‘ട്രാൻസ്ജെൻഡർ’ എന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള പൊതുധാരണകളെ ഉറപ്പിച്ചാണ് ക്രിസ്റ്റീൻ ജോർഗെൻസൻ ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നത്. ആദ്യമായി ശസ്ത്രക്രിയയിലൂടെ തനിക്കിഷ്ടമുള്ള ശരീരത്തെ സ്വീകരിച്ച ക്രിസ്റ്റീൻ, ട്രാൻസ്ജെൻഡർ ചരിത്രത്തിലെ വലിയ ബിംബങ്ങളിലൊന്നായി മാറി. ട്രാൻസ് ദൃശ്യതയുടെ മാതൃകയായി ജോർഗെൻസനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനം കനക്കുന്നതിൽ അവരുടെ വംശീയവും വർഗ്ഗപരവുമായ പശ്ചാത്തലവും പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളോടുള്ള അവരുടെ ശരീരത്തിന്റെ ചേർച്ചയും പ്രധാന ചേരുവകളായി. ജോർഗെൻസനെ കേന്ദ്രബിന്ദുവാക്കി വികസിച്ച ആഖ്യാനങ്ങൾ ട്രാൻസ് ശരീരങ്ങളെക്കുറിച്ചുള്ള ഇടുങ്ങിയ ധാരണകളെ രൂപപ്പെടുത്തി. സ്ത്രീത്വത്തെ സംബന്ധിച്ച മാനകാശയങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവിനെയും വംശീയതയെയും ആശ്രയിച്ചാണ് ജോർഗെൻസന്റെ ദൃശ്യത നിലനിന്നത്. ഇത് യുദ്ധാനന്തര അമേരിക്കയുടെ വംശീയവും ലിംഗപരവുമായ യുക്തികളുമായി ചേർന്നിരിക്കുന്നെന്ന് നിരീക്ഷണങ്ങളുയർന്നിട്ടുണ്ട്. യൂറോപ്യൻ ശാസ്ത്രത്തിന്റെ വളർച്ചയെ വെളിപ്പെടുത്തിയ വൈദ്യശാസ്ത്രവത്കരിക്കപ്പെട്ട ഈ മാതൃക ശസ്ത്രക്രിയയിലൂടെ പൂർണ്ണത തേടേണ്ടതാണ് "ട്രാൻസ് ശരീരം" എന്ന തീർപ്പിലേക്കെത്തി. ആൺ- പെൺ മാതൃകകൾക്ക് പുറമേ ജീവിച്ചിരുന്ന വംശീയ ശരീരങ്ങളെ അരികുവത്കരിച്ചുകൊണ്ട് മാനകവും അംഗീകൃതവുമായ ട്രാൻസ് ശരീരം എന്ന പദവിയിലേക്ക് ക്രിസ്റ്റീൻ ജോർഗെൻസനിന്റെ ശരീരം ഉയർന്നു. അതേസമയം കുറെയേറെ ശരീരങ്ങൾ ഈ നിലവാരങ്ങളോട് യോജിക്കാതെ പുറന്തള്ളപ്പെടുകയും ചെയ്തു.
കേരളത്തിന്റെ സാഹചര്യത്തിൽ ഈ ചരിത്രത്തെ മറ്റൊരു നിലയിൽ വികസിപ്പിക്കാവുന്നതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുണ്ടായിട്ടുള്ള ട്രാൻസ് ദൃശ്യതയുടെ പരിമിതികളെ സാമാന്യമായി പരിശോധിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്. പ്രധാനമായും എങ്ങനെയാണ് ട്രാൻസ്ജെൻഡർ എന്നതിനെ കുറിച്ചുള്ള അർത്ഥം രൂപപ്പെടുന്നതും ഉറപ്പിച്ചെടുക്കുന്നതും എന്ന ചോദ്യവും ഈ ആലോചനയുടെ ഭാഗമായുണ്ടാകുന്നുണ്ട്. ഈ ലേഖനത്തിലെ ആലോചനകൾ വ്യക്തിപരമായ ചില അനുഭവങ്ങളുടെയും ചിന്തകളുടെയും വായനകളുടെയും അടിസ്ഥാനത്തിൽ അടുക്കിയിട്ടുള്ളതാണ്.

കേരളവും ട്രാൻസ്ജെൻഡർ ശരീരങ്ങളും
ഇന്ത്യൻ സാഹചര്യത്തിൽ ജാതീയ ബ്രാഹ്മണ്യവും കൊളോണിയലിസവും ആൺ-പെൺ ദ്വന്ദ്വങ്ങളെ അസ്ഥിരമാക്കുന്ന ശരീരങ്ങളെ വലിയ തോതിൽ അപമാനവീകരിക്കുകയാണുണ്ടായത്. ഒരേ സമയം ദൈവീകരൂപമായും കുറ്റവാളി ശരീരമായും ട്രാൻസ് ശരീരങ്ങൾ പരിഗണിക്കപ്പെട്ടു. 2014-ലെ സുപ്രധാനമായ നൽസ വിധിയുടെ ഭാഗമായാണ് ട്രാൻസ് ശരീരങ്ങൾ പൗരശരീരങ്ങളെന്ന പദവി നേടുന്നത്. 2015-ൽ കേരളം ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമായി മാറി. കേരളത്തെ സംബന്ധിച്ച്, 'കേരള മാതൃക' എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഈ ഉൾക്കൊള്ളൽ പ്രക്രിയകൾ ഏറെയും നടന്നിട്ടുള്ളത്. പുരോഗമനപരതയാണ് ഈ ആഖ്യാനങ്ങളെ നിയന്ത്രിച്ചത്. പിന്നീട് സ്റ്റേറ്റ് മിന്നൽ മുരളിയെ പോലെ ട്രാൻസ് ശരീരങ്ങളുടെ രക്ഷകനായി അവതരിക്കാൻ തുടങ്ങുകയുണ്ടായി. സംഘടിതമായി രൂപമെടുക്കുന്ന പുതിയ തരം കർതൃത്വങ്ങളെ നിയന്ത്രിക്കേണ്ടത് സ്റ്റേറ്റിന്റെ ആവശ്യമായിരുന്നു.
ലിബറൽ സ്റ്റേറ്റിന്റെ ആവശ്യങ്ങൾക്ക് യോജിക്കും മട്ടിലാണ് പ്രത്യേക സ്വത്വങ്ങൾ സമകാലിക രാഷ്ട്രീയ ക്രമീകരണങ്ങൾക്കുള്ളിൽ രൂപപ്പെടുന്നതെന്ന് ബട്ലർ എഴുതുന്നുണ്ട്. അവകാശങ്ങൾ നേടാനായി ഏകീകൃതവും പരിക്കേറ്റതുമായ സ്വത്വത്തെ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ് ഇവിടെ. പുതിയ ഒരു കീഴാള വർഗ്ഗമായി ക്വിയർ സമുദായം സ്വയം വിശദീകരിക്കുന്നത് ഈ സന്ദർഭത്തിലാണ്. അതേ സമയം ഭൂരിപക്ഷ സമൂഹത്തിൻ്റെ താൽപര്യങ്ങൾക്ക് യോജിക്കും വിധം നല്ല ശരീരങ്ങളായി പെരുമാറാനുള്ള ബാധ്യതയും ഈ ശരീരങ്ങൾക്ക് മേൽ വന്നുപെടുകയും ചെയ്യുന്നുണ്ട്. ഭൂരിപക്ഷ സമൂഹത്തിൻ്റെ സ്വീകാര്യതയും പിന്തുണയും ആശ്രയിച്ചാണ് വിമോചനം എന്ന തെറ്റിദ്ധാരണ പോലും പലരും വെച്ചുപുലർത്തുന്നത്. ഈ സ്വീകാര്യത നേടാൻ ദൃശ്യത വളരെ പ്രധാനപ്പെട്ട ഉപാധിയാണ്. ശരീരങ്ങളെ ദൃശ്യപ്പെടുത്തലാണ് ആദ്യ പണി. ഇതിനായി പഴയ ചീത്ത വാക്കുകൾക്ക് പകരം യൂറോപ്യൻ മാതൃകയിലുള്ള വാക്കുകൾ കടമെടുത്ത് ശരീരങ്ങളെയും വികാരങ്ങളെയും വിശദീകരിക്കുന്നു. രണ്ടാമത്തെ പണി ഭൂരിപക്ഷ സമൂഹത്തിന് രുചിക്കും വിധം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തലാണ്. ഈ ഘട്ടത്തിൽ വേദനയെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങൾക്കാണ് പ്രാധാന്യം. സ്റ്റേറ്റിനും സമൂഹത്തിനും മുന്നിൽ നിരന്തരം വേദനകൾ ഏറ്റുപറയേണ്ട ബാധ്യത ട്രാൻസ് ശരീരങ്ങൾക്ക് മേൽ വരുന്നു. ട്രാൻസ് മനുഷ്യർ പൊതുവിൽ പങ്കുവെയ്ക്കുന്ന സന്തോഷങ്ങളും പ്രേമങ്ങളും പ്രത്യേക കുടുംബക്രമവും ഈ ആഖ്യാനങ്ങളിൽ എല്ലാം അരികുവത്കരിക്കപ്പെടുന്നു.

ഭൂരിപക്ഷ സ്വീകാര്യതയ്ക്കായി ലൈംഗികതൊഴിൽ ചെയ്യുന്നതും ഭിക്ഷയെടുക്കുന്നതുമായ ട്രാൻസ് ശരീരങ്ങൾ, പൊതുമൂത്രപ്പുരകളിലും മറ്റും ലൈംഗികാവശ്യങ്ങൾക്കായി പ്രത്യക്ഷപ്പെടുന്ന ശരീരങ്ങൾ തുടങ്ങിയവയോടൊക്കെ കൃത്യമായ അകലം പാലിക്കേണ്ടതുണ്ട്. കുറേക്കൂടി മാന്യമായ ശരീരങ്ങളായി സ്വയം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വഴിയേ വരുന്നു. ക്വിയർ മുന്നേറ്റങ്ങൾക്കുള്ളിൽ സാരമായി ഈ മാന്യതാ രാഷ്ട്രീയം പിടിമുറുക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലെല്ലാം തന്നെ ക്വിയർ പ്രൈഡ് മാർച്ചുകളിൽ ട്രാൻസ് മനുഷ്യരുടെ വസ്ത്രധാരണരീതികൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നുവെന്നതാണ് ഉയർന്ന പ്രധാന ആക്ഷേപം.
ദൈനംദിന ജീവിതത്തിൽ നാം കണ്ടു ശീലിച്ച വിഗ്ഗ് വെച്ചതും മേക്കപ്പ് ധരിച്ചതുമായ ശരീരങ്ങൾ 'ട്രാൻസ് ശരീരം' എന്ന് വിളിക്കപ്പെടാൻ യോഗ്യമല്ലാത്ത തരം താണ ശരീരങ്ങളായിമാറി. അവരുടെ ജീവിതവും അനുഭവും നിശബ്ദമാക്കപ്പെട്ടു.
ലിംഗത്വത്തെ കുറിച്ചുള്ള എല്ലാവിധ അനിശ്ചിതത്വങ്ങളെയും പരിഹരിക്കാൻ പോന്ന മൂന്നാം കോളമായാണ് ട്രാൻസ് ശരീരങ്ങൾ ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടത്. ഈ പുതിയ കോളം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പൊതുവിൽ കരുതപ്പെട്ടു. സ്റ്റേറ്റിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി ശരീരങ്ങളെ മേരുക്കേണ്ടത് അനിവാര്യമാണ്, മെരുങ്ങേണ്ടത് ശരീരങ്ങളുടെ ബാധ്യതയും. ശസ്ത്രക്രിയ പ്രധാന ഘടകമായിത്തീരുന്ന സന്ദർഭമാണിത്. ഇത് സംഭവിക്കുന്നത് സ്വാഭാവികമായും സ്ത്രീത്വം, പുരുഷത്വം തുടങ്ങിയവയെ മുൻനിർത്തിയുള്ള പൂർണ്ണതാ സങ്കല്പങ്ങളോട് തട്ടിച്ചുനോക്കിയാണ്.
ഭരണകൂടത്തിന്റെ അംഗീകാരത്തിന് പുറമേ ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ട്രാൻസ് ശരീരങ്ങൾക്ക് വിതരണം ചെയ്യുകയുണ്ടായി. ഇതിനായി ശരീരങ്ങളുടെ സത്യം ഏറ്റുപറയേണ്ട സ്ഥിതിയുണ്ടായി. ഇതേ തുടർന്ന്, പല ഇടങ്ങളിലും ട്രാൻസ് മനുഷ്യർക്കിടയിൽ തർക്കങ്ങളുണ്ടായി. ലൈംഗിക തൊഴിൽ ചെയ്യണമെങ്കിൽ ട്രാൻസ് ഐഡി കാർഡ് വേണം എന്ന് പറഞ്ഞ് പല ശരീരങ്ങളെയും തല്ലി ഓടിക്കുകയുണ്ടായി. സ്റ്റേറ്റിന്റെ അംഗീകാരം കൂടാതെ ട്രാൻസ് ശരീരങ്ങൾക്ക് യാതൊരു സാധുതയില്ലെന്ന അവസ്ഥയുണ്ടായി. ശസ്ത്രക്രിയ ചെയ്യേണ്ടതും പൂർണ്ണതയുള്ള ശരീരം നേടേണ്ടതും വലിയ ബാധ്യതയായി മാറി.
ട്രാൻസ്ജെൻഡർ ശരീരങ്ങളെന്ന നിലയിൽ ദൃശ്യത നേടിയ ശരീരങ്ങളേറെയും നിലവിലുള്ള ആധിപത്യ ഘടനകളോടും ജാതീയതയോടും സൗന്ദര്യ സങ്കല്പങ്ങളോടും കൂറുകാണിക്കാൻ ബാധ്യസ്ഥരായി. സ്ത്രീത്വത്തിന്റെ അംഗീകൃത മാതൃകയായി ഇക്കൂട്ടർ തിരിച്ചറിഞ്ഞത് സവർണ്ണ സ്ത്രീത്വത്തെയാണ്. ദൃശ്യത നേടിയ ശരീരങ്ങളേറെയും വെളുത്ത നിറത്തിലുള്ളവരും സിസ്-പാസിങ് ശേഷിയുള്ളവരുമാണ്. സ്ത്രീ, പുരുഷൻ എന്ന നിലയിൽ വ്യവസ്ഥയ്ക്ക് അകത്ത് അംഗീകാരം നേടാനാണ് അവർ ശ്രമിച്ചത്. ലൈംഗികതൊഴിൽ മോശമാണെന്ന് പറയാനും സർജറി ചെയ്യാത്തവർ പൂർണ്ണതയില്ലാത്തവരാണെന്ന് പറയാനും ഇക്കൂട്ടർക്ക് എളുപ്പത്തിൽ സാധിച്ചു. ജാതീയവും വർഗ്ഗപരവുമായ സ്ഥാനങ്ങൾ എളുപ്പം സ്വീകരിക്കപ്പെടാനും ദൃശ്യത നേടാനും ഇക്കൂട്ടരെ സഹായിച്ചു. അതേസമയം ദൈനംദിന ജീവിതത്തിൽ നാം കണ്ടു ശീലിച്ച വിഗ്ഗ് വെച്ചതും മേക്കപ്പ് ധരിച്ചതുമായ ശരീരങ്ങൾ 'ട്രാൻസ് ശരീരം' എന്ന് വിളിക്കപ്പെടാൻ യോഗ്യമല്ലാത്ത തരം താണ ശരീരങ്ങളായിമാറി. അവരുടെ ജീവിതവും അനുഭവും നിശബ്ദമാക്കപ്പെട്ടു. അവർ ഒരു വേദിയിലേക്കും ക്ഷണിക്കപ്പെട്ടില്ല. സമൂഹത്തിന്റെ നിലവാരങ്ങൾക്കും സൗന്ദര്യസങ്കല്പങ്ങൾക്കും യോജിക്കാത്തത് കൊണ്ട് മാത്രം ഈ ശരീരങ്ങൾക്ക് മുഖമില്ലാതായി. ട്രാൻസ്ജെൻഡർ എന്ന വാക്കിനാൽ സ്വയം വിശദീകരിക്കാൻ പോലും കഴിയാത്തത്ര വിധം അദൃശ്യ ജീവിതമാണ് ഈ ശരീരങ്ങൾ ജീവിച്ചത്.

മാനകശരീരങ്ങൾ മാന്യശരീരങ്ങൾ
ദൃശ്യത നേടിയ സിസ് പാസിങ് ട്രാൻസ് ശരീരങ്ങൾ പ്രധാനമായും വ്യവസ്ഥയോട് ലയിക്കാനാണ് ആഗ്രഹിച്ചത്. അതിനായി, അവർക്ക് അപര ശരീരങ്ങളെ ആവശ്യമായിരുന്നു. ലൈംഗികതൊഴിലിൽ ഏർപ്പെടുന്ന, വിദ്യാഭ്യാസമില്ലാത്ത, കീഴാള ജീവിതം ജീവിക്കുന്ന, കാഴ്ചയ്ക്കത്ര സുഖകരമല്ലാത്ത ശരീരങ്ങളെ എതിരെ നിർത്തിയാണ് മാനകമായ ട്രാൻസ് ശരീരം നിർമ്മിക്കപ്പെട്ടത്. ജീവിതരീതിയിലും ശൈലിയും വരേണ്യ അഭിരുചികൾ പുലർത്തിയും മറ്റും ഇക്കൂട്ടർ ദൃശ്യത നേടി. ഓൺലൈൻ മീഡിയകളിൽ എല്ലാം ഇത്തരം ശരീരങ്ങളെയും ദൃശ്യതയെയും മുതലെടുത്തുകൊണ്ടുള്ള ചർച്ചകളുണ്ടായി. പ്രധാനമായി പ്രേക്ഷകരുടെ കാഴ്ച്ചയെ തൃപ്തിപ്പെടുത്താനുള്ള വക ഈ ശരീരങ്ങൾ നൽകി. എന്തായിരിക്കണം ട്രാൻസ് എന്നതിനെ കുറിച്ചുള്ള വാർപ്പുമാതൃകകളും ഈ ശരീരങ്ങൾ നിർമ്മിച്ചെടുത്തു. ശസ്ത്രക്രിയകളുടെ അനിവാര്യത ഈ ചർച്ചയിൽ പ്രധാനപ്പെട്ടതാണ്. ഒന്നിലധികം ശസ്ത്രക്രിയകളിലൂടെയും സ്കിൻ വൈറ്റനിങ്ങിലൂടെയും ശരീരത്തെ നിലവാരങ്ങൾക്ക് അനുസരിച്ച് ക്രമപ്പെടുത്താം എന്ന് ഈ ശരീരങ്ങൾ മാതൃകയായി. അതേ സമയം, ശസ്ത്രക്രിയ ചെയ്യാത്ത ശരീരങ്ങൾ സാധുതയില്ലാത്ത ശരീരങ്ങളായി പരിഗണിക്കപ്പെടുകയും നിരന്തരം പുറന്തള്ളപ്പെടുകയും ചെയ്തു.
ദൃശ്യത = സ്വീകാര്യത തെറ്റായ സമവാക്യമാണ്
ദൃശ്യത എപ്പോഴും സ്വീകാര്യതയിലേക്ക് നയിക്കുമെന്നത് തെറ്റായ സമവാക്യമാണ്. ദൃശ്യത ചിലപ്പോൾ അപകടകരമായേക്കാം. ദൃശ്യതയെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളെല്ലാം ദൃശ്യതയെ നിർണ്ണയിക്കുന്ന ജാതി, വർഗ്ഗം, മതം, ദേശം, ശേഷീയത തുടങ്ങിയ ഘടകങ്ങളെ എല്ലാം സമർത്ഥമായി ഒളിച്ചുവെയ്ക്കുന്നുണ്ട്. സ്‌ത്രീത്വത്തെ സംബന്ധിച്ച മാനകാർത്ഥങ്ങൾ സ്വാംശീകരിക്കുന്ന ട്രാൻസ് ശരീരങ്ങൾ വ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീയായി അംഗീകാരം നേടാൻ കഴിവതും ശ്രമിക്കുന്നു. ഈ മാനകങ്ങൾ സ്വാംശീകരിക്കാൻ കെൽപ്പില്ലാത്ത ശരീരങ്ങളാകട്ടെ ഈ ആഖ്യാനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നു.

പ്രധാനമായും ഇക്കഴിഞ്ഞ കാലങ്ങളിലായി ഓണലൈൻ മാധ്യമങ്ങളിൽ ട്രാൻസ് ദൃശ്യത പ്രധാന ചേരുവയാണ്. ഈ ദൃശ്യത പ്രത്യേക തരം ട്രാൻസ് അനുഭവങ്ങളെയാണ് നിരന്തരം മുന്നോട്ട് അവതരിപ്പിക്കുന്നത്. എന്താണ് ട്രാൻസ് ശരീരം എന്നതിനെ പറ്റിയുള്ള പ്രത്യേക ദൃശ്യതയാണ് ഈ മാധ്യമങ്ങൾ രൂപപ്പെടുത്തുന്നത്. നിൽനിൽക്കുന്ന സൗന്ദര്യ സങ്കല്പങ്ങളോടും സ്ത്രീത്വത്തെ സംബന്ധിച്ച മാനകാശയങ്ങളോടും ചേരുന്ന ശരീരങ്ങളാണ് ഈ ഓൺലൈൻ മാധ്യമങ്ങളാൽ ആഘോഷിക്കപ്പെടുന്നത്.
ലൈംഗികതൊഴിലിൽ ഏർപ്പെടുന്ന, വിദ്യാഭ്യാസമില്ലാത്ത, കീഴാള ജീവിതം ജീവിക്കുന്ന, കാഴ്ചയ്ക്കത്ര സുഖകരമല്ലാത്ത ശരീരങ്ങളെ എതിരെ നിർത്തിയാണ് മാനകമായ ട്രാൻസ് ശരീരം നിർമ്മിക്കപ്പെട്ടത്.
പ്രത്യേക തരത്തിലുള്ള ഈ ദൃശ്യത ചില മാതൃകാ ട്രാൻസ് ശരീരങ്ങളെയും കഴിഞ്ഞ കാലങ്ങളിലായി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ട്രാൻസ് ജെൻഡറായാൽ ഈ വ്യക്തിയെ പോലെയായിരിക്കണം എന്ന വിധത്തിൽ ഉപദേശരൂപത്തിൽ പലരും കമന്റ് ബോക്‌സിൽ എത്താറുണ്ട്. മാന്യതയാണ് പ്രധാന ഗുണമായി ഈ ശരീരങ്ങളിൽ എണ്ണാറുള്ളത്. മാന്യമായ വസ്ത്രധാരണം, പെരുമാറ്റം തുടങ്ങിയവയൊക്കെ പ്രധാന ഘടകങ്ങളെങ്കിലും നിലനിൽക്കുന്ന അധീശ ശരീര സങ്കല്പങ്ങളോട് ചേരാനുള്ള ശേഷിയാണ് ഈ സ്വീകാര്യതയെ നിർണ്ണയിക്കുന്നത്. ഒരേസമയം 100 രൂപയ്ക്കും 20000 രൂപയ്ക്കും ശരീരം വിൽക്കുന്ന ട്രാൻസ് മനുഷ്യരുണ്ട്. ഈ മൂല്യം നിർണ്ണയിക്കുന്നതും ശരീരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആധിപത്യ മൂല്യങ്ങളാണ്. കറുത്ത ശരീരങ്ങളും സർജറി ചെയ്യാത്ത ശരീരങ്ങളും പ്രായം കൂടിയ ശരീരങ്ങളും ഈ കമ്പോളത്തിന്റെ പുറത്താണ്. കറുപ്പ് സുന്ദരമാണെന്ന് കവിത എഴുതാൻ എളുപ്പമാണെങ്കിലും കറുപ്പിൽ ജീവിക്കുന്നവർക്ക് അറിയാം കറുപ്പ് അത്ര സുന്ദരമല്ലെന്ന്.
ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും ട്രാൻസ് സ്വത്വം തുറന്നുപറഞ്ഞത് പ്രകൃതിയാണ്. ആ തുറന്നുപറച്ചിൽ സംഭവിക്കുന്നത് വളരെ വൈകിയാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. പ്രകൃതിക്ക് മുന്നേയും കുറെ മനുഷ്യരുണ്ടായിരുന്നു. പക്ഷേ അവർക്ക് ആർക്കും അവസരങ്ങളുണ്ടായില്ല. കിറുബാ മനുസ്വാമി ലിംഗത്വത്തേക്കാൾ എനിക്ക് പ്രധാനം ജാതിയാണ് എന്ന് എഴുതുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. ദൃശ്യത കേവലം ദൃശ്യതയല്ല. ജാതി-വർഗ്ഗ അധികാരങ്ങളാൽ നിർണ്ണയിക്കപ്പെട്ടതാണ്. ദൃശ്യത എല്ലാ മനുഷ്യരേയും സ്വീകാര്യരാക്കില്ല. ലൈംഗിക തൊഴിൽ ചെയ്യാൻ പ്രത്യഷപ്പെടുന്ന ട്രാൻസ് ശരീരങ്ങളുടെ ദൃശ്യത ഒരിക്കലും അംഗീകരിക്കപ്പെടില്ല. ആ ദൃശ്യത നിരന്തരം ചോദ്യം ചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ആരുടെയും ഇഷ്ടം നേടാൻ അത്തരം ശരീരങ്ങൾക്കാകില്ല. ആ ശരീരങ്ങൾ നിങ്ങളുടെ കാഴ്ച്ചക്ക് ഭീഷണിയാണ്. ലിംഗത്വത്തിന്റെ അനിശ്ചിതത്വത്തെ വെളിപ്പെടുത്തുന്ന ആ ശരീങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നു. ഓൺലൈൻ മാധ്യമങ്ങൾ Whats in your bag ചോദ്യവുമായി അവരെ തേടിപോകില്ല. അതുകൊണ്ട് മാധ്യമങ്ങളാൽ ആഘോഷിക്കപ്പെടുന്ന ട്രാൻസ് ദൃശ്യത എന്ന ആശയം പ്രശ്‌നവത്കരിക്കപ്പെടേണ്ടതുണ്ട്.

നിങ്ങൾക്ക് വ്യക്തിപരമായി തോന്നുന്ന ഇഷ്ടം വ്യക്തിപരമല്ല. ആ ഇഷ്ടം ഒരുതരത്തിലും ക്വിയർ മനുഷ്യരെ രക്ഷിക്കില്ല. ആ ഇഷ്ടം എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. ആ ഇഷ്ടം ശരീരാധിഷ്ഠിതമാണ്. ആ ഇഷ്ടം നിഷ്കളങ്കമല്ല. നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്ന സിസ് പാസിങ് ട്രാൻസ് ശരീരങ്ങളോടുള്ള ഇഷ്ടം ഒരിക്കലും നിങ്ങൾക്ക് തെരുവിൽ നിൽക്കുന്ന ട്രാൻസ് ശരീരങ്ങളോട് തോന്നില്ല. ആ ശരീരങ്ങൾ തമ്മിലുള്ള ദൂരം വലുതാണ്. നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടം വ്യവസ്ഥാപരമായ പ്രശ്നങ്ങളെ പരിഹരിക്കില്ല. ദൃശ്യത ഒരിക്കലും സ്വീകാര്യതയാകുന്നില്ല അവിടെ.