ബംഗളൂരുവിൽ ഒരു സമരപരിപാടിയിൽ അക്കൈ പദ്മശാലി / Photo: Akkai Padmashali, Facebook

ഷേവിങ് ബ്ലേഡുകൊണ്ട്​ ഞാനെന്റെ ജനനേന്ദ്രിയം മുറിച്ചു;
എനിക്ക്​ പെണ്ണാകണമായിരുന്നു...

‘‘ഞാൻ ഡോക്ടർമാരുമായി വഴക്കുണ്ടാക്കി, കരഞ്ഞു. അത്രയേറെ ഇമോഷണൽ ആയിരുന്നു ഞാൻ. എനിക്ക് പെണ്ണായാൽ മതി. മറ്റൊന്നും വേണ്ട’’

ഹിജ്‌റ സമ്പ്രദായത്തിന് അതിന്റെതായ ഗുണങ്ങളുണ്ട്, കുറവുകളും. വളറേയെറെ നിയന്ത്രണങ്ങളുണ്ട് ഇതിനുള്ളിൽ. നാലുവർഷം മുൻപുവരെ ഞാൻ മുടി വളരെ ചെറുതാക്കിയാണ് വെട്ടിയിരുന്നത്. അതുകൊണ്ടുമാത്രം എനിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചില്ല. ഞാൻ പറയുന്നത് ആരും വകവച്ചില്ല. അന്തസ്സില്ലാത്ത ഒരാളായാണ് എന്നെ അവർ കണ്ടത്. എനിക്കെതിരെ അക്രമമുണ്ടായി, എന്നെ ഉപദ്രവിച്ചു. ജമാഅത്തിനുള്ളിൽ എനിക്ക് പ്രവേശനവും ലഭിച്ചില്ല.

മുടി വളർത്തണ്ട എന്ന തീരുമാനം എന്റേതായിരുന്നു. അത് കാരണമുണ്ടായ വിലക്കുകൾ ഞാൻ വകവച്ചില്ല. എന്റെ ചിന്തകൾ വളരെ വ്യക്തമാണ്. ഭരണഘടനയെയാണ് ഞാൻ മാനിക്കുന്നത്, എന്റെ അവകാശമാണ് എങ്ങനെ ജീവിക്കണം എന്ന സ്വാതന്ത്ര്യം. അതുകൊണ്ട് ഇഷ്ടമുള്ള രീതിയിൽ ഞാൻ ജീവിക്കും. എന്റെ ഹെയർസ്‌റ്റൈൽ സമുദായത്തിൽ ഒരു ആശയക്കുഴപ്പം തന്നെ സൃഷ്ടിച്ചു. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട് അവിടെ, പക്ഷേ, ഭരണം കൈയിലുള്ള മുതിർന്ന നേതാക്കൾക്ക് കണ്ണിലെ കരടാണ് ഞാൻ. അവർ എന്നെ എതിർത്തു. മുടി വെട്ടിയതിന് പിഴയുണ്ട് - ദണ്ടു 11000 രൂപ.

ലൈംഗികവൃത്തിയിലും ഭിക്ഷാടനത്തിലും നിങ്ങൾ അങ്ങനെ സ്ത്രീയാകുന്നു, പൊതുസ്ഥലങ്ങളിലും സ്ത്രീ തന്നെ. പക്ഷേ, ജമാഅത്തിൽ എത്തുമ്പോൾ എല്ലാം മാറുന്നു, പെണ്ണ് എന്ന അസ്തിത്വം നിങ്ങൾക്കില്ല. നിങ്ങൾ ഒരു സ്ത്രീ അല്ല ഇനി.

വളരെ നിയന്ത്രിതമായ ഒരു സംഘടനാ സ്വഭാവം ഹിജ്റ സംസ്‌കാരത്തിനുണ്ട്. പലരും അത് അനുസരിക്കാൻ പഠിച്ചുകഴിഞ്ഞു. നീണ്ട മുടിയുണ്ടെങ്കിൽ നിങ്ങൾ ശരിയ്ക്കും ഹിജ്റ തന്നെ, മൂക്കുത്തിയിട്ടാൽ തനി പെണ്ണ്. അങ്ങനെയാണ് നിയമം.
ഇതിന് പല വശങ്ങളുണ്ട്. കാതുകുത്താനും കമ്മലിടാനും മുടി വളർത്താനും അവർ നിർബന്ധം ചെലുത്തും. പക്ഷെ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ഈ സമ്മർദമില്ല. അത് ഓരോ വ്യക്തിക്കും തീരുമാനിക്കാം. പിന്നെ എന്തിനാണ് മുടി നീട്ടി വളർത്താനും മൂക്ക് കുത്താനും മാത്രം ഇത്ര ബഹളമുണ്ടാക്കുന്നത്? അവർക്ക് പറയാൻ കാരണങ്ങളുണ്ട്. ഭിക്ഷ യാചിക്കാനോ ലൈംഗികത്തൊഴിലിനോ പോകുമ്പോൾ നമ്മൾ പുരുഷന്മാരാണ് എന്ന് ആർക്കും തോന്നരുത്. ഒന്നുകിൽ സ്ത്രീകൾ അല്ലെങ്കിൽ ഹിജ്റകൾ എന്ന് കരുതണം എല്ലാവരും.
ലൈംഗികവൃത്തിയിലും ഭിക്ഷാടനത്തിലും നിങ്ങൾ അങ്ങനെ സ്ത്രീയാകുന്നു, പൊതുസ്ഥലങ്ങളിലും സ്ത്രീ തന്നെ. പക്ഷേ, ജമാഅത്തിൽ എത്തുമ്പോൾ എല്ലാം മാറുന്നു, പെണ്ണ് എന്ന അസ്തിത്വം നിങ്ങൾക്കില്ല. നിങ്ങൾ ഒരു സ്ത്രീ അല്ല ഇനി.
ഈ ഇരട്ടത്താപ്പ് സംസ്‌കാരത്തിന്റെ പേരിൽ വ്യക്തികളെ രണ്ടാക്കി തിരിച്ചു. ഇത് കൂടുതൽ വ്യക്തമായത് 2004-ലാണ്. ഉൽസൂറിൽ വച്ച് ഞങ്ങൾ സ്ത്രീകളാണെന്ന് പ്രഖ്യാപിച്ചതിന് ജമാഅത്ത് പിഴ ചുമത്തി. ഞങ്ങളിൽ പലർക്കും അയ്യായിരം രൂപ നൽകേണ്ടിവന്നു. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് വേണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ചിലപ്പോൾ സ്ത്രീയാണ് ഞാൻ എന്ന് അവകാശപ്പെട്ട് ജമാഅത്തിൽ ഇരിക്കാനുള്ള സ്വാതന്ത്ര്യവുമാകാം.

അക്കൈ പദ്മശാലി / Photo: Akkai Padmashali, Facebook

ലിംഗമാറ്റത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അന്നൊക്കെ ഈ വിഷയത്തിൽ ഹിജ്റ സമുദായത്തിന്റെ കാഴ്ചപ്പാടും സമൂഹത്തിന്റെ നിയമങ്ങളും ഞാൻ എപ്പോഴും ചോദ്യംചെയ്യും. എനിക്ക് പാന്റും ഷർട്ടും ധരിക്കണം, അതുകൊണ്ട് എന്താണ് പ്രശ്‌നം? ലിംഗമാറ്റം നടത്താതെ എനിക്ക് ചുരിദാർ-കുർത്ത ധരിച്ചുകൂടേ? പെണ്ണാണ് ഞാൻ എന്ന തിരിച്ചറിവ് എനിക്കുണ്ട്, അതാണ് എനിക്ക് വേണ്ടതും. എട്ടാമത്തെ വയസിൽ എന്റെ സ്ത്രീത്വം തിരിച്ചറിഞ്ഞത് മുതൽ ഇപ്പോൾ ഇരുപത്തി ഏഴാമത്തെ വയസ് വരെ - ഏകദേശം 20 വർഷം- എനിക്കിഷ്ടമുള്ളത് പോലെയാണ് ഞാൻ ജീവിച്ചതും.

