രണ്ടു ദിവസം മൂത്രം ഒഴിക്കാതെയാണ് ഞാൻ ക്ലാസെടുത്തത്​; കൊടും വിവേചനത്തെക്കുറിച്ച്​ ഒരു ക്വിയർ വിദ്യാർഥി തുറന്നെഴുതുന്നു

ഞാനെന്റെ ഏറ്റവും ബേസിക്കായ അവകാശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അതിനിയും തുടരും. ഈ ധാർഷ്ട്യത്തിനുമുന്നിൽ കുമ്പിട്ട്, ഓച്ഛാനിച്ചും, താഴ്​ന്നും നിൽക്കണ്ട ഗതികേട് എനിക്കില്ല. ആ കാലമൊക്കെ കഴിഞ്ഞു. എല്ലാവിധ യോഗ്യതകളോടും കൂടിയാണ് ഗവ. കോളജിൽ ഒരു സീറ്റ് ഞാൻ നേടിയെടുത്തിട്ടുള്ളത്, അത് എന്നെപ്പോലെ ഒരു വിദ്യാർഥിയെ സംബന്ധിച്ച്​ ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ഇവരാരും പറയുന്ന പഴിയും തെറിയും വാ കെട്ടി കേൾക്കേണ്ട ബാധ്യത എനിക്കില്ല. സാധ്യമായ വിധത്തിലെല്ലാം നീതി തേടാൻ ശ്രമിക്കും. കേരളം മാറിയെന്ന്, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ ഇൻക്ലൂസീവാണെന്ന് ആഘോഷിക്കുമ്പോൾ ഞാൻ നേരിടുന്ന അനീതികൾ ലോകം അറിയേണ്ടതുണ്ട്, ചർച്ചയാകേണ്ടതുണ്ട്.

ആദി

ന്റെ ജനനം തന്നെയാണ് എനിക്കുസംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയിൽ നിന്ന്​ മോചനം നേടാൻ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടി മാത്രമാണ് ഞാൻ. ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാൻ ദുഃഖിതനുമല്ല. ഞാൻ വെറും ശൂന്യമാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠയില്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.”

രോഹിത് വെമുലയുടെ മരണക്കുറിപ്പിലെ വരികളാണിത്. 2016 ജനുവരി 17-നാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകനായ രോഹിത് ആത്മഹത്യ ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ എപ്രകാരമാണ് ജാതി പ്രവർത്തിക്കുന്നതെന്ന ചർച്ചകളിലേക്ക് രോഹിതിന്റെ ആത്മഹത്യ നയിച്ചു. രോഹിത്തിനുശേഷവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പല വിദ്യാർഥികൾക്കും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. അറിവ് എങ്ങനെയാണ് അധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്നതിനെ പറ്റിയുള്ള ചിത്രം ഈ മരണങ്ങളെല്ലാം നൽകുന്നുണ്ട്. ഏതുതരം മനുഷ്യർക്കാണ് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്? പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് നമുക്ക് എളുപ്പം ഉത്തരം കണ്ടെത്താനായേക്കും.

ക്ലാസിൽ അധ്യാപകർ പറഞ്ഞ അശ്ലീലങ്ങൾ

നിരന്തരമായ വിവേചനങ്ങളുടെ ഭാഗമായി കോഴിക്കോ​ട്ടെ ഒരു കോളജിൽ ഡിഗ്രി പഠിച്ചിരുന്ന ട്രാൻസ്‌മെന്നായ എന്റെ സുഹൃത്ത് ഈയിടെയാണ് ‘ഡ്രോപ്പ് ഔട്ട്’ ചെയ്തത്. ഇതിനെ ‘ഡ്രോപ്പ് ഔട്ട്’/‘കൊഴിഞ്ഞുപോക്ക്’ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ വളരെ വേഗം കൈകഴുകി രക്ഷപ്പെടാൻ നമ്മുക്ക് എളുപ്പമുണ്ട്. ഈ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങളെന്തെന്ന് നമുക്ക് ഒരു തരത്തിലും ചർച്ചയാക്കേണ്ടതില്ല. പ്ലസ് വണ്ണിൽ വെച്ച് പഠനം നിർത്തേണ്ടിവന്ന മനുവെന്ന വിദ്യാർഥിയെ പറ്റി ഒരു ഘട്ടത്തിൽ ദിനു എഴുതുന്നുണ്ട്: വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിലെ കാക്കത്തോട് എന്ന ഊരിലാണ് മനൂന്റെ വീട്. മഴക്കാലമായാൽ വെള്ളം കയറി അവന്റെ ഊരു മുഴുവൻ വെള്ളത്തിനടിയിലാവും. ഈ സമയത്ത് ടെന്റു കെട്ടിയോ സമീപത്തുള്ള എൽ.പി. സ്കൂളിലോ ആയിട്ടാണ് ഇരുന്നൂറോളം വരുന്ന ജനതയെ മാറ്റി പാർപ്പിക്കുന്നത്. വനമേഖലയായതിനാൽ കുത്തനെ ഉള്ള വെള്ളപാച്ചിലായിരുന്നു കഴിഞ്ഞ വർഷം ഊരിലുണ്ടായത്. ബാഗും പാഠപുസ്തകങ്ങളും ഒലിച്ചുപോയി. മനുവിന്റെ കൂട്ടുകാരനായ മറ്റൊരു കുട്ടി വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് സ്‌കൂളിൽ ചെന്നപ്പോൾ ഹോം വർക്ക് ചെയ്തത് എവിടെയെന്നായ് ടീച്ചർ. പുസ്തകങ്ങളെല്ലാം ഒലിച്ചുപോയെന്ന് പറഞ്ഞപ്പോൾ അവൻ മടി കാരണം കള്ളം പറയുകയാണെന്ന് പറഞ്ഞ് ടീച്ചർ ക്ലാസ് മുറിയിലിട്ട് അപമാനിച്ചു, തല്ലി. അവന്റെ കൂട്ടുകാരൻ ഒലിച്ചുപോയെന്ന് പറഞ്ഞപ്പോൾ ക്ലാസിൽ ടീച്ചറുടെ നേതൃത്വത്തിൽ കൂട്ടച്ചിരിയായിരുന്നു. ശേഷം ക്ലാസിൽനിന്ന് അവനെ പുറത്താക്കുകയും ചെയ്തു. മനു പഠിത്തം നിർത്തി. ഈ അധ്യാപികയ്‍‌ക്ക് മനു പറഞ്ഞ അവന്റെ ഇടത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ പോലും സാധിക്കാതിരുന്നത് അവരും പുരോഗമന കേരളത്തിന്റെ ഭാഗമായതുകൊണ്ടാണ്.

കേരളത്തിലെ ആദിവാസി ജനതയുടെ അവർക്കറിയാവുന്ന ജീവിതം ബാംബു ബോയ്സ് പോലുള്ള വംശീയഹിംസ പച്ചയ്ക്ക് പറയുന്ന ചലച്ചിത്രമായിരിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ഇവിടുത്തെ ദലിത്- ആദിവാസി സമൂഹത്തോട് ഈ പുറത്താക്കലുകൾക്ക് സമാധാനം പറയേണ്ടതുണ്ട്. ഇവയൊക്കെയും കൊഴിഞ്ഞുപോക്കല്ല, തല്ലിക്കൊഴിക്കലാണ്. ഈ യാഥാർഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

രോഹിത് വെമുല

കോഴിക്കോട്​ ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ ബി.എഡ്.വിദ്യാർഥിയായ ഞാൻ മുമ്പുതന്നെ കോളജിലെ അധ്യാപകരിൽ നിന്നനുനുഭവിക്കുന്ന വലിയ തോതിലുള്ള വിവേചനങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അധ്യാപകരുടെ ഉപദ്രവം സഹിക്കാനാകാതെ പഠനം ഉപേക്ഷിക്കാമെന്നുവരെ പലപ്പോഴും തോന്നിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുകീഴിൽ രണ്ട് ഗവ.ബി.എഡ്. കോളജുകളാണുള്ളത്. മലയാളത്തിൽ കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ആകെ അഞ്ച് സീറ്റാണുള്ളത്. ഏറെ കഷ്ടപ്പെട്ടാണ് ഈ സീറ്റ് എനിക്ക് കിട്ടിയത്. അത് ആരുടെയും ഔദാര്യമൊന്നുമല്ല. ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ നിന്നും ഡിഗ്രിക്കും പിജിയ്ക്കുമെല്ലാം പോയി, യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറായാണ് ഞാൻ ബി.എഡിന് ചേർന്നത്.

ആദ്യ സെമസ്റ്ററുകൾ മുതൽ ക്ലാസ്​ മുറിയിൽ വലിയ വീർപ്പുമുട്ടലുകളാണ് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. ഞാൻ മുടി വളർത്തിയതിനെ കളിയാക്കി ക്ലാസിൽ സംസാരിച്ച അധ്യാപികയെ ഓർക്കുന്നു. ക്ലാസ്​ മുറിയിൽ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പരാമാർശങ്ങൾ നടത്തിയിരുന്ന അധ്യാപകരുണ്ട്. അത്തരം ചില പരാമർശങ്ങൾ ഇതാ:

സ്ത്രീകൾ അവർക്ക് ലൈംഗികമായി താൽപര്യം തോന്നുന്ന പുരുഷന്മാരെ പറ്റി പൊതുസ്ഥലങ്ങളിൽ പരസ്യമായി അധിക്ഷേപിക്കും. ഇത് സൈക്കോളജി പറയുന്നതാണ്.

ഓപ്പോസിറ്റ് സെക്‌സ് തമ്മിലുള്ള പ്രേമമല്ലാത്ത ബാക്കിയെല്ലാം അബ്നോർമലാണ്.

പീഡോഫൈലുകളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ, കുഞ്ഞുങ്ങളെ രക്ഷിതാക്കൾ ഭംഗിയായി ഒരുക്കാതിരിക്കുക. കുട്ടികൾ മൂക്കളയൊക്കെ ഒലിപ്പിച്ച് നടക്കേണ്ടവരാണ്. പീഡോഫൈലുകൾ ഇന്ന് ദുരുപയോഗം ചെയ്ത കുട്ടി നാളത്തെ അബ്യൂസറാണ്. ഇതൊരു ചാക്രിക പ്രക്രിയയാണ്.

ഏതോ ഒരു കൾച്ചർ പ്രകാരം പരസ്പരം പരിചയപ്പെടുന്ന സമയം തുപ്പൽ കൈമാറ്റം ചെയ്യാറുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് തുപ്പൽ തരട്ടെ.

ഗോവിന്ദചാമിയെ പോലെയുള്ള കീഴാളരായ സൗന്ദര്യമില്ലാത്ത മനുഷ്യർക്ക് സ്ത്രീകളെ കിട്ടുന്നില്ല, അതുകൊണ്ട് അവർ റേപ്പ് ചെയ്യുന്നു.

ഓൺലൈൻ ക്ലാസിൽ ഫ്രോയിഡിനെ പഠിപ്പിക്കുമ്പോൾ ഏതോ ഒരു പെൺകുട്ടിയുടെ ചിത്രം കാണിച്ച്, ഇവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത്, ആരെ കാണിക്കാനാണ് എന്നൊക്കെ ചോദിച്ച് ഒടുവിൽ ഇത് എക്സിബിഷനിസമാണെന്നും ഓറൽ സ്റ്റേജിൽ ഫിക്സേഷൻ വന്നതാണെന്നുമൊക്കെ സ്ഥാപിക്കുന്നു.

ഈ ക്ലാസ്​ മുറിയിൽനിന്ന് ഞാനും എന്റെ സുഹൃത്തുക്കളും ഇറങ്ങിയോടിയിട്ടുണ്ട്. പിന്നീട് ഈ ക്ലാസുകളിൽ കയറാതെ കോളജ് ലൈബ്രറിയിൽ പോയിരുന്നാണ് ഞങ്ങൾ പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇതെല്ലാം സൂചിപ്പിച്ച് ഒരു പരാതി നൽകിയപ്പോൾ പ്രിൻസിപ്പൽ ഇതിനെയെല്ലാം വളരെ നിസാരമായി തള്ളിക്കളയുകയാണുണ്ടായത്. ‘ക്ലാസ്​ മുറിയിൽ അങ്ങനെ സിലബസിലില്ലാത്ത പലതും അധ്യാപകർ പറയും’ എന്ന അദ്ദേഹത്തിന്റെ മറുപടി എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.

എന്റെ വസ്‍ത്രവും ഐഡന്റിറ്റിയും അവർക്ക് പ്രശ്നമായിരുന്നു

ഈ പ്രശ്നങ്ങളുടെ തുടക്കം എന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോളജിൽ ഉയർന്നുവന്ന അനാവശ്യ ചർച്ചയും അധ്യാപകരുടെ സദാചാര പൊലീസിങ്ങുമാണ്. കഴിഞ്ഞ ജൂൺ 13,14,15,16 തിയതികളിൽ കോളജിൽനിന്ന് വസ്ത്രധാരണത്തിന്റെ പേരിൽ എനിക്ക്​ വലിയ അധിക്ഷേപം നേരിടേണ്ടി വന്നു. ഈ ദിവസങ്ങളിൽ ഓപ്ഷണൽ ക്ലാസുകളിൽ എന്റെ സ്വകാര്യതയെ ചോദ്യം ചെയ്യുംവിധം എന്റെ വസ്ത്രധാരണത്തെ പറ്റിയുള്ള അനാവശ്യ ചർച്ച അധ്യാപകർ നടത്തി. ജൂൺ 14ന്​ വൈകുന്നേരം ഒരു അധ്യാപകൻ പരസ്യമായി വിദ്യാർഥികളുടെ മുന്നിൽ വെച്ച് എന്നെ അധിക്ഷേപിച്ചു; ‘നിന്റെ തുണിയാരാടാ ഊരിയത്, മര്യാദയ്ക്ക് നാളെ തുണി ഉടുത്ത് വരണം, ഇതൊക്കെ ഞങ്ങൾ വീട്ടിലിട്ട് നടക്കുന്നതാ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ അധ്യാപകനാണ് മുകളിൽ അക്കമിട്ട് നൽകിയിരിക്കുന്ന അങ്ങേയറ്റം ഹീനമായ പരാമർശങ്ങൾ ക്ലാസ്​ മുറിയിൽ നടത്തിയത്. ഇതേതുടർന്ന് ഞാൻ ഒരു വാട്‌സ്ആപ്പ് സ്റ്റാറ്റസ് എഴുതിയിട്ടു. കോളജിന്റെ പേര് ചീത്തയാക്കിയെന്ന മട്ടിലാണ് തുടർന്നുള്ള ചർച്ചകൾ പോയത്. പിറ്റേന്ന് രണ്ട് അധ്യാപകർ എന്നെ വിളിച്ച് കാര്യം തിരക്കുകയും ഞാൻ അവരോട് ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. ഈ പ്രശ്നങ്ങൾ ഒന്നും പുറത്തുപോകരുതെന്നും പ്രശ്നങ്ങളെല്ലാം ഉടനെ പരിഹരിക്കുമെന്നും അവർ ഉറപ്പുതന്നു. പക്ഷേ ഞാൻ അതിന് തയാറായിരുന്നില്ല. ഇതേ തുടർന്ന്, അന്ന് അഞ്ച് മണിക്കുശേഷം പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിക്കുകയും അദ്ദേഹം കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. ‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ. ഇനി പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകരോട് സൂചിപ്പിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. മുക്കാൽ മണിക്കൂറോളം ആ ചർച്ച നീണ്ടു. പ്രശ്നങ്ങളെല്ലാം കോളജിനുള്ളിൽ തന്നെ പരിഹരിക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകുകയും പുറമേക്ക് പരാതി നൽകരുതെന്ന് പറയുകയും ചെയ്തു. പിറ്റേന്ന് രാവിലെ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് പരസ്യമായി വീണ്ടും ഞാൻ അധിക്ഷേപിക്കപ്പെടുകയും അധ്യാപകർ അത് നോക്കിനിൽക്കുകയും ചെയ്തു. ഇത് എന്നെ മാനസികമായി വളരെ തളർത്തി. അന്ന് വൈകിട്ടാണ് ഞാൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് എഴുതിയിടുന്നത്. അധ്യാപകരുടെയും കോളജിന്റെയും പേരൊന്നും സൂചിപ്പിക്കാതെയാണ് ആ പോസ്റ്റിട്ടത്. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും രമ്യമായി പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക്‌ എത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് അന്ന് നൽകിയ പരാതിയിൽ ഞാൻ എല്ലാ ബി.എഡ്. കോളേജുകളിലും പൊതുവിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നമെന്ന നിലയിലാണ് വിഷയത്തെ അവതരിപ്പിച്ചിരുന്നത്. വ്യക്തികളുടെ പ്രശ്നമായി ഇതിനെയൊന്നും ചുരുക്കിക്കാണാത്തതിനാൽ പരാതിയിൽ അധ്യാപകരുടെ പേരുകളും പരാമർശിച്ചിരുന്നില്ല.

