ജിജോ കുര്യാക്കോസ് സംവിധാനം ചെയ്ത ‘വെളിപാട്’ എന്ന ഷോർട്ട് ഫിലിമിൽനിന്ന്.

‘വെളിപാട്’; കൊന്നുതള്ളപ്പെട്ട
ക്വിയർ മനുഷ്യർക്ക് വേണ്ടിയുള്ള കലഹം

ക്വിയർ ജീവിതങ്ങളുടെ മാനസികാവസ്ഥ ഇത്ര പച്ചയ്ക്ക് ചിത്രീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വെളിപാട് എന്ന ഹ്രസ്വ ചിത്രം തരുന്നത് കലഹമാണ്, നാണക്കേടില്ലാത്ത പ്രണയത്തിനായുള്ള കലഹം, മാന്യമായി ജീവിക്കാനുള്ള കലഹം, ക്വിയർ പ്രണയങ്ങളെ ഹെട്രോസെക്ഷ്വൽ വാർപ്പു മാതൃകകളിലേക്കു ഒതുക്കുന്നതിനെതിരെയുള്ള കലഹം, ക്വിയർ ജീവിതങ്ങളെ കൊന്നൊടുക്കിയ മതത്തിനോടും സമൂഹത്തിനോടുമുള്ള നിർത്താത്ത കലഹം- ജിജോ കുര്യാക്കോസിന്റെ ​​‘വെളിപാട്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ കാഴ്ച.

ജിജോ കുര്യാക്കോസ് (Jijo Kuriakose) സംവിധാനം ചെയ്ത ‘വെളിപാട്’ എന്ന ഷോർട്ട് ഫിലിം (Velipadu Short Film) തുടങ്ങുന്നത് മരിച്ച ചിലരെ ഓർത്താണ്, ഒരു മുന്നറിയിപ്പു പോലെ. മുമ്പേ നടന്ന ചില മനുഷ്യരെ ജീവിക്കാനനുവദിക്കാതെ മരണത്തിന് തട്ടിയിട്ടു കൊടുത്ത ഒരു കാലഘട്ടത്തിന്റെ ഓർമ പുതുക്കൽ. മരിച്ചവർക്ക് കിട്ടാത്ത പോയതെന്തൊ ഒന്നാണ് നമ്മൾ ഇന്ന് കണ്ടറിയുന്നത്.

വെളിപാട് ഒരു കലഹമാണ്, കൊന്നുതള്ളപ്പെട്ട ക്വിയർമനുഷ്യർക്ക് (Queer People) വേണ്ടിയുള്ള കലഹം. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം നഷ്ടപ്പെട്ടവരുമുണ്ട്. സമൂഹത്തിലെ ചില ലൈംഗിക നിഷ്ഠകളെയും രീതികളെയും പേടിച്ച് സ്വത്വം മറച്ചുവെച്ച് മറ്റാരോ ആയി പുരുഷ-സ്ത്രീ വിവാഹ വാർപ്പുമാതൃകകളിൽ ഒതുങ്ങി ജീവിക്കുന്ന കുറെ മനുഷ്യരെയും ഞാൻ ജീവിതം നഷ്ടപ്പെട്ടവരുടെ കൂടെ ചേർക്കുന്നു. അവരെ വെറുക്കരുത്. വെളിപാടിലെ ശെമ്മാൻ ജോണി പറയുന്നപോലെ, എല്ലാവർക്കും ആ ധൈര്യമില്ല - പ്രണയം വെറുപ്പും പേടിയുമില്ലാതെ അനുഭവിക്കാൻ. ഇന്ത്യയിൽ 2018 സപ്തംബർ ആറു വരെ കുറെ ഗേ മനുഷ്യർ മരണം കാത്ത്, സമൂഹത്തിന്റെ വിവേചനങ്ങളും, നീതീപീഠത്തിന്റെ ശിക്ഷയും പേടിച്ച് ജീവിതം തള്ളി നീക്കിയതാണ്. ഇവരോടെങ്ങനെയാണ് ക്വിയർ സമാധാനത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നത്?

വെളിപാട് ഒരു കലഹമാണ്, കൊന്നുതള്ളപ്പെട്ട ക്വിയർമനുഷ്യർക്ക് (Queer People) വേണ്ടിയുള്ള കലഹം. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം നഷ്ടപ്പെട്ടവരുമുണ്ട്.
വെളിപാട് ഒരു കലഹമാണ്, കൊന്നുതള്ളപ്പെട്ട ക്വിയർമനുഷ്യർക്ക് (Queer People) വേണ്ടിയുള്ള കലഹം. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം നഷ്ടപ്പെട്ടവരുമുണ്ട്.

ഏറെ ക്രിസ്തീയ - ക്വിയർ സംഘർഷങ്ങൾ വെളിപാടിലുടനീളം കാണാം. മതം പറയുന്നതനുസരിച്ച്, ക്രിസ്തു ജനിച്ചപ്പോൾ രാജാക്കന്മാർ കാഴ്ചവെച്ച വിലപിടിപ്പുള്ള ഒന്നായിരു മൂറ്. മൂരുരുകിയുരുകിയെന്ന വരികൾക്കൊപ്പം ജോണിയുടെ വിയർപ്പു നനഞ്ഞ ശരീരം നുണയുന്ന ജോ, മൂറിനെക്കാളും വിലപിടിപ്പുള്ള രതിസുഖം കാഴ്ചവെച്ച്, രണ്ടാണുങ്ങളുടെ രഹസ്യ രതിരീതികളെ പച്ചയ്ക്കു വിളിച്ചു പറഞ്ഞ്, മതത്തിന്റെ ലൈംഗികാമർഷങ്ങളെ ചോദ്യം ചെയ്യുന്നു.

സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ജീവിക്കുക എന്നത് ലൈംഗിക ന്യൂനപക്ഷ മനുഷ്യരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും ഏറെ പ്രയാസങ്ങൾ നിറഞ്ഞതുമായ ജീവിതഘട്ടമാണ്.

ജോണി ശെമ്മാൻ ഒരു ഒറ്റപ്പെട്ട ജീവിതാനുഭവമല്ല. ഇന്നും തുറന്നു പറയാൻ മടിക്കുന്ന പല ഗേ മനുഷ്യരുടെയും സഹജീവിയും പകർപ്പുമാണ്. ഇങ്ങനെയുള്ള പലരും അനുഭവിക്കുന്നതാണ് കൺസീൽമെന്റ് ഓഫ് ഐഡന്റിറ്റി (concealment of identity) അഥവാ സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ജീവിക്കുക എന്നത്. ഇത് ലൈംഗിക ന്യൂനപക്ഷ മനുഷ്യരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും ഏറെ പ്രയാസങ്ങൾ നിറഞ്ഞതുമായ ജീവിതഘട്ടമാണ്. ഇന്ത്യയിലും ക്വിയർ വിരുദ്ധ രാജ്യങ്ങളിലും ജനിച്ചു വീഴുന്ന ഒരോ ക്വിയർ മനുഷ്യരും ഇതിലൂടെ കടന്നുപോകുന്നു. പലരും പല രീതിയിൽ അതിനെ കൈകാര്യം ചെയ്യുന്നു. വെളിപാടിലെ ജോ-കൾ സെമിനാരിയിൽ ചേരാൻ തീരുമാനിക്കുന്നത് അത്തരത്തിലൊരു കോപ്പിങ്ങ് മെക്കാനിസമാണ് (coping mechanism) അഥവാ കൺസീൽമെന്റ് ഓഫ് ഐഡന്റിറ്റി കാരണമുണ്ടാകുന്ന പിരിമുറുക്കത്തെ നേരിടാനുള്ള ശ്രമം.

ജോണി ശെമ്മാൻ ഒരു ഒറ്റപ്പെട്ട ജീവിതാനുഭവമല്ല. ഇന്നും തുറന്നു പറയാൻ മടിക്കുന്ന പല ഗേ മനുഷ്യരുടെയും സഹജീവിയും പകർപ്പുമാണ്.
ജോണി ശെമ്മാൻ ഒരു ഒറ്റപ്പെട്ട ജീവിതാനുഭവമല്ല. ഇന്നും തുറന്നു പറയാൻ മടിക്കുന്ന പല ഗേ മനുഷ്യരുടെയും സഹജീവിയും പകർപ്പുമാണ്.

എല്ലാ അബ്രാഹാമിക മതങ്ങളും സ്വവർഗ്ഗ ലൈംഗികത ഒരു തീവ്ര പാപമായിട്ടാണ് കണക്കാക്കുന്നത്. ക്രിസ്തീയ വീക്ഷണത്തിൽ സ്വർഗ്ഗത്തിനോട് പ്രതികാരത്തിനായി നിലവിളിക്കുന്ന പാപമാണ് സ്വവർഗ്ഗരതി. ഇത്തരത്തിലുള്ള ഒരു വിശ്വാസരീതിയിൽ വളർത്തപ്പെടുന്ന ഗേ വ്യക്തികൾക്ക് തന്നോടു തന്നെ വെറുപ്പും ദേഷ്യവും തോന്നാനും തന്റെ ലൈംഗികതയെ മാറ്റുന്നതിന് എന്തു മതരീതികളും ശാരീരിക പീഢകളും ചെയ്യാനുമുള്ള സാധ്യത ഏറെയാണ്. ചിലർ നിരന്തരമായ കുമ്പസാരങ്ങളിലും നേർച്ചകളിലും പാപപരിഹാര ചടങ്ങുകളിലും മുങ്ങിത്താണ് ജീവിതം തള്ളിനീക്കുന്നു. അത്തരത്തിലൊരു ജീവിതമാണ് ജോണിയുടേത്. മുതുകിൽ ഉരുകിത്തീരുന്ന മെഴുകുതിരികൾ അവന്റെ നൊമ്പരങ്ങളാണ്.

ലൈംഗികതയെന്നാൽ പാപമാണെന്ന് സദാ പഠിപ്പിക്കുന്ന മതവിശ്വാസവും ആണും പെണ്ണും മാത്രമാണ് കമിതാക്കൾ എന്ന കള്ളം ഉറക്കെ പറഞ്ഞു പറ്റിക്കുന്ന സമൂഹവും ലൈംഗിക ന്യൂനപക്ഷ മനുഷ്യരെ എത്രയോ ഉപദ്രവിക്കുന്നു.

ഗേ സ്വത്വം മറച്ചുവെച്ച് പൗരോഹിത്യം സ്വീകരിച്ച് ഒരു സ്ത്രീയുമായി ദാമ്പത്യബന്ധം പുലർത്തി തികച്ചും സാമൂഹ്യ ലിംഗ - ലൈംഗിക വാർപ്പു മാതൃകകളിൽ ജീവിക്കാനുള്ള ശ്രമമാണത്. (യാക്കോബായ, ഓർത്തഡോക്സ് തുടങ്ങിയ ചില പൗരസ്ത്യ സഭകളിലെ പുരോഹിതർക്ക് വിവാഹം കഴിക്കാൻ അവസരമുണ്ട്. ജോണിയുടെ പുരോഹിതവസ്ത്രം അത്തരത്തിലൊരു സഭയുടേതാണ്). ഈ മനുഷ്യാനുഭവത്തെ മനഃശാസ്ത്ര വീക്ഷണത്തിൽ കാണുമ്പോൾ, താൻ എല്ലാത്തിനും അധികാരിയായ ദൈവത്തിനും സമൂഹത്തിനും ചേരാത്തവനായ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന തീവ്ര കുറ്റബോധം താങ്ങാൻ വയ്യാതെ, ശാരീരിക പീഢകൾ (non- suicidal self injurious behaviour) വഴി ആ മനോവേദനയുടെ കഠിനത കുറയ്ക്കാൻ അവൻ ശ്രമിക്കുന്നു. സൈക്കോ- പാത്തോളജിയുടെ മറമാറ്റി ഈ അനുഭവത്തെ അടുത്തിരുന്ന് അറിയുമ്പോൾ ഒരോറ്റ ചോദ്യം മാത്രമാണ് തെളിഞ്ഞു വരുന്നത്. ഇത്രയേറെ അപമാനിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, തന്റെ ലൈംഗികതയെ മറ്റെങ്ങനെയാണ് നിസ്സഹായനും മാനസിക ആശ്വാസ സേവനങ്ങൾ തീരെ ലഭിക്കാത്തവനുമായ ഒരു മിഡിൽ ക്ലാസ് മനുഷ്യൻ സമീപിക്കുക? ലൈംഗികതയെന്നാൽ പാപമാണെന്ന് സദാ പഠിപ്പിക്കുന്ന മതവിശ്വാസവും ആണും പെണ്ണും മാത്രമാണ് കമിതാക്കൾ എന്ന കള്ളം ഉറക്കെ പറഞ്ഞു പറ്റിക്കുന്ന സമൂഹവും ലൈംഗിക ന്യൂനപക്ഷ മനുഷ്യരെ എത്രയോ ഉപദ്രവിക്കുന്നു.

ഇന്ത്യയിലും ക്വിയർ വിരുദ്ധ രാജ്യങ്ങളിലും ജനിച്ചു വീഴുന്ന ഒരോ ക്വിയർ മനുഷ്യരും കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയിലും ക്വിയർ വിരുദ്ധ രാജ്യങ്ങളിലും ജനിച്ചു വീഴുന്ന ഒരോ ക്വിയർ മനുഷ്യരും കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഞാനും ഇങ്ങനെ പറ്റിക്കപ്പെട്ട ഒരാളായിരുന്നു. എന്നിലെ ലൈംഗികതയെ പിച്ചിച്ചീന്തിക്കളയാൻ പള്ളികൾ തോറും ഞാൻ കയറിയിറങ്ങി, കുരിശടികളിൽ അണഞ്ഞുപോയ തിരികൾ വരെ ഞാൻ കത്തിച്ചു, ഉപവസിച്ചു, കല്ലിൽ മുട്ടുകുത്തി നിന്ന് കരുണ കൊന്ത ചൊല്ലി, എന്നിട്ടും ബസ് കാത്ത് നിൽക്കുമ്പോൾ പോലും കൂടെ നിന്നിരുന്നവനോട് ആകർഷണം തോന്നുമ്പോൾ പ്രാർത്ഥന കേൾക്കാത്ത ദൈവത്തിനോട് കെഞ്ചിയും കരഞ്ഞും എന്നെ തന്നെ പഴിച്ചുമാണ് ഞാൻ കൗമാരം മരിച്ചുതീർത്തത്. സ്വവർഗ്ഗാനുരാഗിയായ എന്റെ കൗമാരം കണ്ണീരിലാഴ്ത്തിയത് മതവും കള്ളം പറയുന്ന സമൂഹവുമാണ്. മരിക്കുന്നത് പേടിയായിരുന്നു, കാരണം മരണത്തിനപ്പുറം എന്റെ ലൈംഗികതയെ വിധിക്കാനും നരകത്തിലിടാനും മതം ഉയർത്തിയ ഒരു ദൈവം ഉണ്ടായിരുന്നു. മെഴുക് ഉരുക്കിയൊഴിപ്പിച്ച് വേദനിപ്പിച്ച എന്റെ തൊലിപ്പുറത്തിനോട് എനിക്ക് സങ്കടമുണ്ട്, കല്ലു കൊണ്ട് കീറിയ കാൽമുട്ടുകളോട് എനിയ്ക്കു മാപ്പ് ചോദിക്കണം. വെളിപാടിലെ ജോണി എന്നിലെ പല മുറിവുകളേയും ഉണക്കി. ദയറാ പഠനത്തിന് ഞാനിറങ്ങിത്തിരിച്ചതിന് ഒരു കാരണം എന്റെ ലൈംഗികതയോടുള്ള പേടിയായിരുന്നു. ക്രിസ്തുവിനെ ഒരു പ്രണയസങ്കൽപ്പമായി കരുതി വീടുവിട്ട എനിയ്ക്ക് മതപഠനശാലകളിൽ കണ്ടുമുട്ടിയ ക്രിസ്തുവിനോട് പേടിയാണു തോന്നിയത്. മനുഷ്യത്വം എന്നെ തിരിച്ചുവിളിച്ചു.

ബാംഗ്ലൂർ ജീവിതയാത്രയിൽ വീട്ടുകാരെയും സമൂഹത്തെയും പേടിച്ച് വിവാഹം കഴിച്ച ചില ഗേ മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ട്. വല്ലാത്തൊരു ഇരുണ്ട ജീവിതമാണത്. അവർ ദ്വയ ജീവിതമല്ല ജീവിക്കുന്നത്; ഏറെ കള്ളങ്ങളും നൊമ്പരങ്ങളും കണ്ണീരും നിറഞ്ഞ ഒരൊറ്റ നീർക്കുമിള ജീവിതം. ഇതുപോലെ പൊട്ടാറായ ഒരു നീർക്കുമിളയായ ജോണിയിലേക്ക് അവസാനം വന്നു കേറിയ ആത്മവിശ്വാസം രക്ഷിച്ചത് രണ്ട് ജീവിതങ്ങളാണ് - അവന്റെയും അവനെ മോഹിച്ച പെണ്ണിന്റെയും. അവളോടുള്ള അവന്റെ തുറന്നുപറച്ചിൽ താനേറെ പേടിച്ച തന്റെ തന്നെ പൂർണ്ണനഗ്നതയാണ് വരച്ചിടുന്നത്; പെണ്ണിനോടും സമൂഹത്തിനോടും വെള്ള തിരുവസ്ത്രത്തിനോടും കലഹിക്കുന്ന ഒരു ഇരമ്പൽ ആ വാക്കുകളിലുണ്ടായിരുന്നു. പൗരോഹിത്യ ജീവിതത്തിൽ പോലും അവൻ ഇതിലും നല്ലൊരു കുമ്പസാരം നടത്തിയിട്ടുണ്ടാവില്ല.

‘വെളിപാട്’ എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലറിൽ നിന്ന്
‘വെളിപാട്’ എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലറിൽ നിന്ന്

പ്രണയത്തിന്റെ വറ്റാത്ത ആകർഷണവും തന്റെ മുൻ പ്രണയ- സുഹൃത്തിന്റെ രതി - പ്രണയ നിമിഷങ്ങളും ജോണി എന്ന ശെമ്മാനെ ഒരു തുറന്ന മനുഷ്യനായി മാറ്റി. അന്നു രാത്രി അവർ മൂവരും പരസ്പരം രുചിച്ചറിഞ്ഞ വിയർപ്പിന് മൂറിനേക്കാളും മൂല്യമുണ്ട് - അതായിരുന്നു അവന്റെ ഉയർപ്പ്. വിവാഹത്തിനോടു ചേർന്ന് ജോണി ശെമ്മാന്റെ വീട്ടിൽ നടന്ന അന്ത്യാത്താഴരംഗങ്ങൾ പിന്നീടു നടക്കാനിരുന്ന ഗേ - രതി - പ്രണയ ഉയർത്തെഴുന്നേൽപ്പിന്റെ മുന്നോടിയായിരുന്നു. ഉയർത്തെഴുന്നേറ്റ അവൻ പിന്നീട് പ്രണയ - വിവാഹ വാർപ്പു മാത്രകകളെ തച്ചുടച്ച് പുതിയൊരു ക്വിയർ പ്രണയത്തിനു തുടക്കമിടുകയാണ്. അവസാന രംഗത്തിൽ, അവൻ മലമുകളിൽ കരയുന്ന പ്രാചീന പുരോഹിതനായിട്ടല്ല, പകരം തന്റെ രണ്ട് കാമുകന്മാരോടുകൂടി ക്വിയർ പ്രണയത്തിൽ ആനന്ദിക്കുന്ന ഒരു പച്ചയായ മനുഷ്യനായാണ് ചിത്രീകരിക്കപ്പടുന്നത്. ആ അനുഭവമാണ് അനുരാഗ മന്ന. വെളിപാടിലെ അവസാനഗാനം വിവരിക്കുന്ന പ്രണയം സ്വർഗ്ഗീയാനുഭൂതിയെന്ന ക്രിസ്തീയ വീക്ഷണത്തിനോടും സമാനമാണ്. പ്രണയം സ്വർഗ്ഗീയ മന്നയും അവർ മൂവരുടെയും ഒത്തുചേരൽ പെരുന്നാളുകളുമാണ്. മൂന്നു പേർ സ്നേഹത്തോടെ ഒന്നിച്ചുചേരുന്നത് ക്രിസ്തീയ പശ്ചാത്തലമുള്ള ജോണിയുടെ ജീവിതത്തിനോട് ചേർത്തു വെക്കുമ്പോൾ, ത്രിത്വം എന്ന ദൈവികസങ്കൽപ്പവുമായി എവിടെയോ യോജിച്ചു പോകുന്ന പോലെ; മൂന്ന് വ്യക്തിത്വങ്ങൾ പ്രണയത്തിലൂടെ ഒരു ശരീരവും ഒരേ ജീവനുമാകുന്നു.

ക്വിയർ ജീവിതങ്ങളുടെ മാനസികാവസ്ഥ ഇത്ര പച്ചയ്ക്ക് ചിത്രീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഡയറക്ടർ ജിജോയുടെയും കൂട്ടരുടെയും ചിന്തകൾ ഇനിയും വേരൂന്നട്ടെ.

ഒരു ഗേ മനുഷ്യൻ നടന്നു തീർക്കാവുന്ന എല്ലാ ഇടവഴികളിലൂടെയും പൊള്ളുന്ന ടാറിട്ട റോഡിലൂടെയും വെളിപാടെന്ന വിശുദ്ധി / അശുദ്ധി വിവേചനങ്ങളില്ലാത്ത കല ഒരു വ്യക്തിയെ നടത്തുന്നു. ക്വിയർ ജീവിതങ്ങളുടെ മാനസികാവസ്ഥ ഇത്ര പച്ചയ്ക്ക് ചിത്രീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഡയറക്ടർ ജിജോയുടെയും കൂട്ടരുടെയും ചിന്തകൾ ഇനിയും വേരൂന്നട്ടെ. വെളിപാട് തരുന്നത് കലഹമാണ്, നാണക്കേടില്ലാത്ത പ്രണയത്തിനായുള്ള കലഹം, മാന്യമായി ജീവിക്കാനുള്ള കലഹം, ക്വിയർ പ്രണയങ്ങളെ ഹെട്രോസെക്ഷ്യൽ വാർപ്പു മാത്രകളിലേക്കു ഒതുക്കുന്നതിനെതിരെയുള്ള കലഹം, ക്വിയർ ജീവിതങ്ങളെ കൊന്നൊടുക്കിയ മതത്തിനോടും സമൂഹത്തിനോടുമുള്ള നിർത്താത്ത കലഹം.

രണ്ടു പുരുഷന്മാരുടെ പ്രണയലഹരി, സുഖരതി; ‘അമോർ’ ഒരു സമരം കൂടിയാണ്​ഈ ലേഖനം ക്ലിക്ക് ചെയ്ത് വായിക്കാം, കേൾക്കാം.


Summary: Malayalam short film ‘Velipadu’ directed by queer film maker Jijo Kuriakose discusses gay life in Kerala context, writes Alwin Paul Alias


ആല്‍വിന്‍ പോള്‍ ഏലിയാസ്‌

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ബംഗളൂരു നിംഹാന്‍സില്‍ PhD Clinical psychology ചെയ്യുന്നു. മനഃശാസ്ത്ര മേഖലയില്‍ queer identity- കളെ ഉള്‍ക്കൊണ്ട് സൈക്കോ തെറപ്പിയും ഗവേഷണവും നടത്തുന്നു. മാസ്‌കുലിനിറ്റി, ജെന്‍ഡര്‍ വാര്‍പ്പുമാത്രകകള്‍, ഗേ പ്രണയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങളും ചര്‍ച്ചകളും പഠനങ്ങളും നടത്തിവരുന്നു.

Comments