നഴ്​സിങ്​ കോഴ്​സ്​ സംവരണം:
മറയ്​ക്കപ്പെടരുത്​, ട്രാൻസ്​ പോരാട്ടങ്ങൾ​

ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് ബി.എസ്‌സി നഴ്‌സിങ്ങിന് ഒരു സീറ്റും ജനറല്‍ നഴ്‌സിങ്ങിന് ഒരു സീറ്റും സംസ്ഥാന സര്‍ക്കാര്‍ സംവരണം ചെയ്തിരിക്കുകയാണ്. വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ അർഹമായ ഇടം നേടിയെടുക്കാനുള്ള ട്രാൻസ്​ വിഭാഗത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചും ഈ ഉത്തരവിന്റെ സ്വീകാര്യ- പ്രായോഗിക തലങ്ങളെക്കുറിച്ചും ഒരു വിചാരം.

വിദ്യാഭ്യാസ ഇടങ്ങളിൽ ട്രാന്‍സ്‌ജെന്റര്‍ ആളുകളെ അവരുടെ ജെന്റർ സ്വത്വത്തിൽ തന്നെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നിരുന്നു. ഒരു നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനത്തിന് ശ്രമിക്കവേ, അവിടെ ആൺ/പെൺ വിഭാഗങ്ങൾക്ക് മാത്രമേ പ്രവേശനം സാധ്യമാവൂ എന്ന സ്ഥാപനാധികാരികളുടെ വിവേചനാപരമായ പ്രതികരണത്തെ തുടർന്ന്, പ്രവേശനം ആഗ്രഹിച്ച എസ്. തമിഴ് സെൽവി എന്ന ട്രാൻസ് വുമൺ വ്യക്തി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും അവർക്ക് അവരുടെ ജെന്റർ സ്വത്വത്തിൽ പ്രവേശനം നൽകണം എന്ന് നിർദേശിച്ച് ഹൈക്കോടതി സ്റ്റേറ്റ് സെക്രട്ടറി, തമിഴ്‌നാട് സർക്കാരിന്റെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ്, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിവർക്ക് ഉത്തരവ് കൊടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ നാനാ തരം വിവേചന വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രാന്‍സ്‌ജെന്റര്‍വ്യക്തികൾക്ക് വിദ്യാഭ്യാസ ഇടങ്ങളിൽ പ്രത്യേക സംവരണം വേണ്ടതുണ്ടെന്നും പ്രവേശനാ-പരീഷാ-അഭിമുഖ ഘട്ടങ്ങളിൽ ട്രാന്‍സ്‌ജെന്റര്‍അപേക്ഷകരുടെ വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കുകയും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്നുമുള്ള ഭരണഘടനാപരവും നീതിയുക്തവുമായ വിധിയെ തുടർന്ന് തമിഴ് സെൽവിക്ക് അവർ ആഗ്രഹിച്ച കോഴ്‌സിന് (ഡിപ്ലോമ ഇൻ നഴ്സിംഗ്: 2022-23 വിദ്യാഭ്യാസ വർഷം) പ്രവേശനം ലഭിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ 2015-ലെ നൽസാ വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം എന്ന അവകാശം നേടിയെടുക്കാൻ സഹായകമാവുന്ന ഒരു വ്യക്തി-ഇടപെടൽ എന്നോണം നിയമത്തെ ആശ്രയിച്ച തമി​​ഴ്​ സെൽവിയുടെ ഈ പോരാട്ടത്തിനുശേഷം ഏകദേശം ഒരു വർഷമാവുമ്പോൾ കേരളത്തിൽ നഴ്സിംഗ് കോഴ്സുകൾക്ക് (ഡിപ്ലോമ, ബി.എസ്​സി തലങ്ങളിൽ) ഓരോ അധിക സീറ്റ് സംവരണമായി നിലവിലെ സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിനെ ഈ മേഖലയിലെ രാജ്യത്തെ ആദ്യ ഇടപെടൽ എന്ന തരത്തിലുള്ള വാർത്തകളോട് വിയോജിച്ചു കൊണ്ടുതന്നെ, ആരോഗ്യവകുപ്പിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ എല്ലാ ആർട്സ് ആൻഡ് സയൻസ് കലാലയങ്ങളിലും ബിരുദ- ബിരുദാനന്തര കോഴ്‌സുകൾക്കും രണ്ട്​ അധിക സീറ്റ് നിലനിൽക്കുന്നതിന്റെ തുടർച്ചയായി വന്ന ഈ ഉത്തരവിന്റെ സ്വീകാര്യ- പ്രായോഗിക തലങ്ങളിലേക്ക് കടക്കുന്നു ഈ ലേഖനം.

മഹാരാജാസ് കോളേജ് വിദ്യാർത്ഥികളായിരുന്ന പ്രവീൺ നാഥ്‌, ദയാ ഗായത്രി, തീർത്ഥ സാർവിക എന്നീ ട്രാൻജെന്റർ ആളുകൾ വിദ്യാഭ്യാസവകുപ്പിനു സമർപ്പിച്ച നിവേദനം പരിഗണിച്ചാണ്​​ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട്​ അധിക സീറ്റ് സംവരണം ഏർപ്പെടുത്തിയത്.

ട്രാന്‍സ്‌ജെന്റര്‍ / എൽ ജി ബി റ്റി ഐ ക്യു വിഭാഗങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സാമൂഹിക- ഉന്നമന ഇടപെടൽ നടക്കുകയാണെങ്കിൽ അതിന്റെ അഭിനന്ദനപ്രവാഹത്തിൽ ഒരുപക്ഷെ ഇതിന് തുടക്കക്കാരായ ആളുകളെ പൊതുവെ മറന്നു പോവാറുണ്ട്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ ഇടപെടലുകൾ അഭിനന്ദനീയമാവുമ്പോൾ തന്നെ അതിനോരം ചേരുന്ന സ്തുതികൾ ഭരിക്കുന്ന സർക്കാരിനും, സർക്കാറിന്റെ യുവജന-വിദ്യാർത്ഥി സംഘടനകൾക്കും, ഭരിക്കുന്ന രാഷ്ട്രീപാർട്ടിയോട് ചായ്‌വ് പുലർത്തുന്നവർക്കും മാത്രമായി പോകരുത്. മേല്പറഞ്ഞ ഉത്തരവ് വന്നപ്പോൾ തന്നെ ഡി വൈ എഫ്​ ഐ തുടങ്ങിയ സംഘടനകൾ സർക്കാരിന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററുകൾ ഇറക്കിയിരുന്നു, ഇത്തരമൊരു ഇടപെടൽ ഇന്ത്യയിൽ ആദ്യം എന്ന തലക്കെട്ടോടെ.

ഒരു വിഷയവുമായി ബന്ധപ്പെട്ട ഇടപെടൽ ആദ്യത്തേതോ എന്നതിനേക്കാൾ അതിനെത്രമാത്രം ആനുകാലിക പ്രസക്തിയുണ്ടെന്നു കൂടി ആലോചിച്ചാൽ അഭിനന്ദനങ്ങൾക്ക് ഊഷ്മളതയേറും. 2018- ൽ അന്ന് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളായിരുന്ന പ്രവീൺ നാഥ്‌, ദയാ ഗായത്രി, തീർത്ഥ സാർവിക എന്നീ ട്രാൻജെന്റർ ആളുകൾ സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു സമർപ്പിച്ച ഒരു നിവേദനം പരിഗണിച്ചാണ്​​ അന്നത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട്​ അധിക സീറ്റ് സംവരണം ഏർപ്പെടുത്തിയത്.

നൽസാ വിധി മൂന്നു പ്രധാന കാര്യങ്ങൾ മുന്നോട്ടുവച്ചിരുന്നു:

തമിഴ് സെൽവി
  1. ട്രാൻജെന്റർ വ്യക്തികളുടെ ജെന്റർ സ്വത്വത്തെ ഒരു പ്രത്യേക സ്വത്വമായി (ഓരോ ട്രാൻസ്‌ജെന്റർ വ്യക്തിയ്ക്കും ട്രാന്‍സ്‌ജെന്റര്‍ വ്യക്തി എന്നോ, പെണ്ണെന്നോ, ആണെന്നോ സ്വയം നിർണ്ണയിച്ച്​ ആ സ്വത്വം വെളിപ്പെടുത്താനല്ല, അവകാശത്തോടുകൂടി തന്നെ) കണക്കാക്കണം.

  2.  ട്രാൻജെന്റർ വ്യക്തികൾ വലിയൊരു പരിധി വരെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതുകൊണ്ട്​ ഈ വിഭാഗത്തിന് വിദ്യാഭ്യാസ- തൊഴിൽ ഉന്നമന സൗകര്യങ്ങൾ അതത് സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടതുണ്ട്​. 

  3. ട്രാൻജെന്റർ വ്യക്തികളുടെ സാമൂഹിക ഉന്നമനത്തിനായുള്ള ക്ഷേമ പദ്ധതികൾ സാമൂഹിക നീതി വകുപ്പുകൾ മുഖേന നടപ്പിലാക്കണം.

രണ്ടാമത്തെ നിർദേശത്തിന്റെ സാധ്യത ചൂണ്ടിക്കാണിച്ചാണ്​ പ്രവീണും, ദയയും, തീർത്ഥയും സർക്കാരിനെ സമീപിച്ചതും തുടർന്നുവന്ന വിഭ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ചരിത്രപരമായതും. ഈ നിലക്ക് നോക്കുമ്പോൾ അഭിനന്ദനപ്രവാഹങ്ങൾ ഇതിനു കാരണമായ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളിലേക്കുതന്നെയല്ലേ എത്തേണ്ടത്. 2015-ലെ നൽസാ വിധിയിലെ ഒരു നിർദേശം ഇന്ന് തൊഴിൽസാധ്യതയുള്ള ഒരു മേഖലയിലേക്കുകൂടി എത്തുമ്പോൾ മേൽപ്പറഞ്ഞ നിവേദനം സമർപ്പിച്ച മൂന്നുപേരിൽ ഒരാളായ പ്രവീൺ ജീവിച്ചിരിപ്പില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ട്രാൻജെന്റർ വ്യക്തികൾക്ക് ലഭിക്കുന്ന സംവരണസംവിധാനങ്ങൾക്കുള്ള ഓരോ അഭിനന്ദനവും, ആത്മഹത്യ ചെയ്യേണ്ടിവന്ന അദ്ദേഹത്തിനുകൂടി അവകാശപ്പെട്ടതാണെന്ന് വിസ്മരിക്കരുത്.

സംവരണ സീറ്റുകളിൽ എത്ര എണ്ണം ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്ക് പ്രയോജനപ്പെടുന്നുണ്ട്?. മുഴുവൻ സംവരണ സീറ്റുകളുടെ 2 ശതമാനം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നു മനസിലാക്കാൻ സാധിക്കും. ഇതിന്റെ സാമൂഹിക കാരണങ്ങളും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ഓരോ വ്യക്തിയും ഉന്നതവിദ്യാഭ്യാസത്തിനുശേഷം എത്തിപ്പെടുന്ന തൊഴിൽ രംഗത്തും ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്ക് ട്രാൻസ് വിഭാഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ സംവരണം കൂടെ ഉറപ്പിക്കേണ്ടതുണ്ട് എന്ന സാമൂഹികനീതി, പക്ഷെ ഇപ്പോഴും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പിലായിട്ടില്ല. 2017-ൽ എറണാകുളം സ്വദേശിനിയായ ട്രാൻസ്​ യുവതി പി.എസ്.സി മത്സരപരീക്ഷകളിൽ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്ക് സംവരണം ആവശ്യപ്പെട്ട്​ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ട്രാന്‍സ്‌ജെന്റര്‍ സ്ത്രീകളക്ക് പി.എസ്.സി പരീക്ഷകളിൽ സ്ത്രീവിഭാഗത്തിൽ തൊഴിൽ തേടാം എന്ന ഉത്തരവ് വരികയുണ്ടായി. ഈ ഉത്തരവ് കേരളത്തിലെ തൊഴിൽകാംക്ഷികളായ ഭൂരിഭാഗം ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്കും പ്രയോജനപ്രദമാവുന്നന്നതായിരുന്നില്ല. ഇവിടെയാണ് നഴ്സിംഗ് മേഖലയിൽ പുതുതായി വന്ന സംവരണ ഉത്തരവിന്റെ ഭരണഘടനാപരമായ യുക്തിക്ക് പ്രാധാന്യമേറുന്നത്​.

കേരളത്തിലെ നൂറു കണക്കിന് സർക്കാർ-സർക്കാരേതര- എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിലവിലുള്ള (ഓരോ കോളേജിലും രണ്ടു വീതം സീറ്റ് ബിരുദ-ബിരുദാനന്തര കോഴ്സുകൾക്ക്; അതായത് ഓരോ കോളേജിലും നാല് സീറ്റ് വീതം) സംവരണ സീറ്റുകളിൽ എത്ര എണ്ണം ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്ക് പ്രയോജനപ്പെടുന്നുണ്ട്?. മുഴുവൻ സംവരണ സീറ്റുകളുടെ 2 ശതമാനം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നു മനസിലാക്കാൻ സാധിക്കും. ഇതിന്റെ സാമൂഹിക കാരണങ്ങളും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

പ്രവീൺ നാഥ്

1) 17-18 വയസ്സ് പ്രായമുള്ള ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിക്ക് കേരളത്തിൽ സ്വന്തം ജെൻഡർ സ്വത്വം വെളിപ്പെടുത്തി വീട്ടുകാരുടെയും സഹപാഠികളുടെയും അവഹേളനങ്ങളില്ലാതെ വിദ്യാഭ്യാസ ഇടത്തിൽ പഠനം പൂർത്തീകരിക്കാൻ സാധ്യമാണോ?

-സംവരണത്തെ സ്വാഗതം ചെയ്യുന്ന വിദ്യാർത്ഥി സംഘടനകൾ വാർഷിക മിനക്കെടൽ എന്ന തരത്തിൽ LGBTIQ വ്യക്തികൾക്കു സംസാരിക്കാൻ ഇടം കൊടുക്കുക.
-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടകരായി ഇവരെ ക്ഷണിക്കുക.
-വല്ലപ്പോഴുമുള്ള ബോധവൽക്കരണ പരിപാടികൾ എന്നതിനുമപ്പുറത്തേയ്ക്ക് ഓരോ കലാലയത്തിലുമുള്ള അദ്ധ്യാപക- അനദ്ധ്യാപക ആളുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് SOGI (സെക്ഷ്വൽ ഓറിയന്റേഷൻ, ജൻഡർ ഐഡന്റിറ്റി) വൈവിധ്യത്തെക്കുറിച്ച്​ ആഴത്തിലുള്ള ബോധ്യം ഉറപ്പിക്കാൻ സാധിക്കുമോ?
-ചില കാമ്പസുകളിൽ നിലവിലുള്ള LGBTIQ സ്‌പോർട്ട് ക്ലബ്ബുകളുടെ സാന്നിധ്യം ട്രാന്‍സ്‌ജെന്റര്‍ വ്യതികൾക്ക് അല്പമെങ്കിലും സഹായകമാവുന്നെങ്കിൽ കൂടി ഭരണഘടനാ അടിസ്ഥാനത്തിൽ യു ജി സി ഉറപ്പു നല്കുന്ന വിവേചനരഹിതമായ വിദ്യാഭ്യാസ ഇടം ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്കുവേണ്ടി സൃഷ്ടിക്കാൻ നമ്മുടെ കലാലയങ്ങൾ സജ്ജമാണോ? -മലയാളനാട്ടിലെ എല്ലാ ഉന്നതവിദ്യാഭ്യാസഇടങ്ങളിലും ഇനിയെന്നാണ് നമുക്ക് ഒരു ക്വിയർ വ്യക്തിയെ വീതമെങ്കിലും ദൃശ്യരായി കാണാൻ സാധിക്കുക?

2) 2016- ലെ യു ജി സി ആന്റി റാഗിങ് പോളിസി ഭേദഗതി പ്രകാരം ട്രാന്‍സ്‌ജെന്റര്‍ ഐഡന്റിറ്റി, സെക്ഷ്വൽ ഓറിയന്റേഷൻ എന്നിവ കാരണം ഒരു വിദ്യാർത്ഥിക്കും പഠന ഇടങ്ങളിൽ വിവേചനം നേരിടേണ്ടിവരരുത് എന്ന് കൃത്യമായി നിർദ്ദേശിച്ചുണ്ടെങ്കിലും മേല്പറഞ്ഞ ആന്റി- റാഗിങ് പോളിസി ഭേദഗതി കേരളത്തിലെ മിക്ക കലാലയങ്ങളിലും പിന്തുടരുന്നില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ വിദ്യാഭ്യാസവർഷം തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന വീനസ് എന്ന ട്രാന്‍സ്‌ജെന്റര്‍ പെണ്ണിന് സഹപാഠിയിൽ നിന്ന്​ ദുരനുഭവം നേരിടുകയും തുടർന്ന് ദിവസങ്ങളുടെ ചർച്ചകൾക്കുശേഷം വീനസിനെ അവളുടെ ജൻറർ സംബന്ധിയായി തെറി വിളിച്ച വിദ്യാർത്ഥി ക്ഷമ പറയുകയും ചെയ്‌തിരുന്നു. എന്നാലിപ്പോഴും പൂർണമായും വീനസിനെ സംബന്ധിച്ച്​, അവളുടെ വിദ്യാഭ്യാസഇടം പൂർണമായും സന്തോഷം നൽകുന്ന ഒന്നല്ല.

സർക്കാർ ഉത്തരവ് സംബന്ധിയായി വീനസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നുള്ള വീനസിന്റെ പ്രതികരണം: 

'ഞാൻ ഒരു സിസ്- ജൻറർ വ്യക്തി അല്ല എന്നത്​ നേരിട്ട് മറ്റുള്ളവരുടെ നോട്ടത്തിനും അധിക്ഷേപത്തിനും കാരണമാവുന്നു. വേണമെങ്കിൽ എനിക്ക് ഇതിനെ നിയമപരമായി നേരിടാം. പക്ഷെ പ്രായം മുപ്പതിനോടടുത്ത എന്നെ സംബന്ധിച്ച് ഇനിയുള്ള ഒരു വർഷം കൂടി പൂർത്തികരിച്ച്​ പഠനം തീർക്കുക എന്നതാണ്​ ലക്‌ഷ്യം. സഹപാഠികൾ, അധ്യാപകർ എന്നിവർക്ക് മുഴുവൻ ജൻറർ തുല്യത സംബന്ധിച്ച് ബോധവൽക്കരണം നടത്തിയെടുക്കുക എന്നെ സംബന്ധിച്ച് സാധ്യമല്ല, നിലവിൽ. പക്ഷെ എന്നെങ്കിലും ഒരു  ട്രാന്‍സ്‌ജെന്റര്‍ വ്യക്തി എന്ന നിലയിൽ എന്റെ ജീവിതത്തിൽ / തൊഴിൽ /കലാ മേഖലയിൽ നേട്ടം കൈവരിച്ചാൽ ഇതേ ആളുകൾ തന്നെ എനിക്ക് ചിലപ്പോൾ സ്വീകരണം നൽകിയേക്കാം. ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൾക്കുള്ള വിദ്യാഭ്യാസസംവരണം കുറച്ചു കൂടി നേരത്തെ വന്നിരുന്നു എങ്കിൽ എന്റെ സമപ്രായത്തിലുള്ള അനേകം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക്​ അത് ഉപകാരപെട്ടേനെ. പ്രായം പഠനത്തിന് വെല്ലുവിളി അല്ല എന്ന് പറയാമെങ്കിലും കൂടി ഈ പ്രായത്തിൽ സംവരണം പ്രയോജനപ്പെടുത്തി എത്ര പേർക്ക് ബിരുദ കോഴ്സുകൾക്ക് ചേരാൻ സാധിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്? എന്റെ അഭിപ്രായത്തിൽ നൽസാ വിധി നിർദ്ദേശിക്കുന്ന തരത്തിൽ തൊഴിൽ രംഗത്ത് കൂടി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സംവരണം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. ഞങ്ങൾക്കായി സർക്കാർ നൈപുണ്യ- പരിശീലന-പദ്ധതികൾ നടപ്പിലാക്കുന്നത് ഇതുപോലെ വളരെ സ്വീകാര്യകാരമായ കാര്യമാണ്. മാത്രവുമല്ല, കേരളത്തിലെ വിദ്യാഭ്യാസ ഇടങ്ങളിൽ സ്വത്വം വെളിപ്പെടുത്തി പഠിക്കുന്ന ട്രാൻസ്‌ജെൻഡർ ആണുങ്ങൾ നന്നേ കുറവാണ്. ട്രാൻസ്ജെൻഡർ ക്ഷേമപദ്ധതികൾ / സാംസ്കാരിക പരിപാടികൾ ഇവയൊക്കെ സംഭവിക്കുമ്പോൾ ഇവയുടെ ഒക്കെ മുഖചിത്രങ്ങളിൽ  ട്രാൻസ്‌ജെൻഡർ ആണുങ്ങൾ വരുന്നതും വിരളമാണ് എന്നുള്ളതും വിഷയസംബന്ധിയായ അദൃശ്യത കൊണ്ട് തന്നെയാണ്. ഒരു പക്ഷെ എനിക്കു മുന്നേ സ്വത്വം വെളിപ്പെടുത്താതെ ഇവിടെ നിന്ന്​ പഠിച്ചിറങ്ങിയ ട്രാൻസ്ജെൻഡർ വ്യക്തി ഉണ്ടായിരുന്നിരിക്കാം. എന്റെ കലാലയത്തിൽ എന്നെ പോലെ ഞാൻ മാത്രം എന്ന കാര്യം മറ്റുളളവർക്ക് കൗതുകമാണെങ്കിലും എനിക്ക് അതൊരു അതിജീവന ആശങ്കയായിട്ടാണ് അനുഭവപ്പെടുന്നത്. കൂടുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഓരോ വിദ്യാഭ്യാസ ഇടത്തിലും ദൃശ്യതയും സ്വീകാര്യതയും വരും നാളുകളിൽ ഉണ്ടാവാൻ സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ സഹായകമാവുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.'

ട്രാൻജൻറർ വ്യക്തികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയും കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും, മറ്റു പഠന മേഖലകളിലും സംവരണം സാധ്യമായാൽ.

3) ഇതര പഠന മേഖലകളിലും തൊഴിൽ രംഗത്തും സംവരണം വരേണ്ടതില്ലേ? 

ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ, ഇപ്പോൾ നഴ്സിംഗ് കോഴ്സ് മേഖലകളിൽ വന്നിരിക്കുന്ന സംവരണം മറ്റു പഠനമേഖലകളിലും വരേണ്ടതുണ്ട്. അത് മത്സരപരീക്ഷ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളാണെങ്കിലും അല്ലെങ്കിലും. നിയമ-സാങ്കേതിക- ആരോഗ്യപരിപാലന പഠനമേഖലകളിൽ കൂടി ട്രാൻജെൻറർ വ്യക്തികൾക്ക് സംവരണം ലഭ്യമാവുമ്പോൾ മധ്യകാല- ദീർഘകാലാടിസ്ഥാനത്തിൽ ഈ പഠന മേഖലകളിലൊക്കെയും ട്രാൻജൻറർ വ്യക്തികൾ ദൃശ്യരാവുകയും സാമൂഹിക തുല്യത അനുഭവിക്കുകയും ചെയ്യും. അപ്പോഴും ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയം വ്യക്തികളുടെ ജൻറർ എക്സ്പ്രഷൻ (ജൻറർ അവതരണം) എത്ര കണ്ട്​ കലാലയങ്ങളിൽ സ്വീകാര്യകരമാവും എന്നതാണ്. ട്രാൻജൻറർ വ്യക്തികൾ / ക്വിയർ ആളുകൾ എന്നിവർ എല്ലാവരും ബൈനറി ജൻറർ അവതരണങ്ങൾ ആയിരിക്കില്ല സ്വയം പേറുന്നത്. ഇവയോട് തീക്ഷ്​ണവിവേചനം പുലർത്തുന്ന അധ്യാപക സമൂഹത്തെ കുറിച്ച് തുറന്നു സംസാരിക്കുന്ന ആദിയെ പോലെയുള്ള ക്വിയർ വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കേണ്ടതുണ്ട്.

വസ്ത്ര സ്വാതന്ത്ര്യം, ജൻറർ ന്യൂട്രാലിറ്റി എന്നിവയുടെ രാഷ്ട്രീയം കൂടി ട്രാൻജൻറർ വ്യക്തികളുടെ വിദ്യാഭ്യാസ ഇടങ്ങളിലെ ഉൾച്ചേരലുകളിൽ വന്നണയുന്നുണ്ട്. ട്രാൻജൻറർ വ്യക്തികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയും കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും, മറ്റു പഠന മേഖലകളിലും സംവരണം സാധ്യമായാൽ. ഡോ. കൊയ്യാള രൂത് ജോൺ പോൾ എന്ന ട്രാന്‍സ്‌ജെന്റര്‍ ഡോക്ടർക്ക് മെഡിക്കൽ പി.ജി കോഴ്സ് പ്രവേശനത്തിൽ (നീറ്റ് പ്രവേശന പരീക്ഷ) ട്രാന്‍സ്‌ജെന്റര്‍ ഐഡന്റിറ്റിറ്റിയിൽ തന്നെ പ്രവേശനം ലഭ്യമാവാൻ അവർ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും ഹർജി സമർപ്പിച്ച ആളിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു, ഈ മാസം. നിയമം / മുൻ കോടതി വിധികൾ മുതലായവ എങ്ങനെ മനുഷ്യാവകാശങ്ങൾക്കായി ഉപയോഗപ്പെടുത്താം എന്നതിനുള്ള ഒരു ഉദാഹരണമാവുന്നു മേൽ സൂചിപ്പിച്ച വിധി. 

ഡോ: അക്സ ഷെയ്ഖ്

ഡോ. അക്സ ഷെയ്ഖ് എന്ന മുസ്​ലിം ട്രാന്‍സ്‌ജെന്റര്‍ സ്ത്രീ (കമ്യൂണിറ്റി മെഡിസിൻ വകുപ്പ്, ഹംദർദ് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച്, ദൽഹി), കർണാടകയിൽ നിന്നുള്ള ഡോ. ത്രിനേത്ര ഗുമ്മരാജ്‌, കേരളത്തിലെ ആയുർവേദ ഡോക്ടർ പ്രിയ വി.എസ് തുടങ്ങി ഇന്ത്യയിലെ മെഡിക്കൽ രംഗത്ത് പഠനം പൂർത്തിയാക്കി ട്രാന്‍സ്‌ജെന്റര്‍ ഐഡന്റിറ്റിയിൽ നിന്ന്​ പ്രസ്തുത മേഖലയിലും സമൂഹത്തിൽ പൊതുവിലുമുള്ള ട്രാൻസ്- ഫോബിയയെ ചെറുത്തു നിന്ന് തൊഴിൽ മികവ് പുലർത്തുന്ന ട്രാന്‍സ്‌ജെന്റര്‍ ആളുകളുണ്ട്.

ഇവരുടെ വിജയവചനങ്ങൾക്കൊപ്പം, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുൾപ്പെടെ സംവരണം വരുന്നതുവഴി, ഭാവിയിലെ തൊഴിൽ സാധ്യതയെക്കുറിച്ചുള്ള പ്രതീക്ഷകൾ, പുതുതായി വന്ന സംവരണ വാർത്തയോട്​ ചേർത്തുവച്ച്​, സാൻജോ സ്റ്റീവ് (ട്രാന്‍സ്‌ജെന്റര്‍ ലിങ്ക് വർക്കർ, നാഷണൽ ഹെൽത്ത് മിഷൻ) എന്ന ട്രാൻസ്‌-പുരുഷൻ ഇപ്രകാരം പ്രതികരിക്കുന്നു (ഫോൺ സംഭാഷണം വഴി ലഭിച്ച പ്രതികരണം): 

"ഒരു വിദ്യാഭ്യാസ ഇടത്തിലോ തൊഴിലിടത്തിലോ ട്രാന്‍സ്‌ജെന്റര്‍ ആളുകളെ നിരന്തരം കാണാതെ പൊതുവിൽ ആളുകൾക്ക് ഞങ്ങളോടുള്ള കൗതുകവും ചിലപ്പോഴൊക്കെ ഭീതി നിറഞ്ഞ പെരുമാറ്റവും മാറുമെന്ന് തോന്നുന്നില്ല. അത്തരത്തിൽ ചിന്തിക്കുമ്പോൾ സംവരണം കേവലം ഒരു കോഴ്‌സിനോ, ചില കോഴ്സുകൾക്കോ മാത്രമായി പരിമിതപ്പെടുത്താതെ സാധ്യമാവുന്ന എല്ലാ വിദ്യാഭ്യാസ മേഖലകളിലും സാധ്യമാക്കുകയും തുടർന്ന് തൊഴിൽ രംഗത്തും ഇത് തുടർ പദ്ധതികൾ വഴിയായി വിന്യസിക്കുകയും ഈ രണ്ടിടങ്ങളിലും വിവേചനരഹിതമായ നിലനിൽപ്പ് ഉറപ്പിക്കാനുമുള്ള സംവിധാനങ്ങൾ കൂടിയും വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു"

ജൻറർ എന്ന് എവിടെയൊക്കെ പരാമർശമുണ്ടോ അവിടെയെല്ലാം ജൻറർ വൈവിധ്യം എന്ന് ഇനി മുതലെങ്കിലും മലയാളികൾ പറഞ്ഞു തുടങ്ങണം. ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ ആരോഗ്യ പരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ രൂപീകരിക്കാൻ സംസ്ഥാന ആരോഗ്യ-സാമൂഹിക വകുപ്പ് മുൻകൈയെടുക്കുന്നതും നല്ലതുതന്നെ.

നിലവിൽ കേരളത്തിൽ ചമയം, വസ്ത്രാലങ്കാരം, രംഗപടം, നൃത്തസംവിധാനം, നൃത്തപരിശീലനം, മോഡലിംഗ്, റിയാലിറ്റി ഷോ, ന്യൂസ് റീഡിങ് തുടങ്ങി കലാസംബന്ധിയായ മേഖലകളിൽ സ്വന്തം നിലക്ക് വ്യക്തിമുദ്ര പതിപ്പിച്ച അനേകം ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ മലയാളികൾക്ക് പരിചയമുണ്ട്. ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ എന്ന മാനവവികസന തലത്തിൽ നിന്ന്​ ഇന്ത്യയിലെ വിവിധ കോർപ്പറേറ്റ്​ / ഐ.ടി / മാനേജ്‌മന്റ് /ധനകാര്യ സ്ഥാപനങ്ങൾ തൊഴിൽ മേഖലകളിൽ ഗൗരവമായി ചെയ്തുവരുന്ന LGBTIQ ഇൻക്ലൂഷൻ പദ്ധതികൾ പക്ഷെ ഈ സ്ഥാപനങ്ങളുടെ കേരളത്തിലെ ശാഖകളിലോ/ ഇൻഫോ പാർക് മുതലായ ഇടങ്ങളിലോ പ്രായോഗികമായി നടപ്പിലായിട്ടില്ല, ചുരുക്കം ചില ബോധവൽക്കരണ ക്ലാസുകൾക്കപ്പുറത്തേയ്ക്ക്. ഈ സാഹചര്യം കണക്കിലാക്കുമ്പോൾ തൊഴിൽ തേടുക എന്ന ആവശ്യം, തുടർന്ന് നേടാൻ സാധിക്കുന്ന സാമ്പത്തിക സ്ഥിരത ഇവയ്ക്കൊക്കെ ആവശ്യമായ സാമൂഹിക പിന്തുണക്ക് ആക്കം കൂട്ടാൻ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ഗുണം ചെയ്യും. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലൈംഗിക ന്യൂനപക്ഷ വിഭാഗക്കാർക്കായി കാര്യക്ഷമമായും ജനാധിപത്യപരമായും ചെയ്യാൻ സാധ്യമാവുന്ന കാര്യങ്ങൾ 'മാനവ വൈവിധ്യ സൗഹാർദ്ദ- തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ' എന്ന കൈപ്പുസ്തകത്തിൽ (തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് 2018-ൽ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം) കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.

4) സംവരണത്തോടൊപ്പം പരിണമിക്കേണ്ട പാഠ്യക്രമങ്ങൾ / നയങ്ങൾ:

ഒരു കാലത്ത് ജൻറർ ഐഡന്റിറ്റി ഡിസോർഡർ എന്ന്  തെറ്റായി ട്രാന്‍സ്‌ജെന്റര്‍ സ്വത്വത്തെ വ്യാഖാനിച്ചിരുന്ന മെഡിക്കൽ രംഗത്തെ അപേക്ഷിച്ച് ലോകാരോഗ്യസംഘടന ഉൾപ്പെടയുള്ള ആരോഗ്യകൂട്ടായ്മകൾ നിലവിൽ ട്രാന്‍സ്‌ജെന്റര്‍ സ്വത്വത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ പൊതുസമൂഹം ഒരു പരിധി വരെ ട്രാന്‍സ്‌ജെന്റര്‍ സ്വത്വത്തെ ഒരു ഐഡന്റിറ്റി പ്രശ്‌നമായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്. ഒരു പക്ഷെ ക്ലാസ്​ മുറികളിൽ അധ്യാപകർ വിദ്യാർത്ഥികൾക്ക്, ഐഡന്റിറ്റി ഡിസോർഡർ അല്ല ട്രാന്‍സ്‌ജെന്റര്‍ സ്വത്വം എന്ന യുക്തിപരമായ അറിവ് പകരാം എന്ന സാമാന്യ സാധ്യതയും പരിണമിക്കുന്ന പാഠ്യക്രമങ്ങളും ഇതിനു സഹായകരമായി വർത്തിക്കുന്നു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ബി.എസ്​സി നഴ്സിംഗ് പാഠ്യക്രമത്തിൽ ട്രാന്‍സ്‌ജെന്റര്‍ സ്വത്വമുള്ള ചിലർ ചെയ്യുന്ന ജൻറർ അഫർമേഷൻ ശാസ്ത്രക്രിയയെക്കുറിച്ച് പരാമർശമുണ്ട് (സിലബസിലെ പരാമർശം ജൻറർ റീ-അസൈൻമെന്റ് എന്നാണെങ്കിലും യഥാർത്ഥത്തിൽ ഇതിനെ ജൻറർ അഫർമേഷൻ എന്നാണ് സൂചിപ്പിക്കേണ്ടത്).

ഇതിനോടൊപ്പം ജൻറർ എന്ന് എവിടെയൊക്കെ പരാമർശമുണ്ടോ അവിടെയെല്ലാം ജൻറർ വൈവിധ്യം എന്ന് ഇനി മുതലെങ്കിലും മലയാളികൾ പറഞ്ഞു തുടങ്ങണം. ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ ആരോഗ്യ പരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ രൂപീകരിക്കാൻ സംസ്ഥാന ആരോഗ്യ-സാമൂഹിക വകുപ്പ് മുൻകൈയെടുക്കുന്നതും നല്ലതുതന്നെ. (അനന്യ എന്ന ട്രാന്‍സ്‌ജെന്റര്‍ സ്ത്രീയുടെ ആത്മഹത്യ വേണ്ടിവന്നു, സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളുടെ കുത്തകയായിരുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജൻറർ അഫർമേഷൻ ശസ്ത്രക്രിയകളുടെ കാര്യത്തിൽ ഗൗരവം കാണിക്കാൻ).

5) ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളും സമാന്തര സംവരണവും (ഹൊറിസോണ്ടൽ റിസർവേഷൻ):

പൊതുവിലുള്ള പ്രവേശനപ്രക്രിയകളിൽ വ്യക്തിയുടെ മുൻ പഠനകാല മികവ് മാത്രം നോക്കുകയോ, പ്രവേശനപരീക്ഷയിലെ മികവ് പരിഗണിക്കുകയോ മാത്രം ചെയ്യുന്നതുമൂലം, വിദ്യാഭ്യാസ ഇടങ്ങളിലെത്താതെ പോകുന്ന ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ സാമുദായിക- സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ കാര്യത്തിൽ സംവരണം സാധ്യമല്ല എന്ന നിലപാടിലുമാണ് കേന്ദ്ര സർക്കാർ.

ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ വിദ്യാഭ്യാസ- തൊഴിൽ പ്രവേശനങ്ങൾ, മികവിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കാതെ, സംവരണ വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ നിശ്ചിത ശതമാനം അതത് സംവരണവിഭാഗത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുകൂടി ഉറപ്പിക്കേണ്ടതുണ്ട് എന്നാവശ്യപ്പെട്ട്​ സമരം ചെയ്യുന്ന ഗ്രേസ് ഭാനു തുടങ്ങിയ ദലിത് ട്രാൻസ്‌ജെൻഡർ ആളുകളുടെ ശബ്ദങ്ങൾക്കും തുല്യനീതി ലഭിക്കുമ്പോൾ മാത്രമാണ് ട്രാൻസ്‌ജെൻഡർ ആളുകൾക്ക് സാമൂഹിക ഉന്നമനം സാധ്യമാവുക.

ഉദാ: എം ബി ബി എസ് കഴിഞ്ഞ സവർണ ജാതി വിഭാഗത്തിലെ വ്യക്തി പഠനശേഷം അയാൾ ട്രാന്‍സ്‌ജെന്റര്‍ വ്യക്തി ആണെന്ന് വെളിപ്പെടുത്തി പ്രത്യേക സംവരണം വഴിയായി മെഡിക്കൽ പി.ജി ലഭ്യമാവാനുള്ള സാധ്യതയെ അപേക്ഷിച്ച്, ഇതേ പ്രവേശനത്തിന് ശ്രമിക്കുന്ന ഒരു ദലിത് ട്രാന്‍സ്‌ജെന്റര്‍ വ്യക്തിക്ക് (ഒരു സീറ്റ് മാത്രമുള്ള സാഹചര്യങ്ങളിൽ) പ്രവേശനം ലഭിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?
ഇതിനുള്ള യുക്തിപരവും ഭരണഘടനാപരമായതുമായ ഉത്തരം ഗ്രേസ്​ ഭാനുവിന്റെ സമരത്തിൽ നിന്ന്​ പഠിക്കാം.

ഇന്ത്യയിൽ വിവിധ വിഭാഗ / സമുദായക്കാർക്ക് ഭരണഘടനാപരമായി അർഹതയുള്ള സംവരണം ട്രാന്‍സ്‌ജെന്റര്‍ ആളുകൾക്കും ലഭ്യമാക്കണം എന്ന സുപ്രീംകോടതി വിധിയിലെ (നൽസാ ജഡ്ജെമെന്റ്: നാഷണൽ ലീഗൽ സെർവീസസ് അതോറിറ്റി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ 15 ഏപ്രിൽ 2014) നിർദേശങ്ങൾ കാലതാമസത്തോടെയാണെങ്കിലും ചില സർക്കാരുകൾ ചില മേഖലകളിൽ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുമ്പോൾ അഭിവാദ്യങ്ങൾ ആർക്കാണ് പോവേണ്ടത്? 
അതർഹിക്കുന്നത് ഈ ആനുകൂല്യങ്ങൾ വൈകിയാണെങ്കിലും ലഭിക്കുന്ന ഓരോ ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയും കൂടിയാണ്. 

ജൻറർ വൈവിധ്യത്തിന്റെ സ്വാഭാവികത പേറുന്ന വ്യക്തികൾക്കുതന്നെ കിട്ടട്ടെ, ഈ അവസരത്തിൽ മഴവില്ലഭിവാദ്യങ്ങൾ.


1. https://www.livelaw.in/pdf_upload/tamilselvi-v-secretary-to-govt-439266.pdf
2. https://translaw.clpr.org.in/case-law/nalsa-third-gender-identity/
3.https://www.theweek.in/news/india/2018/07/04/transgenders-get-quota-in-kerala-college-admissions.htm
4.https://timesofindia.indiatimes.com/city/kochi/it-was-a-nightmare-to-appear-for-psc-exams-as-a-transwoman-anu-bose/articleshow/61321103.cms
5.https://www.antiragging.in/assets/pdf/annexure/Annexure-I-3rd.pdf
6. https://www.livelaw.in/high-court/telangana-high-court/telangana-high-court-transgender-reservation-neet-pg-medical-council-regulation-233416
7. https://www.thequint.com/explainers/trans-people-fight-for-horizontal-reservations-across-castes
8. https://indiankanoon.org/doc/193543132/

Comments