രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതുസംബന്ധിച്ച് 22-ാം ലോ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ്.
ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്, ഏകീകൃത സിവില്‍ നിയമം. വ്യക്തിനിയമങ്ങളില്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ അവരുടെ മതഗ്രന്ഥങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. ആദിവാസി ഗോത്ര ജന വിഭാഗങ്ങള്‍ പിന്തുടരുന്നത് അതത് പ്രദേശത്തെ ആചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ചുള്ള വ്യക്തിനിയമങ്ങളാണ്. 1998-ലെയും 2019-ലെയും ബി. ജെ. പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നു പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാകുന്ന ഈ ഘട്ടത്തില്‍ അത് വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പു തന്നെ യു.സി.സി നടപ്പാക്കുമെന്ന് പ്രതീതി സൃഷ്ടിച്ച് മുന്നോട്ടുപോവുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. ഇത് രാജ്യത്ത് വലിയൊരു ധ്രുവീകരണത്തിന് കളമൊരുക്കുമെന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് അത് ഉപകരിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുമുണ്ട്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാതെ തന്നെ എല്ലാ മത വ്യക്തിനിയമങ്ങളിലും സെക്യുലര്‍ നിയമങ്ങളിലുമുള്ള പരിഷ്‌കരണങ്ങളിലൂടെ ജനാധിപത്യപരവും ലിംഗനീതിയിലധിഷ്ഠിതവുമായ നിയമനിര്‍മ്മാണം സാധ്യമാണ്.
2016 ജൂണില്‍ കേന്ദ്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ട പ്രകാരം ഇതേ കാര്യത്തിന് ലോ കമ്മീഷന്‍അഭിപ്രായം തേടുകയും 2018 ആഗസ്റ്റ് 31ന് കുടുംബ നിയമപരിഷ്‌കാരം സംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിശദമായി തന്നെ ഇന്ത്യയിലെ മതവിഭാഗങ്ങളുടെ കുടുംബനിയമങ്ങളില്‍ നിലനില്‍ക്കുന്ന അസമാനതകളെ കുറിച്ചും ലിംഗ വിവേചനങ്ങളെക്കുറിച്ചും അതില്‍ പ്രതിപാദിക്കുകയുണ്ടായി. വൈവിധ്യങ്ങളെയും ബഹുത്വങ്ങളെയും നിലനിര്‍ത്തി, ഇന്ത്യയുടെ സാമൂഹ്യ- സാംസ്‌കാരിക സാഹചര്യങ്ങളെ കണക്കിലെടുത്ത്, സാധ്യമാകുന്ന കുടുംബ നിയമപരിഷ്‌കാരങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലോ കമ്മീഷന്‍ ആ പേപ്പറില്‍ പ്രതിപാദിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യവും സമത്വത്തിനുള്ള അവകാശവും ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കണം ഏത് വ്യക്തിനിയമ പരിഷ്‌കാരവും നടത്തേണ്ടത് എന്നും മനുഷ്യാവകാശം നിഷേധിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍, ഏതു മതത്തിലായാലും അനുവദിക്കപ്പെടരുത് എന്നും അതിൽ പറയുന്നുണ്ട്. കൂടാതെ, മതസ്വാതന്ത്ര്യവും സമത്വത്തിനുള്ള അവകാശവും പരസ്പര വിരുദ്ധമാവരുത് എന്നും. ഇത്തരം അടിസ്ഥാന ആശയങ്ങൾ ഉള്‍ക്കൊള്ളുന്ന വിധമായിരിക്കണം വ്യക്തിനിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കപ്പെടേണ്ടത് എന്നും അതില്‍ അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട്.
വിശാലമായ ഗോത്രവര്‍ഗ പ്രദേശങ്ങളും വിവിധ മതസ്ഥരും ചേര്‍ന്ന സാമൂഹ്യ -സാംസ്‌കാരിക- ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള രാജ്യമാണ് നമ്മുടേത്. രാജ്യത്തിന്റെ ഈ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഭരണഘടനാ ശില്പികള്‍ നിയമങ്ങള്‍ നിര്‍മ്മിച്ചത്. ക്രിമിനല്‍ നിയമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ ബാധകമാക്കാതിരുന്നതും ആ പരിഗണന കൊണ്ടാണ്. രാജ്യത്തിന്റെ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും അനുയോജ്യമായ വിധം ചരിത്രസാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തി നിയമനിര്‍മ്മാണം നടത്തുകയായിരുന്നു അവര്‍.
ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ആദിവാസി മേഖലകള്‍ അടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടക്കം Exception- ഉം Exemption-നും ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ നിന്ന്, ഈ സങ്കീര്‍ണതകള്‍ അവര്‍ ഉള്‍ക്കൊണ്ടിരുന്നു എന്നാണ് വ്യക്തമാകുന്നത്. വിശദമായ സംവാദങ്ങള്‍ക്കുശേഷം ഏകീകൃത സിവില്‍ കോഡ് വിഷയം ആര്‍ട്ടിക്കിള്‍ 44 എന്ന നിര്‍ദ്ദേശക തത്വങ്ങളിലാണ് ഉള്‍പ്പെടുത്തിയത്. ഉടന്‍ ഒരു ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നത് അനഭിലഷണീയവും അനാവശ്യവുമായി ഭരണഘടനാ നിര്‍മ്മാതാക്കള്‍ കരുതിയിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
സംവരണം പോലുള്ള പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. പത്തുവര്‍ഷത്തിനുശേഷം സംവരണം പുനരാലോചനക്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും റിപ്പബ്ലിക്കിന്റെ 73 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംവരണ സമുദായങ്ങള്‍ക്കും ഗോത്ര- ദലിത് വിഭാഗങ്ങള്‍ക്കും ഇതര വിഭാഗങ്ങളോട് തുലനപ്പെടുത്താവുന്ന നിലയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രാതിനിധ്യം ലഭിച്ചുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് സംവരണം ഇന്നും തുടരേണ്ട നിലയാണ് ഇന്ത്യയിലുള്ളത്.
ഗോത്ര - മത വൈരങ്ങള്‍ ആളിക്കത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് നീതിയിലധിഷ്ഠിതമായ സിവില്‍ നിയമപരിഷ്‌കാരം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.
രാജ്യത്തെ ക്രിമിനല്‍ പ്രൊസീജ്യർ കോഡ്- 1973, നാഗാലാന്റിലും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ മേഖലകളിലും ബാധകമല്ല. CRPC ബാധകമല്ലാത്ത ഗിരിവര്‍ഗ പ്രദേശങ്ങള്‍ രാജ്യത്തുണ്ട്. ഭരണഘടനയുടെ 50-ാം ആര്‍ട്ടിക്കിള്‍ ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും അധികാരങ്ങളെ വേര്‍തിരിക്കുന്നുണ്ടെങ്കിലും നാഗാലാന്റില്‍ ഷില്ലോംഗ് മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് CRPC ബാധകം. മറ്റ് പ്രദേശങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ ജില്ലാ കൗണ്‍സില്‍ കോടതികളും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമാണ് കൈകാര്യം ചെയ്യുന്നത്. ഒരേ രാജ്യത്ത് ക്രിമിനല്‍ നിയമങ്ങളില്‍ പോലും വ്യത്യസ്തതകള്‍ തുടരുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. വ്യക്തിനിയമങ്ങളുടെ കാര്യത്തിലും ഈ സാഹചര്യം ബാധകമാണ്. ആദിവാസി -ഗോത്ര വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്ന് പാര്‍ലമെന്റ് സ്ഥിരം സമിതിയില്‍ ബി.ജെ.പി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. മതേതരത്വം മാത്രമല്ല സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാന തത്വത്തില്‍പ്പെട്ടതാണെങ്കിലും ഒരു നിയമം മൂലം സ്വകാര്യ സ്വത്തുടമസ്ഥത ഇല്ലാതാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ലമെന്റിന് സാധ്യമാകുമോ?
രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന തരത്തില്‍ ഗോത്ര - മത വൈരങ്ങള്‍ ആളിക്കത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് നീതിയിലധിഷ്ഠിതമായ സിവില്‍ നിയമപരിഷ്‌കാരം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.
ആര്‍ട്ടിക്കിള്‍ 44 ഏകീകൃത സിവില്‍ നിയമം ഭാവിയില്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇന്നത്തെ മൂര്‍ത്ത ഇന്ത്യന്‍ സാഹചര്യം അതിനനുയോജ്യമല്ലെന്ന് 2018- ല്‍ 21-ാം ലോ കമീഷന്‍ തന്നെ കണ്ടെത്തുകയുണ്ടായി. 185 പേജുകളിലുള്ള ആ റിപ്പോര്‍ട്ട് എല്ലാ മതവ്യക്തിനിയമങ്ങളും ലിംഗനീതിയില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഏകീകൃത സിവില്‍ കോഡിലൂടെ ലിംഗനീതിയാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് 21-ാം ലോ കമ്മീഷന്റെ ആ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഒരു ശ്രമവും നടത്താത്തത്. മതവ്യക്തിനിയമങ്ങളില്‍ മാത്രമല്ല 1954- ലെ SMA പോലുള്ള സെക്യുലർ നിയമങ്ങളിലും പരിഷകരണം വേണമെന്ന് ലോ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവാഹ പ്രായത്തില്‍, സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രായത്തിന്റെ അന്തരം ഇല്ലാതാക്കി തുല്യ പ്രായമാക്കണമെന്നും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊക്കെ തള്ളിക്കളഞ്ഞ് വീണ്ടും ഏകീകൃത സിവില്‍ കോഡ് ധൃതി പിടിച്ച് അടിച്ചേല്‍പ്പിക്കുന്നതിനെയാണ് പുരോഗമന ശക്തികള്‍ എതിര്‍ക്കുന്നത്. കഴിഞ്ഞ ലോ കമ്മീഷന്‍ചൂണ്ടിക്കാട്ടിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ 4 വര്‍ഷം കൊണ്ട് ഒരു മാറ്റവും വന്നിട്ടില്ലെന്നുമാത്രമല്ല, ന്യൂനപക്ഷ മതവിഭാഗങ്ങളും ആദിവാസി- ദലിത് വിഭാഗങ്ങളും കൂടുതല്‍ അപരവല്‍ക്കരണത്തിലേക്കും ഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എത്തിയിട്ടുമുണ്ട്.
ഭരണഘടനയുടെ 371- A മുതല്‍ 371- I വരെയുള്ള ഭാഗം, സവിശേഷ അസ്തിത്വവും സംസ്‌കാരവും തനിമയാര്‍ന്ന കസ്റ്റമറി നിയമങ്ങളുമുള്ള ആദിവാസി വിഭാഗങ്ങളുടെ കാര്യത്തില്‍നിയമനിര്‍മ്മാണം നടത്താനുള്ള പാര്‍ലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്.
ഓരോ നിയമത്തിലും വരുത്തേണ്ട ദേദഗതികള്‍ പൊതുചര്‍ച്ചക്ക് വിധേയമാക്കാനും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതികള്‍ അവതരിപ്പിച്ച്, വ്യക്തിനിയമങ്ങളിലെ ലിംഗ വിവേചനപരമായ ഭാഗങ്ങള്‍ നീക്കം ചെയ്യാനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഈ സങ്കീര്‍ണതകളും മതസ്വാതന്ത്ര്യവും ജനാധിപത്യപരമായ ആചാരസവിശേഷതകളും പരിഗണിച്ച് ഒരു ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുക എന്നത്, ഏറെ ഗൗരവതരമായ പഠനം നടത്തി, വളരെ സമയമെടുത്ത് ചെയ്യേണ്ട ദീര്‍ഘകാല പ്രക്രിയയാണ്. അതിനു സഹായകരമായ കരട് രേഖ മുന്നോട്ട് വെച്ച് വിപുലമായ സംവാദങ്ങള്‍ആരംഭിക്കുക എന്നതാണ് ഈ ഘട്ടത്തില്‍, ഈ വിഷയത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സർക്കാറും ലോ കമ്മീഷനും ചെയ്യേണ്ടത്.
21ാം ലോ കമ്മീഷന്‍ മുന്നോട്ടുവെച്ചതുപോലെ, നിലവിലുള്ള എല്ലാ വ്യക്തിനിയമങ്ങളിലെയും ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമം, സ്‌പെഷല്‍ മാര്യേജ് ആക്ട് തുടങ്ങിയ പൊതുനിയമങ്ങളിലെയും അപാകതകള്‍ പരിഹരിക്കാനുതകുന്ന നിലയില്‍ ഓരോ നിയമത്തിലും വരുത്തേണ്ട ദേദഗതികള്‍ പൊതുചര്‍ച്ചക്ക് വിധേയമാക്കാനും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതികള്‍ അവതരിപ്പിച്ച്, വ്യക്തിനിയമങ്ങളിലെ ലിംഗ വിവേചനപരമായ ഭാഗങ്ങള്‍ നീക്കം ചെയ്യാനുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരമുന്നണിയില്‍ മത നേതൃത്വങ്ങളുമുണ്ട്. ഈ മതനേതൃത്വങ്ങള്‍ സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളുടെ ഒരു ന്യായീകരണ സന്ദര്‍ഭമായി ഈ സമരത്തെ ഉപയോഗപ്പെടുത്താനും എല്ലാ പരിഷ്‌കരണശ്രമങ്ങളെയും തടയാനും ശ്രമിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍, ഏക സിവില്‍ കോഡിനെ ഇപ്പോള്‍ എതിര്‍ക്കുന്ന മതേതര, പുരോഗമന ശക്തികള്‍ക്ക് കഴിയണം. അല്ലെങ്കില്‍ പുരോഗമനവിരുദ്ധ- പിന്തിരിപ്പന്‍- പുരുഷമേധാവിത്വ മതാത്മകത ശക്തിപ്പെടുത്താൻ അതിടയാക്കും.
വ്യക്തിനിയമങ്ങളിലെ കാലഹരണപ്പെട്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങളും വിവാഹം, വിവാഹ മോചനം, ദത്ത്, കുട്ടികളുടെ കസ്റ്റഡി, ജീവനാംശം എന്നിവയുമായി ബന്ധപ്പെട്ട സ്ത്രീവിരുദ്ധ നിയമങ്ങളും പരിഷ്‌കരിക്കരിക്കാനും ട്രാന്‍സ് മനുഷ്യര്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടാനും തയ്യാറാകാതെ ഏക സിവില്‍ കോഡിനെ എതിര്‍ക്കുക മാത്രം ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷശക്തികള്‍ സ്വീകരിക്കുന്നതെങ്കില്‍ അത് ചരിത്രപരമായ മണ്ടത്തരമായിരിക്കും.
ഏക സിവില്‍ കോഡ് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണെങ്കിലും പ്രധാനമന്ത്രിയുടെ ഭോപ്പാല്‍ പ്രസംഗത്തില്‍ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കാണ് നിയമം എന്നും ഏക സിവില്‍ നിയമത്തിന്റെ എതിര്‍ പക്ഷത്ത് മുസ്ലിം സമൂഹമാണെന്നും അടിവരയിടുമ്പോള്‍, മുസ്ലിംകൾക്കൊപ്പം മതേതര വിശ്വാസികളൂം ഭയപ്പെടുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ വ്യക്തിനിയമങ്ങളിലും ഏറിയും കുറഞ്ഞും വിവേചനങ്ങളും അനീതികളുണ്ട്. ഇന്ത്യന്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കിയ ഏക സംസ്ഥാനമാണ് ഗോവ എന്ന് പറയാറുണ്ട്. 1870- ലാണ് പോര്‍ച്ചുഗീസ് സിവില്‍ കോഡില്‍ അധിഷ്ഠിതമായ ഗോവന്‍ സിവില്‍ കോഡ് വന്നത്. 25 വയസ്സായിട്ടും ഭാര്യ പ്രസവിക്കുന്നില്ലെങ്കില്‍, 30 വയസ്സായിട്ടും ഭാര്യ ഒരാണ്‍കുട്ടിയെ പ്രസവിക്കുന്നില്ലെങ്കില്‍, ഹിന്ദു പുരുഷനു മാത്രം ബഹുഭാര്യാത്വം നിയമവിധേയമാണ്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാതെ തന്നെ പരിഷ്‌കരിക്കപ്പെടേണ്ടതാണ് ഹിന്ദു സ്ത്രീകളെ ബാധിക്കുന്ന ഈ നിയമം.
1937- ലെ മുസ്ലിം വ്യക്തിനിയമം (ശരിയത്ത് ) നടപ്പിലാക്കല്‍ ആക്ട്, ക്രോഡീകരിക്കപ്പെടാത്ത ഒന്നാണ്. ഭരണഘടനാതത്വങ്ങള്‍ ക്ക്‌നിരക്കാത്തതും നീതിയുക്തമല്ലാത്തതുമായ നിരവധി വിവേചനങ്ങള്‍അവയിലുണ്ട്.
1947 ഏപ്രില്‍ 11ന് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഹിന്ദു കോഡ് ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഹിന്ദു മഹാസഭയുടെയും ഹിന്ദു ദേശീയവാദികളുടെയും യാഥാസ്ഥിതിക ഹിന്ദു മത നേതാക്കന്മാരുടെയും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. വളരെ പ്രാകൃതമായ നിയമങ്ങള്‍ പരിഷ്‌കരിച്ചത് ഹിന്ദു കോഡ് ബിൽ കൊണ്ടുവന്നിട്ടായിരുന്നു. അവയില്‍ ഇനിയും പരിഷകരണങ്ങള്‍ നടക്കേണ്ടതുണ്ട്.
1937- ലെ മുസ്ലിം വ്യക്തിനിയമം (ശരിയത്ത് ) നടപ്പിലാക്കല്‍ ആക്ട്, ക്രോഡീകരിക്കപ്പെടാത്ത ഒന്നാണ്. ഭരണഘടനാതത്വങ്ങള്‍ക്ക് നിരക്കാത്തതും നീതിയുക്തമല്ലാത്തതുമായ നിരവധി വിവേചനങ്ങള്‍അവയിലുണ്ട്. ഇന്ത്യന്‍ മുസ്ലിം വ്യക്തിനിയമം- ശരിയത്ത് അപ്ലിക്കേഷന്‍ ആക്ട്: 1937- പരിഷ്‌കരിക്കുകയാണ് വേണ്ടത്. 1939-ല്‍ പാസാക്കിയ ഡിസല്യൂഷന്‍ ഓഫ് ദ മുസ്ലിം മാരേജ് ആക്ട്, 1986- ല്‍ പാസാക്കിയ മുസ്ലിം വിമെന്‍ (പ്രൊട്ടക്ഷന്‍ഓഫ് റെറ്റ് ഓണ്‍ ഡൈവോഴ്‌സ്) ആക്ട് എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്ലിം വ്യക്തിനിയമം ക്രോഡീകരിക്കപ്പെടാത്ത നിലയില്‍ തന്നെയാണ് തുടരുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ലിംഗസമത്വം, നീതി തുടങ്ങിയ തത്വങ്ങളും ഉള്‍ക്കൊള്ളും വിധവും, 1993-ൽ ഇന്ത്യ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങൾ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള 1979-ലെ ഐക്യരാഷ്ട്ര പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലും സ്ത്രീകള്‍ക്കും ഇതര ലിംഗവിഭാഗങ്ങള്‍ക്കും നിയമത്തിന്റെ മുന്നില്‍ സമത്വം ഉറപ്പാക്കുന്ന വിധത്തിലും മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണവും ക്രോഡീകരണവും നടക്കണം.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാതെ തന്നെ എല്ലാ മത വ്യക്തിനിയമങ്ങളിലും സെക്യുലര്‍ നിയമങ്ങളിലുമുള്ള പരിഷ്‌കരണങ്ങളിലൂടെ ജനാധിപത്യപരവും ലിംഗനീതിയിലധിഷ്ഠിതവുമായ നിയമനിര്‍മ്മാണം സാധ്യമാണെന്നിരിക്കെ, രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീതിയിലും ആശങ്കയിലും നിര്‍ത്തി ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ മതേതരാന്തരീക്ഷമല്ല ഇന്ന് രാജ്യത്തുള്ളത്.