എങ്കിലും ഇപ്പോൾ 27 വയസ്സ് ആകുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമാണ്. ലിംഗമാറ്റം നടത്താത്തത് കൊണ്ടുമാത്രം പല വേദികളിലും എനിക്ക് രൂക്ഷമായ വാക്കുകൾ കേൾക്കേണ്ടിവരുന്നു, ഹിജ്‌റ സമുദായത്തിൽ ഇത് വർധിച്ചുവരികയാണ്, പ്രത്യേകിച്ചും മുതിർന്ന നേതാക്കളിൽ നിന്നുള്ള വിമർശനം. ഇതേക്കുറിച്ച് ഞാൻ നന്നായി ആലോചിച്ചു. ആളുകൾ എന്റെ മേൽ സമ്മർദം ചെലുത്തുകയാണോ? അവരുടെ അഭിപ്രായങ്ങൾ ഞാൻ കണക്കിലെടുത്തില്ല, എനിക്ക് പ്രധാനം എന്റെ വിശ്വാസമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ (എസ്.ആർ.എസ്./ സെക്‌സ് റീഅസൈൻമെൻറ്​ സർജറി) വേണം എന്ന് സ്വയം നിശ്ചയിച്ചാൽ ഞാൻ അത് ചെയ്യണം. ഒടുവിൽ ഞാൻ ആ തീരുമാനമെടുത്തു. സർജറി ചെയ്യാം. പക്ഷേ, എങ്ങനെ? എവിടെ? ആരെയാണ് സമീപിക്കേണ്ടത്? ആർക്കാണ് ഇതിൽ വൈദഗ്ദ്ധ്യമുള്ളത്?

അപ്പോഴേയ്ക്കും എനിക്ക് മടുത്തുതുടങ്ങി. ലിംഗമാറ്റത്തിനായി ഇത്രയൊക്കെ ചെയ്യണോ? എന്തിനാണ് ഞാൻ ഇനിയും ഡോക്ടറെ കാണുന്നത്? ഇതിന്റെയെല്ലാം ആവശ്യമുണ്ടോ?

എനിക്ക് പതിനാറ് വയസുള്ളപ്പോൾ ഒരു സംഭവമുണ്ടായി. മൈസൂർ റോഡ് ടോൾഗേറ്റിലെ എന്റെ വീടിനടുത്ത് ഞങ്ങൾക്ക് പരിചയമുള്ള ഒരു ഡോക്ടറുണ്ട്. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് സർജറിയെക്കുറിച്ച് സംസാരിച്ചു. എന്താണ് ഈ ഓപ്പറേഷൻ, എവിടെയാണ് പോകേണ്ടത് എന്നൊക്കെ. ആ ഡോക്ടർ നേരെ എന്റെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും ഇതെല്ലം വിസ്തരിച്ചു. ""നിങ്ങളുടെ മകൻ വന്ന് ഒരു ഓപ്പറേഷന്റെ കാര്യം പറഞ്ഞു, അവനെ നിങ്ങൾ നിംഹാൻസിൽ കൊണ്ടുപോയി ചികിൽസിക്കണം.'' അത്രയ്ക്ക് വിവരമുണ്ട് ആ ഡോക്ടർക്ക്!
പക്ഷേ, ഇന്നത്തെ എന്റെ സാഹചര്യം അതല്ലല്ലോ. സംഗമയിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒട്ടേറെ വിദഗ്ദ്ധരെ പരിചയമുണ്ട്. ആദ്യം ഞാൻ മനോഹറിനോടാണ് സംസാരിച്ചത്, സർജറി നടത്തണമെന്നുണ്ട്, എവിടെ പോകണമെന്നറിയില്ല എന്ന് പറഞ്ഞു. മനോഹർ നിർദേശിച്ച പേരാണ് ശേഖർ ശേഷാദ്രി, നിംഹാൻസിലെ വളരെ സീനിയറായ ഡോക്ടർ. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം എനിക്കുവേണ്ടി രണ്ട് കൗൺസലിങ് സെഷനുകൾ നടത്തി. എന്നിട്ടാണ് ഡോ. സുരേഷ് ബദമാന്റെ അടുത്തേയ്ക്ക് എന്നെ പറഞ്ഞുവിട്ടത്. വളരെക്കാലം നീണ്ടുനിൽക്കുന്നതാണ് ഈ കൗൺസലിങ്. ഏകദേശം ഒന്നരവർഷം. അപ്പോഴേയ്ക്കും എനിക്ക് മടുത്തുതുടങ്ങി. ലിംഗമാറ്റത്തിനായി ഇത്രയൊക്കെ ചെയ്യണോ? എന്തിനാണ് ഞാൻ ഇനിയും ഡോക്ടറെ കാണുന്നത്? ഇതിന്റെയെല്ലാം ആവശ്യമുണ്ടോ?

അക്കൈ പദ്മശാലി / Photo: Akkai Padmashali, Facebook

ഇങ്ങനെയൊക്കെ ചിന്തിച്ച് ദേഷ്യപ്പെട്ടാണ് അന്ന് ഞാൻ വീട്ടിലെത്തിയത്. വന്നുകയറിയതും ഒരു ഷേവിങ് ബ്ലേഡ് എടുത്ത് ഞാൻ എന്റെ ജനനേന്ദ്രിയം മുറിച്ചു. ചോര ചീറ്റിത്തെറിച്ചു, ചർമം മുറിഞ്ഞുതൂങ്ങി. ഞാനാകെ പേടിച്ചുപോയി. പെണ്ണ് ആകാനുള്ള ആഗ്രഹത്തിൽ ഞാൻ സ്വയം മുറിവേൽപ്പിച്ചല്ലോ, ഞാൻ ഇതെങ്ങനെ ചെയ്തു എന്നൊക്കെ ആലോചിച്ച് ഭയന്ന് ഞാൻ ബോധംകെട്ടുവീണു.
രണ്ടുമണിക്കൂറോളം ഞാൻ ആ കിടപ്പ് കിടന്നു. ബോധം വീണ്ടുകിട്ടി യപ്പോൾ എനിക്ക് തീർച്ചയായി ഡോക്ടറുടെ അടുത്ത് പോകാതെ രക്ഷയില്ല. പക്ഷേ, ഈ അവസ്ഥയിൽ എന്നെ ആര് ചികിൽസിക്കും? ഞാൻ എന്ത് ചെയ്യും? ഇതുപോലെയൊരു മണ്ടത്തരം ചെയ്യാൻ എനിക്കെങ്ങനെ കഴിഞ്ഞു എന്ന് എനിക്ക് തന്നെ മനസ്സിലായില്ല.

ഒടുവിൽ, സംഗമയുടെ ഓഫീസിനടുത്തുള്ള ഒരു ഡോക്ടറെ ഞാൻ രണ്ടുംകൽപ്പിച്ച് വിളിച്ചു. ""ഇങ്ങനെയൊരു പ്രശ്‌നമുണ്ടായി. എന്തെങ്കിലും ചെയ്യണം'' എന്ന് പറഞ്ഞു. അദ്ദേഹം മുറിവുണങ്ങാൻ ചെയ്യേണ്ട ചില കാര്യങ്ങൾ പറഞ്ഞുതന്നു.
വീണ്ടും കൗൺസലിങ്ങിനായി നിംഹാൻസിൽ ചെന്നപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞു, ""ഇത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ഇനിയും കൗൺസലിങ്ങിന് ഒരുപാട് നാൾ കാത്തിരിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഉടനെ സർജറി വേണം.''
പക്ഷേ, അങ്ങനെ പെട്ടെന്ന് ചെയ്യുന്ന സർജറിയല്ല എസ്.ആർ.എസ്. കുറഞ്ഞത് ആറ് മാസമെങ്കിലും നീളും ഇതിനായുള്ള തയ്യാറെടുപ്പ്.

അന്ന് ആ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ ഒരു പുരുഷനല്ല സ്ത്രീയാണ് എന്ന സർട്ടിഫിക്കറ്റാണ് അന്ന് ഞാൻ നേടിയത്. ഒരു പെണ്ണാണ് ഞാൻ!