അതിനുശേഷം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകുമ്പോഴാണ് സെപ്റ്റംബർ 13-ന് ഒരു അധ്യാപകൻ അങ്ങേയറ്റം മോശമായി എന്നെപ്പറ്റി മറ്റ് വിദ്യാർഥികളോട് സംസാരിച്ചത്. എന്റെ അന്തസ്സിനെയും സ്വകാര്യതയെയുമെല്ലാം ചോദ്യം ചെയ്യുംവിധത്തിലാണ് അദ്ദേഹം സംസാരിച്ചത്. ‘ആ വൃത്തികെട്ടവൻ കാരണം കോളജിന്റെ പേര് നശിച്ചു. അവന്റെ പണി ചെറ്റത്തരം എഴുതിയിടിലല്ലേ’ തുടങ്ങി വളരെ മോശമായാണ് അദ്ദേഹം സംസാരിച്ചത്. കോളജിലുണ്ടായ പ്രശ്നങ്ങൾ ഇത്ര ചർച്ചയായിട്ടും വീണ്ടും വീണ്ടും ഇത്ര ഗുരുതരമായ വീഴ്ചകൾ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എങ്ങനെയാണ്? എങ്ങനെയാണ് എന്റെ സ്വസ്ഥമായ വിദ്യാഭ്യാസ അന്തരീക്ഷവും സ്വാകാര്യതയുമെല്ലാം നശിപ്പിക്കാൻ ഇവർക്കാകുന്നത്?

ഗവ.കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, കോഴിക്കോട്

ജൂൺ 13,14,15,16 തീയതികളിൽ കോളജിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായാണ് അധ്യാപകൻ എനിക്കുനേരെ ഇപ്പോൾ നടത്തിയിരിക്കുന്ന ഈ അധിക്ഷേപങ്ങളെയും മനസ്സിലാക്കേണ്ടത്. കോളജിന്റെ പേര് ഞാൻ നശിപ്പിച്ചുവെന്ന രോഷമല്ലാതെ എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും ബേസിക്കായ അവകാശ ലംഘനങ്ങളോ, അധ്യാപകരുടെ ചെയ്തികളോ ഒന്നും ഒരു തരത്തിലും ഇവരുടെയാരുടെയും പരിഗണനയിലേയില്ല. പ്രതികാര നടപടികളും പരസ്യ അധിക്ഷേപങ്ങളുമാണ് കോളജിലെ അധ്യാപകരുടെ ഭാഗത്തുനിന്ന് ഇപ്പോഴുമെനിക്ക് നേരിടേണ്ടി വരുന്നത്. കോളജിൽ വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുന്ന ആദ്യത്തെ വിദ്യാർഥിയല്ല ഞാൻ. എന്റെ ക്ലാസിലെ തന്നെ പല വിദ്യാർഥികൾക്കും നേരെ അധ്യാപകരുടെ ഭാഗത്ത് നിന്ന്​മോശം പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. ഇന്റേണൽ മാർക്കിനെയും മറ്റും പേടിച്ചാണ് പലരും മിണ്ടാതിരിക്കുന്നത്. അത്തരം വിദ്യാർഥികളെയാണ് നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്.

തുടരും, ഞാൻ ഈ പോരാട്ടം

കഴിഞ്ഞ ആഴ്ച, ബി.എഡ് കോഴ്സിന്റെ ഭാഗമായ ടീച്ചിങ് പ്രാക്ടീസ് തുടങ്ങി. കോളജിന്റെ തൊട്ടടുത്ത ഹൈസ്‌കൂളാണ് ഞാൻ ടീച്ചിങ് പ്രാക്ടീസിന്​ തെരഞ്ഞെടുത്തത്. ഈ സ്‌കൂളിൽ 16 വിദ്യാർഥികളാണ് ടീച്ചിങ് ട്രെയിനികളായിട്ടുള്ളത്. സ്‌കൂളിൽ ടീച്ചിങ് സ്റ്റാഫിനായി ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളത്. ഇതിനാൽ ഞങ്ങൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. കോളേജും സ്‌കൂളും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ഗേറ്റുണ്ട്. ഈ ഗേറ്റ് തുറന്നുതരണമെന്ന ആവശ്യം നേരത്തെ വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. പക്ഷേ ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ടും നടപടികളുണ്ടായില്ല. ആദ്യ രണ്ട് ദിവസങ്ങളിൽ മൂത്രം ഒഴിക്കാതെയാണ് ഞാൻ ക്ലാസെടുത്തത്​. ഒരു ക്വിയർ വിദ്യാർഥിയായ ഇത് എനിക്കുണ്ടാക്കിയ അപമാനം ഏറെയാണ്. എന്റെ കൂടെയുള്ള പെൺകുട്ടികളും സമാന പ്രശ്നം നേരിട്ടു. രണ്ട് ദിവസങ്ങൾക്കുശേഷം മാത്രമാണ് ഗേറ്റ് തുറന്നു തരാൻ നടപടിയുണ്ടായത്. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിദ്യാർഥികളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളെ പോലും പരിഗണിക്കാത്തതും അടിയന്തരമായി പരിഹരിക്കാത്തതും ഒരു പ്രതികാര നടപടിയായാണ് എനിക്ക് തോന്നിയത്.

ഇതിനെയൊക്കെ എങ്ങനെ നേരിടുമെന്ന യാതൊരു ധാരണയും എനിക്കില്ല. പലപ്പോഴും ഈ കോഴ്‌സ് ഡ്രോപ്പ് ചെയ്താലോ എന്ന വിചാരമൊക്കെ മനസ്സിൽ വരാറുണ്ട്. ഇത്ര കാലം ഞാൻ എന്റെ മാനസികാരോഗ്യവും സ്വാസ്ഥതയുമെല്ലാം നശിപ്പിച്ച് ഇവിടെ ഇൻവെസ്റ്റ് ചെയ്ത സമയം കണക്കിലെടുത്ത് മാത്രമാണ് അതിന് മുതിരാത്തത്. മാത്രമല്ല, വളരെയധികം സ്ട്രഗിൾ ചെയ്‌താണ് ഞാൻ ഇവിടെ വരെയെത്തിയത്. ഇവരുടെ ആരുടെയും യാതൊരു ആനുകൂല്യവും ഔദാര്യവും എനിക്ക് വേണ്ട, ഞാനെന്റെ ഏറ്റവും ബേസിക്കായ അവകാശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അതിനിയും തുടരും. ഈ ധാർഷ്ട്യത്തിനുമുന്നിൽ കുമ്പിട്ട്, ഓച്ഛാനിച്ചും, താഴ്​ന്നും നിൽക്കണ്ട ഗതികേട് എനിക്കില്ല. ആ കാലമൊക്കെ കഴിഞ്ഞു. എല്ലാവിധ യോഗ്യതകളോടും കൂടിയാണ് ഗവ. കോളജിൽ ഒരു സീറ്റ് ഞാൻ നേടിയെടുത്തിട്ടുള്ളത്, അത് എന്നെപ്പോലെ ഒരു വിദ്യാർഥിയെ സംബന്ധിച്ച്​ ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ഇവരാരും പറയുന്ന പഴിയും തെറിയും വാ കെട്ടി കേൾക്കേണ്ട ബാധ്യത എനിക്കില്ല. സാധ്യമായ വിധത്തിലെല്ലാം നീതി തേടാൻ ശ്രമിക്കും.

പുറമെ ജെൻഡർ ന്യൂട്രൽ ചർച്ചകൾ ആഘോഷിക്കപ്പെടുമ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകരുടെ നിരന്തരമായ മാനസികപീഡനത്തിന് ഞാൻ വിധേയനായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളം മാറിയെന്ന് എന്നോട് കള്ളം പറയരുത്‌. ‘ഇവനൊക്കെ എന്തിനാണ് പഠിക്കാൻ വരുന്നതെന്ന്’ വരെ ചോദിക്കാൻ മടിയില്ലാത്തവരുടെ നടുവിലാണ് ഞാൻ. കേരളം മാറിയെന്ന്, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ ഇൻക്ലൂസീവാണെന്ന് ആഘോഷിക്കുമ്പോൾ ഞാൻ നേരിടുന്ന അനീതികൾ ലോകം അറിയേണ്ടതുണ്ട്, ചർച്ചയാകേണ്ടതുണ്ട്.

Comments