ശീതൾ ശ്യാം പറയുന്നു; പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്…

രണ്ട് പതിറ്റാണ്ടിലധികമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സജീവമായി ഇ​ടപെട്ട്​ പ്രവർത്തിക്കുന്ന ശീതൾ ശ്യാമുമായി റാഷിദ നസ്‌റിയ നടത്തിയ അഭിമുഖത്തിൽനിന്ന്​ തയാറാക്കിയത്​.

LGBTQAI കമ്യൂണിറ്റികളുടെ ഇടയില്‍ സ്വയം അവരെ തിരിച്ചറിയാനുള്ള പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സ്വിസ്​ ജെന്‍ഡര്‍ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളില്‍ അവരെ തിരിച്ചറിയാനും മനസ്സിലാക്കാനോ പറ്റുന്നുണ്ട്. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയം തിരിച്ചറിയാന്‍ പറ്റാതിരിക്കുക എന്നത് ഒരു അപാകതയാണ്. നമ്മള്‍ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. കുടുംബത്തിനോ, സ്ഥാപനത്തിനോ ഞങ്ങളെക്കുറിച്ച് പറഞ്ഞുതരാന്‍ അറിയില്ല. ഞങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ സുഹൃത്തുക്കളായി ആരും തന്നെയില്ല. ഈ അവസരത്തില്‍ സ്വയം തിരിച്ചറിയുക എന്നത് വളരെ പ്രശ്‌നമുള്ള കാര്യമാണ്. ഇതിന്റെ ഇടയില്‍ വരുന്ന മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ഒക്കെ തരണം ചെയ്യാനായി നമുക്ക് ആരോഗ്യരംഗത്ത് പോലും ഒട്ടും തന്നെ പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകള്‍ ഇല്ല. സമൂഹം കാണുന്നത്, ഈ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് എന്തോ മാനസിക പ്രശ്‌നങ്ങളുണ്ട് എന്നതാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് പൊതുസമൂഹം പറയുന്നു.

ഈയൊരു മനോഭാവം മാറ്റാന്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് തിരിച്ചറിയേണ്ടത്. വിദ്യാഭ്യാസ സമ്പ്രദായമോ കുടുംബസംവിധാനമോ ഒന്നും അത്തരത്തിലുള്ള ബോധം ഉണ്ടാക്കുന്നില്ല. അഥവാ ഏതെങ്കിലും തരത്തില്‍ ഉണ്ടാക്കിയാല്‍ തന്നെ അവയൊക്കെ താഴ്ത്തുന്ന ആളുകള്‍ ചുറ്റുമുണ്ട്. ക്വിയര്‍ സമൂഹത്തില്‍ പെട്ട മനുഷ്യര്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കിലും അതിനെ പലപ്പോഴും നിഷ്‌കരുണമായി റദ്ദ് ചെയ്യുന്ന ഒരുപാട് സംവിധാനങ്ങള്‍ നമ്മുടെ സാമൂഹ്യപരിസരങ്ങളിലുണ്ട്. ഈ പരിസരങ്ങള്‍ പലപ്പോഴും വളരെ അപകടം പിടിച്ചതാണ്.

മാസികാരോഗ്യത്തെക്കുറിച്ച് സാധാരണ മനുഷ്യര്‍ക്കിടയില്‍ പോലും പലപ്പോഴും വലിയ ധാരണയില്ലാത്ത സ്ഥിതിയാണല്ലോ. പ്രത്യേകിച്ച് കുടുംബത്തിനകത്തുള്ള വിവേചനം എങ്ങനെയാണ് സ്ത്രീകള്‍ പോലും തരണം ചെയ്യുന്നത്?. അതിനുള്ള ഫോഴ്‌സ് പോലും നമ്മുടെ ഭരണഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ലൈംഗികാതിക്രമങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍അതിക്രമം നടന്ന ആള്‍ക്കാര്‍ക്കെതിരെയാണ് വലിയ തോതില്‍ അതിക്രമം ഉണ്ടാവുന്നത്. അതിക്രമം നടത്തിയ ആള്‍ക്കെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. ലൈംഗികാതിക്രമങ്ങള്‍ നടന്ന സമയത്ത് ഇരയെ സംരക്ഷിക്കുന്ന ഇടങ്ങള്‍ ഉണ്ടെങ്കിലും ഇരകള്‍ അവിടെ അകപ്പെട്ടു കഴിയുന്ന അവസ്ഥയാണ്. പിന്നെ അവര്‍ക്ക് പുറത്തിറങ്ങാനും അവരുടെ കഴിവുകള്‍ പുറത്തെടുക്കാനും അവസരം ഉണ്ടാവില്ല. ഒരു ഭരണകൂടമാണ് പിന്നെ അവരെ സംരക്ഷിക്കുന്നത്. അവരുടെ കുടുംബം പോലും അവരെ ഉപേക്ഷിച്ചുകഴിഞ്ഞു. ഇതൊരു ഉത്തരവാദിത്തമില്ലാത്ത സംവിധാനമാണ്. നമുക്ക് കമ്മ്യൂണിറ്റികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല.

കമിങ്​ ഔട്ടുക​ളുടേത്​
ഭീതിജനകമായ ചരിത്രം

കേരളത്തില്‍ നടന്നുവന്നിട്ടുള്ള കമിങ് ഔട്ടുകള്‍ക്ക് വളരെ പേടിപ്പെടുത്തുന്ന ചരിത്രമുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആളുകളുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് സംസാരിക്കാനും ഇടപെടാനും സാധിക്കൂ. അല്ലെങ്കില്‍ അവര്‍ക്ക് സംഘടനകള്‍ വേണം.

രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അവരെ ആരാണ് പിന്തുണക്കുന്നത് എന്നത് ഒരു ചോദ്യമാണ്. ഭരണകൂടത്തിന് പിന്തുണക്കാന്‍ സാധിക്കുന്നുണ്ടോ? സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനകള്‍ പിന്തുണക്കുമോ? ഞാന്‍ എന്തെങ്കിലും അതിക്രമം നേരിട്ടാൽ ഒറ്റക്കാണ് അതിനെ നേരിടേണ്ടത്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ മറ്റൊരു വ്യക്തിയുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം സമൂഹത്തെ നേരിടണം. പിന്നെ കോടതിയില്‍ പോകണം. കോടതിയില്‍ നിന്ന് ഉത്തരവാദിത്തപരമായ വിധി വാങ്ങണം. അതിന്​ അഡ്വക്കേറ്റിനെ സമീപിക്കണം. എന്നെ പിന്തുണക്കുന്ന ആളുകളെ ഇതറിയിക്കണം. അങ്ങനെ എന്തെല്ലാ കഴിഞ്ഞുവേണം ഒരു വ്യക്തിയെ ഇഷ്ടപ്പെടാനും ഒരുമിച്ച് താമസിക്കാനും പറ്റുന്നത്. സ്വിസ് മനുഷ്യര്‍ക്കിടയില്‍ രണ്ടു വ്യക്തികള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ കുടുംബവും സമൂഹവും പിന്തുണക്കും. കുടുംബം എന്ന സംവിധാനത്തിലേക്ക് അവര്‍ ഉള്‍പ്പെടുകയാണ്. പിന്നെ അവരെ ഫാമിലിയായിട്ടാണ് കാണുന്നത്. എന്നാല്‍ ക്വിയര്‍ ആളുകള്‍ ഒരുമിച്ചു ജീവിച്ചാല്‍ അവരെ കുടുംബമായി പോലും കാണുന്നില്ല. അതില്‍ ആര് സ്ത്രീ ആര് പുരുഷന്‍ എന്ന ചോദ്യം എപ്പോഴും ഉണ്ട്. പ്രത്യേകിച്ച് ട്രാന്‍സ് വുമണ്‍ ആയവരെ സ്ത്രീയായി പരിഗണിക്കാത്ത അവസ്ഥയുണ്ട്. ട്രാന്‍സ്‌മെന്‍ ആളുകളെ പുരുഷനായി പരിഗണിക്കാത്ത അവസ്ഥയുമുണ്ട്. വളരെ പുരോഗമനമെന്ന് പറയുന്ന കേരളത്തില്‍ പോലും ഇതില്‍ മാറ്റമില്ല.

ലെസ്ബിയൻ പങ്കാളികളായ സുമയ്യയും അഫീഫയും

കമിങ് ഔട്ട് ചെയ്യുന്ന അവസരങ്ങളില്‍ കുടുംബം അതിനെ എതിര്‍ക്കുകയും ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. കുടുംബങ്ങള്‍ പിന്നെ അവരെ ഏല്‍പ്പിക്കുന്നത് ആരോഗ്യ സംവിധാനത്തെയാണ്. ഈ ആരോഗ്യ സംവിധാനങ്ങളൊക്കെയും നിയമവിരുദ്ധമായിട്ടുള്ളതാണ്. പ്രത്യേകിച്ച് കണ്‍വെര്‍ഷന്‍ തെറാപ്പി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുപോലെ പള്ളികള്‍, മദ്രസകള്‍ തുടങ്ങി തെറ്റായ സംവിധാനങ്ങളിലേക്കാണ് ഇവര്‍ എത്തുന്നത്.

അംഗീകരിക്കപ്പെടാത്ത
ജന്‍ഡര്‍ ഐഡന്റിറ്റി

ട്രാന്‍സ്മെന്‍ ആയവർക്കുനേരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍, ലെസ്ബിയന്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍, എന്നിവ കാണുമ്പോള്‍ അറിയാം, നമ്മള്‍ എത്ര ഭീതിയോടെയും ഭയത്തോടെയുമാണ്​ സമൂഹത്തില്‍ ജീവിക്കേണ്ടിവരുന്നത് എന്ന്​. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് പോലും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് യാതൊരു തരത്തിലുള്ള അവയര്‍നസും കിട്ടാത്ത ആളുകള്‍ എങ്ങനെയാണ് അതിജീവിക്കുന്നത് എന്നതാണ് യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നം. മറ്റൊന്ന് ക്വിയര്‍ കമ്മ്യൂണിറ്റികളുടെ ജന്‍ഡര്‍ ഐഡന്റിറ്റി, സെക്ഷ്വല്‍ഐഡന്റിറ്റി അംഗീകരിക്കാത്ത അവസ്ഥയുണ്ട്. പ്രത്യേകിച്ച് വുമണ്‍ ഐഡന്റിറ്റി ആയിട്ടുള്ള ആളുകളുടെ സ്‌ത്രൈണതയെ അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

തൊഴിലുമായി ബന്ധപ്പെട്ട് നോക്കിയാല്‍, സ്‌ത്രൈണതയുള്ള ഒരാളെ തൊഴിലിലേക്ക് എടുക്കുന്നു. പോലീസില്‍ അല്ലെങ്കില്‍ അധ്യാപനത്തില്‍ എങ്ങനെയാണ് ഈ സംവിധാനം നിലനില്‍ക്കുന്നത് എന്നത് നമുക്കറിയാം. അതുപോലെ കമ്മ്യൂണിറ്റിയില്‍ പെട്ട ആളുകള്‍ക്ക് തൊഴില്‍ സംവിധാനങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ജീവിതത്തില്‍ ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള വിവേചനം അനുഭവിച്ചു വേണം ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍. അത് അത്ര എളുപ്പമല്ല.

ഇൻക്ലൂസീവ്​നെസ്സിനെക്കുറിച്ച്​

എന്നെ സംബന്ധിച്ച്​, വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിട്ട്. ഇവിടെ ഒരുതരത്തിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ നിന്നാണ് മറ്റൊരു നാട്ടില്‍ പോകുന്നത്. അവിടെ ഇത്തരം മനുഷ്യര്‍ ചെറുതായിട്ടെങ്കിലും അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് കുറെനാള്‍ അവിടെ ജീവിച്ചത്. തിരിച്ച്​ നാട്ടില്‍ വരുമ്പോള്‍ സ്ത്രീകള്‍ക്കുപോലും വലിയ തോതിലുള്ള ഇടമില്ല. സ്ത്രീകള്‍ നൃത്തം ചെയ്യാനും അഭിനയിക്കാനും തുറന്നു സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. അങ്ങനെ ക്വിയര്‍ കമ്മ്യൂണിറ്റിയിലെ ആളുകള്‍ക്കുകൂടി പറ്റുന്ന ഒരു സംവിധാനമുണ്ടാകണം. എന്നാല്‍ അത് ഇതുവരെ സാധിച്ചിട്ടില്ല. അതൊരു വലിയ പോരായ്മ തന്നെയാണ്. കാരണം നമ്മളെല്ലാം മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെയാണ് സ്വപ്നം കാണുന്നത്.

ശീതൾ ശ്യാം

സമൂഹത്തിന് അതിന് പറ്റുന്ന ഒരു ആലോചന പോലുമില്ലെങ്കില്‍ നമുക്ക് എങ്ങനെയാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുക. ഞാന്‍ അനുഭവിക്കുന്ന എന്റെ സ്വകാര്യതയെ പലപ്പോഴും റദ്ദ് ചെയ്യാറുണ്ട്. പലപ്പോഴും ചിന്തിക്കുന്നത്, എങ്ങനെയായിരിക്കും തുടര്‍ന്നുള്ള ജീവിതം എന്നതാണ്. എന്നെ ഒരാള്‍ കാണുമ്പോള്‍ ആദ്യം നോട്ടമായിരിക്കും ഉണ്ടാവുക. ആ നോട്ടത്തില്‍ ഞാന്‍ ആരാണെന്ന ചോദ്യം ഉണ്ടായിരിക്കും. ആ ചോദ്യത്തില്‍ നിന്ന് പിന്നെ എന്റെ എല്ലാ ജീവിതത്തെക്കുറിച്ചും സംസാരിക്കേണ്ടിവരുന്നു. അതൊരു പുരുഷനാണെങ്കില്‍ പുരുഷനാണോ എന്നൊന്നും ചോദിക്കില്ല. എന്നാല്‍ നമ്മുടെ സ്വകാര്യതയെ കുറിച്ച് പോലും ആളുകള്‍ നിര്‍ബന്ധപൂര്‍വ്വം ചോദിക്കുന്നു. സ്ത്രീകളുടെ കാര്യവും അങ്ങനെ തന്നെയാണ്. സ്ത്രീകള്‍ പലപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്, ഞാനൊരു സ്ത്രീയാണ്, എനിക്ക് സ്ത്രീയാണെന്ന പരിഗണന വേണം എന്നുള്ളതാണ്. ഞങ്ങളും നിരന്തരം ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. അത് അഡ്രസ്സ് ചെയ്യപ്പെടണം. എങ്കില്‍ മാത്രമേ ഇവിടെ അതിജീവിക്കുവാന്‍ പറ്റൂ. ഇത് പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ട്. അതായത് എന്റെ ജീവിതത്തിലേക്ക് പലര്‍ക്കും ഇടപെടാനുള്ള സാഹചര്യം ഞാനായിട്ട് ഒരുങ്ങിക്കൊടുക്കേണ്ട അവസ്ഥ. ഞാന്‍ സംസാരിക്കുന്ന ഒരാളായതുകൊണ്ട് എനിക്കിതിനെ കുറിച്ച് സംസാരിക്കാന്‍ പറ്റുന്നു.

ട്രാന്‍സ് മെന്നിന് കിട്ടുന്ന സ്വീകാര്യത ട്രാന്‍സ് വുമണിന് കിട്ടില്ല. സ്ത്രീശരീരത്തെ സംരക്ഷിക്കപ്പെടേണ്ട ഒന്നായിട്ടാണ് കാണുന്നത്. അതുപോലെ, ഞാന്‍ എന്റെ സ്വകാര്യ ജീവിതത്തില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കുക എന്നതാണ് പ്രധാന പ്രശ്‌നം. അതിനുവേണ്ടി പോരാടണം. എനിക്ക് ഇത്രയും ശക്തിയും കഴിവും ഉണ്ടായിട്ടുപോലും പല സമയങ്ങളിലും പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പലപ്പോഴും പലതിനെയും കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതിന്റെ തീവ്രത കൂടുതലാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൗണ്‍സിലിംഗ് വേണമെന്ന് തോന്നുന്നു.

കേരളത്തില്‍ ക്വിയര്‍ മനുഷ്യരെ കുറിച്ച് സംസാരിക്കുകയും അവരെ അടയാളപ്പെടുത്തുകയും ചെയ്യുന്ന എത്ര പ്രൊഫഷണല്‍ ആളുകളെ അറിയാം. അവര്‍ തരുന്ന വിവരങ്ങള്‍ ഒന്നും ശരിയല്ല. ജീവിതത്തില്‍ നിന്ന് സംസാരിക്കുന്ന വളരെ കുറച്ചാളുകളേ നമുക്കുള്ളൂ. പ്രൊഫഷണലായിരിക്കുന്ന ആളുകളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നം. കാലോചിത മാറ്റമാണ് വേണ്ടത്. അതിനെ അഡ്രസ്സ് ചെയ്യുക എന്നതാണ് സമൂഹത്തിന്റെ ഉത്തരവാദിത്വം. അതിനോട് വിമുഖത കാണിക്കുംതോറും പ്രശ്‌നങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കുമാണ് പോകേണ്ടി വരുന്നത്.

ലോകത്തെല്ലായിടത്തും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നു. കേരളത്തിലേത്​ വൈകിവരുന്ന മാറ്റങ്ങളാണ്. നമ്മള്‍ പുരോഗമനക്കാരാണെന്ന് വെറുതെ പറയുകയാണ്​. ഈയൊരവസ്​ഥയെ മാറ്റുന്ന വിദ്യാഭ്യാസം, ബോധവാന്മാരാക്കുന്ന അവസ്ഥ എല്ലാ ഇടങ്ങളിലും ഉണ്ടായാലേ ഇതിനൊരു പരിഹാരമുണ്ടാകൂ.

തിരസ്​കരിക്കുന്ന
സമൂഹം

ജനിച്ചുവീഴുന്നത്​ ഒരു കുടുംബത്തിലാണ്. എങ്ങനെയാണ് ജെന്‍ഡറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്? എങ്ങനെയാണ് ഇതിനെ ഫൗണ്ടേഷന്‍ ചെയ്തിട്ടുള്ളത്? പുരുഷന്‍- സ്ത്രീ എന്ന രീതിയിൽ. ഈ രണ്ട് അവസ്ഥകളിൽനിന്ന്​ മാറി പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കുടുംബ സംവിധാനമില്ല. അത്തരം കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിട്ടുതന്നെ മാതാപിതാക്കള്‍ കാണണം.

പിന്നീട് അവര്‍ പോകുന്നത് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ്. അവിടെയും അവരെ അംഗീകരിക്കുന്ന അധ്യാപകരുണ്ടാവണം. പിന്നീട് പോകുന്നത് തൊഴില്‍ മേഖലയിലേക്കാണ്. അവിടെയും ഇത്തരം സംവിധാനങ്ങളുണ്ടായാ​ലേ അവര്‍ക്ക് അതിജീവിക്കാനാവൂ. സുഖകരമായ ജീവിതം പലപ്പോഴും സാധ്യമാവുന്നില്ല. ഈ പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ആരാണുണ്ടാവുന്നത്? യഥാര്‍ത്ഥ സഹായം നമുക്ക് ലഭിക്കുമോ?

നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കാര്യമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമില്ലെങ്കില്‍ തൊഴിലും മറ്റു കാര്യങ്ങളും നേടാന്‍ പറ്റില്ല. അതുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതിജീവിച്ചു പോകാന്‍ പറ്റുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. വിദ്യാഭ്യാസം നേടി തൊഴിലിടത്തില്‍ എത്തിയാല്‍ നിരവധി വിവേചനങ്ങള്‍ നേരിടുന്നു.

പിന്നീട് ഒരു റിലേഷന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നം, പങ്കാളി നമ്മളെ സ്വീകരിക്കുമോ എന്നതാണ്. മറ്റൊന്ന്, നമ്മള്‍ രണ്ടുപേരും അംഗീകരിച്ചാലും സമൂഹവും കുടുംബവും അംഗീകരിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. ഇത്തരം ജീവിത സാഹചര്യങ്ങളില്‍നിന്നാണ് മുന്നോട്ട് പോകേണ്ടത്.

തിയറ്റർ, മോഡലിങ്​

ചെറുപ്പത്തിലാണ് നമ്മള്‍ ആരാവണം എന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞാന്‍ കരുതിയിരുന്നത്, അഭിനയം അടക്കമുള്ള മേഖലകളിലേക്ക് ഞാന്‍ എത്തിപ്പെടില്ല എന്നാണ്. പില്‍ക്കാലത്താണ് നടിയായി മുന്നോട്ട് വരുന്നത്. എന്നെ സംബന്ധിച്ച്​ അത് ജീവിതത്തെ വിശാലമായി കാണുന്നതിലേക്ക് നയിച്ചു. പ്രശ്​നങ്ങളനുഭവിക്കുന്ന വിവിധതരം മനുഷ്യരുണ്ട്​. കുട്ടിക്കാലത്ത് ഞാന്‍ വിചാരിക്കുന്നത് ഞാന്‍ മാത്രമേ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുള്ളൂ എന്നാണ്. മുതിരുമ്പോള്‍ നമ്മളെക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യരുണ്ട് എന്ന് തിരിച്ചറിയുന്നു. അവരെ കാണാനും സംസാരിക്കാനും സാധിക്കുമ്പോഴാണ് ഞാന്‍ കുറച്ചുകൂടി ശാക്തീകരിക്കപ്പെടുന്നത്.

തിയേറ്റര്‍ ചെയ്യുക, എഴുതുക, മോഡലിംഗ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്​ Inclusion പ്രക്രിയ ആണ്. എന്റെ സമൂഹത്തില്‍ പെട്ടവര്‍ക്കുകൂടി അതൊരു പ്രചോദനമാണ്. പലപ്പോഴും കമ്മ്യൂണിറ്റിക്ക് കിട്ടുന്ന റോളുകള്‍, കമ്മ്യൂണിറ്റി പ്രകടിപ്പിക്കേണ്ട സ്ഥലങ്ങൾ എന്നിവയെല്ലാം മറ്റുളളവര്‍ ചെയ്യുന്നു. ഈ അവസ്ഥയില്‍ ഇത്തരം ഇടങ്ങളില്‍ പങ്കുചേരുക എന്നത് എന്നെ സംബന്ധിച്ച്​ ശാക്തീകരണ പ്രക്രിയ കൂടിയാണ്​.

Comments