ആദി

കേരളത്തിലെ ക്വിയർ മുന്നേറ്റവും
‘മുഖ്യ ശത്രു’വിനെക്കുറിച്ചുള്ള വ്യാജ ആഖ്യാനങ്ങളും

ക്വിയർ മുന്നേറ്റത്തിൽ പ്രവർത്തിക്കുന്ന പ്രബലമായ ശാസ്ത്രാഖ്യാനം, അരാഷ്ട്രീയത, മാന്യതാരാഷ്ട്രീയം തുടങ്ങിയവ എപ്രകാരമാണ് വലതുപക്ഷവത്കരണത്തിലേക്ക് നയിക്കുന്നത് എന്ന ആലോചന. കേരളത്തിന്റെ ദേശഭൂപടത്തിനുള്ളിൽ ക്വിയർ മുന്നേറ്റങ്ങളുടെ ഗതിവിഗതികളും അരാഷ്ട്രീയവത്കരണവും സാമാന്യമായി ചർച്ചയ്ക്കെടുക്കുകയാണ്, ഈ വിശകലനത്തിലൂടെ ആദി.

ആദി⠀

ന്ത്യൻ സാഹചര്യത്തിൽ ക്വിയർ മുന്നേറ്റം എപ്രകാരമാണ് ഹിന്ദുത്വവത്കരിക്കപ്പെടുന്നതെന്ന് വിശദമായ ആലോചനകൾക്ക് വിധേയമായിട്ടുണ്ട്. കേരളത്തിന്റെ ദേശഭൂപടത്തിനുള്ളിൽ ക്വിയർ മുന്നേറ്റങ്ങളുടെ ഗതിവിഗതികളും അരാഷ്ട്രീയവത്കരണവും സാമാന്യമായി ചർച്ചയ്ക്കെടുക്കുകയാണ് ഈ ലേഖനം.

ഏകശിലാത്മകമായ സംഘടനാസ്വരൂപവും പ്രകൃതവും കേരളത്തിൽ ക്വിയർ മുന്നേറ്റങ്ങൾക്കില്ല. പൊതുവിൽ ഒറ്റ തിരിഞ്ഞ സംഘടനകളായാണവയുടെ നിൽപ്പ്. ഇതിനാൽ തന്നെ ലേഖനത്തിൽ അവതരിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും ചർച്ചയ്ക്കെടുക്കുന്ന സന്ദർഭങ്ങളും ചില പൊതുപ്രവണതകളെ സംഗ്രഹിക്കാൻ മാത്രമാണ് മുതിരുന്നത്.

ഈ സാമാന്യവത്കരണത്തിന് കുറുകെ നീങ്ങുന്ന ധാരകളും നിശ്ചയമായും മുന്നേറ്റങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യധാരയായി മനസ്സിലാക്കുന്ന ലിബറൽ-സ്വത്വവാദ-മാന്യതാരാഷ്ട്രീയത്തോടുള്ള വിമർശനമായി ഈ ലേഖനം നിലനിൽക്കുന്നു. ക്വിയർ മുന്നേറ്റത്തിൽ പ്രവർത്തിക്കുന്ന പ്രബലമായ ശാസ്ത്രാഖ്യാനം, അരാഷ്ട്രീയത, മാന്യതാരാഷ്ട്രീയം തുടങ്ങിയവ എപ്രകാരമാണ് വലതുപക്ഷവത്കരണത്തിലേക്ക് നയിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ രൂപപ്പെടേണ്ടത് അനിവാര്യമാണ്.

ശാസ്ത്രാഖ്യാനത്തിന്റെ
കെണികൾ

ഇവിടെ പ്രധാനമായും പരിഗണിക്കപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്:

1. ക്വിയർ ശരീരങ്ങളുടെ നിലനിൽപ്പിന് ശാസ്ത്രീയ തെളിവുകൾ ഹാജരാക്കണമെന്ന നിർബന്ധത്തിലെ സങ്കീർണ്ണതകൾ മനസ്സിലാക്കുക.

ക്വിയർ വിരുദ്ധതയയെക്കുറിച്ചുള്ള ചർച്ചകളിലെ പ്രബലമായ ആഖ്യാനം അസഹിഷ്ണുതയുടെ പ്രാഥമിക ഉറവിടമായി മത പ്രത്യയശാസ്ത്രങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ശാസ്ത്രീയതയിൽ കേന്ദ്രീകരിക്കുന്ന ഈ ആഖ്യാനങ്ങൾ എമ്മട്ടിലാണ് മതത്തെ, വിശേഷിച്ച്, സെമിറ്റിക് മതങ്ങളെ ശത്രുപക്ഷത്ത് നിർത്തി ശാസ്ത്രത്തെ നിഷ്പക്ഷമായി സ്ഥാപിക്കുന്നതെന്ന് തിരിച്ചറിയുക.

Photo: Kerala Queer  Pride
Photo: Kerala Queer Pride

2. ലിംഗത്വം, ലൈംഗികത തുടങ്ങിയവയെ വിശദീകരിക്കാൻ ജീവശാസ്ത്രപരമായ സത്താവാദത്തെ പിൻപറ്റുന്ന രീതിയുടെ അപകടങ്ങൾ മനസ്സിലാക്കുക.

സ്വവർഗ്ഗലൈംഗികത, ലിംഗത്വം തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ ഏറെയും ശാസ്ത്രീയയുക്തികളെയാണ് ആശ്രയിക്കുന്നത്. ആധുനികതയോടെ പ്രബലമാകുന്ന വൈദ്യ-നിയമശാസ്ത്ര യുക്തികളാണ് വിമതശരീരങ്ങളെ ഹിംസാത്മകമായി നേരിട്ടത്.

രോഗവത്കരണത്തിന്റെയും ക്രിമിനൽവത്കരണത്തിന്റെയും ഈ ചരിത്രത്തിന്റെ ഭാഗമായി തുടരുന്ന മുൻവിധികളെ ചെറുക്കാനായാണ് ശാസ്ത്രീയയുക്തികളെ പലപ്പോഴും മുന്നേറ്റം പിൻപറ്റിയത്. ശാസ്ത്രീയമായി എപ്രകാരം വിഷയത്തെ അവതരിപ്പിക്കാം എന്ന ആലോചന പരിമിതികളേറെ ഉള്ളടങ്ങിയതായിരുന്നു. മതം, പാരമ്പര്യം തുടങ്ങിയവയുടെ എതിരെ ആധുനികം, പുരോഗമനം എന്ന നിലയിൽ സ്വവർഗ്ഗലൈംഗിക- ലിംഗത്വ വിഷയങ്ങൾ മനസ്സിലാക്കപ്പെടാൻ ഈ ശാസ്ത്രാഖ്യാനം സഹായിച്ചു.

ഇതിനാലാണ് മതം പ്രതിസ്ഥാനത്ത് നിർത്തപ്പെടുന്ന ജനപ്രിയ ആഖ്യാനത്തിന് മുഖ്യധാരാ ക്വിയർ വ്യവഹാരങ്ങളിൽ മേൽക്കൈയുണ്ടാകുന്നത്. ഇതാകട്ടെ എല്ലാ മതങ്ങളെയും പ്രതി ചേർക്കുന്നതല്ല. മുസ്ലീം വിരുദ്ധതയാണ് ഈ ചർച്ചയുടെ അടിത്തറയായുള്ളത്. മതമായി നിൽക്കാനാകാത്ത അയഞ്ഞ പ്രകൃതം ഹിന്ദുത്വത്തിന് ഈ ചർച്ചയിൽ സ്വന്തം നില മെച്ചപ്പെടുത്താൻ സൗകര്യമാകുന്നു.

ശാസ്ത്രത്തെ അവസാന സത്യമായി മനസ്സിലാക്കുകയും തെളിവായി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തിനകത്തെ വംശീയ, സ്ത്രീവിരുദ്ധ സ്വാധീനങ്ങൾ സമർത്ഥമായി ഒളിച്ചുവെയ്ക്കപ്പെടുന്നുണ്ട്.

മനുഷ്യന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും അന്തർലീനമായി നിർണ്ണയിക്കുന്നതിന്റെ ഏകാടിസ്ഥാനമായി ജീവശാസ്ത്രഘടകങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് ജീവശാസ്ത്രസത്താവാദത്തിൻ്റേത്. ഈ നോട്ടം ലിംഗത്വത്തിന്റെയും ലൈംഗികതയുടെയും ദ്രവ്യതയ്‌ക്കെതിരായ വാദങ്ങളെ നിരസിക്കുകയും ലിംഗത്വ- ലൈംഗിക സ്വഭാവവിശേഷങ്ങളെ സ്ഥിരവും നിശ്ചലവുമായി പരിഗണിക്കുകയും ചെയ്യുന്നു.

ജീവശാസ്ത്രപരമായ സത്താവാദം ലൈംഗികതയെയും ലിംഗത്വത്തെയും രൂപപ്പെടുത്തുന്ന സാമൂഹികവും സാംസ്കാരികവും വ്യക്തിപരവുമായ ഘടകങ്ങളെ അവഗണിച്ചുകൊണ്ട് സങ്കീർണ്ണമായ മാനുഷികാനുഭവങ്ങളെ കേവലം ജീവശാസ്ത്രപരമായ നിർണ്ണയത്തിലേക്ക് ചുരുക്കുന്നു. സത്താവാദ സമീപനങ്ങളാണ് ലിംഗത്വത്തെയും ലൈംഗികതയെയും സംബന്ധിച്ച പ്രബലവും മാനകവുമായ ധാരണകളെ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതേ ധാരണയെ പിൻപറ്റി മാനകേതരമായ അനുഭവങ്ങളെ വിശദീകരിക്കുന്നത് പല വെല്ലുവിളികളും ഉയർത്തുന്നുണ്ട്.

ശാസ്ത്രം പലപ്പോഴും വസ്തുനിഷ്ഠവും നിഷ്പക്ഷവുമായി കണക്കാക്കപ്പെടുന്നു. വിവേചനം ശാശ്വതമാക്കാനും സാമൂഹിക ശ്രേണികൾ ഉയർത്തിപ്പിടിക്കാനും ശാസ്ത്രം പല നിലകളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. വംശീയമായ ശ്രേഷ്ഠതയെ ന്യായീകരിക്കാനും സ്ത്രീകളെ രണ്ടാം കിടയായി ഇകഴ്ത്താനും ശാസ്ത്രത്തെ കൂട്ടുപിടിച്ചിട്ടുണ്ട്.

കേരളത്തിൽ ക്വിയർ മുന്നേറ്റത്തിന്റെ പ്രധാന ശത്രുവായി പൊതുവേ മനസ്സിലാക്കപ്പെടുന്നത് മതത്തെയാണ്, വിമോചനത്തിനുളള വഴിയായി പുൽകുന്നത് ശാസ്ത്രത്തെയും.
കേരളത്തിൽ ക്വിയർ മുന്നേറ്റത്തിന്റെ പ്രധാന ശത്രുവായി പൊതുവേ മനസ്സിലാക്കപ്പെടുന്നത് മതത്തെയാണ്, വിമോചനത്തിനുളള വഴിയായി പുൽകുന്നത് ശാസ്ത്രത്തെയും.

ശാസ്ത്രത്തെ അവസാന സത്യമായി മനസ്സിലാക്കുകയും തെളിവായി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തിനകത്തെ വംശീയ, സ്ത്രീവിരുദ്ധ സ്വാധീനങ്ങൾ സമർത്ഥമായി ഒളിച്ചുവെയ്ക്കപ്പെടുന്നുണ്ട്. ശാസ്ത്രീയതയുടെ ഹിംസാത്മകമായ ചരിത്രം ചോദ്യം ചെയ്യപ്പെടാതെ തുടരുകയും ക്വിയർ വിരുദ്ധതയുടെ കുറ്റം കേവലം മതബോധത്തിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നതും ഈ ചർച്ചകളിൽ കാണാനാകും.

കേരളത്തിൽ ക്വിയർ മുന്നേറ്റത്തിന്റെ പ്രധാന ശത്രുവായി പൊതുവേ മനസ്സിലാക്കപ്പെടുന്നത് മതത്തെയാണ്, വിമോചനത്തിനുളള വഴിയായി പുൽകുന്നത് ശാസ്ത്രത്തെയും. ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യശത്രു കേരളത്തിൽ ഹിന്ദുത്വമോ, ഭിന്നവർഗ്ഗലൈംഗിക മാനകമായ പുരുഷാധികാരമോ അല്ല, മുസ്ലിങ്ങളാണെന്നതാണ് പ്രബല ധാരണ.

അതേസമയം, ഹിന്ദുത്വ ഭരണകൂടത്തിന്റെ ഒത്താശയിൽ നടക്കുന്ന നിയമനിർമ്മാണങ്ങൾ എപ്രകാരമാണ് ക്വിയർ ശരീരങ്ങളെ ദേശരാഷ്ട്രത്തിൽ നിന്ന് പുറന്തള്ളുന്നതെന്ന് സവിശേഷ ചർച്ചയാകുന്നേയില്ല. ട്രാൻസ് ശരീരങ്ങളുടെ പൗരത്വ നിഷേധം, ട്രാൻസ് വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായല്ല സ്വാംശീകരിക്കപ്പെടുന്നത്. അതേസമയം ‘മുസ്ലീം’ സഹജമായി തന്നെ ക്വിയർ വിരുദ്ധമാണെന്ന തീർപ്പിൽ യാതൊരു സംശയവും ആർക്കുമില്ല. ഈ ലളിത യുക്തികൾ പൊതുവിൽ ഇസ്ലാം വിരുദ്ധതയുടെ അച്ചിലാണ് വാർത്തിരിക്കുന്നത്.

മുഖ്യധാരാ ക്വിയർമുന്നേറ്റം പ്രത്യേക തരം വർഗ്ഗ-ജാതി സമൂഹങ്ങളുടെ താല്പര്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതെന്ന വിമർശനം പല കോണുകളിലായി ഉയർന്നിട്ടുണ്ട്.

യുക്തിവാദികൾക്ക് ക്വിയർ വിഷയം രുചികരമാകുന്നതും ചുമ്മാതല്ല. മതത്തെ കൊട്ടാനുള്ള നല്ല അവസരമായി യുക്തിവാദികൾ ക്വിയർ വിഷയത്തെ കാണുന്നു. അടിസ്ഥാനപരമായി ശാസ്ത്രീയമാത്രവാദങ്ങൾ ക്വിയർ വിരുദ്ധമാണ്. റിച്ചാർഡ് ഡോക്കിൻസിന്റെ ട്രാൻസ് വിരുദ്ധത ചോദ്യം ചെയ്യപ്പെട്ടത് ഉദാഹരണമാണ്.

ഡോക്കിൻസിന്റെ ജനിതകാധിഷ്ഠിത വിശദീകരണം അടിസ്ഥാനപരമായി ശാസ്ത്രമാത്ര നോട്ടത്തിന്റെ പരിമിതിയാണ്. മതം ക്വിയർ വിരുദ്ധതയുടെ അടിസ്ഥാനമാണെന്ന ലളിതാഖ്യാനം ശരിയെങ്കിൽ നവ നാസ്തികരുടെ ക്വിയർ വിരുദ്ധതയെ എമ്മട്ടിൽ വിശദീകരിക്കും? മതബോധ സ്വാധീനമാണോ യുക്തിവാദികളുടെ ക്വിയർ വിരുദ്ധതയുടെ അടിസ്ഥാനം? അല്ല. ഇവരുടെ വാദങ്ങൾ യുക്തിമാത്രവാദസ്വാധീനത്തിന്റെ സ്വാഭാവിക ഉൽപന്നമാണ്.

ഇവിടെ മതപരമായ വിശദീകരണങ്ങളല്ല, ശാസ്ത്രീയതയാണ് ക്വിയർ വിരുദ്ധതയുടെ ആധാരമാകുന്നത്. ഇതിനെ കേവലം കപടശാസ്ത്രം എന്ന് വിളിച്ച് നേരിടാനാകില്ല. ലൈംഗികതയെയും ലിംഗത്വത്തെയും വിശദീകരിക്കുന്ന, ന്യായീകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനമുണ്ടോ എന്ന ചോദ്യമല്ല മനുഷ്യരായി വിവേചനരഹിതമായി ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ നിർണ്ണയിക്കേണ്ടത്. സാമൂഹ്യനീതിയെ കുറിച്ചും വിമോചനത്തെ കുറിച്ചുമുള്ള വിശാലമായ കാഴ്ചയാണ് മുന്നേറ്റം സ്വീകരിക്കേണ്ടത്.

അടിസ്ഥാനപരമായി ശാസ്ത്രീയമാത്രവാദങ്ങൾ ക്വിയർ വിരുദ്ധമാണ്. റിച്ചാർഡ് ഡോക്കിൻസിന്റെ ട്രാൻസ് വിരുദ്ധത ചോദ്യം ചെയ്യപ്പെട്ടത് ഉദാഹരണമാണ്.
അടിസ്ഥാനപരമായി ശാസ്ത്രീയമാത്രവാദങ്ങൾ ക്വിയർ വിരുദ്ധമാണ്. റിച്ചാർഡ് ഡോക്കിൻസിന്റെ ട്രാൻസ് വിരുദ്ധത ചോദ്യം ചെയ്യപ്പെട്ടത് ഉദാഹരണമാണ്.

ഞാൻ മേരിക്കുട്ടിയല്ല;
(അ)മാന്യ ശരീരങ്ങളും
മാന്യതാരാഷ്ട്രീയവും

‘ഞാൻ മേരിക്കുട്ടി’ ട്രാൻസ് ശരീരങ്ങളുടെ ‘നേരായ’ പ്രതിനിധാനം എന്ന നിലയിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്ത് പോലീസ് ഓഫീസറാകുന്ന ട്രാൻസ് വ്യക്തിയുടെ കഥയാണ് സിനിമ. വ്യക്തികളുടെ വിജയത്തിലൂടെ വ്യവസ്ഥ തിരുത്തപ്പെടുന്ന ലളിതയുക്തിയാണ് സിനിമയുടേത്. വ്യക്തിഗത കഴിവുകളിലൂടെ അധികാരശ്രേണിയുടെ ഭാഗമാകാമെന്നും അതാണ് അന്തിമമായ വിമോചനമെന്നും സിനിമ പ്രതീക്ഷിക്കുന്നുണ്ട്.

മേരിക്കുട്ടി സിനിമയിൽ ഒറ്റവ്യക്തിയാണ്. പൊതുവേ ട്രാൻസ് മനുഷ്യർ പറ്റജീവിതമാണ് നയിക്കുന്നത്. ഈ പറ്റങ്ങളുടെ തീണ്ടലൊന്നും ഏൽക്കാതെ മേരിക്കുട്ടി ‘നല്ല’ നിലയിലെത്തുന്നു. മേരിക്കുട്ടി ഏതുതരം ട്രാൻസ് അനുഭവത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ചോദ്യവും പ്രധാനമാണ്. മേരിക്കുട്ടിയുടെ ‘നല്ല’ നിലയിലെത്തൽ മാന്യതാരാഷ്ട്രീയത്തിന്റെ മൂശയിലൂടെയാണ്.

മലപ്പുറത്ത് നടന്ന കേരള ക്വിയർ പ്രൈഡിനുശേഷം ട്രാൻസ് മനുഷ്യരുടെ വസ്ത്രധാരണം മോശമായിപ്പോയെന്ന വിമർശനം വന്നു. ഈ മട്ടിലുള്ള അമാന്യ ശരീരങ്ങൾ ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുമെന്നും സ്വീകാര്യതയ്ക്ക് മേൽ തുരങ്കം വെയ്ക്കുമെന്നും കരുതപ്പെട്ടു.

മുഖ്യധാരാ ക്വിയർമുന്നേറ്റം പ്രത്യേക തരം വർഗ്ഗ-ജാതി സമൂഹങ്ങളുടെ താല്പര്യങ്ങളാണ് ഉയർത്തിപ്പിടിക്കുന്നതെന്ന വിമർശനം പല കോണുകളിലായി ഉയർന്നിട്ടുണ്ട്. യൂറോപ്യൻ സാഹചര്യത്തിൽ ഗേ-ലെസ്ബിയൻ ആക്റ്റിവിസം വംശീയ ഉള്ളടക്കങ്ങളുടെ പേരിൽ പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. മുന്നേറ്റം ഉയർത്തിയ ‘ഗേ ഇസ് ദി ന്യൂ ബ്ലാക്ക്’ തുടങ്ങിയ ലളിത സമവാക്യങ്ങൾ വംശീയതയെ ഭൂതകാലത്തിൽ പരിഹരിച്ച പ്രശ്നമായാണ് മനസ്സിലാക്കിയത്. ആദ്യഘട്ടം മുതൽക്കേ കറുത്തവർഗ്ഗക്കാരായ വിമത ശരീരങ്ങൾ അരികുവത്കരിക്കപ്പെട്ടിരുന്നു.

സീൽവിയ റിവേറെയുടെ ക്രിസ്റ്റഫർ സ്ട്രീറ്റ് പ്രസംഗം തന്നെ ഉദാഹരണമാണ്. വർഗ്ഗം, വംശം തുടങ്ങിയവയെ പരിഗണിക്കാതെ ഏകമുഖമായി നീങ്ങിയ മുഖ്യധാരാക്വിയർ മുന്നേറ്റത്തോടുള്ള വിമർശനം റിവേറെയുടെ പ്രസംഗത്തിലുണ്ട്. വെളുത്ത വിമത ശരീരങ്ങളെ സംബന്ധിച്ചിടത്തോളം എപ്പോഴും ഭൂരിപക്ഷത്തിന്റെ ഭാഗമായി മാറുകയെന്നതായായിരുന്നു മുഖ്യലക്ഷ്യം. ഈ ഭൂരിപക്ഷ ഭാവനകൾക്ക് രുചികരമാകാത്ത ശരീരങ്ങളാകട്ടെ മുന്നേറ്റത്താൽ തഴയപ്പെട്ടു. ഭൂരിപക്ഷം സംഖ്യാപരമായ ഊന്നലില്ല പ്രയോഗിക്കുന്നത്, മറിച്ച് സവിശേഷാധികാരങ്ങൾ പറ്റുന്ന കൂട്ടമെന്ന നിലയിലാണ്.

‘ഞാൻ മേരിക്കുട്ടി’ ട്രാൻസ് ശരീരങ്ങളുടെ ‘നേരായ’ പ്രതിനിധാനം എന്ന നിലയിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു.
‘ഞാൻ മേരിക്കുട്ടി’ ട്രാൻസ് ശരീരങ്ങളുടെ ‘നേരായ’ പ്രതിനിധാനം എന്ന നിലയിൽ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു.

മുഖ്യധാരാ സ്വവർഗാനുരാഗ പ്രസ്ഥാനങ്ങൾ പലപ്പോഴും മാന്യതാ രാഷ്ട്രീയത്തിലാണ് ഊന്നിയത്. സ്വവർഗ്ഗാനുരാഗികളായ വ്യക്തികളെ ഭിന്നവർഗ്ഗലൈംഗിക ഭൂരിപക്ഷത്തിന്റെ അതേ അവകാശങ്ങളും പരിരക്ഷകളും അർഹിക്കുന്ന ഉയർന്ന, മാന്യരായ പൗരന്മാരായി അവതരിപ്പിക്കാൻ ഈ പ്രസ്ഥാനങ്ങൾ ശ്രമിച്ചു. ഫ്രാങ്ക് കാമിനിയുടെ Gay is Good പോലുള്ള മുദ്രാവാക്യങ്ങളും ഇടപെടലുകളും മാന്യതാരാഷ്ട്രീയത്തിന്റെ മൂശയിലുള്ളതാണ്.

യാഥാസ്ഥിതികവും മാന്യവുമായി വസ്ത്രം ധരിക്കുക, പ്രൊഫഷണൽ നേട്ടങ്ങൾ ഊന്നിപ്പറയുക, സാമൂഹിക മാനദണ്ഡങ്ങൾ സമൂലമായി മാറ്റാൻ ശ്രമിക്കുന്നതിനുപകരം സ്വവർഗാനുരാഗികളെ മുഖ്യധാരാ സമൂഹത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് വേണ്ടി വാദിക്കുക തുടങ്ങിയ നയങ്ങളാണ് ഈ ഘട്ടത്തിൽ സ്വീകരിക്കപ്പെട്ടത്. ഈ സമീപനമാകട്ടെ വർഗ്ഗപരമായി താണ സാഹചര്യമുള്ളവരെയും കറുത്തവർഗ്ഗക്കാരെയും കൂടുതൽ അരികുവത്കരിച്ചു. നിലനിൽക്കുന്ന ആധിപത്യ വ്യവസ്ഥയുടെ ഭാഗമായി യോഗ്യത നേടാൻ എളുപ്പം ഈ സമൂഹങ്ങൾക്കായില്ല.

‘രാഷ്ട്രീയം പറയരുത്' എന്ന താക്കീത് പല സന്ദർഭങ്ങളിലും ക്വിയർ മുന്നേറ്റങ്ങൾക്കകമേ ഉയർന്നുകേട്ടിട്ടുണ്ട്. രാഷ്ട്രീയം പറയാനുള്ള ഇടമല്ല ക്വിയർ പ്രൈഡ് മാർച്ചുകളെന്ന ആക്രോശം ഇന്ത്യയിലും കേരളത്തിലും പ്രതിധ്വനിച്ചിട്ടുണ്ട്.

കേരളത്തിലെ ക്വിയർ മുന്നേറ്റങ്ങളിലും മാന്യതാരാഷ്ട്രീയം പ്രബലമാണ്. ലൈംഗിക തൊഴിൽ ചെയ്യുന്ന ട്രാൻസ് മനുഷ്യരോടുള്ള അവമതിപ്പ്, സ്വത്വം തുറന്നുപറയാൻ സാഹചര്യമില്ലാത്ത ശരീരങ്ങളോടുള്ള അവഗണന, പൊതുസ്ഥലങ്ങളിൽ ലൈംഗികാവശ്യങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ശരീരങ്ങളെ ലൈംഗികരോഗത്തിന്റെ വാഹകരായി മനസ്സിലാക്കൽ, വിവാഹമെന്ന സ്ഥാപനത്തോടുള്ള വിമർശനാതീതമായ അഭിനിവേശം തുടങ്ങിയവ മാന്യതാരാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ മനസ്സിലാക്കാനാകും. ചില സന്ദർഭങ്ങളെ മാത്രം ഉദാഹരണമായെടുക്കാം;

കേരള ക്വിയർ പ്രൈഡ് സമാപനച്ചടങ്ങിലെ അനന്യയുടെ ആംഗറിങ്, കമ്യൂണിറ്റിയ്ക്കകത്ത് ചർച്ചയായിരുന്നു. ഭൂരിപക്ഷത്തിന്റെ സദാചാരബോധത്തിലേക്ക് എളുപ്പം സ്വീകരിക്കപ്പെടാനൊക്കാത്ത പറച്ചിലുകളായിരുന്നു അനന്യയുടേത്. പ്രൈഡിന് ശേഷം കൂടിയ ഒരു യോഗത്തിൽ അനന്യയയ്ക്കെതിരെ പലരും രംഗത്തെത്തി.
‘അടുത്ത തവണ ഇവരെ ആംഗറാക്കരുത്. അല്ലെങ്കിലെ ആളുകൾക്ക് ഇതൊന്നും കണ്ടൂടാ. ഒരുപാട് കുടുംബങ്ങളും കുട്ടികളുമൊക്കെ സമാപന ചടങ്ങിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇത് കണ്ടാ നമ്മുടെ ഉള്ള സ്വീകാര്യത പോകും’ എന്ന വാദമാണ് ഉയർന്നത്.

സ്വവർഗ്ഗാനുരാഗികളായ വ്യക്തികളെ ഭിന്നവർഗ്ഗലൈംഗിക ഭൂരിപക്ഷത്തിന്റെ അതേ അവകാശങ്ങളും പരിരക്ഷകളും അർഹിക്കുന്ന ഉയർന്ന, മാന്യരായ പൗരന്മാരായി അവതരിപ്പിക്കാൻ ഈ പ്രസ്ഥാനങ്ങൾ  ശ്രമിച്ചു. ഫ്രാങ്ക് കാമിനിയുടെ Gay is Good പോലുള്ള മുദ്രാവാക്യങ്ങളും ഇടപെടലുകളും മാന്യതാരാഷ്ട്രീയത്തിന്റെ മൂശയിലുള്ളതാണ്.
സ്വവർഗ്ഗാനുരാഗികളായ വ്യക്തികളെ ഭിന്നവർഗ്ഗലൈംഗിക ഭൂരിപക്ഷത്തിന്റെ അതേ അവകാശങ്ങളും പരിരക്ഷകളും അർഹിക്കുന്ന ഉയർന്ന, മാന്യരായ പൗരന്മാരായി അവതരിപ്പിക്കാൻ ഈ പ്രസ്ഥാനങ്ങൾ ശ്രമിച്ചു. ഫ്രാങ്ക് കാമിനിയുടെ Gay is Good പോലുള്ള മുദ്രാവാക്യങ്ങളും ഇടപെടലുകളും മാന്യതാരാഷ്ട്രീയത്തിന്റെ മൂശയിലുള്ളതാണ്.

വിവാഹതുല്യതയെ മുൻനിർത്തിയുള്ള ചർച്ചയിലും മാന്യതാരാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടെന്ന് കാണാം. ഭിന്നവർഗ്ഗലൈംഗികമാനകമായ സ്ഥാപനങ്ങൾ വിമോചനത്തിലേക്കുള്ള ഏകവഴിയായി മനസ്സിലാക്കപ്പെടുന്നതോടെ ഈ സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന ‘ഹിംസ’ മറച്ചുവെയ്ക്കപ്പെടുന്നു.

മലപ്പുറത്ത് നടന്ന കേരള ക്വിയർ പ്രൈഡിനുശേഷം ട്രാൻസ് മനുഷ്യരുടെ വസ്ത്രധാരണം മോശമായിപ്പോയെന്ന വിമർശനം വന്നു. ഈ മട്ടിലുള്ള അമാന്യ ശരീരങ്ങൾ ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുമെന്നും സ്വീകാര്യതയ്ക്ക് മേൽ തുരങ്കം വെയ്ക്കുമെന്നും കരുതപ്പെട്ടു. ആരുടെ സ്വീകാര്യതയാണ് ക്വിയർ മനുഷ്യർക്ക് വേണ്ടത്? ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെങ്കിൽ പ്രൈഡ് നിർത്തലാക്കുന്നതല്ലേ നല്ലത്? ഭൂരിപക്ഷസമൂഹം മറ്റെന്താണ് ആഗ്രഹിക്കുന്നത്? അടിച്ചർത്തൽ വ്യവസ്ഥകളിലും സദാചാരബോധങ്ങളിലും രക്ഷയ്ക്കായി ആശ്രയം തേടുന്ന പ്രവണത ആത്മഹത്യാപരമാണ്.

ക്വിയർ മുന്നേറ്റത്തിന്റെ മുഖ്യശത്രു കേരളത്തിൽ ഹിന്ദുത്വമോ, ഭിന്നവർഗ്ഗലൈംഗിക മാനകമായ പുരുഷാധികാരമോ അല്ല, മുസ്ലിങ്ങളാണെന്നതാണ് പ്രബല ധാരണ.

ഈ പിന്തുണ തേടൽ സാധ്യമാകുക വർഗ്ഗപരവും ജാതീയവുമായി ഉയർന്ന സാഹചര്യങ്ങളിൽ നിന്നുമുള്ള ശരീരങ്ങൾക്കാകും, എല്ലാ ശരീരങ്ങൾക്കുമല്ല. ട്രാൻസ് ശരീരങ്ങൾ പല തരം മുൻവിധികളുടെയും ഇടമാണ്. ലൈംഗികതൊഴിൽ ചെയ്യുന്ന ശരീരങ്ങളോടുള്ള അവമതിപ്പ് സിസ് ഗേ വ്യക്തികളിൽ പരക്കെയുണ്ട്. വ്യവസ്ഥയ്ക്കകമേ സ്ത്രീയായും പുരുഷനായും അംഗീകാരം തേടാൻ എളുപ്പം കഴിയുന്ന മാന്യ ട്രാൻസ് ശരീരങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നെങ്കിലും ഈ മാതൃകകളിൽ മെരുങ്ങാ ശരീരങ്ങൾ പലപ്പോഴും പുറന്തളപ്പെടുന്നു. ട്രാൻസ് മനുഷ്യരുടെ അച്ചടക്കമില്ലാ ശരീരവും പെരുമാറ്റവും ശബ്ദവും കൈയ്യടിയുമെല്ലാം മാന്യതയുടെ യുക്തികൾക്ക് കുറുകേ നീങ്ങുന്നതാണ്. എങ്ങനെയാണ് ചരിത്രപരമായി അപമാനവീകരിക്കപ്പെട്ട ഒരു സമൂഹം മാന്യത പ്രകടിപ്പിക്കേണ്ടത്? ഏത് തരം മാന്യതയാണ് ആ ശരീരങ്ങളിൽ പ്രതീക്ഷിക്കുന്നത്?

കേരള ക്വിയർ പ്രൈഡ് സമാപനച്ചടങ്ങിലെ അനന്യയുടെ ആംഗറിങ്, കമ്യൂണിറ്റിയ്ക്കകത്ത് ചർച്ചയായിരുന്നു. ഭൂരിപക്ഷത്തിന്റെ സദാചാരബോധത്തിലേക്ക് എളുപ്പം സ്വീകരിക്കപ്പെടാനൊക്കാത്ത പറച്ചിലുകളായിരുന്നു അനന്യയുടേത്.
കേരള ക്വിയർ പ്രൈഡ് സമാപനച്ചടങ്ങിലെ അനന്യയുടെ ആംഗറിങ്, കമ്യൂണിറ്റിയ്ക്കകത്ത് ചർച്ചയായിരുന്നു. ഭൂരിപക്ഷത്തിന്റെ സദാചാരബോധത്തിലേക്ക് എളുപ്പം സ്വീകരിക്കപ്പെടാനൊക്കാത്ത പറച്ചിലുകളായിരുന്നു അനന്യയുടേത്.

അരാഷ്ട്രീയതയാകാം!

‘രാഷ്ട്രീയം പറയരുത്' എന്ന താക്കീത് പല സന്ദർഭങ്ങളിലും ക്വിയർ മുന്നേറ്റങ്ങൾക്കകമേ ഉയർന്നുകേട്ടിട്ടുണ്ട്. രാഷ്ട്രീയം പറയാനുള്ള ഇടമല്ല ക്വിയർ പ്രൈഡ് മാർച്ചുകളെന്ന ആക്രോശം ഇന്ത്യയിലും കേരളത്തിലും പ്രതിധ്വനിച്ചിട്ടുണ്ട്. ക്വിയർ വിഷയങ്ങളെ ഒറ്റപ്പെട്ട വിഷയമായി അവതരിപ്പിച്ച്, സാമൂഹ്യ സ്വാധീനങ്ങളിൽ നിന്നെല്ലാം അടർത്തിമാറ്റി ജീവശാസ്ത്രപരമായ വിശദീകരണങ്ങളിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. കേരള പ്രൈഡ് മാർച്ചിൽ ഹാദിയയ്ക്ക് വേണ്ടി പ്ലാക്കാർഡ് ഉയർത്തിയത് സൃഷ്ടിച്ച വിവാദങ്ങളും, ബാബരി മസ്ജിദ് തകർച്ചയെ അപലപിച്ചുകൊണ്ടുള്ള പോസ്റ്റർ ഒരു LGBT വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന്റെ ഭാഗമായി ഉണ്ടായ കോലാഹലങ്ങളും ഇക്കാര്യം പല നിലയിൽ വെളിപ്പെടുത്തുന്നുണ്ട്.

2019- ലെ കേരള ക്വിയർ പ്രൈഡ് മാർച്ചിന് പരിഷ്കരിച്ച മഴവിൽ പതാകയാണ് ഉപയോഗിച്ചത്. ക്വിയർ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കകത്തെ വർണ്ണ സമൂഹങ്ങളുടെ പങ്കിനെ മതിക്കുന്നതിനും ഓർമ്മിക്കുന്നതിനുമായാണ് ഈ പതാക രൂപകല്പന ചെയ്തിരിക്കുന്നത്. ഈ പതാക വലിയ ചർച്ചകളുണ്ടാക്കി. എന്തിനാണ് പുതിയ പതാക? അല്ലെങ്കിലെ ആളുകൾക്ക് ഇതേ കുറിച്ച് വലിയ ധാരണയൊന്നുമില്ല. കൂടുതൽ കൺഫ്യൂഷ്യൻ ആകില്ലേ? തുടങ്ങിയ ആശങ്കകളാണ് പലരും പങ്കുവെച്ചത്. ഭിന്നവർഗ്ഗലൈംഗിക ഭൂരിപക്ഷത്തിന്റെ കൺഫ്യൂഷനാണ് ഇവിടെയും പ്രധാനം. ഭൂരിപക്ഷത്തിന്റെ പിന്തുണയിലും അംഗീകാരത്തിലും മെച്ചപ്പെട്ട ഭാവിയെ പ്രതീക്ഷിക്കുന്ന രീതി ഇവിടെയും തുടരുന്നു. ഈ ഭൂരിപക്ഷത്തെ തൃപതിപ്പെടുത്തേണ്ട ബാധ്യത ക്വിയർ മനുഷ്യർക്കുണ്ട്. ഈ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷകൾക്കും നിലവാരങ്ങൾക്കും ഒത്ത മട്ടിലാകണം ക്വിയർ ശരീരങ്ങൾ ചിട്ടപ്പെടേണ്ടതെന്ന് സാരം.

ഹാദിയയും അയ്യങ്കാളിയുമെല്ലാം പ്രൈഡിൽ ഇടം പിടിക്കുമ്പോൾ ഇവർക്കെന്താണ് പ്രൈഡിൽ കാര്യം എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ഹാദിയയും അയ്യങ്കാളിയുമെല്ലാം പ്രൈഡിൽ ഇടം പിടിക്കുമ്പോൾ ഇവർക്കെന്താണ് പ്രൈഡിൽ കാര്യം എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

ഹാദിയയും അയ്യങ്കാളിയുമെല്ലാം പ്രൈഡിൽ ഇടം പിടിക്കുമ്പോൾ ഇവർക്കെന്താണ് പ്രൈഡിൽ കാര്യം എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. പലസ്തീൻ അനുകൂല പ്രഖ്യാപനങ്ങളോട് വലിയ വിയോജിപ്പ് പല കോണുകളിലും നിന്നും ഉയരാറുണ്ട്.

അടിസ്ഥാനപരമായി ക്വിയർ മുന്നേറ്റത്തിന്റെ അരാഷ്ടീയവത്കരണത്തിൽ ശാസ്ത്രീയാഖ്യാനങ്ങളിൽ അന്തിമ സത്യം തേടുന്ന രീതിയ്ക്ക് വലിയ പങ്കുണ്ട്. ക്വിയർ വിഷയത്തെ ഒറ്റപ്പെട്ട വിഷയമെന്നോണം ചുരുക്കി മനസ്സിലാക്കുന്ന സമീപനം സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചകളെ പാടെ അപ്രസക്തമാക്കിയിട്ടുമുണ്ട്.


Summary: Queer Movement in Kerala and false narratives of enemies Aadhi writes.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments