Photo : pexels.com

ഫാസിസ്​റ്റ്​ വിരുദ്ധർ നിർമിച്ചെടുക്കുന്ന
സ്വവർഗ ലൈംഗികപ്പേടി

രാഷ്ട്രീയ ശത്രുവിനെ നേരിടാനുള്ള കരുവായി ഇടതുപക്ഷം അടക്കമുള്ളവർ സ്വവർഗ ലൈംഗികതയെ യാതൊരു സങ്കോചവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്​. സവർക്കറുടെ വർഗീയ നിലപാടുകളെക്കാൾ സ്വവർഗ ലൈംഗികത മുഖ്യ ചർച്ചയായി ഈയിടെ ഇടം പിടിച്ചത്​ ഇതിന്​ ഉദാഹരണമാണ്​. ഈ വഴിവിട്ട ചർച്ചകൾക്കുപിന്നിലെ താൽപര്യം അന്വേഷിച്ചാൽ അത്​ സ്വവർഗ ഭീതിയുടെ ചരിത്രത്തിലാണ്​ ചെന്നെത്തുക.

ആദി

‘‘This does not mean that fascism is homosexual, or that homosexuality is fascist. The vast majority of homosexuals have been antifascist, while the vast majority of fascists have been heterosexuals.’’Andrew Wackerfuss

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ സിനിമയാണ് ഋതു.
മൂന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് കഥ. ആസിഫലി അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം സ്വവർഗാനുരാഗിയാണെന്ന സൂചന സിനിമയിലുണ്ട്. സുഹൃത്തുക്കളെ ഒറ്റി സോഫ്റ്റ്‌വെയർ വിൽക്കുമ്പോഴാണ് സണ്ണിയുടെ ലൈംഗികാഭിമുഖ്യം സിനിമയിൽ പരസ്യമായി പരാമർശിക്കപ്പെടുന്നത്. ഇത് നിഷ്‌കളങ്കമായ സംഭവമാണെന്ന് കരുതാൻ വയ്യ. സണ്ണിയുടെ ചതിയും സണ്ണിയുടെ ലൈംഗികതയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ, സ്വവർഗ ലൈംഗികത ചിത്രീകരിക്കപ്പെട്ട ചലച്ചിത്രങ്ങളിലേറെയും ഈ തരത്തിലുള്ള ഒരു നരേഷൻ സ്വീകരിച്ചു കണ്ടിട്ടുണ്ട്. വെള്ളിത്തിരയിൽ പലപ്പോഴും പ്രതിനായക പദവിയുള്ള കുറ്റവാളികളായാണ് സ്വവർഗാനുരാഗികൾ പ്രത്യക്ഷപ്പെട്ടത്. മുംബൈ പൊലീസിലെ (2013) ആന്റണി മോസസിനെ പോലെ കൂട്ടുകാരെ അവർ നിഷ്‌ക്കരുണം കൊന്നൊടുക്കി. സൈലൻറ്​ വാലിയിലെ (2012) ശബാനയും ഗേൾസിലെ (2016) ക്ലാരയുമൊക്കെ ഇതിന്റെ തന്നെ തുടർച്ചയാണ്.

വെള്ളിത്തിരയിൽ പലപ്പോഴും പ്രതിനായക പദവിയുള്ള കുറ്റവാളികളായാണ് സ്വവർഗാനുരാഗികൾ പ്രത്യക്ഷപ്പെട്ടത്. മുംബൈ പൊലീസിലെ (2013) ആന്റണി മോസസിനെ പോലെ.

മലയാള സിനിമയിൽ മാത്രമല്ല, ലോകസിനിമയിലുടനീളം ഈ പ്രതിഭാസമുണ്ട്. അമേരിക്കൻ സിനിമയിൽ ഭിന്നവർഗ ലൈംഗികേതരമായ കാമനകൾ നിരോധിക്കപ്പെട്ടത് ഹെയ്സ് കോഡിന്റെ (The Motion Picture Production Code) സഹായത്താലാണ്. ഇക്കാലത്ത്, സാമൂഹ്യവിരുദ്ധരും മനോരോഗികളും വില്ലന്മാരുമായി വിമത (Queer) ശരീരങ്ങൾ സിനിമയിൽ ചിത്രീകരിക്കപ്പെട്ടു. വിമത ലൈംഗികത തെറ്റാണെന്ന ചിന്ത പ്രേക്ഷകരിൽ വളർത്താനെന്നോണം ഈ തരത്തിലുള്ള പ്രതിനിധാനങ്ങളെ ഹെയ്സ് കോഡ് അനുവദിച്ചുകൊടുത്തിരുന്നു. അമേരിക്കൻ ഹൊറർ സിനിമകളെ മുൻനിർത്തിയുള്ള പഠനങ്ങളിൽ സ്വവർഗ ലൈംഗികതയുടെ ഒരധോലോകം ഈ സിനിമകൾ സൂക്ഷിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. 1790 കളിലെ ഗോഥിക് നോവലുകളുടെ സ്വാധീനം ഹൊറർ സിനിമകളുടെ അടിത്തറയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാത്യൂ ലൂയിസ്, വില്യം തോമസ് ബെക്‌ഫോഡ്, ഫ്രാൻസിസ് ലാതോം തുടങ്ങിയ ഗോഥിക് എഴുത്തുകാരെല്ലാം സ്വവർഗാനുരാഗികളായിരുന്നു. സ്വവർഗ ലൈംഗികതയെ മൂർത്തമായി അവതരിപ്പിക്കാൻ വിലക്കുകളുണ്ടായിരുന്നതിനാൽ വായനക്കാർക്ക് സ്വീകാര്യമായ തരത്തിൽ കാമനയെ ഉദാത്തീകരിക്കുകയാണ് ഗോഥിക് എഴുത്തുകാർ ചെയ്തതെന്ന് ജെയിംസ് ജെൻകിസ് നിരീക്ഷിക്കുന്നുണ്ട്.

ജുറാസിക് പാർക്കിനെ (1993) മുൻനിർത്തി സ്ലാവോയ് സിസെക്ക് അവതരിപ്പിക്കുന്ന ചില രസകരമായ നിരീക്ഷണങ്ങളെ ഇതിനോട് ചേർത്തുവെക്കാം. സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമകളെ കുറിച്ച് പഠിക്കുമ്പോഴാണ് ഭിന്നവർഗ ലൈംഗിക (Heterosexual) കുടുംബ ക്രമത്തെയും തന്തയുടെ അധികാരത്തെയും ഭദ്രമാക്കാനുള്ള പണിയാണ് ഈ സിനിമകളേറെയും പയറ്റുന്നതെന്ന് സിസെക്ക് നിരീക്ഷിക്കുന്നത്. ഭിന്നവർഗ ലൈംഗികമാനകമായ ഒരു ക്രമത്തിൽ ചില പിരിമുറുക്കങ്ങൾ സ്പിൽബർഗിന്റെ ജുറാസിക്ക് പാർക്ക് സൃഷ്ടിക്കുന്നുണ്ട്. ലിംഗ- യോനീ ബന്ധത്തിലൂടെയല്ലാതെ, ചില സയന്റിസ്റ്റുകളുടെ ഒത്താശയോടെയാണ് ലബോറട്ടറിയിൽ ദിനോസറുകൾ സൃഷ്ടിക്കപ്പെടുന്നത്; ‘പ്രകൃതിവിരുദ്ധമായ' ഒരു സൃഷ്ടി. ദിനോസറുകൾക്കാകട്ടെ ‘സ്വാഭാവിക' പ്രത്യുൽപ്പാദനത്തിൽ ഏർപ്പെടാൻ സാധിക്കില്ലെന്ന് സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. കാരണം, അവയെല്ലാം പെണ്ണുങ്ങളാണ്. ഭിന്നവർഗ ലൈംഗികമൂശക്കുപുറമേയുള്ള ‘സ്വാഭാവികമായ' പ്രത്യുൽപ്പാദന ശേഷിയില്ലാത്ത ഈ ഭീകരികളായ ജീവികളാണ് സിനിമയിൽ ശത്രുപക്ഷത്ത്. സിനിമയുടെ അവസാനത്തിലാകട്ടെ, രണ്ട് കുട്ടികളും ഒരു മുതിർന്ന പുരുഷനും സ്ത്രീയും അടങ്ങുന്ന ഭിന്നവർഗ ലൈംഗിക കുടുംബത്തിന്റെ തന്നെ പകർപ്പാണ് അതിജീവിക്കുന്നത്. സ്റ്റോൺവാൾ വിമോചന സമരകാലം വരെയെങ്കിലും വിമത ശരീരങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും എതിർക്കപ്പെടേണ്ട ഒരു ശത്രുവിന്റെ സ്ഥാനമാണ് ലോക സിനിമയിലുണ്ടായിട്ടുള്ളതെന്ന് ഈ അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ജുറാസിക് പാർക്കിൽ നിന്നൊരു രംഗം

സവർക്കറുടെ സ്വവർഗ ലൈംഗികത

മറ്റൊരു വിഷയത്തിലേക്ക് കടക്കാം. കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നല്ലോ. പല തരം പ്രതികരണങ്ങൾ ഈ വിഷയത്തിന്മേലുയർന്നു. ഇതിനിടയിലാണ് ക്ലബ് ഹൗസിൽ ഒരു ചർച്ച ശ്രദ്ധയിൽപ്പെട്ടത്. ‘സവർക്കറെ പഠിക്കണം- എസ്.എഫ്.ഐ, എന്ത്? സ്വവർഗരതിയോ'-എന്നതായിരുന്നു ചർച്ചാവിഷയം. ക്വിയർ മനുഷ്യർ ചർച്ചയിൽ ഇടപെടുകയും വിഷയത്തിലെ സ്വവർഗഭീതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതേ തുടർന്ന്, മോഡറേറ്റർ തെറ്റ് തിരുത്തിയെന്നും ക്വിയർ കമ്യൂണിറ്റിയോട് മാപ്പ് പറഞ്ഞെന്നും കേട്ടു. നല്ലത്.
മുമ്പും സവർക്കർ- ഗോഡ്സെ ബന്ധം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. 2020-ൽ അഖിലേന്ത്യ കോൺഗ്രസ് സേവാദൾ പരിശീലന ക്യാമ്പിൽ വിതരണം ചെയ്യാനിരുന്ന ‘വീർ സവർക്കർ കിതനെ വീർ' എന്ന ബുക്ക്‌ലെറ്റാണ് അന്ന് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘സവർക്കർ എത്ര ധീരനായിരുന്നു?’ എന്ന ലഘുലേഖയുടെ 14ാം പേജിൽ സവർക്കറും ഗാന്ധി ഘാതകനായ നാഥൂറാം വിനായക് ഗോഡ്സെയും തമ്മിലുള്ള ശാരീരിക ബന്ധത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ഡൊമിനിക് ലാപിയറിന്റെയും ലാറി കോളിന്റെയും ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പുസ്തകത്തെ മുൻനിർത്തി ബുക്ക്​ലെറ്റ്​ പറയുന്നു: ‘നാഥുറാം ഗോഡ്സെ ബ്രഹ്മചര്യ സ്വീകരിക്കുന്നതിനുമുമ്പ്, അദ്ദേഹത്തിന്റെ ശാരീരിക ബന്ധത്തെക്കുറിച്ച് ഒരു പരാമർശം മാത്രമേയുള്ളൂ. ബ്രഹ്മചര്യ സ്വീകരിക്കുന്നതിനുമുന്നേ ഗോഡ്സെക്കുണ്ടായിരുന്ന ഒരേയൊരു ശാരീരിക ബന്ധം തന്റെ രാഷ്ട്രീയഗുരു വീർ സവർക്കറുമായുള്ള സ്വവർഗരതി മാത്രമായിരുന്നു.’

അമേരിക്കൻ സിനിമയിൽ ഭിന്നവർഗ ലൈംഗികേതരമായ കാമനകൾ നിരോധിക്കപ്പെട്ടത് ഹെയ്സ് കോഡിന്റെ (The Motion Picture Production Code) സഹായത്താലാണ്.

ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ പല ഇടത്- വലത്- പുരോഗമന പ്രൊഫൈലുകളും, ശാഖകൾ സ്വവർഗരതിയുടെ ഇടങ്ങളാണെന്നുള്ള തരത്തിൽ അധിക്ഷേപങ്ങളെഴുതിവിട്ടു. രാഷ്ട്രീയ ശത്രുവിനെ നേരിടാനുള്ള ഒരു കരുവായി യാതൊരു സങ്കോചവുമില്ലാതെ അവർ സ്വവർഗ ലൈംഗികതയെ ഉപയോഗിച്ചു. സവർക്കറുടെ വർഗീയ നിലപാടുകളെക്കാൾ സവർക്കറുടെ സ്വവർഗ ലൈംഗികത മുഖ്യ ചർച്ചയായി ഇടം പിടിച്ചു. ഈ ചർച്ചകളെല്ലാം ഫലത്തിൽ വലിയ തോതിലുള്ള സ്വവർഗ ഭീതിയാണ് കെട്ടഴിച്ചുവിട്ടത്. സവർക്കറുടെ സ്വവർഗ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള ഈ വഴിവിട്ട ചർച്ചകൾക്കുപിന്നിലെ താൽപ്പര്യമെന്താണ്? ഈ ചോദ്യത്തിന്റെ ഉത്തരം ഒരു പക്ഷേ സ്വവർഗ ഭീതിയുടെ ചരിത്രത്തിലേക്ക് വഴിവെട്ടാൻ പോന്നതാണ്.

ഫാസിസം = സ്വവർഗ ലൈംഗികത

Homosexuality foils all productivity.... We must understand that if this vice continues to spread throughout Germany without our being able to fight it, it will be the end of Germany, the end of the Germanic world.- Heinrich Himmler, speech of February 18, 1937).

ചരിത്രത്തിലെ ഏറ്റവും സ്വവർഗ ഭീതിദമായ അന്തരീക്ഷമായിരുന്നു ഇരുപതാം നൂറ്റാണ്ടിലേത്. ഹിറ്റ്‌ലർ ജർമനിയിൽ അധികാരത്തിലേറിയശേഷം സ്വവർഗാനുരാഗികൾ വലിയ തോതിൽ വേട്ടയാടപ്പെട്ടു. ഈ ഘട്ടത്തിൽ പാരഗ്രാഫ്​175 ഉപയോഗിച്ച് 50,000ലേറെ സ്വവർഗാനുരാഗികളെയാണ് നാസി തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചത്. ആര്യൻ വംശശുദ്ധിയെ നിലനിർത്താൻ സംഭാവന ചെയ്യാത്ത, രണ്ടാംകിട ശരീരങ്ങളായാണ് സ്വവർഗാനുരാഗികളെ നാസികൾ എണ്ണിയത്. പിങ്ക് ത്രികോണാകൃതിയിലുള്ള ഒരടയാളം എളുപ്പം തിരിച്ചറിയാൻ ക്യാമ്പുകളിലെ സ്വവർഗാനുരാഗികളുടെ മേൽ പതിപ്പിച്ചിരുന്നു. ക്യാമ്പുകളിൽ സ്വവർഗ്ഗാനുരാഗികളുടെ ജീവിതം മറ്റുള്ളവരേക്കാളും പരിതാപകരമായിരുന്നുവെന്ന് Eugen Kogan എഴുതുന്നുണ്ട്. കാൾ പീറ്റർ വേർനെറ്റിന്റെ നേതൃത്വത്തിൽ ഹോർമോൺ പരീക്ഷണങ്ങൾക്ക്​ വ്യാപകമായി സ്വവർഗാനുരാഗികളെയാണ് വിധേയമാക്കിയിരുന്നത്.

1934-ൽ സോവിയറ്റ് യൂണിയനിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രത്തിൽ മാക്സിം ഗോർക്കി ‘സ്വവർഗ ലൈംഗികത ഒഴിവാക്കൂ, ഫാഷിസം അപ്രത്യക്ഷമാകും' എന്നെഴുതുമ്പോൾ നാസി ക്യാമ്പുകളിൽ സ്വവർഗാനുരാഗികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. സ്വവർഗാനുരാഗികൾക്കുമേലുള്ള നാസി ഹിംസകളെ മറച്ചു വെച്ചാണ് ‘സോഷ്യലിസം= പ്രകൃതി സഹജം/സ്വാഭാവികം/ഭിന്നവർഗ ലൈംഗികം’; ‘ഫാസിസം= പ്രകൃതിവിരുദ്ധം/സ്വവർഗ ലൈംഗികത’ എന്ന വിചിത്ര സമവാക്യം ഗോർക്കി അവതരിപ്പിക്കുന്നത്. നാസികളുടെ തകർച്ചയ്ക്ക് ശേഷവും സ്വവർഗാനുരാഗികളുടെ ദുരിതം അവസാനിച്ചിരുന്നില്ല. യുദ്ധാനന്തരം തടങ്കൽപ്പാളയങ്ങളിൽ നിന്ന് പലരും മോചിക്കപ്പെട്ടെങ്കിലും, സ്വവർഗാനുരാഗികളെ ജർമനിയിലെയും സോവിയറ്റ് യൂണിയനിലെയും ജയിലുകളിലേക്കാണ് അയച്ചത്. തുടർന്നും, 1969- വരെ പാ​രഗ്രാഫ്​ 175-ന്റെ ബലത്തിൽ സ്വവർഗാനുരാഗികൾ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഈ ചരിത്രത്തിൽ കാലുവെച്ചാണ് ഗോർക്കിയുൾപ്പെടെയുള്ള ഫാസിസ്റ്റ് വിരുദ്ധ ധാര സ്വവർഗാനുരാഗികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രചരണങ്ങളിലേർപ്പെട്ടത്. ഈ പ്രചാരണ വേലക്കു പിന്നിലാകട്ടെ കൃത്യമായ രാഷ്ട്രീയ താൽപര്യങ്ങളുണ്ടായിരുന്നു.

‘ഗേ ഫാസിസം' എന്ന മിത്ത്

ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന സ്വവർഗാനുരാഗിയായ ​ക്ലോസ്​ മാൻ സ്വവർഗ ലൈംഗികതയെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി Left and Vice (1934 ) എന്ന കുറിപ്പിൽ എഴുതുന്നുണ്ട്. 1930-കളുടെ തുടക്കത്തിൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റുകളും കമ്യൂണിസ്റ്റുകാരും ഒരേ പോലെ ഏണസ്റ്റ് റോമിനെ പോലെയുള്ള നാസി നേതാക്കളുടെ സ്വവർഗ ലൈംഗികത പരസ്യമാക്കുന്നുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് മുന്നേറ്റത്തെ അപ്പാടെ പ്രതിക്കൂട്ടിൽ നിർത്താനായാണ് ഫാസിസ്റ്റ് വിരുദ്ധർ ഈ തന്ത്രം സ്വീകരിച്ചത്. നാസിസത്തെ സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെടുത്തുന്ന/സമീകരിക്കുന്ന സ്റ്റീരിയോടൈപ്പുകളെ ഫാസിസ്റ്റ് വിരുദ്ധരായ ഇടത് നിർമിച്ചെടുക്കുകയുണ്ടായി. നാസി ക്യാമ്പുകൾ സ്വവർഗ ലൈംഗികതയുടെ അരങ്ങാണെന്ന് അവർ പാടിനടന്നു; ശാഖകൾ സ്വവർഗരതിയുടെ സ്ഥാപനങ്ങളാണെന്ന കാമ്പയിൻ പോലെത്തന്നെ.

രണ്ടാം ലോക മഹായുദ്ധത്തിനു മുന്നേ പാരഗ്രാഫ്- 175 പിൻവലിക്കണമെന്ന നിലപാട് ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയ്ക്കുണ്ടായിരുന്നെങ്കിലും, രാഷ്ട്രീയ നേട്ടത്തിന്​ സ്വവർഗഭീതി കെട്ടഴിച്ചുവിടാൻ ഇക്കൂട്ടർക്ക് മടിയുണ്ടായിരുന്നില്ല. പടിഞ്ഞാറൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും സോഷ്യലിസ്റ്റുകൾ സ്വവർഗ ലൈംഗികതയെ നാസിസവുമായി സമീകരിക്കുന്നതിനെ അപലപിക്കുന്ന ക്ലോസ്​ മാൻ ‘നാസികൾ ജൂതന്മാരെ എപ്രകാരമാണോ കണ്ടിരുന്നത്, അതേപോലെയാണ് സ്വവർഗാനുരാഗികളെ ഫാസിസ്റ്റ് വിരുദ്ധർ കാണുന്നതെന്ന്' നിരീക്ഷിക്കുന്നു. നാസി അർദ്ധ സൈനിക ശക്തിയായ എസ്​.എയുടെ നേതൃത്വത്തിലുണ്ടായിരുന്ന റോമിന്റെ ലൈംഗികതയെ രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചത് അതിരുകടന്ന പ്രവൃത്തിയാണെന്ന് മാൻ തിരിച്ചറിയുന്നുണ്ട്. 1934-ലെ ശുദ്ധീകരണവും ഏണസ്റ്റ് റോമിന്റെതുൾപ്പടെയുള്ള കൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതങ്ങളായിരുന്നു. എസ്​.എയുടെ നേതൃത്വം വഹിച്ച റോമും ഹിറ്റ്‌ലറും തമ്മിലുള്ള അഭിപ്രായഭിന്നതകളാണ് ശുദ്ധീകരണത്തിലേക്ക് നയിച്ചത്. ശുദ്ധീകരണത്തിനുശേഷം ഹിറ്റ്​ലർക്ക് വളരെ എളുപ്പം ജർമനിയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിക്കാനായി. ബ്രിട്ടീഷ് ചരിത്രകാരനായ ഡാനിയേൽ സീമെൻസ്​ ഗേ- ഫാസിസമെന്ന മിത്തിനെ പ്രചരിപ്പിക്കുന്നതിൽ നാസികൾക്കുള്ള പങ്കിനെ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാൻ എസ്​.എയുടെ സദാചാരഭ്രംശവും ലൈംഗിക അരാജകത്വവും ഗീബൽസിന്റെ ഒത്താശയോടെ ഹിറ്റ്‌ലർ ഫലപ്രദമായി ഉപയോഗിച്ചു.

2017-ൽ പുറത്തുവന്ന, വലതുപക്ഷ ‘ബുദ്ധിജീവിയായ' ഡിനേഷ്​ ഡിസൂസയുടെ The Big Lie: Exposing the Nazi Roots of the American Left എന്ന കൃതിയിൽ ഹിറ്റ്‌ലർക്ക് സ്വവർഗ ലൈംഗികതയോട് യാതൊരു വിരോധവുമുണ്ടായിരുന്നില്ലെന്ന് വാദിക്കുന്നുണ്ട്. ചരിത്രപരമായി സാധുതയില്ലാത്ത വാദമാണെങ്കിലും യാഥാസ്ഥിതിക വലതുപക്ഷം വ്യാപകമായി ഇപ്പോഴും ഈ മിത്തിനെ പല രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. സവർക്കറും ഹിറ്റ്‌ലറും സ്വവർഗാനുരാഗികളാണെന്ന ആഖ്യാനം രൂപപ്പെടുന്നത് ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ്. ഈയിടെ, സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ലറും മോദിയും പരസ്പരം ഉമ്മ വെയ്ക്കുന്ന ഒരു ചിത്രം ശ്രദ്ധിക്കുകയുണ്ടായി, ഫാസിസവുമായി സ്വവർഗ ലൈംഗികതയെ വളരെ സ്വാഭാവികമായി കണ്ണിച്ചേർക്കുന്ന തന്ത്രമാണ് ഇത്തരം പ്രതിനിധാനങ്ങളെന്നതിൽ സംശയമില്ല.▮

റഫറൻസ്​: Aaron S. Lecklider 2021 : Love's Next Meeting; The Forgotten History of Homosexuality and the Left in American Culture, University of California Press. Andrew Wackerfuss 2015: Stormtrooper Families;Homosexuality and Community in the early Nazi Movement, Harrington Park Press. Daniel Siemens 2017 : Stormtroopers;A New History of Hitler's Brownshirts,Yale University Press. Frederic Spotts 2016 : Cursed Legacy;The Tragic Life of Claus Mann,Tape University Press. Larry Collins and Dominique Lapierre 1976 : Freedom at Midnight,Avon Books. Frederic Spotts 2016 : Cursed Legacy;The Tragic Life of Claus Mann,Tape University Press. Larry Collins and Dominique Lapierre 1976 : Freedom at Midnight,Avon Books.​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments