ഇലക്ഷന്‍ മെനുവിലെ ഏക സിവിൽ കോഡ്​

ഏക സിവിൽ കോഡ്​ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കുമ്പോള്‍ നമ്മള്‍ഓര്‍ക്കേണ്ട ചില പ്രധാന സുപ്രീംകോടതി ഇടപെടലുകളുണ്ട്​. ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന വ്യക്തിഗതമായ സ്വാതന്ത്ര്യവും ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന മതപരമായ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട മൂന്നു സുപ്രധാന കേസുകള്‍ ഒമ്പതംഗ ബെഞ്ചിലാണ്​. ഇന്ന് സിവില്‍ കോഡില്‍ പ്രതിപാദിക്കുന്ന പല വിവാദങ്ങളും വിഷയങ്ങളും, ഈ കേസുകളിലെ സുപ്രീംകോടതി വിധിയോടെ, സിവിൽ കോഡ്​ എന്ന ആശയത്തിന്​ അനുകൂലമായോ പ്രതികൂലമായോ പരിഹരിക്കപ്പെടാം. അതിനിടയില്‍ പത്തു വോട്ടിനുവേണ്ടി സിവില്‍ കോഡ് തിരുകിക്കയറ്റുന്നത്​ മോദിയും കൂട്ടരും ഒഴിവാക്കുന്നതാണ് നാടിനുനല്ലത്.

നിയമനിര്‍മ്മാണങ്ങളുടെ ലക്ഷ്യം എന്താണ്? പൊതുജനങ്ങൾക്ക്​ കാലനുസൃതമായി ജീവിതം സൗകര്യപ്രദവും നീതിയുക്തവും ആക്കാനാണ്​ എന്നാണ്​ എന്റെ വിശ്വാസം. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി പത്തു വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍, അവര്‍ നടത്തിയ ഭൂരിഭാഗം നിയമനിര്‍മാണങ്ങളും ഈ ഉദ്ദേശ്യത്തോടെയല്ല. മറിച്ച്​, അവര്‍ മുന്നോട്ടുവയ്ക്കുന്ന നറേറ്റീവുകളെ എങ്ങനെ നിയമം വഴി സാധൂകരിക്കാം എന്ന ലക്ഷ്യത്തോടെയുള്ളതാണ്​. ഈ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു വിഭാഗത്തിന് അത്​ തീരാദുരിതം വരുത്തിവെക്കുന്നു. ഇതുമായി ഒരു ബന്ധവുമില്ലാത്ത, എന്നാല്‍ സര്‍ക്കാരിനൊപ്പം നിൽക്കുന്ന തീവ്ര വലതുപക്ഷത്തിന്​ ആനന്ദലബ്​ദിയുമേകുന്നു.

ഇതിനുള്ള ഉത്തമോദാഹരണമാണ്​ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ നിയമവും ട്രിപ്പിള്‍ തലാക്ക് നിയമവും. കശ്മീരിനെ ഒരു കേന്ദ്രഭരണ പ്രദേശമാക്കിയിട്ട്​ എന്തു ഗുണമാണ് തദ്ദേശവാസികള്‍ക്ക് ലഭിച്ചത്? ട്രിപ്പിള്‍ തലാക്ക് ഇല്ലാതായെങ്കിലും, മുസ്​ലിം സമുദായത്തില്‍ മാത്രം വിവാഹമോചനം ഒരു ക്രിമിനല്‍ കുറ്റവും മറ്റ് സമുദായങ്ങളില്‍ അത് സിവില്‍ കുറ്റവുമായി നില്‍ക്കുന്നു.

എന്നാല്‍, ഈ നിയമങ്ങള്‍ പാസായതിൽ ആഹ്ലാദിക്കുന്ന ഒരു വിഭാഗമുണ്ട്; സംഘപരിവാര്‍ആശയങ്ങളോട് ഇണചേര്‍ന്നു നില്‍ക്കുന്ന, ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയായ, വളര്‍ന്നുവരുന്ന ഒരു വലിയ വോട്ട് വിഭാഗമായ ഇവരെ​ ഈ നിയമനിര്‍മ്മാണങ്ങള്‍ വലുതായി തന്നെ ഇക്കിളിപ്പെടുത്തിയിട്ടുണ്ട്​. അത് അവര്‍ക്ക് നല്‍കിയ ഗ്രാറ്റിഫിക്കേഷന്‍ വാക്കുകള്‍ക്കതീതമാണ്. 2024-ലെ ലോക്സ​ഭാ ഇലക്ഷന്‍ പടിവാതിലിൽ നിൽക്കവേ, ഈ പറഞ്ഞ വിഭാഗത്തെ വീണ്ടും രോമാഞ്ചപുളകിതരാക്കുവാനാണ് ഏക വ്യക്തി നിയമം എന്ന ആശയം പാര്‍ട്ടി പ്രവര്‍ത്തകരുടെ മീറ്റിംഗില്‍ പ്രധാനമന്ത്രി എടുത്തിട്ടത്​. നിസ്സംശയം പറയാം, ഇന്നത്തെ കലുഷിത സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് വീണ്ടും വിഭാഗീയത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഏക സിവിൽ കോഡ്​ ഡയറക്റ്റീവ് പ്രിന്‍സിപ്പല്‍ ഓഫ്‌ സ്റ്റേറ്റ് പോളിസിയില്‍ ഉള്‍പ്പെടുത്തിയതുതന്നെ, ഈ വിഷയത്തില്‍ നിര്‍ബന്ധബുദ്ധി അപകടമാണ് എന്ന് ഭരണഘടനാ ശില്പികള്‍ മനസിലാക്കിയതുകൊണ്ടാണ്​.

ഇന്ത്യന്‍ ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഏക സിവിൽ കോഡിനെക്കുറിച്ച്​ നീണ്ട ചര്‍ച്ച നടന്നതാണ്. പൗരരുടെ മൗലികാവകാശങ്ങളില്‍ (fundamental rights) ഉള്‍പ്പെടുത്താതെ ഈ വിഷയം ഡയറക്റ്റീവ് പ്രിന്‍സിപ്പല്‍ ഓഫ്‌ സ്റ്റേറ്റ് പോളിസിയില്‍ ഉള്‍പ്പെടുത്തിയതുതന്നെ, ഈ വിഷയത്തില്‍ നിര്‍ബന്ധബുദ്ധി അപകടമാണ് എന്ന് ഭരണഘടനാ ശില്പികള്‍ മനസിലാക്കിയതുകൊണ്ടാണ്​.

ആര്‍ട്ടിക്കിള്‍ 44-ലെ വാക്കുകള്‍ പോലും ശ്രദ്ധേയമാണ്: ''The State shall endeavour to secure the citizen a Uniform Civil Code throughout the territory of India'. അതായത്​, ‘‘രാജ്യത്തെ പൗരർക്കുവേണ്ടി ഇന്ത്യ ഒട്ടാകെ ഒരു ഏക സിവില്‍ നിര്‍മ്മിക്കുവാന്‍ രാജ്യം ശ്രമിക്കും’’ എന്നു മാത്രമാണ്​ പറയുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളും പ്രാദേശിക- സാമൂഹിക- മത വ്യത്യാസങ്ങളും മനസ്സിലാക്കി എഴുതിയതാണ്​ ഇത്​ എന്നതില്‍ സംശയമില്ല.

ഭരണഘടന എഴുതി ഏഴ് പതിറ്റാണ്ടുകള്‍ക്കപ്പുറം ഇന്നത്തെ സാഹചര്യം ഒന്ന് പരിശോധിക്കൂ - ജാതി, ഉപജാതി, മതം, ലിംഗം, സ്വത്വം എന്നിവ മുമ്പത്തേക്കാള്‍ മനുഷ്യാസ്തിത്വത്തിന്റെ ഭാഗമായിരിക്കുന്നു. വൈവിദ്ധ്യമാണ് നമ്മുടെ ശക്തി എന്ന് രാജ്യം തിരിച്ചറിയുന്നു. ഏതു കാലഘട്ടത്തേക്കാളും വലതുശക്തികള്‍ ശക്തി പ്രാപിച്ചിരിക്കുന്നു. ഈ അവസരത്തില്‍ സിവില്‍ കോഡ് ചര്‍ച്ചകള്‍ കടുത്ത ഭിന്നത മാത്രമേ സമ്മാനിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ നിയോഗിച്ച 21-ാം ലോ കമീഷന്‍ സിവില്‍കോഡിനെതിരെ കൃത്യമായി ഇങ്ങനെ അടയാളപ്പെടുത്തിയത്​:

  • വ്യക്തിനിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായി ഏകീകരിക്കാന്‍ കഴിയില്ല.

  • വിവേചനസ്വഭാവമുണ്ടെങ്കില്‍ എകീകരണം ആശാസ്യമല്ല.

  • സമുദായങ്ങള്‍ തമ്മില്‍ തുല്യത ഉറപ്പാക്കാനല്ല, പകരം സമുദായത്തിനുള്ളില്‍ സ്ത്രീ- പുരുഷ സമത്വത്തിനാണ് ശ്രമിക്കേണ്ടത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കേ, ബി.ജെ.പിക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ടര്‍മാരുടെ മനസ്സില്‍ ഒരു പൊതുശത്രുവിനെ നിര്‍മിക്കണം. കശ്മീര്‍, അയോദ്ധ്യാ വിഷയങ്ങള്‍ പഴയതുപോലെ ഇനി വോട്ടര്‍മാരെ ത്രസിപ്പിക്കില്ല. ഈ സാഹചര്യത്തിൽ അവര്‍ നിര്‍മ്മിക്കുന്ന ന്യൂനപക്ഷ ആയുധമാണ് ഇലക്ഷ​നോടനുബന്ധിച്ചുള്ള ഏക സിവിൽ കോഡ്​. മുസ്​ലിം വിരുദ്ധത അരച്ചുചേര്‍ത്ത ഏക സിവില്‍ കോഡ് മാത്രമാണ് അണികളെ നിരത്തിറക്കുവാനുള്ള ഒരേയൊരു മാര്‍ഗം. എന്നാല്‍ സംഘപരിവാര്‍ കരുതുന്ന പോലെ ഇത് ഹിന്ദു- മുസ്​ലിം വിഷയമല്ല. യു.സി.സിയുടെ തെറ്റായ ഭവിഷ്യത്തുകൾ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും നേരിടേണ്ടിവരും. ഇതിന്റെ പിന്നോട്ടടി ബി.ജെ.പിക്കും നേരിടേണ്ടി വരും.

നരേന്ദ്രമോദി

ഉദാഹരണത്തിന്, ഹിന്ദു സമുദായത്തിൽ മാത്രമുള്ള പ്രത്യേക അവകാശമാണ് Hindu Undivided Family (HUF). പഴയ കൂട്ടുകുടുംബ വ്യവസ്ഥതയില്‍ വളര്‍ന്ന ഫാമിലി ബിസിനസുകളെ ബ്രിട്ടീഷ് ഭരണകാലത്ത്, 1922-ൽ HUF എന്ന് വേര്‍തിരിച്ചു. ഇവര്‍ക്ക് പ്രത്യേക നികുതി നിയമങ്ങളും നികുതി ആനുകൂല്യങ്ങളും ഇപ്പോഴും ലഭിക്കാറുണ്ട്. ഈ നിയമത്തിൽ​ ആശയപരമായ മാറ്റമുണ്ടായിട്ടില്ല. കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏകദേശം 11 ലക്ഷം HUF കുടുംബങ്ങളുണ്ട്​, എന്നുവെച്ചാല്‍ ഒരു കോടിയില്‍ പരം ആളുകള്‍ ഈ ആനുകൂല്യം നേടുന്നുണ്ട്. ഇവര്‍ ഭൂരിഭാഗവും ബി.ജെ.പിയെ സഹായിക്കുന്ന മധ്യവര്‍ഗ- സമ്പന്ന വ്യാപാര കുടുംബങ്ങളാണ്. ഏക സിവിൽ കോഡ് നടപ്പാക്കുകയാണെങ്കില്‍, ഒന്നുകിൽ HUF നിര്‍ത്തലാക്കണം, അല്ലെങ്കിൽ, സമാന്തരമായ ആശയം മറ്റു മതങ്ങൾക്ക്​ നൽകണം. ഗുജറാത്തിലുള്ള ചെറുകിട വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക്​ ഒരു സുപ്രഭാതത്തില്‍ ഈ പ്രത്യേക ആനുകൂല്യം ഇല്ലാതാകുന്ന സ്​ഥിതിയുണ്ടാകുന്നുവെന്ന്​ കരുതുക. ബി.ജെ.പിയുടെ ഏറ്റവും വലിയ വോട്ട്- സാമ്പത്തിക സ്രോതസായ ഈ വിഭാഗത്തെയാണ്​ ഏക സിവിൽ കോഡ്​ ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇവരെ അലോസരപ്പെടുത്തുന്നത് ബി.ജെ.പിക്ക്​ ആലോചിക്കാനേ കഴിയില്ല.

ബി.ജെ.പി കൈക്കലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ലാഭത്തിന്റെ മറുലാഭം ഉണ്ടാക്കാനാണ്​ കേരളത്തില്‍ ഇടതുപക്ഷം നോക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന വടക്ക്- കിഴക്ക് സംസ്ഥാനങ്ങളുടെ നേതാക്കളെല്ലാവരും അവരുടെ മേഖലകളെ, ഏക സിവിൽ കോഡിൽനിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്​. വിവിധ ആചാരങ്ങളുള്ള ഗോത്രങ്ങള്‍ പാര്‍ക്കുന്ന മേഘാലയയും നാഗാലാന്‍ഡും ത്രിപുരയും മറ്റും ഇതിനെതിരാണ്. ബി.ജെ.പി ഉന്നം വയ്ക്കുന്ന മറ്റൊരു സംസ്ഥാനം പഞ്ചാബാണ്​. ഇവിടുത്തെ ഏറ്റവും ശക്തമായ സിഖ് വിഭാഗത്തിന്റെ ഉന്നത ബോഡിയായ SGPC ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. കേരളത്തിലുൾപ്പെടെ, സ്വാധീനമുള്ള ക്രൈസ്തവ സഭകളും എതിരാഭിപ്രായം പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, തൊട്ടാല്‍ പൊള്ളുന്ന ഒരു രാഷ്ട്രീയവിഷയം കൂടിയാണ് ഏക സിവിൽ കോഡ്​.

എം. വി. ഗോവിന്ദൻ

ബി.ജെ.പി കൈക്കലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ലാഭത്തിന്റെ മറുലാഭം ഉണ്ടാക്കാനാണ്​ കേരളത്തില്‍ ഇടതുപക്ഷം നോക്കുന്നത്. ഏക സിവിൽ കോഡിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ തന്നെ, സി.പി.എം സെക്രട്ടറി എതിര്‍പ്പുമായി മുന്നോട്ടുവന്നു. ഈ വിഷയത്തെ ഒരു ഹിന്ദു- മുസ്​ലിം വിഷയമായി ചിത്രീകരിക്കാനാണ്​ സി.പി.എം ശ്രമിക്കുന്നത്​. CAA- NRC സമരങ്ങളുടെ മാതൃകയില്‍ ഒളിഞ്ഞിരുന്ന് രാഷ്ട്രീയ മുതലെടുപ്പിനാണ്​ സി.പി.എം ശ്രമം. മുമ്പ്​, ഇ.എം.എസും സുശീലാ ഗോപാലനും പറഞ്ഞ വാക്കുകള്‍ അവര്‍ ഇപ്പോൾ തിരസ്‌കരിക്കുന്നു. സി.പി.എമ്മിന്റെ ഈ അനാവശ്യ വ്യഗ്രതയും അവസരവാദ സമീപനവും കേരള സമൂഹം തിരിച്ചറിയും.

കാലാനുസൃതമായ നവീകരണ ആശയങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും വരേണ്ടതുണ്ട്. സ്ത്രീക്കും പുരുഷനും ഒരേ നീതിയും തുല്യാവകാശവും നിര്‍ബന്ധമാണ്. പക്ഷെ, അത് മതത്തിനുള്ളില്‍ നിന്ന് നടക്കണം. അല്ലാതെ, ഒരു രാത്രി പ്രധാനമന്ത്രി വന്ന് നോട്ട് നിരോധിച്ച​തുപോലെ, 142 കോടി ഇന്ത്യക്കാരിൽ അടിച്ചേല്‍പ്പിക്കേണ്ടതല്ല, ഏക സിവിൽ കോഡ്​.

ഏക സിവിൽ കോഡ്​ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ചില പ്രധാന സുപ്രീംകോടതി ഇടപെടലുകളുണ്ട്​. ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന വ്യക്തിഗതമായ സ്വാതന്ത്ര്യവും ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന മതപരമായ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട, വിവിധ മതങ്ങളിലെ സമാനമായ കേസുകള്‍ ഒമ്പതംഗ ബെഞ്ചിലാണ്​. ഇതിലൊന്ന്​, ശബരിമല സ്ത്രീപ്രവേശ വിഷയമാണ്. മുസ്​ലിം സ്ത്രീകളുടെ പള്ളി പ്രവേശനമാണ്​ മറ്റൊന്ന്. സമുദായത്തിന് പുറത്ത്​ കല്യാണം കഴിച്ച പാര്‍സി സ്ത്രീകളുടെ ഫയര്‍ ടെമ്പിൾ പ്രവേശനം, ബോഹ്‌റ മുസ്​ലിം പെണ്‍കുട്ടികളുടെ ലിംഗ ഛേദനം എന്നിവയുമായി ബന്ധപ്പെട്ടതാണ്​​ മറ്റു കേസുകൾ.

ഈ കേസുകളിൽ സുപ്രീംകോടതി വിധി വരുന്ന ദിവസം ഒരു ചരിത്രദിവസം കൂടിയായിരിക്കും. ഇന്ന് സിവില്‍ കോഡില്‍ പ്രതിപാദിക്കുന്ന പല വിവാദങ്ങളും വിഷയങ്ങളും, ഈ കേസുകളിലെ സുപ്രീംകോടതി വിധിയോടെ, സിവിൽ കോഡ്​ എന്ന ആശയത്തിന്​ അനുകൂലമായോ പ്രതികൂലമായോ പരിഹരിക്കപ്പെടാം. അതിനിടയില്‍ പത്തു വോട്ടിനുവേണ്ടി സിവില്‍ കോഡ് തിരുകിക്കയറ്റുന്നത്​ മോദിയും കൂട്ടരും ഒഴിവാക്കുന്നതാണ് നാടിനുനല്ലത്.

Comments