നിങ്ങൾ ശരിയ്ക്കും ആരാണ് എന്ന് മനസ്സിലാക്കാനുള്ള കാര്യങ്ങൾ അവർ പറഞ്ഞുതരും. സമൂഹം , കുടുംബം, സുഹൃത്തുക്കൾ, സർക്കാർ, നിയമങ്ങൾ എന്നിവയെല്ലാം നിറഞ്ഞ ഒരു ലോകത്തിന്റെ മധ്യത്തിൽ നിങ്ങളെ ഇരുത്തിയാണ് ഓരോ സാഹചര്യങ്ങളും അവർ അവലോകനം ചെയ്യുന്നത്. എല്ലാ കാര്യങ്ങളും അവർ തുറന്നുപറയും. സർജറി കഴിഞ്ഞാൽ നിങ്ങളുടെ "സാധാരണ' ലൈംഗികത്വത്തിലേയ്ക്ക് തിരിച്ചുപോകാൻ കഴിയില്ല. ഇതിനുശേഷമുണ്ടാകുന്ന ഓരോ സാഹചര്യത്തിലും നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് അവർ വിശകലനം ചെയ്യും. പുതിയ അവസ്ഥയിൽ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ ആത്മഹത്യയ്ക്ക് ശ്രമിക്കും, ചിലപ്പോൾ മരിക്കും. അത് സംഭവിക്കാതിരിക്കാനാണ് ഇത്രയേറെ മുന്നൊരുക്കങ്ങൾ. എന്നിട്ടും ഞാൻ ഡോക്ടർമാരുമായി വഴക്കുണ്ടാക്കി, കരഞ്ഞു. അത്രയേറെ ഇമോഷണൽ ആയിരുന്നു ഞാൻ. എനിക്ക് പെണ്ണായാൽ മതി. മറ്റൊന്നും വേണ്ട.
""നിങ്ങൾ കൗൺസലിംഗ് എത്ര വേണമെങ്കിലും ചെയ്‌തോളൂ, പക്ഷേ സർജറി പെട്ടെന്ന് ചെയ്യുന്ന ഒരു ഡോക്ടർ എവിടെയുണ്ടെന്ന് പറഞ്ഞുതരണം'' എന്നൊക്കെ ആവശ്യപ്പെട്ട് ഞാൻ ഡോ. ബദമാനെ ബുദ്ധിമുട്ടിച്ചതിന് കണക്കില്ല. ഒരുപാട് ചീത്ത വിളിച്ചു അദ്ദേഹത്തെ, വഴക്കുണ്ടാക്കി. അങ്ങനെ പലപല മണ്ടത്തരങ്ങൾ. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത നാണക്കേട് തോന്നും.

ഞാൻ എത്ര ബഹളമുണ്ടാക്കിയോ അത്ര സൗമ്യമായാണ് ഡോക്ടർ എന്നോട് പെരുമാറിയത്. വളരെ ശാന്തനായി കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിച്ചുതന്നു. വീട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോഴോ അദ്ദേഹത്തോടും ശാരദയോടും ഞാൻ ഏറെനേരം സംസാരിക്കുമായിരുന്നു. അങ്ങനെ ഒന്നരവർഷം കഴിഞ്ഞപ്പോൾ അവർ കൗൺസലിങ് അവസാനിപ്പിച്ചു.
അന്ന് ആ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ ഒരു പുരുഷനല്ല സ്ത്രീയാണ് എന്ന സർട്ടിഫിക്കറ്റാണ് അന്ന് ഞാൻ നേടിയത്. ഒരു പെണ്ണാണ് ഞാൻ!

അക്കൈ പദ്മശാലി / Photo: Akkai Padmashali, Facebook

നിംഹാൻസിൽ നിന്ന് എം.എസ്. രാമയ്യ ഹോസ്പിറ്റലിലേക്കാണ് എന്നെ റഫർ ചെയ്തത്. അവിടെയാണ് യൂറോളജിസ്റ്റായ ഡോ. എച്ച്.കെ. നാഗരാജുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച സർജന്മാരിൽ ഒരാൾ. ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു. ""എന്റെ തീരുമാനമാണ്, ഇനി എനിക്ക് സർജറി വേണം,'' ഞാൻ പറഞ്ഞു.
അദ്ദേഹം സർജറി ചെയ്യാം എന്ന് സമ്മതിച്ചു, പക്ഷേ, അതിന് വേണ്ടിവരുന്ന ചെലവ് ചെറുതല്ല. 30,000-40,000 രൂപയോളം വേണം. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും ഞാൻ?
വീണ്ടും മനോഹർ തന്നെ ശരണം. ഇരുപതിനായിരം രൂപ മനോഹർ തരും, ബാക്കി ഞാൻ സംഘടിപ്പിച്ചാൽ മതി. സംഗമയിൽ അന്നുണ്ടായിരുന്ന ഒരു ചിട്ടിയാണ് എനിക്ക് സഹായമായത്. അതിൽ നിന്ന് 20,000 രൂപ കൂടിയായപ്പോൾ ആവശ്യമുള്ള തുകയായി.

ദയമ്മ നിർവാൺ എന്നൊരു ചടങ്ങുണ്ട് ഹിജ്റ സമുദായത്തിൽ. ഇത് ചെയ്യാൻ മുതിർന്ന ഹിജ്റകളിൽ പലരും പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആചാരമല്ല, വളരെ പ്രാകൃതമായ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ്. വളരെ ക്രൂരമാണിത്. എനിക്ക് പത്തൊൻപതോ ഇരുപതോ വയസ്സുള്ളപ്പോഴാണ് ആദ്യം അവർ ഇത് നിർദേശിച്ചത്.
ദയമ്മ എന്നാൽ ദേവി മാതാവ് തന്നെ. എന്റെ ഗുരുവായിരുന്ന ജെറീനമ്മ ഈ "സർജറി' എന്താണെന്ന് ഒരിക്കൽ എനിക്ക് പറഞ്ഞുതന്നു.
വിജനമായ ഒരു പ്രദേശത്ത് വളരെ രഹസ്യമായാണ് ഇത് നടത്തുന്നത്. മുൻപരിചയമുള്ള, പ്രായമായ മൂന്നോ നാലോ ഹിജ്റകൾക്കാണ് നേതൃത്വം. അവർ അവിടെ ആഴത്തിൽ ഒരു കുഴി കുഴിക്കും. "ഓപ്പറേഷ'നിടയിൽ "രോഗി' മരിച്ചാൽ മറവുചെയ്യുന്നത് ഇതിലാണ്. പിന്നെ എണ്ണ തിളപ്പിക്കും, കത്തി തീയിൽ ചൂടാക്കും, ഒരു മൺകുടം എടുത്തുവയ്ക്കും. എന്തൊക്കെയാണ് ഒരുക്കങ്ങൾ എന്ന് മനസ്സിലായല്ലോ.

തിളപ്പിച്ച് വച്ചിട്ടുള്ള ആവണക്കെണ്ണയാണ് ലിംഗം മുറിച്ചുമാറ്റിയിടത്ത് ഒഴിക്കുന്നത്. എന്ത് കൊടിയ വേദനയായിരിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയുമോ? ദയമ്മ നിർവാൺ പോലെ ഇത്രയും പ്രാകൃതമായ, ക്രൂരമായ മറ്റൊരു മുറയുണ്ടോ?

ആദ്യം തന്നെ നിങ്ങളുടെ കൈകൾ രണ്ടും പുറകിൽ കെട്ടും. ആ സമയത്ത് മാതാ, മാതാ എന്ന് ജപിച്ചുകൊണ്ടിരിക്കണം. ദേവി നിങ്ങൾക്കൊപ്പമുണ്ട് എന്നാണ് സങ്കല്പം. ചടങ്ങിന് കുറേനാൾ മുൻപുതന്നെ മുടി നീട്ടി വളർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടാകും. നീണ്ട മുടി ഉപയോഗിച്ച് വായ മൂടും. അതിനുശേഷം വസ്ത്രങ്ങൾ മാറ്റി നിങ്ങളെ പൂർണനഗ്‌നനാക്കി അവിടെയെല്ലാം നടത്തും. അപ്പോഴും ദേവിയുടെ പേര് നിർത്താതെ ചൊല്ലണം. അങ്ങനെ മാതാ മാതാ എന്ന് വിളിച്ച് ദേവിക്ക് മുന്നിലെത്തി നിൽക്കണം, അതായത് നേരത്തെ തയ്യാറാക്കിയിട്ടുള്ള കുഴിയുടെ അടുത്ത്. ദയമ്മ നടത്തുന്ന ഹിജ്റകൾ നിങ്ങളുടെ ജനനേന്ദ്രിയത്തിന്റെ അറ്റത്ത് ചരട് കൊണ്ട് കെട്ടും. എന്നിട്ട് ചൂടാക്കിയ കത്തി കൊണ്ട് ലിംഗം അറുത്തെടുക്കും!
ആദ്യം പുറത്തേക്ക് ചീറ്റി വരുന്ന ചോര തയ്യാറാക്കി വച്ച മൺകുടത്തിൽ ശേഖരിക്കും അവർ, എന്നിട്ടത് നിങ്ങളുടെ ദേഹത്ത് തന്നെ തളിക്കും. ശരീരത്തിൽ രോമം വളരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതത്രെ.
മുറിവിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തം മുഴുവൻ ഒഴുകിപ്പോകണം, എങ്കിൽ മാത്രമേ നിങ്ങളുടെ ശരീരത്തിൽ പുരുഷന്റെ ചോര ഇല്ലാതാകുകയുള്ളൂ എന്നാണ് വിശ്വാസം. നിങ്ങൾ ജനിച്ചപ്പോഴുണ്ടായ ആൺരക്തം അങ്ങനെ ഒരു തുള്ളി പോലുമില്ലാതെ തീരണം.
അത് കഴിയുമ്പോൾ ശരീരത്തിലേയ്ക്ക് ഒഴുകിവരുന്ന രക്തം മാതാശക്തിയുടേതാണ് എന്ന് ഹിജ്റകൾ വിശ്വസിക്കുന്നു. അതായത് സ്ത്രീശക്തി. അവർ നൽകുന്ന ഭക്ഷണത്തിലൂടെ ഈ രക്തം ശരീരത്തിലുണ്ടാകുമെന്ന്!

