1969ൽ സ്റ്റോൺവാളിലുണ്ടായ പൊലീസ് റെയ്ഡിനു പിന്നാലെ പ്രതിഷേധക്കാർ തെരുവുകൾ കയ്യടക്കിയപ്പോൾ./ Photo:Public Domain Dedication

ജൂൺ, ക്വിയർ മനുഷ്യരുടെ മാസം
ഓർക്കാം, സ്റ്റോൺവാൾ വിമോചന സമര പാഠങ്ങളെ

ഇന്ത്യയിൽ, ക്വിയർ മുന്നേറ്റങ്ങളുടെ ഭാവി ഹിന്ദുത്വത്തോടും മുതലാളിത്തത്തോടും എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഹിന്ദുത്വത്തിന്റെ നുഴഞ്ഞുകയറ്റങ്ങളോട് നിരന്തരം കലഹിക്കുന്ന ദളിത്-മുസ്‌ലിം-ഡിസേബിൾഡ് ക്വിയർ മനുഷ്യരാണ് ഇനി ക്വിയർ രാഷ്ട്രീയത്തിന്റെ ഗതിയെ നിയന്ത്രിക്കുക

ആദി

When we speak we are afraid our words will not be heard or welcomed.But when we are silent, we are still afraid.So it is better to speak- Audre Lorde

ജൂൺ മഴക്കാല മാസമാണ്. ലോകമാകെയുള്ള ക്വിയർ മനുഷ്യർക്കാകട്ടെ ഈ മാസം മഴവിൽ നിറങ്ങളുടേതാണ്, പ്രൈഡ് പരേഡുകളുടേതാണ്. കേരളത്തിലാകട്ടെ ക്വിയർ പ്രൈഡ് ആഘോഷങ്ങൾ ആഗസ്റ്റിലേക്ക് നീളും. മഴക്കാലമൊന്ന് കെട്ടടങ്ങിയ ശേഷമാണ് കേരളം ശരീരത്തിന്റെ വൈവിധ്യങ്ങളെ സ്വാഭിമാനം കൊണ്ടാടുന്നത്. കോവിഡ് മഹാമാരിയുടെ പുതിയ സാഹചര്യത്തിൽ ക്വിയർ പ്രൈഡുകളും മറ്റു പരിപാടികളും ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. കേരളത്തിലെ ക്വിയർ സംഘടനകളും കോളേജ് യൂണിയനുകളും ഇതിനകം ക്വിയർ മനുഷ്യരോട് ഐക്യപ്പെട്ട് പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ തരംഗമായ ക്ലബ്ബ് ഹൗസിലും ദിവസവും ക്വിയർ വിഷയത്തെ ചുറ്റിപ്പറ്റി സജീവ ചർച്ചകളുണ്ടാകുന്നുണ്ടെന്നത് മാറ്റത്തിന്റെ സൂചനയാണ്.

ഇരുപതാംനൂറ്റാണ്ടുകളിൽ ശരീരത്തെയും ലൈംഗികതയെയും മുൻനിർത്തിയുണ്ടായ ശക്തമായ സംവാദങ്ങൾ "വിമത'മെന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയർത്തി.

യൂറോപ്യൻ ആധുനികതയോടെ ആൺ- പെൺ ദ്വന്ദ്വങ്ങളിലേക്ക് പരിമിതപ്പെടുത്തിയ ശരീരങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ക്വിയർ രാഷ്ട്രീയം ഉയർത്തുന്നത്. ശരീരത്തിന്റെ വൈവിധ്യങ്ങളെയാണ് LGBTIAPQ+ ലെ ഓരോ അക്ഷരങ്ങളും സൂചിപ്പിക്കുന്നത് (L= ലെസ്ബിയൻ, G= ഗേ, B= ബൈസെക്ഷ്വൽ, T= ട്രാൻസ്‌ജെൻഡർ, I= ഇന്റർസെക്സ്, A= അസെക്ഷ്വൽ, P= പാൻസെക്ഷ്വൽ, Q= ക്വിയർ). LGBTIAPQ+ സ്‌പെക്ട്രം നിരന്തരം നീട്ടിവെയ്ക്കപ്പെടുന്നതാണ്. ഇതിനാൽ "+'എന്നത് ഇനിയും സാമൂഹിക ദൃശ്യത നേടാത്ത ഭിന്നവർഗലൈംഗികേതരമായ കാമനകളെയും ലിംഗപദവികളെയുമാണ് പ്രതിനിധീകരിക്കുന്നത്.
ഒരു വ്യക്തിയുടെ ജനന സമയത്തുള്ള ലൈംഗികാവയവങ്ങളും ക്രോമസോം പാറ്റേണും നോക്കിയാണ് ശാരീരിക ലിംഗസ്വഭാവം (Sex)* നിർണയിക്കുന്നത്. ഉദാഹരണമായി, ജനിച്ചുവീഴുന്ന ശിശുവിന്റെ ലൈംഗികാവയവങ്ങളെ മുൻനിർത്തി ആൺ/പെൺ/മിശ്രലിംഗം (Intersex) എന്ന് ശരീരങ്ങളെ തരംതിരിക്കാം.

2015ലെ സ്റ്റോക്ക്‌ഹോം പ്രൈഡിൽ നിന്ന്‌ / Photo: Jonatan Svensson Glad, flickr
2015ലെ സ്റ്റോക്ക്‌ഹോം പ്രൈഡിൽ നിന്ന്‌ / Photo: Jonatan Svensson Glad, flickr

മിശ്രലിംഗം ( Intersex ): ആന്തരികമായോ ബാഹ്യമായോ ഒരു വ്യക്തിയിൽ ആണിന്റേതെന്നും പെണ്ണിന്റേതെന്നും പറയപ്പെടുന്ന ലൈംഗികാവയവങ്ങൾ പൂർണമായോ ഭാഗികമായോ കാണപ്പെടുന്നതും xx, xy സെക്സ് ക്രോമസോമുകൾക്ക് പകരം മറ്റു ക്രോമസോം പാറ്റേണുകളുണ്ടാകുന്നതും ഇന്റർസെക്സ് അവസ്ഥയാണ്.
ലിംഗപദവി/ലിംഗത്വം/ലിംഗഭേദം/സാംസ്‌കാരിക ലിംഗസ്വഭാവം ( Gender) എന്നിവ ഒരു വ്യക്തിയുടെ സ്വയം തിരിച്ചറിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രാൻസ്‌ജെന്റർ (Transgender), ജെന്റർ ക്വിയർ (Gender queer), അജെന്റർ (Agender) തുടങ്ങിയ അവസ്ഥകൾ സാംസ്‌ക്കാരിക ലിംഗസ്വഭാവത്തിനുള്ളിൽ വരുന്നു.

ട്രാൻസ്‌ജെൻഡർ: "ട്രാൻസ്‌ജെൻഡർ' ജെൻഡർ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പൊതുസൂചകമായി ഉപയോഗിക്കാറുണ്ട്. ജനനസമയത്ത് നിർണയിക്കപ്പെട്ട ലിംഗസ്വഭാവത്തിനനുസരിച്ച് ജീവിക്കാൻ വിസമ്മതിക്കുന്ന വ്യക്തികളാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളത്.
i ) ട്രാൻസ് സ്ത്രീ ( Male to Female ): പുരുഷന്റേതെന്ന് പറയപ്പെടുന്ന ലൈംഗികാവയവങ്ങളോടെ ജനിക്കുകയും സ്വയം സ്ത്രീയായി തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് സ്ത്രീകൾ.
ii ) ട്രാൻസ് പുരുഷൻ ( Female to Male ): സ്ത്രീയുടേതെന്ന് പറയപ്പെടുന്ന ലൈംഗികാവയവങ്ങളോടെ ജനിക്കുകയും സ്വയം പുരുഷനായി തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് പുരുഷന്മാർ.

ജെന്റർ ക്വിയർ: ജെന്ററിനെ സംബന്ധിച്ച അനിശ്ചിതമായ ഒരവസ്ഥയാണിത്. ആണിന്റേതെന്നും പെണ്ണിന്റേതെന്നും പറയപ്പെടുന്ന ജെന്റർ സവിശേഷതകൾക്ക് ഒരുപോലെ വഴക്കമുള്ള ശരീരങ്ങളാണ് ജെന്റർ ക്വിയർ വ്യക്തികളുടേത്.

അജെന്റർ: ലിംഗഭേദങ്ങളിലൊന്നും താല്പര്യമില്ലാത്ത വ്യക്തികളാണ് ഇക്കൂട്ടർ.

ഒരു വ്യക്തിയുടെ ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വവർഗ ലൈംഗികത (Homosexuality), ഭിന്നവർഗ ലൈംഗികത (Heterosexuality), സകല വർഗ ലൈംഗികത (Pansexuality) എന്ന് ലൈംഗികതയെ പിരിച്ചെഴുതാം. ദ്രവസ്വഭാവമുള്ള ഒന്നായാണ് ക്വിയർ ചിന്തകർ ലൈംഗികതയെ പൊതുവേ സങ്കൽപ്പിച്ചിരിക്കുന്നത്.

സ്വവർഗ ലൈംഗികത: ഒരേ ലിംഗതന്മയുള്ളവർ തമ്മിലുള്ള ലൈംഗികാഭിമുഖ്യമാണ് സ്വവർഗ ലൈംഗികത. സ്ത്രീയ്ക്ക് സ്ത്രീയോടും, പുരുഷന് പുരുഷനോടും, ട്രാൻസ് പുരുഷന് സിസ്-പുരുഷനോടുമൊക്കെ തോന്നുന്ന ആകർഷണമാണിത്.
ദ്വിവർഗ ലൈംഗികത ( Bisexuality): സ്വന്തം ലിംഗതന്മയിലുള്ള വ്യക്തിയോടും മറ്റൊരു ലിംഗതന്മയിലുള്ള വ്യക്തിയോടുമുള്ള ലൈംഗികമായ/വൈകാരികമായ ആകർഷണം.

സകലവർഗ ലൈംഗികത: ലിംഗഭേദമന്യേ എല്ലാവരോടും ആകർഷണം തോന്നുന്ന അവസ്ഥ.

സൈദ്ധാന്തികമായ നിലയിൽ Queer-നെ പ്രയോഗിക്കുന്നത് തെരേസ ഡി ലോറിറ്റസാണ്. "അധികാര വ്യവസ്ഥകൾക്ക് പുറമെ നിൽക്കുന്നത്' എന്ന അർത്ഥത്തിലാണ് ലോറിറ്റസ് ഈ പദം ഉപയോഗിക്കുന്നത്.

ഭിന്നവർഗ ലൈംഗികത: ഒരു ലിംഗതന്മയിലുള്ള വ്യക്തിക്ക് എതിർ ലിംഗതന്മയിലുള്ള വ്യക്തിയോടുള്ള ലൈംഗികമായ/വൈകാരികമായ ആകർഷണം. ഭിന്നവർഗ ലൈംഗികതയെയാണ് സമൂഹം പ്രകൃതിസഹജവും സ്വാഭാവികവുമായ ലൈംഗികതയായി തിരിച്ചറിയുന്നത്.

LGBTIAPQ+ എന്ന ചുരുക്കെഴുത്ത് പരമാവധി വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിൽക്കാലത്ത് "ക്വിയർ' എന്ന സൂചകമാണ് ഈ അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. ക്വിയറിന്റെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകളെ സാമാന്യമായി രണ്ട് ഘട്ടങ്ങളായി തരംതിരിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടെങ്കിലും 1990-കളോടെയാണ് വിപുലമായ അർത്ഥ സൂചനകൾ ഈ പദത്തിന് കൈവരുന്നത്.

തെരേസ ഡി ലോറിറ്റസ്
തെരേസ ഡി ലോറിറ്റസ്

സ്വവർഗാനുരാഗികളെ കുറിക്കുന്ന അധിക്ഷേപ സ്വഭാവമുള്ള ഒരു പ്രയോഗമെന്ന മട്ടിലുള്ള നിലനില്പാണ് ആദ്യ ഘട്ടത്തിലേത്. ഇരുപതാംനൂറ്റാണ്ടുകളിൽ ശരീരത്തെയും ലൈംഗികതയെയും മുൻനിർത്തിയുണ്ടായ ശക്തമായ സംവാദങ്ങൾ "വിമത'മെന്ന പദത്തിന്റെ രാഷ്ട്രീയ മൂല്യം ഉയർത്തി.

സൈദ്ധാന്തികമായ നിലയിൽ Queer-നെ പ്രയോഗിക്കുന്നത് തെരേസ ഡി ലോറിറ്റസാണ്. "അധികാര വ്യവസ്ഥകൾക്ക് പുറമെ നിൽക്കുന്നത്' എന്ന അർത്ഥത്തിലാണ് ലോറിറ്റസ് ഈ പദം ഉപയോഗിക്കുന്നത്. വിമതമെന്ന പദത്തിൽ ഒരനിശ്ചിതത്വം അവശേഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് Bodies that Matters: Discursive Limits of Sex എന്ന പുസ്തകത്തിൽ ജൂഡിത് ബട്‌ലർ എഴുതുന്നുണ്ട്. വിമതമെന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒന്നിനെയും ആ വാക്കിനാൽ മുഴുവനായും വിശദീകരിക്കാൻ ശ്രമിക്കരുതെന്നാണ് ബട്‌ലറുടെ വാദം (1993:225-228).

സ്റ്റോൺവാൾ വിമോചന സമരം; ചരിത്രവും വർത്തമാനവും

അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വ്യാജേന ന്യൂയോർക്കിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിൽ 1969 ജൂൺ 28നുനടന്ന പൊലീസ് റെയ്ഡും, ഇതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് അമേരിക്കൻ ക്വിയർ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായിത്തീരുന്നത്. യൂറോപ്പിലാകെ, രണ്ടാംലോക മഹായുദ്ധാനന്തരം വിമത ശരീരങ്ങളുടെ കൂടിച്ചേരലുകളെ കർശനമായി നിയന്ത്രിക്കാനെന്നോണം സാമൂഹിക സ്ഥലങ്ങളിലും മറ്റും പൊലീസ് റെയ്ഡുകൾ സാധാരണമായിരുന്നു. രഹസ്യ സ്വഭാവമുള്ളതിനാൽ തന്നെ പലപ്പോഴും വിമത ശരീരങ്ങളുടെ കൂടിച്ചേരലുകൾ നിശ്ചിത സ്ഥലങ്ങളിലേക്ക് (ബാറുകൾ, ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട ഇടങ്ങൾ...) പരിമിതപ്പെട്ടിരുന്നു. ഇത് പൊലീസുകാർക്ക് ക്വിയർ മനുഷ്യർക്കുമേൽ നിരന്തരം അതിക്രമങ്ങളഴിച്ചുവിടാൻ സൗകര്യമൊരുക്കി. സ്റ്റോൺ വാളിലും ന്യൂയോർക്കിലെ മറ്റ് ബാറുകളിലും പൊലീസ് റെയ്ഡുകൾ പതിവായിരുന്നു.

റെയ്ഡിനെത്തിയ പൊലീസുമായി സ്‌റ്റോൺവാൾ ഇൻ എന്ന ഗേ ബാറിനു പുറത്ത് എതിരിടുന്ന കുട്ടികൾ. 1969 ജൂൺ 29ന് ദ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഫോട്ടോ.
റെയ്ഡിനെത്തിയ പൊലീസുമായി സ്‌റ്റോൺവാൾ ഇൻ എന്ന ഗേ ബാറിനു പുറത്ത് എതിരിടുന്ന കുട്ടികൾ. 1969 ജൂൺ 29ന് ദ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഫോട്ടോ.

ന്യൂയോർക്കിലെ ഗ്രീൻ വിച്ച് വില്ലേജിലാണ് സ്റ്റോൺവാൾ ഇൻ ബാർ. സംഭവ ദിവസം, പൊലീസുകാർ ബാറിൽ പരിശോധനക്കെത്തുകയും ക്വിയർ മനുഷ്യർ ശക്തമായി ഏറ്റുമുട്ടുകയുമാണുണ്ടായത്. മാർഷാ പി ജോൺസൺ, സിൽവിയ റിവേറെ തുടങ്ങിയ പേരുകൾ സ്റ്റോൺവാൾ വിമോചന സമരചരിത്രത്തിൽ ഉയർന്നുകേൾക്കേണ്ടതുണ്ട്. ഒരു(പാട്) കറുത്ത ബൈസെക്ഷ്വലും ലൈംഗികതൊഴിലാളിയുമായ ട്രാൻസ് സ്ത്രീയുടെ പ്രതിഷേധമാണ് ഈ സമരത്തിന്റെ കേന്ദ്രമെന്നത് കരെൻസ് കോളിന്റെ വരികളിലുണ്ട്:
​""Pride exists because of a woman. Pride exists because of a black woman. Pride exists because of a black trans woman. Pride exists because of a black trans woman who was a sex worker. Pride exists because of a black, bisexual trans woman who was a sex worker that threw a brick at a cop. Pride exists because of a black, bisexual trans woman, who was a sex worker, that threw a brick at a cop and started a riot against the state. Don't lose this month in rainbow capitalism and unabashed racism because of the privilege of being white while queer. If you aren't supporting queer people of color, trans women, and queer sex workers, you aren't celebrating pride, you are celebrating rainbow capitalism and police brutality. Her name was Marsha P. Johnson'.

​ട്രംപിന് വോട്ടുചെയ്ത ക്വിയർ മനുഷ്യരുടെ ശതമാനം 2016 ൽ നിന്ന് ഇരട്ടിയായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അതായത് 14 ശതമാനത്തിൽ നിന്ന് 28 ശതമാനമായി.

അമേരിക്കൻ സാഹചര്യത്തിൽ ക്വിയർ മനുഷ്യരുടെ സമരങ്ങളേറെ മുന്നോട്ടുപോയി, മുതലാളിത്തത്തോടും വെളുത്ത വംശീയതയോടും കൈകോർക്കുന്ന ഘട്ടത്തിലേക്കെത്തി നിൽക്കുമ്പോൾ, കറുത്ത ക്വിയർ മനുഷ്യരേറ്റു വാങ്ങിയ തല്ലുകളുടെയും ഭരണകൂടത്തിനെതിരെ എറിഞ്ഞ കല്ലുകളുടെയും കൂടി ചരിത്രമാണ് ഒറ്റുകൊടുക്കപ്പെടുന്നതെന്ന് വ്യക്തമാണ്.
2020 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്റ്റംബറിൽ ഗേ സോഷ്യൽ നെറ്റ് വർക്ക് ഹോർനെറ്റ് അതിന്റെ 10,000 ഉപയോക്താക്കളുടെ ഒരു സർവേഫലം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 45% സ്വവർഗാനുരാഗികളും ട്രംപിന് വോട്ടുചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ട്രംപിന് വോട്ടുചെയ്ത ക്വിയർ മനുഷ്യരുടെ ശതമാനം 2016 ൽ നിന്ന് ഇരട്ടിയായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. അതായത് 14 ശതമാനത്തിൽ നിന്ന് 28 ശതമാനമായി. ജോർജിയയിലാകട്ടെ ഈ സംഖ്യ 33% ആണ്. ഇത് അമേരിക്കയിലെ ക്വിയർ മുന്നേറ്റങ്ങളെ എപ്രകാരമാണ് "വെളുത്ത'ക്വിയർ മനുഷ്യർ, പാടെ ഒറ്റിക്കൊടുക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ""ഇതുകൊണ്ടാണ് വെളുത്ത ക്വിയർ വ്യക്തികളെ കറുത്ത ക്വിയർ മനുഷ്യർ അവിശ്വസിക്കുന്നതെന്ന്''ന്യൂയോർക്ക് ടൈംസിലെ ജേണലിസ്റ്റ് ചാൾസ് എം.ബ്ലോ ട്വീറ്റ് ചെയ്തത്.

കാർണിവലീകരണങ്ങളുടെ (കേരള) ക്വിയർ പ്രൈഡ്

ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് മറ്റൊരു വിധത്തിലായിരുന്നു. ഇവിടെ ഐ.പി.സി 377-ാം വകുപ്പിനെ ചുറ്റിപ്പറ്റിയുള്ള നിയമ പോരാട്ടങ്ങളായാണ് ക്വിയർ രാഷ്ട്രീയം ആദ്യ പകുതികൾ പിന്നിട്ടത്. ലൈംഗികതൊഴിലാളികൾക്കും ട്രാൻസ് സ്ത്രീകൾക്കും എം.എസ്.എം ഗ്രൂപ്പുകൾക്കും ഇടയിൽ എയ്ഡ്സ് വ്യാപനത്തിന്റെ സന്ദർഭത്തിൽ രൂപപ്പെട്ട ചെറിയ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ക്വിയർ മനുഷ്യരെ സംഘടിതാവബോധത്തിലേക്കുയർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.

2018ൽ തൃശൂരിൽ നടന്ന ക്വിയർ പ്രൈഡ് പരേഡ്‌
2018ൽ തൃശൂരിൽ നടന്ന ക്വിയർ പ്രൈഡ് പരേഡ്‌

2009 ജൂലായ് രണ്ടിനാണ് ആദ്യമായി ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാ ഐ.പി.സി 377 ഭാഗികമായി റദ്ദാക്കി വിധി പുറപ്പെടുവിപ്പിച്ചത്. 2010 ജൂലൈയിൽ ഈ ചരിത്രവിധിയുടെ വാർഷികമെന്ന നിലയിൽ കേരളവും ക്വിയർ പ്രൈഡ് ആഘോഷിച്ചു. ഈ ആഘോഷങ്ങളേറെയൊന്നും നീണ്ടുനിൽക്കുന്നതായിരുന്നില്ല. ഈ വിധിയെ 2013 ഡിസംബർ 11 ന് സുരേഷ് കുമാർ വേഴ്സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ സുപ്രീംകോടതി വിധി അട്ടിമറിച്ചു. ശിക്ഷാനിയമത്തിലെ വകുപ്പുകൾ വെട്ടിക്കളയുകയും കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടത് കോടതിയല്ല, പാർലമെന്റാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങളുണ്ടായി. പിന്നീട്, വീണ്ടും 2018-ലാണ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് സ്വവർഗ ലൈംഗികതയെ കുറ്റകരമല്ലാതാക്കുന്നത്.

ദളിത് ക്വിയർ, മുസ്‌ലിം ക്വയർ തുടങ്ങിയ സ്വത്വപ്രഖ്യാപനങ്ങൾ വലിയ തോതിൽ ക്വിയർ മുന്നേറ്റങ്ങളെ പുതുക്കിപ്പണിയാൻ സഹായിച്ചിട്ടുണ്ട്.

പത്തുവർഷത്തെയെങ്കിലും ചരിത്രമാണ് ക്വിയർ പ്രൈഡുകൾക്ക് ഇന്ത്യയിലുള്ളത്. പൊതുവേ, ഒരു കാർണിവലിന്റെ സ്വഭാവമാണ് ക്വിയർ പ്രൈഡുകൾ സൂക്ഷിക്കുന്നത്. അവിടെ പലതരം വ്യക്തികൾ ഒരുമിച്ചുകൂടുന്നു. ആരെയും ക്വിയർ പ്രൈഡ് മാറ്റിനിർത്തുന്നേയില്ല. പരസ്പരം ഇണങ്ങുന്നതും ഇടയുന്നതുമായ പലവിധം രാഷ്ട്രീയ മുദ്രാവാക്യങ്ങളും പതാകകളും ക്വിയർ പ്രൈഡ് മാർച്ചുകളിൽ ഉയരാറുണ്ട്. ഹിന്ദുത്വയ്‌ക്കെതിരെയും ജാതീയതയ്‌ക്കെതിരെയുമുള്ള പ്ലക്കാർഡുകൾ കേരള പ്രൈഡിൽ സാധാരണമാണ്. അയ്യങ്കാളിയും അംബേദ്കറും ക്വിയർ പ്രൈഡിലെ മുഖങ്ങളാകാറുമുണ്ട്. ഏതൊരാൾക്കും പ്രൈഡ് മാർച്ചിൽ പങ്കാളിയാകാം, സ്വന്തം രാഷ്ട്രീയം സംസാരിക്കാം, നൃത്തം ചെയ്യാം, ഇഷ്ടമുള്ള കുപ്പായങ്ങളുടുക്കാം. സാധ്യതകളുടെ ലോകമാണത്.

2019-ൽ കേരളം പത്താമത്തെ ക്വിയർ പ്രൈഡ് പരേഡ് ആഘോഷിച്ചു. എറണാകുളമായിരുന്നു പ്രൈഡ് വേദി. ഈ പത്തുവർഷങ്ങളിൽ കേരള ക്വിയർ പ്രൈഡിന്റെ സ്വഭാവത്തിലും ഉള്ളടക്കത്തിലും സാരമായ മാറ്റങ്ങളുണ്ടായി. ആഘോഷപരതയിൽ നിന്ന് അക്കാദമിക്കായ സെമിനാറുകളും രാഷ്ട്രീയ-സാഹിത്യ ചർച്ചകളിലേക്കുമുള്ള മാറ്റമാണ് ഇതിൽ പ്രധാനം. ഇതിനോടൊപ്പം ക്വിയർ മുന്നേറ്റങ്ങൾക്കുള്ളിൽ ആഭ്യന്തരമായ ചില രാഷ്ട്രീയ ഉണർവുകളുമുണ്ടാകുന്നുണ്ട്. ജാതി, മുസ്‌ലിം, ഡിസെബിലിറ്റി തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന തരം ഒരു ഇന്റർസെക്ഷണൽ ധാരയുടെ രൂപപ്പെടൽ ഇതിന്റെ ഭാഗമാണ്. ദളിത് ക്വിയർ, മുസ്‌ലിം ക്വയർ തുടങ്ങിയ സ്വത്വപ്രഖ്യാപനങ്ങൾ വലിയ തോതിൽ ക്വിയർ മുന്നേറ്റങ്ങളെ പുതുക്കിപ്പണിയാൻ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ക്വിയർ മനുഷ്യർ അവഗണിക്കാൻ കഴിയാത്ത ഒരു സംഘടിത വിഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യതയെ രൂപപ്പെടുത്തുന്നതിൽ ക്വിയർ പ്രൈഡുകൾക്കുള്ള പങ്കേറെയാണ്. / Photo: Kandukuru Nagarjun, flickr
കഴിഞ്ഞ വർഷങ്ങളിൽ ക്വിയർ മനുഷ്യർ അവഗണിക്കാൻ കഴിയാത്ത ഒരു സംഘടിത വിഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യതയെ രൂപപ്പെടുത്തുന്നതിൽ ക്വിയർ പ്രൈഡുകൾക്കുള്ള പങ്കേറെയാണ്. / Photo: Kandukuru Nagarjun, flickr

ജാതിയെ അഭിസംബോധന ചെയ്യാതെ മുന്നോട്ടുപോവുക സാധ്യമല്ലെന്ന തിരിച്ചറിവ് ഒരു പരിധി വരെ ക്വിയർ മുന്നേറ്റങ്ങൾക്കുള്ളിലുണ്ടാകുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിൽ ഹിന്ദുത്വം ക്വിയർ മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യുന്നതിനോടുള്ള ശക്തമായ വിമർശനങ്ങൾ പുതിയ ഇന്റർസെക്ഷണൽ ധാരണകൾ മുന്നോട്ടുയർത്തുന്നുമുണ്ട്. ആദ്യഘട്ടങ്ങളിൽ മാധ്യമങ്ങൾ തെറ്റായ വിധത്തിലാണ് ക്വിയർ പ്രൈഡിനെ അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ക്വിയർ മനുഷ്യർ അവഗണിക്കാൻ കഴിയാത്ത ഒരു സംഘടിത വിഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യതയെ രൂപപ്പെടുത്തുന്നതിൽ ക്വിയർ പ്രൈഡുകൾക്കുള്ള പങ്കേറെയാണ്. 2010 ൽ ആദ്യ ക്വിയർ ആദ്യ പ്രൈഡ് നടക്കുമ്പോൾ മുഖംമൂടി ധരിച്ചാണ് പലരും പങ്കെടുത്തിരുന്നത്. 2019ലെ ക്വിയർ പ്രൈഡ് എറണാകുളത്ത് നടക്കുമ്പോൾ ഒരാൾ പോലും മുഖംമൂടി ധരിച്ചിട്ടില്ലായിരുന്നു.

ഇന്ത്യയിൽ, ക്വിയർ മുന്നേറ്റങ്ങളുടെ ഭാവി ഹിന്ദുത്വത്തോടും മുതലാളിത്തത്തോടും എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഹിന്ദുത്വത്തിന്റെ നുഴഞ്ഞുകയറ്റങ്ങളോട് നിരന്തരം കലഹിക്കുന്ന ദളിത്-മുസ്‌ലിം-ഡിസേബിൾഡ് ക്വിയർ മനുഷ്യരാണ് ഇനി ക്വിയർ രാഷ്ട്രീയത്തിന്റെ ഗതിയെ നിയന്ത്രിക്കുകയെന്നതിൽ സംശയമേതുമില്ല.

*ശാരീരിക ലിംഗസ്വഭാവം, സാംസ്‌കാരിക ലിംഗസ്വഭാവം എന്ന വാക്കുകൾക്ക്
ജെ. ദേവികയോട് കടപ്പാട്.▮

References: Don Romesburg 2018 : The Routledge History Of Queer America, Newyork, Routledge. Judith Butler 1993 : Bodies that Matters: Discursive Limits of Sex, Newyork, Routledge.


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments