തകനല്ലേ, എന്തിനാണ് ഇങ്ങനെ ടെൻഷനാകുന്നത് എന്നാണ് അവർ ചോദിച്ചത്. ഷുഗറും കൊളസ്‌ട്രോളുമുള്ള ആളാണ് അദ്ദേഹം. അങ്ങനെ റൂമിൽ വീണുകിടന്നിട്ട് ആരും കാണാതിരിക്കുന്നതാണോ എന്നായിരുന്നു എന്റെ പേടി. ആറാം തീയതി വാർത്ത വന്നപ്പോഴാണ് അറസ്റ്റ് നടന്നു എന്നറിയുന്നത്. പിന്നെ ഡൽഹിയിലുള്ള സുഹൃത്തുക്കളും യൂണിയന്റെ ആളുകളുമൊക്കെ വിളിച്ച്, ടെൻഷനാകേണ്ടെന്ന് പറഞ്ഞു. ആരും അത്ര ഗൗരവമായി കണ്ടിരുന്നില്ല, ഉടനെ വിടുമെന്നു തന്നെയായിരുന്നു കരുതിയിരുന്നത്. പിന്നെ പെട്ടെന്ന് യു.എ.പി.എ. ആയി മാറിയതോടെയാണ് ശരിക്കും പേടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നത് അപ്പോഴാണ്.

വയസ്സായ ഉമ്മയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്. അറസ്റ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയിരുന്നു. സിദ്ദിഖിന്റെ മാധ്യമസുഹൃത്തുക്കൾ വിളിച്ച് എനിക്ക് ധൈര്യം തരുന്നുണ്ടായിരുന്നു. കരഞ്ഞിരുന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ പിന്നെയൊരു ഓട്ടമായിരുന്നു. നമ്മുടെ ഭാഗത്ത് സത്യം മാത്രമേയുള്ളൂ. അതുകൊണ്ട് മിണ്ടാതിരിക്കേണ്ട ആവശ്യമില്ല എന്നു മനസ്സിലാക്കി പറയാനുള്ളത് പറഞ്ഞു. കാപ്പൻ ഒരു തെറ്റും ചൈയ്തിട്ടില്ല, വാർത്ത കൊടുക്കാൻ പോയതാണ്. കെ.യു.ഡബ്ലു.ജെ.യും ഐക്യദാർഢ്യസമിതിയും എൻ.പി. ചെക്കുട്ടിയെപ്പോലെയുള്ള വ്യക്തികളുമൊക്കെയാണ് തുടക്കം മുതൽ കൂടെ നിന്നത്. ​▮

Comments