ഓപ്പറേഷൻ കഴിഞ്ഞു, ഇനി മുറിവിൽ എണ്ണ ഒഴിക്കണം. തിളപ്പിച്ച് വച്ചിട്ടുള്ള ആവണക്കെണ്ണയാണ് ലിംഗം മുറിച്ചുമാറ്റിയിടത്ത് ഒഴിക്കുന്നത്. എന്ത് കൊടിയ വേദനയായിരിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയുമോ?
ദയമ്മ നിർവാൺ പോലെ ഇത്രയും പ്രാകൃതമായ, ക്രൂരമായ മറ്റൊരു മുറയുണ്ടോ? എന്റെ പല സുഹൃത്തുക്കളും ഈ ഓപ്പറേഷനിടയിൽ മരിച്ചിട്ടുണ്ട്. ഈ ക്രൂരകൃത്യം അതിജീവിക്കാൻ കഴിയാതെ, വേദന താങ്ങാൻ പറ്റാതെ, ഗുരുതരമായി മുറിവേറ്റ് പലരും ആ കുഴിയിൽ ഒടുങ്ങി. "രോഗിയെ' കുഴിയിലിറക്കി മണ്ണിട്ടുമൂടി സൂര്യനുദിക്കും മുൻപ് മറ്റുള്ളവർ തിരിച്ചെത്തും. എന്ത് സംഭവിച്ചു എന്ന് ആരോടും പറയുകയുമില്ല.

ഈ ഓപ്പറേഷൻ നടത്തിയ പലരോടും സംസാരിച്ചശേഷം ഞാൻ തീരുമാനിച്ചു, എനിക്കിത് വേണ്ട. ഇത് അംഗീകരിക്കാൻ എനിക്ക് കഴിയില്ല, പൂർണമായും എതിർക്കേണ്ട ഒരു പ്രക്രിയയാണിത്. ഇത്രയ്ക്ക് ക്രൂരത എന്തിന്? സയൻസ് ഇത്ര പുരോഗമിച്ച ഈ കാലത്ത് ശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയയല്ലേ ചെയ്യേണ്ടത്?
ഞങ്ങൾക്കിടയിൽ ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്ത പലരുമുണ്ട്. പക്ഷേ, ദയമ്മ നിർവാൺ നടത്തിയവരാണ് കൂടുതലും. ഇങ്ങനെയുള്ള അമ്പതോ അറുപതോ വ്യക്തികളോട് ഞാൻ സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. ഇവർക്ക് പങ്കുവയ്ക്കാനുള്ള അനുഭവം ഒന്നുതന്നെ. ഇവരിൽ ഭൂരിഭാഗം പേർക്കും പ്രശ്‌നങ്ങളൊന്നുമില്ല, ആരോഗ്യത്തോടെ സന്തോഷമായി കഴിയുന്നവരാണ് ഏറെയും. പക്ഷേ, ഇത്ര പ്രാകൃതമായ ഒരു ഓപ്പറേഷൻ എനിക്ക് വേണ്ട. വളരെ ശാസ്ത്രീയമായ, സമാധാനപരമായ ഒരു പ്രക്രിയയാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒരു ചികിത്സാരീതി. ▮

(വീസീ ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന അക്കൈ പദ്മശാലിയുടെ ‘നെടുമ്പാതയിലെ ചെറുചുവട്’ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം.)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അക്കൈ പദ്​മശാലി

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്. മോട്ടിവേഷനൽ സ്​പീക്കർ, ഗായിക. കർണാടകയിൽ രജിസ്റ്റർ ചെയ്ത ആദ്യ ട്രാൻസ്ജെൻഡർ വിവാഹം അക്കൈയുടേതായിരുന്നു. ‘അക്കൈ’ എന്ന ആത്മകഥ ​പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments