വളരെയധികം സ്വവർഗഭീതിതവും ട്രാൻസ് വിരുദ്ധവുമായ ഒരന്തരീക്ഷമാണ് നമുക്കുചുറ്റുമുള്ളത്. ക്വിയർ മനുഷ്യരുടെ ജീവനാവകാശം നിഷേധിച്ചുകൊണ്ടുള്ള ചർച്ചകൾ പരക്കെ നടക്കുന്നു. 2018-ലാണ് ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധി വരുന്നത്. ഐ.പി.സി 377-നെ ചുറ്റിപ്പറ്റിയുള്ള നീണ്ട സംവാദങ്ങളും നിയമപോരാട്ടങ്ങളുമാണ് ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയത്തിന്റെ അടിത്തറയായത്. ഐ.പി.സി 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള 2018 സെപ്റ്റംബർ 6-ലെ സുപ്രീംകോടതി വിധി ഇന്ത്യയിലാകമാനമുള്ള ക്വിയർ മനുഷ്യർ വളരെ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വിധി, രണ്ടു പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന ക്വിയർ മനുഷ്യരുടെ നിയമയുദ്ധത്തിന്റെ സ്വാഭാവിക ഫലമായിരുന്നു. വകുപ്പിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവം കണക്കിലെടുത്ത് ഇതിനു മുന്നേ 2009 ജൂലൈ 2-ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അജിത് പ്രകാശ് ഷാഹ് ഒരു വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിയെ സുരേഷ് കുമാർ കൗശൽ വേഴ്സസ് നാസ് ഫൗണ്ടേഷൻ കേസിലുണ്ടായ വിധി വീണ്ടും അട്ടിമറിക്കുകയാണുണ്ടായത്.
2018-നുശേഷം ക്വിയർ മുന്നേറ്റങ്ങളിൽ സാരമായ ദിശാവ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ട്. ക്വിയർ മുന്നേറ്റത്തിനകത്തെ ഹിന്ദുത്വവത്കരണവും കോർപ്പറേറ്റാഭിമുഖ്യവും ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതോടെ ഇന്ത്യയിലെ ‘മുഖ്യധാരാ'ക്വിയർ മുന്നേറ്റങ്ങൾക്ക്, അതിന്റെ ദിശയും രാഷ്ട്രീയ ഊന്നലുകളും ഏറെക്കുറെ നഷ്ടമായി. ഏറ്റവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയമായി സ്വവർഗവിവാഹം ഉയർന്നുവരുന്നതും ഇതേ സന്ദർഭത്തിലാണ്.
ഇപ്പോൾ സ്വവർഗവിവാഹം വീണ്ടും ചർച്ചയാകുകയാണ്. സ്വവർഗവിവാഹത്തെ എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്. സ്വവർഗ്ഗവിവാഹത്തിനെതിരെ കേന്ദ്രസർക്കാരും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ സംസ്‌കാരത്തിന് എതിരായതിനാൽ സ്വവർഗവിവാഹവുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള നിയമനിർമ്മാണത്തിനും തയ്യാറല്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇത് ഏറെക്കുറെ പ്രതീക്ഷിതമായിരുന്നു. ഇനി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ അനുകൂല നിലപാടുണ്ടായാലും ഞെട്ടാനൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചു വർഷങ്ങളായി ക്വിയർ വിഷയങ്ങളെ സ്വാംശീകരിക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വ വലതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജനാധിപത്യവും മുതലാളിത്തവും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ക്വിയർ മനുഷ്യരെ ഏറ്റവും പ്രിയപ്പെട്ട ന്യൂനപക്ഷമായി മനസ്സിലാക്കുന്ന ഒരു ‘പുതിയ' ഇന്ത്യൻ സാഹചര്യത്തോടുള്ള സംശയം ഒയ്ഷിക്ക് സിർക്കർ ഒരു ഘട്ടത്തിൽ എഴുതുന്നുണ്ട്1.
സ്വവർഗവിവാഹാവകാശത്തെ കേന്ദ്രത്തിൽ നിർത്തിയുള്ള ചർച്ചകളും ഈ ചർച്ചകളിലെ വൈരുധ്യങ്ങളും സാമാന്യമായി സംഗ്രഹിക്കാനാണ് ഉദ്ദേശിക്കുന്നത്. ‘സ്വവർഗലൈംഗികത' ധാർമ്മികമായ കാരണങ്ങളാൽ അംഗീകരിക്കില്ലെന്നും അതിനാൽ സ്വവർഗവിവാഹം പ്രകൃതിവിരുദ്ധമെന്നും വാദിക്കുന്ന കൂട്ടരോടുള്ള പ്രതികരണം ഈ കുറിപ്പിലില്ല. വിവാഹത്തെയും സാമ്പ്രദായിക കുടുംബസങ്കല്പത്തെയും പ്രശ്‌നവത്കരിക്കുന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സ്വവർഗവിവാഹവകാശത്തെ മുൻനിർത്തി രൂപപ്പെടുന്ന ചർച്ചകളിലെ സങ്കീർണതകളും പരിഗണിക്കപ്പെടുന്നു.
നിങ്ങൾക്കുവേണ്ട തെളിവുകൾ
സ്വവർഗവിവാഹം ഇന്ത്യൻ സംസ്‌ക്കാരത്തിന് എതിരാണ് എന്ന കേന്ദ്ര സർക്കാരിന്റെ വാദം നേരിടാൻ എന്ത് തെളിവുകളാണ് നമ്മുടെ കൈയ്യിലുള്ളത്? സ്വാഭാവികമായും തെളിവുകൾ അന്വേഷിച്ച് മഹാഭാരതത്തിലേക്കും രാമായണത്തിലേക്കും നമ്മളെത്തിച്ചേരുന്നു. ക്വിയർ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ കാലങ്ങളായി തറച്ചുനിൽക്കുന്നത് വളരെ ഏകപക്ഷീയമായ ഇതേ വായനകളിലാണ്. ഈ വായനകൾക്ക് ജനപ്രിയതയുമുണ്ട്. അർദ്ധനാരീശ്വര സങ്കല്പത്തെ മുൻനിർത്തി ഹിന്ദുത്വം ഒരു ട്രാൻസ് സൗഹാർദ്ദ മുഖം ഉണ്ടാക്കിയെടുക്കുന്നുണ്ട്. ട്രാൻസ് മനുഷ്യരെ ദൈവിക പരിവേഷത്തിൽ അവതരിപ്പിക്കുന്നതിലൂടെ അവരെ അപമാനവീകരിക്കുകയാണ് ഹിന്ദുത്വം. ദൈവിക പദവിയിലെത്തുന്ന ട്രാൻസ് മനുഷ്യർക്ക് മനുഷ്യരെന്ന പദവി നഷ്ടമാകുന്നു.
ട്രാൻസ് മനുഷ്യരെ ചുറ്റിപ്പറ്റി പല മുൻവിധികളും സമൂഹത്തിനുണ്ട്. ശപിക്കാനും അനുഗ്രഹിക്കാനുമുള്ള ശേഷി അവർക്കുണ്ട്. അപമാനവീകരണത്തിലൂടെ മനുഷ്യപദവി നഷ്ടമാകുന്ന ട്രാൻസ് മനുഷ്യർ മാനുഷികമായ അവകാശങ്ങൾക്കും അർഹരല്ല. ഹിന്ദുത്വം ദലിതരെ ഹരിജനങ്ങളും ഡിസേബിൾഡ് മനുഷ്യരെ ദിവ്യാംഗുമായി അടയാളപ്പെടുത്തുന്നതിന് പിന്നിലെ രാഷ്ട്രീയവും മറ്റൊന്നല്ല.
ലൈംഗികതയെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കിയുള്ള ചർച്ചകളിലെല്ലാം എല്ലാ ലൈംഗിക വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു സുവർണ ഹിന്ദുഭൂതകാലത്തെ പറ്റിയുള്ള ഭാവന പ്രവർത്തിക്കുന്നുണ്ട്. ഈ ചർച്ചയിൽ നമ്മൾ ഹാജരാക്കുന്ന തെളിവുകകളെല്ലാം ഹിന്ദുത്വത്തിന് പ്രയോജനമുള്ളതാകുന്നു. സെമിറ്റിക്ക് മതങ്ങളെ പ്രതിസ്ഥാനത്ത് നിർത്താനും ഈ ആഖ്യാനം സഹായിക്കുന്നു. മുസ്ലിംകളുടെയും ക്രിസ്ത്യൻ മത വിശ്വാസികളുടെയും തലയിൽ സ്വവർഗഭീതിയുടെ കുറ്റം അടിച്ചേൽപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഏതോ സാങ്കൽപിക ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കിനുള്ളതല്ല, എല്ലാവരെയും മനുഷ്യരായി അംഗീകരിക്കാനുള്ള ഒരു ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ് നമ്മുടെ സമരങ്ങളെന്ന ധാരണയുണ്ടാകേണ്ടത് പ്രധാനപ്പെട്ടതാണ്.
കേന്ദ്രസർക്കാറിന്റെ നിറം മാറിയേക്കും
ഇന്ത്യൻ സംസ്‌ക്കാരത്തിന് എതിരാണ് സ്വവർഗവിവാഹമെന്ന നിലപാട് തലകീഴാക്കാൻ കേന്ദ്ര സർക്കാറിന് അധിക നേരമൊന്നും വേണ്ടിവരില്ല. തുടക്കത്തിൽ സൂചിപ്പിച്ച പോലെ, ഹിന്ദുത്വ വലതുപക്ഷം ക്വിയർ സൗഹാർദ്ദപരമായ ഒരു മുഖം സൃഷ്ടച്ചെടുക്കാനുള്ള പണികൾ തകൃതിയായി ഒരു വശത്തെടുക്കുന്നുണ്ട്. ഇതിന് സമാന്തരമായി ഇന്ത്യയിൽ ക്വിയർ രാഷ്ട്രീയം വലിയ തോതിൽ ഹിന്ദുത്വവത്കരിക്കപ്പെടുന്നുമുണ്ട്. ഐ.പി.സി. 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി അപ്രതീക്ഷിതമായിരുന്നു. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഏറെക്കുറെ മൗനം പാലിക്കുകയാണ് ചെയ്തത്. ഈ വിധിയോടെ,പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്വിയർ വിമോചകനായി പല ക്വിയർ ആക്ടിവിസ്റ്റുകളും ഉയർത്തികാണിക്കുകയുണ്ടായി. ക്വിയർ പ്രൈഡ് മാർച്ചുകളിൽ മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ മഴവിൽ നിറം പൂശി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
കാശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞ ഭരണകൂടത്തിന്റെ നീക്കം കശ്മീരിലെ ക്വിയർ മനുഷ്യരെ വിമോചിപ്പിക്കുകയാണ് ചെയ്തതെന്ന ഹിന്ദുത്വ നറേറ്റീവിനെ രൂപപ്പെടുത്തിയിരുന്നു. ഇതേ തന്ത്രം സ്വവർഗവിവാഹത്തിന്റെ കാര്യത്തിലും ഹിന്ദുത്വത്തിന് എളുപ്പം ഉപയോഗിക്കാനാകും. സ്വവർഗഭീതിയുടെ മൊത്തം കുറ്റവും സെമിറ്റിക് മതവിശ്വാസികളിൽ അടിച്ചേൽപ്പിച്ചാൽ ക്വിയർ മുന്നേറ്റത്തിനകത്തെ ഹിന്ദുത്വവത്കരണപ്രക്രിയയ്ക്ക് ആക്കം കൂടും.
സ്വവർഗവിവാഹത്തിനെതിരെ ഇന്ത്യയിലെ സെമിറ്റിക് മത വിശ്വാസികൾ രംഗത്തിറങ്ങി ഒരു ധ്രുവീകരണം സാധ്യമാകും. ഹിന്ദുത്വത്തിന് ഇത്തരം വിഷയങ്ങളെ സ്വാംശീകരിക്കാനുള്ള സവിശേഷമായ ശേഷിയുണ്ട്. മുത്തലാഖും ഹിജാബ് ചർച്ചയും ഉദാഹരണമാണ്. മുസ്ലിം സ്ത്രീകളെ രക്ഷിക്കുന്ന പുരോഗമന ഇടപെടലായി രണ്ടിനേയും വായിക്കാമെങ്കിലും, ഉദ്ദേശ്യം വേറെയാണ്.
മഴവില്ലിൽ കാവി പൂശാനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഒരു രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ്.
വിവാഹാവകാശം- കുടുംബം- ഭരണകൂടം
വിവാഹവും കുടുംബവും ‘പ്രകൃതിവിരുദ്ധ'സ്ഥാപനങ്ങളാണ്. സ്വവർഗലൈംഗികതക്കുമേൽ പതിവായി ചുമത്തപ്പെടുന്ന ഒരു ചാപ്പയാണ് ‘പ്രകൃതിവിരുദ്ധത'. പക്ഷേ അത് കൂടുതൽ അനുയോജ്യമാകുന്നത് ഭിന്നവർഗ ലൈംഗിക കുടുംബങ്ങൾക്കാണ്. പ്രകൃതിസഹജം, സാധാരണം എന്നീ വിശേഷണങ്ങൾക്ക് അർഹമായ യാതൊന്നും കുടുംബഘടനയിലില്ല. അധികാരത്തെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് കുടുംബം. കുടുംബത്തിനോടുള്ള വിമർശനം അധികാരത്തോടുള്ള വിമർശനമാണ്. വ്യക്തികളെ മേൽ- കീഴായി സ്ഥാനപ്പെടുത്തുകയും അധീശത്വം ഉറപ്പിക്കുകയും ചെയ്യുന്ന ഭിന്നവർഗലൈംഗികമാനകമായ പുരുഷാധികാരത്തോടുള്ള വിമർശനമാണ്. വിവാഹത്തിന്റെ പിന്തുണയിലാണ് കുടുംബങ്ങൾ നിലവിൽ വരുന്നത്. സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെയാണ് രക്തബന്ധത്തിന് പ്രാധാന്യമുള്ള ഭിന്നവർഗ ലൈംഗിക കുടുംബബന്ധങ്ങൾ നിലവിൽവരുന്നത്.
സ്വവർഗവിവാഹം നിലവിലെ കുടുംബ- ദാമ്പത്യ സങ്കൽപങ്ങളെ പുനർനിർവചിക്കുന്നുവെന്ന് കരുതാം. സ്ത്രീയും പുരുഷനും തമ്മിലുള്ള ചേർച്ചകൾ മാത്രമാണ് വിവാഹമെന്ന ധാരണയെ സ്വവർഗവിവാഹം പരിക്കേൽപ്പിക്കുകയും ചെയ്‌തേക്കാം. പക്ഷേ, കാലങ്ങളായി യാതൊരു കുലുക്കവുമില്ലാതെ പിടച്ചുനിൽക്കുന്ന ഒന്നാണ് കുടുംബവ്യവസ്ഥ. ഇതിനകത്തേക്കുള്ള ക്വിയർ മനുഷ്യരുടെ പ്രവേശനം ഭിന്നവർഗ ലൈംഗികഘടനയുടെ ഒരു പകർപ്പിനെ സൃഷ്ടിക്കാനാണ് കൂടുതൽ സാധ്യത. കുടുംബഘടനയുടെ അധികാരം തകർക്കപ്പെടാതെ തുടരുകയോ പുനർവിന്യസിക്കപ്പെടുകയോ ചെയ്തേക്കും. മാത്രമല്ല, കുടുംബവും ഭരണകൂടവും തമ്മിലും ചില വിനിമയങ്ങളുണ്ട്. പ്രജകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം പല തന്ത്രങ്ങളും മെനയാറുണ്ട്.
ശരീരങ്ങളെ കൃത്യമായി വക തിരിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. കാമനകളുടെ വഴക്കവും ഒഴുക്കും പരിഗണിക്കാതെയാണ് ഭരണകൂടങ്ങൾ പെരുമാറുക. ശരീരങ്ങളെ മെരുക്കിയാണ് ഭരണകൂടം പ്രവർത്തിക്കുക. വിവാഹമെന്ന സ്ഥാപനത്തിനകത്തേക്ക് പ്രവേശിക്കുന്നതോടെ ശരീരങ്ങളെ മെരുക്കിയെടുക്കാനാകുന്നു. അങ്ങനെയിരിക്കെ, രക്തബന്ധത്തിലൂന്നിയ ഭിന്നവർഗ്ഗലൈംഗിക കുടുംബത്തിന്റെ ഒരു പകർപ്പെന്ന നിലയെ മറികടക്കാൻ ക്വിയർ ബന്ധങ്ങൾക്ക് കഴിയുമോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതും പ്രധാനമാണ്. രക്തബന്ധത്തെ പരിഗണിക്കാത്ത കൂട്ടായ്മകളുടെ വലിയ പാരമ്പര്യം ക്വിയർ മനുഷ്യർക്കിടയിലുണ്ട്. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താനാകുമോ എന്ന ചോദ്യവും മുന്നിലുണ്ട്.
സ്വവർഗ വിവാഹവും എയ്ഡ്‌സും
21 ജഡ്ജിമാരാണ് സ്വവർഗവിവാഹത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇവരുടെ വാദങ്ങളിൽ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. സ്വവർഗലൈംഗികത എയ്ഡ്സ് വ്യാപനത്തിന് കാരണമാകുമെന്ന ‘പഴയ' വീഞ്ഞാണ് ഇക്കൂട്ടർ ‘പഴയ' കുപ്പിയിൽ തന്നെ ഒഴിക്കുന്നത്. ക്വിയർ മനുഷ്യർക്കെതിരെയുള്ള വിവേചനങ്ങൾ എങ്ങനെയാണ് എയ്ഡ്സ് പടർച്ചയുടെ സന്ദർഭത്തിൽ അമേരിക്കയിൽ ശക്തിപ്പെട്ടതെന്നത് ചരിത്രമാണ്.
ഈയിടെയാണ് നാക്കോയുടെ എച്ച്.ഐ.വിയെ കുറച്ചുള്ള കണക്കുകൾ പുറത്തുവന്നത്. അഭിഭാഷകനായ തുഷാർ ഭോസാലെ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച്.ഐ.വി കേസുകളിൽ ശരാശരി 86 ശതമാനവും ഭിന്നവർഗലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തമാക്കിയത് 2. ഇതിന്റെ അടിസ്ഥാനത്തിൽ ഭിന്നവർഗ്ഗലൈംഗികത നിരോധിക്കണമെന്ന ഒരു വാദം ഉയർന്നേക്കുമോ?
എച്ച്.ഐ.വി പോസിറ്റിവായ മനുഷ്യരേയും എയ്ഡ്സ് രോഗികളെയും സ്വവർഗാനുരാഗികളെയും പിശാചുവത്കരിച്ചാണ് ഈ ചർച്ച മുന്നോട്ടുപോകുന്നത്. ലൈംഗികരോഗത്തെ ഒരു ഭീഷണിയായും അരാജകജീവിതത്തിന്റെ സ്വാഭാവിക ഫലമായും അവതരിപ്പിക്കുന്ന ഈ രീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വിവാഹത്തിന് പുറമെയുള്ള ലൈംഗികബന്ധങ്ങളെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തിയുള്ള ഈ ചർച്ചയെ പ്രശ്‌നവത്കരിക്കേണ്ടതും പ്രധാനമാണ്.
സ്വവർഗവിവാഹം: ചർച്ചകളുടെ (അ)സാധ്യതകൾ
സ്വവർഗവിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ നിങ്ങളുടെ മുന്നിൽ നിലവിൽ രണ്ട് സാധ്യതകളേയുള്ളൂ. ഒന്നുകിൽ; സ്വവർഗവിവാഹത്തെ പിന്തുണയ്ക്കാം. അതോടെ, സ്വാഭാവികമായും നിങ്ങളുടെ നിൽപ്പ് പുരോഗമനപക്ഷത്താകുന്നു. സ്വവർഗവിവാഹങ്ങൾ നിയമപരമായ, വളരെ ‘ഇൻക്ലൂസീവായ' യൂറോപ്പിന്റെയും മറ്റും ഭൂപടത്തിലേക്ക് ഒരു കേറിനിൽപ്പും സാധ്യമായേക്കും.
അല്ലെങ്കിൽ; നിങ്ങൾക്ക് സ്വവർഗവിവാഹത്തെ എതിർക്കാം. അതോടെ നിങ്ങൾ ഒരു മതവാദിയോ യാഥാസ്ഥിതികയോ ആകും. സ്വവർഗവിവാഹത്തെ എതിർക്കുന്ന നിങ്ങളുടെ സ്ഥാനം ‘അപരിഷ്‌കൃതർക്കൊപ്പമാണ്'.
ഈ രണ്ട് സാധ്യതകളല്ലാതെ ഒന്നും നമ്മുടെ ചുറ്റിലുമുള്ള ചർച്ചയിലില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ദീർഘകാലമായി വിവാഹത്തോടുള്ള ഫെമിനിസ്റ്റ് വിമർശനം, ക്വിയർ രാഷ്ട്രീയത്തിനുള്ളിലെ ബദൽ ധാരകളുടെ നിലപാടുകൾ തുടങ്ങിയവയ്‌ക്കൊന്നും ഈ ചർച്ചയിൽ ഇടമില്ല. സംവാദങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാത്ത ഇടുങ്ങിയ ഒരു സ്ഥലമായി ഈ ചർച്ചയുടെ സ്വഭാവം മാറുന്നുണ്ട്.
വിവാഹത്തിന്റെ പിന്തുണയില്ലാത്ത ബന്ധങ്ങളെ സമൂഹം കർശനമായി വിലക്കുന്നുണ്ട്. സ്വവർഗവിവാഹം നിയമപരമാകുന്നതോടെ പുതിയ ഒരു കീഴാളവർഗം രൂപപ്പെട്ടേക്കാം. വിവാഹത്തിലൂടെ കുടുംബഘടനയിലേക്ക് പ്രവേശനം സാധ്യമായവരും വിവാഹം കഴിക്കാനുള്ള സാംസ്‌കാരിക മൂലധനമില്ലാത്തവരും എന്ന പുതിയ വിഭജനമാണ് ഈ കീഴാളവർഗത്തെ രൂപപ്പെടുത്തുന്നത്. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള അസമത്വത്തെ വിവാഹം ശക്തിപ്പെടുത്തുമെന്ന നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. സ്വവർഗ്ഗാനുരാഗികൾ, നിയമപരമായ അംഗീകാരത്തെക്കുറിച്ചുള്ള ചിന്തയിൽ ആഹ്ലാദിക്കുകയും തങ്ങളുടെ മുൻകാല രാഷ്ട്രീയ പ്രതിബദ്ധതകളും സ്വവർഗവിവാഹാവകാശത്തെ കവിയുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിനായുള്ള അവരുടെ പ്രതീക്ഷകളും മറക്കുന്നതിനെയും കുറിച്ച് ജൂഡിത് ബട്‌ലർ സൂചിപ്പിക്കുന്നുണ്ട്: ‘വിവാഹത്തിലൂടെ പ്രവേശനം സാധ്യമാകുന്ന ആദർശവത്കരിക്കപ്പെട്ട സ്ഥാപനത്തിനകമേ ഉൾച്ചേർന്ന സ്വത്തിന്റെയും വംശത്തിന്റെയും ചരിത്രത്തെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല, കൂടാതെ ഏതെല്ലാം ബന്ധങ്ങളെയാണ് അവർ ഈ വഴിയിൽ നിയമവിരുദ്ധമാക്കുന്നതെന്ന് അവർ പരിഗണിക്കുന്നില്ല. സ്വവർഗ വിവാഹം ആരോഗ്യ ഇൻഷുറൻസ്, പവർ ഓഫ് അറ്റോർണി, പങ്കാളിക്ക് അനന്തരാവകാശം എന്നിവ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, ഒരുപക്ഷേ നമുക്ക് ഒരു ബദൽ രാഷ്ട്രീയ പാത പരിഗണിക്കാം. സ്വവർഗ്ഗവിവാഹത്തിന് വേണ്ടി പോരാടുന്നതിന് പകരം, വൈവാഹിക നില പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ആരോഗ്യ സംരക്ഷണം ഉറപ്പുനൽകാനും വൈവാഹിക നിലയിൽനിന്ന് പവർ ഓഫ് അറ്റോർണിയും അനന്തരാവകാശവും വേർതിരിക്കാനും വിവാഹത്തെ മുതിർന്നവർ തമ്മിൽ ആവശ്യമെങ്കിൽ ചെയ്യേണ്ടുന്ന ഒരു പ്രതീകാത്മകപ്രവൃത്തിയായി മാത്രം പരിമിതപ്പെടുത്താനും നമൾക്കാകണം.' 3.
ഭിന്നവർഗ ലൈംഗികതയ്ക്ക് കുടുംബഘടനക്കുപുറമേയുള്ള സാധ്യതകൾ നിഷേധിക്കപ്പെടുന്ന പോലെ വിവാഹം നിയമപരമാകുന്നതുവഴി സ്വവർഗലൈംഗികതയുടെ സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങളും അമർച്ച ചെയ്യപ്പെടാം. ഭരണകൂടം നീട്ടുന്ന സവിശേഷാധികാരങ്ങൾ ലഭിക്കണമെങ്കിൽ നിർബന്ധമായും നിർവചിക്കപ്പെട്ട വിവാഹമാതൃകയിലേക്ക് ഉൾച്ചേരേണ്ടത് അനിവാര്യമാണെന്ന അവസ്ഥ നിലവിൽ വരുന്നതോടെ അവിവാഹിതരുടെയും പരമ്പരാഗതകുടുംബമൂല്യങ്ങൾ അനുസരിക്കാത്തവരുടെയും ബന്ധങ്ങൾക്ക് മേൽ അമാന്യതയുടെയും സദാചാരഭ്രംശത്തിന്റെയും കുറ്റം അടിച്ചേൽപ്പിക്കാൻ ഭരണകൂടത്തിനാകും.
സ്വവർഗവിവാഹം സമൂഹത്തിന്റെ രോഗത്തെ ചികിത്സിക്കുമോ?
വിവാഹത്തിനും കുടുംബമെന്ന സ്ഥാപനത്തിനും ഇന്ത്യൻ സമൂഹത്തിൽ കെട്ടുറപ്പേറെയാണ്. കുടുംബ- ദാമ്പത്യ സങ്കൽപ്പങ്ങളെ മുൻനിർത്തിയുള്ള പരമ്പരാഗത ധാരണകളെ അട്ടിമറിക്കുന്ന ശ്രമങ്ങൾക്കെതിരെ സ്വാഭാവികമായും വലിയ ചെറുത്തുനിൽപ്പുകളുയരും.
വിവാഹം എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണ്. ഒരു വീട്ടിൽ പെൺകുട്ടിയുടെ പ്രേമം പിടിച്ചാൽ മറ്റൊരു ചെക്കനെ കണ്ടെത്തി വിവാഹം കഴിച്ചയയ്ക്കും. സ്വവർഗാനുരാഗികളോടും ഭിന്നവർഗലൈംഗികവിവാഹം കഴിക്കുന്നതിലൂടെ ലൈംഗികത ‘നേരെയാകുമെന്നാ'ണ് സമൂഹം പറയുന്നത്. ഒരു പുരുഷന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും വിവാഹം കഴിക്കുന്നതിലൂടെ മാറും. കുടിയൻ വിവാഹം കഴിച്ചാൽ കുടി നിർത്തും. വിവാഹം എല്ലാറ്റിനുമുള്ള ഒറ്റമൂലിയാണ്. ഭിന്നവർഗലൈംഗിക സമൂഹത്തിൽ ജീവിതം വിവാഹത്തിന് വേണ്ടിയുള്ളതാണ്. വിവാഹത്തിന് പുറമേയുള്ള ജീവിതത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടാണ്.
സ്വവർഗവിവാഹങ്ങൾ എന്തിനുള്ള ഒറ്റമൂലിയാണ്? സ്വവർഗഭീതിയെ ചെറുക്കാൻ സ്വവർഗവിവാഹങ്ങൾ സഹായിക്കുമോ? സ്വവർഗവിവാഹത്തിന് വേണ്ടിയുള്ള ചർച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മനസ്സിലാക്കുന്നത് ഭൂരിപക്ഷ സമൂഹത്തിന്റെ സ്വീകാര്യതയാണ്. ‘ലൈംഗികമായി അരാജക ജീവിതം ജീവിക്കുന്ന', ‘ലൈംഗിക രോഗങ്ങളുടെ വാഹകരായ' സ്വവർഗാനുരാഗികൾക്ക് വിവാഹത്തിലൂടെ കുടുംബ ഘടനയിലേക്ക് പ്രവേശിക്കാനാകും. ഇതിലൂടെ ഭൂരിപക്ഷത്തിന്റെ സദാചാരഭാവനയെയും തൃപ്തിപ്പെടുത്താനാകും. ‘മാന്യത', ‘സദാചാരം', ‘സ്വീകാര്യത' തുടങ്ങിയ ഘടകങ്ങളെ പ്രത്യേകം ചർച്ചയ്‌ക്കെടുക്കേണ്ടതുണ്ട്.
അമേരിക്കയിൽ, എയ്ഡ്‌സ് പടർച്ച സൃഷ്ടിച്ച സദാചാരഭീതി സ്വവർഗവിവാഹാവകാശചർച്ചയെ ഒരുപരിധിവരെ ശക്തിപ്പെടുത്തുന്നുണ്ട്. ഏകപങ്കാളിയെ കണ്ടെത്തി വിവാഹത്തിന്റെ പിന്തുണയിൽ കുടുംബഘടനയിലേക്ക് പ്രവേശിക്കുന്നതോടെ എയ്ഡ്‌സിൽ നിന്ന്രക്ഷപ്പെടാനാകുമെന്ന കാഴ്ചയാണ് ഈ ചർച്ചയെ നയിച്ചത്. ഭൂരിപക്ഷ സമൂഹം എയ്ഡ്‌സ് പടർച്ചയുടെ കുറ്റക്കാരായി സ്വവർഗാനുരാഗികളെയാണ് ചിത്രീകരിച്ചിരുന്നത്. വിവാഹം കഴിക്കുന്നതിലൂടെ ഇതിൽ നിന്ന്രക്ഷപ്പെടാമെന്നും ‘മുഖ്യധാരയോട്' ലയിക്കാനാകുമെന്നുമുള്ള പ്രതീഷയുടെ ഭാഗമായാണ് ഈ വ്യവഹാരം ശക്തിപ്പെട്ടത്.
ലൈംഗികതൊഴിൽ ചെയ്യുന്ന ട്രാൻസ് മനുഷ്യരോട് എത്ര അസഹിഷ്ണുതയോടെയാണ് സമൂഹം പെരുമാറുന്നതെന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാന്യവും ലൈംഗികവുമായി മെരുക്കപ്പെട്ട ആദർശ സ്വവർഗവിവാഹ/കുടുംബ ഘടനയ്ക്ക് അപരമായി ഈ ഘടനയിലേക്ക് പ്രവേശനമില്ലാത്ത ഒരു കൂട്ടരുണ്ടാകും. ആർക്കാണ് നമ്മളുടെ വിവാഹകമ്പോളത്തിൽ മൂല്യമില്ലാത്തത്?
ഭൂരിപക്ഷ സമൂഹത്തിന്റെ ‘സ്വീകാര്യത'യ്ക്ക് യോഗ്യമല്ലാത്ത ശരീരങ്ങളേതാണ്? പുതിയ കാലത്ത്, ഒരു മേൽജാതി ഹിന്ദു പുരുഷന്റെ സ്വവർഗലൈംഗികതയെ വകവെച്ചുകൊടുക്കാൻ ചിലപ്പോൾ ഹിന്ദു- ഇന്ത്യൻ സമൂഹത്തിന് കഴിഞ്ഞേക്കും. പക്ഷേ ഒരു ദലിത് പുരുഷന്റെ ഭിന്നവർഗലൈംഗികതയെ അനുവദിച്ചുകൊടുക്കാൻ അവർക്ക് കുറച്ചേറെ പ്രയാസമുണ്ട്. കെവിൻ ഒരു ഉദാഹരണം മാത്രമാണ്. നവോത്ഥാനത്തിന്റെയും ‘ജാതി'രഹിത ‘ജാതി'ജീവിതത്തിന്റെയും വലിയ പാരമ്പര്യമുള്ള കേരളത്തിലാണ് കെവിന്റെ ഭിന്നവർഗ ലൈംഗികപ്രണയത്തിന് സാമൂഹികാംഗീകാരമില്ലാതാകുന്നത്. ഇതിന്റെ കാരണം ജാതിയാണ്, ജാതി മാത്രമാണ്. കെവിനെ യാതൊരു സങ്കോചവുമില്ലാതെ കൊന്നുകളയാൻ ഈ വ്യവസ്ഥയ്ക്കാകുന്നു. അതായത്, ജാതിശുദ്ധിയെ ചോദ്യം ചെയ്യുന്ന ഭിന്നവർഗലൈംഗിക പ്രണയങ്ങളെ എളുപ്പം അമർച്ച ചെയ്യാൻ ഈ വ്യവസ്ഥയ്ക്ക് കെൽപ്പുണ്ട്.
നാളെ, സ്വവർഗവിവാഹം നിയമപരമായാൽ തന്നെ അതിന്റെ ആനുകൂല്യം ഉപയോഗിച്ച് വിവാഹം കഴിക്കാനുള്ള സംസ്‌ക്കാരിക മൂലധനം ആരുടെ കൈയ്യിലാണുള്ളത്? ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെ കുറിച്ച് സംസാരിക്കാതെ ഈ വിഷയത്തെ നേരിടാനാകില്ല. പത്മ അയ്യർ ഹിന്ദുവിൽ നൽകിയ മാട്രിമോണിയൽ പരസ്യം തന്നെ ഉദാഹരണമായെടുക്കാം; ‘വരനെ ആവശ്യമുണ്ട്. എന്റെ മകന് വേണ്ടിയാണ്. മൃഗസ്‌നേഹിയാണ്. വെജിറ്റേറിയനാണ്. ജാതി പ്രശ്‌നമില്ല. അയ്യരാണെങ്കിൽ സന്തോഷം'- അന്ന് ഈ പരസ്യം പല രീതിയിൽ ചർച്ചയായിരുന്നു. ഒരു വശത്ത് ഈ പരസ്യത്തിന്റെ ഉള്ളടക്കത്തിൽ പ്രവർത്തിക്കുന്ന ജാതിബോധം വിമർശിക്കപ്പെട്ടപ്പോൾ, വലിയ മാറ്റത്തിന്റെ ഭാഗമായി ഈ പരസ്യം ആഘോഷിക്കപ്പെട്ടിരുന്നു.
ഇതാണോ മാറ്റം? സ്വവർഗവിവാഹം നിയമപരമായാലും മാറ്റമില്ലാതെ തുടരുന്ന ചിലതുണ്ടാകും. ഭാവിയിൽ മാട്രിമോണിയൽ പരസ്യത്തിൽ ‘എസ്.സി/എസ്.ടി. ഒഴികെ' ടാഗോടെ പുതിയ ചില കോളങ്ങൾ കൂടി പ്രത്യക്ഷപ്പെട്ടേക്കും. ചോദ്യം വളരെ ലളിതമാണ്, സജാതീയ വിവാഹങ്ങളെ (Endogamy) ചോദ്യം ചെയ്യാനും മറികടക്കാനും ഈ പോരാട്ടത്തിന് കെൽപ്പുണ്ടാകുമോ ?
സ്വവർഗവിവാഹം വിമോചനത്തിലേക്കുള്ള വഴിയല്ല
‘വിവാഹാവകാശത്തിനുവേണ്ടിയുള്ള സമരം എന്റേതല്ലെ'ന്ന് പ്രഖ്യാപിക്കുന്നതിലൂടെ കേന്ദ്രസർക്കാറിന്റെയും ക്വിയർ/മനുഷ്യത്വവിരുദ്ധരുടെയും നിലപാടിനോട് യോജിക്കുകയാണ് ഞാനെന്ന് തെറ്റിദ്ധരിക്കരുത്. വളരെ എളുപ്പം തെറ്റിദ്ധരിക്കപ്പെടാവുന്നതും ജാഗ്രതയോടെ മാത്രം ഇടപെടേണ്ടതുമായ ഒരു സംവാദാന്തരീക്ഷമാണ് നമ്മുടേത്. ക്വിയർ മനുഷ്യരുടെ ജീവനാവകാശത്തെ റദ്ദ് ചെയ്തുകൊണ്ടുള്ള സമീപനങ്ങളോടൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതിനാൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനൊപ്പം അതിലെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കേണ്ടതും അനിവാര്യമാണെന്ന് ഞാൻ കരുതുന്നു.
വളരെയേറെ സ്വീകാര്യതയും ജനപ്രിയതയും ലഭിക്കുന്ന വിവാഹചർച്ചയെ ചുറ്റിപ്പറ്റി എനിക്കുള്ള കുറെ ചോദ്യങ്ങളാണ് ഇനി വിവരിക്കുന്നത്. ഈ ചോദ്യങ്ങളുടെ ഉത്തരം ‘എന്തുകൊണ്ട് വിവാഹത്തിനുവേണ്ടിയുള്ള സമരം എന്തുകൊണ്ട് എന്റേതല്ല' എന്നതിലേക്ക് വെളിച്ചം വീശിയേക്കും.
നിലവിൽ ശക്തമാകുന്ന സ്വവർഗവിവാഹത്തിനുവേണ്ടിയുള്ള നിയമപോരാട്ടങ്ങളുടെ നേതൃത്വത്തിലാരാണുള്ളത്? ആരുടെ ശബ്ദമാണ് ഇന്ത്യൻ ക്വിയർ മുന്നേറ്റത്തിന്റെ ശബ്ദമായി ഉയർന്നുകേൾക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് എന്റെ മുന്നിൽ ആദ്യമുള്ളത്. നാളെ കേന്ദ്രസർക്കാർ സ്വവർഗവിവാഹത്തെ പിന്തുണച്ച് നിലപാടിറക്കിയാലും ഏത് സാഹചര്യത്തിൽപ്പെട്ട മനുഷ്യർക്കാണ് ഈ നിയമനിർമ്മാണത്തിന്റെ ആനുകൂല്യം പറ്റാനാകുക? എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഈ വിധിയിലൂടെ സംഭവിക്കില്ലെന്ന് എനിക്കുറപ്പാണ്. ഈ നിയമപോരാട്ടവുമായി ചേർന്നുപോകാനോ, റിലേറ്റ് ചെയ്യാനോ ചില സവിശേഷാധികാരങ്ങളുള്ള മനുഷ്യർക്കേ കഴിയൂ. സ്വന്തമായി സ്വയംഭോഗം ചെയ്യാൻ പോലും ഒരു മുറയില്ലാത്ത, സ്വകാര്യതയില്ലാത്ത ഒരാൾക്കെങ്ങനെയാണ് സ്വവർഗവിവാഹം നേട്ടമാകുന്നത്?
നമ്മുടെ ചുറ്റിലും നോക്കൂ, വിവാഹമാണോ ഏറ്റവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയം? അല്ലെങ്കിൽ ആരുടെ പരിഗണനയിലാണ് വിവാഹം അടിയന്തര പരിഹാരം ആവശ്യപ്പെടുന്ന ഒരു പ്രശ്‌നമായി മാറുന്നത്?
കഴിഞ്ഞ ദിവസമാണ്, തിരശ്ചീനമായ സംവരണമാണ് ട്രാൻസ് മനുഷ്യർക്ക് വേണ്ടത് എന്ന ആവശ്യം ഉന്നയിച്ച് ദലിത് ട്രാൻസ് ആക്ടിവിസ്റ്റായ ഗ്രെസ് ബാനു സുപ്രീംകോടതിയോട് വിശദീകരണം ചോദിച്ചത്. സംവരണത്തെ കുറിച്ചുള്ള ചർച്ചയെ ഇതേ മട്ടിൽ പിന്തുണയ്ക്കാൻ എത്ര പേരുണ്ടാകും?
വിവാഹമാണോ ഭക്ഷണമോ നിങ്ങളുടെ മുൻഗണനാപട്ടികയിൽ ആദ്യം വരിക? ഇന്ത്യയിലൊട്ടാകെ എത്ര ട്രാൻസ് മനുഷ്യരാണ് ക്രൂരമായി തെരുവുകളിൽ കൊല്ലപ്പെടുന്നത്? എന്തുകൊണ്ടാണ് ഈ കൊലപാതകങ്ങൾ സംഭവിക്കുന്നത്? ആരാണ് കൊല്ലപ്പെടുന്നത്? ഉത്തരം ലളിതമാണ്, വിവാഹത്തിന്റെ പ്രിവിലേജൊന്നും അനുഭവിക്കാനാകാത്ത, യാതൊരു സാംസ്‌കാരിക മൂലധനവുമില്ലാത്ത, ജാതീയമായും വർഗപരമായും പിന്നാക്കം നിൽക്കുന്ന ക്വിയർ മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഈ കൊലപാതകങ്ങളുടെ ജാതീയവും വർഗപരവുമായ ഉള്ളടക്കങ്ങളെ അംഗീകരിക്കാൻ ഇന്ത്യയിലെ മുഖ്യധാരാക്വിയർ മുന്നേറ്റത്തിനാകാമോ? പോലീസിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഈ ഹിംസാത്മകതയെ ചോദ്യം ചെയ്യാനാകുമോ? ജീവിക്കാൻ ലൈംഗികതൊഴിലിലും ഭിക്ഷാടനത്തിലും ഏർപ്പെടേണ്ടി വരുന്ന ക്വിയർ മനുഷ്യരെ കുറിച്ച് എന്താണ് പറയാനുള്ളത്? പ്രായമായ ക്വിയർ മനുഷ്യർ നേരിടുന്ന പ്രയാസങ്ങളെപ്പറ്റിയോ?
പൗരത്വം നഷ്ടപ്പെട്ടേക്കാവുന്ന ക്വിയർ മനുഷ്യരെ കുറിച്ച്, മുംബൈ പ്രൈഡിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അമ്പത്തിയൊന്നോളം ക്വിയർ മനുഷ്യരോട് എന്താണ് പറയാനുള്ളത്?
ക്വിയർ വിമോചനമെന്നാൽ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികളുടെയോ പ്രത്യേകം വിഭാഗങ്ങളുടെയോ വിമോചനം മാത്രമല്ല, മുഴുവൻ മനുഷ്യരുടെയും വിമോചനമാണ്. വിവാഹാവകാശത്തിനുവേണ്ടിയുള്ള പോരാട്ടം ഒരു വരേണ്യവിഭാഗത്തിന് മാത്രം ലാഭമുണ്ടാക്കുന്നതാണ്. എന്റെ മനസ്സിലാക്കലിൽ, വിവാഹത്തെക്കാൾ പ്രാധാന്യം അർഹിക്കുന്ന ചർച്ചകളുണ്ട് ചുറ്റിലും. നമ്മുടെ സമരങ്ങളുടെ കേന്ദ്രമാകേണ്ടത് ഏറ്റവും അടിയന്തര പരിഹാരം ആവശ്യമുള്ള പ്രശ്‌നങ്ങളാണ്. അതിനാൽ തന്നെ, ഈ സമരം എന്റേതല്ല.
Oishik Sircar 2017:New Queer Politics in the New India: Notes on Failure and Stuckness in a Negative Moment https://www.freepressjournal.in/amp/mumbai/fpj-exclusive-maharashtra-tops-in-heterosexual-hiv-transmission https://www-thenation-com.cdn.ampproject.org/v/s/www.thenation.com/article/archive/can-marriage-be-saved-