തിരക്കേറിയ എന്റെ ഹോസ്പിറ്റൽ ജീവിതത്തിന് അൽപം ആശ്വാസമായി പെയ്തൊഴിഞ്ഞ മഴയെ വീണ്ടും പെയ്യാൻ പ്രേരിപ്പിക്കുന്ന ഇല്ലിച്ചെടികളെ നോക്കി മുറിയിലിരിക്കുമ്പോഴാണ് അമോർ ഓർമ്മ വന്നത്; ഒരു മനോഹരമായ ഗേ പ്രണയ ആൽബം (Amor- The Tune of Love). പ്രൈഡ് മാസത്തിന്റെ ആഘോഷങ്ങൾ പരിമിതപ്പെട്ടുപോയതിന്റെ ആലസ്യത്തോടെ യൂറ്റ്യൂബെടുത്തു, അമോർ സ്പീക്കറിൽ പ്ലേ ചെയ്തു.
‘നീ പോയ് വരുവോളം ...’, അമോർ കേട്ടുതീർന്നിട്ടും ഈ വരികൾ മുറിയിലും മനസ്സിലും താളം കൊണ്ട് നിന്നു.
‘ഇത്രയും മനോഹരമാണോ ഗേ റോമാൻസ്?’- ജനാലയ്ക്കപ്പുറം നിറയെ കയ്ച്ചുനിൽക്കുന്ന അരിനെല്ലിയെ നോക്കി ഞാനിരിന്നുപോയി.
മഴ ചാറുന്നുണ്ട്.
ഈറൻ കാറ്റ് മുറിയ്ക്കുള്ളിലേക്ക് പതിഞ്ഞു വീഴുന്നു. എന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിൽ കുടുങ്ങിയ മഴത്തുള്ളികളെ തുടച്ചുമാറ്റുമ്പോൾ അമോറിലെ കാമുകന്മാർ ആമ്പൽക്കുളത്തിൽ പരസ്പരം ശരീരമറിഞ്ഞ രംഗമാണ് ഓർമ വന്നത്. ഓരോ പുരുഷശരീരവും എത്ര വ്യത്യസ്തമാണ്. കൗമാരക്കാലത്ത് എനിക്കവ കാന്തം പോലെയായിരുന്നു. ഇപ്പോൾ അവർ എന്റെ ആത്മ ഗതിയെ നിയന്ത്രിക്കുന്ന ലഹരി പോലെയും.
ഹോസ്റ്റൽ മുറിയിലെ മൂലയിൽ, കഴിഞ്ഞ ഒരു വർഷമായി തൂങ്ങിക്കിടക്കുന്ന എന്റെ മുൻ കാമുകന്റെ മുഷിഞ്ഞ റോസ് ഷർട്ട് ഒരിക്കൽ കൂടി ഞാനെടുത്തു. സ്നേഹിക്കപ്പെടുക സുഖകരമായ അവസ്ഥയാണ്. മുറിവേറ്റ് അകലുമ്പോഴാണ് സ്നേഹം ഒരു ചോദ്യമായി മാറുന്നത്; ഖൽബ് പിടയുന്നത്.
വീണ്ടും അമോറിലെ വരികൾ: ‘‘കാണാമറയത്തും ഖൽബിലെ താളത്തിനൊപ്പം വരുന്നവനെന്റെ ചെക്കൻ ....’’
എന്റെ ചെക്കൻ, എത്ര മധുരമുള്ള വിളി.
ഞാനും പ്രണയിച്ചിരുന്നു, പക്ഷേ അവശേഷിപ്പുകളായുള്ളത് തുന്നിക്കെട്ടാൻ മറന്നു പോയ മുറിവുകളാണ്.
എന്റെ പ്രണയം പഠിപ്പിച്ചത്, ഗേ പ്രണയരതികളുടെ സോഷ്യോ- പൊളിറ്റിക്കൽ അവസ്ഥകളാണ്. അമോർ വരച്ചിടുന്ന പ്രണയമല്ലായിരുന്നു എന്റേത്. ആരും അറിയാതെ, ഒരു കിടക്കയിലോ ആളൊഴിഞ്ഞ കോഫി കഫയിലോ മാത്രമാണ് അവ പ്രകടമായിരുന്നുള്ളൂ. മനുഷ്യരുടെ ഇടയിൽ സുഹൃത്തുക്കൾ മാത്രമായി പെരുമാറാൻ നിർബന്ധിതനായിരുന്നു ഞാൻ. എന്റെ പ്രണയം ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. അവനും ഭയമായിരുന്നു; ഈ സമൂഹത്തെ. പ്രണയിക്കാനുള്ള എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും ഈ ഹോമോഫോബിക്ക് സമൂഹം അവനു നൽകിയ അനുഭവങ്ങൾ കാരണം മുരടിച്ചുപോയി. എന്റെ ചുറ്റുമുള്ള ഗേ മനുഷ്യരുടെ ആത്മഹത്യകളും അവരുടെ മാനസിക സംഘർഷങ്ങളും പ്രണയ രാഹിത്യവും ദുഃഖവും എന്നെ അലട്ടുന്നുണ്ട്. പ്രണയം വളരെ പ്രിവിലേജ്‌ഡായ ഒന്നായി തോന്നുന്നു; നിറവും ശരീരപ്രകൃതിയും സാമ്പത്തിക ശേഷിയും മാനസികസ്ഥിരതയും മുഖ്യധാരാ സങ്കൽപ്പങ്ങളുമായി യോജിച്ചുപോകുന്നവർക്കുള്ള ഒന്നായി പ്രണയം മാറിയ പോലെ. ഇത്രയും വിരഹവുമായി അമോർ കാണുന്ന എനിക്ക് ഈ പ്രണയം അന്യമാണ്; അല്ലെങ്കിൽ ഇതുവരെ അനുഭവിക്കാത്ത ഒന്നിനോടുള്ള അപരിചിതത്വം.
എങ്കിലും, ഗേ പ്രണയങ്ങളെ ഒരു രാത്രിയുടെ സുഖത്തിൽ കൈകഴുകി പിൻമാറുന്ന പ്രക്രിയയായി കാണുന്ന സമൂഹത്തിനുമുമ്പിൽ അമോർ വിളമ്പിയിട്ടിരിക്കുന്നത്, ഗേ പ്രണയ രതി സുഖങ്ങളുടെ ആവേശലഹരിയാണ്; രക്തവും മാംസവും ചിന്തയുമുള്ള ഗേ മനുഷ്യരുടെ സ്നേഹ പ്രകടനങ്ങൾ. കൊതിയാകുന്നു, ഒരുവനെ ‘ന്റെ ചെക്കൻ’ എന്ന് പ്രണയഭാവത്തോടെ വിളിക്കാൻ. അമോറിലെ കാമുകന്മാർ പരസ്പരം ശരീരമറിഞ്ഞ് കെട്ടിപ്പിടച്ചതുപോലെ ഒരുവനെ നെഞ്ചോടു ചേർക്കണം. പുരുഷഗന്ധം പ്രണയത്തിൽ ചാലിച്ചു രുചിക്കണം.
അമോറിലെ അവസാന രംഗത്തിൽ ഒരുവൻ തന്റെ കാമുകന്റെ മാറിൽ കിടക്കുന്ന രംഗം പോസ് ചെയ്ത് പല തവണ നോക്കി. രണ്ടു പുരുഷന്മാർ പ്രണയസുഖത്തിൽ ചേർന്നുകിടക്കുന്നു. എന്റെ ഫോൺ പൊട്ടിത്തെറിച്ചില്ല, ആകാശം താഴെ വീണില്ല, ഇതു കണ്ടതുകൊണ്ട് ആരുടെയും പുരുഷത്വം ചോർന്നുപോയതുമില്ല. ഒരു നിമിഷത്തേയ്ക്ക് കേരളത്തിലെ ചില മതസംഘടനകളും മനുഷ്യവിരുദ്ധ എൻ.ജി.ഒകളും നടത്തിവരുന്ന ആൻറി - ഗേ പ്രകടനങ്ങൾ ഓർമ വന്നു. വർഷങ്ങൾക്കുമുമ്പ് എഴുതിയ ചില പുസ്തകങ്ങളിലെ സ്ത്രീവിരുദ്ധതയും ഹെട്രോ നോർമേറ്റിവിറ്റിയും മാറ്റമില്ലാതെ തുടരുന്ന പല മതങ്ങളുടെയും ചെളിവാരി എറിയലും ആയിട്ടവ തോന്നുന്നു. ഗേ വ്യക്തികളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ സ്വയം പ്രഖ്യാപിത യുവ ജനത സംരക്ഷണ എൻ.ജി.ഒക്കുനേരെ ഒരു നിയമവും, അതിന്റെ മനുഷ്യവിരുദ്ധതയെ ചോദ്യം ചെയ്യുകയോ റജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ലഭിച്ചിട്ടില്ല തുടങ്ങിയ കാരണങ്ങൾ നിരത്തുന്ന സമൂഹം, ഇന്നും അതിരുവൽക്കരിക്കപ്പെട്ട, ചൂഷണവിധേയരായ മനുഷ്യർ നിശ്ശബ്ദരാക്കപ്പെടുന്നതോ അൺപ്രിവിലേജ്ഡ് ആകുന്നതോ ചിന്തിക്കുന്നില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ അമോറിനെതിരെ വന്ന പല കമന്റുകളും ചിന്തിപ്പിക്കുന്നവയാണ്. ഷെയർ ചെയ്ത വ്യക്തികളെ തെറി വിളിക്കുക തുടങ്ങിയ പ്രകടനങ്ങളാണ് അവിടെ. സിസ് -ഹേട്രോ നോർമേറ്റിവിറ്റി മനുഷ്യത്വവിരുദ്ധമാക്കിയ ചിന്താഗതികൾ. വിഷലിപ്തമായ പുരുഷത്വം ഊർന്നുവരുന്നത് മതപുസ്തകങ്ങളിലെ സ്ത്രീ വിരുദ്ധതയിൽനിന്നും, അടിച്ചേൽപ്പിക്കുന്ന സ്ത്രീ-പുരുഷ വാർപ്പുമാതൃകകളിൽ നിന്നുമാണ്. ആത്മഹത്യ ചെയ്യേണ്ടി വരുന്ന ഗേ മനുഷ്യരുടെ മരണത്തിനുള്ള ഉത്തരവാദികളുടെ പട്ടികയിൽ പരാജയപ്പെട്ട ഈ സമൂഹത്തിന്റെ പ്രണയ സങ്കൽപ്പങ്ങൾക്കും സ്ഥാനമുണ്ട്.
അമോർ ഇതിനെല്ലാം ഒരു മറുപടിയാണ്. ഗേ വിരുദ്ധതയുടെ മുഖത്തുനോക്കിയുള്ള പരിഹാസ ചിരിയും സ്വാതന്ത്ര്യത്തിന്റെ ആഘോഷവുമാണ് ഈ ആൽബം - ‘ഗേ ആൽബം.’ ഇവിടെ രണ്ടു പുരുഷന്മാർ ചുംബിക്കുന്നു. ഒരുവൻ മറ്റൊരുവന്റെ ശരീരമറിഞ്ഞു താലോലിക്കുന്നു. അവരുടെ ശരീരവും മനസ്സും പ്രണയലഹരിയിൽ മതിമറക്കുന്നു. അവർ ചിലപ്പോൾ സുഖരതിയിൽ ഏർപ്പെട്ടിട്ടുണ്ടാകും. ഇരുവരും പുരുഷ ശരീരത്തിന്റെ ഗന്ധവും രുചിയും അറിഞ്ഞിട്ടുണ്ടാകും. നഗ്നരായി കിടന്നുറങ്ങിയിട്ടുണ്ടാകും. എല്ലാം സ്ത്രീ- പുരുഷ വാർപ്പുമാതൃകകളെയും രതിസങ്കൽപ്പങ്ങളെയും വിഷലിപ്തമായ പുരുഷത്വത്തെയും മതത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെയും ഉറക്കെ കളിയാക്കുന്നു. അമോർ ഇതിനോടെല്ലാമുള്ള സമരമാണ്.
അമോറിനു ജീവൻ നൽകിയ ജിജോയ്ക്കും റ്റിസി ടീച്ചറിനും ടീമിനും നന്ദിയുണ്ട്. ഞങ്ങൾ ഇനിയും പ്രണയിക്കട്ടെ. രാവും പകലും എല്ലാ ഋതുക്കളിലും പ്രണയം രുപിക്കട്ടെ. പ്രെെഡ് മാസത്തിൽ എനിയ്ക്കു ലഭിച്ച മനോഹരമായ സമ്മാനമാണ് അമോർ.
ഒരു ആത്മഗതം കൂടി; ‘ന്റെ ചെക്കാ, വരൂ, എനിയ്ക്കു നിന്റെ ചൂടേറ്റ് അമോറിലെ പോലെ മയങ്ങണം.’