ആദിലയും നൂറയും

ആദിലയുടെയൂം നൂറയുടെയും കാലത്തെ
​ക്വിയർ മനുഷ്യരെക്കുറിച്ച്​...

ക്വിയർ വിമോചനത്തിലേക്ക് കുറുക്കുവഴികളില്ല. നിലവിൽ ക്വിയർ മുന്നേറ്റം അഭിമുഖീകരിക്കുന്ന പരിമിതികളെ തിരിച്ചറിയുകയും ചർച്ചയാക്കുകയും ചെയ്യേണ്ടത് നമ്മുടെ മുന്നോട്ടുപോക്കിന് അത്യാവശമാണ്. ക്വിയർ മനുഷ്യരെ സംബന്ധിച്ച​ ‘സ്വാഭിമാന'ത്തിന്റെ മാസത്തിൽ ക്വിയർ മുന്നേറ്റത്തിന്റെ ഭാവിയെക്കുറിച്ച്​ ആലോചന.

ആദി

രുമിച്ച് ജീവിക്കാനായുള്ള ആദിലയുടെയും നൂറയുടെയും നിയമപോരാട്ടത്തിന്റെയും സുപ്രധാനമായ ഹൈക്കോടതി വിധിയുടെയുമൊക്കെ പശ്ചാത്തലത്തിലാണ് ഈ ജൂൺ തുടങ്ങുന്നത്.

ലോകമാകെയുള്ള ക്വിയർ മനുഷ്യരെ സംബന്ധിച്ച്​ ‘സ്വാഭിമാന'ത്തിന്റെ മാസമാണിത്; പ്രൈഡ് പരേഡുകളുടെയും വർണപ്പകിട്ടുകളുടെയും മാസം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ പോയവർഷങ്ങളെ വലിയതോതിൽ ബാധിച്ചിരുന്നു. 2019-ലാണ് അവസാനമായി കേരള ക്വിയർ പ്രൈഡ് മാർച്ച് നടന്നത്. അപ്രതീക്ഷിത രോഗവ്യാപനവും മരണങ്ങളും സാമ്പത്തികഞെരുക്കവും ക്വിയർ പ്രൈഡുകളുടെ നടത്തിപ്പിനെയും പ്രതികൂലമായി ബാധിച്ചു. കോവിഡ് കാലഘട്ടം സാമൂഹികാസമത്വങ്ങളെ കുറേക്കൂടി തീവ്രമാക്കുകയും ക്വിയർ മനുഷ്യരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്തിരുന്നു. പൊടുന്നനെ ഒരു പുതിയ ലോകക്രമത്തിലേക്ക് വ്യക്തികൾ എടുത്തെറിയപ്പെട്ടു. ലോക്ഡൗണുകൾ സാമ്പത്തികപ്രതിസന്ധി മാത്രമല്ല സൃഷ്​ടിച്ചത്; സ്ത്രീകളും ക്വിയർ മനുഷ്യരും അടച്ചിട്ട വീടുകളിൽ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടു. വർഗവിഭജനം ശക്തമായി. ഭരണകൂടം വലിയ തോതിൽ വ്യക്തികൾക്കുമേൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമേർപ്പെടുത്തി.

അമേരിക്കയിൽ വംശീയത ആഴത്തിൽ വേരോടിയപ്പോൾ, ഇന്ത്യയിലാകട്ടെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളും ഷഹീൻബാഗ്- കർഷക സമരങ്ങളും ഭരണകൂടത്താൽ അമർച്ച ചെയ്യപ്പെട്ടു; വിദ്യാർഥികളെയും സാമൂഹിക- രാഷ്ട്രീയ പ്രവർത്തകരെയും വലിയതോതിൽ ജയിലിലടച്ചു. സാമൂഹികമായ വേർതിരിവുകൾ മുമ്പുള്ളതിനെക്കാൾ പരക്കെ വ്യാപിച്ച ഒരു സമയമായിരുന്നു ഇത്. അഞ്ജന ഹരീഷും ശ്രീധന്യയും അനന്യയുമൊക്കെ ഈ കാലത്ത് കൊല്ലപ്പെട്ടു. അനന്യയുടെ സ്ഥാപനവത്കൃതമായ കൊലപാതകം ആരോഗ്യരംഗത്ത് ക്വിയർ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെയെങ്കിലും ചർച്ചയ്‌ക്കെടുത്തെങ്കിലും ഈ ചർച്ചകൾക്ക് തുടർച്ചയുണ്ടായില്ല.

അനന്യ, ശ്രീധന്യ, അഞ്ജന ഹരീഷ്

എല്ലാറ്റിനുമൊടുവിൽ ഇതാ വീണ്ടുമൊരു പ്രൈഡ് മാസം. കോർപറേറ്റുകളുടെ മഴവിൽ പൂശലുകൾക്കും ആഘോഷപരതകൾക്കും അപ്പുറം എങ്ങനെയാണ് ഈ മാസത്തെ തിരിച്ചുപിടിക്കേണ്ടതെന്ന ചോദ്യമാണ് പ്രധാനമായും ഈ കുറിപ്പിലുള്ളത്. 2022-ലെ ക്വിയർ പ്രൈഡിന്റെ രാഷ്ട്രീയ ഊന്നലുകളെന്തായിരിക്കണം? മുതലാളിത്തവും ഹിന്ദുത്വവും നമ്മുടെ ഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ, അത്തരം സ്വാംശീകരണം ക്വിയർ മനുഷ്യരെ രക്ഷിക്കുമോ? തുടങ്ങി ഒട്ടനേകം ചോദ്യങ്ങളെ ഈ സന്ദർഭത്തിൽ അഭിമുഖീകരിക്കേണ്ടതുണ്ട്.

എല്ലാവിധ അടിച്ചമർത്തൽ രൂപങ്ങളും പരസ്പരബന്ധിതമായാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവിൽ സ്ത്രീകൾ, ദലിത്- ആദിവാസി- ബഹുജൻ മനുഷ്യർ, മുസ്​ലിംകൾ, ഡിസേബ്​ൾഡ് മനുഷ്യർ തുടങ്ങിയവരോടെല്ലാം ചേർന്ന് ഒരുമിച്ചുനീങ്ങാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.

മറയ്​ക്കപ്പെടുന്ന കൗണ്ടർ ഡിസ്​കോഴ്​സുകൾ

1969-ൽ അമേരിക്കയിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്റ്റോൺവാൾ ഇൻ എന്ന ഗേ ബാറിൽ നടന്ന പോലീസ് റെയ്ഡും, തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ക്വിയർ രാഷ്ട്രീയമുന്നേറ്റങ്ങളുടെ അടിത്തറയായത്. യൂറോപ്പിലാകെ, രണ്ടാം ലോകമഹായുദ്ധാനന്തരം വിമതശരീരങ്ങളുടെ കൂടിച്ചേരലുകളെ കർശനമായി നിയന്ത്രിക്കാനെന്നോണം സാമൂഹികസ്ഥലങ്ങളിലും മറ്റും പൊലീസ് റെയ്ഡുകൾ സാധാരണമായിരുന്നു. രഹസ്യസ്വഭാവമുള്ളതിനാൽ തന്നെ പലപ്പോഴും വിമതശരീരങ്ങളുടെ കൂടിച്ചേരലുകൾ ബാറുകളിലേക്കും മറ്റും പരിമിതപ്പെട്ടിരുന്നു. ഇത് പൊലീസുകാർക്ക് ക്വിയർ മനുഷ്യരുടെമേൽ നിരന്തരം അതിക്രമങ്ങളഴിച്ചുവിടാൻ സൗകര്യമൊരുക്കി. സ്റ്റോൺവാളിലും ന്യൂയോർക്കിലെ മറ്റു ചില ബാറുകളിലും പോലീസ് റെയ്ഡുകൾ പതിവായിരുന്നു. സംഭവദിവസം, പൊലീസ്​ സ്റ്റോൺവാൾ ഇൻ ബാറിൽ പരിശോധനക്കെത്തുകയും ക്വിയർ മനുഷ്യർ ശക്തമായി ഇതിനെ എതിർക്കുകയും ചെയ്​തു. സ്റ്റോൺവാൾ വിമോചന സമരമുയർത്തിവിട്ട ഊർജം അമേരിക്കയിലെ ക്വിയർ മുന്നേറ്റങ്ങളുടെ പോക്കിനെ വലിയതോതിൽ സ്വാധീനിച്ചു. 1970- ൽ സ്റ്റോൺവാൾ വിമോചനസമരത്തിന്റെ വാർഷികമെന്നോണം അമേരിക്കയിൽ ആദ്യത്തെ ക്വിയർ പ്രൈഡ് പരേഡ് നടന്നു.

ഫ്ളോറിഡയിലെ പൾസ് ഓർലാന്റോ ഗേ നിശാക്ലബിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് 2016 ലെ പ്രൈഡ് മാർച്ചിൽ ദേശീയ സ്മാരകമായ സ്റ്റോൺവാൾ ഇന്നിനുമുന്നിൽ ആദരവർപ്പിച്ചപ്പോൾ. ആക്രമണത്തിൽ 49 പേരാണ്​ കൊല്ലപ്പെട്ടത്​ / Photo: Wikimedia Commons

ഈ സന്ദർഭത്തിൽ മാർഷ പി. ജോൺസണെയും സിൽവിയ റിവേറെയും പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. 1970-ൽ മാർഷ പി. ജോൺസണും സിൽവിയ റിവേറെയുമൊരുമിച്ചാണ് തെരുവിൽ കഴിയുന്ന, ലൈംഗിക തൊഴിലിലേർപ്പെടേണ്ടിവരുന്ന ക്വിയർ വ്യക്തികൾക്കായി Street Transvestite Action Revolutionaries (S.T.A.R) എന്ന സംഘടന രൂപീകരിച്ചത്. കുറേക്കൂടി റാഡിക്കലായ രാഷ്ട്രീയബോധ്യങ്ങളാണ് ‘സ്റ്റാറി’നെ നയിച്ചത്. സെക്സ് വർക്ക് ചെയ്യുന്ന, കിടപ്പാടമില്ലാത്ത ക്വയർ വ്യക്തികൾക്ക് താമസസൗകര്യവും പിന്തുണയും നൽകാൻ ‘സ്റ്റാറി’നുകഴിഞ്ഞു. മുഖ്യധാരാ ലെസ്ബിയൻ, ഗേ പ്രസ്ഥാനങ്ങളൊരിക്കലും വർഗപരമായ വ്യത്യാസങ്ങളെയോ, അസമത്വങ്ങളെയോ വേണ്ടവിധത്തിൽ ചർച്ചയ്‌ക്കെടുക്കാൻ തയ്യാറായിരുന്നില്ല. ഒരുവർഷം പിന്നിടുമ്പോഴേക്കും സാമ്പത്തിക പ്രതിസന്ധികളാൽ ‘സ്റ്റാർ’ അടച്ചുപൂട്ടി.

ഒരുതരം അനിശ്ചിതത്വം നിരന്തരം ഉത്പാദിപ്പിക്കുകയും ഭിന്നവർഗ ലൈംഗിക കേന്ദ്രിതമായ അധീശഘടനകളെ പ്രശ്‌നവത്കരിക്കുകയും ചെയ്യുന്ന ഒരു സാന്നിധ്യമാണ് ക്വിയർ.

1973 ജൂൺ 24-ന് ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ലിബറേഷൻ റാലിയിൽ റിവേറെ നടത്തിയ ‘Y'all Better Quiet Down' പ്രസംഗം പ്രസിദ്ധമാണ്. Gay Rights Alliance ഉൾപ്പെടെയുള്ള സംഘടനകൾ എപ്രകാരമാണ് കീഴ്തട്ടിലുള്ള ട്രാൻസ് മനുഷ്യരെ ഒറ്റിയതെന്ന് റിവേറെ വ്യക്തമാക്കുന്നുണ്ട്. വളരെയേറെ പണിപ്പെട്ടാണ് ഈ റാലിയിൽ സംസാരിക്കാനുള്ള അവസരം പോലും റിവേറെയ്ക്ക് കിട്ടിയത്. റിവേറെ സംസാരിച്ചുതുടങ്ങുമ്പോൾ ചുറ്റുമുള്ള വൈറ്റ്- സിസ്- ക്വിയർ വ്യക്തികൾ കൂവുന്നുണ്ടായിരുന്നു. ‘നിങ്ങളെല്ലാവരും മിണ്ടാതിരിക്കുന്നതാണ് നല്ലത്', റിവേറെ ആക്രോശിച്ചു. പിൽക്കാലത്ത് ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാര വളരെ എളുപ്പം മറന്നുകളഞ്ഞത് മാർഷ പി. ജോൺസണിന്റെയും സിൽവിയ റിവേറെയുടെയുമൊക്കെ നേതൃത്വത്തിൽ ശക്തമായിരുന്ന ഈയൊരു കൗണ്ടർ ഡിസ്‌കോഴ്സിനെയാണ്. അതിന്റെ എല്ലാ രാഷ്ട്രീയമൂല്യങ്ങളെയും ചരിത്രത്തെയും അപ്പാടെ ഊറ്റിക്കളഞ്ഞാണ് ജനപ്രിയവും ലിബറലുമായ ഒരു ക്വിയർ ചരിത്രം വൈറ്റ്- സിസ്- ക്വിയർ വ്യക്തികൾ പ്രചരിപ്പിച്ചത്.

റെയ്ഡിനെത്തിയ പൊലീസുമായി സ്‌റ്റോൺവാൾ ഇൻ എന്ന ഗേ ബാറിനു പുറത്ത് എതിരിടുന്ന കുട്ടികൾ. 1969 ജൂൺ 29ന് ദ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഫോട്ടോ

ഇന്ത്യൻ ഇടപെടലുകൾ

ഇന്ത്യയിലാകട്ടെ ക്വിയർ മുന്നേറ്റങ്ങളുടെ നിലനിൽപ്പ് മറ്റൊരു വിധത്തിലായിരുന്നു. ഇവിടെ ഐ.പി.സി. 377 മുൻനിർത്തിയുണ്ടായ നിയമപോരാട്ടങ്ങളായാണ് ക്വിയർ രാഷ്ട്രീയം ആദ്യ പകുതികൾ പിന്നിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ്, 1867-ലാണ് നിലവിൽവരുന്നത്. പ്രകൃതിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സ്ത്രീയോടോ പുരുഷനോടോ മൃഗത്തോടോ ലൈംഗികമായി ബന്ധപ്പെടുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടുമെന്നതാണ് വകുപ്പിന്റെ ഉള്ളടക്കം. ബാലപീഡനം, സ്വവർഗ ലൈംഗികത, മൃഗരതി തുടങ്ങിയവയെല്ലാം ഐ.പി.സി. 377-പ്രകാരം കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. 2018-ൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഐ.പി.സി. 377 ഭാഗികമായി റദ്ദാക്കി. 1990കളോടെ തന്നെ ആരംഭിക്കുന്ന ക്വിയർ മനുഷ്യരുടെ പലതരത്തിലുള്ള ഇടപെടലുകളിലൂടെയാണ് 2018-ൽ ഈ ചരിത്രവിധിയുണ്ടാകുന്നത്.

2018ൽ തൃശൂരിൽ നടന്ന ക്വിയർ പ്രൈഡ് പരേഡ്‌

ഐ.പി.സി. 377 ന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് എയ്ഡ്സ് വിവേചന വിരുദ്ധ മുന്നേറ്റങ്ങളാണ് ആദ്യമായി ഹൈക്കോടതിയെ സമീപിക്കുന്നത്. 1989-ൽ എയിംസിലെയും ഐ.സി.എം.ആറിലെയും ആരോഗ്യപ്രവർത്തകർ ലൈംഗികതൊഴിലാളികളായ ചില സ്ത്രീകളെ പൊലീസ് സഹായത്തോടെ നിർബന്ധിതമായി എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റം (ABVA) രൂപീകരിക്കപ്പെടുന്നത്. എയ്ഡ്സ് രോഗികളുടെയും ലൈംഗികതൊഴിലാളികളുടെയും ഇടയിൽ രൂപപ്പെട്ട ഈ മട്ടിലുള്ള ചെറിയ സംഘങ്ങളാണ് പിന്നീട് വലിയ തരത്തിലുള്ള സംഘടനാവബോധത്തിലേക്കുയരുന്നത്.

പല ജയിലുകളിലും സ്വവർഗ ലൈംഗികബന്ധം സജീവമായിരുന്നതിനാൽ, എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റം ജയിലുകളിൽ കോണ്ടം വിതരണം ചെയ്യാൻ പദ്ധതികളുണ്ടാക്കി. ഐ.പി.സി. 377 നിലനിൽക്കേ ഇത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ വകുപ്പിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ഈ സംഘം ഇടപെടുന്നത്. 1994-ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പെറ്റിഷൻ ഫയൽ ചെയ്തെങ്കിലും എയ്ഡ്‌സ് വിവേചന വിരുദ്ധ മുന്നേറ്റത്തിന്​ കേസ് മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇതിന്റെ തുടർച്ചയിലാണ് 2001-ൽ നാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരസ്പര സമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികബന്ധങ്ങൾ കുറ്റകരമല്ലാതാക്കാനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 2009-ൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാ കേസിൽ അനുകൂല വിധി പ്രസ്താവിച്ചു. 2013-ൽ ഈ വിധി വീണ്ടും അട്ടിമറിക്കപ്പെട്ടു. 2018-ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി. 377 ഭാഗികമായി റദ്ദാക്കി വിധി പ്രസ്താവിച്ചത്. ഈ വിഷയത്തെ മുൻനിർത്തി നവ്തേജ് ജോഹർ, റീത്തു ഡാൽമിയ, സുനിൽ മെഹ്‌റ, അജ്മൽ നാഥ്, ആയിഷ ഗഫൂർ തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് കൂട്ടത്തോടെ പരിഗണിക്കപ്പെട്ടത്.

എൽ.ജി.ബി.ടി.ക്യു+ ലേബലുകളോടുള്ള വിമർശനമാണ് ‘ക്വിയർ' എന്ന ആശയം രൂപപ്പെടുത്തുന്നത്. ‘ക്വിയർ' ജീവശാസ്ത്രപരമായ വർഗീകരണയുക്തികളോടും സത്താവാദത്തോടും ഒരുതരത്തിലും യോജിപ്പിലല്ല.

‘ക്വിയർ ഹിന്ദുത്വ'യും മോദിയുടെ ‘ക്വിയർ' വിമോചനവും

ക്വിയർ വളരെ രാഷ്ട്രീയമൂല്യമുള്ള ഒരു പദമായാണ് മനസ്സിലാക്കപ്പെടുന്നത്. ഒരുതരം അനിശ്ചിതത്വം നിരന്തരം ഉത്പാദിപ്പിക്കുകയും ഭിന്നവർഗ ലൈംഗികകേന്ദ്രിതമായ അധീശഘടനകളെ പ്രശ്‌നവത്കരിക്കുകയും ചെയ്യുന്ന ഒരു സാന്നിധ്യമാണ് ക്വിയർ. പലപ്പോഴും കൃത്യമായ ഒരു നിർവചനത്തിന് വഴങ്ങാത്ത സംഗതിയുമാണ് അത്. പൊതുവേ, LGBTQIA+ വിഭാഗങ്ങളെയാകെ കുറിക്കുന്ന ഒരു കുടവാക്കായാണ് ക്വിയറിനെ വിശദീകരിക്കാറ്​. ഇത് വളരെ പരിമിതമായ ഒരു നിർവചനമാണ്. വ്യാപകാർഥത്തിൽ ഭിന്നവർഗ ലൈംഗികാധീശത്വത്തെ ചോദ്യംചെയ്യുന്ന എന്തിനെയും, ഏതിനെയും ക്വിയറായി തിരിച്ചറിയാവുന്നതാണ്. യൂറോപ്പിൽ ലിംഗത്വ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളുടെ ആദ്യഘട്ടങ്ങളിൽ ജി.എൽ.ബി.ടി. തുടങ്ങിയ ഐഡന്റിറ്റികളെ മാത്രമാണ് പരിഗണിച്ചിരുന്നത്. തൊണ്ണൂറുകളോടെ, കുറേക്കൂടി ശക്തവും രാഷ്ട്രീയവത്കരിക്കപ്പെട്ടതുമായ ആലോചനകൾ രൂപപ്പെട്ടു. ഇതോടെയാണ്, ‘ക്വിയർ' എന്ന ഒരു സംജ്ഞ രാഷ്ട്രീയ ഊന്നലുകളോടെ ഏറ്റെടുക്കപ്പെടുന്നത്. മറ്റൊരർഥത്തിൽ എൽ.ജി.ബി.ടി.ക്യു+ ലേബലുകളോടുള്ള വിമർശനമാണ് ‘ക്വിയർ' എന്ന ആശയം രൂപപ്പെടുത്തുന്നത്. ‘ക്വിയർ' ജീവശാസ്ത്രപരമായ വർഗീകരണയുക്തികളോടും സത്താവാദത്തോടും ഒരുതരത്തിലും യോജിപ്പിലല്ല.

ഗ്രേസ് ബാനു

പക്ഷേ, ഇന്ത്യയിലാകട്ടെ ആദ്യഘട്ടം മുതൽക്കേ സത്താവാദത്തെയാണ് ക്വിയർ മുന്നേറ്റം പിൻപറ്റിയത്. ഇതിന്റെ സ്വാഭാവിക പരിണതിയെന്നോണം ലിംഗത്വ-ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾ ഒറ്റപ്പെട്ടതും ജീവശാസ്ത്രപരമായ വിശദീകരണങ്ങളിൽ തളച്ചിടേണ്ടതുമാണെന്ന ധാരണ പരക്കെ വ്യാപിച്ചു. ഇന്ത്യയിൽ ജാതിയെയും മറ്റും പുറത്തുനിർത്തിയാണ് ഈ ചർച്ചകൾ വികസിച്ചത്. ആദ്യഘട്ടം മുതൽക്കേ ഐ.പി.സി. 377 നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളടക്കം വർഗനിലയിലും ജാതിപദവിയിലും ഉയർന്ന ക്വിയർ വ്യക്തികൾക്കുമാത്രം ഉപകാരപ്പെടുന്ന തരത്തിലായിരുന്നു മുന്നോട്ടുപോയത്. ഈയിടെ ട്രാൻസ് വ്യക്തികളുടെ സംവരണവുമായി ഉയർന്നുവന്ന ചർച്ച, ‘ജാതി' സങ്കീർണതകളെ എത്ര വിദഗ്ധമായി ഒളിച്ചുവെച്ചാണ് ഹിന്ദുഭരണകൂടം ട്രാൻസ്‌ജെൻഡർ സൗഹൃദാന്തരീക്ഷമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നത്​ എന്നതിന്​മികച്ച ഉദാഹരണമാണ്. ട്രാൻസ് വ്യക്തികൾക്ക് ഒ.ബി.സി. സംവരണം നൽകാനുള്ള നടപടി ഒരുതരത്തിലും സ്വീകാര്യമല്ലെന്ന് ഗ്രെസ് ബാനുവിനെപ്പോലെയുള്ള ദലിത് ട്രാൻസ് വ്യക്തികൾ വ്യക്തമാക്കുന്നു: ‘ഞങ്ങൾ എല്ലാവരും ഒ.ബി.സി. വിഭാഗക്കാരല്ല. ഞങ്ങൾക്ക് വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളുണ്ട്, ഞങ്ങളിൽ പലരും സ്വന്തം കമ്യൂണിറ്റിയ്ക്കകത്തും ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾ നേരിടുന്നുണ്ട്', ട്രാൻസ് റൈറ്റ്സ് നൗ കളക്ടീവ്​ സ്ഥാപകയും ഡയറക്ടറുമായ ഗ്രേസ് ബാനു പറയുന്നു. ട്രാൻസ് റൈറ്റ്സ് നൗ കളക്റ്റീവ് പോലുള്ള സംഘടനകൾ, സ്ത്രീകൾക്കും ഡിസേബിൾഡ് മനുഷ്യർക്കും നൽകിവരുന്ന തരത്തിലുള്ള തിരശ്ചീനമായ സംവരണമാണ് ട്രാൻസ് വ്യക്തികൾക്കും വേണ്ടതെന്ന അഭിപ്രായമാണ് മുന്നോട്ടുവെയ്ക്കുന്നത്.

ഒരു പ്രത്യേക വിഭാഗം ‘പൊതുവായി' അനുഭവിക്കുന്ന പ്രശ്‌നത്തിനെതിരായ സമരം/പ്രതിരോധമെന്ന നിലയിലാണ് മുഖ്യധാര എൽ.ജി.ബി.ടി.ക്യൂ.ഐ.എ.+ ആക്ടിവിസം കാലങ്ങളായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. എല്ലാ ക്വിയർ മനുഷ്യർക്കുമായി അത്തരത്തിലൊരു ‘പൊതുവായ' അനുഭവം സാധ്യമാണോ?

സ്വവർഗ ലൈംഗികതയുൾപ്പടെയുള്ള വിഷയങ്ങളിൽ ഹിന്ദുത്വ വലതുപക്ഷം സ്വീകരിച്ചുപോരുന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒരുഘട്ടത്തിൽ സ്വവർഗ ലൈംഗികത ഹിന്ദു സംസ്‌ക്കാരത്തിന് പുറമെയുള്ള ഒന്നാണെന്നും പാശ്ചാത്യ ഇറക്കുമതിയാണെന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. 2018-ലെ ഐ.പി.സി. 377 ഭാഗികമായി റദ്ദ് ചെയ്തുവന്ന സുപ്രീംകോടതിവിധിയെ തുടർന്ന് നിലപാടുകൾക്ക് അയവുണ്ടായി. ഈ മാറ്റങ്ങളൊന്നും പെ​ട്ടെന്ന് സംഭവിക്കുന്നതല്ല. 2018-നുമുന്നേ ക്വിയർ വിഷയങ്ങളെ പല രീതിയിൽ ഏറ്റെടുക്കാൻ ഹിന്ദുത്വ വലതുപക്ഷം ശ്രമിക്കുന്നുണ്ട്. ഈ ഇടപെടലുകൾക്കുപിന്നിൽ ക്വിയർ മുന്നേറ്റത്തിലെ മേൽജാതി ഹിന്ദു ക്വിയർ വ്യക്തികളുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. ഐ.പി.സി. 377 റദ്ദാക്കപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്വിയർ വിമോചകനെന്ന മട്ടിൽ പല സവർണ ക്വിയർ വ്യക്തികളും കൊണ്ടാടുകപോലുമുണ്ടായി.

ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാര എത്രത്തോളം?

ഹിന്ദുത്വവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായി 2020-ൽ Queer Azaadi Mumbai ( QAM) സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനെയും, തുടർന്നുണ്ടായ സംഭവങ്ങളെയും മനസ്സിലാക്കാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 2020-ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന മുംബൈ പ്രൈഡ് മാർച്ചിനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെയാണ് ‘ക്വാം’ ഒരു ഐക്യദാർഢ്യ സദസ്സ് സംഘടിച്ചത്. പരിപാടിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും ട്രാൻസ് ബില്ലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു. ശേഷം, ‘ക്വാം’ സംഘാടകസമിതി ഏതുവിധത്തിലാണ് ക്വിയർ മനുഷ്യരെ ഹിന്ദുത്വ ഭരണകൂടത്തിന് ഒറ്റികൊടുക്കുന്നതെന്ന കാഴ്ച പലരെയും ഞെട്ടിച്ചു. ഷർജിൽ ഇമാമിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്ന പേരിൽ ട്രാൻസായ ക്രിസ് ചുഡ്വാലയെ വളരെ എളുപ്പം തള്ളിപ്പറയാൻ ‘ക്വാ’മിന്​ സാധിച്ചു. ക്വിയർ പ്രൈഡ്, രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന വാദമാണ് സംഘാടകർ പ്രധാനമായും ഉന്നയിച്ചത്. എല്ലാവിധത്തിലും ഒപ്രസീവായ ഒരു ഭരണകൂടത്തിന്റെ ഒട്ടും നിഷ്‌കളങ്കമല്ലാത്ത പിന്തുണയ്ക്ക് ക്രിസുൾപ്പടെ അമ്പതുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള എല്ലാ പിന്തുണയുമവർ നൽകി. ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ക്വിയർ മുന്നേറ്റങ്ങളുടെ രാഷ്ട്രീയമെന്ത്​ എന്ന കാതലായ ചോദ്യം അഭിമുഖീകരിക്കേണ്ടത്.

2017-ലെ Queer Azaadi Mumbai മാർച്ചിൽ നിന്ന് / Photo : Queer Azaadi Mumbai - Mumbai Pride, fb page

ഏത് ശരീരങ്ങളുടെ സ്വാഭിമാനം?

ഒരു പ്രത്യേക വിഭാഗം ‘പൊതുവായി' അനുഭവിക്കുന്ന പ്രശ്‌നത്തിനെതിരായ സമരം/പ്രതിരോധമെന്ന നിലയിലാണ് മുഖ്യധാര എൽ.ജി.ബി.ടി.ക്യൂ.ഐ.എ.+ ആക്ടിവിസം കാലങ്ങളായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. എല്ലാ ക്വിയർ മനുഷ്യർക്കുമായി അത്തരത്തിലൊരു ‘പൊതുവായ' അനുഭവം സാധ്യമാണോ? തീർച്ചയായും, ഹെറ്ററോപാർട്ടിയാർക്കലായ ഒരു ഘടനയെയാണ് ക്വിയർ മനുഷ്യർ പ്രതിസ്ഥാനത്ത് കാണുന്നത്. പക്ഷേ, ഇന്ത്യയിൽ ജാതിയെയും വർഗത്തെയുമൊക്കെ പുറമേ നിർത്തി ഏതെങ്കിലുമൊരു അധീശഘടനയെ വിശദീകരിക്കാനാകുമോ? പരസ്പരം യാതൊരുവിധ ബന്ധവുമില്ലാതെ മാറിമാറി നിൽക്കുന്നതാണോ ഇവയെല്ലാം? എൽ.ജി.ബി.ടി.ക്യു.ഐ.എ+ നുള്ളിലെ ഓരോ വിഭാഗങ്ങളുടെയും പ്രശ്‌നം സവിശേഷമാണ്. ജാതി, മതം, വംശം തുടങ്ങിയ പല ഇതരഘടകങ്ങളുടെ സ്വാധീനം വേറെയുമുണ്ട്. ഇതിനാൽ തന്നെ ഹരീഷ് അയ്യരുടെയും എന്റെയും അനുഭവങ്ങൾ ഒരേപോലെയിരിക്കില്ല. വളരെയധികം അടഞ്ഞ ഒരൊറ്റ ഹോമോജിനസ് ഗ്രൂപ്പായി ക്വിയർ മനുഷ്യരെ അടയാളപ്പെടുത്തുന്നതിൽ പരിമിതികളേറെയുണ്ട്.

തീർച്ചയായും ക്വിയർ വിമോചനത്തിലേക്ക് കുറുക്കുവഴികളില്ല. നിലവിൽ ക്വിയർ മുന്നേറ്റം അഭിമുഖീകരിക്കുന്ന പരിമിതികളെ തിരിച്ചറിയുകയും ചർച്ചയാക്കുകയും ചെയ്യേണ്ടത് നമ്മുടെ മുന്നോട്ടുപോക്കിന് അത്യാവശമാണ്. / Photo: Kandukuru Nagarjun, flickr

ഐ.പി.സി. 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധിക്കുശേഷം അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയമായി ക്വിയർ മുന്നേറ്റം തിരിച്ചറിഞ്ഞത് സ്വവർഗ വിവാഹങ്ങളെയാണ്. ഏതുതരം മനുഷ്യരുടെ മുഖ്യപരിഗണനയിലാണ് സ്വവർഗ വിവാഹമുള്ളത്? ഹരീഷ് അയ്യരെ പോലെ ‘ജാതി പ്രശ്‌നമില്ല, അയ്യരാണെങ്കിൽ സന്തോഷം' എന്ന് മാട്രിമോണിയൽ പരസ്യം നൽകാൻ കെൽപ്പുള്ള മനുഷ്യരുടെ പരിഗണനയിലെന്നാണ് ഉത്തരം. ലൈംഗിക സ്വാഭിമാനം എല്ലാ മനുഷ്യർക്കും ഒരേപോലെ പ്രാപ്യമല്ലെന്ന് സാരം. ഡിസേബ്​ൾഡായ മനുഷ്യരുടെ ലൈംഗിക സ്വാഭിമാനവും ദലിത്- ആദിവാസി- ബഹുജൻ ശരീരങ്ങളുടെ വിമതത്വത്തിന്റെ സങ്കീർണതകളും പ്രത്യേകം നമ്മൾ ചർച്ചയ്‌ക്കെടുക്കേണ്ടതുണ്ട്. ഒരു ചെറുന്യൂനപക്ഷത്തിനുമാത്രം ലാഭമുണ്ടാകുന്ന അവകാശങ്ങൾക്കായല്ല നമ്മുടെ സമരങ്ങളെ സംവിധാനം ചെയ്യേണ്ടത്; ക്വിയർ വിമോചനം ലക്ഷ്യംവെയ്ക്കുന്നത് മുഴുവൻ മനുഷ്യരുടെയും വിമോചനമാണെന്ന് സാരം.

ക്വിയർ മനുഷ്യരുടെ കൊലപാതകങ്ങളെ കേവലം ക്വിയർഭീതിയുടെ മാത്രം സ്വഭാവികപരിണതിയായി അടയാളപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ട്. ഈ കൊലപാതകങ്ങൾക്കെല്ലാം വർഗ്ഗപരവും ജാതീയവുമായ മാനങ്ങളുമുണ്ട്.

ക്വിയർ വിമോചനത്തിലേക്കുള്ള വഴി?

തീർച്ചയായും ക്വിയർ വിമോചനത്തിലേക്ക് കുറുക്കുവഴികളില്ല. നിലവിൽ ക്വിയർ മുന്നേറ്റം അഭിമുഖീകരിക്കുന്ന പരിമിതികളെ തിരിച്ചറിയുകയും ചർച്ചയാക്കുകയും ചെയ്യേണ്ടത് നമ്മുടെ മുന്നോട്ടുപോക്കിന് അത്യാവശമാണ്. ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെ അപ്പാടെ പുറന്തള്ളിയാണ് ക്വിയർ മുന്നേറ്റം ഇത്രയും കാലം നീങ്ങിയത്. ജാതിയെ അപ്പാടെ പുറന്തള്ളിയുള്ള നിലനിൽപ്പ് ക്വിയർ മുന്നേറ്റത്തെ ഒരു വരേണ്യസ്ഥലമാക്കി ചുരുക്കുകയും ഹിന്ദുത്വ- വലതുപക്ഷത്തിന് എളുപ്പം ഏറ്റെടുക്കാൻ പോന്ന മട്ടിൽ തരംതാഴ്ത്തുകയും ചെയ്യുമെന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. ക്വിയർ മുന്നേറ്റത്തിന്റെ ചരിത്രം ട്രാൻസ് മനുഷ്യരുടെയും ലൈംഗികതൊഴിലാളികളുടെയും എയ്ഡ്സ് രോഗബാധിതരുടെയും കൂടി ചരിത്രമാണ്. നമ്മുടെ സമരങ്ങളുടെ കേന്ദ്രമായി ഈ ചരിത്രത്തെ അടയാളപ്പെടുത്തേണ്ടതുണ്ട്. ഉപരിവർഗജീവിതം ജീവിക്കുന്ന ഒരു കൂട്ടത്തിന്റെ ചരിത്രമല്ല നമ്മുടെ ചരിത്രമെന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. മാർഷയെയും റിവേറെയും സ്വീറ്റ് മരിയയെയും ശാലുവിനെയും ഗൗരിയെയും അഞ്ജനയെയും ശ്രീവിദ്യയെയും അനന്യയെയുമെല്ലാം നമ്മുടെ സമരങ്ങളുടെ ഊർജമായി തിരിച്ചുപിടിക്കേണ്ടതുണ്ട്. ക്വിയർ മനുഷ്യരുടെ കൊലപാതകങ്ങളെ കേവലം ക്വിയർഭീതിയുടെ മാത്രം സ്വഭാവികപരിണതിയായി അടയാളപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ട്. ഈ കൊലപാതകങ്ങൾക്കെല്ലാം വർഗ്ഗപരവും ജാതീയവുമായ മാനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾക്ക് വിധേയരാകുന്നതാരാണ്? ഏതുതരം മനുഷ്യരാണ് ക്രൂരമായി കൊല്ലപ്പെടുന്നത്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം നമ്മുടെ കാഴ്ചയ്ക്ക് കുറേക്കൂടി വ്യക്തത നൽകും.

എല്ലാവിധ അടിച്ചമർത്തൽ രൂപങ്ങളും പരസ്പരബന്ധിതമായാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവിൽ സ്ത്രീകൾ, ദലിത്- ആദിവാസി- ബഹുജൻ മനുഷ്യർ, മുസ്​ലിംകൾ, ഡിസേബ്​ൾഡ് മനുഷ്യർ തുടങ്ങിയവരോടെല്ലാം ചേർന്ന് ഒരുമിച്ചുനീങ്ങാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതുപോലെ ഈ പ്രൈഡ് മാസം നമുക്കുചുറ്റും കാണുന്ന കോർപറേറ്റുകളുടെ ചായംപൂശലുകളെ വളരെ നിഷ്‌കളങ്കമായി കണ്ടുകൂടാ. സീസണലായ, ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ള കുത്തകകളുടെ ഐക്യദാർഢ്യം നമ്മുടെ സമരങ്ങളെ ആത്യന്തികമായി ദുർബലപ്പെടുത്തുകയെയുള്ളൂ. മുതലാളിത്തം ലാഭം മാത്രം ലക്ഷ്യംവെയ്ക്കുന്ന പ്രത്യയശാസ്ത്രമാണ്. എന്തിനെയും എങ്ങനെ ചരക്കാക്കി മാറ്റാമെന്ന ചിന്തയാണ് മുതലാളിത്തത്തിനുള്ളത്. ചൂഷണം അതിന്റെ മൗലിക സ്വഭാവവുമാണ്. ടോക്കണിസത്തിന്റെ സ്വഭാവമുള്ള ‘പിങ്ക് വാഷിങ്ങി’നെ ജാഗ്രതയോടെ സമീപിക്കേണ്ടതും മുതലാളിത്തത്തിനെതിരെയുള്ള സമരങ്ങളിൽ ഭാഗമാകേണ്ടതും ക്വിയർ മുന്നേറ്റം കാര്യമായി പരിഗണിക്കേണ്ട വിഷയങ്ങളാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments