ജിജോ ജെസ്സി കുര്യാക്കോസ് സംവിധാനം ചെയ്ത ‘വെളിപാട്’ എന്ന ഷോർട്ട് ഫിലിമിൽനിന്ന്.

Queer പ്രണയത്തിന്റെ
‘വെളിപാടു’കൾ

മൂന്ന് പുരുഷന്മാരുടെ പ്രണയജീവിതം പ്രമേയമാക്കി ജിജോ ജെസ്സി കുര്യാക്കോസ് സംവിധാനം ചെയ്ത 'വെളിപാട്' എന്ന ഹ്രസ്വചിത്രത്തിന്റെ കാഴ്ച, ഡോ. റ്റിസി മറിയം തോമസ് എഴുതുന്നു.

ക്വീയർ വ്യക്തിത്വങ്ങളിൽ പ്രകടമാകുന്ന ദീപ്തവും കരുത്തുറ്റതുമായ ആത്മപ്രീതിയും സ്വാനുരാഗവും എന്റെ വ്യക്തിപരമായ സൗഹൃദങ്ങളിലൂടെയും പ്രൊഫഷണൽ കൗൺസിലിംഗ് സെഷനുകളിലൂടെയും ഞാൻ നേരിട്ട് തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

സ്വന്തം സ്വത്വത്തെ ആഴത്തിൽ പ്രണയിക്കുന്ന ഈ മനുഷ്യരെ വിവേചനത്തിന്റെയും ഏകാന്തതയുടെയും ഇരുളടഞ്ഞ തടവറകളിലേക്ക് തള്ളാനാണ് കേരളത്തിന്റെ പൊതുസമൂഹം എന്നും ശ്രമിച്ചിട്ടുള്ളത്. അതേസമയം, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ആൺ- പെൺ പ്രണയബന്ധങ്ങളിലെ പകയും അക്രമവും അസൂയയും മുൻവിധികളുമാണ്.

'പ്രണയക്കൊലപാതകങ്ങൾ' എന്ന് വിളിക്കപ്പെടുന്ന ഇത്തരം സാമൂഹിക ദുരന്തങ്ങളിൽ യഥാർത്ഥത്തിൽ പ്രണയത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ആത്മാവബോധത്തിന്റെ കണിക പോലുമില്ലാത്ത ആൺ-പെൺ ആകർഷണങ്ങളെ പ്രണയമെന്ന പേരിൽ മഹത്വവൽക്കരിക്കാൻ സോഷ്യൽ മീഡിയ റീലുകളും കപടമായ 'സെൽഫ് ലവ്' സാക്ഷ്യപത്രങ്ങളും ഇവിടെ മത്സരിക്കുകയാണ്.

READ : ‘വെളിപാട്’; കൊന്നുതള്ളപ്പെട്ട
ക്വിയർ മനുഷ്യർക്ക് വേണ്ടിയുള്ള കലഹം

ശാരീരിക അടുപ്പത്തിന്റെ കാഴ്ച്ചാശീലങ്ങളിലേക്ക് നോക്കിയാൽ, ഹെറ്ററോ-സെക്ഷ്വൽ (Heterosexual) ബന്ധങ്ങൾ എത്രമാത്രം പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടാലും അത് സ്വാഭാവികമായി കാണുന്ന കണ്ണുകൾക്ക്, രണ്ട് പുരുഷന്മാരോ രണ്ട് സ്ത്രീകളോ തമ്മിലുള്ള ഇന്റിമസി ഇപ്പോഴും സദാചാര വിരുദ്ധമാണ്. ഇനി ഈ ബന്ധം രണ്ടിൽ കൂടുതൽ വ്യക്തികൾക്കിടയിലാണെങ്കിൽ (Polyamory), അത് ഉണ്ടാക്കിയേക്കാവുന്ന ബൗദ്ധികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ പ്രവചനാതീതവുമാണ്.

വിപണി സ്പോൺസർ ചെയ്യുന്ന കപട പ്രണയഗാഥകളുടെ ബഹളങ്ങൾക്കിടയിലാണ്, മൂന്ന് പുരുഷന്മാരുടെ പ്രണയജീവിതം പ്രമേയമാക്കി ജിജോ ജെസ്സി കുര്യാക്കോസ് സംവിധാനം ചെയ്ത 'വെളിപാട്' (2023) എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്. ആൺ-പെൺ കാമനകൾ മാത്രം കണ്ടുശീലിച്ച മലയാളിയുടെ കണ്ണുകൾക്കും മനസ്സിനും സ്വവർഗാനുരാഗികളുടെ പ്രണയവും ലൈംഗികതയും അലോസരമുണ്ടാക്കുന്ന കാഴ്ചകളാണ്.

വിപണി സ്പോൺസർ ചെയ്യുന്ന കപട പ്രണയഗാഥകളുടെ ബഹളങ്ങൾക്കിടയിലാണ്, മൂന്ന് പുരുഷന്മാരുടെ പ്രണയജീവിതം പ്രമേയമാക്കി ജിജോ ജെസ്സി കുര്യാക്കോസ് സംവിധാനം ചെയ്ത 'വെളിപാട്' (2023) എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്.
വിപണി സ്പോൺസർ ചെയ്യുന്ന കപട പ്രണയഗാഥകളുടെ ബഹളങ്ങൾക്കിടയിലാണ്, മൂന്ന് പുരുഷന്മാരുടെ പ്രണയജീവിതം പ്രമേയമാക്കി ജിജോ ജെസ്സി കുര്യാക്കോസ് സംവിധാനം ചെയ്ത 'വെളിപാട്' (2023) എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്.

എന്നാൽ, സ്വവർഗാനുരാഗിയായ സംവിധായകന്റെ തന്നെ ജീവിതാനുഭവങ്ങൾ ഈ സിനിമയുടെ അടിത്തറയാകുന്നതുകൊണ്ട്, കേട്ടുകേൾവികൾക്കപ്പുറം ആധികാരികമായ ഒരു ആത്മഭാവം ചിത്രത്തിന് കൈവരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലെ സ്വവർഗ്ഗരതിയുടെ അനുഭവാസ്പദ കഥപറച്ചിലാണ് ഈ വെളിപാട്.

അകാലത്തിൽ സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന മനു ലാൽ, അതുൽ വിൻസ്, കിഷോർ കുമാർ എന്നിവരെയും, സമാനമായി പുറന്തള്ളപ്പെട്ട അനേകം ക്വീയർ മനുഷ്യരെയും സാക്ഷിനിർത്തിയാണ് സിനിമ ആരംഭിക്കുന്നത്. ഏകാന്തമായ കാറ്റിന്റെ ഓരിയിടലിലൂടെ തുടങ്ങുന്ന ആ യാത്രയിൽ, പ്ലേറ്റോയുടെ പ്രശസ്തമായ നിരീക്ഷണം സ്ക്രീനിൽ തെളിയുന്നു:
"മനുഷ്യപ്രകൃതി യഥാർത്ഥത്തിൽ ഒന്നായിരുന്നു, ആ പൂർണ്ണതയിലേക്കുള്ള അന്വേഷണമാണ് പ്രണയം."

വിവാഹിതനാകണോ പുരോഹിതനാകണോ എന്ന ആശയക്കുഴപ്പത്തിനിടയിൽ ഉഴറുന്ന ശെമ്മാശൻ ജോണിച്ചന്റെ ആന്തരിക സംഘർഷമാണ് സിനിമയുടെ കാതൽ. താനൊരു സ്വവർഗാനുരാഗിയാണെന്ന തിരിച്ചറിവ് നേരത്തെയുണ്ടായിട്ടും, കുടുംബത്തിന്റെ പ്രതീക്ഷകൾക്കും ക്രൈസ്തവവിശ്വാസം നൽകുന്ന കുറ്റബോധത്തിനും ഇടയിൽപ്പെട്ട് ശ്വാസംമുട്ടുന്ന ജോണിയുടെ മനസ്സുരുക്കമാണ് ചിത്രം വരച്ചുകാട്ടുന്നത്.

ജോണിയുടെ തീക്ഷ്ണമായ ആന്തരിക യാത്രയാണ് ഈ സിനിമയുടെ ജീവൻ. 'നമ്മുടെ ആശങ്കകൾക്കുള്ള മറുപടി നമ്മുടെ ഉള്ളിൽ നിന്നുതന്നെ ലഭ്യമാകും' എന്ന സെമിനാരിയിലെ അധ്യാപകന്റെ വാക്കുകളിൽ, ജോണിച്ചന്റെയും പ്രേക്ഷകരുടെയും ഉൾനോവുകൾ ഒന്നിക്കുന്നു. കഥ പുരോഗമിക്കുമ്പോൾ ജോണി, ജോ, ഡാഡി കുര്യൻ എന്നീ മൂന്ന് പുരുഷന്മാർ തങ്ങളുടെ ജീവിതത്തിലെയും പ്രണയത്തിലെയും സംഘർഷങ്ങളെ ആത്മബോധത്തോടെ സമീപിക്കുന്നു. പരസ്പരമുള്ള തിരിച്ചറിവുകളിലൂടെയും ഐക്യപ്പെടലിലൂടെയും അവർ തങ്ങൾക്കായി ഒരു പുതിയ പ്രണയലോകം പടുത്തുയർത്തുകയാണ് ചെയ്യുന്നത്.

താനൊരു സ്വവർഗാനുരാഗിയാണെന്ന തിരിച്ചറിവ് നേരത്തെയുണ്ടായിട്ടും, കുടുംബത്തിന്റെ പ്രതീക്ഷകൾക്കും ക്രൈസ്തവവിശ്വാസം നൽകുന്ന കുറ്റബോധത്തിനും ഇടയിൽപ്പെട്ട് ശ്വാസംമുട്ടുന്ന ജോണിയുടെ മനസ്സുരുക്കമാണ് ചിത്രം വരച്ചുകാട്ടുന്നത്.
താനൊരു സ്വവർഗാനുരാഗിയാണെന്ന തിരിച്ചറിവ് നേരത്തെയുണ്ടായിട്ടും, കുടുംബത്തിന്റെ പ്രതീക്ഷകൾക്കും ക്രൈസ്തവവിശ്വാസം നൽകുന്ന കുറ്റബോധത്തിനും ഇടയിൽപ്പെട്ട് ശ്വാസംമുട്ടുന്ന ജോണിയുടെ മനസ്സുരുക്കമാണ് ചിത്രം വരച്ചുകാട്ടുന്നത്.

‘വെളിപാടി’ലെ
പ്രണയവും കാമവും

സ്വവർഗാനുരാഗികളായ പുരുഷന്മാർ ആഗ്രഹിക്കുന്നത് കേവലമൊരു ശാരീരിക ബന്ധത്തിനപ്പുറം, അതിന് മുൻപും ശേഷവും നിലനിൽക്കുന്ന ഗാഢമായ വൈകാരിക അടുപ്പമാണ്. പ്രണയിയോടൊപ്പം തിരക്കുകളില്ലാതെ, ശാന്തമായി ചിലവിടുന്ന ഓരോ നിമിഷവും അവർക്ക് കാമോദ്ദീപകമാണ്. പരസ്പരമുള്ള തിരിച്ചറിവുകളും ഉൾക്കൊള്ളലുകളുമാണ് സ്വവർഗാനുരാഗത്തിന്റെ ആധാരശിലകൾ. ആ ബന്ധങ്ങളിൽ സന്തോഷവും ആവേശവും കാത്തിരിപ്പും മൗനവും ഒരുപോലെ ഇഴചേർന്നു നിൽക്കുന്നു; സഹാനുഭൂതിയാണ് അവരെ പരസ്പരം കോർത്തിണക്കുന്ന ഊർജ്ജം.

മുൻപ് സൂചിപ്പിച്ചതുപോലെ, നാം കണ്ടുശീലിച്ച ആൺ- പെൺ ഇന്ദ്രിയസുഖങ്ങളുടെ (Sensuality) ആവർത്തനമല്ല 'വെളിപാടി'ൽ ദൃശ്യമാകുന്നത്. ഈ ദൃശ്യാനുഭവങ്ങളെ ജിജോ കുര്യാക്കോസ് തന്നെ രചിച്ച ഗാനശകലങ്ങൾ മനോഹരമായി വ്യാഖ്യാനിക്കുന്നുണ്ട്. ജോണിച്ചനും ജോയും ചേർന്ന് അടുക്കളയിൽ ചക്ക വരട്ടുന്ന ആ അസാധാരണ പ്രണയരംഗത്തിന്റെ പശ്ചാത്തലവരികൾ ശ്രദ്ധേയമാണ്:

"ഉരുകിയുരുകി മൂരുരുകിയുരുകി ഉടൽ നിറഞ്ഞും ഉയിർ കവിഞ്ഞും പുതുപനിനീരുതിർന്നു രോമാർദ്രമാം നവരുചിവഴി... നവരുചിവഴി..." 

പ്രണയിയെ സകല ഇന്ദ്രിയങ്ങൾ കൊണ്ടും അനുഭവിച്ചറിയുന്ന അതീവ ഗാഢമായ ഒരു രംഗമാണത്. സ്പർശവും ഗന്ധവും ശബ്ദവും കാഴ്ചയും ഒന്നുചേരുന്ന ആ വികാരതീക്ഷ്ണതയിൽ ഉടലും ഉയിരും ഒരുപോലെ നിറഞ്ഞു കവിയുന്നു. ഇരുളും വെളിച്ചവും ചക്ക വരട്ടലിന്റെ മധുരത്തിനൊപ്പം അലിഞ്ഞുചേരുന്ന ഈ ദൃശ്യങ്ങളിൽ ഛായാഗ്രാഹകൻ തായി പ്രസാദിന്റെ മികവ് പ്രകടമാണ്. ജോണിയും ജോയും തമ്മിലുള്ള ഉൾച്ചേരലിനെ ആ വരികളും ദൃശ്യഭംഗിയും അങ്ങേയറ്റം തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ആദർശ് എസ്. നാഥിന്റെ ഈ സംഗീതശിൽപ്പത്തിന് വിഷ്ണു വേണുഗോപാലിന്റെ ആലാപനം ശ്രുതിമാധുരി പകരുകയും ചെയ്യുന്നു.

'വെളിപാട്' മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാന പ്രണയസാധ്യത മൂന്ന് പുരുഷന്മാർ തമ്മിലുള്ള വൈകാരിക ബന്ധമാണ്. ഇതിനെ 'ത്രൂപ്പിൾ' (Throuple) അല്ലെങ്കിൽ 'പോളിയാമറസ് ട്രയാഡ്' (Polyamorous Triad) എന്ന് വിശേഷിപ്പിക്കുന്നു. ഒന്നിലധികം പങ്കാളികൾ പരസ്പര സമ്മതത്തോടെ പുലർത്തുന്ന ഗാർഹികവും ലൈംഗികവുമായ ഇണക്കമാണിത്. സ്വവർഗാനുരാഗ ലോകത്ത് നിലനിൽക്കുന്ന ഇത്തരം സ്നേഹബന്ധത്തിലേക്കാണ് ജോണിയും ജോയും ഡാഡി കുര്യനും ഒടുവിൽ ചെന്നെത്തുന്നത്. ജോണിയുടെ പ്രതിശ്രുത വധുവായ ജിഷയുടെ പക്വതയാർന്ന സമീപനവും വിവാഹത്തിൽ നിന്നുള്ള പിൻവാങ്ങലും ഈ മാറ്റം സുഗമമാക്കി. യൂനസ് (ജോണി), ഫൈസൽ അനന്തപുരി (ജോ), റിയാസ് ഖാൻ (ഡാഡി കുര്യൻ), വൃന്ദ (ജിഷ) എന്നിവർ തങ്ങളുടെ വേഷങ്ങൾ അങ്ങേയറ്റം തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.

യേശുക്രിസ്തുവിനെയും അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരെയും അനുസ്മരിപ്പിക്കുംവിധം, മലമുകളിൽ ശുഭ്രവസ്ത്രധാരികളായി ആ മൂവർസംഘം ഒന്നിക്കുമ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന ഗാനം ഇപ്രകാരമാണ്:

"അനുരാഗമന്ന പൊഴിയും നേരം
ആത്മാവിൻ തീരേ അനുരാഗികൾ
മേലേ ചേരാം മൂളാം സങ്കീർത്തനം
പുൽകാം പുണരാം അനുഭൂതികൾ
കൂടീടാം പെരുന്നാളുകൾ
കൊണ്ടാടാം വെളിപാടുകൾ ഒന്നാകാം"

പരസ്പര സ്നേഹവും വിശ്വാസവും കരുതലും ബഹുമാനവും പങ്കുവെച്ച്, ആ മൂന്ന് മനുഷ്യരും തങ്ങളുടെ സ്വത്വത്തെ തിരിച്ചറിയുകയും അതിൽ ഐക്യപ്പെടുകയും ചെയ്യുന്ന ആ നിമിഷങ്ങളിലാണ് അവർ  'സ്വയാവബോധം' എന്ന യഥാർത്ഥ വെളിപാടിലേക്ക് എത്തിച്ചേരുന്നത്. ജീവിതം എന്നത് പലതരം തിരഞ്ഞെടുപ്പുകളാണെന്നും, കാലം പാകമാകുമ്പോൾ നാം ശരിയായ തിരഞ്ഞെടുപ്പുകളിലേക്ക് ചെന്നെത്തുമെന്നും ഡാഡി കുര്യൻ പറയുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തിലാണ്. തന്റെ ആന്തരിക സംഘർഷങ്ങളിൽ നിന്ന് സ്വയ വെളിപാടിലേക്ക് ജോണിക്ക് സഞ്ചരിക്കാനായത് കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയിൽ മാറ്റം വരുത്തിയതുകൊണ്ടാണ്. "നിങ്ങൾ കാര്യങ്ങളെ നോക്കുന്ന രീതി മാറ്റിയാൽ, നിങ്ങൾ നോക്കുന്ന കാര്യങ്ങളും മാറും" എന്ന തത്വം ജോണിയുടെ ജീവിതത്തിൽ അന്വർത്ഥമാകുന്നു. 

പരസ്പര സ്നേഹവും വിശ്വാസവും കരുതലും ബഹുമാനവും പങ്കുവെച്ച്, ആ മൂന്ന് മനുഷ്യരും തങ്ങളുടെ സ്വത്വത്തെ തിരിച്ചറിയുകയും അതിൽ ഐക്യപ്പെടുകയും ചെയ്യുന്ന ആ നിമിഷങ്ങളിലാണ് അവർ  'സ്വയാവബോധം' എന്ന യഥാർത്ഥ വെളിപാടിലേക്ക് എത്തിച്ചേരുന്നത്.
പരസ്പര സ്നേഹവും വിശ്വാസവും കരുതലും ബഹുമാനവും പങ്കുവെച്ച്, ആ മൂന്ന് മനുഷ്യരും തങ്ങളുടെ സ്വത്വത്തെ തിരിച്ചറിയുകയും അതിൽ ഐക്യപ്പെടുകയും ചെയ്യുന്ന ആ നിമിഷങ്ങളിലാണ് അവർ  'സ്വയാവബോധം' എന്ന യഥാർത്ഥ വെളിപാടിലേക്ക് എത്തിച്ചേരുന്നത്.

ക്രിസ്തീയതയും
സ്വവർഗാനുരാഗ ലൈംഗികതയും

സിനിമയുടെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും ക്രൈസ്തവ മൂല്യങ്ങളുമായി ആഴത്തിൽ ഇഴചേർന്നു നിൽക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സ്വവർഗാനുരാഗ ലൈംഗികതയെയും അതിനോടനുബന്ധിച്ച ആത്മീയതയെയും ക്രൈസ്തവ വീക്ഷണകോണിലൂടെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ഡോ. റോസി തമ്പിയുടെ 'സ്ത്രൈണ ആത്മീയത' (2013) എന്ന കൃതിയാണ് 'വെളിപാടി'ലെ ക്രൈസ്തവപരിസരത്തെ വിശകലനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത്. പുരുഷാധിപത്യ ബോധത്തിൽ ഉറച്ചുപോയ പരമ്പരാഗത ആത്മീയതയെ വിശുദ്ധ വേദപുസ്തകത്തിലൂടെ പുനർവായിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്.

മനുഷ്യനിർമ്മിതമായ ദൈവശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് മതങ്ങളും ദൈവസങ്കല്പങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ചരിത്രപരമായി എല്ലാ മേഖലകളിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ത്രീയുടെ അവസ്ഥ സമകാലിക ക്രൈസ്തവ ചിന്തകളിലും വ്യത്യസ്തമല്ല. ബൈബിളിലെ ചിലയിടങ്ങളിൽ സ്ത്രീ സാന്നിധ്യമുണ്ടെന്നതൊഴിച്ചാൽ, നിലനിൽക്കുന്ന ക്രിസ്തീയത പലപ്പോഴും സ്ത്രൈണതയെ പുറന്തള്ളിയ ഒന്നാണ്. എന്നാൽ, ഒരു വ്യക്തിക്ക് സ്വന്തം ശരീരവും സ്വത്വവും തമ്മിൽ വേർതിരിവില്ലെന്നും, ശരീരത്തിലൂടെ തന്നെയാണ് ആത്മാവിനെ അറിയുന്നതെന്നും 'സ്ത്രൈണ ആത്മീയത' സമർത്ഥിക്കുന്നു.

മനസ്സും ശരീരവും ഒരുപോലെ കുളിർക്കുന്ന പ്രണയകാലവും, ഉടലിനെ കാൽവരിയാക്കുന്ന ഗർഭകാലവും, ശരീരം ആത്മാവിന്റെ വാതിലായി മാറുന്ന വാഴ് വുകാലവും - ഇങ്ങനെ ഓരോ ഋതുവിലും സ്വയം പ്രകൃതിയായി മാറുന്ന പെണ്ണിന്റെ പ്രകാശമുള്ള ആത്മീയതയാണ് ഈ പുസ്തകക്കുറിപ്പുകൾ അടയാളപ്പെടുത്തുന്നത്.

ബാഹ്യമായ ആചാരങ്ങളിൽ മുഴുകാതെ യേശുവിനെ നെഞ്ചോട് ചേർത്തുവെച്ചത് പുറന്തള്ളപ്പെട്ട സ്ത്രീകളായിരുന്നു. യേശുവിന്റെ ജനനം മുതൽ മരണം വരെയും, ഉയിർത്തെഴുന്നേൽപ്പിലും സ്വർഗ്ഗാരോഹണത്തിലും ആ സ്ത്രീകൾ അവിടുത്തെ താങ്ങായി നിന്നു. പരിചിതമായ പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടുകളിൽ നിന്ന് ഭിന്നമായി ദാമ്പത്യം, പ്രണയം, ലൈംഗികത, സർഗ്ഗാത്മകത, പ്രകൃതി, അടുക്കള എന്നിവയെല്ലാം സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് 'സ്ത്രൈണ ആത്മീയത'. സമത്വത്തിലധിഷ്ഠിതമായ ഒരു പുതിയ സാമൂഹിക ക്രമത്തിലേക്കുള്ള ചൂണ്ടുപലകയാണീ പുസ്തകം. സമാധാനവും തുല്യതയും നീതിയും പുലരുന്ന ദൈവരാജ്യത്തിന്റെ സങ്കൽപ്പത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ് ഫെമിനിസം മുന്നോട്ടുവെക്കുന്ന ആത്മീയതയെന്നും നാം തിരിച്ചറിയുന്നു.

മുഖ്യധാരാ സമൂഹത്തിന്റെ അതിരുകളിലേക്ക് തള്ളപ്പെട്ട എല്ലാ മനുഷ്യരോടും ആത്മബന്ധം പുലർത്തുന്ന ആ സ്ത്രൈണ ആത്മീയത തന്നെയാണ് ഞാൻ 'വെളിപാടിലും' കണ്ടത്. ആധിപത്യത്തിന്റെയും അക്രമത്തിന്റെയും പൗരുഷ മാതൃകകളെ തച്ചുടച്ച്, സ്വയാവബോധത്തിൽ ഉറച്ചുനിൽക്കുന്ന സ്വവർഗ്ഗപ്രണയികളിലെ ദൈവാംശം ഈ ചിത്രം കനിവോടെ വരച്ചുകാട്ടുന്നു. 'അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം' (ലൂക്കോസ് 2:14) എന്ന മാലാഖമാരുടെ വചനം ഇവിടെ പ്രസക്തമാകുന്നു. സ്വന്തം സ്വത്വത്തിൽ ഉറച്ചുനിൽക്കുക, അഥവാ താൻ ആരാണോ അത് തന്നെയായിരിക്കുക എന്നതാണ് ദൈവപ്രസാദത്തിനുള്ള വഴി. സ്വന്തമായിരിക്കാൻ തടസ്സമാകുന്ന പ്രതിബന്ധങ്ങളെല്ലാം ദൈവമാർഗ്ഗത്തിലേക്കുള്ള വിലക്കുകൾ കൂടിയാണ്.

'സർവ്വജനത്തിനുമുള്ള മഹാസന്തോഷം' (ലൂക്കോസ് 2:10) എന്ന് മാലാഖമാർ പ്രഖ്യാപിക്കുമ്പോൾ അതിൽ എല്ലാത്തരം മനുഷ്യരും ഉൾപ്പെടുന്നുണ്ട്. സിനിമയിലെ അന്ത്യഅത്താഴ ദൃശ്യങ്ങളാകട്ടെ, ആത്മീയതയുടെയും ലൈംഗികതയുടെയും നേർത്ത നൂലിഴകളെ അങ്ങേയറ്റം ഭാവാർദ്രമായി കൂട്ടിയിണക്കുന്നു. പ്രകൃതികേന്ദ്രീകൃതമായ സമത്വചിന്തയിൽ അധിഷ്ഠിതമായ ഒരു നവീന സാമൂഹിക വ്യവസ്ഥിതിയെ 'വെളിപാട്' വളരെ വ്യക്തമായി അടയാളപ്പെടുത്തുന്നു.

ചുറ്റും കേട്ട 'ഹെറ്ററോ' അതൃപ്തികൾ

ഈ ലേഖനത്തിൽ വെളിപാടിന്റെ വ്യക്തിപരമായ കാഴ്ചാനുഭവത്തോടൊപ്പം, ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ യാദൃച്ഛികമായി കേൾക്കേണ്ടിവന്ന ചില അഭിപ്രായങ്ങളും നിലപാടുകളും കൂടി പങ്കുവെക്കേണ്ടതുണ്ട്. ക്വീയർ സിനിമകളുണ്ടാകുമ്പോൾ പൊതുസമൂഹം അതിൽ എപ്പോഴും തിരയുന്നത് ആ വ്യക്തികളുടെ ദുരിതവും, സഹനവും, അതിജീവനവുമൊക്കെയാണ്. സിസ്-ജെൻഡർ (Cis-gender) ബന്ധങ്ങളിലെ പ്രണയവും ലൈംഗികതയും യഥേഷ്ടം ആസ്വദിക്കുന്ന പൊതുസമൂഹം, ക്വീയർ പ്രണയങ്ങളുടെ കാര്യത്തിൽ കടുത്ത ഇരട്ടത്താപ്പാണ് പുലർത്തുന്നത്.

സ്വവർഗാനുരാഗദൃശ്യങ്ങളോടുള്ള പ്രകടമായ അതൃപ്തിയാണ് എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്. രണ്ട് പുരുഷന്മാരോ സ്ത്രീകളോ പരസ്പരം ആസ്വദിക്കുന്നതോ ആഴത്തിൽ ചുംബിക്കുന്നതോ ആയ രംഗങ്ങൾ നമ്മുടെ ബോധതലം അത്ര എളുപ്പത്തിൽ അംഗീകരിക്കുന്നില്ല. "ക്വീയർ സിനിമകളിൽ ദുരിതങ്ങൾ കാണിക്കാം, പക്ഷേ എന്തിനാണ് പ്രണയവും കാമവും കാണിക്കുന്നത്?" എന്ന ഒരാളുടെ ചോദ്യം ഇതിന് തെളിവാണ്. ഈ ദൃശ്യങ്ങൾ ഉള്ളതുകൊണ്ടാണ് സിനിമയുടെ സ്വീകാര്യത കുറഞ്ഞതെന്നും വിദ്യാർത്ഥികൾക്ക് പോലും കാണാൻ പറ്റാത്ത ഒന്നായി ചിത്രം മാറിയെന്നും അയാൾ വാദിച്ചു. രാജ്യാന്തര സിനിമകളിലെ നഗ്നരംഗങ്ങളോടുള്ള സഹിഷ്ണുത പോലും ഇത്തരം ക്വീയർ ദൃശ്യങ്ങളോട് കാണിക്കാൻ അയാൾ തയ്യാറായില്ല.

ഇതിനു മറുപടിയെന്നോണം മറ്റൊരാൾ ചോദിച്ചത് ഏറെ പ്രസക്തമാണ്: "ക്വീയർ വ്യക്തികളുടെ പോൺ വീഡിയോകൾ കണ്ട് നിർവൃതിയടയുന്നതിൽ താങ്കൾക്ക് ബുദ്ധിമുട്ടുണ്ടാവാറില്ലല്ലോ?" സിനിമാവേദികളിൽ ഹെറ്ററോ- സെക്ഷ്വൽ പ്രണയങ്ങൾ മാത്രമേ പാടുള്ളൂ എന്ന പൊതുസമൂഹത്തിന്റെ പിടിവാശിക്ക് ലഭിച്ച കൃത്യമായ മറുപടിയായിരുന്നു അത്. മുഖ്യധാരാ മാധ്യമങ്ങളിൽ ക്വീയർ സ്വത്വങ്ങളെ വെറും കാഴ്ചവസ്തുക്കളായോ സഹതാപത്തിന് അർഹരായവരായോ മാത്രം പ്രതിഷ്ഠിക്കണമെന്ന മലയാളിയുടെ മനോഭാവമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്.

കേരളത്തിന് പുറത്തും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുമായിരുന്നു ‘വെളിപാടി’ന് കൂടുതൽ പ്രദർശനാവസരങ്ങൾ ലഭിച്ചത് എന്നത് ഇന്നത്തെ മലയാളിമനസ്സ്, ക്വീയർ വ്യക്തിത്വങ്ങളോട് പുലർത്തുന്ന പ്രതിരോധത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. കേരളത്തിലെ പ്രശസ്തമായ ഒരു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പോലും ‘സ്വാഭിമാനമാസ’ (Pride Month) ആഘോഷങ്ങൾക്കിടയിൽ ഈ ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കിയത് അമ്പരപ്പിക്കുന്നതായിരുന്നു. സ്വവർഗാനുരാഗികളുടെ അടുപ്പത്തെ ‘അശ്ലീലത’ എന്ന് മുദ്രകുത്തിയാണ് അവർ ഈ വിവേചനം നടപ്പിലാക്കിയത്. നമ്മുടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യുവതലമുറ പോലും ക്വീയർ വിരുദ്ധമായ ചിന്താഗതികൾ വച്ചുപുലർത്തുന്നു എന്നത് നിരാശാജനകമായ വിരോധാഭാസമാണ്.

മുഖ്യധാരാ സമൂഹത്തിന്റെ അതിരുകളിലേക്ക് തള്ളപ്പെട്ട എല്ലാ മനുഷ്യരോടും ആത്മബന്ധം പുലർത്തുന്ന ആ സ്ത്രൈണ ആത്മീയത തന്നെയാണ് ഞാൻ 'വെളിപാടിലും' കണ്ടത്.
മുഖ്യധാരാ സമൂഹത്തിന്റെ അതിരുകളിലേക്ക് തള്ളപ്പെട്ട എല്ലാ മനുഷ്യരോടും ആത്മബന്ധം പുലർത്തുന്ന ആ സ്ത്രൈണ ആത്മീയത തന്നെയാണ് ഞാൻ 'വെളിപാടിലും' കണ്ടത്.

കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ എന്നിങ്ങനെ പത്തോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ‘വെളിപാട്’ സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയേറെ ആഗോള അംഗീകാരങ്ങൾ നേടിയിട്ടും, കേരളത്തിനുള്ളിൽ അനാവശ്യ ശരീരപ്രദർശനം എന്ന പുകമറ സൃഷ്ടിച്ച് ഈ ചിത്രത്തിന് വലിയ മതിൽക്കെട്ടുകൾ ഉയർത്തുകയാണ് ഒരു വിഭാഗം. മനുഷ്യർക്കിടയിൽ ജാതിയുടെയും മതത്തിന്റെയും ലൈംഗികതയുടെയും പേരിൽ അതിരുകൾ സൃഷ്ടിക്കുന്നവർ ജോണിയും ജോയും തമ്മിലുള്ള ഈ ചെറിയ സംഭാഷണം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്:

ജോണി: “താനൊത്തിരി മാറിപ്പോയി...”
ജോ: “ഞാൻ മാറിയതല്ല, താൻ മാറാത്തതാ”

റഫറൻസ്

  • അരുൺ വർഗീസ് (ഏപ്രിൽ 29, 2021). ആത്മീയതയ്ക്കും ബൈബിളിനും സ്ത്രീപക്ഷ പുനര്‍വായന.

  • https://www.manoramaonline.com/literature/bookreview/2021/04/29/sthraina-aathmeeyatha-book-by-rosy-thampi.html

  • സ്ത്രൈണ ആത്മീയത, റോസി തമ്പി (2013), ഗ്രീൻ ബുക്‌സ്.


Summary: Dr Tissy Mariam Thomas writes about Jijo Jessy Kuriakose's short film Velipadu, which discusses queer love.


ഡോ. റ്റിസി മറിയം തോമസ്

എഴുത്തുകാരി, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ജെൻഡർ സ്​റ്റഡീസ്​, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ​​​​​​​ഇറങ്ങിനടപ്പ്​, പെൺവഴി(എഡിറ്റർ), പെണ്ണിര (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.

Comments