ഫ്ളോറിഡയിലെ പൾസ് ഓർലാന്റോ ഗേ നിശാക്ലബിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് 2016 ലെ പ്രൈഡ് മാർച്ചിൽ ദേശീയ സ്മാരകമായ സ്റ്റോൺവാൾ ഇന്നിനുമുന്നിൽ ആദരവർപ്പിച്ചപ്പോൾ. ആക്രമണത്തിൽ 49 പേരാണ്​ കൊല്ലപ്പെട്ടത്​ / Photo: Wikimedia Commons

തരിക സഹജരേ, ഞങ്ങൾക്കൊരു മനുഷ്യമുദ്ര, മറപ്പുര

അപരന്റെ ലൈംഗികതയെ അതിലൈംഗികതയായും, സ്വവർഗ ലൈംഗികതയെ ശത്രുവിന്റെ സ്വഭാവമായും തിരിച്ചറിയുന്ന പ്രക്രിയ സ്വവർഗ ഭീതിയുടെ തന്നെ ഉൽപന്നമാണ്. സ്വവർഗ ഭീതിയെ മുൻനിർത്തിയുള്ള (പുതിയ) ചർച്ചകളിൽ ഈ മാതിരിയുള്ള സങ്കീർണതകളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

ആദി

എന്റെ സഹോദരങ്ങളോട്, അതിജീവിക്കാൻ ഞാനേറെ ശ്രമിച്ചു, ഞാൻ തോറ്റുപോയി, എന്നോട് ക്ഷമിക്കൂ. എന്റെ സുഹൃത്തുക്കളെ, അതു വളരെ ക്രൂരമായിരുന്നു. എതിർക്കാനായില്ല. ഞാൻ നന്നേ ദുർബലയാണ്. എന്നോട് ക്ഷമിക്കൂ. ലോകമെത്ര കെട്ടതാണ്. പക്ഷേ, ഞാനതു പൊറുക്കുന്നു.

ഈജിപ്ഷ്യൻ ക്വിയർ ആക്ടിവിസ്റ്റ് സാറ ഹെഗാസിയുടെ മരണക്കുറിപ്പാണിത്.
2020 ജൂൺ 15 നാണ് സാറ ആത്മഹത്യ ചെയ്യുന്നത്. 2017 സെപ്റ്റംബർ 22 ന് Mashrou' Leila ബാൻഡ് സംഘടിപ്പിച്ച സംഗീതപരിപാടിയിൽ പങ്കെടുക്കവേ മഴവിൽ പതാക വീശിയതിനാണ് സാറ ഹെഗാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സാറയെ ക്രൂരമായി പീഡിപ്പിച്ചു. സ്വവർഗഭീതിയുടെ അവസാന രക്തസാക്ഷിയൊന്നുമല്ല സാറ. സാറയ്ക്കുമുമ്പും ശേഷവും ഒരുപാട് ക്വിയർ മനുഷ്യർ ആത്മഹത്യ ചെയ്തിട്ടുണ്ട്, കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആയതിനാൽ സ്വവർഗഭീതിയുടെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകൾക്ക് രേഖീയമായ ഒരു ജീവിതമൊന്നുമില്ല.

സാറ ഹെഗാസി / Photo: Wikimedia Commons

ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വവർഗ ഭീതിദമായ അന്തരീക്ഷമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലേത്. ഹിറ്റ്‌ലർ ജർമനിയിൽ അധികാരത്തിലേറിയശേഷം സ്വവർഗാനുരാഗികൾ വലിയ തോതിൽ വേട്ടയാടപ്പെട്ടു. ഈ ഘട്ടത്തിൽ "പാരഗ്രാഫ് 175' ഉപയോഗിച്ച് 50,000-ലധികം സ്വവർഗാനുരാഗികളെയാണ് നാസി തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചത്. ആര്യൻ വംശത്തിന്റെ ശുദ്ധി നിലനിർത്താൻ സംഭാവന ചെയ്യാത്ത, രണ്ടാംകിട ശരീരങ്ങളായാണ് സ്വവർഗാനുരാഗികളെ നാസികൾ എണ്ണിയത്. പിങ്ക് ത്രികോണാകൃതിയിലുള്ള ഒരടയാളം എളുപ്പം തിരിച്ചറിയുന്നതിന് ക്യാമ്പുകളിലെ സ്വവർഗാനുരാഗികളുടെ മേൽ പതിപ്പിച്ചിരുന്നു. ക്യാമ്പുകളിൽ സ്വവർഗാനുരാഗികളുടെ ജീവിതം മറ്റുള്ളവരേക്കാളും പരിതാപകരമായിരുന്നുവെന്ന് Eugen Kogon എഴുതുന്നുണ്ട്. Carl Peter Værnet ന്റെ നേതൃത്വത്തിൽ ഹോർമോൺ പരീക്ഷണങ്ങൾക്കായി സ്വവർഗാനുരാഗികളെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.

ജർമനിയിലെ കോൺസന്റ്രേഷൻ ക്യാമ്പിൽ വസ്ത്രങ്ങളിൽ പിങ്ക് ട്രയാങ്കിൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയ സ്വവർഗാനുരാഗികളായ തടവുകാർ / Photo: National Archives and Records Administration, USA

1934-ൽ സോവിയറ്റ് യൂണിയനിൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രത്തിൽ മാക്സിം ഗോർക്കി "സ്വവർഗ ലൈംഗികത ഒഴിവാക്കൂ, ഫാസിസം അപ്രത്യക്ഷമാകും' എന്ന് എഴുതുമ്പോൾ നാസി ക്യാമ്പുകളിൽ സ്വവർഗാനുരാഗികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. സ്വവർഗാനുരാഗികൾക്കുമേലുള്ള നാസി ഹിംസകളെ മറച്ചുവെച്ചാണ് സോഷ്യലിസം = പ്രകൃതിസഹജം/സ്വാഭാവികം/ഭിന്നവർഗ ലൈംഗികം, ഫാസിസം = പ്രകൃതി വിരുദ്ധം/സ്വവർഗലൈംഗികത എന്ന ഒരു (വിചിത്ര)സമവാക്യം ഗോർക്കി അവതരിപ്പിക്കുന്നത്. നാസികളുടെ തകർച്ചക്കുശേഷവും സ്വവർഗാനുരാഗികളുടെ ദുരിതം അവസാനിച്ചിരുന്നില്ല. യുദ്ധാനന്തരം തടങ്കൽപ്പാളയങ്ങളിൽനിന്ന് പലരും മോചിക്കപ്പെട്ടെങ്കിലും, സ്വവർഗ്ഗാനുരാഗികളെ ജർമനിയിലെയും സോവിയറ്റ് യൂണിയനിലെയും ജയിലുകളിലേക്കാണ് അയച്ചത്. തുടർന്നും, 1969 വരെ "പാരഗ്രാഫ് 175'ന്റെ ബലത്തിൽ സ്വവർഗാനുരാഗികൾ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. പക്ഷെ ഈ ചരിത്രം അദൃശ്യമായിരുന്നു. "ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ മിണ്ടിയില്ല. ഞാൻ സോഷ്യലിസ്റ്റല്ല...' എന്ന മാർട്ടിൻ നെയ്‌മൊലറിന്റെ കവിതയിൽ "പിന്നെ അവർ സ്വവർഗാനുരാഗികളെ തേടി വന്നു, ഞാൻ മിണ്ടിയില്ല. ഞാൻ സ്വവർഗാനുരാഗിയല്ലല്ലോ...' എന്ന് എഴുതി ചേർക്കപ്പെട്ടതേയില്ല.

കൊളോണിയൽ സ്വവർഗഭീതി; ഐ.പി.സി. 377 ചരിത്രം

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി. 377, ജർമനിയിലെ പാരഗ്രാഫ്175-ന് സമാനമാണ്. 1867-കളിലാണ് ഐ.പി.സി. 377 നിലവിൽ വരുന്നത്. പ്രകൃതിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സ്ത്രീയോടോ, പുരുഷനോടോ, മൃഗത്തോടോ ലൈംഗികമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടുമെന്നതാണ് ഈ വകുപ്പിന്റെ ഉള്ളടക്കം. ഐ.പി.സി. 377 വകുപ്പിന്മേൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ കേസുകളിലൊന്ന് ക്വീൻ എംപ്രസ് വേഴ്സസ് ഖൈരാതിയുടേതാണ് (1884). ജനുവരി 31 ന് അലഹബാദ് ഹൈക്കോടതിയിലാണ് ഖൈരാതിയുടെ കേസ് പരിഗണിക്കുന്നത്. ഗ്രാമത്തിലെ സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്തതിനാണ് പൊലീസ് ഖൈരാതിയെ അറസ്റ്റ് ചെയ്തത്. അധിനിവേശിത സമൂഹങ്ങളിലെ ലിംഗഭേദ സംബന്ധിയായ പ്രതീക്ഷകളെ അട്ടിമറിക്കുന്ന സ്വഭാവങ്ങൾ ബ്രിട്ടീഷുകാരെ പലപ്പോഴും സമ്മർദ്ദത്തിലാക്കിയിരുന്നു. ശരീരങ്ങളെ കൃത്യമായി ആൺ- പെൺ ദ്വന്ദ്വങ്ങളിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളാണ് കൊളോണിയലിസ്റ്റുകൾ അതാതിടങ്ങളിൽ സ്വീകരിച്ചുപോന്നത്. ശ്രീലങ്കയിൽ സിംഹള പുരുഷന്മാർ സ്ത്രീകളെപ്പോലെ മുടി വളർത്തി "കൊണ്ട'കെട്ടുന്നത് ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചതിനെ കുറിച്ച് Dressing the Colonised Body: Politics, Clothing, and Identity in Sri Lanka എന്ന പഠനത്തിൽ നിര വിക്രംസിംഘെ എഴുതുന്നുണ്ട് (2003; 86-93). "സ്‌ത്രൈണതയുള്ള പുരുഷൻ' എന്ന വാർപ്പുമാതൃക വഴി കൊളോണിയൽ അധിനിവേശത്തെ ന്യായീകരിക്കാൻ എളുപ്പമുണ്ടായിരുന്നു. ഇന്ത്യാചരിത്രമെഴുതുന്ന സന്ദർഭത്തിൽ ജെയിംസ് മിൽ ആണും പെണ്ണും കെട്ട, അടിമ തുല്യരായ ഇന്ത്യക്കാരെ പരാമർശിക്കുന്നുണ്ട്. കൊളോണിയൽ ആശയാവലികളെ മുൻനിർത്തി ഇവരെ പരിഷ്‌കരിക്കേണ്ടത് വെള്ളക്കാരന്റെ ഭാരമായിരുന്നു.

വിവാഹമെന്ന സാമൂഹികരൂപത്തിന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് "തന്ത' കേന്ദ്രിതമായൊരു കുടുംബഘടനയുടെ നിലനിൽപിന് അത്യാവശ്യമായിരുന്നു. പുതിയ കുടുംബം പാതിവ്രത്യം, കന്യകാത്വം, സദാചാരം തുടങ്ങിയ പുതിയതരം മൂല്യങ്ങളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചാണ് നിലവിൽ വരുന്നത്.

ലിംഗ- ലൈംഗിക ബന്ധങ്ങളിലെ അവ്യവസ്ഥയാണ് കൊളോണിയൽ താൽപര്യങ്ങൾ പ്രധാനമായും പ്രശ്‌നവത്കരിച്ചിരുന്നത്. പ്രാദേശിക രീതികൾക്ക് പകരം കൃത്യതയുള്ള ബന്ധങ്ങൾ ആവശ്യമാണെന്ന തോന്നൽ, നിലനിന്നിരുന്ന മരുമക്കത്തായ കുടുംബ ഘടനയെ പല നിലയിൽ ചോദ്യം ചെയ്തു. ബഹുഭാര്യാത്വം, ബഹുഭർതൃത്വം തുടങ്ങിയ ലൈംഗികരീതികളെ വിലക്കി, ഭിന്നവർഗ ലൈംഗികമാനകതയിൽ (Heteronormativity) അധിഷ്ഠിതമായ ഏകഭാര്യാ-ഭർതൃബന്ധം സ്ഥാപിക്കപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. വിവാഹമെന്ന സാമൂഹികരൂപത്തിന്റെ വിശ്വാസ്യത നിലനിർത്തേണ്ടത് "തന്ത' കേന്ദ്രിതമായൊരു കുടുംബഘടനയുടെ നിലനിൽപിന് അത്യാവശ്യമായിരുന്നു. പുതിയ കുടുംബം പാതിവ്രത്യം, കന്യകാത്വം, സദാചാരം തുടങ്ങിയ പുതിയതരം മൂല്യങ്ങളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചാണ് നിലവിൽ വരുന്നത്. ആധുനിക ദേശരാഷ്ട്രനിർമിതി ആവശ്യപ്പെടുന്നത് ഉൽപ്പാദനക്ഷമമായൊരു ബന്ധമാതൃകയെയാണ്. ഈയൊരു മാതൃകയെ നിയമപരമായി ഉറപ്പിച്ചെടുക്കാനുള്ള ഉപാധികളിലൊന്നായി ഐ.പി.സി. 377-നെ മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക ശാസ്ത്രം, നിയമം തുടങ്ങിയ വ്യവഹാരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ഭിന്നവർഗ ലൈംഗികമാനകേതരമായ ലൈംഗികതയെയും ലിംഗഭേദത്തെയും ചികിത്സ ആവശ്യമായുള്ള ഒരസുഖമോ, ശിക്ഷിക്കപ്പെടാവുന്ന കുറ്റമോ ആക്കിമാറ്റിയാണ് ഭിന്നവർഗ ലൈംഗികത നേർലൈംഗികതയായി അവതരിപ്പിക്കപ്പെട്ടത്. 1861 ലെ ഐ.പി.സി 377 ഉം, 1870 ലെ ക്രമിനൽ ട്രൈബ്സ് ആക്ടും ഉപയോഗിച്ചാണ് വിമത ശരീരങ്ങളെ (Queer Bodies) കൊളോണിയൽ ഭരണകൂടം നേരിട്ടത്. സ്വാതന്ത്ര്യാനന്തരം ക്രിമിനൽ ട്രൈബ്സ് ആക്ട് റദ്ദ് ചെയ്തെങ്കിലും IPC 377 പിന്നെയും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അവശേഷിച്ചു.

സംശയമില്ല, ഐ.പി.സി. 377 നെ ചുറ്റിപ്പറ്റിയുള്ള നീണ്ട സംവാദങ്ങളും നിയമപോരാട്ടങ്ങളുമാണ് ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിന്റെ അടിത്തറയായത്. ഐ.പി.സി.377 ഭാഗികമായി റദ്ദാക്കിക്കൊണ്ടുള്ള 2018 സെപ്റ്റംബർ 6-ലെ സുപ്രീംകോടതി വിധി ഇന്ത്യയിലാകമാനമുള്ള ക്വിയർ മനുഷ്യർ വളരെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വിധി, രണ്ടു പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന ക്വിയർ മനുഷ്യരുടെ നിയമയുദ്ധത്തിന്റെ സ്വാഭാവിക ഫലമായിരുന്നു. വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഇതിനു മുന്നേ 2009 ജൂലൈ 2-ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് ഒരു വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയെ സുരേഷ് കുമാർ കൗശൽ വേഴ്സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ വിധി വീണ്ടും അട്ടിമറിക്കുകയാണുണ്ടായത്.

ഇന്ത്യൻ ദേശീയതയും ഭിന്നവർഗ ലൈംഗികതയും

ഇന്ത്യൻ ദേശീയതയുടെയും ആധുനികതയുടെയും സന്ദർഭത്തിൽ ദേശത്തെ സ്‌ത്രൈണവത്കരിക്കുന്ന ബിംബങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ടാകുന്നുണ്ട്.

അബനീന്ദ്രനാഥ് ടാഗോറിന്റെ 'ഭാരത് മാതാ' പെയ്ന്റിങ്ങ് / Photo: Wikimedia Commons

ഭിന്നവർഗ ലൈംഗികതയെ സാധൂകരിക്കുന്ന ശ്രമങ്ങളായാണ് ദേശത്തെ സ്‌ത്രൈണവത്കരിക്കുന്ന ഇത്തരം ദേശീയതാൽപര്യങ്ങളെ തിരിച്ചറിയേണ്ടത്. ഇതുവഴി ദേശവും സ്ത്രീശരീരവും ഭിന്നവർഗ ലൈംഗിക പുരുഷന്റെ ഉടമസ്ഥതയിലാകുന്നു. 1905-ൽ അബനീന്ദ്രനാഥ് ടാഗോർ വരച്ച "ഭാരത് മാതാ' എന്ന ചിത്രവും ഇന്ത്യൻ ഭാവനയെ വലിയ തോതിൽ സ്വാധീനിച്ച സീത-രാമൻ തുടങ്ങിയ ആദർശ കഥാപാത്രങ്ങളുമുൾപ്പെടുന്ന ഒരു വലിയ പ്രതീക വ്യവസ്ഥയ്ക്ക് മുകളിലാണ് ആധുനിക ദേശരാഷ്ട്ര ഘടന അതിന്റെ അടിത്തറ പടുത്തുയർത്തിയിരിക്കുന്നത്. ഈ മാതൃകകളെ മുൻനിർത്തി ഭിന്നവർഗ ലൈംഗികതയിൽ അധിഷ്ഠിതമായ കുടുംബഘടനയ്ക്ക് കന്യകാത്വം, പാതിവ്രത്യം, മാതൃത്വം തുടങ്ങിയ മൂല്യങ്ങളെ സ്വാംശീകരിക്കാനും എളുപ്പമുണ്ടായിരുന്നു.

ദേശീയതയെയും ദേശത്തെയും കുറിച്ചുള്ള വിചാരങ്ങളിൽ "ക്വിയർ' ജീവിതങ്ങളെ എവിടെയാണ് സ്ഥാനപ്പെടുത്തേണ്ടത് എന്ന ചോദ്യം കുറേക്കൂടി സങ്കീർണമാണ്. ""ഞങ്ങൾ വാനമില്ലാപ്പറവകൾ, വനമില്ലാ കൃഷ്ണമൃഗങ്ങൾ നീരില്ലാ മത്സ്യങ്ങൾ വേരില്ലാ മരങ്ങൾ വരിക തരിക സഹജരേ ഞങ്ങൾക്കൊരു മനുഷ്യമുദ്ര, മാലാഖച്ചിറക് ഞങ്ങളുടെ ലിംഗാവകാശങ്ങൾ, സമ്മതിദാനം, റേഷൻകാർഡ്, മറപ്പുര, ബദൽ നിയമങ്ങൾ''
- എന്ന് ട്രാൻസ്‌ജെന്റർ പ്രമേയമായ ആദ്യത്തെ മലയാള കവിതകളിലൊന്നിൽ വിജയകുമാർ കുനിശ്ശേരി എഴുതുന്നുണ്ട്. ആധുനിക ദേശീയതാ വ്യവഹാരങ്ങൾ പുറന്തള്ളിയ ഒരു പറ്റം മനുഷ്യരുടെ ഉണ്മയെ സംബന്ധിച്ച ആകുലതകളാണ് കവിതയിൽ അവതരിപ്പിക്കുന്നത്. ലിംഗാവകാശം, സമ്മതിദാനം, റേഷൻ കാർഡ്, മറപ്പുര തുടങ്ങിയ ആവശ്യ(അവകാശ)ങ്ങൾക്ക് രാഷ്ട്രീയമായാണ് സാംഗത്യമുണ്ടാകുന്നത്. ദേശത്തിനകമേ മാത്രം സാധ്യമാകുന്ന നിയമ സാധുതയുള്ള ജീവിതത്തെയാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവിയായ വിജയരാജ മല്ലികയുടെ കവിതകളിലെത്തുമ്പോൾ കുറേക്കൂടി ശക്തമായ വിധത്തിൽ ക്വിയർ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട്​.

കൃത്യമായ അതിരുകളും അരുതുകളുമുറപ്പിച്ച് നിലനിൽക്കുന്ന ദേശത്തിനൊരു പ്രവർജക സ്വഭാവമുണ്ട്. ദേശത്തിനകവും പുറവുമുണ്ട്, അകത്തുള്ളവരെ എളുപ്പം പുറത്താക്കാനുള്ള അധികാരവുമുണ്ട്. ഇന്ത്യൻ ദേശീയതാ വ്യവഹാരങ്ങൾ തുടക്കം മുതൽ "ക്വിയർ' ജീവിതങ്ങളെ ദേശബാഹ്യമെന്ന നിലയിലാണ് പരിഗണിച്ചത്. അതിരുകൾക്ക് പുറമേയുള്ള ഒരു ശത്രുവിന്റെ സ്വഭാവമായാണ് സ്വവർഗ ലൈംഗികത പരിചരിക്കപ്പെട്ടത്.

സ്വവർഗ ലൈംഗികതയ്ക്ക് സാഹിത്യ പാഠങ്ങൾക്കുള്ളിലേക്ക് സ്വാഭാവികമായി പ്രവേശിക്കാനുള്ള അവസരം ഒരിക്കലുമുണ്ടായിരുന്നില്ല. സ്വവർഗ ലൈംഗികതക്കുമേൽ കൽപിച്ച വിലക്കുകളാലാണ് അധീശഘടന വലിയ ഒരു വിമത അദൃശ്യതയെ സൃഷ്ടിച്ചെടുത്തത്.

ചോക്ലേറ്റ്: (സ്വവർഗ) ലൈംഗികചർച്ചകളും "വ്യാജ'പ്രതിനിധാനങ്ങളും

ആധുനിക ഇന്ത്യയിൽ സ്വവർഗ ലൈംഗികതയെ മുൻനിർത്തി ആദ്യത്തെ ചർച്ചയുണ്ടാകുന്നത് പാണ്ഡെ ബച്ചൻ ശർമ്മയുടെ "ചോക്ലേറ്റ്' എന്ന കഥയിലൂടെയാണ്. 1921 ൽ മദ്വാല എന്ന മാസികയിലാണ് ചോക്ലേറ്റ് എന്ന കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. ബാബു ദിനകർ പ്രസാദ്- രമേശ് സ്വവർഗ ബന്ധത്തെയാണ് കഥ പ്രമേയമാക്കുന്നത്. ഒരു മുതിർന്ന പുരുഷനും കൗമാരപ്രായമെത്തിയ പയ്യനും തമ്മിലുള്ള ബന്ധമായാണ് സ്വവർഗ ലൈംഗികതയെ കഥയിൽ അവതരിപ്പിക്കുന്നത്. കഥയിൽ, രാജ്യത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ഒരു ദുഃശീലമാണ് സ്വവർഗ ലൈംഗികത. ഇതുനിമിത്തം ആൺകുട്ടികൾക്ക് പൗരുഷം കുറയുന്നതായും കഥ അപലപിക്കുന്നുണ്ട്. ബനാറസ്സിദാസ് ചതുർവേദി പാണ്ഡെ ബച്ചൻ ശർമ്മയുടെ എഴുത്തുകളെ അശ്ലീല സാഹിത്യമെന്ന് മുദ്രകുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സ്വവർഗ ലൈംഗികതയുടെ തെറ്റായ ചിത്രീകരണം പോലും സഹിക്കാനുള്ള സഹിഷ്ണുത അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചോക്ലേറ്റ് വായിച്ചതിന് ശേഷം മഹാത്മാഗാന്ധി ചതുർവേദിയ്ക്ക് കത്തെഴുത്തുന്നുണ്ട്; I finished the book today and it did not have the same effect on my mind as it did on you. I think the aim of the book is pure. I don't know whether it will have a good or a bad effect. The writer only arouses disgust at unnatural behavior. പ്രകൃതിവിരുദ്ധതയ്‌ക്കെതിരെയാണ് എഴുത്തുകാരൻ നിലകൊള്ളുന്നതെന്നും ഗാന്ധി വ്യക്തമാക്കി.

ചോക്ലേറ്റും, അതിനെ ചുറ്റിപ്പറ്റിയുണ്ടായ ചർച്ചകളും പൊതുവെ ഇന്ത്യൻ "ആണത്തത്തെ' കുറിച്ചുള്ള ചില പ്രതീക്ഷകൾ വെച്ചുപുലർത്തിയിരുന്നു. സ്വവർഗ ലൈംഗികതയെ ആണത്തത്തിന്റെ മൂല്യം കുറയ്ക്കുന്ന ഒന്നായാണ് ഈ ചർച്ചകൾ തിരിച്ചറിഞ്ഞത്. "സ്വവർഗ ലൈംഗികത'യോടുള്ള എതിർപ്പാണ് കഥയിലുള്ളതെന്നും, ആയതിനാൽ കഥ സ്വീകാര്യമാണെന്നുമുള്ള നിഗമനത്തിലെത്തിച്ചേർന്നു ഇക്കൂട്ടർ. സ്വവർഗ ലൈംഗികതയെ മോശമായാണ് ചിത്രീകരിച്ചതെങ്കിലും അക്കാലത്ത് കഥ വായിച്ച പല സ്വവർഗാനുരാഗികളും അതിയായി സന്തോഷിച്ചിരുന്നുവത്രേ. ഇതിന് കൃത്യമായ കാരണവുമുണ്ട്. ആദ്യമായാണ് ഈ വിധത്തിൽ ഒരു (സ്വവർഗ ലൈംഗിക) പ്രതിനിധാനം സാഹിത്യത്തിലുണ്ടാകുന്നത്.

പ്രതിനിധാനം അധികാരവുമായി ബന്ധപ്പെട്ട സംഗതിയുമാണ്. 1995 ൽ ബഹുജനമാധ്യമങ്ങളിലെ വിമത സാന്നിധ്യങ്ങളുടെ അദൃശ്യതയെ കുറിക്കാൻ പ്രതീകാത്മക ഉന്മൂലനം (Symbolic Annihilation) എന്ന പദം ലാറി ഗ്രോസ് ഉപയോഗിക്കുന്നുണ്ട്. സ്വവർഗ ലൈംഗികതയ്ക്ക് സാഹിത്യ പാഠങ്ങൾക്കുള്ളിലേക്ക് സ്വാഭാവികമായി പ്രവേശിക്കാനുള്ള അവസരം ഒരിക്കലുമുണ്ടായിരുന്നില്ല. സ്വവർഗ ലൈംഗികതക്കുമേൽ കൽപിച്ച വിലക്കുകളാലാണ് അധീശഘടന വലിയ ഒരു വിമത (Queer) അദൃശ്യതയെ സൃഷ്ടിച്ചെടുത്തത്. ഈ അദൃശ്യത പ്രത്യയശാസ്ത്രപരമാണ്. പ്രതിനായകന്മാരായും രോഗികളായും പീഡകരായും തങ്ങളെ ചിത്രീകരിച്ച സാഹിത്യപാഠങ്ങൾ വായിച്ചാണ് ക്വയർ മനുഷ്യർ അതിജീവിച്ചതെന്നതും ചരിത്രമാണ്.

ഇന്ത്യൻ സാഹചര്യത്തിലാകട്ടെ വിമത ലൈംഗികതയുടെ ഇടങ്ങളേറെയും പൊതുസ്ഥലങ്ങളാണ്. സ്വന്തമായി ഒരു മുറിയില്ലാത്ത മനുഷ്യർ, ഒരു ചുമരിന്റെയോ മരത്തിന്റെയോ മറവിലിരുന്നാണ് ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നത്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ട്രാൻസ് ജെൻഡർ വ്യക്തികളുടെ സ്ഥിതിയും മറ്റൊന്നല്ല.

സ്വവർഗ ഭീതിയും (ഹിന്ദു) ഭൂതകാലവും

ക്വിയർ വ്യക്തികൾക്ക് മേലുള്ള അതിക്രമങ്ങൾ അവസാനിക്കുന്നേയില്ല. ഐ.പി.സി.377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയോട് രാജ്യമെമ്പാടും പലതരം പ്രതികരണങ്ങളുണ്ടായി. വിധിയെ ചുറ്റിപ്പറ്റിയുണ്ടായ വലിയ വിമർശനങ്ങളിലൊന്ന്, ആഷ്ലി ടെല്ലിസിന്റേതായിരുന്നു. ഈ വിധി ഉപരിവർഗജീവിതം നയിക്കുന്ന ക്വിയർ വ്യക്തികൾക്ക് "സ്വകാര്യത'യിൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള നിയമപരമായ സാധുതയേർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ടെലിസിന്റെ അഭിപ്രായം. അവിടെ സ്വന്തമായി കിടപ്പറയില്ലാത്ത ക്വിയർ വ്യക്തികളുടെ ലൈംഗികജീവിതവും നിലനിൽപ്പുമൊന്നും വിഷയമേയല്ല. ഇന്ത്യൻ സാഹചര്യത്തിലാകട്ടെ വിമത ലൈംഗികതയുടെ ഇടങ്ങളേറെയും പൊതുസ്ഥലങ്ങളാണ്. സ്വന്തമായി ഒരു മുറിയില്ലാത്ത മനുഷ്യർ, ഒരു ചുമരിന്റെയോ മരത്തിന്റെയോ മറവിലിരുന്നാണ് ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നത്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ട്രാൻസ് ജെൻഡർ വ്യക്തികളുടെ സ്ഥിതിയും മറ്റൊന്നല്ല. ഈ വ്യക്തികൾക്ക് കോടതിവിധി ഏതുനിലയിലാണ് പ്രയോജനപ്പെടുന്നതെന്ന ചോദ്യമാണ് ടെല്ലിസ് ഉന്നയിക്കാൻ ശ്രമിച്ചത്. ഈ വിമർശനം പലനിലയിൽ സാധുതയുള്ളതാണ്. ഇന്ത്യൻ സാഹചര്യത്തിൽ ക്വിയർ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഏകദേശ ധാരണ ഈ വിമർശനത്തിലുള്ളടങ്ങിയിട്ടുണ്ട്. സ്വയംഭോഗം ചെയ്യാൻ പോലും സ്വന്തമായി ഒരു മുറിയില്ലാത്ത മനുഷ്യർക്ക് എങ്ങനെയാണ് ലിംഗതന്മയെയും ലൈംഗികതയെയും കുറിച്ച് സംസാരിക്കാനൊക്കുന്നത്? തുറന്നുപറച്ചിലുകളെ തടസ്സപ്പെടുത്തുന്നതെന്താണ്? ഇന്ത്യൻ സാഹചര്യത്തിൽ ആഘോഷിക്കപ്പെടുന്ന സ്വവർഗ വിവാഹങ്ങളുടെ സ്വഭാവമെന്താണ്? ഏതുതരം മനുഷ്യർക്കാണ് ലൈംഗികതയും ലിംഗതന്മയും തുറന്നുപറയാനുള്ള സാധ്യതയുള്ളത്? തുടങ്ങിയ ചോദ്യങ്ങളെല്ലാം ഈ വിമർശനത്തോട് പരസ്പരം ഇഴചേരുന്നുണ്ട്. ഐ.പി.സി. 377 ഭാഗികമായി റദ്ദാക്കിയ വിധി യാതൊരു ഗുണവുമില്ലാത്തതാണെന്നല്ല, മറിച്ച് സാമ്പത്തികമായും ജാതീയമായും ഉയർന്ന നിലയിലുള്ള മനുഷ്യർക്കുമാത്രമാണ് ഈ വിധി പ്രയോജനപ്പെടുന്നതെന്നതാണ് കാതലായ വിഷയം.

ആഷ്ലി ജൂഡ് മാരിയോ ടെല്ലിസ്

ജാതീയവും മതപരവുമായി പിളർന്ന ഇന്ത്യയിലെ സവിശേഷമായ സാമൂഹികാവസ്ഥയെ അഭിസംബോധന ചെയ്യാതെ, ഏകമുഖമായൊരു ദിശയിലാണ് ആദ്യഘട്ടം മുതൽക്കേ ക്വീർ മുന്നേറ്റങ്ങളൊക്കെ നീങ്ങിയതെന്ന വിമർശനത്തിന്റെ സാംഗത്യം ഇവിടെയാണ്. ഐ.പി.സി. 377 നെ ചുറ്റിപ്പറ്റിയാണ് ഈ ചർച്ചകളെല്ലാം വികസിച്ചുവരുന്നത്. ദേവ്ദത്ത് പട്‌നായ്ക്കും റൂത്ത് വനിതയും ഉൾപ്പെടെയുള്ള ഒരു അക്കാദമിക് ധാര ഈ ഘട്ടത്തിൽ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും ലൈംഗിക- ലിംഗ സ്വാതന്ത്ര്യത്തെയും വിമത സാന്നിധ്യങ്ങളെയും അന്വേഷിക്കുകയായിരുന്നു. സ്വവർഗഭീതിയെ കേവലം ഒരു കൊളോണിയൽ ഇറക്കുമതിയായി ചുരുക്കി നിർവചിക്കാനാണ് ഈ ശ്രമങ്ങൾ ഉപയോഗിക്കപ്പെട്ടത്. "ജാതി'പോലുള്ള ഇന്ത്യൻ യാഥാർത്ഥ്യം ഈ ചർച്ചകളിൽ അദൃശ്യമായിരുന്നു. മനുസ്മൃതിയിലും അർത്ഥശാസ്ത്രത്തിലുമുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ലൈംഗികസുഖം അനുഭവിച്ച ശരീരങ്ങളുടെ ജാതി-ലിംഗ-വർഗ സ്വഭാവം ചർച്ചയായതേയില്ല. ഇന്ത്യ മുഗളന്മാരാലും ബ്രിട്ടീഷ് അധിനിവേശത്താലും "ദുഷിക്കപ്പെടുന്നതിന്' മുന്നേ ഒരു സുവർണഭൂതകാലമുണ്ടായിരുന്നെന്ന നിഗമനങ്ങളാണ് ഒടുവിൽ രൂപപ്പെട്ടത്. ഈ ഭൂതകാലം ലിംഗ വൈവിധ്യങ്ങളെ അംഗീകരിച്ചിരുന്നത്രെ. ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഇതിഹാസ സൂചനകളുമായി ബന്ധപ്പെടുത്തി ഈശ്വരപദവിയിലേക്കുയർത്താനുള്ള ശ്രമങ്ങൾ അടിസ്ഥാനപരമായി വിമതശരീരങ്ങളെ അപമാനവീകരിക്കുകയാണ് ചെയ്തത്. സ്വവർഗഭീതിയെ കൊളോണിയൽ ഉൽപന്നമായി പരിചരിക്കുന്നതോടെ, സ്വവർഗഭീതിയും ഒരു ശത്രുവിന്റെ സ്വഭാവമാണെന്ന ആഖ്യാനം ഹിന്ദുത്വ രൂപപ്പെടുത്തിയെടുത്തു.

(അ)ദൃശ്യ ശത്രുവും സ്വവർഗലൈംഗികതയും

സ്വവർഗ ലൈംഗികത/സ്വവർഗ ഭീതി ഇന്ത്യൻ സാഹചര്യത്തിൽ "ആരോപിത സ്വഭാവ'മെന്ന മട്ടിലാണ് പരിചരിക്കപ്പെട്ടത്. ഈ പരിചരണത്തിന് ഒരുഭയ സ്വഭാവമുണ്ട്.
1) ദേശീയതയുടെ സന്ദർഭത്തിൽ സ്വവർഗലൈംഗികതയെ ദേശബാഹ്യമായ സ്വഭാവമായാണ് തിരിച്ചറിഞ്ഞത്. വിദേശികളുടെ ഇറക്കുമതിയെന്ന നിലയിൽ അടയാളപ്പെടുത്തുക വഴി അപരന്റെ സ്വഭാവമായാണ് സ്വവർഗ ലൈംഗികത സ്ഥാനപ്പെടുന്നത്. ഈ അപരത്വത്തെ നിയന്ത്രിച്ചും നിരോധിച്ചുമാണ് ഭിന്നവർഗ ലൈംഗികമായ ഒരു ദേശീയ പാരമ്പര്യം സൃഷ്ടിക്കപ്പെട്ടത്.
2) ഹിന്ദുത്വം ക്വിയർ വ്യവഹാരങ്ങളെ സ്വാംശീകരിക്കാനുള്ള പണിയും ഒരു ഭാഗത്തെടുക്കുന്നുണ്ട്. ഒരു ഹിന്ദു ക്വിയർ വംശാവലി സൃഷ്ടിച്ചും "സ്വവർഗ ഭീതി' അപരരിൽ ആരോപിച്ചുമാണ് ഈ പ്രക്രിയയുടെ പോക്ക്. സ്വവർഗ ഭീതി കൊളോണിയൽ ഇറക്കുമതിയാണെന്നും ക്രിസ്ത്യൻ സദാചാരബോധത്തിന്റെ ഉൽപ്പന്നം മാത്രമാണെന്നുമുള്ള വ്യാഖ്യാനം "ഹിന്ദുത്വ'ത്തെ ക്വിയർ ഇൻക്ലൂസിവാക്കുന്നു.

ഒരാളെ അയോഗ്യനാക്കാനുള്ള മാർഗമായാണ് (സ്വവർഗ)ലൈംഗികതയെ പ്രയോജനപ്പെടുത്തുന്നത്. സ്വവർഗ ലൈംഗികത ആരോപിക്കുക വഴി പ്രതിപക്ഷത്തിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യാമെന്ന ലളിതയുക്തിയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്

മേൽ സൂചിപ്പിച്ച രണ്ട് വിധത്തിലാണ് സ്വവർഗ ഭീതിയുടെ ആരോപിത സ്വഭാവമെന്ന നിലയിലുള്ള ഉപയോഗമെന്നതിനാൽ സ്വവർഗഭീതിയെ കുറിച്ചുള്ള ആലോചനകളിൽ "ആരോപിത സ്വഭാവമെന്ന' ഒരു താക്കോൽ വാക്കിനെ പ്രയോജനപ്പെടുത്താവുന്നതാണ്. "ആരോപിത സ്വഭാവം' എന്ന് വളരെ സവിശേഷമായ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വവർഗ ലൈംഗികതയെയോ, സ്വവർഗ ഭീതിയെയോ കുറ്റമെന്നോണം ഒരു വ്യക്തിയ്ക്ക്/സമൂഹത്തിന് മേൽ ആരോപിക്കുകയും അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇവിടെ സ്വവർഗ ലൈംഗികത ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ലൈംഗിക/ലിംഗ തന്മ പ്രസക്തമല്ല. അയാൾ സ്വവർഗാനുരാഗിയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഉന്മൂലനം ചെയ്യേണ്ട ഏതെങ്കിലും ഒരു ശത്രുവിന്റെ മേലാണ് ഈ കുറ്റം ചുമത്തുന്നത്.

ഒരു സമയത്ത് സവർക്കറും ഗോഡ്‌സെയും തമ്മിലുള്ള സ്വവർഗ ലൈംഗികബന്ധം വലിയ ചർച്ചാവിഷയമായിരുന്നു. "വീർ സവർക്കർ കിതനെ വീർ' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇത്തരം ഒരു ആരോപണം പ്രത്യക്ഷപ്പെടുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും സ്വവർഗഭീതിദമായ ഒരന്തരീക്ഷം രൂപപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റായ സ്വാമി ചക്രപാണി രാഹുൽ ഗാന്ധിയുടെ മേൽ സമാന ആരോപണം ഉന്നയിച്ചു. ഇവിടെ ഒരാളെ അയോഗ്യനാക്കാനുള്ള മാർഗമായാണ് (സ്വവർഗ)ലൈംഗികതയെ പ്രയോജനപ്പെടുത്തുന്നത്. സ്വവർഗ ലൈംഗികത ആരോപിക്കുക വഴി പ്രതിപക്ഷത്തിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യാമെന്ന ലളിതയുക്തിയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്; ഭിന്നവർഗ ലൈംഗികത (Heterosexuality) പിന്തുടരുകയെന്നതാണ് പുരുഷത്വത്തിന്റെ ലക്ഷണമെന്നാണ് ആണധികാര സമൂഹം കരുതുന്നത്.

ഇന്ത്യയിൽ മുസ്‌ലിംകളുടെയും ദളിതരുടെയും മേൽ സ്വവർഗ ലൈംഗികതയുടെ കുറ്റം ആരോപിക്കുന്ന പതിവുമുണ്ട്. മലബാറിലെ ജനങ്ങൾക്കിടയിൽ മുസ്‌ലിം
പുരുഷനിൽ സ്വവർഗ ലൈംഗികതയെ ആരോപിക്കുന്ന ചൊല്ലുകൾപ്പോലും പ്രചാരത്തിലുണ്ട്. ""മുറിയണ്ടിയുള്ളവർ കുണ്ടന്മാരാണ്'' എന്നതൊരുദാഹരണമാണ്. ലൈംഗികതയ്ക്ക് കേവലമായ ഒരു നിലനിൽപ്പില്ലെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. അപരന്റെ ലൈംഗികതയെ അതിലൈംഗികതയായും, സ്വവർഗ ലൈംഗികതയെ ശത്രുവിന്റെ സ്വഭാവമായും തിരിച്ചറിയുന്ന പ്രക്രിയ(കൾ) സ്വവർഗ ഭീതിയുടെ തന്നെ ഉൽപന്നമാണ്. സ്വവർഗ ഭീതിയെ മുൻനിർത്തിയുള്ള (പുതിയ) ചർച്ചകളിൽ ഈ മാതിരിയുള്ള സങ്കീർണതകളെ വേണ്ടും വിധം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ▮

Reference


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments